1945-ല്‍ കാര്യവട്ടത്തു ചേര്‍ന്ന സമസ്തയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ വെച്ച് ആമിലാ സംഘം എന്ന പേരില്‍ ഒമ്പത് പ്രവര്‍ത്തക സമിതിതികള്‍ രൂപീകരിക്കുകയുണ്ടായി. മര്‍ഹൂം പറവണ്ണ കെപി മുഹ്യിദ്ദീന്‍ മുസ്‌ലിയാര്‍ കണ്‍വീനറായി രൂപീകരിച്ച “ഇശാഅത്ത്’ കമ്മിറ്റിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ ആമിലാ സംഘം രൂപീകൃതമായി. പണ്ഡിതന്മാര്‍ മുന്നില്‍ നിന്നു നയിച്ച പ്രവര്‍ത്തക കൂട്ടായ്മയായിരുന്നു അവ. രണ്ടു ദശാബ്ദക്കാലത്തെ സമസ്തയുടെ പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും തൂണായിരുന്ന പൗരപ്രമുഖരും ഊര്‍ജസ്വലരുമായ സുന്നീ പ്രവര്‍ത്തരുടെ കൂട്ടായ്മ ഇതോടെ സാധ്യമായി.

1940-കളില്‍ മലയാള നാട്ടിലെ പൊതു സാഹചര്യത്തില്‍ ഈ ആമിലാ സംഘം വളരെ പ്രസക്തവും ശ്രദ്ധേയവുമായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന മുജാഹിദ് സംഘടനയാണ് അന്നത്തെ മറ്റൊരു മതസംഘടന. അവര്‍ തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മറ്റും പൊതുവേദികള്‍ ഉപയോഗപ്പെടുത്തിയിരുന്ന കാലമാണത്. അതിനാല്‍ തന്നെ പൊതുരംഗത്തിറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ആത്മീയനാശം പിടിപെടാതെ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക ശ്രമകരമായിരുന്നു. ഇതിനു പരിഹാരമായി പ്രവര്‍ത്തകര്‍ക്കൊരു വേദി എന്നതിലുപരി വിശ്വാസികള്‍ക്ക് ആദര്‍ശ സംരക്ഷണത്തിനുള്ള കൂട്ടായ്മ അനിവാര്യമായി. ആ ചിന്തയാണ് സുന്നി യുവജന സംഘം എന്ന ആശയത്തിന് ബീജാവാപമേകിയത്.

എസ് വൈ എസ്

പണ്ഡിത നേതൃത്വം ആദര്‍ശ പ്രചാരണത്തിലും ബിദ്അത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ സജീവമായി. 1954ല്‍ സമസ്തയുടെ ഇരുപതാം സമ്മേളനം താനൂരില്‍ വെച്ചാണ് നടന്നത്. ഈ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷനിലാണ് ഒരു യുവജന സംഘടനയുടെ ആവശ്യകതയെക്കുറിച്ച് സജീവമായി ചര്‍ച്ചയാവുന്നതും മാര്‍ഗരേഖ കാണുന്നതും. സമ്മേളനത്തില്‍ പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരും യുവജന സംഘത്തിന്റെ ആവശ്യകതയും അതിന്റെ ഗുണവും വ്യക്തമാക്കി പ്രഭാഷണങ്ങള്‍ നടത്തി. 1951ലെ സമ്മേളനം ഒരു വിദ്യാഭ്യാസ ബോര്‍ഡിന്റെ സന്ദേശവും ആവേശവും സ്വീകരിച്ചായിരുന്നു പിരിഞ്ഞത്. വളരെ വേഗത്തില്‍ അതു യാഥാര്‍ത്ഥ്യമായതിന്റെ ഊര്‍ജം കൂടി നേതാക്കളിലുണ്ടായിരുന്നു. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും എസ് വൈ എസിലൂടെ ദീനീ പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള പങ്കാളിത്തത്തിനവസരം സൃഷ്ടിക്കുന്നതിനാല്‍ ഈ നിര്‍ദേശം ആവേശപൂര്‍വം സദസ്സ് സ്വീകരിച്ചു.

സമ്മേളനാനന്തരം അടുത്ത ദിവസം തന്നെ കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസില്‍ യോഗം ചേര്‍ന്നു സുന്നി യുവജന സംഘം രൂപീകരിച്ചു. ബി കുട്ടി ഹസന്‍ ഹാജി പ്രസിഡന്‍റും മര്‍ഹൂം മാത്തോട്ടം മുഹമ്മദ്കോയ സെക്രട്ടറിയുമായായിരുന്നു പ്രഥമ കമ്മിറ്റി. അഞ്ചു വര്‍ഷം സംഘടനയുടെ ശൈശവ കാലമായിരുന്നു. അതിനു ശേഷം 1959 ഏപ്രില്‍ 20ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് വിപുലമായ സുന്നി പണ്ഡിതപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു. അതില്‍ വെച്ച് പ്രമുഖ പണ്ഡിതനും ആദര്‍ശ പ്രസംഗകനുമായിരുന്ന പൂന്താനം അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡന്‍റും ബി കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായി എസ് വൈ എസ് പുനഃസംഘടിപ്പിച്ചു. സംഘടനയെ പരിചയപ്പെടുത്താനും ആശയ പ്രചാരണം ഊര്‍ജിതപ്പെടുത്താനും സുന്നിവിരുദ്ധരില്‍ നിന്നും വിശ്വാസി സമൂഹത്തെ രക്ഷിക്കുന്നതിനാവശ്യമായ കര്‍മപദ്ധതികളുമായി മുന്നേറാനും തീരുമാനമുണ്ടായി.

സമസ്തയുടെ ബഹുമാന്യരായ ഇന്നത്തെ സാരഥി എംഎ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എസ് വൈ എസിന്റെ ആദ്യകാലം മുതല്‍ തന്നെ സജീവ പങ്കാളിയായിരുന്നു. 59ല്‍ രൂപീകൃതമായ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഘടനയെ പരിചയപ്പെടുത്തുന്നതിനുള്ള ലഘുലേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത് എംഎ ഉസ്താദിനെയാണ്. ഈ കമ്മിറ്റിയുടെ കാലയളവില്‍ സംഘടന കൂടുതല്‍ പ്രവര്‍ത്തന സജ്ജമായി. രാഷ്ട്രീയാതിപ്രസരമില്ലാതെ സുന്നി എന്ന തലക്കെട്ടില്‍ തന്നെ പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ സന്നദ്ധതയുള്ള ഒരു വിഭാഗത്തെ സജീവമാക്കാന്‍ കഴിഞ്ഞു. സംഘടനക്ക് ഭരണഘടന യാഥാര്‍ത്ഥ്യമായതും ഇക്കാലത്താണ്.

സമസ്തയുടെ കീഴ്ഘടകം

1961 ഫെബ്രുവരി 7,8,9 തിയ്യതികളില്‍ കക്കാട് വെച്ച് നടന്ന സമ്മേളനത്തില്‍ വെച്ച് എസ് വൈ എസിനെ സമസ്തയുടെ കീഴിഘടകമായി പ്രഖ്യാപിച്ചു. സമസ്തയുടെ 21ാം സമ്മേളനവും വിദ്യാഭ്യാസ ബോര്‍ഡിന്റെ രണ്ടാം സമ്മേളനവുമായിരുന്നു അത്. 1962ല്‍ കെവി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡന്‍റും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായി കമ്മറ്റി പുനഃസംഘടിപ്പിച്ചു.

