ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് പുതിയ സ്വപ്നങ്ങള്‍ സാധ്യമാണെന്ന ശുഭപ്രതീക്ഷയേകിയാണ് ദേശീയ ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സമാപിച്ചത്. ‘ഇസ്‌ലാമിക ആധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് പതിനഞ്ചിന് അഹ്മദാബാദില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനം സമൂലമായ ദിശാബോധമാണ് സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് നല്‍കിയത്. സംഘാടന മികവ് കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സംഘടിപ്പിച്ച ഗുജറാത്ത് സമ്മേളനം ദേശീയ ചരിത്രത്തില്‍ ഇടം നേടി.
അഖിലേന്ത്യാ  തലത്തില്‍ സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന സമ്മേളനങ്ങളുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഉത്തരേന്ത്യയില്‍ നടന്ന സമീപകാല ഇസ്‌ലാമിക സമ്മേളനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും.
അഹ്മദാബാദ് നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഷാഹ് ആലം എംഎസ് ഗ്രൗണ്ടായിരുന്നു വേദി. സമ്മേളനത്തിന്റെ ഒരാഴ്ച മുമ്പ് തന്നെ സംസ്ഥാനത്തെ ജനങ്ങള്‍ സമ്മേളന വിശേഷങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു തുടങ്ങിയിരുന്നു. അതോടെ 2002-ലെ കലാപത്തിന്റെ മുറിവുകളിനിയുമുണങ്ങാത്ത മഹാനഗരത്തിന്റെ വഴിയോരങ്ങളിലും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗല്ലികളിലും സമ്മേളന സന്ദേശമോതി പോസ്റ്ററുകളും ബാനറുകളുമുയര്‍ന്നു. ഇത്രയും വലിയൊരു ഗ്രൗണ്ടില്‍ ആദ്യമായായിരുന്നു ഒരു ആധ്യാത്മിക മുസ്‌ലിം സമ്മേളനം നടക്കുന്നത്. പതുക്കെയെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സുന്നി പ്രവര്‍ത്തകരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഗുജറാത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ഇസ്‌ലാമിക സ്ഥാപനങ്ങളുടെ മേധാവികളും മതപണ്ഡിതരും കാന്തപുരം ഉസ്താദിന് സര്‍വവിധ പിന്തുണയും പ്രഖ്യാപിച്ചു. സമ്മേളനത്തിന് തൊട്ട് മുമ്പുള്ള വെള്ളിയാഴ്ച ജുമുഅക്ക് ശേഷം സുന്നി മസ്ജിദുകളില്‍ ദേശീയ ഇസ്‌ലാമിക സമ്മേളന സന്ദേശമാണ് ഇമാമുമാര്‍ പ്രസംഗിച്ചത്. ഓരോ സ്ഥലത്തെയും വിശ്വാസികളോട് സമ്മേളനത്തിനെത്താന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു. അഹ്മദാബാദ് സര്‍കേജി ഗ്രാന്‍റ് മസ്ജിദില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയാണ് സമ്മേളന പ്രചാരണ പ്രസംഗം നടത്തിയത്. പള്ളികള്‍ കേന്ദ്രീകരിച്ച് അവിടങ്ങളിലെ സുന്നി പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണവും നടത്തി.
അതോടെ കേരളത്തില്‍ നിന്നുള്ള ശൈഖ് അബൂബക്കര്‍ എന്ന മഹാ പണ്ഡിതന്റെ കാര്‍മികത്വത്തിലുള്ള സമ്മേളനം ഗുജറാത്ത് മുസ്‌ലിംകളുടെ പൊതുസംഗമമായി മാറി. കേരളത്തിലെ മര്‍കസിന് കീഴില്‍ നടക്കുന്ന വിദ്യാഭ്യാസസാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ഗുജറാത്തിലെ ജനങ്ങള്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ ഗോണ്ടല്‍, വഡോദര, ഉപ്പേട്ട, കര്‍ജന്‍, ചാഞ്ച്വല്‍, ഭുജ് എന്നിവിടങ്ങളിലായി മര്‍കസ് പബ്ലിക് സ്കൂളുകളും ഇസ്‌ലാമിക സ്ഥാപനങ്ങളും നടത്തി വരുന്നുമുണ്ട്. ഒരു പതിറ്റാണ്ടിന് മുമ്പ് തന്നെ ഗുജറാത്തില്‍ മര്‍കസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പള്ളിമദ്റസാ നിര്‍മാണങ്ങളിലൂടെ കേരളം നല്‍കിയ തണല്‍ നാട്ടുകാര്‍ ആവേശത്തോടെ എതിരേറ്റപ്പോള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ വൈവിധ്യങ്ങളായ പദ്ധതികള്‍ മര്‍കസ് ഗുജറാത്തില്‍ കൊണ്ടുവന്നു. സംസ്ഥാനത്തെ മുസ്‌ലിംകളുടെ ആവേശകരമായ പ്രതികരണം ഈ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കി; അര്‍ത്ഥവ്യാപ്തിയും.
