influence of quran recitation-malayalam

ആത്മീയതയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിശുദ്ധ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രപഞ്ചത്തിന് പ്രകാശം നല്‍കുന്ന അറിവിന്റെയും ആത്മീയ മാതൃങ്ങളുടെയും അതിരുകളില്ലാത്ത സമുച്ചയമാണത്.

ഖുര്‍ആനിന്റെ പാരായണവും ആശയപഠനവും കേവല ശ്രവണം പോലും അത്ഭുതകരമായ പരിവര്‍ത്തനത്തിന് കാരണമായിട്ടുണ്ട്. പാരായണത്തിന്റെ മാസ്മരിക ശക്തിയില്‍ ഉത്തേജിതരായി മനപ്പരിവര്‍ത്തനം വന്ന കഠിന ഹൃദയരെ പോലും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഖുര്‍ആനിന്റെ മാസ്മരിക ശക്തിക്ക് കീഴ്‌പ്പെട്ടുപോകുമെന്ന് എക്കാലവും ശത്രുക്കള്‍ അങ്ങേയറ്റം ഭയന്നിരുന്നു. ഈ ആത്മീയ തലം കൊണ്ടാണ് കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ലവം സൃഷ്ടിക്കാന്‍ ഖുര്‍ആനിന് സാധിച്ചത്.

മനുഷ്യജീവിതത്തിന്റെ ഇരുള്‍ മൂടിയ മേഖലകളിലെല്ലാം പ്രകാശം പരത്തിയതും മാര്‍ഗദര്‍ശനം നല്‍കിയതും ഖുര്‍ആണെന്ന് പാശ്ചാത്യ എഴുത്തുകാര്‍ പോലും രേഖപ്പെടുത്തിയതാണ്. ആര്‍ണോള്‍ഡ് ജോസഫ് ടോയിന്‍ബിയുടെ വാക്കുകള്‍ വിശ്രുതമാണ്: പടിഞ്ഞാറന്‍ ദിക്കാകെ അന്ധകാരത്തിലാണ്ടു മുങ്ങിയപ്പോള്‍ കിഴക്കിന്റെ നഭസ്ഥലിയില്‍ ഒരു പ്രകാശഗോപുരം ഉയര്‍ന്നുപൊങ്ങി. ദു:ഖാര്‍ത്തമായ ലോകത്തിന് അത് പ്രകാശവും ആശ്വാസവും നല്‍കിയെന്നത് യാഥാര്‍ത്ഥ്യമാണ്. അതേ, ഇരുളിന്റെ ആഴക്കടലില്‍ നിന്ന് വെളിച്ചത്തിന്റെ പവിഴദ്വീപുയര്‍ത്താന്‍ വിശുദ്ധ ഖുര്‍ആന് സാധിച്ചു.’

ആ ആത്മീയ പ്രഭാവമാണ് മൃഗതുല്യം ജീവിച്ചു ശീലിച്ച മനുഷ്യരെ സമ്പൂര്‍ണ സംസ്‌കാരത്തിന്റെ ഉത്തുംഗതയിലേക്കുയര്‍ത്തിയത്. അല്ലാഹു പറയുന്നത് കാണുക: ‘നിശ്ചയം ഈ ഖുര്‍ആന്‍ ഏറ്റവും നേരായ മാര്‍ഗം കാണിച്ചുതരുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസിക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് അത് ശുഭവാര്‍ത്ത നല്‍കുകയും ചെയ്യുന്നു (ഖുര്‍ആന്‍ 17/19).

ഖുര്‍ആനിക വചസ്സുകള്‍ മനുഷ്യ മനസ്സുകളില്‍ ഉണ്ടാക്കിയ മാറ്റത്തിന് കയ്യും കണക്കുമില്ല. വികല വിശ്വാസ വീക്ഷണങ്ങളാലും കടുത്ത കുറ്റകൃത്യങ്ങളാലും കറുത്ത് മലിനമായിപ്പോയ ശിലാഹൃദയങ്ങളില്‍ മണിനാദമായും നാക്കില്‍ മധുരമായും ചെവിയില്‍ കവിതയായും തൂലികത്തുമ്പില്‍ പൊലിമയായും വര്‍ത്തിക്കുന്ന ദിവ്യചൈതന്യത്തിന്റെ അക്ഷയസ്രോതസ്സാണ് ഖുര്‍ആന്‍. അതിന്റെ യശസ്സും മനസ്സും സര്‍വാതിശായിയാണ്. വായിക്കാനറിയാത്ത ഒരാള്‍ വായിച്ചു പഠിപ്പിച്ച ദാര്‍ശനിക-ആത്മീയ വിസ്മയം. അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പോലും ആത്യന്തികമായ പരിഹാരമാണത്.

