കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍: ഇത് ഒരുമയുടെ വിജയം

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സ്ഥാനമേല്‍ക്കുന്നത് 2018 ആഗസ്റ്റ് 13-നാണ്. മൂന്ന് വര്‍ഷമാണ് കാലാവധി. ഹജ്ജ് എംബാര്‍ക്കേഷന്‍ വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കാന്‍ സാധിച്ചത് ഹജ്ജ് കമ്മിറ്റിയുടെ തിരുനെറ്റിയിലെ പൊന്‍തൂവലായി. ഒത്തൊരുമയുടെ വിജയമെന്നാണ് ഇതിനെ ചെയര്‍മാന്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹം സുന്നിവോയ്സിന് അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.

 

ഹജ്ജ് കമ്മിറ്റിയുടെ ഘടനയൊന്ന് വിശദീകരിക്കാമോ?

16 മെമ്പര്‍മാര്‍ ഉള്‍ക്കൊള്ളുന്നതാണ് കമ്മിറ്റി. മെമ്പര്‍മാരില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എക്സ് ഒഫീഷ്യോ മെമ്പറാണ്. ഒരു എംപിയും രണ്ട് എംഎല്‍എമാരും വിവിധ സംഘടനകളുടെ പ്രതിനിധികളും ഒരു വനിതാ മെമ്പറും കമ്മിറ്റിയിലുണ്ട്. മലപ്പുറം ജില്ലാ കലക്ടറാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എക്സിക്യൂട്ട് ചെയ്യുന്നതിനുവേണ്ടി സെക്രട്ടറിയായി നിയമിതനായിട്ടുള്ളത്. സെക്രട്ടറിയുടെ താഴെ നിശ്ചിത യോഗ്യതകളുള്ള വ്യക്തിയെയാണ് അസിസ്റ്റന്‍റ് സെക്രട്ടറിയായി നിയമിക്കുക. ഇപ്പോള്‍ ടികെ അബ്ദുറഹ്മാനാണ് ഈ തസ്തികയിലുള്ളത്. അദ്ദേഹം ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോയിന്‍റ് ഡയറക്ടറായി ജോലി ചെയ്ത പരിചയ സമ്പന്നനാണ്. ഇതാണ് നിലവിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഘടന.

 

ഈ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നു? 

ഇത്തവണ സംസ്ഥാന ഗവണ്‍മെന്‍റ് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ വലിയ പ്രതീക്ഷകളോടുകൂടിയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹാജിമാര്‍ പുറപ്പെടുന്നത് കൊച്ചിയില്‍ നിന്നാണല്ലോ. ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട് തന്നെ ആയിക്കിട്ടാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്തിലാണ് ജനങ്ങള്‍. കാരണം ആകെയുള്ള പതിനൊന്നായിരം ഹാജിമാരില്‍ രണ്ടായിരത്തില്‍ താഴെ മാത്രമേ നെടുമ്പാശ്ശേരി ഉള്‍ക്കൊള്ളുന്ന റീജ്യണിലുള്ളൂ. മറ്റെല്ലാവരും കാലിക്കറ്റ് റീജ്യണില്‍ നിന്നുള്ളവരാണ്. മുഴുവന്‍ ഹാജിമാര്‍ക്കും എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരി ആയതുകൊണ്ട് ഹജ്ജ് ക്യാമ്പും മറ്റും അവിടെ നടത്തേണ്ടിവരുന്നു. അവിടേക്ക് പ്രായാധിക്യമുള്ളവര്‍ക്ക് ദീര്‍ഘയാത്ര ചെയ്ത് എത്തിച്ചേരാനുള്ള പ്രയാസം അവഗണിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഹജ്ജ് എംബാര്‍ക്കേഷന്‍ ആകണമെന്നത് ഹാജിമാരുടെയും ബന്ധുക്കളുടെയും മൊത്തം ജനങ്ങളുടെയും ആഗ്രഹമാണ്. ഇക്കാര്യത്തെ പ്രാദേശികമായൊരു വിഷയമായി കാണാന്‍ കഴിയില്ല. എവിടെ നിന്നാണോ കൂടുതല്‍ ഹാജിമാരുള്ളത് അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലമാണ് പുറപ്പെടല്‍ കേന്ദ്രമാകേണ്ടത്. അതാണ് ന്യായം. പുതിയ കമ്മിറ്റി വരുമ്പോള്‍ ഇക്കാര്യം സാധിച്ചു കിട്ടുമെന്ന പ്രതീക്ഷ കൂടി ജനങ്ങള്‍ പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം ഹജ്ജ് വേളയില്‍ ആള്‍നാശമുണ്ടായോ? മറക്കാത്ത ഓര്‍മകള്‍ വല്ലതും?