2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ഇരകളെ പുനരധിവസിപ്പിക്കുന്നതിന് കേവലം രാഷ്ട്രീയ പ്രഖ്യാപനങ്ങളോ താല്‍ക്കാലിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോ മതിയാകുമായിരുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ കലാപത്തിന്റെ മുറിവുകള്‍ ശമിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മര്‍കസിന്റെ പുനരധിവാസ പദ്ധതികള്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കാനാരംഭിച്ചത്. മര്‍കസിന്റെ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സഹായിച്ചു. കൃത്യമായ ദിശാബോധം ആവശ്യമായിരുന്ന സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിച്ചു ആധ്യാത്മിക സമന്വയത്തിലൂടെയും സുന്നീ നേതൃത്വം മാര്‍ഗദര്‍ശനം നല്‍കി. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കിടയില്‍ മതപരമായ സ്വത്വം നഷ്ടപ്പെടുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ ഗുജറാത്തിലെ മുസ്‌ലിംകള്‍ നാം മുന്നോട്ടു വെച്ച മതഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ പുതിയ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി.
ഈ പുതിയ ദിശാബോധം വര്‍ഷങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതാനുഭവങ്ങളുടെ പൊള്ളലില്‍ കഴിഞ്ഞുകൊണ്ടിരുന്ന ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് ഉണര്‍വേകി. സ്ഥാപനങ്ങള്‍ക്ക് പുറമെ വിവിധ മസ്ജിദുകളും മദ്റസകളും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജലവിതരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും റിലീഫ് ആന്‍റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് കീഴില്‍ ഘട്ടംഘട്ടമായി നടക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് മുസ്‌ലിം സമുദായം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മര്‍കസ് തുടക്കം കുറിച്ചുകഴിഞ്ഞു.
പതിനായിരങ്ങള്‍ പങ്കെടുത്ത ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ പദ്ധതിയായി. അഹ്മദാബാദ്, ബറോഡ, ബറൂച്, ആനന്ദ് ജില്ലകളില്‍ ഈ വര്‍ഷാവസാനത്തോടെ നാല് പുതിയ ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ ആരംഭിക്കും.
ഈയൊരു മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ദേശീയ ഇസ്‌ലാമിക സമ്മേളനം സംസ്ഥാനത്തു നടന്നത്. 1415-ല്‍ ജനിച്ച സിറാജുദ്ദീന്‍ ആലം ദര്‍ഗ്ഗ സിയാറത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മൂന്ന് സെഷനുകളായാണ് ദേശീയ സമ്മേളന പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. പതിനഞ്ചിന് വൈകീട്ട് നാലിന് ആരംഭിച്ച ഇസ്‌ലാമിക് സെഷന്‍ ഇദ്രീസ് വോറ ഐഎഎസ് ഉദ്ഘാടനം ചെയ്തു. അഹ്മദാബാദ് സര്‍കേജി ഗ്രാന്‍റ് മസ്ജിദ് ഇമാം അല്ലാമാ അലീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അല്‍ ഇഖ്ലാസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹാജി അബ്ദുന്നിസാര്‍ ചാച്ച സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കി സംസാരിച്ചു. ഉബൈദ് ഇബ്റാഹിം സ്വാഗതം പറഞ്ഞു.
തുടര്‍ന്നു നടന്ന സ്പിരിച്വല്‍ സെഷന്‍ രാജസ്ഥാന്‍ ഗ്രാന്‍റ് മുഫ്തി അല്ലാമാ ഷേര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ അഹമ്മദ് നിസാമി സ്വാഗതം പറഞ്ഞു. മഗ്രിബ് നിസ്കാരാനന്തരം നടന്ന കോണ്‍ഫറന്‍സില്‍ ശൈഖുല്‍ ഇസ്ലാം ഹസ്റത്ത് അല്ലാമാ മുഹമ്മദ് മദനി മിയ അല്‍ അശ്റഫി അധ്യക്ഷത വഹിച്ചു. ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സരളമായ ഉറുദുവില്‍ ഉസ്താദ് നടത്തിയ പ്രഭാഷണം സദസ്സിനെ കയ്യിലെടുത്തു. ഡോ. ഹുസൈന്‍ മുഹമ്മദ് സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹാഫിസ് യൂസുഫ് മിസ്ബാഹി, ശൈഖ് ഹാജി ഹനീഫ്, അല്ലാമാ ശബാഉദ്ദീന്‍ അശ്റഫി, മുഫ്തി ഹാജി മുഹമ്മദ് സംബന്ധിച്ചു.