ഇസ്‌ലാമിനെതിരെ അതിരൂക്ഷമായ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുമ്പോഴും ഖുര്‍ആനിനെതിരെ പ്രതിഷേധിച്ച് ഉറഞ്ഞുതുള്ളുമ്പോഴും അതീവ രഹസ്യമായി ഒളിഞ്ഞിരുന്ന് ഖുര്‍ആന്‍ കേള്‍ക്കാന്‍ ശത്രുക്കള്‍ അവസരം കണ്ടെത്തുമായിരുന്നു. ഒരു രാത്രി ഖുറൈശി പ്രമുഖനായ അബൂസുഫ്‌യാന്‍ താന്‍ നിരന്തരം വിമര്‍ശിക്കുന്ന പ്രവാചകര്‍(സ്വ)യുടെ ഖുര്‍ആന്‍ പാരായണം നേരില്‍ കേള്‍ക്കാന്‍ രഹസ്യമായി വീട് വിട്ടിറങ്ങി. തിരുനബി(സ്വ)യുടെ വസതിക്ക് സമീപം ഒളിച്ചിരുന്നു. അവിടെയിരുന്നാല്‍ മുത്തുനബിയുടെ മനോഹരമായ ഓത്തു കേള്‍ക്കാം. ആഗ്രഹം സാധിച്ച് ആരുമറിയാതെ മടങ്ങുകയും ചെയ്യാം.

എന്നാല്‍ അതേ രാത്രി തന്നെ അബൂജഹ്‌ലും അഖ്‌നസും ഇതേ ഉദ്ദേശ്യത്തില്‍ അവിടെയെത്തി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. അപരന്റെ സാന്നിധ്യം അറിയാതെയാണ് ഓരോരുത്തരും വന്നിരിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ച് ഇരുളില്‍ മൂവരും ഏറെ നേരം കാത്തിരുന്നു. നിശയുടെ നിശ്ശബ്ദതയില്‍ തിരുനബി(സ്വ)യുടെ മധുരതരമായ ഖുര്‍ആന്‍ പാരായണം മുഴങ്ങി. അവരത് തെളിഞ്ഞുകേട്ടു. ഹൃദയ തന്ത്രികളില്‍ അനുരണമുണ്ടാക്കിക്കൊണ്ട് ദീര്‍ഘനേരം ഓത്ത് തുടര്‍ന്നു. മനക്ലേശങ്ങളും ആത്മസംഘര്‍ഷങ്ങളുമകറ്റി ആശ്വാസത്തിന്റെ കുളിര് പെയ്യാന്‍ പോന്ന വശ്യമായ ഒരലൗകിക ശക്തി ഖുര്‍ആനുള്ളതായി അവര്‍ക്ക് അനുഭവപ്പെട്ടു.

എത്രനേരം അവിടെയിരുന്നു എന്നൊന്നുമോര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അത്രമേല്‍ ഖുര്‍ആന്‍ അവരെ സ്വാധീനിച്ചിരുന്നു. രാത്രിയുടെ യാമങ്ങള്‍ പ്രഭാതത്തെ തലോടിത്തുടങ്ങിയപ്പോള്‍ തിരുനബി(സ്വ) ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചു. സ്ഥലകാല ബോധം വന്നതുപോലെ ഖുറൈശി പ്രമാണിമാര്‍ ഞെട്ടിയുണര്‍ന്നു. ഇടംവലം നോക്കി ഭദ്രത ബോധ്യപ്പെട്ടപ്പോള്‍ പതുക്കെ ഓരോരുത്തരും നടന്നുനീങ്ങി.