സുന്നിവോയ്സ്

1962ല്‍ നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയുടെ കാലത്താണ് സംഘടനക്ക് ഒരു മുഖപത്രം എന്ന ആശയം യാഥാര്‍ത്ഥ്യമാവുന്നത്. പരിമിതികളേറെയുണ്ടായിരുന്നെങ്കിലും സുന്നിടൈംസ് നടത്തിക്കൊണ്ടു പോവുന്നതില്‍ നേതൃത്വം വിജയിച്ചു. പ്രഗത്ഭരായ പണ്ഡിതരുടെയും എഴുത്തുകാരുടെയും രംഗപ്രവേശനത്തിനും ഇതുപകരിച്ചു. അറബിയിലും അറബി മലയാളത്തിലും മലയാളത്തില്‍ തന്നെയും മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന സുന്നി പത്രങ്ങളെ അപേക്ഷിച്ച് സുന്നിടൈംസ് നടത്തിയത് ശക്തമായ മുന്നേറ്റം തന്നെയായിരുന്നു. 1970കളില്‍ അത് നിലച്ചത് നടത്തിക്കൊണ്ടു പോകുന്നതിനുള്ള സാങ്കേതിക വിഭവ പ്രയാസം കൊണ്ടായിരുന്നില്ല. അവയെല്ലാം അതിജീവിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരായിരുന്നു. നിയമപരമായ സാങ്കേതികത്വം കാരണമാണ് അന്നതു നിര്‍ത്തിവെക്കേണ്ടി വന്നത്. പതിമൂന്ന് വര്‍ഷം സുന്നിടൈംസ് എന്ന പേരില്‍ നിലനിന്നു. തുടര്‍ന്ന് സുന്നിവോയ്സ് എന്ന പേരില്‍ മുഖപത്രം പ്രസിദ്ധീകരണമാരംഭിച്ചു.

സംഘടനയുടെ മുഖപത്രമായ സുന്നിവോയ്സ് ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രാസ്ഥാനിക പാക്ഷികമാണ്. അരലക്ഷത്തിലധികം സ്ഥിരം വരിക്കാരും ലക്ഷക്കണക്കിന് വായനക്കാരും സുന്നിവോയ്സിനുണ്ട്. ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്തിയുള്ള വായനാവൃത്തം ഇതിനെല്ലാം പുറമെയാണ്.

സുന്നി പത്രപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലമായി സുന്നിവോയ്സും അതിന്റെ മുന്പുണ്ടായിരുന്ന സുന്നിടൈംസും സ്വീകരിച്ചുവരുന്ന നിലപാട് പ്രധാനമായും സമൂഹത്തിന് ആദര്‍ശപരമായി മാര്‍ഗദര്‍ശിയാവുക എന്നതാണ്. മതം, സംസ്കാരം, സമൂഹം തുടങ്ങിയവയെല്ലാം സുന്നിവോയ്സ് കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ എസ് വൈ എസിന്റെ ഗള്‍ഫ് ഘടകമായ ഐസിഎഫിന്റെ മുഖപത്രമായി അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസിവായന മാസികയും പ്രസിദ്ധീകരിച്ച് തുടങ്ങിയത് ഏറെ ശ്രദ്ധേയമാണ്.

19651975

1965-ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ വെച്ച് എസ് വൈ എസിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സമ്മേളനം സംയുക്തമായി നടക്കുകയുണ്ടായി. എംഎം ബശീര്‍ മുസ്‌ലിയാര്‍ പ്രസിഡന്‍റും മോയിമോന്‍ ഹാജി സെക്രട്ടറിയുമായി ഈ സമ്മേളനത്തില്‍ എസ് വൈ എസ് പുനഃസംഘടിപ്പിക്കപ്പെട്ടു. 1968ലെ പുനഃസംഘടനയില്‍ പിഎംഎസ്എ പൂക്കോയ തങ്ങള്‍ പ്രസിഡന്‍റും കെപി ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായ കമ്മിറ്റി നിലവില്‍ വന്നു. 1975-ല്‍ പിഎംഎസ്എ പൂക്കോയ തങ്ങള്‍ വഫാത്താവുന്നത് വരെ തല്‍സ്ഥാനത്ത് മഹാന്‍ തുടര്‍ന്നു. 1975ല്‍ ഉസ്മാന്‍ സാഹിബ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കുകയുമുണ്ടായി.

1965 മുതല്‍ 75 വരെയുള്ള കാലയളവ് ആദര്‍ശരംഗത്തും പ്രാസ്ഥാനികമായും സുന്നി സംഘ സംവിധാനം ചില പ്രതികൂലങ്ങളെ നേരിടുകയും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഈ സമയത്താണ് തബ്ലീഗ് ജമാഅത്തിനെ കുറിച്ച് പഠനം നടത്തി സമസ്ത തീരുമാനമെടുത്തത്. മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെയും എംഇഎസിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുകയുമുണ്ടായി. നൂരിഷാ ത്വരീഖത്തിന്റെ അബദ്ധങ്ങളും അപകടങ്ങളും വെളിപ്പെടുത്തി അതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഹ്വാനം നല്‍കി. സമസ്തയുടെ പ്രസ്തുത തീരുമാനങ്ങളെയെല്ലാം ഏറ്റെടുക്കുകയും അതിന് ശക്തിയും പ്രചാരണവും നല്‍കിയത് എസ്വൈഎസും മുഖപത്രം സുന്നി ടൈംസുമായിരുന്നു. നൂരിഷാ ത്വരീഖത്തിനെ കുറിച്ചുള്ള തീരുമാനം അംഗീകരിക്കാന്‍ സുന്നി ടൈംസിന്റെ പബ്ലിഷര്‍ കൂട്ടാക്കാതിരുന്നതു മൂലം പത്രം പ്രസിദ്ധീകരണം പിന്നീട് നിര്‍ത്തിവെക്കേണ്ടി വന്നതും ഇക്കാലത്തു തന്നെ.

സമസ്തയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്‍റ് രാജി വെച്ചൊഴിയുന്നതും ഈ ഘട്ടത്തിലാണ്. സ്വദഖത്തുല്ലാഹ് മുസ്‌ലിയാര്‍ കേവലം ഒരു വര്‍ഷമേ സ്ഥാനത്തിരുന്നുള്ളൂ. കര്‍മശാസ്ത്രപരമായ ഒരു വിഷയത്തില്‍ സമസ്ത മുശാവറയുമായി അദ്ദേഹത്തിനുണ്ടായ വിയോജിപ്പാണ് ഇതിനു കാരണമായി പ്രത്യക്ഷത്തില്‍ പറയപ്പെട്ടത്. സമസ്തയുടെ തബ്ലീഗിനെ കുറിച്ചുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പുറത്തുപോയ ചിലരെ രാഷ്ട്രീയക്കാര്‍ ഉപയോഗപ്പെടുത്തി സംഘടന രൂപീകരിപ്പിക്കുകയുണ്ടായി. ഈ ഘട്ടത്തിലെല്ലാം സമസ്തയുടെ തീരുമാനങ്ങളും ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടന ദൗത്യം നിര്‍വഹിച്ചു. കിണാശ്ശേരിയില്‍ നടന്ന ശ്രദ്ധേയമായ പ്രവര്‍ത്തക ക്യാന്പും 1965ലായിരുന്നു.

