essay on TV-malayalam

ബ്രിട്ടനിലെ സ്റ്റാൻഫോർഡ് ചെയർ സർവകലാശാല നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ബ്രിട്ടീഷ് സൈക്കോളജിക്കൽ ഡവലപ്‌മെന്റിൽ അവതരിപ്പിക്കുകയുണ്ടായി. മിനിസ്‌ക്രീനിലെ ദുരന്തങ്ങൾ തുറന്നുകാട്ടുന്ന ആ പഠന റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തലുകൾ കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ആനിമേഷൻ കാർട്ടൂൺ ചാനലുകൾ കുട്ടികളെ നിയന്ത്രിക്കുന്നു എന്ന് നിരീക്ഷിക്കുന്ന പഠനം ഇത്തരം ചാനലുകൾ കുട്ടികളെ വായനയിൽനിന്നും നിർമാണാത്മകമായ ചിന്തയിൽനിന്നും വഴിതെറ്റിക്കുന്നു എന്ന് കണ്ടെത്തുന്നു. വായിക്കാൻ മടിയുള്ള ഡിസ്‌ലെക്‌സിയ ബാധിച്ച കുട്ടികളെ വളർത്തുകയാണ് ടി.വി.കൾ. ഭാവനാശേഷി നഷ്ടപ്പെടുത്തുന്നതിൽ ടെലിവിഷൻ മാധ്യമങ്ങളും സ്മാർട്ട് ഫോണുകളും വലിയ പങ്ക് വഹിക്കുന്നതായി എജുക്കേഷൻ റിസർച്ച് ഫൗണ്ടേഷനും ആഴ്ചയിൽ ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും കുട്ടികൾ വായിച്ചിരിക്കണമെന്നും വായിക്കാത്തവർക്ക് ചിന്താശേഷി കുറയുമെന്നും വായനാശീലം ആയുസ്സ് വർദ്ധിപ്പിക്കുമെന്നും സോഷ്യൽസയൻസ് ആൻഡ് മെഡിസിൻ ജേർണലും പറയുന്നു.

നിരന്തരം ടെലിവിഷൻ ഉപയോഗിക്കുന്നവരിൽ വായനക്ഷമത കുറവാണെന്നാണ് മെഡിസിൻ ജേർണൽ ഇല്ലുനോയിസ് സർവ്വകലാശാലയിലെ ഒരുപഠനം. കുട്ടികൾക്ക് കൂട്ടുകാരെ നിർണ്ണയിക്കുന്നതിൽ ടെലിവിഷൻ വലിയ പങ്ക് വഹിക്കുന്നുണ്ട്. നൂറ്റിപ്പതിനാല് കുട്ടികളെ മുപ്പത്തി അഞ്ച് മാസം നിരീക്ഷണം നടത്തിയാണ് കുട്ടികളുടെ കൂട്ടുകെട്ടിൽ ടെലിവിഷനും വ്യക്തമായി ഇടപെടുന്നുവെന്ന് സർവ്വകലാശാല കണ്ടെത്തിയത്. കുട്ടികളുടെ കൂട്ടുകെട്ടിൽ ടെലിവിഷൻ മാത്രമല്ല, മാതാപിതാക്കൾക്കും വലിയ സ്വാധീനമുണ്ടത്രെ. മാതാപിതാക്കളുടെ പരസ്പര സ്‌നേഹം അനുസരിച്ചായിരിക്കും കുട്ടിയുടെ കൂട്ടുകാരോടുള്ള സ്‌നേഹവും ടെലിസ്‌ക്രീനിലെ ചിത്രം കുട്ടികളെ കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിലും അവരോട് പെരുമാറുന്നതിലും വലിയ പങ്ക് വഹുക്കുന്നുണ്ട് എന്ന് ചുരുക്കം.