വഴിയില്‍ വെച്ച് മൂവരും പരസ്പരം കണ്ടുമുട്ടി. ജാള്യം മറച്ചുവെക്കാനാകാതെ അവര്‍ ഉള്ളു തുറന്നു. വസ്തുതകള്‍ പരസ്പരം പങ്കുവെച്ചു. അന്യോന്യം ഗുണദോഷിക്കുകയും പഴിക്കുകയും ചെയ്തു. നാട്ടുകാര്‍ ഇതറിഞ്ഞാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് അവര്‍ ഭയാശങ്കകളോടെ അനുസ്മരിച്ചു. ഇനി ഒരിക്കലും ഇതാവര്‍ത്തിച്ചുകൂടെന്ന ദൃഢനിശ്ചയത്തോടെ അവര്‍ പിരിയുകയും ചെയ്തു. അടുത്ത ദിവസം രാത്രി അതേ സമയമായപ്പോള്‍ പിടിച്ചുനിര്‍ത്താനാകാത്ത വിധം അസ്വസ്ഥ മനസ്സുമായി അബൂസുഫ്‌യാന്‍ ഖുര്‍ആന്‍ കേള്‍ക്കാനായി ഇറങ്ങിനടന്നു. അബൂജഹ്‌ലും അഖ്‌നസും ഇന്നലെ ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കരുതിയായിരുന്നു പുറത്തിറങ്ങിയത്. ഇന്ന് അവരെ പേടിക്കേണ്ടതില്ല. മറ്റാരെങ്കിലും കണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിച്ചുകൊണ്ട് അബൂ സുഫ്‌യാന്‍ വേഗത്തില്‍ നടന്നുനീങ്ങി. തലേദിവസത്തെ ഭദ്രമായ കേന്ദ്രത്തില്‍ തന്നെ ഇരുള്‍പറ്റിയിരുന്നു. ഉള്ളില്‍ അതിശക്തമായ ഭയവും ഖുര്‍ആന്‍ കേള്‍ക്കാനും ആസ്വദിക്കാനുമുള്ള അമിതാഗ്രഹവും അലയടിക്കുന്നുണ്ടായിരുന്നു.

തിരുനബി(സ്വ) പതിവുപോലെ പാരായണമാരംഭിച്ചു. ദൈവിക വചനത്തിന്റെ സ്വരസ്ഫുടതയും ആത്മീയ ചൈതന്യവും ആസ്വദിക്കാന്‍ സത്യവിശ്വാസികള്‍ കൂട്ടമായിരിക്കുന്നത് ജനല്‍ പാളിയിലൂടെ അബൂസുഫ്‌യാന്‍ കണ്ടു. സ്‌നേഹ വിശ്വാസങ്ങളാല്‍ അന്യോന്യം ബന്ധിക്കപ്പെട്ട കുറേ ഹൃദയങ്ങള്‍! അവരുടെ ജീവിതങ്ങള്‍ പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും തേടിപ്പോകുന്നത് പോലെതോന്നി. ആത്മനിര്‍വൃതിയുടെയും സുഖസ്വാദനത്തിന്റെ അനവധി നിമിഷങ്ങള്‍. അക്ഷരങ്ങളിലും വാക്കുകളിലും വര്‍ണിക്കാനാകാത്ത അനുഭൂതി തന്നെയായിരുന്നു അപ്പോഴവര്‍ അനുഭവിച്ചിരുന്നത്. മുത്തുനബി(സ്വ) ഓത്ത് നിര്‍ത്തിയപ്പോഴാണവര്‍ പ്രഭാതം പൊട്ടിവിരിയാറായ കഥയറിഞ്ഞത്. ഉടന്‍ അബൂസുഫ്‌യാന്‍ ധൃതിയിലെഴുന്നേറ്റു നടന്നു. വിസ്മയകരമെന്ന് പറയട്ടെ, ഇരുവഴികളിലൂടെ പെരുവഴിയിലേക്ക് പാര്‍ത്തും പതുങ്ങിയും കള്ളപ്പുള്ളികളെപ്പോലെ അഖ്‌നസും അബൂജഹ്‌ലും നടന്നുവരുന്നു. പരസ്പരം കണ്ടമാത്രയില്‍ മൂന്ന് പേരും ശരിക്കും അന്ധാളിച്ചുപോയി. എങ്ങനെ ന്യായീകരിച്ചു രക്ഷപ്പെടണമെന്നറിയാതെ കുറ്റസമ്മതങ്ങളുടെ ബദ്ധപ്പാടായിരുന്നു.