അതിജീവനകഥ

സമസ്ത കേരള സുന്നി യുവജന സംഘത്തെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണം തൊട്ടേ വെല്ലുവിളികളുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണ രാഷ്ട്രീയ മോഹങ്ങള്‍ പലരെയും പിടികൂടിയതു സത്യം. യുവജന പ്രസ്ഥാനം രംഗത്തെത്തുമ്പോള്‍ അതിനെ ആശങ്കയോടെ കാണാന്‍ ചിലര്‍ നിര്‍ബന്ധിതരായി. ആദര്‍ശ പ്രസ്ഥാനമെന്ന നിലയില്‍ വ്യക്തിത്വം നിലനിര്‍ത്തി എസ് വൈ എസ് മുന്നോട്ടു പോയാല്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രയാസമാവുമെന്ന തിരിച്ചറിവായിരുന്നു ഇവര്‍ക്ക് പ്രചോദനം. അതിനാല്‍ തന്നെ തടസ്സവാദങ്ങളും നിയന്ത്രണ ശ്രമങ്ങളും എമ്പാടുമുണ്ടായി. രണ്ടു ദശാബ്ദക്കാലത്തോളം ഈ പ്രതിസന്ധി പൂര്‍ണമായി മറികടക്കാന്‍ സാധിക്കാതെയാണ് എസ് വൈ എസ് പ്രവര്‍ത്തിച്ചത് എന്നു സമ്മതിക്കാതെ വയ്യ. പക്ഷേ, സംഘടന പൂര്‍ണമായി കീഴടക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ല എന്നായപ്പോള്‍ അതു നശിപ്പിക്കാനും മരവിപ്പിക്കാനുമായി ശ്രമം. അതും എസ് വൈ എസ് കാലക്രമത്തില്‍ അതിജീവിച്ചു.

സമസ്തയുടെ മടിത്തട്ടില്‍ ഉദയം ചെയ്ത പ്രസ്ഥാനമെന്ന നിലയില്‍ മാതൃസംഘടനയോടൊപ്പം എസ് വൈ എസ് എല്ലായ്പ്പോഴും നിലകൊണ്ടു. സാത്വികരായ പണ്ഡിത മഹത്തുക്കളെ വശപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ സമസ്തയും എസ്വൈഎസും അതിന്റെ മറ്റു സംഘടനാ സ്ഥാപനങ്ങളും തനിമയോടെ നിലനിന്നുവെന്നു പറയണം. അന്നത്തെ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ മതപരിഷ്കാരികളായ മുജാഹിദുകള്‍ക്ക് അനുഗുണമായ തരത്തിലായിരുന്നു. വഖഫ് സ്വത്തുക്കള്‍ അന്യാധീനമാകാന്‍ നിമിത്തമായ നിയമ പരിഷ്കാരം സുന്നീ വഖ്ഫുകളെയാണ് ബാധിച്ചത്. അറബി ഭാഷാ പഠന സംവിധാനങ്ങള്‍ പൂര്‍ണമായി വഹാബികളുടെ നിയന്ത്രണത്തിലാകും വിധം കാര്യങ്ങള്‍ നടന്നു. സുന്നികളാല്‍ സ്ഥാപിക്കപ്പെട്ടു നടത്തിവരുന്ന ചില സ്ഥാപനങ്ങളും പള്ളികളും വഖ്ഫുകളും മുജാഹിദുകള്‍ക്ക് ലഭ്യമാക്കാന്‍ അവര്‍ കൂട്ടുനിന്നു. പുതിയതായി ഉടലെടുത്തവര്‍ നിലനില്‍പിന് സ്വന്തം മാര്‍ഗം കാണട്ടെ എന്ന നിലപാടിനു പകരം സംരക്ഷിക്കാനും മുസ്‌ലിം സമുദായത്തിന്റെത് തട്ടിയെടുക്കാനുമാണ് രാഷ്ട്രീയ നേതൃത്വം തുനിഞ്ഞത്. എതിര്‍ ശബ്ദമുയര്‍ത്താന്‍ രാഷ്ട്രീയത്തിലെ സുന്നികള്‍ക്കു കഴിഞ്ഞതുമില്ല.

തുടര്‍ന്ന് ആദര്‍ശ രംഗത്തും അസ്തിത്വപരമായ ധാരാളം വെല്ലുവിളികളുണ്ടായി. പ്രലോഭനങ്ങളും പ്രകോപനങ്ങളും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും പല വിധത്തിലുണ്ടായിരുന്നു. അക്കാലത്ത് ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, താജുല്‍ഉലമ തുടങ്ങിയവരുടെ ധീരമായ നിലപാടായിരുന്നു പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നത്. സമസ്തയുടെ വ്യക്തിത്വം ആദര്‍ശത്തിലധിഷ്ഠിതമായതിനാല്‍ അവരുടെ സ്ഥ്യൈം തുണയായി എന്നു വിലയിരുത്താം.

സുവര്‍ണകാലം

എസ് വൈ എസിന്റെ ചരിത്രത്തില്‍ സുവര്‍ണകാലം 1970കളുടെ മധ്യമാണ്. പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങള്‍ പ്രസിഡന്‍റായി തുടരുന്ന അവസാന സമയമായിരുന്നുവത്. അന്നത്തെ ജനറല്‍ സെക്രട്ടറി കെപി ഉസ്മാന്‍ സാഹിബ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ആക്ടിംഗ് സെക്രട്ടറിയായി വന്നത് എപി ഉസ്താദായിരുന്നു. 1975 ജൂലൈയില്‍ പാണക്കാട് തങ്ങള്‍ വഫാത്തായതിനെ തുടര്‍ന്ന് ആക്ടിംഗ് പ്രസിഡന്‍റായി സാത്വികനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ ചുമതലയേറ്റു. എപി ഉസ്താദ് സെക്രട്ടറിയായി തുടര്‍ന്നു.

1976ല്‍ എസ് വൈ എസിന്റെ ജനറല്‍ബോഡി ചേര്‍ന്നു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രഗത്ഭരായ പണ്ഡിതരും പ്രവര്‍ത്തകരും നേതാക്കളുമെല്ലാമുണ്ട്. ബാപ്പു ഉസ്താദാണ് അധ്യക്ഷന്‍. ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സഭ ഒന്നടങ്കം അധ്യക്ഷനെ ഏല്‍പ്പിച്ചു.

എസ് വൈ എസിന്റെ പുതിയ പ്രസിഡന്‍റായി നിലവിലുണ്ടായിരുന്ന കമ്മിറ്റിയിലെ വൈസ് പ്രസിഡന്‍റായിരുന്ന ഇകെ ഹസന്‍ മുസ്‌ലിയാരെ ബാപ്പു ഉസ്താദ് പ്രഖ്യാപിച്ചു. സഭ അതംഗീകരിച്ചു. പിന്നീട് ജനറല്‍ സെക്രട്ടറിയായി കാന്തപുരം ഉസ്താദിനെയും പ്രഖ്യാപിച്ചു. അവര്‍ രണ്ടുപേരും വിസമ്മതവും ആശങ്കയും പറഞ്ഞെങ്കിലും ബാപ്പു ഉസ്താദിന്റെ തീരുമാനം നടപ്പായി.

അനുഗ്രഹീത നേതൃത്വം

തുടര്‍ന്ന് എസ് വൈ എസ് അനുഗ്രഹീത നേതൃത്വത്തിനു കീഴില്‍ ജൈത്രയാത്ര തുടങ്ങി. സര്‍വാദരണീയനായ ചാപ്പനങ്ങാടി ബാപ്പു ഉസ്താദ് ആശീര്‍വദിച്ച് സുന്നി കൈരളിക്ക് നല്‍കിയ സംഘടനാ നേതൃത്വം. ആദര്‍ശ ധീരതയുടെ ആള്‍രൂപമായിരുന്ന മര്‍ഹൂം ഇകെ ഹസന്‍ മുസ്‌ലിയാര്‍ക്കും എപി ഉസ്താദിനും പ്രസ്ഥാനത്തെ ശരിയായി നയിക്കാന്‍ അനുകൂല സാഹചര്യങ്ങളൊരുക്കുകയുണ്ടായി. പ്രതികൂലങ്ങളില്‍ പകച്ചുനില്‍ക്കാതെ അടിയുറച്ച കാല്‍വെപ്പുകള്‍ നടത്താനവര്‍ക്കായി.