കഴിഞ്ഞ വര്‍ഷം നമ്മുടെ 27 ഹാജിമാര്‍ മക്കാ-മദീനാ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു മരണപ്പെടുകയും അവിടെ തന്നെ മറവ് ചെയ്യുകയുമുണ്ടായി. അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും അവര്‍ക്കു വേണ്ടി സദസ്സുകളില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഹജ്ജ് വേളയില്‍ ലിഫ്റ്റില്‍ കയറാന്‍ കാലെടുത്തുവച്ച ബഷീര്‍ ഹാജി എന്നയാള്‍ അവിടെ പ്ലാറ്റ്ഫോം ഇല്ലാത്തതിന്‍റെ പേരില്‍ താഴേക്ക് പതിച്ച് ദാരുണമായി മരണപ്പെട്ടത് 2018-ലെ ഹജ്ജില്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തൊരു സംഭവമാണ്. സാഹിബ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ലിഫ്റ്റ് ഓപ്പണ്‍ ചെയ്താല്‍ സാധാരണ അവിടെ പ്ലാറ്റ്ഫോം ഉണ്ടായിരിക്കേണ്ടതാണ്. ആ പ്രതീക്ഷയില്‍ കാലെടുത്ത് വച്ചപ്പോഴാണ് അപകടം സംഭവിച്ചത്. അല്ലാഹു അദ്ദേഹത്തിന് നന്മ നല്‍കട്ടെ.

ഹാജിമാര്‍ പോകുന്ന സമയത്ത് മാത്രമല്ലേ ഹജ്ജ് കമ്മിറ്റിക്ക് കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവൂ? 

അല്ല. ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ്. ഒരു വര്‍ഷം ഹജ്ജിന് പോയവരെല്ലാം മടങ്ങിയെത്തിയാല്‍ അടുത്ത വര്‍ഷത്തെ യാത്രക്കു വേണ്ട സേവനങ്ങള്‍ തുടങ്ങുകയായി. എന്നാല്‍ ഹാജിമാര്‍ നാട്ടിലെത്തിച്ചേര്‍ന്നതിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് അടുത്ത വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികളാരംഭിക്കും. ഇടവേളയില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നു ചുരുക്കം.

ജനാഭിലാഷം പോലെ ഈ വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരായതിന് ആരെല്ലാം സഹായിച്ചു?   

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും താല്‍പര്യമായിരുന്നു അത്. മലയാളികളായ എംപിമാരും മറ്റു ജനപ്രതിനിധികളും ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം ഉസ്താദിനെ പോലുള്ള സാമുദായിക നേതാക്കളും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നിരന്തരം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് ഇതംഗീകരിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിയെ കാണാനുള്ള ശ്രമം ആദ്യമൊന്നും വിജയിച്ചില്ല. വിഷയം കാന്തപുരം ഉസ്താദിനോട് സൂചിപ്പിച്ചപ്പോള്‍, ഡല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇപ്രാവശ്യം കോഴിക്കോട് തന്നെ എംബാര്‍ക്കേഷന്‍ പോയന്‍റ് ആക്കാമെന്ന് സമ്മതിച്ചതായും ഉസ്താദ് പറഞ്ഞു.