അബൂസുഫ്‌യാന്‍ പറഞ്ഞുതുടങ്ങി: ‘ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്നുറപ്പിച്ചതായിരുന്നു ഞാന്‍. എന്നാല്‍ രാത്രി ഇരുട്ടിയപ്പോള്‍ എന്റെ കാലുകള്‍ എന്റെ നിയന്ത്രണത്തിലല്ലാതാവുന്നതുപോലെ തോന്നി, ഞാനറിയാതെ ഇറങ്ങിനടക്കുകയായിരുന്നു. ഒരാകര്‍ഷണ ശക്തിക്കടിമപ്പെട്ടതുപോലെ. ഞാനുറപ്പിച്ചുപറയുന്നു; നിങ്ങളെന്നെ വിശ്വാസത്തിലെടുത്താലും. ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ല. മൂന്നു പേര്‍ക്കും ഇത് തന്നെയാണ് പറയാനുണ്ടായിരുന്നത്. ഈ സംഭവം പരമരഹസ്യമായി അവശേഷിക്കട്ടെ എന്നുപറഞ്ഞ് മൂവരും മൂന്ന് വഴിക്ക് പിരിഞ്ഞു.

അടുത്ത രാത്രിയിലും അവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അന്നും അതാവര്‍ത്തിച്ചു. തങ്ങളുടെ ദൗര്‍ബല്യം അവര്‍ക്ക് നന്നായി ബോധ്യപ്പെട്ടു. മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വവും ഖുര്‍ആന്റെ അസാധാരണത്വവും പരസ്യമായി അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ അതിശക്തമായി മുഴങ്ങുന്ന ശബ്ദം ഖുര്‍ആന്റേതായി മാറി. അവര്‍ അറിയാതെ പറഞ്ഞുപോയി: ‘ഇത് മനുഷ്യ വചനമല്ല.’

ഖുര്‍ആന്റെ ബദ്ധശത്രുവായി അറിയപ്പെട്ട വലീദുബ്‌നു മുഗീറയുടെ രോഷാഗ്‌നി ആളിക്കത്തുന്ന ഹൃദയത്തില്‍ പോലും വിസ്മയം വിളയിക്കാന്‍ വിശുദ്ധ വചനങ്ങള്‍ക്ക് സാധിച്ചുവെന്നത് നിത്യവിസ്മയം തന്നെയായിരുന്നു. ഒരിക്കലദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു: ‘ദൈവമാണേ, മുഹമ്മദ് നബിയുടെ വചസ്സുകള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. സവിശേഷ സൗന്ദര്യവുമുണ്ട്. അതിന്റെ തരുക്കള്‍ തഴച്ചുവളരുന്നവയും ശാഖകള്‍ ഫലസമൃദ്ധങ്ങളുമാണ്. തീര്‍ച്ചയായും അത് സര്‍വ വചനങ്ങളേക്കാളും സമുന്നതമാണ്.’ അറബി സാഹിത്യത്തില്‍ അഗ്രേസരനായിരുന്ന വലീദിന്റെ വാക്കുകളാണിത്.

ആദ്യകാലത്ത് കഅ്ബയുടെ ഭിത്തികളില്‍ ഉല്‍കൃഷ്ട കാവ്യശകലങ്ങളെഴുതിത്തൂക്കിയിടാറുണ്ടായിരുന്നു. അറേബ്യയിലെ സാഹിത്യപ്രേമികളെ ഹരം കൊള്ളിച്ച സപ്ത കവികളുടെ മനോഹരമായ കാവ്യശകലങ്ങള്‍ അക്കൂട്ടത്തില്‍പ്പെട്ടതാണ്. അവ വായിച്ച് ആസ്വദിക്കാന്‍ അവിടെ നിത്യവും സന്ദര്‍ശകര്‍ ആവേശപൂര്‍വം എത്തുകയും ചെയ്യും.