1976ല്‍ താജുല്‍ ഉലമ സമസ്തയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എംഎ ഉസ്താദിന്റെയും മറ്റും സഹകരണം, സമസ്തയുടെ പ്രസിഡന്‍റായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ കണിശതയും കൃത്യതയും, ഇകെ അബൂബക്കര്‍ മുസ്‌ലിയാരുടെ ശക്തമായ പിന്തുണ, ആദര്‍ശധീരരായ ഒരുപറ്റം യുവപണ്ഡിതരുടെ രംഗപ്രവേശം, സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫിന്റെ ഉത്ഭവം എല്ലാം ഒത്തിണങ്ങിയ ഒരു നല്ലകാലം സംജാതമായി. സംഘസംവിധാനത്തിന് മേല്‍ നിലനിന്നിരുന്ന സമ്മര്‍ദ്ദ ഘടകങ്ങള്‍ ദുര്‍ബലമായി.

സമസ്തയുടെ ലക്ഷ്യവും പരിപാടികളും കൃത്യമായി നിര്‍വഹിക്കുന്നതിനുള്ള ഉപാധിയായി സുന്നി യുവജനസംഘം സംഘടനാ രംഗത്ത് പുത്തനുണര്‍വ് നേടുന്നതിനും ലക്ഷ്യത്തിലേക്കുള്ള ഗതിവേഗം വര്‍ധിപ്പിക്കാനും പദ്ധതികളാവിഷ്കരിച്ചു. സംഘടനയെ മുമ്പ് വഴിമുടക്കിയിരുന്ന തിട്ടൂരങ്ങള്‍ അവഗണിക്കപ്പെട്ടു. എസ് വൈ എസിന്റെ ചരിത്ര സൃഷ്ടിപ്പാണ് ഇവയെല്ലാം കളമൊരുക്കിയത്.

1978-ലെ സമ്മേളനം

സമ്മേളനത്തിന് രാപ്പകല്‍ കഠിനാധ്വാനം ചെയ്യാന്‍ ഒരു വിഭാഗം. ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ചിലര്‍. പലപ്പോഴുമുള്ള പ്രതിഭാസമാണിത്. ഇത്തരക്കാരെ മാറ്റിനിര്‍ത്തിയ സംഗമമായിരുന്നു 1978 ഏപ്രില്‍ മാസത്തില്‍ നടന്ന സംസ്ഥാന സമ്മേളനം. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പണ്ഡിതോചിതമായ സമ്മേളനം. ചര്‍ച്ചകളും പഠന ക്ലാസുകളും പൊതു സമ്മേളനവും പണ്ഡിതസാന്നിധ്യം കൊണ്ടനുഗ്രഹീതമായിരുന്നു. മുസ്‌ലിം ലോകത്ത് സൗദിയിലടക്കം സുന്നീ വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുണ്ടെന്ന് മലയാളികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ സമ്മേളനം ഉപകാരപ്രദമായി. സയ്യിദ് മുഹമ്മദ് മാലികി അടക്കമുള്ള വിശ്രുത പണ്ഡിതര്‍ സമ്മേളനത്തെ ധന്യമാക്കി.

മര്‍കസ്

സമസ്തയുടെ ലക്ഷ്യങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്റെ സാര്‍വത്രികമായ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നതുമുള്‍പ്പെടുന്നുണ്ടല്ലോ. അങ്ങനെയാണ് ബഹുമുഖ വിദ്യാഭ്യാസ സമുച്ചയമായി മര്‍കസുസ്സഖാഫത്തി സുന്നിയ്യ സ്ഥാപിതമാവുന്നത്. 1978ലെ എസ് വൈ എസ് സമ്മേളനത്തോടനുബന്ധിച്ച് സയ്യിദ് മുഹമ്മദ് മാലികി മക്ക ശിലാസ്ഥാപനം നിര്‍വഹിച്ചു. മര്‍കസ് ഒരു സ്ഥാപനവും സ്ഥാനവും മാത്രമല്ല, അതൊരു വിപ്ലവമായിരുന്നുവെന്ന് കാലം തെളിയിച്ചു.

വൈതരണികള്‍

എസ് വൈ എസിനെ വിശ്വാസികള്‍ ഏറ്റെടുത്തത് സംഘടന നല്‍കിയ ആദര്‍ശ ആത്മീയ പരിചരണത്തിന്റെ പേരിലായിരുന്നു. ഇതില്‍ അരിശം പൂണ്ടവര്‍ സംഘത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അതു അസാധ്യമാണെന്നു ബോധ്യമായപ്പോള്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാനായി ശ്രമം. പ്രതിഷേധിക്കാനുള്ള അവകാശത്തിനു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി നോക്കി. രാഷ്ട്രീയക്കാര്‍ സംഘടനാ നേതാക്കളെയും സജീവ പ്രവര്‍ത്തകരെയും പരമാവധി അവഗണിച്ചു. പ്രാകൃതമായ ധാര്‍ഷ്ട്യമാണ് സുന്നികള്‍ക്കെതിരെ ഏതു രംഗത്തും കാണിച്ചത്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ ഈ സമീപനത്തിനെതിരെ ഒന്നിച്ചു നില്‍ക്കേണ്ട ചിലര്‍ പ്രസ്ഥാനത്തിനകത്ത് നിന്നും ചില തുരപ്പുവേലകള്‍ നടത്തുകയാണുണ്ടായത്. സംഘടനാ പദവികള്‍ വരെ അതിനുവേണ്ടി ദുരുപയോഗം ചെയ്തു.

സമസ്തയുടെ ലക്ഷ്യപ്രാപ്തിക്ക് സഹായകമായ എസ് വൈ എസിന്റെ പ്രവര്‍ത്തന വഴിയില്‍ അവര്‍ മാര്‍ഗതടസ്സം സൃഷ്ടിക്കാന്‍ തുടങ്ങി. സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിക്കുന്നത് എസ് വൈ എസിന് സമാന്തരമായാണെന്ന് ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയതാണ്. അതിനോട് സഹകരിക്കേണ്ടതില്ലെന്ന് പ്രസ്ഥാന നേതാക്കളെ അദ്ദേഹം ഉണര്‍ത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ നിലപാട് കര്‍ക്കശമായിരുന്നതിനാല്‍ അസഭ്യവര്‍ഷവുമായി ചിലര്‍ വാറോലകള്‍ പുറത്തിറക്കി. മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ചില നേതാക്കള്‍ അതിനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല. മാത്രമല്ല, മൗനാനുവാദവും ചില ഘട്ടങ്ങളില്‍ പരസ്യ പിന്തുണയും അത്തരക്കാര്‍ക്കു ലഭിച്ചു. ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ എസ് വൈ എസിന് പിന്തുണ നല്‍കുന്നുവെന്നതായിരുന്നു അതിനു കാരണം.

രാഷ്ട്രീയ നയം

സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ എസ് വൈ എസിന്റെ രാഷ്ട്രീയ നയം വ്യക്തമാണ്. കൃത്യമായി അത് നടപ്പാക്കുന്നതില്‍ സംഘടന പ്രതിജ്ഞാബദ്ധവുമായിരുന്നു. അതിനാല്‍ എസ് വൈ എസിനെ തങ്ങളുടെ ശത്രുവായി കാണും വിധം മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം തരംതാണു. എസ് വൈ എസിന്റെ പ്രവര്‍ത്തകരും നേതാക്കളും സുന്നീ പ്രസ്ഥാനത്തെയും ആദര്‍ശത്തെയും കൃത്യമായി പ്രകാശിപ്പിക്കണമെന്ന നിലപാടിലായിരുന്നു എക്കാലത്തും. സുന്നിക്കെതിരായി വരുന്നവരെ അംഗീകരിക്കാന്‍ എസ് വൈ എസിന് സാധിക്കുമായിരുന്നില്ല. 1979ല്‍ സമസ്ത അതിന്റെ രാഷ്ട്രീയ നയം ദുര്‍വ്യാഖ്യാനത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുകയുണ്ടായി. ചില രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനവും പ്രഖ്യാപനവും സുന്നി സമൂഹത്തെ അവഹേളിക്കും വിധത്തിലും സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കുന്നതിന് വേണ്ടിയുമായപ്പോഴായിരുന്നു സമസ്ത തീരുമാനം പ്രഖ്യാപിച്ചത്.

