വിജ്ഞാനം നാല് തലങ്ങളിലാണ് നിലകൊള്ളുന്നത്. വിജ്ഞാന സന്പാദനം, സ്വാശ്രയനാവും വിധമുള്ള ശേഖരണവും ലഭിച്ച ജ്ഞാനത്തില്‍ ചിന്ത പടര്‍ത്തി ആത്മനിര്‍വൃതി കൊള്ളല്‍, മറ്റുള്ളവര്‍ക്ക് ഉള്‍ക്കാഴ് പകരുന്ന ഉല്‍ബോധനം എന്നിവയാണവ. ഇതില്‍ നാലാമത്തേതത്രെ അത്യുല്‍കൃഷ്ടം. അറിഞ്ഞത് അനുഷ്ഠിക്കുന്നതോടൊപ്പം അപരന് പകരുക കൂടി ചെയ്യുന്നവന്‍ സൂര്യനും കസ്തൂരിക്കും സമാനമാണെന്ന് പണ്ഡിതര്‍ പറയുന്നു. സൂര്യന്‍ സ്വയം പ്രകാശിക്കുന്നതോടൊപ്പം മറ്റുള്ളവക്കും വെളിച്ചം പകരുന്നു. സ്വന്തമായുള്ള സുഗന്ധം കസ്തൂരി അന്യര്‍ക്കും പകരുന്നു. ഇതുപോലെയാണ് വിദ്യകൊണ്ട് മറ്റുള്ളവര്‍ക്ക് ധന്യതയേകുന്നവനും.
അറിവുണ്ടായിരിക്കെ അനുഷ്ഠാനമില്ലാത്തവന്‍ ഒരു താളിയോല പോലെയാണ്. അതില്‍നിന്നു മറ്റുള്ളവര്‍ക്ക് അറിവുകള്‍ നുകരാം. എന്നാല്‍ അതിനു സ്വന്തമായൊരു ഗുണവും അവകാശപ്പെടാനില്ല. ഇത്തരക്കാരെ സൂചിയോടും ഉപമിക്കാം. സൂചി നഗ്നത മറക്കാനുപയുക്തമായ തുണിത്തരങ്ങള്‍ നെയ്യാന്‍ ഉപയോഗപ്രദമാണ്. അതേ സമയം അത് നഗ്നവും. വിളക്കിന്റെ തിരി നോക്കൂ. മറ്റുള്ളതിന് വെളിച്ചം പകരുന്നു. അതാകട്ടെ സ്വയം നാശമടയുകയും ചെയ്യുന്നു.
വിജ്ഞാന പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയെന്നതു പ്രധാന സംഗതിയാണ്. വലിയ ഉത്തരവാദിത്തമാണ് അതിലൂടെ വന്നുചേരുന്നത്. അതിനാല്‍ അതുമായി ബന്ധപ്പെട്ട മര്യാദകളെപ്പറ്റി തികഞ്ഞ ബോധം നമുക്കുണ്ടാകണം. വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏഴായി സംഗ്രഹിക്കാം.
കൃപാമയ പെരുമാറ്റം
ശിഷ്യന്മാരോട് കൃപാകാരുണ്യത്തോടെ പെരുമാറുകയും സ്വന്തം മക്കളെ പോലെ അവരെ കണക്കാക്കുകയും ചെയ്യണം
നബി(സ്വ) പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്കു പിതാവിനെ പോലെയാണ്. ഗുരു നമ്മെ രക്ഷപ്പെടുത്തുന്നത് നരകത്തീയില്‍ നിന്നാണ്. മാതാപിതാക്കളാകട്ടെ ദുന്‍യാവിന്റെ തീയില്‍ നിന്നുമാത്രവും. ഇതുകൊണ്ടു തന്നെയാണ് ഗുരുവിനോടുള്ള കടപ്പാട് മാതാപിതാക്കളോടുള്ളതിനേക്കാള്‍ മികച്ചു നില്‍ക്കുന്നത്.
