Kerala Lahari - Malayalam

പ്രബുദ്ധ കേരളമെന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ള കൊച്ചു സംസ്ഥാനമാണ് നമ്മുടേത്. വലിപ്പംകൊണ്ട് ചെറുതാണെങ്കിലും മറ്റു സംസ്ഥാനങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നവിധം പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും നാം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാനവ വികസന സൂചികയിലും നാം മുന്നാക്കത്തിലാണ്. എന്നാൽ നമ്മുടെ സാമ്പത്തിക വളർച്ചയെയും പൊതുജനാരോഗ്യത്തെയും സാമൂഹിക സുസ്ഥിതിയെയുമെല്ലാം ഗുരുതരമായി ബാധിക്കുന്ന തരത്തിൽ പ്രധാന വെല്ലുവിളിയായി ലഹരി മാറിയിരിക്കുകയാണിപ്പോൾ.

ഒരു തലമുറയുടെ ഭാവി തന്നെ നശിപ്പിക്കുന്നവിധം കള്ളും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കേരളത്തിൽ വർധിച്ചുവരികയാണ്. കഞ്ചാവിനും മയക്കുമരുന്നിനും വേണ്ടി പണം കണ്ടെത്താനായി കുട്ടികൾ മോഷ്ടാക്കളാകുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. പഠനത്തിലും വ്യക്തിജീവിതത്തിലുമുണ്ടാകുന്ന സമ്മർദങ്ങൾക്ക് പരിഹാരമെന്ന തെറ്റായ ധാരണകൊണ്ടും കൗമാര സഹജമായ ചാപല്യങ്ങളാലും അതിലേറെ അധാർമികളുമായുള്ള കൂട്ടുകെട്ടുകൊണ്ടുമൊക്കെയാണ് കുട്ടികൾ ലഹരിയുപയോഗത്തിലേക്ക് നീങ്ങുന്നത്.

ഒറ്റപ്പെട്ട ശബ്ദങ്ങൾക്കൊന്നും പിടിച്ചുകെട്ടാനാവാത്തവിധം സംസ്ഥാനത്ത് ലഹരി അധോലോക സംഘം പിടിമുറുക്കിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഹരിയുടെ ഉന്മത്തതയിൽ ഭ്രമിച്ചുപോയ പുതുതലമുറയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുമ്പോൾ സമൂഹത്തിൽ വേരൂന്നിയ ഭീതിയുടെ കരാള ഹസ്തങ്ങൾക്ക് ബലമേറിയിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ. നവതലമുറയെ നാം എത്രത്തോളം സൂക്ഷ്മതയോടെ വളർത്തുന്നുവോ അതിനും മീതെ ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ച് അവരെ ലഹരിയുടെ വക്താക്കളായി വാർത്തെടുക്കുകയാണ് ഇത്തരം ലോബികൾ.

ലഹരി വസ്തുക്കളിൽ കഞ്ചാവാണ് യുവാക്കൾക്കിടയിൽ ഏറെ പ്രിയം. മറ്റു വിദേശ മയക്കുമരുന്നുകളെ അപേക്ഷിച്ച് വിലക്കുറവും നാട്ടിൽ സുലഭമായതുമാണ് അതിനു കാരണം. ഈയിടെ കാസർകോട് ജില്ലയിലെ പാലക്കുന്ന് എന്ന പ്രദേശത്ത് കഞ്ചാവു സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിനെ തുടർന്ന് രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ലഹരി മാഫിയകളുടെ അധോലോക പ്രവർത്തനങ്ങൾ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നാണ് ഇത്തരം സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.

