സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ചരിത്രത്തില്‍ ഇടംനേടിയ മഹാ സംഗമമായി മാറി. 2014 ഏപ്രില്‍ 24-ന് കല്‍പറ്റയില്‍ വെച്ച് പ്രഖ്യാപിച്ചതു മുതല്‍ നടന്നുവന്ന സജ്ജീകരണങ്ങള്‍ക്കും ജനകീയ കര്‍മപദ്ധതികള്‍ക്കുമൊടുവില്‍ 2015 ഫെബ്രുവരി 26,27,28, മാര്‍ച്ച് 1 തിയ്യതികളില്‍ കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടന്ന സമാപന സമ്മേളനം ഇസ്ലാമിക സമൂഹത്തിന്‍റെ മുന്നേറ്റവഴിയില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
മൂന്നു ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്മേളനം നാലു ദിവസമാക്കിയെങ്കിലും ഫലത്തില്‍ എട്ട് ദിവസത്തെ മഹാ സമ്മേളനമായി മാറുകയായിരുന്നു. പതിനയ്യായിരം പേര്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനവും കൂടാതെ കടല്‍തൊഴിലാളി സമ്മേളനം, തൊഴിലാളി സമ്മേളനം, അന്യസംസ്ഥാന തൊഴിലാളി സമ്മേളനം, കര്‍ഷക സമ്മേളനം, സ്ഥാപന മേധാവികളുടെ സമ്മേളനം, സാന്ത്വനം ക്ലബ്ബ് കോണ്‍ഫറന്‍സ്, ഐസിഎഫ് കമ്മ്യൂണ്‍, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, എംഒഐ നാഷണല്‍ മീറ്റ്, പ്രൊഫഷണല്‍ കോണ്‍ഫറന്‍സ്, വ്യാപാരി വ്യവസായി സമ്മേളനം, കാമ്പസ് സമ്മിറ്റ് എന്നീ പതിനൊന്ന് സമ്മേളനങ്ങള്‍ കൂടി നടന്നതോടെ അറുപതാം വാര്‍ഷികം വേറിട്ടൊരു അനുഭവമായി മാറുകയും ഒട്ടേറെ സമ്മേളനങ്ങളുടെ ഒന്നിച്ചുള്ള ഇഫക്ടും നേട്ടങ്ങളും സൃഷ്ടിക്കുകയും ചെയ്തു. പങ്കാളിത്തം കൊണ്ടും വിഭവങ്ങള്‍ കൊണ്ടും ശ്രദ്ധേയവും ഒന്നിനൊന്നു മെച്ചപ്പെട്ടതുമായിരുന്നു എല്ലാ സമ്മേളനങ്ങളും.
കോട്ടക്കല്‍, എടരിക്കോട് പ്രദേശങ്ങളിലെ സുന്നി സംഘ കുടുംബത്തോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും ഒന്നായി സമ്മേളനത്തെ ഏറ്റെടുക്കുകയും ആതിഥ്യമരുളുകയുമുണ്ടായി. സ്ഥല ഉടമകളും അയല്‍വാസികളും ജനപ്രതിനിധികളും സാധാരണക്കാരും ഉദ്യോഗസ്ഥരും കച്ചവടക്കാരും തുടങ്ങി എല്ലാ തുറകളിലുമുള്ളവര്‍ കലവറയില്ലാത്ത പിന്തുണയും സഹകരണവും നല്‍കി ഈ മഹാസംഗമത്തിന്‍റെ ഭാഗമാവുകയായിരുന്നു.
പ്രവര്‍ത്തകരുടെയും ഗുണകാംക്ഷികളുടെയും വളണ്ടിയര്‍മാരുടെയും സര്‍വോപരി പരിസരങ്ങളിലെ കാരണവന്മാരുടെയും സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഈ പശ്ചാത്തല പിന്തുണയാണ് അറുപതാം വാര്‍ഷികത്തെ വേറിട്ടുനിര്‍ത്തുന്ന സുപ്രധാനമായൊരു ഘടകം.