റിപ്പോര്‍ട്ട്: യാസര്‍ അറഫാത്ത് നൂറാനി
ക്യാമറ : ജലീല്‍മടവൂര്‍

സാമുദായിക മുന്നേറ്റം അനിവാര്യം
കാന്തപുരം
അഹ്മദാബാദ്: സാമൂഹിക ഇടപെടലുകളിലൂടെയുള്ള മുന്നേറ്റമാണ് ഭാരത മുസ്‌ലിംകളുടെ ഏറ്റവും വലിയ ആവശ്യകതയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഗുജറാത്തില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
ഇതിന്റെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമല്ലെന്നും മറ്റു സമുദായങ്ങളും രാഷ്ട്രം പൊതുവിലും ഈ മുന്നേറ്റത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിഭജനം മുസ്‌ലിംകള്‍ക്ക് നല്‍കിയ ഉത്തരവാദിത്തങ്ങള്‍ നിരവധിയായിരുന്നു. പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് കുടുംബ ബന്ധം മുതല്‍ അയല്‍ക്കാരനെ വരെ പുതുതായി കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഭരണകൂടങ്ങള്‍ക്ക് പലപ്പോഴും മുസ്‌ലിംകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്ത് വിവിധ കാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ മുസ്‌ലിംകളോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചില്ല എന്നാണ് സച്ചാര്‍ കമ്മിറ്റി പോലും വ്യക്തമാക്കിയത്. അങ്ങനെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതപണ്ഡിതര്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതെന്നും കാന്തപുരം പറഞ്ഞു.

