പെയ്തിറങ്ങുന്ന മഴ സൂക്ഷിച്ചുവെക്കാൻ മനുഷ്യനും ഭൂമിക്കും സാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ജലക്ഷാമത്തിന്റെ പ്രധാന കാരണം. കേരളത്തിൽ ശരാശരി 3000 മി.മി മഴ പ്രതിവർഷം ലഭിക്കുന്നുണ്ട്. കിഴക്കൻ മലകളിൽ മഴയുടെ അളവ് കൂടുതലാണ്. വിശേഷിച്ചും വനമേഖലകളിൽ പെയ്തിറങ്ങുന്ന ജലം എത്രമാത്രം ഭൂമിയിലേക്കിറങ്ങുന്നുവെന്നത് ഉപരിതലത്തിന്റെ ഘടനയനുസരിച്ചിരിക്കുന്നു. വനം, പുൽമേട്, ചതുപ്പ് തുടങ്ങിയ ഭാഗങ്ങളിൽ വീഴുന്ന ജലത്തിന്റെ നല്ലൊരു ശതമാനം മണ്ണിലേക്കിറങ്ങി ഭൂഗർഭ ജലമായും അരുവിയായും താഴേക്കൊഴുകുന്നു. വനങ്ങളിലെ മരങ്ങളും മറ്റു ജൈവവൈവിധ്യവും നശിച്ച് മൊട്ടക്കുന്നുകളായാൽ ഭൂമിയിലേക്ക് വേണ്ട വിധം ജലം ഇറങ്ങില്ല. നിളാ നദിയുടെ നാശത്തിന് കാരണമായതും പ്രധാനമായി വനനശീകരണമാണല്ലോ. 4400 ച.കി.മീ കേരളത്തിലും 1768 ച.കി.മീ തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടന്നിരുന്ന നിളയുടെ വൃഷ്ടി പ്രദേശങ്ങളിൽ തമിഴ്‌നാട്ടിലുള്ളത്ര കാടുകൾ പോലും ഇന്ന് കേരളത്തിൽ അവശേഷിക്കുന്നില്ല. വാളയാർ, ദോണി, അകമലവാരം, നെല്ലിയാമ്പതി തുടങ്ങിയ വനമേഖലകളിലെല്ലാം കാടു വെട്ടിവെളുപ്പിക്കപ്പെട്ടു. ചേനോത്തുനായർ റിസർവ്വിലും സൈലന്റ് വാലിയിലുമുള്ള കാടുകളാണ് ഇന്ന് ഭാരതപ്പുഴയുടെ ശേഷിച്ച ഉറവകളെ നിലനിർത്തുന്നത്.

ഇവിടെയും ഇസ്‌ലാം വ്യക്തമായ പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നു. അന്ത്യനാൾ വരികയും നിങ്ങളിലൊരാളുടെ കൈവശം ചെറിയ ഒരു മരത്തൈ ഉണ്ടാവുകയും അതു നട്ടുപിടിപ്പിക്കാൻ സാധിക്കുകയും ചെയ്താൽ അവനത് ചെയ്തുകൊള്ളട്ടെ എന്ന നബി(സ്വ)യുടെ നിർദേശം (മുസ്‌നദ് അഹ്മദ്) ലോകത്തിന് മാതൃകയാണ്. യുദ്ധവേളകളിൽ പോലും മരങ്ങളും ചെടികളും നശിപ്പിക്കരുതെന്ന പ്രവാചക പാഠം ഇതിനോട് ചേർത്തുവായിക്കുക.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വെള്ളം കരുതി വെക്കുക എന്നത് വളരെ പ്രധാനമാണ്. സാധാരണ ഗതിയിൽ വെള്ളം ലഭിക്കുന്ന ഒരു പ്രദേശത്ത് ലഭ്യമാകാതെ വരികയും നിസ്‌കരിക്കാൻ വേണ്ടി വുളൂഇന് പകരം തയമ്മും നിർവഹിക്കുകയും ചെയ്താൽ ആ നിസ്‌കാരം മടക്കൽ നിർബന്ധമാണെന്നത് പോലോത്ത കർമശാസ്ത്ര നിയമങ്ങൾ അവനെ ജലം സ്വരുക്കൂട്ടി വെക്കാൻ നിർബന്ധിക്കുന്നു. ബദ്ർ യുദ്ധവേളയിൽ വെള്ളം ലഭിക്കാതെ വന്നപ്പോൾ മഴവെള്ളം ശേഖരിക്കാൻ വേണ്ടി വലിയ കുഴി നിർമിച്ച് കരുതി വെക്കലിന്റെ മാതൃക കൂടി കാണിച്ചുതന്നിട്ടുണ്ട് പ്രവാചകർ(സ്വ)യും അനുചരരും.