എങ്കിലും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തെയൊന്ന് പോയി കണ്ട് നിവേദനം നല്‍കി ഔദ്യോഗിക തീരുമാനം ഉറപ്പാക്കാന്‍ വേണ്ടി ഞാനും ഓഫീസിലെ അസിസ്റ്റന്‍റ് സെക്രട്ടറി ടികെ അബ്ദുറഹ്മാനും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ബാംഗ്ലൂര്‍ വഴിയാണ് പോയത്. എന്നാല്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ഞങ്ങളെ വിളിച്ച് മന്ത്രി സ്ഥലത്തില്ലെന്നും വിദേശത്ത് പോയെന്നും അറിയിച്ചു. എന്ത് ചെയ്യുമെന്ന ആശങ്കയില്‍ നില്‍ക്കുന്ന സമയം. ഒടുവില്‍ ഞാന്‍ പറഞ്ഞു: എന്തായാലും പോയി നോക്കാം. മന്ത്രി ഇല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറിക്ക് കത്ത് കൊടുക്കാം. അങ്ങനെ യാത്ര തുടര്‍ന്നു. ഡല്‍ഹിയിലെ കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കത്ത് കൊടുക്കാന്‍ ചെന്നപ്പോള്‍ സെക്രട്ടറി പറഞ്ഞു: മന്ത്രി നാളെ വിദേശത്ത് നിന്നു വരുന്നുണ്ട്. നിങ്ങള്‍ രാവിലെ വന്നാല്‍ നേരില്‍ കാണാം. അതനുസരിച്ച് ഡല്‍ഹിയിലെ കേരള ഹൗസില്‍ താമസിച്ചു. പിറ്റേ ദിവസം, അതായത് 2018 ഒക്ടോബര്‍ 5-ന് രാവിലെ മന്ത്രി നഖ്വിയെ കണ്ടു. അദ്ദേഹം പറഞ്ഞു: നമുക്ക് ഇത്തവണ എംബാര്‍ക്കേഷന്‍ പോയന്‍റ്കാലിക്കറ്റില്‍ നിന്നു തന്നെയാക്കാം. ശൈഖ് അബൂബക്കര്‍ അഹ്മദിന് ഉറപ്പ് കൊടുത്ത വിഷയമാണിത്. നിങ്ങള്‍ക്കും ആ ഉറപ്പ് ആവര്‍ത്തിച്ചു നല്‍കുകയാണ്. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ഈ വിഷയം ഞങ്ങള്‍ക്ക് പത്രക്കാരോട് പറയാമോ? പറയാന്‍ അദ്ദേഹം അനുവാദം നല്‍കുകയും ചെയ്തു. കേന്ദ്ര മിനിസ്റ്റര്‍ പറയേണ്ടൊരു കാര്യം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറയുന്നതിലെ അനൗചിത്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതം ആവര്‍ത്തിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി കെടി ജലീലുമായി കൂടിയാലോചിച്ച് ഡല്‍ഹിയില്‍വച്ചു തന്നെ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയുമായിരുന്നു.

ഓഫീസുകളിലൂടെ പ്രൊസീഡിംഗ്സുണ്ടായാല്‍ മാത്രമേ അതൊരു നോട്ടിഫിക്കേഷനായി വരൂ. അതിന് മുംബൈയില്‍ ചെന്ന് സി.ഇ.ഒയെ കണ്ട് മിനിസ്റ്റര്‍ നല്‍കിയ ഉറപ്പും അത് നോട്ടിഫിക്കേഷനാക്കുന്ന കാര്യവും സംസാരിക്കാന്‍ വേണ്ടി അവിടെ പോകാന്‍ തീരുമാനിച്ചു. കൂടെ ഷാജഹാന്‍ സാഹിബുമുണ്ടായിരുന്നു. ഒക്ടോബര്‍15-ന് അവരുമായി വിഷയങ്ങളെല്ലാം സംസാരിച്ചപ്പോള്‍ ഇപ്രാവശ്യം എംബാര്‍ക്കേഷന്‍ പോയന്‍റ് മന്ത്രി പ്രഖ്യാപിച്ചതു പോലെ കോഴിക്കോട് നിന്നു തന്നെയായിരിക്കുമെന്നും അതേസമയം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരി ആക്കാനുമാണ് തീരുമാനമെന്ന് സി.ഇ.ഒ അറിയിക്കുകയുണ്ടായി. പ്രസ്തുത തീരുമാനം പ്രഖ്യാപിക്കാന്‍ സി.ഇ.ഒ എന്നെ ചുമതലപ്പെടുത്തി.

അത് ഒരര്‍ത്ഥത്തില്‍ വലിയ ഗുണമായി. കാരണം തെക്കു ഭാഗത്തുള്ള ആളുകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായിടത്ത് നിന്ന് പോകാന്‍ സാധിക്കും. കാലിക്കറ്റ് റീജ്യണിലുള്ളവര്‍ക്ക് കരിപ്പൂരില്‍ നിന്നും പോകാം.

പ്രവാസികള്‍ക്ക് ഹജ്ജ് കമ്മിറ്റി കൊണ്ട് എന്ത് നേട്ടമാണുള്ളത്?