കുട്ടികളുടെ ജീവിതത്തെ നിർണ്ണയിക്കാനും നിയന്ത്രിക്കാനും കഴിവുള്ള മാധ്യമമാണ് ടെലിവിഷനുകൾ. ഒരുകാലത്ത് ഒരു ആഢംബര വസ്തു മാത്രമായിരുന്ന ടി.വി. ഇന്ന് ആവശ്യവസ്തുവായി മാറിയിരിക്കുന്നു. തിയ്യേറ്ററിൽ മാത്രമായിരുന്ന സിനിമകൾ ഓരോ വീട്ടിലും എത്തിയത് ടി.വി.യുടെ കടന്നുവരവോടെയാണ്. അങ്ങനെ വീടുകളും മിനി തിയേറ്ററുകളായി പരിണമിച്ചു. കമൽ സ്വരൂപ് ഒരിക്കൽ പറയുകയുണ്ടായി. ടി.വിയുടെ വരവോടെ വെള്ളിത്തിര പൊട്ടിത്തെറിച്ചു. അത് ഓരോ വീട്ടിലും ചെറുതരികളായി പതിച്ചു. വീടുകളിൽ സിനിമയും സീരിയലും നിറഞ്ഞാടുകയും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും നഷ്ടമാവുകയും ചെയ്യുകയായിരുന്നു ഇതിന്റെ പരിണതി. ആവശ്യത്തിന് ഭക്ഷണം പാകം ചെയ്യാനും അത് കഴിക്കാനും  ടി.വി.യുടെ മുമ്പിൽ നാളുകൾ നീക്കിയ മലയാളി മറന്നുപോയി. പടിഞ്ഞാറിന്റെ ടെലി കുതന്ത്രങ്ങളിൽ നിന്ന് പതിയെ മലയാളി ഉണർന്നുവെങ്കിലും പൂർണ്ണമായും സിനിമ സീരിയലുകളുടെ കരവലയത്തിൽനിന്ന് മലയാളികൾ മുക്തിനേടിയിട്ടില്ല എന്നതാണ് വാസ്തവം.

ടി.വി. ചാനലുകളുടെ പ്രധാന ഉപഭോക്താക്കൾ സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകളിൽനിന്ന് ചാനലുകൾ കുട്ടികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകളെക്കാളേറെ കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള എപ്പിസോഡുകളാണ് ആധുനിക ചാനലുകളുടേത്. കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പൊതുചാനലുകൡല പ്രോഗ്രാമുകൾക്കു പുറമേ കുട്ടികൾക്ക് മാത്രമായി നൂറുകണക്കിന് ചാനലുകളാണ് രംഗത്തുള്ളത്.

എത്ര കളിച്ചിട്ടും മതിവരാതെ ഇരുട്ടിനെ കുറ്റം പറഞ്ഞ് കളിമുറ്റത്ത് നിന്ന് കണ്ണീരോടെ മടങ്ങിയിരുന്ന കുട്ടിക്കാലമാണ് നമുക്കുണ്ടായിരുന്നത്. ക്രിക്കറ്റും ഫുട്‌ബോളും മാത്രമായിരുന്നില്ല അന്നത്തെ കളികൾ. സാറ്റും കൈപ്പന്തും തലപ്പന്തും കുട്ടിയും കോലും കള്ളനും പോലീസും ഗോലിയും ഷട്ടിലും വോളിബോളുമെല്ലാം നമ്മുടെ കളികളായിരുന്നു.

കൂട്ടുകാരോടൊപ്പം ആർത്തുല്ലസിച്ചുകൊണ്ടുള്ള ഇത്തരം കളിയോർമകൾ ഗൃഹാതുരത്വം മാത്രമായി ഇന്ന് നിലനിൽക്കുന്നു. ടെലിവിഷൻ കാർട്ടൂൺ ചാനലുകളിൽ മതിമറന്ന ഇന്നത്തെ കുട്ടികൾ കമ്പ്യൂട്ടർ ഗെയിമുകളിൽ അഭിരമിക്കുകയാണ്. വൈകുന്നേരം പുറത്തിറങ്ങി കളിക്കണമെന്ന് കൊതിക്കുന്ന കുട്ടികൾക്ക് റിമോട്ടു നൽകി വീട്ടിൽ അടക്കിയിരുത്തുന്ന രക്ഷിതാക്കളുടെ മനോഭാവമാണ് ഏറ്റവും ദുഃഖകരം. കുട്ടികൾ കരയുമ്പോൾ കരച്ചിൽ നിർത്താനുള്ള ഏറ്റവും എളുപ്പമേറിയ വഴിയാണ് റിമോട്ടുകൾ. കളിക്കോപ്പുകൾ, കളിപ്പാവകൾ എന്നിവയിൽ നിന്നും കുട്ടികൾ തന്നെ വഴിമാറിയിരിക്കുന്നു. കുട്ടികളുടെ മനസ്സിൽ പുതിയ ദൃശ്യസംസ്‌കാരം കെട്ടിപ്പടുക്കുന്നതിൽ ടെലിവിഷൻ നെറ്റ് വർക്കുകൾ വിജയിച്ചിരിക്കുന്നു.

