പരന്ന വായനക്കാരനും ചിന്തകനുമായ അദ്ദേഹത്തെ ഒരത്യാവശ്യത്തിന് കാണാന്‍ ചെന്നതായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം, മേശക്ക് താഴെ കിടക്കുന്ന ഒരു വലിയ കെട്ടിലേക്ക് ചൂണ്ടിക്കൊണ്ടദ്ദേഹം പറഞ്ഞു:
“മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് ആശയങ്ങള്‍ കുത്തിനിറച്ച ക്രൈസ്തവ ഗ്രന്ഥങ്ങളാണത്. ഏതോ പരസ്യത്തില്‍ കണ്ട അഡ്രസില്‍ വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഒരു പോസ്റ്റ് കാര്‍ഡ് വിട്ടതായിരുന്നു ഞാന്‍. അതിനുള്ള മറുപടിയായാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഈ വലിയ കെട്ട് പുസ്തകം ഇങ്ങോട്ട് പാര്‍സലായി അയച്ചിരിക്കുന്നത്. എനിക്ക് കേവലം ഒരു കാര്‍ഡിന്റെ ചെലവേയുള്ളൂ. ഇതയച്ചവര്‍ക്ക് തപാല്‍ സ്റ്റാമ്പിന് മാത്രം വലിയൊരു തുക ചെലവുണ്ട്..!”
ഈ സംഭവം ഇവിടെ ചില ഗൗരവമേറിയ വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. അതായത് ഇസ്‌ലാമിക പ്രസ്ഥാനം സര്‍വവിധേനയും കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. നിരീശ്വര നിര്‍മിത പ്രസ്ഥാനങ്ങളുടെ കടന്നാക്രമണം ഒരു ഭാഗത്ത്. ശാസ്ത്രത്തിന്റെയും സാങ്കേതികത്വത്തിന്റെയും പേരില്‍ ഇസ്‌ലാമിനെ കൊഞ്ഞനം കാണിക്കുന്നവര്‍ മറുഭാഗത്ത്. ബൗദ്ധികവും സാമ്പത്തികവുമായ മുഴുവന്‍ കഴിവും സ്വാധീനവും ഇസ്‌ലാമിനെതിരെ തിരിച്ചുവിടുന്ന ക്രൈസ്തവജൂതലോബികള്‍ വേറൊരു വശത്ത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ഫാസിസ്റ്റാദികളാണ് ഇനിയുമൊരു കൂട്ടര്‍. നമ്മുടെ സമുദായത്തിലെ തന്നെ അവാന്തര വിഭാഗങ്ങള്‍ ഇതിനൊക്കെ പുറമെയും.
ഇത്രയും ഭീഭത്സമായ ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. ഇവിടെ നമ്മുടെ പൈതൃകവും സംസ്കാരവും നിലനിര്‍ത്തുന്നതിന് ശ്രമകരമായ യജ്ഞം തന്നെ അനിവാര്യമാണ്. നാം ജീവിക്കുന്ന പരിസരങ്ങളിലുള്ള ഇത്തരം പ്രതികൂല ഘടകങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ച് “ഞാനൊന്നുമറിഞ്ഞില്ലെന്ന” നിഷേധാത്മക നിലപാട് ഒരിക്കലും ക്ഷന്തവ്യമല്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ ഓരോരുത്തരും അവനവന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍ക്കുകയാണ് വേണ്ടത്. നമുക്കിടയില്‍ കുമിഞ്ഞുകൂടിയ പ്രശ്നങ്ങളെക്കുറിച്ച് പരിതപിക്കുകയോ വേവലാതിപ്പെടുകയോ ചെയ്തതു കൊണ്ടായില്ല. പ്രത്യുത പ്രശ്നങ്ങളുടെ പരിഹാരത്തിന് തനിക്കെന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുകയും അതില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രായോഗികമാക്കുകയുമാണ് ബുദ്ധി.