എന്നാല്‍ പരിശുദ്ധ ദേവാലയത്തിന്റെ സമീപത്തിരുന്നുകൊണ്ട് നിരക്ഷരനായ മുഹമ്മദ് നബി(സ്വ) പാരായണം ചെയ്യാറുള്ള ഖുര്‍ആനിക സൂക്തങ്ങളുടെ മുന്നില്‍ അവയെല്ലാം നിഷ്പ്രഭമായിത്തീര്‍ന്നു. സകല കവികളുടെയും സാഹിത്യവചനങ്ങള്‍ അതോടെ അക്ഷരാര്‍ത്ഥത്തില്‍ അനാകര്‍ഷകങ്ങളായിമാറി. ബുദ്ധിജീവികളെയും ദാര്‍ശനികരെയുമെല്ലാം ഖുര്‍ആനിലേക്കും ഇസ്‌ലാമിലേക്കും ആകര്‍ഷിച്ചത് ഈ സൗന്ദര്യമായിരുന്നു.

ഉരുക്കുമനുഷ്യനായിരുന്ന ഉമറി(റ)നെ ഉദ്ധരിക്കട്ടെ. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഖുര്‍ആനിന്റെ ബദ്ധ വൈരിയായിരുന്നു. ഒരു രാത്രിയില്‍ മദോന്മത്തനായി കൂട്ടുകാരെയന്വേഷിച്ച് പുറപ്പെട്ടു. കഅ്ബക്കരികിലെത്തിയപ്പോള്‍ മുഹമ്മദ് നബി(സ്വ) അവിടെ നിസ്‌കരിക്കുന്നുണ്ടായിരുന്നു. തിരുനബി ഉരുവിടുന്നതെന്താണെന്ന് രഹസ്യമായി കേള്‍ക്കാമെന്ന് കരുതി കഅ്ബയുടെ ഖില്ലയുടെ മറവില്‍ ഞാന്‍ ഒളിച്ചിരുന്നു. നബി(സ്വ) ഖുര്‍ആനോതി നിസ്‌കരിക്കുകയായിരുന്നു. മധുരമനോഹരമായ ഖുര്‍ആനോത്ത് ശ്രവിച്ചപ്പോള്‍ എന്റെ ഹൃദയം ഉരുകിയൊഴുകും പോലെ തോന്നി. ഞാന്‍ വിതുമ്പിക്കരഞ്ഞു തിരുനബിക്കു മുമ്പില്‍ ചെന്നു നിന്നു. അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.’ ഉമറിന്റെ കരാളഹൃദയത്തെപ്പോലും ദയാര്‍ദ്രമാക്കാന്‍ കഴിഞ്ഞ ഖുര്‍ആന്റെ വശ്യശക്തി അമേയമാണ്.

അറബി ഭാഷയില്‍ അഗ്രേസരനായിരുന്ന വലീദുബ്‌നു മുഗീറക്ക് തിരുനബി(സ്വ) ചില ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം വിസ്മയാധീ നനായി. അത് അദ്ദേഹത്തിന്റെ മനസ്സില്‍ കുളിരുപെയ്യുന്ന അനുഭൂതിയുണ്ടാക്കി. മനസ്സില്‍ മുഴക്കമായി പ്രതികരിച്ചു. മധുരമായി പ്രസരിച്ചു. സ്‌ഫോടനം തന്നെ സൃഷ്ടിച്ചു. വല്ലാത്തൊരു മയക്കം ബാധിച്ചു. യാത്ര പറയാന്‍ പോലുമാകാതെ അദ്ദേഹം അറിയാതെ ഇറങ്ങിനടന്നു. വീട്ടിലെത്തി വിശ്രമിക്കുമ്പോഴും മനസ്സില്‍ തിരുനബിയില്‍ നിന്ന് കേട്ട ഖുര്‍ആനിക വചനങ്ങള്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തിരുനബിയെ കാണാന്‍ പോയെന്നറിഞ്ഞ അബൂജഹ്ല്‍ ആശങ്കപ്പെട്ടു. ഉദ്വോഗത്തോടെ അദ്ദേഹം വലീദിനെ തേടി വീട്ടിലെത്തി. സങ്കടത്തോടെയും കോപത്തോടെയും പറഞ്ഞു: ‘ബഹുമാന്യരായ പിതൃസഹോദരാ! താങ്കള്‍ ഖുര്‍ആന്‍ കേള്‍ക്കാന്‍ മുഹമ്മദിന്റെ അടുത്ത് പോയെന്നറിഞ്ഞു. ഇനിയൊന്ന് സമൂഹ സമക്ഷം താങ്കളുടെ വിലപ്പെട്ട അഭിപ്രായം പരസ്യപ്പെടുത്തണം. മുഹമ്മദിന്റെ നാട്യങ്ങള്‍ തുറന്നുകാണിക്കണം. അവന്റെ വാക്കുകള്‍ പതിരാണെന്നും തീര്‍ത്തും കള്ളമാണെന്നും താങ്കള്‍ ജനസമക്ഷം വിളിച്ചുപറയണം. വഞ്ചിതരാകാതിരിക്കാന്‍ അത് അവരെ സഹായിക്കുക തന്നെ ചെയ്യും. ഒട്ടും സമയം വൈകണ്ട.’