കലകൾക്കും ആരോഗ്യത്തിനും ഭീഷണിയാണ് ടെലിവിഷൻ എന്ന് പറഞ്ഞത് ലോക പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ മാർക്കോ വെല്ലോക്കെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മാനുഷിക മുഖമുള്ള കലകൾ ടി.വി.യിലെ അർത്ഥശൂന്യമായ കോമഡി സീനുകൾ കാരണമായി നശിക്കുന്നുവെന്നാണ്. ജനകീയമായിക്കൊണ്ടിരിക്കുന്ന വിനോദപരിപാടികൾ കലകളെയും മൂല്യങ്ങളെയും ഉച്ഛാടനം ചെയ്യുകയും തൽസ്ഥാനത്തേക്ക്, പുതിയ കലാസംസ്‌കാരം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. കാഴ്ചയുടെ നിയമങ്ങൾ തെറ്റിച്ചുകൊണ്ട് രംഗത്ത് വരുന്ന ഇത്തരം മിനിസ്‌ക്രീൻ ചിത്രങ്ങൾ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് കുട്ടികളെയാണ്. കുട്ടികളെ ചിരിക്കാൻ പഠിപ്പിച്ചത് ചാനലുകളാണെന്ന് ഒരു ചാനൽ മാഗസിൻ. വീട്ടിൽ കോമഡി സീൻ കണ്ടിട്ട് രംഗം മറന്ന് ചിരിക്കുന്ന കുട്ടികളെ കണ്ട് അടുക്കളയിൽ നിന്ന് മാതാവ് സന്തോഷിക്കുന്ന രംഗങ്ങൾ സാധാരണയാണ്. സത്യത്തിൽ ഈ ചിരി ഒരു നല്ല സൂചനയാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. കുട്ടികളുടെ പൊട്ടിച്ചിരിയുടെ പിന്നിൽ വലിയ ദുരന്തങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.

ദൃശ്യമാധ്യമ രംഗത്ത് ടി.വി.യുടെ കണ്ടെത്തലുകൾക്ക് ശേഷം ചാനലുകൾ സജീവമായതോടെ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. എന്നാൽ ആനിമേഷൻ – ഗ്രാഫിക് ഡിസൈനിന്റെ വരവോടെ തുല്യതയില്ലാത്ത വിപ്ലവമാണ് ഈ രംഗത്ത് അരങ്ങേറിയത്. ഡിജിറ്റൽ ദൃശ്യങ്ങൾ കൊണ്ടുള്ള ചിത്രീകരണങ്ങൾ കുട്ടികളുടെ മനസ്സിൽ പുതിയ ഫ്രെയിമുകൾ സമ്മാനിക്കുകയാണ് ചെയ്യുന്നത്. ഭാവന ചെയ്യാനും ചിന്തിക്കാനും കഴിയാത്ത കാര്യങ്ങൾപോലും ചിത്രീകരിക്കാൻ കഴിയുന്ന ഇത്തരം കാർട്ടൂൺ, ഗ്രാഫിക്‌സ് ചിത്രങ്ങൾ ഭാവനാശേഷിയെ കുഴിച്ചുമൂടുന്നു.

കുട്ടികളുടെ ആർപ്പുവിളികൾ കൊണ്ടും ഉല്ലാസങ്ങൾകൊണ്ടും തിമിർപ്പുകൾകൊണ്ടും ഉല്ലാസപൂർണ്ണമായിരുന്ന നമ്മുടെ വീട്ടുമുറ്റങ്ങൾ ശൂന്യമായത് കുട്ടികളെ കൂടി രസിപ്പിക്കുന്ന ഇത്തരം കൊച്ചുടിവി മോഡൽ ചാനലുകളുടെ കടന്നുവരവോടെയാണ്. ഗ്രാഫിക് ഡിസൈൻ കൊണ്ട് വർണശബളമായ അമാനുഷിക കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രങ്ങൾക്ക് മുമ്പിൽ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ് നമ്മുടെ കുട്ടികൾ. കുട്ടികളുടെ നായകന്മാർ. കമ്പ്യൂട്ടർ നിർമ്മിതമായ ഇത്തരം കഥാപാത്രങ്ങൾക്ക് പിന്നാലെയാണ് അവർ.