ഫെബ്രുവരി 8-ന് നടന്ന പന്തല്‍കാല്‍ നാട്ടല്‍ കര്‍മം തന്നെ ഒരു സമ്മേളന പ്രതീതി ജനിപ്പിച്ചു. തുടര്‍ന്ന് ദിവസവും താജുല്‍ ഉലമ നഗരിയിലേക്ക് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. പ്രകടനങ്ങളായും തക്ബീര്‍ മുഴക്കിയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെ ജനം സജീവമാക്കി. സമ്മേളന നാളുകളില്‍ കുടിവെള്ളവും പലഹാരങ്ങളും മറ്റു നാളുകളില്‍ പതിനായിരങ്ങള്‍ക്ക് വിരുന്നൊരുക്കുന്നതിലും സമാപന ദിവസത്തെ ജനസഞ്ചയത്തിന് വുളു ചെയ്യാനും നിസ്കരിക്കാനും വീടും പറമ്പും സൗകര്യപ്പെടുത്തുന്നതിലും സ്ത്രീകളും കുട്ടികളും അമുസ്ലിം കുടുംബങ്ങളും വരെ പങ്കാളിത്തം വഹിക്കുകയുണ്ടായി. നേതാക്കളെയും അതിഥികളെയും സംഘാടകരെയും സ്വീകരിക്കാന്‍ വീടൊഴിഞ്ഞു തരുന്ന പലര്‍ക്കും വേണ്ട വിധം സല്‍ക്കരിക്കാനായില്ലല്ലോ എന്ന പരിഭവമായിരുന്നു. മാര്‍ച്ച് ഒന്നിന് ശേഷം ‘സമ്മേളനം കഴിഞ്ഞുപോയല്ലോ’ എന്ന സങ്കടം പങ്കുവെക്കുകയാണെല്ലാവരുമെന്നത് അതിശയോക്തിയല്ല. അതിനുമാത്രം ജനഹൃദയങ്ങളില്‍ ഇടം നേടിയാണ് ആ വിസ്മയ മുഹൂര്‍ത്തങ്ങള്‍ക്ക് തിരശ്ശീല വീണത്.
നേതൃത്വത്തിന്‍റെയും സ്വാഗതസംഘത്തിന്‍റെയും സംഘാടക മികവ് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു സജ്ജീകരണങ്ങളെല്ലാം. ഒമ്പത് ബ്ലോക്കുകളുടെ കീഴില്‍ 29 ഉപസമിതികളിലായി വികേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിനാല്‍ തന്നെ പഴുതടച്ച ക്രമീകരണങ്ങളും കുറ്റമറ്റ സജ്ജീകരണങ്ങളും ഉറപ്പുവരുത്താനായി. 15000 പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കാനും നിസ്കരിക്കാനുമായി ഏര്‍പ്പെടുത്തിയ രണ്ടു പടുകൂറ്റന്‍ പന്തലുകളും അനുബന്ധ സമ്മേളനങ്ങള്‍ക്കായി തയ്യാറാക്കിയ മൂന്നു പന്തലുകളും ടെന്‍റുകളും കമാനങ്ങളും കവാടങ്ങളും പശ്ചാത്തലങ്ങളുമെല്ലാം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയവയായിരുന്നു. ഒപ്പം ഇസ്ലാമിക പാരമ്പര്യവും വിശുദ്ധിയും വിളിച്ചറിയിക്കുന്നതും.
എട്ടുനാള്‍ നീണ്ട ‘ദിമശ്ഖ്’ ഫെയറും വിദഗ്ധരായ ഡോക്ടര്‍മാരുടെ നിയന്ത്രണത്തില്‍ സദാസമയവും സജീവമായി പ്രവര്‍ത്തിച്ച മെഡിക്കല്‍ കൗണ്ടറുമൊക്കെ നഗരിയിലെ ആകര്‍ഷക കേന്ദ്രങ്ങളായിരുന്നു.