മിഠായികളിൽ ലഹരി ചേർത്ത് ആദ്യം സൗജന്യമായും പിന്നീട് പണം വാങ്ങിയും നൽകി വിദ്യാർത്ഥികളെ ലഹരിയുടെ ലോകത്തേക്ക് ആനയിക്കുകയാണ് അവരുടെ തന്ത്രം. പിന്നെ ലഹരി ചേർത്ത സിഗിരറ്റുകൾ നൽകും. ക്രമേണ കഞ്ചാവിന്റെ വലയിലെത്തിക്കുന്നു. കഞ്ചാവ് ലോബി പലപ്പോഴും നിയമപാലകരേക്കാൾ സായുധരാണെന്നതും ഭൂമിയിൽ തങ്ങൾക്കു വിലങ്ങുതടിയാകുന്നവരെ ഉന്മൂലനം ചെയ്യാൻ വരെ ധൈര്യം കാണിക്കുന്നുവെന്നതും ഭീതിയോടെ വിലയിരുത്തേണ്ടതാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് കാഞ്ഞങ്ങാട് ചെമ്പരിക്കക്കടുത്ത് ഒരു പതിനഞ്ചുകാരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയുണ്ടായി. വസ്ത്രം വാങ്ങാനിറങ്ങിയ വിദ്യാർത്ഥിയെ അഞ്ചു ദിവസത്തിനു ശേഷമാണ് റെയിൽവേ പാളത്തിനു സമീപം മരിച്ച നിലയിൽ കാണുന്നത്. അഴുകിയ മൃതദേഹം പുല്ലുകൊണ്ട് മൂടിവച്ച നിലയിലായിരുന്നു. തീവണ്ടി തട്ടിയ പരിക്കുകളൊന്നും ദേഹത്തില്ലതാനും. കുട്ടിയുടെ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വിൽപനക്ക് പരിശീലനം ലഭിച്ച കാരിയർമാരാണ് അവരെന്നും കൊല്ലപ്പെട്ട വിദ്യാർത്ഥിയെ കഞ്ചാവു സംഘത്തിൽ ചേർക്കാൻ ആവുംവിധം ശ്രമിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും പ്രതികൾ തുറന്നു പറഞ്ഞത്.

കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് മലബാർ ജില്ലകളിലേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കൂടുതലും എത്തുന്നത്. ഇതിനുവേണ്ടി എന്തിനും തയ്യാറായ വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുമുണ്ട്. റെയിൽവേ പോലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും കണ്ണുവെട്ടിച്ച് ട്രയിനുകളിൽ കടത്തുന്ന ലഹരിയുൽപന്നങ്ങൾ വ്യത്യസ്ത ജില്ലകളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിതരണം നടത്താൻ പരിശീലനം ലഭിച്ച കരിയർമാർ ധാരാളമുണ്ടെന്നാണ് അന്വേഷണ വിദഗ്ധർക്ക് മനസ്സിലായത്.

കൊച്ചിയിൽ നിന്ന് 200 കോടി രൂപ വിലയുള്ള ന്യൂജൻ ലഹരി മരുന്നായ മെത്തലീൻ ഡയോക്ലി മെത്താഫിറ്റമൈൻ എക്‌സൈസ് പിടികൂടിയത് പുതുവത്സരത്തിനു ദിവസങ്ങൾക്കു മുമ്പാണ്. നഗരത്തിലെ കൊറിയർ സർവീസ് മുഖേനയാണ് ലഹരി കടത്താനുള്ള ശ്രമം നടത്തിയത്. പരിശോധനയിൽ കണ്ടെത്താതിരിക്കാൻ വേണ്ടി കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു കടത്ത്.