പ്രവാസ ലോകത്തുള്ളവര്‍ക്കും കമ്മിറ്റി വലിയ സഹായം ചെയ്തിട്ടുണ്ട്. റമളാനു മുമ്പ് പാസ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ സാധാരണ ഹജ്ജ് വിസ അടിച്ച് കിട്ടുമായിരുന്നുള്ളൂ. ഈ നിബന്ധന ഒഴിവാക്കാന്‍ ഞങ്ങള്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി സി.ഇ.ഒയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എങ്കില്‍ റമളാനിനു മുമ്പ് പാസ്പോര്‍ട്ട് നല്‍കേണ്ടതില്ല. പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും പാസ്പോര്‍ട്ടുകള്‍ റമളാന്‍ കഴിഞ്ഞതിനു ശേഷം കൊടുത്താല്‍ മതി. ഇത് പ്രവാസികള്‍ക്ക് വളരെ ഉപകാരമായി. കാരണം അവരുടെ പാസ്പോര്‍ട്ടുകള്‍ കമ്പനിയുടെ പക്കലാണുണ്ടാവുക. പാസ്പോര്‍ട്ട് റമളാനിനു മുമ്പ് സമര്‍പ്പിക്കണമെങ്കില്‍ അത്രയും കാലം പ്രവാസികള്‍ ലീവെടുക്കേണ്ടി വരും. ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ വിഷമമാണെന്ന് പറയേണ്ടതില്ല. എന്നാല്‍ പുതിയ തീരുമാനത്തോടെ വ്യവസ്ഥ ഉദാരമായിക്കിട്ടി.

ടിക്കറ്റ് നിരക്ക് സംബന്ധമായി കമ്മിറ്റി ഇടപെടല്‍ കൊണ്ട് ഹാജിമാര്‍ക്ക് നികുതിയിളവിലൂടെ നേട്ടമുണ്ടായതായി വാര്‍ത്തയുണ്ടായിരുന്നല്ലോ? അതിനെ സംബന്ധിച്ച്?

സാധാരണ വിമാന യാത്രയ്ക്ക് ടിക്കറ്റിന്‍റെ അഞ്ച് ശതമാനമാണ് നികുതി. പക്ഷേ ഹജ്ജ് യാത്രികരില്‍ നിന്ന് പതിനെട്ട് ശതമാനമാണ് വര്‍ഷങ്ങളായി ഗവണ്‍മെന്‍റ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് സാധാരണ യാത്രക്കാരെപ്പോലെ ആക്കുകയോ തീര്‍ത്ഥാടകര്‍ എന്ന നിലയില്‍ നികുതി പൂര്‍ണമായി ഉപേക്ഷിക്കുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റി ഉന്നയിച്ച ആവശ്യം. നവംബര്‍ 7-ന്  തിരുവനന്തപുരത്ത് വച്ച് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസകിന് കത്ത് നല്‍കി. വിവേചനം ന്യായമല്ലെന്നും ഇതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണ്ടത് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. അപ്പോള്‍ തന്നെ അദ്ദേഹം ജിഎസ്ടിയുടെ സെന്‍ട്രല്‍ ഓഫീസിലേക്ക് വിളിക്കുകയും ഫോളോഅപ്പ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. ഡിസംബര്‍ 22-ന് ജിഎസ്ടിയുടെ കൗണ്‍സില്‍ പാനല്‍ മീറ്റിംഗില്‍ മിനിസ്റ്റര്‍ തന്നെ ഈ വിഷയം ഉണര്‍ത്തുകയും സാധാരണ ടിക്കറ്റ് നിരക്ക് പോലെ അഞ്ച് ശതമാനമാക്കാന്‍ തീരുമാനം ഉണ്ടാവുകയും ചെയ്തു. ഇതും നാം ആവശ്യപ്പെട്ടതു പ്രകാരം കിട്ടിയ വലിയ ആനുകൂല്യമാണ്.

ഇപ്രകാരം ഹജ്ജുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങളൊരുക്കാന്‍ പരമാവധി ശ്രമിക്കുകയും അതിനായി ഉത്സാഹിക്കുകയും ചെയ്തതിനാല്‍ കുറേ നല്ല ഫലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. ഇതില്‍ സഹായിച്ച ധാരാളമാളുകളുണ്ട്. ടീം വര്‍ക്കാണ് വിജയത്തിനാധാരം.

സ്ത്രീകളുടെ യാത്രാ സംബന്ധമായി പലപ്പോഴും അനിശ്ചതത്വങ്ങളുണ്ടാവാറുണ്ടല്ലോ. മഹ്റം ഉള്‍പ്പെടെ പലതും. ഇതില്‍ പുതിയ ഓര്‍ഡര്‍ വല്ലതും?