സമസ്തയുടെ രാഷ്ട്രീയമായ തീരുമാനവും പ്രഖ്യാപനവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയുണ്ടായി. അതിനാല്‍ പണ്ഡിതര്‍ക്കെതിരെ ദുരാരോപണങ്ങളും തെറിയഭിഷേകങ്ങളും നടത്താന്‍ മാത്രം ചിലര്‍ വിഭ്രമാവസ്ഥയിലായി. സമസ്തയുടെ നിലപാടിനെതിരെ സംഘടനക്കുള്ളില്‍ നിന്നു തന്നെ ചിലരെ ഉപയോഗപ്പെടുത്താന്‍ നടത്തിയ ശ്രമം പരാജയമായിരുന്നുവെങ്കിലും ആദര്‍ശ ധീരരായ സുന്നീ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനുള്ള കുപ്രചാരണങ്ങളും പുറത്താക്കലുകളുമുണ്ടായി. സംഘടനാ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള രാഷ്ട്രീയ ബാധിതരുടെ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയത്തില്‍ കലാശിച്ചു. മലപ്പുറം ജില്ലാ എസ് വൈ എസിനെ കയ്യിലൊതുക്കാനുള്ള നീക്കമുണ്ടായെങ്കിലും പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായി തകര്‍ത്തു കളയുകയുണ്ടായി.

തിളക്കമേറിയ മുന്നേറ്റം

1978ലെ എസ് വൈ എസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ വിജയവും അത് പകര്‍ന്ന ആത്മവീര്യവും നിലനിര്‍ത്തിത്തന്നെ സംഘത്തിന് മുന്നേറാന്‍ സാധിച്ചു. ഈ ആവേശം ഉപയോഗപ്പെടുത്തി മാതൃസംഘടനയുടെ ഒരു വാര്‍ഷിക സമ്മേളനം 1981ല്‍ നടത്താന്‍ തീരുമാനമായി. കണ്ണിയത്തുസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയാണിത് തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറി. ആയിടക്കാണ് ഇകെ ഹസന്‍ മുസ്‌ലിയാര്‍ വഫാത്തായത്. പ്രസ്ഥാനത്തിന് ആദര്‍ശധീരമായ നേതൃത്വം നല്‍കിയ ശൈഖുനായുടെ വിയോഗം ചിലര്‍ ആഘോഷിച്ചു. തുടര്‍ന്ന് എംഎ ഉസ്താദ് പ്രസിഡന്‍റായി എസ് വൈ എസ് പുനഃസംഘടിതമായി.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തിന്റെ വിജയ സൂചന നല്‍കി. അതിനിടെ കൊട്ടപ്പുറം സംവാദവും മലപ്പുറം ജില്ലാ സുന്നി സമ്മേളനവും നടന്നു. സംവാദത്തില്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ സുന്നി പക്ഷം വന്‍ വിജയം നേടുകയും മുജാഹിദ് പക്ഷം പരാജയപ്പെടുകയുമുണ്ടായി. മലപ്പുറം സമ്മേളന നഗരിക്ക് സമ്മേളനത്തിന്റെ ആറു മാസം മുമ്പ് മാത്രം വഫാത്തായ ഇകെ ഹസന്‍ മുസ്‌ലിയാരുടെ പേര് നല്‍കുകയായിരുന്നു ഉചിതമെങ്കിലും തലപ്പത്തുള്ളവര്‍ അതിനു തയ്യാറായില്ല. ഇങ്ങനെ സമസ്തയുടെയും എസ് വൈ എസിന്റെയും നേതാക്കളെ മാറ്റി നിര്‍ത്താനാണ് ശ്രമിച്ചതെങ്കിലും വിജയിച്ചില്ല.

എതിര്‍പ്പുകളും തടസ്സങ്ങളും മുറപോലെ നടന്നു. എന്നാല്‍ സമ്മേളന പ്രവര്‍ത്തനവുമായി പ്രസ്ഥാനം മുന്നോട്ടുപോയി. കാന്തപുരം ഉസ്താദിന്റെ മനോവീര്യം തകര്‍ത്ത് മാറ്റിനിര്‍ത്താനായി അരീക്കാട് പള്ളിയുമായി ബന്ധപ്പെട്ട് സാമ്പത്തികാപഹരണാരോപണം ഉന്നയിച്ചു. പക്ഷേ, പള്ളിപ്പണിക്ക് പണം നല്‍കിയ അറബി പൗരന്‍ അബ്ദുല്ല കുലൈബി തന്നെ താന്‍ കൊടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയപ്പോള്‍ ആരോപകര്‍ക്കു മിണ്ടാട്ടമില്ലാതായി. തുടര്‍ന്ന് കണ്ണിയത്തുസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ എപി ഉസ്താദിന്റെ കൈ ശുദ്ധമാണെന്ന് പ്രഖ്യാപിച്ചു.

സമ്മേളന പ്രവര്‍ത്തനം വീണ്ടും സജീവമായി. സമ്മേളനത്തിനെത്തുന്ന വിദേശ പണ്ഡിതരെയും പ്രതിനിധികളെയും മുടക്കാന്‍ ശ്രമിച്ചു. ചിലരെല്ലാം യാത്ര വേണ്ടെന്നുവെച്ചു. മുടക്കാന്‍ ബോധിപ്പിച്ച കാരണങ്ങള്‍ പിന്നീട് മുടക്കികള്‍ക്കെതിരായത് ചരിത്രം. ഏതായാലും സമ്മേളനം തിളക്കമാര്‍ന്ന വിജയം നേടി. മുശാവറയില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയില്ലാതിരുന്നിട്ടും സമ്മേളനം ചരിത്ര വിജയമായത് പ്രത്യേകമായും സംഘകുടുംബത്തിലെ ജനകീയ വിഭാഗമായ എസ് വൈ എസിന്റെ പ്രവര്‍ത്തനം കൊണ്ടായിരുന്നു.

സമസ്തയുടെ ലക്ഷ്യവും പരിപാടിയും ഉയര്‍ത്തി നടത്തിയ സംസ്ഥാന സമ്മേളനത്തിനു ശേഷം ഏഴു വര്‍ഷം കഴിഞ്ഞ്, മാതൃ സംഘടനയുടെ ബാനറില്‍ തന്നെ ഒരു സമ്മേളന വിജയം സാധിക്കുന്നതിനും എസ് വൈ എസ് കര്‍മരംഗത്തിറങ്ങി. സുന്നി ശബ്ദവും ചലനവും വിരുദ്ധ പ്രചാരണങ്ങളുടെ നിജസ്ഥിതിയും പൊതുസമൂഹത്തെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തുന്നതിന് ഒരു മാര്‍ഗം എന്ന നിലയില്‍ 1984ല്‍ സിറാജ് ദിനപത്രം പ്രസിദ്ധീകരിച്ചു തുടങ്ങി.