നാമാവശേഷമാകുന്ന ഈ ദുന്‍യാവിലെ ഉണ്‍മയ്ക്കു മാത്രമാണ് മാതാപിതാക്കള്‍ കാരണക്കാരാകുന്നത്. മാര്‍ഗദര്‍ശനമേകുന്ന ഗുരുനാഥനില്ലെങ്കില്‍ ശാശ്വതമായ ജീവിതം നാശത്തിലായിരിക്കും കലാശിക്കുക. ഭൗതികത ലക്ഷ്യമാക്കാതെ പരലോകത്തെ മുന്നില്‍കണ്ട് മറ്റു വിജ്ഞാനങ്ങള്‍ പകര്‍ന്നുതരുന്ന ഗുരുക്കന്മാരും ഇപ്രകാരം തന്നെ. എന്നാല്‍ കേവലം ദുന്‍യാവിനെ ലക്ഷ്യമാക്കി നടത്തുന്ന അധ്യാപനം നാശഹേതുകവും മ്ലേച്ഛവുമാണ്. അതില്‍ നിന്നു കാവല്‍ തേടല്‍ നിര്‍ബന്ധമാകുന്നു. പിതാവിന്റെ/മക്കളുടെ ബാധ്യത പരസ്പരം സ്നേഹം പകരലും സഹായ സഹകരണമേകലുമാണല്ലോ. അതുപോലെ തന്നെയാണ് ഗുരുവിന്റെ/ശിഷ്യഗണങ്ങളുടെ കാര്യവും. അവര്‍ പരസ്പരം സ്നേഹം പകരുകയും നുകരുകയും വേണം. ഇത് നടക്കണമെങ്കില്‍ പഠന ലക്ഷ്യം പരലോകമാകേണ്ടതുണ്ട്. ലക്ഷ്യം ദുന്‍യാവായാല്‍ സഹപാഠികള്‍ തമ്മില്‍ പോരും അസൂയയുമൊക്കെയാകും രൂപപ്പെടുക.
വിദ്യകൊണ്ട് അധികാരം കൊതിക്കുന്നവര്‍, “സത്യ വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാകുന്നു’ എന്ന ഖുര്‍ആന്‍ ആശയത്തില്‍ നിന്നു കുതറിയോടാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ ചെന്നു പെടുന്നത്, അന്നേ ദിവസം ഭക്തരല്ലാത്ത കൂട്ടുകാര്‍ പരസ്പരം ശത്രുക്കളായി പിരിയും എന്ന ഖുര്‍ആന്‍ താക്കീതിന്റെ തീരത്തത്രെ.
പ്രതിഫല നിര്‍മോഹം
ഗുരുനാഥന്റെ രണ്ടാമത്തെ ഉത്തരവാദിത്തം തിരുനബിയുടെ ശരീഅത്തിനെ പൂര്‍ണാര്‍ത്ഥത്തില്‍ പിമ്പറ്റലാണ്. വിജ്ഞാന പ്രചാരണം കൊണ്ട് ഭൗതികമായ പ്രതിഫലം മോഹിക്കരുത്. അന്യരുടെ പ്രശംസപോലും ലക്ഷ്യമാക്കരുതെന്നാണ് നിര്‍ദേശം. തിരുനബിയോട് അല്ലാഹു പറഞ്ഞത് പ്രസ്താവ്യമാണ്. “നബിയേ പ്രഖ്യാപിക്കുക, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല’ (ഖുര്‍ആന്‍).
ഗുരുനാഥന്‍ താന്‍ ശിഷ്യന്മാര്‍ക്ക് ചെയ്തു കൊടുത്ത ഗുണങ്ങള്‍ എടുത്തുപറയാനും പാടില്ല. ശിഷ്യന്മാര്‍ക്ക് മഹത്തായ ഗുണമാണ് ഗുരു ചെയ്യുന്നതെന്നതു ശരിതന്നെ. പക്ഷേ, അത് ഗുരു തന്നെ തുറന്നുപറയേണ്ടതല്ല. അതേ സമയം ശിഷ്യഗണങ്ങള്‍ ഗുരുവില്‍ നിന്നു ലഭിച്ച ഗുണങ്ങളെപ്പറ്റി എപ്പോഴും ബോധവാന്മാരായിരിക്കണം. തങ്ങളുടെ മാതാപിതാക്കളോടുള്ളതിനേക്കാള്‍ ശക്തമായ കടപ്പാടുകള്‍ ഗുരുവിനോട് കാണിക്കുക.