വലീദ് പറഞ്ഞുതുടങ്ങി: ‘അറബി സാഹിത്യം ഏറെ സമ്പന്നമാണ്. അതിന്റെ സമസ്ത ഗിരിശിഖരങ്ങളെയും സാമാന്യം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവയുടെ ശക്തിയും ദൗര്‍ബല്യവും എനിക്ക് നന്നായറിയാം. ദൈവനാമത്തില്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു: ‘ഈ മനുഷ്യന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് അവയേക്കാളൊക്കെ ശക്തിയും ഓജസ്സുമുണ്ട്. വല്ലാത്തൊരു വശീകരണ ശക്തി. അനവദ്യമായ സൗന്ദര്യം. ആ വാക്കുകള്‍ എന്റെ മനസ്സില്‍ മുഴക്കവും പൊട്ടിത്തെറിയുമുണ്ടാക്കുന്നു. ഞാന്‍ ഇന്നോളം കേട്ട വാക്കുകളേക്കാളെല്ലാം അവ ഉല്‍കൃഷ്ടങ്ങളാണ്. അസദൃശമാണ്. അത്ഭുതകരമാണ്.’

അറിയപ്പെട്ട മഹാകവി തുഫൈലുബ്‌നു അംറ് ഖുര്‍ആന്‍ കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞി തിരുകി തിരുനബിയെ സമീപിച്ചു. നിസ്‌കാരത്തില്‍ ഖുര്‍ആനോതുന്നത് കേട്ട് അറിയാതെ ചെവിയില്‍ നിന്ന് പഞ്ഞി മാറ്റി വീണ്ടുംവീണ്ടും ഖുര്‍ആന്‍ കേള്‍ക്കാന്‍ തിടുക്കം കാട്ടി. മുത്തു നബി ഓതിക്കേള്‍പ്പിച്ച ചില സൂക്തങ്ങള്‍ തുഫൈലിന്റെ ഹൃദയത്തില്‍ പ്രകാശം പൊഴിച്ചു. അദ്ദേഹം ഖുര്‍ആനിക വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. അവസാനം ഇസ്‌ലാമിനു വേണ്ടി സ്വയം സമര്‍പ്പിതനാകാന്‍ അത് നിമിത്തമായി.