കുട്ടികൾക്ക് വേണ്ടിയുള്ള ചാനലുകളുടെ നീണ്ട നിരയുണ്ട് നമ്മുടെ ടെലിവിഷൻ നെറ്റുവർക്കുകളിൽ. അവരെ കുടുകുടാചിരിപ്പിക്കുകയും സാങ്കൽപിക ലോകത്തേക്ക് എത്തിക്കുകയും ചെയ്യുന്ന ചാനലുകൾ. ലഭ്യമായ സാങ്കേതിക സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ടെലിവിഷൻ ചാനലുകൾ മുന്നേറുമ്പോൾ നശിക്കുന്നത് മക്കളുടെ ഭാവിയാണെന്ന് മറക്കരുത്. ശിശു കേന്ദ്രീകൃതമായ ചാനൽ വ്യവസായമാണ് പൊടിപൊടിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ചാനലുകളിൽ പ്രധാനപ്പെട്ടവയാണ് ഡിസ്‌കവറി, ടോം ആൻഡ് ജെറി, ചോട്ടാഭീം, കിഡ്‌സ്, ഡിസ്‌നി എക്‌സ്, ഡിസ്‌നി ജൂനിയർ, കലൈഞ്ചര് ചിത്തിരം, ഖുഷി ടിവി, ചൂടി ടിവി, റാ ജൂനിയർ, കൊച്ചു ടിവി, നിക് ജൂനിയർ, നിക് ജൂനിയർ ഇന്ത്യ, ആനിമിക്‌സ്, കാർട്ടൂൺ നെറ്റ് വർക്ക്, പോഗോ എന്നീ ചാനലുകൾ. മുതിർന്ന പലരും കേട്ടിട്ടുപോലുമില്ലാത്ത ഈ ചാനലുകളെയെല്ലാം കുട്ടികൾക്ക് സുപരിചിതമാണ്. ഇത്തരം ചാനലുകളുടെ ഉയർന്ന റേറ്റിംഗ് സൂചിപ്പിക്കുന്നത് കുട്ടികളുടെ ടിവി ഉപയോഗമാണ്. ഇത്തരം ചാനലുകൾ പരസ്യത്തിന് ഈടാക്കുന്നത് ഉയർന്ന റേറ്റാണ്. ചിന്തകൾക്ക് പ്രാധാന്യം നൽകാത്ത കുട്ടിപ്പരിപാടികൾക്കിടയിൽ പരസ്യം നൽകാൻ വൻ കമ്പനികൾ മത്സരിക്കുകയാണ്. നിലവാരം വിട്ട് നിലനിൽപ്പ് മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കുട്ടിച്ചാനലുകൾ പഠനത്തിന് ഉപകരിക്കുന്ന എപ്പിസോഡുകൾക്ക് മുൻഗണന നൽകാൻ തയ്യാറാകുന്നില്ല. ചാനലുകൾക്ക് തങ്ങളുടെ കമ്പോളം വിജയിപ്പിച്ചെടുക്കാനുള്ള ഒരു ഉപാധി മാത്രമാണ് കുട്ടികൾ.

ഇത്തരം ചാനലുകൾ നൽകുന്ന സന്ദേശങ്ങളും കുട്ടികളുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്ന് വ്യക്തമാണല്ലോ. ആനിമേഷൻ സൗകര്യങ്ങൾ കൊണ്ട് നിർമിച്ചുണ്ടാക്കിയ അമാനുഷികരായ കഥാപാത്രങ്ങൾ കുട്ടികളുടെ മസ്തിഷ്‌കത്തെ പ്രചോദിപ്പിക്കുന്നു. ഈ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. കുങ്ഫു പാണ്ട, ബാംബു ബോയ്‌സ്, മൗഗ്ലി, പോപ്പോയി, സൊണാൾഡക്, സൂപ്പർമാൻ, ഫാന്റം, സ്‌പൈഡർമാൻ, ശക്തിമാൻ, അയൺമാൻ, പിങ്ക് പാന്തർ, ഷേർഖാൻ, റൺസിംഗറൂൺ, സ്റ്റുവർട്ട് ലിറ്റിൽ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം കുട്ടികളുടെ സ്വന്തക്കാരാണ്. സ്‌കൂളിൽ പുതുതായി ചാർജ്ജെടുത്ത അധ്യാപകനെ ഒരു കുട്ടി ഒരു ചാനലിലെ തടിയൻ കഥാപാത്രത്തോട് ഉപമിച്ച് പരിഹസിച്ച സംഭവം നമുക്ക് ചിരിച്ച് തള്ളാനാവില്ല.