വഴിത്തിരിവ്

സംഘകുടുംബത്തിന്റെ ചരിത്രത്തില്‍ ഗുണപരമായ ഒരു വഴിത്തിരിവിനാണ് 1989 സാക്ഷ്യം വഹിച്ചത്. പക്ഷേ, അതിനുമുമ്പ് നടന്ന ചില സംഭവങ്ങള്‍ പല പ്രമുഖരുടെയും യഥാര്‍ത്ഥ ചിത്രം പകരുന്നതായിരുന്നു. 1985ലെ സമസ്ത സമ്മേളന വിജയം ഇകെയുടെ വിജയമാണെന്ന് ചിലര്‍ ധരിച്ചുവശായി. അവര്‍ ആ വിധം ഇകെയെ സ്വാധീനിക്കുകയും ചെയ്തു. ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ സംഘടനയുടെ മുന്‍ നിലപാടുകളില്‍ പലതും തിരുത്തിത്തുടങ്ങി. സുന്നി വിരുദ്ധരുമായുണ്ടായിരുന്ന കര്‍ക്കശ നിലപാട് അതിലൊന്നായിരുന്നു. അത് സമസ്തയുടെ നയങ്ങളും ആദര്‍ശങ്ങളും തിരുത്തുന്നതിലേക്ക് കാര്യങ്ങളെത്തി. അതിലും അവസാനിക്കാതെ സമസ്തയുടെ ചരിത്രവും മിനിട്സും തന്നിഷ്ടം തിരുത്തുന്നതിനും തയ്യാറാവുന്ന സ്ഥിതിയായി. അങ്ങനെയാണ് ഇകെ അബൂബക്കര്‍ മുസ്‌ലിയാരും സമസ്തയുമായുള്ള ബന്ധം മുറിയുന്നത്.

സമസ്ത സമ്മേളന വിജയാനന്തരം പ്രത്യേകമായ ഒരു ഘട്ടത്തില്‍ തുടങ്ങിയ ഈ വ്യതിയാനങ്ങള്‍ അദ്ദേഹത്തെ സമസ്തയുടെ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ പറ്റാത്ത വിധത്തിലാക്കി. അദ്ദേഹത്തെ ഉപയോഗിച്ച് സുന്നി പ്രസ്ഥാനത്തിന്റെ വീര്യം കെടുത്താമെന്ന് നിനച്ചവര്‍ പൂര്‍ണമായും നിരാശരായി. വ്യതിയാനത്തിന്റെ തുടക്കം മുതല്‍ തന്നെ എസ് വൈ എസ് അത്തരം പ്രവണതകളോട് പോരാടിക്കൊണ്ടാണിരുന്നത്. അതുകൊണ്ട് തന്നെ എസ് വൈ എസിനെ ഏതുവിധേനയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നിരാശിതര്‍ നടത്തിയപ്പോള്‍ അവരുടെ താളത്തിനൊത്ത് ഇകെ ചലിച്ചത് ദൗര്‍ഭാഗ്യകരമായിരുന്നു.

198889

സമസ്ത സമ്മേളനത്തോടെ മലബാറില്‍ സുന്നി സംഘ സംവിധാനം അതിന്റെ വ്യക്തിത്വം പ്രകടമാക്കി. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ ജനപിന്തുണയും അംഗീകാരവുമുള്ളത് സമസ്തക്കാണ് എന്ന് ബോധ്യപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. പ്രസ്ഥാനത്തിന്റെ സന്ദേശവും സാന്നിധ്യവും തെക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള ആലോചന ശക്തിയായി നടന്നു. തെക്കന്‍ കേരളത്തില്‍ ഒരു സംസ്ഥാന സമ്മേളനം നടത്തുക എന്ന തീരുമാനമുണ്ടാകുന്നതങ്ങനെയാണ്. കോഴിക്കോട് സമ്മേളനാനന്തരം പത്തു വര്‍ഷം പിന്നിട്ടിരുന്നു അപ്പോള്‍. 1988 ഓഗസ്റ്റിലാണ് ഈ തീരുമാനമുണ്ടായത്. സപ്തംബറില്‍ എറണാകുളം സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുകയുമുണ്ടായി.

സമ്മേളന വാര്‍ത്ത തന്നെ തെക്കന്‍ കേരളത്തിലെ സുന്നികള്‍ക്കിടയില്‍ ആവേശമുളവാക്കി. പക്ഷേ, അവിടേക്ക് കൂടി എസ് വൈ എസിന്റെ വ്യാപനം ഉണ്ടാകുന്നത് സഹിക്കാനാവാത്തവര്‍ സമ്മേളനം വിവാദ വിഷയമാക്കി മുശാവറയെ കൊണ്ട് നിര്‍ത്തിവെപ്പിക്കാന്‍ കരുക്കള്‍ നീക്കി. ആ സമയത്തുതന്നെ മധ്യകേരള സമ്മേളന പ്രഖ്യാപനവുമായി ചിലര്‍ രംഗത്തുവന്നു. സമസ്തയുടെ ഔദ്യോഗിക കീഴ്ഘടകം സമ്മേളനം നിശ്ചയിച്ചിരിക്കെയാണ് അതേ സ്ഥലത്ത് തന്നെ സമാന്തര സമ്മേളനം ഇവര്‍ നിശ്ചയിക്കുന്നത്. സമസ്തയുടെ സെക്രട്ടറി പദവിയിലിരിക്കുന്നവര്‍ കീഴ്ഘടകത്തിന് വിരുദ്ധമായ സമ്മേളനത്തെ പിന്തുണക്കാന്‍ പാടില്ലായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ചത് അതാണ്. സെക്രട്ടറിയെക്കുറിച്ച് മുമ്പ് വില്ലേജിന്റെ ഖാളിയാവാന്‍ പോലും വിവരമില്ല എന്നു വിളംബരപ്പെടുത്തിയ ആളുമായി അദ്ദേഹം സഹകരിക്കുന്ന കാഴ്ചയാണ് തുടര്‍ന്ന് കാണാനായത്.

നവംബര്‍ മാസത്തെ വിദ്യാഭ്യാസ ബോര്‍ഡിന്റെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചക്കുവന്നു. രണ്ടു സമ്മേളനങ്ങളും നിര്‍ത്തി മറ്റൊരു ദിവസം സമ്മേളനം നടത്താമെന്ന് സെക്രട്ടറി പ്രഖ്യാപിച്ചു. ഒരാഴ്ച കഴിഞ്ഞ് ഇരുവിഭാഗവും ചേര്‍ന്നു ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചു പിരിഞ്ഞു. നിശ്ചിത ദിവസം നിര്‍ദിഷ്ട അഞ്ച് വ്യക്തികള്‍ പങ്കെടുക്കുന്നതിനു പകരം ചന്ദ്രികയില്‍ പരസ്യം നല്‍കി ആളെ കൂട്ടുകയായിരുന്നു. ചര്‍ച്ചയില്‍ മസ്ലഹത്ത് സംബന്ധമായി നല്ല തീരുമാനങ്ങളെന്തെങ്കിലുമുണ്ടായേക്കുമോ എന്നു ഭയന്നവര്‍ ബോധപൂര്‍വം നടത്തിയ വ്യവസ്ഥ ലംഘനമായിരുന്നു അത്. പത്രപരസ്യം കണ്ട് വന്നവര്‍ക്കെല്ലാം ചര്‍ച്ചാഹാളിലേക്ക് പ്രവേശിക്കാനാവില്ലല്ലോ. താഴെ ഒരുമിച്ചു കൂടിയവരെ ചൂണ്ടി കുഴപ്പമാണെന്ന് ധരിപ്പിച്ച് ചര്‍ച്ച നിര്‍ത്തിവെപ്പിക്കുകയായിരുന്നു ലക്ഷ്യം. അതങ്ങനെ തന്നെ നടന്നു. പക്ഷേ, സെക്രട്ടറി രണ്ടു സമ്മേളനങ്ങളും നടക്കട്ടെ എന്നാണ് പ്രഖ്യാപിച്ചത്.

പാളിയ നീക്കങ്ങള്‍

സമ്മേളനം നിര്‍ത്തിവെപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളോരോന്നും പരാജയപ്പെട്ടുകൊണ്ടിരുന്നു. ചര്‍ച്ച കഴിഞ്ഞ് പിറ്റെ ദിവസം ചന്ദ്രികയില്‍ പച്ചക്കള്ളം വാര്‍ത്തയായി വന്നു. നേതാക്കളെ തടഞ്ഞുവെച്ചു, പ്രയാസപ്പെടുത്തി എന്നിങ്ങനെയുള്ള വാര്‍ത്തയും അതിനെതിരെയുള്ള പ്രതിഷേധങ്ങളും. നേരത്തെതന്നെ സ്വന്തം പാളയത്തിലുള്ളവരെ പിടിച്ചുനിര്‍ത്താനല്ലാതെ ആ പ്രചാരണങ്ങള്‍ ഒരു ഗുണവും ചെയ്തില്ല.