ഉണ്ട്. സ്ത്രീകളാണ് ഹജ്ജിന് കൂടുതല്‍ ഉണ്ടാവാറുള്ളത്. ഈ വര്‍ഷവും അതാണ് സ്ഥിതി. സ്ത്രീകള്‍ക്ക് ഹജ്ജിന് പോകുമ്പോള്‍ മഹ്റം വേണമെന്നായിരുന്നു പഴയ ആക്ടില്‍ ഉണ്ടായിരുന്നത്. ഇസ്ലാമിക നിയമപ്രകാരമുള്ള ഉത്തരവായിരുന്നു അത്. ദീനീബോധവും അച്ചടക്കവുമുള്ള ഒരു സംഘം സ്ത്രീകള്‍ക്ക് യാത്ര അനുവദനീയമാകുന്ന ചില വകുപ്പുകളുണ്ട്. അതനുസരിച്ച് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മഹ്റമില്ലാതെ ഒരു കവറില്‍ അഞ്ചു സ്ത്രീകള്‍ ഒരു ടീമായി ഹജ്ജിന് പോകാമെന്ന ഭേദഗതി പ്രാബല്യത്തിലായി. അവര്‍ക്ക് നറുക്കെടുപ്പ് പോലുമില്ലാതെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷവും അത്തരത്തിലുള്ള ധാരാളം അപേക്ഷകള്‍ വന്നിട്ടുണ്ട്.

ഹജ്ജ് കമ്മിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന പദ്ധതിയിലുണ്ടോ?  

തീര്‍ച്ചയായും. സ്ത്രീകളാണ് യാത്രക്കാരില്‍ കൂടുതലെന്ന് പറഞ്ഞല്ലോ. കരിപ്പൂരില്‍ വരുമ്പോള്‍ എല്ലാ സൗകര്യങ്ങളുമുള്ള ഹജ്ജ് ഹൗസുണ്ട്. മൂന്നു വര്‍ഷമായി അത് പ്രവര്‍ത്തിക്കാതെ കിടക്കുകയാണ്. ഈ പ്രാവശ്യം പുറപ്പെടല്‍ കേന്ദ്രം കാലിക്കറ്റ് ആയതുകൊണ്ട് ഹജ്ജ് ഹൗസ് സജീവമാകും. എങ്കിലും സ്ത്രീകള്‍ക്ക് താമസിക്കാന്‍ പ്രത്യേകമായി ഒരു കെട്ടിടം കരിപ്പൂരിലില്ല.

അതിനാല്‍ ഹജ്ജ് ഹൗസില്‍ അവര്‍ക്ക് പ്രത്യേകം ബ്ലോക്ക് ഉണ്ടാക്കാന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഏഴു കോടി രൂപയോളം ചെലവഴിച്ചാണ് വനിതാ ബ്ലോക്ക് ഉണ്ടാക്കുന്നത്. സര്‍ക്കാറിന്‍റെ ഇടക്കാല ബജറ്റില്‍ ഇതിനു പ്രത്യേകം ഫണ്ട് വകയിരുത്തിയിരുന്നു.

ഹജ്ജ് വളണ്ടിയര്‍മാരാണല്ലോ മക്കയിലും മദീനയിലും ഹാജിമാരെ സഹായിക്കുന്നത്. അവരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡമെന്താണ്?  

ഹാജിമാരുടെ സേവനത്തിനായി ഗവണ്‍മെന്‍റിന്‍റെ പൂര്‍ണ ചെലവില്‍ യാത്ര പോകുന്നവരാണ് ഹജ്ജ് വളണ്ടിയര്‍മാര്‍. 200 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലാണ് അവരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹജ്ജ് വളണ്ടിയറാവാന്‍ അപേക്ഷിക്കാം. ഒരു ഉംറയെങ്കിലും അവര്‍ നേരത്തെ ചെയ്തിട്ടുണ്ടായിരിക്കണമെന്നാണ് പ്രധാന നിബന്ധന. അപേക്ഷകള്‍ ഹജ്ജ് ഹൗസില്‍ സ്വീകരിക്കുകയും നിശ്ചിത ദിവസം അവരെ ഇന്‍റര്‍വ്യൂ നടത്തുകയും ചെയ്യും. ഇന്‍റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാരില്‍ രണ്ട് ശതമാനം സ്ത്രീകളാണ്. ഇത്തവണ 56 പേര്‍ക്കാണ് വളണ്ടിയര്‍മാരായി അവസരം ലഭിച്ചത്. അതിന്‍റെ അനുപാതമായി ഒരു സ്ത്രീയാണ് തെരഞ്ഞെടുക്കപ്പെടുക. വളണ്ടിയര്‍മാര്‍ക്ക് മുംബൈയില്‍വച്ച് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. അതിന്‍റെ ചെലവുകള്‍ ഗവണ്‍മെന്‍റാണ് വഹിക്കുന്നത്. ഹജ്ജിനെ സംബന്ധിച്ചും മക്കാ-മദീനാ തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചും അവര്‍ക്ക് പരിജ്ഞാനമുണ്ടാവണം. ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളും അറിഞ്ഞിരിക്കണം. ഹാജിമാര്‍ക്കായി മക്ക-മദീനകളിലെ മുത്വവ്വിഫ് ഓഫീസിലും മറ്റും ചെന്ന് സംസാരിക്കാനും ഇടപെടാനും കഴിയുന്നവരെയാണ് ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കാറുള്ളത്. ഇത്തവണത്തെ വളണ്ടിയര്‍മാരുടെ നിയമനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ജില്ലാ പരിഗണന കൂടി വച്ചുകൊണ്ടാണ് സെലക്ട് ചെയ്യുക.