ലഹരിമരുന്ന് നിർമാണത്തിനും ഉപയോഗത്തിനും മറ്റു പല കുറുക്കുവഴികളും സ്വീകരിക്കുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ വിൽപന നടത്താൻ പാടില്ലെന്ന് കർശന നിർദേശമുള്ള ചില അലോപ്പതി മരുന്നുകൾ കൈക്കലാക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. മാനസിക രോഗികൾക്ക് നൽകുന്ന നിട്രാസെപാം, എംഡിഎംഎ തുടങ്ങിയ മരുന്നുകൾ കുറിപ്പടിയില്ലാതെ നൽകുന്നത് കടുത്ത കുറ്റമാണ്. ആതുരാലയങ്ങളിൽ ചികിത്സക്കു വന്ന് ഒ.പി കൗണ്ടറിൽ രജിസ്റ്റർ ചെയ്ത് പരിശോധനാ ശീട്ട് കൈവശപ്പെടുത്തിയ ശേഷം പരിശോധനക്ക് ഹാജരാകാതെ ആവശ്യമായ ലഹരിമരുന്നുകളുടെ പേര് സ്വയം കുറിച്ച് മരുന്നുകൾ കൈക്കലാക്കുന്നുവെന്ന റിപ്പോർട്ട് കേരളത്തെ ആപാദചൂഢം ബാധിച്ച ലഹരി അടിമത്തമാണ് സൂചിപ്പിക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് യഥേഷ്ടം മയക്കുമരുന്നുകൾ തലസ്ഥാനത്തേക്കയക്കുന്ന വൻ ശൃംഖലകളും നിലവിലുണ്ട്. കഞ്ചാവിനു പുറമെ ഉന്മാദത്തിനു വേണ്ടി നാവിലൊട്ടിക്കുന്ന എൽഎസ്ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, മയക്കു ഗുളികകൾ, ലഹരിക്കഷായങ്ങൾ എന്നിവയെല്ലാം തലസ്ഥാന നഗരിയിൽ സുലഭമാണ്. ലഹരി വ്യാപാരത്തിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള മാർക്കറ്റ് കൂടിയാണ് തിരുവനന്തപുരം. 200 രൂപ മുതലുള്ള ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽക്കുന്നവർ മുതൽ വൻകിട വിതരണ ശൃംഖല വരെ തലസ്ഥാനത്ത് സജീവമാണ്. ബംഗളൂരുവിൽ നിന്നാണത്രെ ഇവിടേക്ക് പ്രധാനമായും ലഹരി വസ്തുക്കളെത്തുന്നത്. വോൾവോ ബസുകളും ട്രയിനുകളുമാണ് അവരിതിനായി ഉപയോഗപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ മെത്ത്ട്രാക്‌സ് എന്നും യൂറോപ്യൻ രാജ്യങ്ങളിൽ മാൻട്രാക്‌സ് എന്നും അറിയപ്പെടുന്ന മയക്കുമരുന്നാണ് നിയമപാലകർ ഇവിടുന്ന് പിടിച്ചെടുത്തത്. 5 മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നൽകുകയും ഒരിക്കൽ ഉപയോഗിച്ചാൽ ജീവിതാന്തം അതിനടിമയാവുകയും ചെയ്യുന്ന ഈ ലഹരി വസ്തു ലോകം മുഴുവൻ നിരോധിക്കപ്പെട്ട അപകടകാരിയായ മയക്കുമരുന്നാണ്.

അറബിക്കടലിന്റെ റാണിയും അതിദ്രുതം വളരുന്ന മെട്രോ നഗരവുമായ കൊച്ചി മയക്കുമരുന്നിന്റെ വളർച്ചയിലും മുന്നിൽ തന്നെയാണ്. മയക്കുമരുന്നിന്റെ മായാലോകത്തേക്ക് വാതിലുകൾ തുറന്നുവച്ചു കാത്തിരിക്കുകയാണ് കൊച്ചി. കര വഴിയും കടൽ വഴിയും ആകാശ മാർഗേണയും വൻതോതിൽ മയക്കുമരുന്നുകൾ കൊച്ചിയിൽ വന്നിറങ്ങുന്നു. പുതുസംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും ഉയർന്നുവരുന്ന ഈ നഗരം മയക്കുമരുന്ന് മാഫിയക്ക് വളക്കൂറുള്ള മണ്ണാണ്. മുന്തിയ തരം ലഹരികളായ നൈട്രോസോൺ ഗുളികകൾ, ഫെനഗ്രാൻ ആംപ്യൂളുകൾ, മരിഹ്വാന, ഹെറോയിൻ തുടങ്ങിയവയാണ് മെട്രോ നഗരത്തിൽ വ്യാപകമായ മയക്കുമരുന്നുകൾ.

ആരോഗ്യ പ്രശ്‌നങ്ങൾ

മനുഷ്യജീവിതങ്ങളെ കാർന്നുതിന്നുന്ന വിഷങ്ങളാണ് മദ്യവും മയക്കുമരുന്നുകളും. ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇവ കാരണമായിത്തീരും. മദ്യപാനം നാഡീ കോശത്തെ തളർത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ഓർമ ശക്തി, സ്വഭാവം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. മദ്യോപയോഗം അണുബാധ ചെറുക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവിനെ നശിപ്പിക്കുകയും രക്തം പമ്പു ചെയ്യാനുള്ള ഹൃദയ പേശികളുടെ ശേഷി തകരാറിലാക്കുകയും ചെയ്യും. അമിത മദ്യപാനം ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ അസുഖങ്ങൾക്കും പഞ്ചേന്ദ്രിയളുടെ പ്രവർത്തനങ്ങൾ കുഴപ്പത്തിലാക്കാനും കാരണമാകുന്നു. കാത്സ്യത്തെ ആഗിരണം ചെയ്യാനുള്ള എല്ലുകളുടെയും പേശികളുടെയും കഴിവിനെ തടസ്സപ്പെടുത്തുകയും ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതിനും തുടർന്ന് രോഗാണുബാധയുണ്ടാക്കുന്നതിനും മദ്യം കാരണമാകുന്നു.

കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന പലതരം മയക്കുമരുന്നുകൾ പുകയായി ശ്വസിക്കുമ്പോൾ വിഷ വസ്തുക്കൾ ശ്വാസനാളിയിലൂടെ രക്തത്തിലേക്ക് ദ്രുതഗതിയിൽ ആഗിരണം ചെയ്യപ്പെടുന്നു. മിനുറ്റുകൾക്കകം മത്തുപിടിക്കുകയും മണിക്കൂറുകളോളം ലഹരിയുടെ പിടിയിലാഴ്ത്തുകയും ചെയ്യും. ഇത്തരം വസ്തുക്കൾ വായിലൂടെ കഴിക്കുമ്പോൾ അരമണിക്കൂറിനകം ലഹരിപിടിക്കുകയും കൂടുതൽ നേരം മായാലോകത്തകപ്പെടുകയും ചെയ്യും. ശരീരത്തിൽ ആഗിരണം ചെയ്യപ്പെട്ട വിഷവസ്തുക്കളിൽ ചെറിയൊരു ശതമാനം തലച്ചോറിലുമെത്തും. അത് ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കും. പുകയിലൂടെ ശരീരത്തിലെത്തുന്ന വിഷവസ്തുക്കൾ ശരീരത്തിൽ നിന്ന് നീങ്ങാൻ ഏകദേശം ഒരു മാസമെടുക്കുന്നത് കൊണ്ട് ചെറിയ അളവിൽ വല്ലപ്പോഴുമുള്ള ഉപയോഗം പോലും ദീർഘകാല ദോഷഫലങ്ങൾക്കിടയാക്കുന്നു.

മയക്കവും ഉത്തേജനവുമുണ്ടാക്കുക, മതിഭ്രമം, ധാരണാ ശേഷിയിൽ വൈകല്യമുണ്ടാക്കുക, വിഷാദം, ആത്മഹത്യാ പ്രവണത എന്നിവ വർധിക്കുക, മുന്നിൽ കാണുന്ന കാഴ്ചകളുടെ ആഴവും ഗൗരവവും നിറവുമെല്ലാം തെറ്റായി മനസ്സിലാക്കുക, സ്ഥലകാല ബോധം നശിക്കുകയും സ്വയം തിരിച്ചറിയാൻ പോലും കഴിയാതെ വരികയും ചെയ്യുക തുടങ്ങിയ പല മാനസിക പ്രശ്‌നങ്ങൾക്കും കഞ്ചാവിന്റെ ഉപയോഗം കാരണമാകുന്നു. ദാഹം, വിശപ്പ്, മലബന്ധം എന്നിവയുണ്ടാവുക, രക്ത സമ്മർദവും ഹൃദയമിടിപ്പും വർധിക്കുക, ഹൃദ്രോഗ തീവ്രത വർധിക്കുക, കണ്ണുകൾ ചുവന്ന് തുടിക്കുകയും നേത്രരോഗങ്ങൾ പിടിപെടുകയും ചെയ്യുക, തുടർച്ചയായ അണുബാധ, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ പിടികൂടുക എന്നിവയെല്ലാം ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാവുന്നുണ്ട്.

സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെക്കുന്നത് മാരകമായ നിരവധി രോഗങ്ങൾക്കും കാരണമാവുന്നുണ്ട്. ചൂടാക്കിയ ശേഷം ആവി വലിച്ചെടുത്ത് ഉപയോഗിക്കുന്ന ബ്രൗൺഷുഗർ, ഹെറോയിൻ തുടങ്ങിയവ നാരങ്ങാനീരിയിൽ ചേർത്ത് സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്ന രീതിയിലൂടെ എച്ച്‌ഐവി അടക്കമുള്ള രോഗങ്ങൾ പരക്കുന്നത് വ്യാപകമാണ്. എല്ലാ വ്യാപാരങ്ങളിലുമുള്ളതു പോലെ മായം ചേർക്കൽ ലഹരികളിലുമുള്ളതിനാൽ മാരകമായ പ്രത്യാഘാതങ്ങൾക്കാണ് അതു വഴിവെക്കുന്നത്. മായം കലർത്തിയ ബ്രൗൺഷുഗറോ ഹെറോയിനോ കുത്തിവെച്ചാൽ അത് മരണത്തിലേക്ക് നയിക്കും. ഈയിടെ രണ്ടു യുവാക്കൾ ഓട്ടോയിൽ മരിച്ചുകിടന്നത് ഇങ്ങനെയായിരുന്നു.