ഉത്ബത്തുബ്‌നു റബീഅ ആയിരം നാക്കുകളില്‍ സംസാരിക്കാന്‍ കഴിവുള്ള കുപ്രസിദ്ധ ദുര്‍മന്ത്രവാദിയായിരുന്നു. ആഭിചാരം പോലുള്ള ദുരാചാരങ്ങളാണദ്ദേഹത്തിന്റെ കുലവൃത്തി. അതുകൊണ്ട് തന്നെ സാത്വിക മനസ്സുകള്‍ ഉത്ബത്തിനെ കണ്ടാല്‍ വഴിമാറി സഞ്ചരിക്കും. പരിഹാസ സ്വരത്തില്‍ ഒരിക്കല്‍ അദ്ദേഹം തിരുനബിയെ ശല്യപ്പെടുത്തുംവിധം ചോദിച്ചു: നീയാണോ പ്രഗത്ഭന്‍, അതോ അബ്ദുല്ലയോ? പ്രതികരിക്കാതിരുന്നപ്പോള്‍ വീണ്ടും ഉറക്കെ ആവര്‍ത്തിച്ചു പരിഹസിച്ചുകൊണ്ടിരുന്നു. നിനക്കെന്തുവേണമെങ്കിലും തന്നേക്കാം. നീ ഈ  പരിപാടി ഒന്ന് നിര്‍ത്തിയാല്‍ മതി എന്നായി ഉത്ബ. തിരുനബി(സ്വ) അതിനും മറുപടിയൊന്നും പറഞ്ഞില്ല. പകരം, സൂറത്ത് ഫുസ്സിലത്തിന്റെ ആദ്യഭാഗം പതുക്കെ ഓതിക്കേള്‍പ്പിച്ചുകൊടുത്തു. ഒരാത്മഗതത്തിന്റെ ഭാവതീവ്രതയോടെ. ഉത്ബ വിസ്മയസ്തബ്ധനായി. കൂടുതല്‍ കേള്‍ക്കാന്‍ കരുത്തില്ലാതെ നിര്‍ത്താനാവശ്യപ്പട്ടു. തിരിഞ്ഞു നടന്ന് ഖുറൈശീ കൂട്ടത്തോട് അദ്ദേഹം വെളിപ്പെടുത്തി: മുമ്പൊരിക്കലും കേള്‍ക്കാത്തതാണ് ഞാനിപ്പോള്‍ കേട്ടത്. അത് മാരണവൃത്തിയല്ല, ആഭിചാര ക്രിയയല്ല, ദുര്‍മന്ത്രവാദവുമല്ല. മുഹമ്മദിനെ അവന്റെ വഴിക്ക് വിട്ടേക്കൂ. കാലം കനകം പോലെ സൂക്ഷിക്കാന്‍ പോന്ന ചില വചനങ്ങളാണെനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. നാളെ അത് നിങ്ങളുടെ മനസ്സുകളിലും പ്രസാദമായി പ്രസരിക്കും. അസത്യമോ മറിമായമോ കവടി നിരത്തലോ അല്ല അത്. ഹൃദയഹാരിയായ പവിത്രവചസ്സുകളാണ്. മറക്കാനാവാത്ത ആ വചനങ്ങള്‍ എന്റെ മനസ്സിനെ ഇപ്പോഴും പിടിച്ചിരുത്തുന്നു.’ അപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘താങ്കളും മുഹമ്മദിന്റെ വാഗ്വിലാസത്തില്‍ കുടുങ്ങിപ്പോയി അല്ലേ?’

ഈയൊരു ശക്തിസ്വാധീനമാണ് നജ്ജാശി രാജാവിലും പരിവര്‍ത്തനമുണ്ടാക്കിയത്. കഅ്ബാലയത്തിന് മുമ്പില്‍ ഒത്തുകൂടിയ പരശ്ശതം അവിശ്വാസികളെ ഒരു യാന്ത്രികവൃത്തിപോലെ തിരുനബിക്കൊപ്പം സുജൂദ് ചെയ്യിപ്പിച്ചത് ഖുര്‍ആന്‍ സൂക്തങ്ങളുടെ ആന്തരിക വിപ്ലവത്തിന്റെ മാസ്മരികത തന്നെയായിരുന്നു. വിശ്വാസത്തിന്റെ വേര്‍തിരിവില്ലാതെ അവിടെ കൂടിയിരുന്നവരെല്ലാം തിരുനബിയോടൊപ്പം സുജൂദില്‍ പങ്കെടുത്തു. ഖുര്‍ആന്‍ വചനങ്ങളുടെ വല്ലാത്ത വശ്യതക്കടിപ്പെട്ടവരെപ്പോലെ.

അനുഗ്രഹ വര്‍ഷം, രോഗശമനം, മനശ്ശാന്തി, പ്രശ്‌ന പരിഹാരം, പിശാചടക്കമുള്ള ശത്രുക്കളില്‍ നിന്നുള്ള പ്രതിരോധം തുടങ്ങി ഖുര്‍ആനോത്തിലൂടെ സാധ്യമാകുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. ഖുര്‍ആനിന്റെ ആന്തരികമായ സ്വാധീനവും പരിവര്‍ത്തനവും വേറെയും ധാരാളമുണ്ട്. ഫാതിഹാ സൂറത്ത് സര്‍വ രോഗത്തിനും ശമനമാണെന്ന ഹദീസും സൂറത്ത് യാസീന്‍ എന്ത് ഉദ്ദേശിച്ച് ഓതിയാലും അത് സാധ്യമാകുമെന്നതും ശ്രദ്ധേയമാണ്.

You May Also Like

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…

Quran recitation style-malayalam

ഖുര്‍ആന്‍ പാരായണം: രീതിയും മഹത്ത്വവും

വിശുദ്ധ ഖുര്‍ആന്‍ പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം. അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍…

● ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ഷോല