ഹജ്ജ് ആരാധനാ കര്‍മമായതിനാല്‍ അതില്‍ പരിജ്ഞാനമുള്ള പണ്ഡിതന്മാരെ കൂടി വളണ്ടിയര്‍മാരായി നിയമിച്ചുകൂടേ? 

നല്ല അഭിപ്രായമാണിത്. പക്ഷേ മാനദണ്ഡങ്ങള്‍ പ്രകാരം ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്മാരെ മാത്രമേ ഹജ്ജ് വളണ്ടിയര്‍മാരായി നിശ്ചയിക്കാനാവൂ. പണ്ഡിതന്മാരെ കൂടി വളണ്ടിയര്‍മാരായി സെലക്ട് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ നന്നാകുമെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. പക്ഷേ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഹജ്ജ് ആക്ടില്‍  പറഞ്ഞിട്ടുള്ള നിബന്ധന പാലിക്കാതെ നിര്‍വാഹമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയേ വളണ്ടിയറാക്കാവൂ എന്നത് സംസ്ഥാന കമ്മിറ്റിക്ക് പാലിക്കാതിരിക്കാനാവില്ല. ഇതിന് പ്രധാനമായൊരു കാരണം ഇവര്‍ യാത്രയിലോ മറ്റോ എന്തെങ്കിലും നഷ്ടം വരുത്തുകയോ അനിഷ്ടകരമായ വല്ലതും അവരില്‍ നിന്നുണ്ടാവുകയോ ചെയ്താല്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന് അതില്‍ ഇടപെടാനും നഷ്ടങ്ങള്‍ അവരില്‍ നിന്ന് ഈടാക്കാനും നികത്താനും കഴിയും എന്നത് കൂടിയായിരിക്കണം. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തൊരു വ്യക്തിയെ വളണ്ടിയറായി തിരഞ്ഞെടുത്താല്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്ന പക്ഷം അവരില്‍ നിന്ന് ഈടാക്കാനോ നടപടിയെടുക്കാനോ പ്രയാസം നേരിട്ടേക്കും. ഇന്ത്യ-സഊദി ഭരണകൂടങ്ങള്‍ തമ്മിലുള്ള ഒഫീഷ്യലായൊരു ഇടപാട് കൂടിയാണ് ഹജ്ജ് സര്‍വീസ് എന്നതിനാല്‍ ചുമതലക്കാര്‍ ഗവണ്‍മെന്‍റ് സ്റ്റാഫ് ആയിരിക്കുന്നതാണല്ലോ ഔദ്യോഗിക സ്വഭാവത്തിന് സഹായകം. ഇലക്ഷന്‍ ഡ്യൂട്ടിക്ക്  ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്മാരെയാണല്ലോ ചുമതലപ്പെടുത്താറുള്ളത്. കഴിവും യോഗ്യതയുമുള്ളയാളാണെന്നു കരുതി സര്‍വീസിലില്ലാത്തവരെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിശ്ചയിക്കാറില്ല. ആ പരിഗണന ഹജ്ജ് വിഷയത്തിലും ഭരണകൂടം കാണുന്നുണ്ടാവണം.

പിന്നെ വടക്കെ ഇന്ത്യയിലും മറ്റുമൊക്കെ അത്യാവശ്യം ഇംഗ്ലീഷും മറ്റും അറിയുന്നത് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ്. അല്ലാത്തവരില്‍ പ്രാഥമികമായ വിദ്യാഭ്യാസം പോലും ഉള്ളവര്‍ വളരെ കുറവ്. ഇത്തരം  അവസ്ഥകള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഹജ്ജ് ആക്ടില്‍ ഈ നിയമം വന്നതെന്നു കരുതാം. കേരളത്തെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്മാരെ പോലെ തന്നെ നല്ല ഉത്തരവാദിത്വബോധവും അറിവും അനുഭവവുമുള്ള സാധാരണക്കാരും പ്രവാസികളും പണ്ഡിതരും ധാരാളമുണ്ട്. എങ്കിലും ഇന്ത്യയില്‍ മൊത്തമുള്ള നിയമമായതുകൊണ്ട് പൊതുനിയമത്തില്‍ നിന്ന് വ്യത്യസ്തമായൊരു രീതി സ്വീകരിക്കാന്‍ പ്രയാസമുണ്ട്.