മാധ്യമം കളവ് പ്രചരിപ്പിച്ചതിന് ഞാന്‍ ഉത്തരവാദിയല്ല: സയ്യിദ് ഖാലിഖ് അഹ്മദ്


അഹ്മദാബാദ്: മാധ്യമം ദിനപത്രം കളവ് പ്രചരിപ്പിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ അഹ്മദാബാദ് ലേഖകന്‍ സയ്യിദ് ഖാലിഖ് അഹ്മദ്. മര്‍കസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഗുജറാത്തില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഖാലിഖ്. മാധ്യമം എന്താണ് സമ്മേളനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞാന്‍ കണ്ടിട്ടില്ല. ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന്റെ റിപ്പോര്‍ട്ടിംഗില്‍ നെഗറ്റീവ് പബ്ലിസിറ്റിയുണ്ടാക്കാന്‍ പത്രം ശ്രമിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് തെറ്റാണ്. ഞാന്‍ അതിന് ഉത്തരവാദിയുമല്ലഖാലിഖ് പറഞ്ഞു.
ജനകീയമായി വിജയിച്ച ഗുജറാത്തിലെ മഹാസമ്മേളനത്തെ കേവലവത്കരിച്ച് ഒരു ബറേല്‍വി ‘മീറ്റിംഗാ’ക്കി മാറ്റാന്‍ കിണഞ്ഞു ശ്രമിച്ച മാധ്യമത്തിന്റെ ലേഖകന്‍ ഹസനുല്‍ ബന്ന തയ്യാറാക്കിയ ലേഖനത്തില്‍ ഖാലിഖിനെ പരാമര്‍ശിച്ചിരുന്നു. ഖാലിഖുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ എന്ന വ്യാജേനയാണ് മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്. അതേസമയം, ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന്റെ പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസ് അഹ്മദാബാദ് എഡിഷനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ വലിയ വാര്‍ത്ത തന്നെ അച്ചടിച്ചുവന്നു. ഇത് റിപ്പോര്‍ട്ട് ചെയ്ത ഖാലിഖിനെ ഉദ്ധരിച്ചാണ് ജമാഅത്ത് പത്രം വ്യാജവാര്‍ത്ത ചമച്ചത്.
മോഡി ബന്ധം ആരോപിച്ച് സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആദ്യമേ കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത മാധ്യമം ദിനപത്രം ഖാലിഖിന്റെ റിപ്പോര്‍ട്ട് ‘സൗഹൃദ’ത്തിന്റെ പേരില്‍ അദ്ദേഹത്തില്‍ നിന്ന് അടിച്ചെടുത്തു. അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസില്‍ റിപ്പോര്‍ട്ടു ചെയ്ത അതേ ന്യൂസാണ് സമ്മേളനപ്പിറ്റേന്ന് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്. പക്ഷേ, തലയും വാലും വെട്ടി നെഗറ്റീവ് പബ്ലിസിറ്റി കൊടുത്താണ് തയ്യാറാക്കിയതെന്നു മാത്രം. ഖാലിഖ് തീര്‍ത്തും സത്യസന്ധമായി ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന്റെ പ്രാധാന്യവും പ്രത്യേകതയും തന്റെ വാര്‍ത്തയില്‍ ഊന്നിപ്പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ഉദ്ധരിച്ച് പച്ചക്കള്ളം അച്ചടിച്ചുവിട്ട മാധ്യമം സ്വയം ചെറുതായി.
താന്‍ തയ്യാറാക്കിയ ന്യൂസ് വെള്ളിമാട് കുന്നിലേക്കയച്ച ഖാലിഖ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കണമെന്ന് കേരളത്തിലെ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അഹ്മദാബാദില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേനം ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കിടയിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ഷാഹ് ആലം ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മര്‍കസ് ചാന്‍സലര്‍ ശൈഖ് അബൂബക്കര്‍ പറഞ്ഞു. സ്വൂഫികളുടെ പാത പിന്തുടരാന്‍ മുസ്‌ലിംകള്‍ സന്നദ്ധരാവണമെന്നും അതുവഴി മതസൗഹാര്‍ദം പ്രായോഗികമാക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ഗുജറാത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ 2002ല്‍ നടന്ന കലാപമാണ് ഓര്‍മവരികയെന്നും കലാപത്തിനുള്ള പരിഹാരം കലാപമല്ലെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സൂചിപ്പിച്ചു.
ഇതു തന്നെയാണ് 17.03.2014-ന് മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം. പക്ഷേ, ഖാലിഖ് എഴുതിയ സമ്മേളനത്തിന്റെ സവിശേഷതകള്‍ വെട്ടിമാറ്റി കളവ് വെച്ചുപിടിപ്പിച്ചെന്നു മാത്രം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഒരിക്കലും പ്രസിദ്ധീകരിക്കാനാവാത്ത ഭാഗത്തിന്റെ മൊഴിമാറ്റം ഇതാണ്: പരസ്പരം സത്യസന്ധമായ ബന്ധം പുലര്‍ത്തുന്നതിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കണമെന്നും ഡോ. അസ്ഹരി പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി മുഴുവന്‍ മുസ്‌ലിംകളും പ്രയത്നിക്കണം. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി മര്‍കസിന്റെ കീഴില്‍ അഞ്ച് സിബിഎസ്ഇ സീനിയര്‍ സെക്കണ്ടറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത അക്കാദമിക വര്‍ഷം രാജ്കോട്ടില്‍ ഒരു ഡിഗ്രി കോളേജ് തുടങ്ങാനും മര്‍കസിന് പദ്ധതിയുണ്ട്.
ദേശീയ തലത്തില്‍ സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സുന്നി സമ്മേളനങ്ങളുടെ ഭാഗമായാണ് ഗുജറാത്തില്‍ ദേശീയ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം ഗുജറാത്ത് മുസ്‌ലിംകളുടെ മനസ്സില്‍ ഇടം നേടി. മാര്‍ച്ച് ഇരുപത്തിനാലാം തിയ്യതി മധ്യപ്രദേശിലെ ഇന്‍ഡോറിലെ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള സമാനമായ സമ്മേളനത്തിനും ഏപ്രില്‍ അവസാനം കശ്മീരില്‍ നടക്കുന്ന അക്കാദമിക സമ്മേളനത്തിനും ഓരോ ഖാലികുമാരെ കണ്ടെത്തി വ്യാജവാര്‍ത്ത ചമക്കാന്‍ ജമാഅത്ത് പത്രം ഇനിയും ഒരുപാട് വിയര്‍ക്കേണ്ടിവരും.

മര്‍കസ് എക്സ്പോ ശ്രദ്ധേയമായി

മര്‍കസ് വിജ്ഞാന വികസന മോഡല്‍ പരിചയപ്പെടുത്തുന്ന എക്സ്പോ ദേശീയ ഇസ്‌ലാമിക സമ്മേളന നഗരിയില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ഇദ്രീസ് വോറ ഐഎഎസ് ആണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. മര്‍കസ് ഗുജറാത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു എക്സ്പോയിലെ മുഖ്യ ഇനം. വിദ്യാഭ്യാസ രംഗത്തെ പുതിയ കാല്‍വെപ്പുകള്‍, സാമൂഹ്യ സേവനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എക്സ്പോ വിശദമായി പരിചയപ്പെടുത്തുകയുണ്ടായി. റിലീഫ് ആന്‍റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്കു കീഴില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കും കലാപത്തിലെ ഇരകള്‍ക്കും നല്‍കിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിശദമായ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. പാന്‍മസാലകള്‍ക്കെതിരെ ജനജാഗ്രത ക്ഷണിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ പ്രദര്‍ശനവും എക്സ്പോയെ ശ്രദ്ധാകേന്ദ്രമാക്കി.