അടുത്തനീക്കം എസ് വൈ എസ് പിരിച്ചുവിട്ട് നേതാക്കളെ സമസ്തയില്‍ നിന്ന് പുറത്താക്കുക എന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു. അതിനുവേണ്ടി നേരത്തെ സെക്രട്ടറി എതിര്‍ത്തിരുന്ന സുന്നി മഹല്ല് ഫെഡറേഷനെ സംസ്ഥാന തലത്തില്‍ വ്യാപിപ്പിച്ച് പ്രഖ്യാപനം നടത്തി. കുറ്റിപ്പുറത്ത് നടന്ന സമ്മേളനത്തിലായിരുന്നു അത്. എസ് വൈ എസിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നു നേരത്തെ ഇകെ പറഞ്ഞിരുന്ന അതേ ഫെഡറേഷനെ എസ് വൈ എസിന്റെ ബദലായി വെക്കാന്‍ അതിന്റെ സംസ്ഥാന നേതൃപദവിയില്‍ അദ്ദേഹം അവരോധിതനായി.

നേതാക്കളെ സമസ്തയില്‍ നിന്ന് പുറത്താക്കി എസ് വൈ എസ് കൈവശപ്പെടുത്തുകയോ നിര്‍വീര്യമാക്കുകയോ ചെയ്യാനുള്ള തീരുമാനം നടന്നു. അന്തര്‍നാടകങ്ങളെക്കുറിച്ച് പ്രവര്‍ത്തകര്‍ക്ക് സമയാസമയം അറിയാന്‍ സാധിച്ചു. അങ്ങനെ വന്നാല്‍ എറണാകുളം സമ്മേളനം അലങ്കോലപ്പെടും എന്നായിരുന്നു കണക്ക്കൂട്ടല്‍. പ്രസ്തുത തീരുമാനമെടുക്കാനും ഫെഡറേഷന്റെ ഭരണഘടന വായിച്ചംഗീകരിച്ച് കീഴ്ഘടകമാക്കാനും അടിയന്തര മുശാവറ വിളിച്ചു. എസ് വൈ എസ് നിലനില്‍ക്കണമെങ്കില്‍ അത് നടക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍ പ്രവര്‍ത്തകര്‍ ആ മുശാവറക്ക് എതിരെ കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. ഇതുമൂലം മുശാവറ നടന്നില്ല. തീരുമാനം നടപ്പായതുമില്ല. ചുവടുകളോരോന്നും പിഴച്ചപ്പോള്‍ പുതിയ ശ്രമങ്ങളായി. മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും മധ്യസ്ഥരെ മനം മടുപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്ത് അനുരജ്ഞനത്തിന്റെ വാതിലുകള്‍ അടക്കുകയാണ് എസ് വൈ എസ് വിരുദ്ധര്‍ ചെയ്തത്.

സാര്‍ത്ഥവാഹക സംഘം മുന്നോട്ട്

പ്രതിസന്ധികളില്‍ പതറാതെയും തളരാതെയും എസ് വൈ എസ് പ്രവര്‍ത്തകരും നേതാക്കളും മുന്നോട്ടു നീങ്ങി. നാടും നഗരവും സമ്മേളനാരവം മുഴങ്ങി. 1988 ഡിസംബര്‍ അവസാനത്തില്‍ നടന്ന എസ്എസ്എഫിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ താജുല്‍ ഉലമ പ്രവര്‍ത്തകരെ ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. “ഞാന്‍ ഒറ്റക്കാണെങ്കിലും സത്യത്തിലുറച്ചുനില്‍ക്കും’ എന്ന പ്രഖ്യാപനം തക്ബീര്‍ ധ്വനികളോടെയാണ് സദസ്സ് എതിരേറ്റത്. ജനുവരി 19 മുതലാരംഭിക്കുന്ന എസ് വൈ എസ് സമ്മേളനത്തിനെത്തുമെന്ന പ്രതിജ്ഞയുമായാണ് പ്രവര്‍ത്തകര്‍ ധര്‍മപുരിയില്‍ നിന്നും പിരിഞ്ഞത്.

സമ്മേളന തിയ്യതിയുടെ തൊട്ടുമുമ്പ് 16ാം തിയ്യതി അടിയന്തര മുശാവറ ചേര്‍ന്നു. സമ്മേളനത്തിരക്കിനിടയിലും നേതാക്കള്‍ മുശാവറക്കെത്തി. മുന്നിലെത്തി നില്‍ക്കുന്ന സമ്മേളനത്തെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ ഫെഡറേഷന്റെ ഭരണഘടന പാസ്സാക്കി. ശേഷം സമസ്തക്കെതിരെയുള്ള കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. നിരുത്തരവാദപരമായ കീഴ്വഴക്കത്തിനെതിരായും സമസ്തയുടെ പാരമ്പര്യവും ആദര്‍ശവും ചരിത്രവും തിരുത്തുന്നതിനുള്ള അനുവാദം തേടലാണ് പിന്നെ നടന്നത്. സമസ്തയുടെ മിനുട്സ് ആധികാരിക രേഖയാണ് അത് തിരുത്തരുത്, തിരുത്തുകയാണെങ്കില്‍ വിയോജിക്കുന്നവരുടെ അഭിപ്രായം രേഖപ്പെടുത്തണമെന്നും സമസ്ത ജോയിന്‍റ് സെക്രട്ടറി എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ തിരുത്തുമെന്നും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നുമാണ് അവര്‍ നിലപാടെടുത്തത്. വിയോജനക്കുറിപ്പ് അനുവദിക്കില്ലെന്നും പറഞ്ഞു.

സമസ്ത സെക്രട്ടറിയുടെയും കൂട്ടാളികളുടെയും നയവ്യതിയാനം കൃത്യമായി ബോധ്യപ്പെട്ട സ്ഥിതിക്ക് സമസ്തയുടെ പാരമ്പര്യത്തെ നിസ്സാരപ്പെടുത്തുന്നവര്‍ക്കൊപ്പം തുടരാനാവില്ല. “ഹഖിനെതിരെ പിന്തുണ നല്‍കാനാവില്ല’ എന്ന് പ്രഖ്യാപിച്ച് പതിനൊന്ന് പേര്‍ സഭ വിട്ടിറങ്ങി. പിന്നീട് സമ്മേളനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടാണ് യോഗം പിരിഞ്ഞത്. പുറത്താക്കാനായില്ല, എസ് വൈ എസ് പിരിച്ചുവിടാനുമായില്ല. അടുത്ത ദിവസം സമസ്തയുടെ പേരിലും ലീഗിന്റെ നേതാക്കളുടെ പേരിലും എറണാകുളം സമ്മേളന വിരുദ്ധ പ്രസ്താവനകള്‍ വന്നു. പ്രവര്‍ത്തകര്‍ പക്ഷേ, ഇതൊക്കെ വെറും ഭോഷ്കായി തള്ളി കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രഖ്യാപനങ്ങള്‍ അവഗണിച്ച് എറണാകുളത്തേക്കൊഴുകി.

സുന്നി കേരളത്തിന് കൃത്യമായ പ്രവര്‍ത്തന ദിശയും ചിത്രവും ചിന്തയും പകരുന്നതായിരുന്നു എറണാകളും സമ്മേളനം. എസ് വൈ എസ് എന്ന മഹത്തായ ആദര്‍ശ പ്രസ്ഥാനത്തിന്റെ ശബ്ദവും സന്ദേശവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിനാണ് എല്ലാവരുടെയും വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിമിത്തമായത്.

