ആയുര്‍വേദ ചികിത്സക്ക് ഞാന്‍ അച്ഛനെയും കൊണ്ട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്നു. അച്ഛന് ക്ഷീണം കൂടിയതിനാല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോവുകയും രക്തസമ്മര്‍ദം വളരെ കൂടുതലായതിനാല്‍ ഉടന്‍ തന്നെ മാനന്തവാടിയില്‍ ഉള്ള വയനാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. പെട്ടെന്ന് ഓട്ടോറിക്ഷയില്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു.
അച്ഛന്‍ തളര്‍ന്ന് എന്റെ മടിയില്‍ കിടക്കുകയാണ്. എഴുന്നേല്‍ക്കാന്‍ വയ്യാത്ത അച്ഛനെ ആശുപത്രിയുടെ ഉള്ളിലേക്ക് എങ്ങനെ എത്തിക്കും എന്ന് വിചാരിച്ച് വ്യാകുലപ്പെട്ടാണ് അവിടെ എത്തിയത്.
തിരക്കുപിടിച്ച വയനാട് ജില്ലാ ആശുപത്രിയുടെ മുറ്റത്ത് ഓട്ടോ നിര്‍ത്തി അന്ധാളിച്ചു നില്‍ക്കുമ്പോള്‍ “എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍’ എന്നു മുദ്രണം ചെയ്ത കോട്ടു ധരിച്ച രണ്ടു യുവാക്കള്‍ വീല്‍ചെയറുമായി വന്നു. അവര്‍ അച്ഛനെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഒറ്റക്കായിപ്പോയ ഞങ്ങള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ കിട്ടിയ കൈത്താങ്ങിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
പ്രാഥമിക പരിശോധനക്ക് ശേഷം തലയുടെ സിടി സ്കാന്‍, എക്സറേ എന്നിവ പെട്ടെന്ന് എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. രക്ത സാമ്പിള്‍ കൈയില്‍ തന്നുകൊണ്ട് ലാബില്‍ എത്തിക്കാന്‍ സ്റ്റാഫ് നഴ്സ് പറഞ്ഞു. പക്ഷേ, എനിക്ക് ഈ ആശുപത്രിയിലെ എക്സ്റേ, സിടി സ്കാന്‍ യൂണിറ്റുകള്‍, ലാബ് ഇവ എവിടെയാണെന്ന് പോലും അറിയുമായിരുന്നില്ല.
ഉടന്‍ തന്നെ സാന്ത്വനം വണ്ടിയര്‍മാര്‍ അച്ഛന്റെ സിടി സ്കാന്‍, എക്സ്റേ എന്നിവ എടുക്കാന്‍ സഹായിച്ചു. അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തില്‍ അച്ഛനെ മെഡിക്കല്‍ വാര്‍ഡിലെത്തിക്കാനും കഴിഞ്ഞു. മൂന്നു ദിവസത്തെ ചികിത്സക്ക് ശേഷം അസുഖം മാറി വീട്ടിലേക്ക് തിരിച്ചു.
സര്‍ക്കാര്‍ ആതുരാലയങ്ങളുടെ പടിവാതില്‍ക്കലെത്തുന്ന രോഗികള്‍ക്ക് താങ്ങാവുന്ന ഇത്തരം യുവാക്കള്‍ക്ക് ആതുര ശുശ്രൂഷയിലൂടെ കിട്ടുന്ന സന്തോഷം ദൈവം നിലനിര്‍ത്തട്ടെ. ആ സന്തോഷം അനുഭവിക്കാന്‍, കൂടുതലാളുകളിലേക്ക് പകരാന്‍ അവര്‍ക്കും നമുക്കും ഉതവിയുണ്ടാവട്ടെ.

കൈത്താങ്ങ്/ ലിയോ ജോസ് ഇരിട്ടി

(കടപ്പാട്: രിസാല വാരിക)

You May Also Like

മദീനയിലെ പ്രഥമ സത്യവിശ്വാസി

മദീനാ നിവാസികളായ ദക്വാനുബ്നു അബ്ദുല്‍ ഖൈസും അസ്അദുബ്നു സുറാറയും ഉറ്റമിത്രങ്ങളായിരുന്നു. ഒരിക്കല്‍ സംസാരമധ്യേ എന്തിനെയോ ചൊല്ലി…

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

ഉല്‍കൃഷ്ട സൃഷ്ടിയാണു മനുഷ്യന്‍

അല്ലാഹു മഹത്ത്വം നല്‍കി ആദരിച്ച ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്.…