ഇങ്ങനെ സവിശേഷ ശ്രദ്ധയോടെ ഓരോരുത്തരും ഇസ്‌ലാമിക, സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിലെ ആവശ്യങ്ങളപഗ്രഥിക്കുകയും ബുദ്ധിപരവും യുക്തിഭദ്രവുമായ പരിഹാര മേഖല കണ്ടെത്തുകയും ചെയ്താല്‍ ഏറെക്കുറെ തൃപ്തികരമായ മാറ്റങ്ങള്‍ കൈവരിക്കുവാന്‍ കഴിയുമെന്നതാണ് മുന്‍കാല മഹത്തുക്കളുടെ ചരിത്രത്തില്‍ നിന്നുള്ള ഗുണപാഠങ്ങള്‍! നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങള്‍ ഏക സ്വഭാവമുള്ളതല്ല. മറിച്ച് വ്യത്യസ്ത രൂപഭാവങ്ങളുള്ളവയാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമികമായ സാമൂഹിക പുരോഗതി കാംക്ഷിക്കുന്നവര്‍ തങ്ങള്‍ക്കല്ലാഹു ഔദാര്യമായി നല്‍കിയ പ്രതിഭാവിലാസം മതത്തിന്റെ യശസ്സുയര്‍ത്തുന്നതിനും അതിന് ഓജസ്സും തേജസ്സുമുണ്ടാക്കുന്നതിനും വിനിയോഗിക്കാന്‍ മനസ്സ് വെക്കണം. പണ്ഡിതനും പ്രവര്‍ത്തകനും പണക്കാരനും പണിക്കാരനും വാഗ്മിയും തൂലികക്കാരനും ബുദ്ധിജീവിയും അധ്യാപകനും വിദ്യാര്‍ത്ഥിയും ശാസ്ത്രജ്ഞാനിയും ഇക്കാര്യത്തില്‍ അവരവരുടെ ഭാഗഭാഗിത്വം ഉറപ്പുവരുത്തണം. അതിലൂടെ പ്രവര്‍ത്തന രംഗത്തെ വൈവിധ്യം ആ രംഗത്തെ വിപുലീകരണത്തിന് കാരണമായിത്തീരും.
ബസ്സ്റ്റാന്‍റ് പരിസരത്ത് ജനങ്ങള്‍ തിങ്ങിക്കൂടുക സ്വാഭാവികമാണല്ലോ. സന്ധ്യാസമയമാണെങ്കില്‍ പ്രത്യേകിച്ചും. ഒരു സംഘമാളുകള്‍ ധ്യൈമായി ശബ്ദിച്ചു: “ഓ മനുഷ്യരേ, ഇവര്‍ വ്യേകളാകുന്നു!”
ആളുകള്‍ കാതോര്‍ത്തു. അവരുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. അതേ സമയം ആയിരം നേത്രങ്ങള്‍ ഒന്നിച്ച് തങ്ങളെ ഉറ്റുനോക്കുന്നതായി ആ തേവിടിശ്ശിപ്പെണ്ണുങ്ങള്‍ക്ക് തോന്നി. അവര്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെയായി. തുറിച്ചുനോക്കുന്ന ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ റോഡിലൂടെ കീഴ്പോട്ട് ഓടി. അന്നത്തെ ബിസിനസ് അവര്‍ക്ക് മുടങ്ങിയത് മിച്ചം.
ഇങ്ങനെ നിസ്സാരമായി നാം ഗണിക്കുന്ന പലതും വലിയ ഫലം ചെയ്യുമെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. ഒരു പോസ്റ്റ് കാര്‍ഡിന്റെ പൈസ ചെലവഴിച്ചാല്‍ ഇസ്‌ലാമിനെതിരെ ഉപയോഗിക്കുന്ന വലിയൊരു തുക അസ്ഥാനത്താക്കാന്‍ കഴിയുകയെന്നത് ഒരു പാഴ്വേലയാണോ? അതുപോലെ സാമ്പത്തിക ബാധ്യതയില്ലാത്തതും എന്നാല്‍ ശ്രദ്ധേയവും ആകര്‍ഷണീയവുമായ എമ്പാടും പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാമത്തേതില്‍ മാതൃകയുണ്ട്.
ഒരു പ്രവര്‍ത്തകന് തന്റെ യാത്ര ഏറ്റവും മികച്ച സാഹിത്യ പ്രചാരണമാക്കാനാവും. നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ കവര്‍പേജ് കാണത്തക്കവിധം ഹാന്‍റ്ബാഗിലോ മടിത്തട്ടിലോ വെക്കുക. നമ്മുടെ പത്രങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടില്ലാത്ത ഒട്ടധികമാളുകള്‍ക്ക് ഇങ്ങനെയൊന്നുണ്ടെന്ന അടിസ്ഥാന വിവരം നല്‍കാനും അവരെ അതിലേക്കടുപ്പിക്കാനും ഇതുവഴിവെക്കും.
ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ പഞ്ചായത്ത് ഓഫീസിലെ കൃഷിഭവനുമായി ബന്ധപ്പെട്ട സൗജന്യ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശുചീകരിക്കുക. ശ്രമദാനം വഴി റോഡ് വെട്ടുക, നിര്‍ധനരെ സഹായിക്കുന്നതിന് റിലീഫ് നടത്തുക. ഇങ്ങനെ ഓരോരുത്തരുടെ ഹിതവും താല്‍പര്യവും പരിഗണിച്ച് സ്വയം പ്രവര്‍ത്തന മേഖല കണ്ടെത്തുക. അതു നമ്മുടെ സംഘടനയിലൂടെ പ്രയോഗവല്‍ക്കരിക്കുക. അത് ദീനിന് മുതല്‍ക്കൂട്ടാക്കുക. അങ്ങനെ പ്രവിശാലമായ പ്രവര്‍ത്തന മണ്ഡലം ധന്യമാക്കുക.

 ബഷീര്‍ അബ്ദുല്‍ കരീം സഖാഫി വാണിയമ്പലം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