സ്വന്തം ഗുണങ്ങള്‍ എടുത്തു പറയുകയല്ല, തന്റെ മുന്നില്‍ അനുസരണയോടെ വന്നിരിക്കാനും പഠിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായതില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ഗുരു വേണ്ടത്. ശിഷ്യന്മാര്‍ കാരണം പരലോകത്ത് ഉന്നത പ്രതിഫലം സ്വായത്തമാക്കാന്‍ കഴിയുമെന്ന വിചാരമാകണം ഗുരുവിനെ നയിക്കേണ്ടത്. വിദ്യ പകര്‍ന്നു നല്‍കുന്നതിന് പകരം ഭൗതിക സേവനമോ സുരക്ഷയോ ലക്ഷ്യമാക്കിയാല്‍ ചെയ്ത കര്‍മങ്ങളെല്ലാം ഫലശൂന്യമായി പോകുന്നതാണ്. ഇഹലോകത്തുള്ളതൊക്കെ ശരീരത്തിന്റെ സൗഖ്യവും സേവനവും ലക്ഷ്യമാക്കിയുള്ളതാണ്. ദുന്‍യാവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിനു വേണ്ടിയാണല്ലോ. ശരീരം മനസ്സിന്റെ സേവകനാണ്. മനസ്സാണ് മനുഷ്യനു മഹത്ത്വമേകുന്നത്. അറിവ് കൊണ്ട് സമ്പത്ത് ലക്ഷ്യമാക്കുന്നവന്‍ മുന്തിയത് വിറ്റ് താണത് വാങ്ങുന്നവനെ പോലെയാണ്. ഒരു ചെരിപ്പിന്റെ അടിഭാഗം കൊണ്ട് മറ്റെ ചെരിപ്പിന്റെ മേല്‍ഭാഗം തുടക്കുന്ന വിഡ്ഢിത്തമാണവന്‍ ചെയ്യുന്നത്.
ഗുരുനാഥന്‍ ഒരിക്കലും തന്റെ അധ്യാപന ലക്ഷ്യം ഭൗതികതയില്‍ തളച്ചിടരുത്. ശിഷ്യനു ഉസ്താദില്‍ നിന്ന് കിട്ടുന്നത് മഹത്തായ അനുഗ്രഹമാണ്. അത് എടുത്തു പറയാന്‍ അവകാശമുണ്ടെങ്കിലും പലപ്പോഴും ലക്ഷ്യം പിഴക്കാന്‍ കാരണമാകുമെന്നോര്‍ക്കണം. ഉദ്ദ്യേം വഴിമാറിയാല്‍ കാര്യം അവതാളത്തിലാകും. ക്രമേണ ശിഷ്യന്‍ ഗുരുവിനോടും കണക്കു പറയുന്ന അവസ്ഥയുണ്ടായേക്കും. അവസാനം ആ പേരില്‍ ശിഷ്യന്‍ പ്രതിഫലം പോലും ആവശ്യപ്പെട്ടേക്കും. ദുര്‍ബലനായ ഗുരു ഈ ഘട്ടത്തില്‍ ശിഷ്യരുടെ കൊഴിഞ്ഞുപോക്ക് ഭയന്ന് എന്തിനും തയ്യാറാവും. യഥാര്‍ത്ഥ ദീനീ സ്വഭാവം അതോടെ നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ.