നഗരിയിലെ കുടിവെള്ള വിതരണവും ഊട്ടുപുരയും പാചകവും വിളമ്പലും വിതരണവും ഹൃദ്യമായ കാഴ്ചകളായി സംഘാടന മികവ് തെളിയിച്ചു. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ‘സീറോവെയ്സ്റ്റ്’ സംവിധാനമാണ്. വിദഗ്ധരായ ടെക്നീഷ്യന്മാരുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ നേരിട്ട് ഉപയോഗപ്പെടുത്തിയ നൂറേക്കര്‍ നഗരിയും എന്‍.എച്ച്, തിരൂര്‍ പാതയോരങ്ങളും മാലിന്യമുക്തമാക്കി പുതിയൊരു സമ്മേളന മാതൃക തന്നെ സൃഷ്ടിക്കപ്പെടുകയുണ്ടായി.
ഒരു മാസക്കാലം സമ്മേളന ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയ കൃഷിയിടങ്ങളും അനുബന്ധ സ്ഥലങ്ങളും സമ്മേളനങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ പൂര്‍വസ്ഥിതിയില്‍ കൃഷിയോഗ്യമാക്കി മാറ്റി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുവാനും സാധിച്ചു. ഫെബ്രുവരി 22 മുതല്‍ നടന്ന നാലു ദിവസത്തെ സാംസ്കാരിക പരിപാടികള്‍ പ്രാദേശിക സഹകരണവും പങ്കാളിത്തവും ലക്ഷ്യംവെച്ച് സംഘടിപ്പിച്ചവയായിരുന്നുവെങ്കിലും എല്ലാം ജനപങ്കാളിത്തം കൊണ്ടും പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായും വലിയ സമ്മേളനങ്ങളായി മാറി.
26-ലെ സ്വഫ്വ മാര്‍ച്ചും സമര്‍പ്പണവും അനുബന്ധമായ 60 പതാക ഉയര്‍ത്തല്‍ ചടങ്ങും സംഘടനയുടെ അടുക്കും ചിട്ടയും അച്ചടക്കവും ബോധ്യപ്പെടുത്തുന്നതായി. പതിനായിരങ്ങള്‍ ഇതിനു ദൃക്സാക്ഷികളായി. 25000 വളണ്ടിയര്‍മാര്‍ എന്‍എച്ചിലൂടെ മണിക്കൂറുകളോളം മാര്‍ച്ച് ചെയ്തിട്ടും കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല എന്ന സത്യം തെല്ല് വിസ്മയത്തോടു കൂടിയാണ് നിയമപാലകര്‍ പിന്നീട് പങ്കുവെച്ചത്.
പ്രതിനിധി സമ്മേളനങ്ങളിലും ഉപസമ്മേളനങ്ങളിലുമെല്ലാം പ്രസ്ഥാനത്തിന്‍റെ സമുന്നത സാരഥികളായ സാദാത്തുക്കളുടെയും ഉലമാക്കളുടെയും ഉമറാക്കളുടെയും സജീവ സാന്നിധ്യവും ഇടപെടലുമുണ്ടായി. കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതനിതികളുമുള്‍പ്പെടെ ക്ഷണിക്കപ്പെട്ട മുഴുവന്‍ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും വിദേശ പ്രതിനിധികളും ദേശീയ നേതാക്കളും പത്രപ്രവര്‍ത്തകരുമെല്ലാം സജീവമായി തന്നെ സംബന്ധിക്കുകയുണ്ടായി. വിഭവ വൈവിധ്യങ്ങള്‍ക്കൊപ്പം പൂര്‍ണമായ സമയനിഷ്ഠയും കാത്തുസൂക്ഷിക്കാനായി. എല്ലാ സെഷനുകളെയും പ്രതിനിധികള്‍ക്കു പുറമെ ആയിരക്കണക്കിന് ശ്രോതാക്കള്‍ ജനനിബിഡമാക്കി.