ഹജ്ജ് ട്രൈനര്‍മാരെ സെലക്ട് ചെയ്യുന്നതിലുള്ള മാനദണ്ഡങ്ങള്‍? അവരുടെ പ്രവര്‍ത്തന മേഖല?  

ഹാജിമാര്‍ക്ക് എല്ലാവിധ സേവനങ്ങളും ചെയ്യേണ്ടവരാണ് ഹജ്ജ് ട്രൈനര്‍മാര്‍. അമ്പത് ഹാജിമാര്‍ക്ക് ഒരു ട്രൈനര്‍ എന്ന അനുപാതത്തിലാണ് നിയമനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള സാമൂഹ്യ സന്നദ്ധപ്രവര്‍ത്തകരായ ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കാറുണ്ട്. പതിനൊന്നായിരം ഹാജിമാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ധാരാളമാളുകള്‍ അപേക്ഷ നല്‍കുന്നു. അപേക്ഷകരെ ഇന്‍റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുക്കുക. ഹജ്ജ് ട്രൈനര്‍മാര്‍ക്ക് ഗവണ്‍മെന്‍റില്‍ നിന്ന് പ്രത്യേക സഹായങ്ങളോ ആനുകൂല്യങ്ങളോ ഒന്നുമില്ല. സൗജന്യ സേവനമാണ് അവര്‍ നിര്‍വഹിക്കുന്നത്. 56 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാരായ അത്യാവശ്യ വിവരങ്ങളുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കപ്പല്‍ വഴി ചുരുങ്ങിയ ചെലവില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നല്ലോ. എന്താണ് നിജസ്ഥിതി?

ചുരുങ്ങിയ ചെലവില്‍ കപ്പല്‍വഴി ഹജ്ജിന് പോകാന്‍ സൗകര്യം ചെയ്യുമെന്ന് കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിയാണ് പ്രസ്താവിച്ചിരുന്നത്.  സന്നദ്ധതയുള്ള കപ്പല്‍ ഉടമകളില്‍ നിന്ന് ഗവണ്‍മെന്‍റ് ടെന്‍റര്‍ ക്ഷണിച്ചിട്ടുണ്ട്. നടപടികള്‍ എത്രത്തോളം മുന്നോട്ടുപോയിയെന്നറിവായിട്ടില്ല. വിമാനത്തെ അപേക്ഷിച്ച് ദിവസങ്ങള്‍ ഏറെ എടുക്കും. എങ്കിലും ചെലവ് ഗണ്യമായി കുറയുകയാണെങ്കില്‍ അപേക്ഷകര്‍ മുന്നോട്ടുവരുമെന്നുറപ്പാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ കപ്പലാകുമ്പോള്‍ ചെലവ് വിമാനത്തേക്കാള്‍ എത്ര കുറയുമെന്ന് കണ്ടുതന്നെ അറിയണം.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ധാരാളം ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. കരിപ്പൂര്‍ ഹജ്ജ് ഹൗസ് ഹജ്ജിന്‍റെ ഏതാനും ദിവസങ്ങളില്‍ മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. മറ്റു സമയങ്ങളില്‍ ബില്‍ഡിംഗും കോണ്‍ഫറന്‍സ് ഹാളുമെല്ലാം ഉപയോഗപ്പെടുത്താനായാല്‍ ഗുണപ്രദമാകും. കരിപ്പൂരില്‍ നിന്ന് ഉംറക്ക് പോകുന്നവര്‍ക്ക് ഇഹ്റാമിനും ഉംറ ക്ലാസുകള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമേര്‍പ്പെടുത്താന്‍ ഹജ്ജ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഹജ്ജിന്‍റെ തിരക്കുകള്‍ മൂലം ആരംഭിക്കാനായില്ല. വൈകാതെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത പഠനത്തിനുള്ള കോച്ചിംഗ് സെന്‍ററായി ഹജ്ജ് ഹൗസിന്‍റെ ഏതാനും റൂമുകള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ആവശ്യമായതെല്ലാം സംസ്ഥാന ഗവണ്‍മെന്‍റ് ചെയ്തുതരാമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാവശ്യമായ ചെറിയ ക്രമീകരണങ്ങളും ബില്‍ഡിംഗില്‍ നടത്താനുണ്ട്. അതുപോലെ ഏഴ് കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന സ്ത്രീകളുടെ ബ്ലോക്കിന്‍റെ നിര്‍മാണം മറ്റൊരു പദ്ധതിയാണ്. ചെറിയൊരു ഫണ്ട് ഹജ്ജ് കമ്മിറ്റിയുടെ കൈവശമുണ്ട്. അതോടൊപ്പം ബജറ്റില്‍ ലേഡീസ് ബ്ലോക്കിന് ഗവണ്‍മെന്‍റ് അനുവദിച്ച തുക കൂടി ചേര്‍ന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും.

