സത്യവിശ്വാസികളിലെ രണ്ടു കക്ഷികൾ കലഹിച്ചാൽ അവർക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. ഒരു കക്ഷി രണ്ടാം കക്ഷിക്കെതിരെ കടന്നുകയറുന്നതായി ബോധ്യപ്പെട്ടാൽ അക്രമികൾക്കെതിരെ നിങ്ങൾ കക്ഷിചേർന്ന് അവരെ ധർമപാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുക. തിരിച്ചുവന്നാൽ നീതിപൂർണമായി അവർക്കിടയിൽ യോജിപ്പുണ്ടാക്കുക. നിങ്ങൾ നീതി കാണിക്കുക, നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു (അൽ ഹുജുറാത്/9).

അഭിപ്രായ ഭിന്നതകളും കാഴ്ചപ്പാടുകളിലെ വൈവിധ്യവും മനുഷ്യസഹജമാണ്. മനുഷ്യന്റെ ആദ്യ കുടുംബാംഗങ്ങളിൽ സംഭവിച്ച ഭിന്നതയും അതിനെ തുടർന്നുണ്ടായ കൊലപാതകവും ഖുർആൻ ഉദ്ധരിച്ചതിൽ നിരവധി പാഠങ്ങളുണ്ട്. ഭിന്നതകൾ മനുഷ്യർക്കിടയിൽ ലോകാവസാനം വരെ പലരൂപത്തിലായി ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഖുർആൻ പഠിപ്പിക്കുന്നുണ്ട്.

നാം ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെയാകെ (ഭിന്നതയില്ലാത്ത) ഒറ്റ സമൂഹമാക്കുമായിരുന്നു. വിവിധ ചിന്താഗതിക്കാരായി അവർ ഭിന്നിച്ചുകൊണ്ടേയിരിക്കും (ഹൂദ്/118). അന്ത്യനാൾ വരെയുള്ള മനുഷ്യരുടെ സ്വഭാവമാണിതെന്ന് ഖുർആൻ. ഭിന്നിച്ചു കഴിയുന്നവരെ ഒന്നിപ്പിക്കാനിറങ്ങിയ സംഘങ്ങൾ തന്നെ ഭിന്നിച്ചുപോയതായും പോകുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ആദർശ സമൂഹമായ മുസ്‌ലിംകൾക്കിടയിലും ഭിന്നത സംഭവ്യമാണ്. മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലാണ് ഈ ഭിന്നതയെങ്കിൽ അത് ഏറെ അപകടകരവും പലപ്പോഴും മതത്തിൽ നിന്ന് പുറത്തുപോകാൻ വരെ അത് കാരണമാകുന്നതുമാണ്. എന്നാൽ മതത്തിലെ ശാഖാപരമായ കാര്യങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികവും പ്രമാണങ്ങളുടെ പരിധിയിൽ വരുന്നതുമാണ്. തിരുനബി(സ്വ) ജീവിച്ചിരിക്കെ തന്നെ തന്റെ അനുചരരും മുസ്‌ലിംസമുദായത്തിലെ ഉത്തമ വിഭാഗവുമായ സ്വഹാബികൾക്കിടയിൽ ഇത്തരം ശാഖാപരമായ കാര്യങ്ങളിൽ ഭിന്നാഭിപ്രായമുണ്ടായതും വിവരമറിഞ്ഞ പ്രവാചക തിരുമേനി(സ്വ) അതിനെ അംഗീകരിച്ച് പ്രസ്താവന നടത്തിയതും പ്രസിദ്ധമാണ്. തിരുനബി (സ്വ)യുടെ വിയോഗശേഷവും ഇത്തരം ഭിന്ന കാഴ്ചപ്പാടുകൾ ഉണ്ടായിട്ടുണ്ട്.

ശാഖാപരമായ കാര്യങ്ങളുടെ പേരിലാണെങ്കിലും ഉണ്ടായ അഭിപ്രായാന്തരങ്ങൾ പരസ്പര വിദ്വേഷത്തിനും സംഘർഷങ്ങൾക്കും കാരണമാകുന്നത് അങ്ങേയറ്റം അപലപനീയവും ഒഴിവാക്കേണ്ടതുമാണ്. ഇത്തരം സംഘർഷാവസ്ഥ സംജാതമാകുമ്പോൾ സമൂഹം സ്വീകരിക്കേണ്ട നിലപാടുകളും അവരിൽ അർപ്പിതമായിട്ടുള്ള ഉത്തരവാദിത്വവും പഠിപ്പിക്കുകയാണ് വിശുദ്ധ ഖുർആനിലെ മേൽസൂക്തം.