ഒരുകാലത്ത് കാട്ടിലെ മൃഗങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ അധ്യാപകർക്ക് ഏറെ പ്രയാസമായിരുന്നു. എന്നാൽ ഇന്ന് കഥമാറി. കുട്ടികൾ അധ്യാപകർക്ക് മുമ്പേ കാര്യങ്ങൾ മനസ്സിലാക്കുകയാണ്. ചാനലിലെ കഥാപാത്രങ്ങളും ചിത്രങ്ങളും സൂചിപ്പിച്ചാൽ പിന്നെ പഠനത്തിന്റെ ആവശ്യമില്ലെന്നായി. പക്ഷേ, ഈ ടിവി കേന്ദ്രീകൃത പഠനങ്ങൾ കുട്ടികളുടെ ഭാവനാശേഷിയെ നശിപ്പിക്കുകയാണ്. ടിവി ചാനലുകൾ നിരന്തരം കാണുന്ന കുട്ടികൾക്കിടയിൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് കുട്ടികൾ എഴുതാൻ മടിയുള്ളവരായി മാറുന്നുവെന്നാണ്. എഴുത്തിനോടും വായനയോടും മടിയുള്ള കുട്ടികളെയാണ് ഈ ചാനലുകൾ സൃഷ്ടിക്കുന്നത്. കയ്യക്ഷരം മോശമായ നൂറ് കുട്ടികളിൽ എഴുപത്താറ് ശതമാനം പേരും ടി.വി.യുടെ അടിമകളാണ് എന്നാണ് കണക്കുകൾ.

ആന്ദ്രെ ബസിൽ എന്ന ഫ്രഞ്ച് നിരൂപകൻ എഴുതിയ ‘ഛായാഗ്രഹണം ചെയ്യപ്പെട്ട വശ്യത്തിന്റെ ഭാവശാസ്ത്രം’ എന്ന പ്രബന്ധം ഏറെ പ്രസിദ്ധമാണ്. ആധുനിക ഫോട്ടോഗ്രാഫിയും ആനിമേഷൻ ചിത്രങ്ങളും കുട്ടികളുടെ പഠനത്തെയും ജീവിതത്തെയും ഉയർന്ന തോതിൽ ബാധിക്കുമെന്നും ചിത്രീകരണ രംഗത്തുണ്ടായ വൻ മാറ്റങ്ങൾ ഒരു വെല്ലുവിളിയാണെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷണമൊത്ത സിനിമ ചിത്രീകരിക്കണമെങ്കിൽ കോടികൾ ആവശ്യമാണ്. എന്നാൽ ഒരു കാർട്ടൂൺ പ്രോഗ്രാം, ആനിമേഷൻ ചിത്രം തയ്യാറാക്കാൻ ഒരു നല്ല കമ്പ്യൂട്ടർ മാത്രം മതി. അതുകൊണ്ട് തന്നെ കൂടുതൽ മുതൽ മുടക്കില്ലാത്ത ആ ഏർപ്പാടാണ് കുട്ടികൾക്കുള്ള ചാനൽ എപ്പിസോഡുകൾ. ഒരു കമ്പ്യൂട്ടർകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഇത്തരം ചിത്രങ്ങൾക്കുള്ള നിലവാരത്തെക്കുറിച്ചോ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. ഒരു ഡിസൈനർക്ക് തോന്നുന്ന ഏത് രൂപത്തിലും കഥാപാത്രങ്ങൾ നിർമിക്കാം. കണ്ട് മറക്കാൻ സാധ്യതയില്ലാത്ത ആനിമേറ്റ്ഡ് കഥാപാത്രങ്ങളും രസികൻ ചിത്രങ്ങളും സാഹസിക ചിത്രീകരണങ്ങളും കുട്ടികളുടെ ബുദ്ധിയെ നശിപ്പിക്കുന്നവയാണ്. ഇത്തരം കാർട്ടൂൺ ചിത്രങ്ങൾക്ക് മുന്നിലേക്ക് തള്ളിയിട്ട് കുട്ടികളെ നശിപ്പിക്കരുത്.

