താജുല്‍ ഉലമ എന്നാല്‍ പണ്ഡിത കിരീടം. കിരീടം ചൂടിയ, പ്രതാപം നിറഞ്ഞ, കേരളം കണ്ട വന്ദ്യ നേതാവായിരുന്നു അദ്ദേഹം. പ്രായത്തില്‍ ഞങ്ങള്‍ രണ്ട് പേരും അടുത്തവരാണെങ്കിലും ധീരതയിലും അഗാധ വിജ്ഞാനത്തിലും അദ്ദേഹത്തിന്റെ ചാരത്ത് നില്‍ക്കാന്‍ ഞാന്‍ അര്‍ഹനല്ലായിരുന്നു. അല്ലാഹുവിന്റെ അലംഘനീയ വിധി അനുസരിച്ച് മുക്കാല്‍ നൂറ്റാണ്ടിലധികം സഹവര്‍ത്തിയായി ജീവിച്ചതിന്റെ സ്മരണകള്‍ ഒരു പുസ്തകത്തില്‍ എഴുതിത്തീര്‍ക്കാന്‍ സാധ്യമല്ല. വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ എന്റെ വഴികാട്ടികളില്‍ ഒരാളായ രാമന്തളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മര്‍ഹൂം ഏഴിമല സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവര്‍കളുടെ മൂത്ത പുത്രിയുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത് മുതല്‍ക്ക് ഞങ്ങള്‍ ഇഴപിരിയാത്ത സഹകാരികളായിരുന്നു. വിജ്ഞാനം തുളുമ്പുന്ന ആ മുഖ പ്രസന്നതയും ഗൗരവമേറിയ പ്രതാപവും ഞങ്ങളുടെ ബന്ധത്തിന് ഒരിക്കലും വിഘ്നം ഉണ്ടാക്കിയിരുന്നില്ല.
ഉള്ളാള്‍ തങ്ങള്‍ എനിക്ക് ആത്മമിത്രവും ആത്മീയ നായകനുമായിരുന്നു. ദേളി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും അന്താരാഷ്ട്ര യൂണിവേഴ്സിറ്റി തലത്തിലേക്ക് വളര്‍ന്നു പന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യ എന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശില്‍പ്പിയും ആരംഭ കാലം മുതല്‍ ഇന്ന് വരെ അതിന്റെ സാരഥിയുമായിരുന്നു തങ്ങള്‍. തങ്ങളറിയാതെ ഒരു കാര്യവും സഅദിയ്യയില്‍ സംഭവിച്ചിട്ടില്ല. സഅദിയ്യയുടെ ഓരോ വളര്‍ച്ചയും നേരില്‍ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ തരുമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനം തുടങ്ങിയതും വ്യാപിച്ചതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. 1973ല്‍ കാഞ്ഞങ്ങാട് നൂര്‍ മഹല്ലില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തില്‍ വെച്ച് അവിഭക്ത കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊണ്ടപ്പോള്‍ അതിന്റെ പ്രസിഡന്‍റ് തങ്ങളായിരുന്നു. പിന്നീട് കാസര്‍ഗോഡ് ജില്ല നിലവില്‍ വന്നപ്പോള്‍ അതിന്റെ സാരഥ്യത്തിലും തങ്ങളുണ്ടായിരുന്നു.
വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ തിരിച്ച് വന്ന ആ മഹാന്‍ തെന്നിന്ത്യയിലെ കെടാവിളക്കായ ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫ് മദനി(റ)വിന്റെ ചാരത്തേക്ക് തന്റെ ഉസ്താദ് അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം പാദം ഉറപ്പിക്കുകയായിരുന്നു. വിജ്ഞാന ശേഖരങ്ങളായ മഹാന്മാരായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍, ശൈഖ് ആദം ഹസ്റത്ത്, ശൈഖ് ഹസന്‍ ഹസ്റത്ത് മുതലായവരില്‍ നിന്ന് വിജ്ഞാനം പകര്‍ത്തിയെടുത്തു. അതെല്ലാം ഉള്ളാള്‍ ദര്‍ഗയുടെ ചാരത്ത് വിജ്ഞാനദാഹികള്‍ക്ക് വിതരണം നടത്തുകയും ചെയ്തു. അവിടെ വെച്ച് വിജ്ഞാന വെളിച്ചം ആത്മീയതയോടെ വിതരണം ചെയ്ത് കര്‍ണ്ണാടകത്തേയും കേരളത്തേയും പ്രശോഭിപ്പിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ആദ്യമേ സമസ്ത മുശാവറ മെമ്പറായിരുന്നുവെങ്കിലും കേരളത്തില്‍ അധികമായി ഇടപെട്ടിരുന്നില്ല. 1970ല്‍ ചേളാരി സമസ്ത ബില്‍ഡിംഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളം കണ്ട അത്യുന്നത നേതാക്കളില്‍ ഒരാളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ശാസനയോടെയുള്ള നിര്‍ദേശത്തിന് ശേഷമാണ് സംഘടനാ പ്രവര്‍ത്തന മേഖലയില്‍ സജീവമായത്.
മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്‍റ് സ്ഥാനത്തെത്തി. അന്നുള്ള എല്ലാവരുടെയും അഭിപ്രായം മാനിച്ചും ഈയുള്ളവനും ഇ.കെ ഹസ്സന്‍ മുസ്ലിയാരും നിര്‍ബന്ധ പൂര്‍വം ക്ഷണിച്ചത് കൊണ്ടുമാണ് ആ സ്ഥാനം ഏറ്റെടുത്തത്. തുടര്‍ന്ന് സമസ്തയുടെ എല്ലാ മേഖലയിലും മുന്നണി നേതാവായി തങ്ങളെ ദൃശ്യമായിരുന്നു.
മതഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത സഭയായിരുന്നു. തങ്ങളോടൊപ്പം സെക്രട്ടറി എന്ന നിലയില്‍ സംഘടനാ പ്രവര്‍ത്തനത്തിനായി ജില്ലയുടെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.
കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്വന്തം ഭവനത്തില്‍ നടത്തിയിരുന്ന ദര്‍സും അനുബന്ധ സൗകര്യങ്ങളും അന്നത്തെ സമസ്ത ജില്ലാ പ്രസിഡന്‍റായിരുന്ന ഉള്ളാള്‍ തങ്ങള്‍ക്ക് വിട്ടു കൊടുത്തതോടെ സഅദിയ്യയുടെ ജൈത്ര യാത്ര തുടങ്ങുകയായിരുന്നു. ഇന്നു നാല്‍പ്പത്തിനാലിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോള്‍ അതിന്റെ എല്ലാമെല്ലാമായ സാരഥി കൂടെയില്ലാ എന്നത് ഉള്‍ക്കൊള്ളാന്‍ കരുത്തില്ലാതെ ഞങ്ങള്‍ തേങ്ങുകയാണ്.
തങ്ങള്‍ പ്രസിഡന്‍റും ഈ വിനീതന്‍ സെക്രട്ടറിയുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് കാണുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയും മദ്റസകളുടെയും വളര്‍ച്ചക്കു പിന്നില്‍ തങ്ങളവര്‍കളുടെ നേതൃത്വമായിരുന്നു.
മര്‍ഹൂം കണ്ണിയത്ത് ഉസ്താദ് പ്രസിഡന്‍റും മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ സെക്രട്ടറിയുമായിരുന്നുവെങ്കിലും രണ്ട് പേരുടെയും ശിഷ്യനായ താജുല്‍ ഉലമക്ക് തുല്യ സ്ഥാനമാണ് നേതൃരംഗത്ത് നല്‍കപ്പെട്ടത്. അത് കൊണ്ട് തന്നെയായിരുന്നു തന്റെ ഉസ്താദ് ഇ.കെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുശാവറയില്‍ ആറു പതിറ്റാണ്ട് തുടര്‍ച്ചയായി വന്ന തീരുമാനങ്ങളും മിനുട്ട്സും മാറ്റിത്തിരുത്തരുത് എന്ന നിര്‍ദേശം മാനിക്കാതെ വന്നപ്പോള്‍ ധീരമായി താജുല്‍ ഉലമയും അദ്ദേഹത്തോട് പിമ്പറ്റി ഞങ്ങളും ഇറങ്ങി വന്നത്. അതിന് ശേഷമുള്ള ചരിത്രം സൂര്യ പ്രകാശം പോലെ തെളിഞ്ഞു നില്‍ക്കുമ്പോള്‍ ആ പ്രകാശ ഗോപുരത്തെ വര്‍ണിക്കാന്‍ പ്രയാസമാണെന്ന് മാത്രം പറയാം.
ഭൗതിക ചിന്തകളില്‍ നിന്നു വിട്ട് നിന്ന് ആത്മീയ ലോകത്തേക്ക് പറന്ന് കൊണ്ടിരിക്കെ നമ്മെ വിട്ടു പിരിഞ്ഞ ബാഹ്യ ശരീരം ഫെബ്രുവരി രണ്ട് രാവിലെ എട്ടിക്കുളത്തെ തഖ്വ മസ്ജിദിന്റെ ചാരത്ത് ഖബറടക്കിയെങ്കിലും തന്നെ സ്നേഹിച്ച് കൊണ്ട് ലക്ഷങ്ങള്‍ ചെന്നെത്താന്‍ കഴിയാത്ത വിധമുള്ള ജനസഞ്ചയം ആസ്വദിച്ച് കൊണ്ടിരിക്കുന്നു. തന്നെ അറിയുന്ന നല്ല ജനങ്ങളും നേതാക്കളും ദുഃഖത്തോടെയാണെങ്കിലും ഇതില്‍ സഹതപിക്കുന്നു എന്ന് കുറിച്ച് നിര്‍ത്തട്ടെ.
പ്രായത്തിന്റെ അവശതകള്‍ക്കിടയിലും അടുത്ത കാലം വരെ തങ്ങള്‍ സഅദിയ്യയില്‍ വന്ന് പോകാറുണ്ടായിരുന്നു. എല്ലാ സമ്മേളനങ്ങളിലും തങ്ങള്‍ തന്നെയായിരുന്നു അധ്യക്ഷന്‍. തങ്ങളുടെ ദുആയും ഉപദേശവും കേള്‍ക്കുവാന്‍ മാത്രം പതിനായിരങ്ങള്‍ സഅദിയ്യയുടെ മുറ്റത്ത് ഒരുമിക്കുകയായിരുന്നു. ഇനി ആ ഭൗതിക സാന്നിധ്യം നമുക്കില്ലെങ്കിലും അവിടുന്ന് കൊളുത്തിയ വിജ്ഞാന കൈത്തിരിയും പതിനായിരത്തോളം ശിഷ്യന്മാരും തങ്ങളുടെ സ്മാരകമായി മുന്നിലുണ്ട്.
ലോക നാഥന്‍ പരമാനന്ദ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തെയും നമ്മെയും സ്നേഹ ബന്ധുക്കളെയും ഒരുമിച്ച് കൂട്ടട്ടെ! ആമീന്‍.

എംഎ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