അൻസ്വാരികളിൽ പെട്ട രണ്ടുപേർക്കിടയിൽ ഒരു ഇടപാടിന്റെ പേരിൽ തർക്കമുത്ഭവിക്കുകയും അത് മൂർച്ഛിച്ച് കൈയാങ്കളിയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മേൽ സൂക്തം അവതരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. രണ്ട് അൻസ്വാരി കുടുംബങ്ങൾ തമ്മിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ വ്യാഖ്യാതാക്കളുമുണ്ട്. ഇത്തരം ഭിന്നിപ്പിന്റെയും ചേരിതിരിവിന്റെയും ഘട്ടങ്ങളിൽ സാമുദായിക താത്പര്യം നിലനിൽക്കുന്നവർ ഉടനെ ഇടപെട്ട് പ്രശ്‌നം രമ്യതയിലെത്തിക്കാനും അകന്ന കണ്ണികൾ വിളക്കിച്ചേർക്കാനും ശ്രമിക്കേണ്ടതാണ്. പകരം എന്തെങ്കിലും താത്കാലിക ലാഭം മുന്നിൽ കണ്ട് കക്ഷി ചേരുന്നത് സാമുദായിക ബോധമുള്ളവർക്ക് നിരക്കുന്നതല്ലെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയാണിവിടെ. ഈ വലിയ മൂല്യം കാത്തുസൂക്ഷിക്കുന്നവരായിരുന്നു നമ്മുടെ പൂർവികർ. അതിനാൽ തന്നെ നിരവധി കാര്യങ്ങളിൽ അഭിപ്രായാന്തരവും ചേരിതിരിവുമുണ്ടായിട്ടും അത് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത് കുറവായിരുന്നു. വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ യോജിപ്പിലെത്തിക്കാൻ ചിന്തിച്ചവരും ശ്രമിച്ചവരുമായിരുന്നു അവർ. ഇന്നുപക്ഷേ, ഭിന്നിച്ചുനിൽക്കുന്ന രണ്ട് വ്യക്തികൾക്കോ സംഘങ്ങൾക്കോ ഇടയിൽ മധ്യസ്ഥരായി ഇടപെടുന്നതിന് പകരം കക്ഷി ചേരാനും അതിലൂടെ ലാഭം നേടാനുമാണ് ശ്രമങ്ങൾ നടക്കുന്നത്. പൊട്ടിയ ഭാഗം തുന്നിച്ചേർക്കുന്നതിന് പകരം കോടാലിയുമായി രംഗത്തെത്തി വിടവിന്റെ വ്യാപ്തി കൂട്ടാനും നിലനിർത്താനുമാണ് ചിലർക്ക് ഉത്സാഹം.

വിയോജിക്കുകയും ഭിന്നിക്കുകയും ചെയ്യുന്ന വ്യക്തികളും കക്ഷികളിലും ഓരോരുത്തരും തങ്ങളുടെ ഭാഗമാണ് ശരിയെന്ന വിശ്വാസത്തിലായിരിക്കും. ഭിന്നിക്കുന്നതിന്റെ കാരണവും ഈ വിശ്വാസം തന്നെ. തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ ബുദ്ധിയുള്ള ഒരാളും കലഹിക്കുകയോ ഭിന്നിക്കുകയോ ഇല്ലല്ലോ. ‘രണ്ടു സത്യങ്ങൾ തമ്മിലേ ലോകത്ത് യുദ്ധമുണ്ടായിട്ടുള്ളൂ’വെന്ന ഫ്രഞ്ച് പഴമൊഴി ഇതിനോട് ചേർത്തുവായിക്കാം. വിശ്വാസികൾ തമ്മിലുള്ള കലഹത്തിലിടപെടുന്നവർ, വിശുദ്ധ ഖുർആനുൾപ്പെടെയുള്ള ഇസ്‌ലാമിക പ്രമാണങ്ങൾ ആധാരമാക്കി ഓരോ കക്ഷിക്കും തങ്ങളുടെ നിലപാടുകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി യോജിപ്പിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്.

അർഹരായവരുടെ ഇത്തരം ഗൗരവതരമായ ഇടപെടലുകൾക്ക് വഴങ്ങാത്തവർക്കെതിരെ കക്ഷി ചേരണമെന്ന് ഖുർആൻ ഈ സൂക്തത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. കക്ഷി ചേരുമ്പോഴും മാന്യമല്ലാത്ത ഇടപെടലും സമീപനങ്ങളും ഉണ്ടാവാതിരിക്കാൻ ശ്രമിക്കണം. ഇത്തരം സമീപനങ്ങൾ തന്റെ നിലപാടിൽ ഉറച്ചുനിൽക്കാനും മാറ്റത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനും കാരണമായേക്കും. മാറി നിൽക്കുന്ന കക്ഷിയെ പൊതുധാരയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരണം. ഇത്തരം ശ്രമങ്ങളിലൂടെ പൊതുധാരയിൽ തിരിച്ചെത്തിയവർ/ തിരിച്ചെത്തിച്ചവർ വളരെ മാന്യവും നീതിപൂർണവുമായ സമീപനം അർഹിക്കുന്നവരാണ്. അവർ അവഗണിക്കപ്പെടുകയോ തഴയപ്പെടുകയോ ചെയ്യരുത്. അത്തരക്കാരുടെ ഗതകാല നിലപാടുകൾ ചികഞ്ഞെടുത്ത് അവരോട് അനീതി കാണിക്കരുതെന്നും ഈ സൂക്തത്തിലൂടെ ഖുർആൻ ഓർമപ്പെടുത്തുന്നു. നീതിയോടെ കാര്യങ്ങൾ കൈയാളുന്നവർ അല്ലാഹുവിന്റെ ഇഷ്ട വിഭാഗക്കാരിൽ പെട്ടവരാണെന്നും അല്ലാഹു സാക്ഷ്യപ്പെടുത്തി.

അസീസ് സഖാഫി മമ്പാട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