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ മുതല്‍ തന്നെ സ്പെഷ്യല്‍ വാഹനങ്ങളിലായും അല്ലാതെയും സുന്നി കേരളം ഒന്നായി നഗരിയില്‍ ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. കേരളത്തിലെ ആധികാരിക പണ്ഡിതസഭയായ സമസ്തയുടെ നേതൃത്വത്തില്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന സുന്നി സംഘശക്തിയുടെ ജനകീയ മുഖമായ എസ് വൈഎസിന്‍റെ പിന്നിട്ട 60 ആണ്ടിന്‍റെ കരുത്ത് അനാവരണം ചെയ്യുന്നതായിരുന്നു സമാപന മഹാസംഗമം. വിശേഷിച്ചും ചരിത്രപ്രധാനമായ എസ് വൈഎസ് ഗോള്‍ഡന്‍ ജൂബിലി സമ്മേളനം നല്‍കിയ കര്‍മാവേശവും സന്ദേശങ്ങളും കൈമുതലാക്കി കഴിഞ്ഞ പത്തു വര്‍ഷക്കാലം നടപ്പിലാക്കിയ ജനകീയ പദ്ധതികളും കരുതലോടെയുള്ള കാല്‍വെപ്പുകളും നേടിത്തന്ന പ്രാസ്ഥാനിക വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന വന്‍ജനാവലിയാണ് ഒഴുകിയെത്തിയത്. എന്‍ച്ച് 17-നും എടരിക്കോട്-തിരൂര്‍ സ്റ്റേറ്റ് ഹൈവേക്കുമിടയിലെ നൂറേക്കര്‍ നഗരി ഉള്‍ക്കൊള്ളാനാവാതെ പരിസര വയലുകളും എന്‍എച്ചില്‍ വെന്നിയൂര്‍ മുതല്‍ പറമ്പിലങ്ങാടി വരെയും കിലോമീറ്ററുകളോളം ജനലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞു. സംഘാടകരുടെ എല്ലാ കണക്കുകളും തെറ്റി. ശബ്ദവും വെളിച്ചവും പാര്‍ക്കിംഗ് ഗ്രൗണ്ടുകളും ക്രമീകരണങ്ങളെല്ലാം അപര്യാപ്തമായി. എന്നിട്ടും അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ എല്ലാം നിയന്ത്രണവിധേയമായി. വിസ്മയക്കാഴ്ചകളും മാതൃകകളുമായി.
അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷാ ദിനപത്രങ്ങള്‍ ഉള്‍പ്പെടെ ദേശീയാന്തര്‍ദേശീയ മീഡിയകള്‍ സമ്മേളന സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു. പുറമെ സംഘകുടുംബത്തിന്‍റെതായി ഓണ്‍ലൈന്‍ ചാനല്‍, ക്ലാസ്റൂം തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഇസ്ലാമിക് മീഡിയ മിഷനും തത്സമയം സംപ്രേക്ഷണം ചെയ്യുകയുണ്ടായി.
സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകൃതമായ താജുല്‍ ഉലമ സ്മരണിക രണ്ടാം പതിപ്പും എംഎ ഉസ്താദിന്‍റെ സംയുക്ത കൃതികളും 60-ാം വാര്‍ഷിക സ്മരണികയും വന്‍ സ്വീകാര്യതയാണ് നേടിയത്.
ഞായറാഴ്ച രാത്രി 11.20-ന് സമ്മേളനം സമാപിക്കുമ്പോള്‍ തിമര്‍ത്തു പെയ്ത കാരുണ്യമഴ സമ്മേളനം എല്ലാ അര്‍ത്ഥത്തിലും വിജയിച്ചുവെന്നു വിളിച്ചോതുന്ന തരത്തിലുള്ള ശുഭസൂചനയായി വിലയിരുത്തപ്പെട്ടു.