ശിഷ്യന് വഴങ്ങരുത്
പഠനവിഷയത്തില്‍ ശിഷ്യന്റെ നിര്‍ദേശത്തിന് പൂര്‍ണമായി ഗുരു വഴങ്ങരുത്. ശിഷ്യന്‍ യോഗ്യനാവുന്നതിന് മുമ്പ് വല്ല സ്ഥാനവും കൊതിക്കുകയോ, ബാഹ്യജ്ഞാനങ്ങള്‍ നേടിത്തീരുന്നതിന് മുമ്പ് ആന്തരിക ജ്ഞാനങ്ങള്‍ പഠിക്കണമെന്നു പറയുകയോ ചെയ്താല്‍ നല്ല വിധത്തില്‍ ഉപദേശിച്ചു ശരിപ്പെടുത്തണം. ശിഷ്യന്റെ പഠന ലക്ഷ്യം ദുന്‍യാവാണെന്നു തോന്നിയാല്‍ തുടര്‍ന്നുള്ള അധ്യാപനത്തില്‍ നല്ല ആലോചന വേണം. സ്ഥാനമോഹവും ജനപ്രീതിയിലുള്ള താല്‍പര്യവുമൊന്നും ക്ഷന്തവ്യമല്ല.
പഠിതാവ് വെറും തര്‍ക്കവിതര്‍ക്കങ്ങളിലും ശാഖാപരവും അത്യപൂര്‍വവുമായ വിജ്ഞാനങ്ങളിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ അത് ഭാവിയില്‍ അപകടം വരുത്തും. മനസ്സ് കഠിനമാകാനും അല്ലാഹുവില്‍ നിന്ന് അകലാനും അത്യാഗ്രഹവും ഭൗതികാസക്തിയും പിറവിയെടുക്കാനും അത് കാരണമാകും. അത്തരക്കാരെ ഒരു വിധത്തിലും വിശ്വസിക്കാന്‍ കൊള്ളില്ല. ഫത്വ സ്വീകരിക്കണമെങ്കില്‍ അത് നല്‍കുന്നവന്‍ തികഞ്ഞ നീതിമാനും സൂക്ഷ്മജ്ഞനുമായിരിക്കണമല്ലോ. അല്ലാഹുവിനെ പേടിക്കാത്തവന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും. അവനില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരിക്കാനാവില്ല.
സുഫ്യാനുസ്സൗരി(റ) ദുഃഖ പരവശനായിരിക്കുന്നത് കണ്ട് ശിഷ്യന്മാര്‍ ചോദിച്ചു: എന്തുപറ്റി ഗുരോ? അദ്ദേഹം പറഞ്ഞു: “നാമൊക്കെ ഇപ്പോള്‍ ദുന്‍യാവിന്റെ ആളുകളുടെ കച്ചവടച്ചരക്കായിത്തീര്‍ന്ന മട്ടാണ്. നമ്മെ അവര്‍ വിലക്കെടുത്തു കൊണ്ടിരിക്കുകയാണ്. വല്ലതും പഠിച്ച് ഖാസി, ഗവര്‍ണര്‍, ഉദ്യോഗസ്ഥന്‍ എന്നീ തസ്തികകള്‍ സന്പാദിക്കുന്ന തിരക്കാണിന്ന് എവിടെയും.’
മനഃശാസ്ത്ര സമീപനം
ഗുരുവിന്റെ നാലാമത്തെ ഉത്തരവാദിത്തം ശിഷ്യന്റെ ദുഃസ്വഭാവങ്ങളെ അവസരോചിതം ഉണര്‍ത്തുക എന്നതാണ്. മനഃശാസ്ത്രപരമായി വേണം ഇതു ചെയ്യാന്‍. പരസ്യമായി എതിര്‍ക്കരുത്. വ്യംഗ്യമായ വിധത്തിലും കാരുണ്യത്തോടെയുമാകണം ഉപദേശം. വഷളാക്കുന്ന സ്ഥിതി പാടില്ല. ശിഷ്യന്റെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന വിധം പരസ്യമായി പറഞ്ഞാല്‍ വിപരീത ഫലമാകും ഉണ്ടാകുക.