ഗുജറാത്ത് പത്രങ്ങളില്‍ നിറഞ്ഞുനിന്ന ദേശീയ സമ്മേളനം

ദേശീയ ഇസ്‌ലാമിക സമ്മേളനം ഗുജറാത്തിലെ ഉര്‍ദുഗുജറാത്തിഇംഗ്ലീഷ് പത്രങ്ങളില്‍ നിറഞ്ഞുനിന്നു. സമ്മേളനത്തിന്റെ ഒരാഴ്ച മുമ്പുതന്നെ അതിന്റെ വിശേഷങ്ങള്‍ സംസ്ഥാനത്തെ മുസ്‌ലിംകള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വായിച്ചുതുടങ്ങിയിരുന്നു. സന്ദേശ്, ദിവ്യഭാസ്കര്‍, ആജ്കല്‍, സച്ച്മിത്ര്, ഫാറൂഖ്, ഗുജറാത്ത് ടുഡേ, ത്വയ്ബ, അല്‍ അശ്റഫി, ഇന്ത്യന്‍ എക്സ്പ്രസ്, രാഷ്ട്രീയ സഹാറ, അസീസുല്‍ ഹിന്ദ്, ഉഠാന്‍, രോശിനി, സ്വഹാഫത് തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളില്‍ വിശദമായ വാര്‍ത്തകളാണ് അച്ചടിച്ചു വന്നത്. ഗുജറാത്ത് സംസ്ഥാനത്തിനകത്ത് ഇത്തരമൊരു സമ്മേളനം ആദ്യത്തേതാണെന്നാണ് മിക്ക പത്രങ്ങളും വിശേഷിപ്പിച്ചത്. അഹ്മദാബാദ് നഗരം അക്ഷരാര്‍ത്ഥത്തില്‍ സമ്മേളനാരവത്തിലാണെന്നും പത്രങ്ങള്‍ എഴുതി. ശൈഖ് അബൂബക്കറിന്റെ ഹ്രസ്വ ജീവചരിത്രം മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചു. ചില പത്രങ്ങള്‍ ദേശീയ സമ്മേളനം ഗുജറാത്ത് മുസ്‌ലിം ചരിത്രത്തിന്റെ ഭാഗമായി മാറി എന്നു റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റു ചിലത് സമ്മേളനത്തിലെ ജനപങ്കാളിത്തം എടുത്തുപറഞ്ഞു.
സമ്മേളനം വിശദമായി പരിചയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത് പതിനായിരങ്ങള്‍ക്ക് സമ്മേളന നഗരിയില്‍ വരാന്‍ പ്രചോദനമായി. ഗുജറാത്ത് മുസ്‌ലിംകളുടെ ജനകീയ ഉര്‍ദു വാര്‍ത്താ ചാനലായ ഇടിവി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുമായി പ്രത്യേക ഇന്‍റര്‍വ്യൂ നടത്തി സംപ്രേഷണം ചെയ്തു. നരേന്ദ്രമോഡിയെ നേരിട്ട് അനുഭവിക്കുന്ന ഈ പത്ര മാധ്യമങ്ങളില്‍ ഒന്നുപോലും ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു ‘വിവാദ’വും കണ്ടില്ല എന്നത് നുണകള്‍ അച്ചടിച്ചുവിട്ട് സമ്മേളനത്തെ കൊച്ചാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേരളത്തിലെ ചില പത്രങ്ങള്‍ക്ക് പാഠമാണ്.

നവ്യാനുഭവമായി  ബുര്‍ദ മജ്ലിസ്
കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള ബുര്‍ദ മജ്ലിസ് സമ്മേളന ഭാഗമായി നടന്നത് ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. കാന്തപുരം അഹ്ദലിയ്യ ബുര്‍ദ ഫൗണ്ടേഷനാണ് ബുര്‍ദ അവതരിപ്പിച്ചത്. ഉര്‍ദുവിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഏറെ പരിചയമുള്ള ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് കേരളീയ ബുര്‍ദ പാരായണം ഹൃദ്യാനുഭവമായി.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