ഇനിയൊരു പത്തുവര്‍ഷക്കാലം, അല്ല ഒരു നൂറ്റാണ്ടുകാലം സമഗ്രവും സാര്‍വത്രികവും സര്‍വതല സ്പര്‍ശിയുമായ ഇസ്ലാമിക പ്രബോധനത്തിനു നായകത്വം നല്‍കാന്‍ കെല്‍പുറ്റ നേതൃത്വവും അണികളും, അവരെ ഉള്‍ക്കൊള്ളാനും നെഞ്ചേറ്റാനും പാകപ്പെട്ട ജനമനസ്സും സുസജ്ജമാണെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയാണ് സമ്മേളനം അരങ്ങൊഴിഞ്ഞത്.

മുഹമ്മദ് പറവൂര്‍

——————————————————————————————————————-

‘സീറോ വേസ്റ്റ്’ വേറിട്ടൊരു സമ്മേളന മാതൃക
എല്ലാ അര്‍ത്ഥത്തിലും വേറിട്ടൊരു സമ്മേളനമായിരുന്നു എസ് വൈഎസ് 60-ാം വാര്‍ഷിക സമ്മേളനം. ജനകീയ കൃഷിത്തോട്ടം ഉള്‍പ്പെടെ പത്തു മാസം സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ കര്‍മപദ്ധതികള്‍ക്കൊപ്പം നാലു ദിവസത്തെ വൈവിധ്യമാര്‍ന്ന സമാപന സമ്മേളനവും അനുബന്ധ പരിപാടികളും സമൂഹത്തിന് ഉദാത്തമായ ഒട്ടനേകം മാതൃകകളും സന്ദേശങ്ങളും സമ്മാനിക്കുകയുണ്ടായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ മണ്ണിന്‍റെ ഘടനയെയും കാലാവസ്ഥയെയുമെല്ലാം തകിടം മറിക്കുകയും പകര്‍ച്ചവ്യാധികള്‍ സാര്‍വത്രികമാവാന്‍ കാരണമാവുകയും ചെയ്യുന്ന മാലിന്യക്കൂമ്പാരങ്ങള്‍ ഇന്ന് കേരളത്തിന്‍റെ തീരാശാപമായി മാറുകയാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും ശരിയാംവിധം സംസ്കരിക്കാത്തതും മുഖ്യപ്രശ്നമാണിന്ന്. സമരങ്ങളും സമ്മേളനങ്ങളും സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ നാട്ടില്‍ എന്നും വാര്‍ത്തയാവാറുണ്ട്. കോട്ടക്കല്‍ എടരിക്കോട്ട് തന്നെ നടന്ന ചില സമ്മേളനങ്ങള്‍ വരുത്തിവെച്ച മലിനീകരണം നാട്ടുകാര്‍ ഇന്നും മറന്നിട്ടില്ല.
ഇതിനിടയിലാണ് ജനലക്ഷങ്ങളെത്തി എട്ടു രാപ്പകലുകള്‍ നിറഞ്ഞുനിന്ന സമ്മേളന നഗരിയും പരിസരവും മാലിന്യമുക്തമാക്കി സുന്നി സംഘശക്തി പുതിയ മാതൃക സൃഷ്ടിച്ചത്. ‘സീറോവെയ്സ്റ്റ്’ എന്ന സംവിധാനമായിരുന്നു ഇതിനായി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. നഗരിയും പരിസരവും മാലിന്യമുക്തമാക്കുന്നതോടൊപ്പം ഒന്നും മാലിന്യങ്ങളല്ലെന്നും വിഭവങ്ങളാണെന്നുമുള്ള ആശയം ഉയര്‍ത്തിപ്പിടിച്ച് നൂറ് വളണ്ടിയര്‍മാരെ പരിശീലിപ്പിച്ചു.