ഉസ്താദുമായി പുലര്‍ത്തുന്ന ഗാംഭീരാവസ്ഥയുടെ മറപൊളിയാനും താന്‍ വിലക്കിയ കാര്യം ഒരു തരം പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കാനും അതു കളമൊരുക്കിയേക്കും. നബി(സ്വ) പറഞ്ഞു: ഒട്ടകത്തിന്റെ ഉണക്കക്കാഷ്ടം അതിന്റെ കാഠിന്യം മനസ്സിലാക്കി ജനങ്ങള്‍ക്ക് നിഷേധിച്ചാല്‍ അവര്‍ പറയും: അത് നിഷേധിക്കാന്‍ കാരണം അതിലെന്തോ രഹസ്യം ഉള്ളതാണെന്ന്.’ ഇങ്ങനെ ചിന്തിക്കുക മനുഷ്യന്റെ പ്രകൃതിപരമായ സ്വഭാവമാണ്. ആദംഹവ്വാ(അ) ദമ്പതികളുടെ ചരിത്രത്തില്‍ പ്രത്യേക കനി തിന്നരുതെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യം അറിയാന്‍ വെമ്പലുളവാക്കി.
നിന്ദിക്കാനിടം നല്‍കരുത്
പ്രത്യേക വിജ്ഞാന ശാഖയില്‍ അവഗാഹം നേടാന്‍ ഒരുങ്ങിപ്പുറപ്പെട്ട ശിഷ്യന്റെ മനസ്സില്‍ മറ്റുള്ള വിജ്ഞാന ശാഖകളെല്ലാം വില കുറഞ്ഞതാണെന്ന ധാരണയുണ്ടാക്കും വിധമുള്ള സമീപനം ഗുരുവില്‍ നിന്നുണ്ടാകരുത്. നല്ല ഗുരുനാഥന്‍ ചെയ്യേണ്ടത് തന്റെ വിദ്യാര്‍ത്ഥിക്ക് വിജ്ഞാനത്തിന്റെ വ്യത്യസ്ത വഴികള്‍ തുറന്നുകൊടുക്കുകയാണ്. അതോടൊപ്പം അവയില്‍ നിന്നും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതും ശ്രേഷ്ഠമായതും ക്രമമനുസരിച്ച് വകതിരിച്ചു കൊടുക്കുകയും വേണം.
ബുദ്ധിക്കനുസൃതം
ഗുരുവിന്റെ ആറാമത്തെ ബാധ്യത ശിഷ്യന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതും അവന്റെ ബുദ്ധിയെ കുഴപ്പത്തിലാക്കുന്നതുമായ കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കലാണ്. തിരുനബി(സ്വ)യുടെ മാതൃകയാണിത്. അവിടുന്ന് പറഞ്ഞു: “തീര്‍ച്ച, നബിമാരായ ഞങ്ങളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്, ആളുകളെ അവരര്‍ഹിക്കുന്ന സ്ഥാനത്ത് ഇരുത്തണമെന്നും അവരുടെ ബുദ്ധിയുടെ തോതനുസരിച്ച് സംസാരിക്കണമെന്നുമാണ്.’
മറ്റൊരിക്കല്‍ അവിടുന്നു പറഞ്ഞു: “ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അവരില്‍ ചിലരെങ്കിലും അതു കാരണം അപകടത്തില്‍ പെടാതിരിക്കില്ല.’ പുറത്തു പറയാന്‍ പാടില്ലാത്ത വിജ്ഞാന ശേഖരത്തെപറ്റി ഒരിക്കല്‍ സ്വന്തം നെഞ്ചത്തേക്ക് ചൂണ്ടി അലി(റ) പറഞ്ഞു: “ഇതാ ഇവിടെ ഒരു കൂട്ടം വിജ്ഞാനങ്ങളുണ്ട്. പക്ഷേ അതേറ്റുവാങ്ങാന്‍ എനിക്കാരെയും കിട്ടുന്നില്ല.’
ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരെ കിട്ടിയാല്‍ മാത്രം അത്തരം കാര്യങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് മര്യാദ. ഉള്‍ക്കൊള്ളുക എന്നാല്‍ ഉപകാരപ്പെടുക എന്നര്‍ത്ഥം. ഈസാ നബി(അ) പറഞ്ഞു: “നിങ്ങള്‍ രത്നത്തെ പന്നിയുടെ കഴുത്തില്‍ കെട്ടിക്കൊടുക്കരുത്. വിജ്ഞാനം രത്നത്തേക്കാള്‍ വിലയേറിയതാണ്. അതിനെ അവജ്ഞയോടെ കാണുന്നവന്‍ പന്നിയേക്കാള്‍ മോശമത്രെ.’
പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുക
വിജ്ഞാനത്തിന്റെ ഏഴാമത്തെ അനിവാര്യ ഘടകം പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. കര്‍മം വാക്കിനെ കളവാക്കുന്ന ഗതി വരരുത്. വിജ്ഞാനത്തെപ്പറ്റി ഗ്രഹിക്കണമെങ്കില്‍ ഉള്‍ക്കാഴ്ച വേണം. എന്നാല്‍ അനുഷ്ഠാനം മനസ്സിലാക്കാന്‍ പുറം കാഴ്ച മതി. പ്രവര്‍ത്തികള്‍ക്കെതിരായ വാക്കുകള്‍ പരിഹാസ്യങ്ങളാണ്. ഒരാള്‍ ഭക്ഷണ പദാര്‍ത്ഥത്തില്‍ വിഷമുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ തടയുകയും എന്നിട്ട് അയാള്‍ തന്നെ അത് തിന്നുകയും ചെയ്താല്‍ അവനെ ആര് വിശ്വസിക്കും. ജനങ്ങള്‍ പരിഹസിക്കുമെന്ന് മാത്രമല്ല, അതെല്ലാം സ്വയം അകത്താക്കാനുള്ള ആര്‍ത്തി കാരണമാണ് അവനങ്ങനെ പറഞ്ഞതെന്നും, ആ അന്നം വളരെ മുന്തിയതായതിനാലാണ് നമുക്ക് തരാത്തതെന്നുമൊക്ക അവര്‍ പറയാനിടയുണ്ട്.
ഉപദേശകന്‍ കളിമണ്ണില്‍ ശില്‍പങ്ങളുണ്ടാക്കുന്നവരുടെ അച്ച്പോലെയാണ്. അച്ചിനനുസരിച്ചായിരിക്കും മണ്ണില്‍ ശില്‍പങ്ങള്‍ വിരിയുക. ഒരു കൊത്തുപണിയുമില്ലാത്ത അച്ചെങ്ങനെ ശില്‍പങ്ങളെ രൂപപ്പെടുത്തും? സ്വയം നന്നാവാത്തവര്‍ എങ്ങനെ മറ്റുള്ളവരെ സംസ്കരിക്കും? അല്ലാഹു പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ കാര്യത്തെ പറ്റെ മറന്ന് ജനങ്ങളോട് നന്മ ചെയ്യാന്‍ ആവശ്യപ്പെടുകയാണോ? (ഖുര്‍ആന്‍).
അലി(റ) പറഞ്ഞു: “രണ്ടു പേരുടെ നടുവൊടിഞ്ഞിരിക്കുന്നു. വിവരമില്ലാത്ത ഇബാദത്തുകാരനും ഇബാദത്തില്ലാത്ത ജ്ഞാനിയുമാണവര്‍. ഇവരില്‍ ഒന്നാമന്‍ തന്റെ ആരാധനകള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കുമ്പോള്‍ അപരന്‍ ആളുകളെ അനുഷ്ഠാനങ്ങളില്‍ നിന്നു അകറ്റുകയാണ് ചെയ്യുന്നത്.
(ഫാതിഹതുല്‍ ഉലൂം)
ഇമാം ഗസ്സാലി(റ)/സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