ജാഗ്രത വേണം

ഒരു തലമുറയെ തന്നെ പൂർണമായി നശിപ്പിക്കുന്ന ലഹരിയുടെ ഭീകരതയെക്കുറിച്ച് രക്ഷിതാക്കൾക്ക് അതീവ ജാഗ്രത വേണം. പഠനാവശ്യങ്ങൾക്ക് പുറത്തുപോകുന്ന കുട്ടികളിൽ പ്രത്യേകിച്ചും ഹോസ്റ്റൽ ജീവിതം നയിക്കുന്നവരിൽ വീട്ടുകാരുടെ നിരന്തര നിരീക്ഷണത്തിന് പുറത്താണ് തങ്ങളെന്ന ചിന്ത ഇത്തരം പരീക്ഷണങ്ങൾ നടത്തുവാൻ പലർക്കും ധൈര്യം നൽകുന്നു. ശാസ്ത്ര വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും അവലോകനം ചെയ്യാനും കഴിയാത്ത കുട്ടികളെ പോലും വലിയ തുക നൽകി ഇതര സംസ്ഥാന കോളേജുകളിൽ സീറ്റ് തരപ്പെടുത്തി പഠിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. പഠനക്കാര്യത്തിൽ അടിസ്ഥാനപരമായ ധാരണ പോലുമില്ലാത്ത വിദ്യാർത്ഥികൾക്ക് കഠിനമായി പരിശ്രമിച്ചാൽ പോലും പാഠ്യ വിഷയത്തിൽ മുമ്പിലെത്താൻ സാധിക്കാതെ വരികയും അതു മൂലമുണ്ടാകുന്ന അമിത സമ്മർദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും മോചനമെന്ന നിലയിൽ പലരും ലഹരിയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു. ആദ്യമായി ലഹരിയുപയോഗിക്കുമ്പോൾ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ഭാരക്കുറവും ലഹരിയുടെ വഴികൾ തേടിപ്പോകാൻ പ്രചോദനമാകും. കഞ്ചാവ് ഉപയോഗിച്ചാൽ സർഗശേഷി കൂടുമെന്നും ബുദ്ധി വികാസമുണ്ടാകുമെന്നുമുള്ള തെറ്റായ ധാരണകളും മക്കളെ ലഹരിക്കു പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ലഹരിയിൽ നിന്നു മുക്തി നേടാൻ ഒരാളെ മാനസികമായും ശാരീരികമായും സാമൂഹികമായും ആത്മീയമായും തയ്യാറാക്കുന്ന ചികിത്സാരീതികൾ ഇക്കാലത്തു വ്യാപമായി കാണാം. ലഹരിയുടെ ആദ്യ സൂചനകൾ കാണുമ്പോൾ തന്നെ ആവശ്യമായ ചികിത്സ നൽകി നാളെയുടെ വാഗ്ദാനങ്ങളെ രക്ഷിച്ചെടുക്കാൻ നാം ബദ്ധശ്രദ്ധ കാണിക്കുകതന്നെ വേണം.

You May Also Like
teen in narcotics- Malayalam

ലഹരിയിൽ മയങ്ങുന്ന യുവത്വം: കണക്കുകൾ ദുരന്തം പറയുന്നു

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും…

● യാസർ അറഫാത്ത് നൂറാനി
narcotics-malayalam

മതത്തെയും മഥിക്കുന്ന ലഹരി

ബുദ്ധി നൽകി അല്ലാഹു ആദരിച്ച ജീവിയാണ് മനുഷ്യൻ. മറ്റ് ജീവികളിൽ നിന്ന് അവനെ വേറിട്ട് നിറുത്തുന്നതും…

● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്
Abuse of Narcotic

ലഹരിയില്‍ പുകയുന്ന ബാല്യങ്ങള്‍

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു.…

● പിഎസ്കെ മൊയ്തു ബാഖവി മാടവന