സമ്മേളന സ്വാഗതസംഘത്തിലെ അഞ്ചാം നമ്പര്‍ ബ്ലോക്കിനു കീഴില്‍ സക്കീര്‍ നാളിശ്ശേരി, അയ്യൂബ് താനാളൂര്‍, ഗഫൂര്‍ തലക്കടത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ സര്‍വീസസ് ഉപസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഇബ്റാഹിം വാരിയത്ത് വളണ്ടിയര്‍ വിംഗിന് നേതൃത്വം നല്‍കി. മര്‍കസ് കേന്ദ്രീകരിച്ച് ദേശീയതലത്തില്‍ സേവനം ചെയ്യുന്ന ആര്‍സിഎഫ്ഐ പ്രവര്‍ത്തകരും എന്‍പയര്‍മെന്‍റ് സയന്‍സില്‍ ബിരുദധാരികളുമായ ജാബിര്‍, ജംഷാദ് എന്നിവരും ശേഖരിച്ച മാലിന്യങ്ങള്‍ ഇനം തിരിക്കുന്ന സാങ്കേതിക പ്രവൃത്തികള്‍ നിയന്ത്രിച്ചു.
സമ്മേളന നാളുകളില്‍ യൂണിഫോമും സീറോവെയ്സ്റ്റ് ബാഡ്ജും ധരിച്ച വളണ്ടിയര്‍മാര്‍ മാലിന്യങ്ങള്‍ അപ്പപ്പോള്‍ സമാഹരിച്ച് നഗരിയില്‍ സ്ഥാപിച്ച വെയ്സ്റ്റ് ബിന്നുകളില്‍ ശേഖരിക്കുകയും വാഹനങ്ങളില്‍ പ്രത്യേകം സംവിധാനിച്ച ടെന്‍റിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ആറായി തരംതിരിക്കുന്ന ജോലികള്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക്, പേപ്പര്‍, അലൂമിനിയം, ബോട്ടിലുകള്‍, പ്ലേറ്റുകള്‍, മറ്റുള്ളവ ഇങ്ങനെ തരംതിരിച്ച് വെവ്വേറെ സൂക്ഷിച്ചു.
ഭക്ഷ്യാവശിഷ്ടങ്ങള്‍ പ്രത്യേക കുഴിയില്‍ ശേഖരിച്ച് കമ്പോസ്റ്റാക്കി മാറ്റി. മറ്റുള്ളവ റീസൈക്ലിംഗ് വഴി ഉത്പന്നങ്ങളാക്കി മാറ്റുന്നതിനായി കമ്പനികള്‍ക്കു കൈമാറി. സമ്മേളന ശേഷം മൂന്നു ദിവസം പാതയോരത്തെ മാലിന്യങ്ങളടക്കം സമാഹരിച്ച് സംസ്കരിക്കുന്നതിനായി കോട്ടക്കല്‍ സോണ്‍, ഡിവിഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പ്രവര്‍ത്തകരും മുപ്പതിലേറെ തൊഴിലാളികളും സേവനം ചെയ്തു. അറുനൂറോളം വളണ്ടിയര്‍മാരുടെയും 46 തൊഴിലാളികളുടെയും പന്ത്രണ്ട് സാങ്കേതിക വിദഗ്ധരുടെയും സേവനമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഒരുലക്ഷത്തി അയ്യായിരം രൂപ ഇതിനായി വിനിയോഗിച്ചു. ഒപ്പം ഉത്പന്നങ്ങളുടെ വിറ്റുവരവ് വഴി ഇരുപതിനായിരം രൂപ സമാഹരിക്കുകയുമുണ്ടായി.
കേരളം കണ്ട ഏറ്റവും വലിയ ജനസഞ്ചയം ഒത്തുകൂടിയ മഹാസമ്മേളനമായിട്ടും നഗരിയും പരിസരവും മാലിന്യമുക്തമാക്കുവാനും ശാസ്ത്രീയമായി സംസ്കരിക്കാനും എസ് വൈഎസ് നടത്തിയ നീക്കങ്ങളെ പൊതുജനങ്ങളും മീഡിയകളും പ്രശംസിക്കുകയുണ്ടായി.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