മലയാളത്തിലെ കുട്ടികളുടെ ചാനലായ കൊച്ചുടിവി മറ്റു ചാനലുകളേക്കാൾ ഒരുപടി മുന്നിലാണ്. കൊച്ചുടിവിയിലെ ദോസ്ത് ബഡാ ദോസ്ത്, ജാക്കിചാൻ, ഡിറ്റക്ടീവ് രാജപ്പൻ, പിങ്ക് പാന്തർ, ചിക്കൻ അച്ചാ, ലിറ്റിൽ കൃഷ്ണ, വില്ലാളി വീരേന്ദ്രൻ എന്നീ കഥാപാത്രങ്ങൾ ആനിമേഷൻ വിപ്ലവത്തിന്റെ സൃഷ്ടികളാണ്. ഈ കഥാപാത്രങ്ങൾ ഒന്നുംതന്നെ മാനവിക പുരോഗതിയോ വൈജ്ഞാനിക മുന്നേറ്റമോ ലക്ഷ്യമാക്കിയുള്ളതല്ല. മറിച്ച് പാശ്ചാത്യൻ ആശയത്തിൽ കേന്ദ്രീകൃതമായ രസികൻ കോമഡി ചിത്രങ്ങളും സാഹസിക ചിത്രങ്ങളുമാണ്.

സ്‌ഫോടനാത്മകമായ വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചാനൽ നെറ്റ്‌വർക്കുകളും മുന്നേറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും കൂടെ നിർത്താൻ തങ്ങൾക്കാവുന്ന വഴികളെല്ലാം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ് ചാനലുകൾ. കുട്ടികളെ കൂടെ നിർത്താനാവശ്യമായ ചേരുവകൾ കലർത്തി കുട്ടി ചാനലുകൾ പണം വാരിക്കൊണ്ടിരിക്കുന്നു. കുട്ടികളെ കൂടെ കൂട്ടിയാൽ മാത്രമേ ചാനലുകൾക്ക് നിലനിൽപ്പുള്ളൂ എന്നതാണ് സത്യം. കുട്ടികളുടെ മനസ്സിൽ സ്ഥാപനം പിടിക്കുക എളുപ്പമായതിനാലും ഇളംപ്രായത്തിൽ തന്നെ ടെലിവിഷൻ പ്രേമം കുത്തിക്കയറ്റൽ നിലനിൽപ്പിന് ആവശ്യമായതിനാലുമാണ്  കുട്ടികളിലേക്ക് തിരിയുന്നത്. ഇത്തരം ശ്രമങ്ങൾ ചാനൽ മുതലാളിമാർ തുടർന്നുകൊണ്ടിരിക്കും.

ചില ചാനലുകൾ വിജ്ഞാനപ്രദമായ പ്രോഗ്രാമുകളുമായി രംഗത്തുണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല. ചുരുക്കം ചില ഗുണപാഠങ്ങളും ജനറൽ നോളജ് പ്രോത്സാഹിപ്പിക്കുന്ന പരിപാടികളുമായി ഏതാനും ചാനലുകൾ ഉണ്ടെങ്കിലും അത് ആരും മുഖവിലക്കെടുക്കുന്നില്ല എന്നതാണ് വാസ്തവം. ലാറ്റിനമേരിക്കയിലും യൂറോപ്പിലും കുട്ടികൾക്കുവേണ്ടിയുള്ള ചാനലുകൾ അധികവും വിജ്ഞാനപ്രദമാക്കി മാറ്റാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളാണ് നമ്മുടെ നാട്ടിലും ഇനി വേണ്ടത്. കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ പുരോഗതികൾക്കായി ചാനലുകൾ ഉപയോഗിക്കുവാൻ തയ്യാറായാൽ നമുക്കിടയിൽ ഒരുപാട് ശാസ്ത്രജ്ഞർ ജനിക്കുമെന്നതിൽ സംശയമില്ല. ചെറുപ്രായത്തിൽ തന്നെ രസികചിത്രങ്ങൾ കണ്ട് മരവിച്ച മനസ്സുകളിൽ നിന്ന് നമുക്ക് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. വീണ്ടുവിചാരം അനിവാര്യമാണെന്ന് ചുരുക്കം. കാർട്ടൂൺ ഫിലിമുകൾ കുട്ടികളെ ചിരിപ്പിച്ച് കൊല്ലുകയാണെന്ന സർവ്വേ റിപ്പോർട്ടുകൾ തള്ളിക്കളയാൻ ഇനിയും നമുക്ക് കഴിയുമോ?

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