ഹജ്ജ് ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ മുഴുവന്‍ ഓണ്‍ലൈനാക്കുക എന്നൊരു ആശയമുണ്ട്. ഹജ്ജ് കമ്മിറ്റി യോഗം കൂടുമ്പോള്‍ ഹാജിമാര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ ഉപകാരപ്രദമായ മികച്ച സംവിധാനങ്ങളും സംരംഭങ്ങളും തുടങ്ങണമെന്ന് ആഗ്രഹിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യാറുണ്ട്. അവയും സമയ ബന്ധിതമായി നടപ്പാക്കണം. ഹജ്ജ് കമ്മിറ്റി ഓഫീസില്‍ പലപ്പോഴും ഗവണ്‍മെന്‍റ് ഡെപ്യൂട്ടേഷനിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. അവരുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. പിന്നീട് സൗകര്യംപോലെ നീട്ടുകയാണ് ചെയ്യാറുള്ളത്. സ്ഥിരം ഉദ്യോഗസ്ഥരെ വെക്കാന്‍ സര്‍ക്കാര്‍ നടപടി വന്നാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകും. ഫണ്ടില്ല എന്നതാണ് പലതിനും തടസ്സം. ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം ഗവണ്‍മെന്‍റ് അനുവദിക്കുന്ന സംഖ്യയെ അപേക്ഷിച്ച് ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കുന്നത് ചെറിയ തുകയാണ്. ദേവസ്വം ബോര്‍ഡിന് ഈ പ്രാവശ്യം 350 കോടി അനുവദിച്ചപ്പോള്‍ ഹജ്ജ് കമ്മിറ്റിക്ക് ഏഴു കോടിയാണ് കിട്ടിയത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവെങ്കിലും ഗവണ്‍മെന്‍റില്‍ നിന്ന് പൂര്‍ണമായി ലഭ്യമാക്കിയാല്‍ വലിയ ആശ്വാസമായിരിക്കും.

ജനപ്രതിനിധികളും സന്നദ്ധസംഘടനകളും വിവിധ സംഘടനാ നേതാക്കളുമെല്ലാം ഹജ്ജ് കമ്മിറ്റിയുമായി നന്നായി സഹകരിക്കുന്നുണ്ട്. ഭിന്നതകള്‍ മറന്ന് പൊതുലക്ഷ്യത്തിനായി എല്ലാവരും ഐക്യത്തോടെയും ഹൃദയപ്പൊരുത്തത്തോടെയും പ്രവര്‍ത്തിച്ചാല്‍ നമുക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്.

You May Also Like
HAJARUL ASWAD

ഹജറുൽ അസ്‌വദിന്റെ ചരിത്രം

വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ…

● അബ്ദുൽ ഹസീബ് കൂരാട്

നബിസ്‌നേഹത്തില്‍ കുതിര്‍ന്ന കുടുംബം

മക്ക ഫത്ഹിന് മുഹമ്മദുര്‍റസൂല്‍(സ്വ) ജന്മനാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ വാഹനപ്പുറത്ത് കൂടെയൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. കറുത്ത് മൂക്ക് ചപ്പിയ വിരൂപിയായൊരാള്‍.…

● ടിടിഎ ഫൈസി പൊഴുതന
hajara-sara-malayalam

തരുണികളിലെ താരങ്ങളായി ഹാജറും സാറയും

ത്യാഗത്തിന്റെ പ്രതീകമായ ഇബ്‌റാഹീം(അ)യുടെ പ്രിയതമയായിരുന്നു ബീവി സാറ(റ). അസൂയാർഹമായ സൗന്ദര്യത്തിന്റെ ഉടമയായ അവർ പ്രബോധന രംഗത്ത്…

● റഹ്മതുല്ലാഹ് സഖാഫി എളമരം