സമസ്തയുടെ മീറ്റിംഗില്‍ നിന്നും ഇറങ്ങിവന്നവരെ പുറത്താക്കാന്‍ മാത്രം ആത്മധ്യൈം മീറ്റിംഗിലിരുന്നവര്‍ക്കില്ലായിരുന്നു. കാരണം അപ്രതീക്ഷിതമായ ആഘാതങ്ങളോരോന്ന് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. പിന്നീടൊരു മുശാവറയില്‍ വെച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ പുറത്താക്കി എന്ന വിധത്തില്‍ പ്രസ്താവനയിറക്കി സായൂജ്യമടയുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ സമസ്ത എന്ന നിലയില്‍ ഒരു നിലപാടും അന്നുണ്ടായിരുന്നില്ല. സെക്രട്ടറിയുടെ ഇംഗിതത്തിനുപ്പുറം ഏകീകൃത നയമോ ആസൂത്രിത പരിപാടിയോ ഇല്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ സെക്രട്ടറിയെപ്പോലെ തന്നെ സമസ്തയുടെ ആദര്‍ശവുമായി ബന്ധം മുറിഞ്ഞവരായി മാറി.

ഏതായാലും സമസ്ത മുശാവറ പുനഃസംഘടിപ്പിക്കല്‍ അനിവാര്യമായി. ഈ ഘട്ടത്തില്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ മുന്‍ കമ്മിറ്റി പ്രസിഡന്‍റായിരുന്ന കണ്ണിയത്തുസ്താദിനെ മാറ്റിനിര്‍ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ആദരവ്. നിലവിലുള്ള സെക്രട്ടറിയടക്കമുള്ളവര്‍ സമസ്തയുടെ ജനറല്‍ബോഡിയില്‍ ഉള്‍പ്പെടുന്നതിനുള്ള യോഗ്യത നഷ്ടപ്പെടുത്തിയവരായതിനാല്‍ തന്നെ ആദര്‍ശം ബലികഴിക്കാത്ത മറ്റു ജനറല്‍ബോഡി മെമ്പര്‍മാരെ കൂട്ടി വൈസ് പ്രസിഡന്‍റിന്റെയും ജോയിന്‍റ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് സമസ്ത പുനഃസംഘടിപ്പിച്ചു. പുതിയ പ്രസിഡന്‍റായി കണ്ണിയത്തുസ്താദിനു പകരം ഉസ്താദിന്റെ ഇഷ്ട ശിഷ്യനും നിലവില്‍ വൈസ് പ്രസിഡന്‍റുമായ ഉള്ളാള്‍ തങ്ങള്‍ നിയമിതനായി. ജനറല്‍ സെക്രട്ടറിയായി കാന്തപുരം ഉസ്താദും. എസ് വൈ എസ് പൂര്‍ണമായും സമസ്തക്കൊപ്പം നിന്നു. എസ്എസ്എഫും അങ്ങനെതന്നെ. സുന്നി സംഘ കുടുംബത്തിലെ മറ്റു ഘടകങ്ങളും പത്രപ്രസിദ്ധീകരണങ്ങളും ഇതേ വഴി തുടര്‍ന്നു.

ത്യാഗം, സമര്‍പ്പണം

പ്രാസ്ഥാനിക രംഗത്തുണ്ടായ വഴിത്തിരിവ് പ്രത്യക്ഷത്തില്‍ ഒരു ചേരിതിരിവ് പ്രകടമാക്കുകയും അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. മദ്റസകള്‍, ദര്‍സുകള്‍, മറ്റു സ്ഥാപനങ്ങള്‍ എല്ലാം അലങ്കോലപ്പെടുത്തിയാണ് ആദര്‍ശ പ്രസ്ഥാനത്തോടുള്ള വിരോധം ചിലര്‍ പ്രകടിപ്പിച്ചത്. മുഅല്ലിംകളെയും മുദരിസുമാരെയും മുതഅല്ലിംകളെയും കടുത്ത പീഡനത്തിനിരയാക്കി. നാഗരിക സമൂഹത്തെ നാണിപ്പിക്കും വിധം അക്രമങ്ങളും അടിച്ചമര്‍ത്തലുകളും നടന്നു. ജോലി നിഷേധിച്ചു പുറത്താക്കി. അവരുടെ ജീവന്‍ വരെ അപകടപ്പെടുത്തുന്ന സാഹചര്യം ഉന്നതരുടെ അറിവോടെ നടന്നു. സംഘടനാ വിരോധം എതിരാളികളെ കൊന്നുതള്ളുന്നതിന് ന്യായമാക്കി. കൊലപാതകങ്ങളും അക്രമങ്ങളും വിമര്‍ശിക്കാന്‍ പോലും അടിമത്തം മനസ്സിനെ ബാധിച്ചവര്‍ തയ്യാറായില്ല.

അതിജീവനത്തിന്റെ പൂര്‍വകാല കഥകള്‍ ഓര്‍ത്തും അയവിറക്കിയും എല്ലാം സഹിച്ച് സാര്‍ത്ഥവാഹക സംഘം മുന്നോട്ടുനീങ്ങി. പ്രതിബന്ധങ്ങള്‍ മറികടന്ന് കര്‍ത്തവ്യം നിര്‍വഹിക്കാന്‍ പ്രസ്ഥാനവും പ്രവര്‍ത്തകരും അത്യുത്സാഹത്തോടെ മുന്നോട്ടുവന്നു. തല്‍ഫലമായി എതിരാളികളുടെ തിട്ടൂരങ്ങള്‍ അവഗണിക്കാനും ത്യാഗം വരിക്കാനും ആത്മാര്‍ത്ഥമായ സേവനത്തിനും സ്ഥ്യൈം നേടി. എറണാകുളത്ത് താജുല്‍ ഉലമ നടത്തിയ പ്രഭാഷണത്തിന്റെ സത്തും ചൈതന്യവും ഏറ്റെടുത്ത പ്രവര്‍ത്തകരും പ്രസ്ഥാനവും അല്‍പകാലം കൊണ്ട് പുഷ്കലമായ ഒരു കര്‍മകാണ്ഡം തീര്‍ത്തു. സ്ഥാപനങ്ങള്‍ അനവധി ഉയര്‍ന്നുവന്നു. പ്രായോഗിക പ്രബോധന പ്രവര്‍ത്തനത്തിന് സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി.

ജനകീയ പ്രസ്ഥാനമെന്ന നിലയിലും ജനാധിപത്യ സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാര്‍വത്രികമായ ദഅ്വത്തിന്റെ വഴിയിലാണിപ്പോള്‍ പ്രസ്ഥാനമുള്ളത്. പ്രസ്ഥാനത്തിന്റെ മുന്നേറ്റ കഥ വര്‍ത്തമാന കാല സമൂഹത്തിന്റെ അനുഭവകഥയാണ്. സാഹചര്യങ്ങളോട് രാജിയാവാതെ പ്രായോഗികവും അനിവാര്യവുമായ നയനിലപാടുകളും സ്വീകരിച്ചാണ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നടത്തി സമൂഹത്തിന്റെ പ്രതീക്ഷയായി സംഘടന മാറി. ആദര്‍ശം, മതം, സമൂഹം, രാഷ്ട്രം, സേവനം തുടങ്ങി ഒന്നും എസ് വൈ എസിന് അന്യമല്ല. യഥാര്‍ത്ഥ സമസ്തയുടെ ഊന്നുവടിയായി സംഘടന നട്ടെല്ലോടെ നിലകൊള്ളുന്നു. ആറു പതിറ്റാണ്ടായി ഈ ധര്‍മ പ്രസ്ഥാനം സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിന് വേണ്ടി, സര്‍വോപരി വ്യക്തമായ ഒരാദര്‍ശത്തിനു വേണ്ടി പ്രവര്‍ത്തനസജ്ജവും കര്‍മനിരതവുമാണ്.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