ജലവും അവകാശവും

ജല ദൗർലഭ്യത്തെ അവസരമാക്കി അതിനെ വാണിജ്യവൽകരിക്കുന്ന ധാരാളം കുത്തക കമ്പനികൾ ഇന്നു പെരുകി വരികയാണ്. ദൗർലഭ്യത്തിന് കാരണമാകുന്നവർ തന്നെയാണ് അതിനെ വിപണന ചരക്കാക്കാൻ ശ്രമിക്കുന്നതും. 1996-ലാണ് ലോക ബാങ്ക് ജലനയം പ്രസിദ്ധീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടന അത്രയും കാലം പ്രവർത്തിച്ചിരുന്നത് മറ്റൊരു ജലനയത്തെ അടിസ്ഥാനമാക്കിയാണ്. ആ നയത്തിൽ ചെറിയൊരു മാറ്റം വരുത്തിയാണ് ലോകബാങ്ക് പ്രസിദ്ധീകരിച്ചത്. യുഎൻ പറഞ്ഞത്, ജലം എല്ലാ മനുഷ്യരുടെയും പ്രാഥമികാവകാശമാണെന്നായിരുന്നു. പക്ഷേ, കോർപറേറ്റുകളുടെ സ്ഥാപനമായ ലോകബാങ്ക് അതിനെ പ്രാഥമികാവശ്യം എന്നാക്കി തിരുത്തി. ഒറ്റനോട്ടത്തിൽ അതിലെന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നില്ല. എന്നാൽ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുക. ‘അവകാശം’ എന്നാൽ അതിനൊരാൾക്ക് പ്രത്യേക യോഗ്യതയൊന്നും വേണ്ട. എല്ലാ മനുഷ്യർക്കും അതു ലഭ്യമാകണം. എന്നാൽ അതിനെ ‘ആവശ്യ’മാക്കുമ്പോൾ കാര്യം തിരിച്ചാകുന്നു. എനിക്ക് അവകാശമുണ്ട് എന്നതും ആവശ്യമുണ്ട് എന്നതും രണ്ടാണല്ലോ. ലോകബാങ്കിന്റെ നിദർശനമനുസരിച്ച് വാങ്ങൽ ശേഷി ഉണ്ടെങ്കിലേ ആവശ്യം പ്രസക്തമാവുകയുള്ളൂ. കാരണം കമ്പോള വ്യവസ്ഥയിൽ വാങ്ങൽ ശേഷിയില്ലാത്തവരുടെ ആവശ്യത്തിന് ഒരു വിലയുമില്ല. എന്നാൽ അവകാശം എന്നത് വാങ്ങാൻ ശേഷിയില്ലാത്തവർക്കും ലഭ്യമാണ്. ഈ ഒരൊറ്റ മാറ്റത്തിലൂടെ ജലം പണം കൊടുത്ത് വാങ്ങേണ്ട ചരക്കായി മാറുകയായിരുന്നു. പണം നൽകാൻ ശേഷിയില്ലാത്തവർക്ക് ജലം ഉപയോഗിക്കാൻ അവകാശമില്ല എന്നുവന്നു.

എന്നാൽ ഇതിന് വിപരീതമായിട്ടാണ് ഇസ്‌ലാം ജലനയം അവതരിപ്പിക്കുന്നത്. നബി(സ്വ) പറയുന്നു: ‘തീർച്ചയായും വെള്ളം, പുല്ല്, തീ എന്നീ മൂന്ന് കാര്യങ്ങളിൽ ജനങ്ങൾ പരസ്പരം പങ്കുകാരാണ്.’ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നദികളും പുഴകളും കടലുകളുമടക്കമുള്ള പൊതു ജലാശയങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഒരാളെയും അതിൽ നിന്ന് വെള്ളം എടുക്കുന്നതിനെ തൊട്ട് തടയാൻ പാടുള്ളതല്ല (തുഹ്ഫ).

ഇക്കാര്യം പരിഗണിക്കപ്പെടാത്തതിന്റെ പേരിലാണ് രാഷ്ട്രങ്ങളും സംസ്ഥാനങ്ങളും തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടാകുന്നത്. ജലാശയങ്ങളുടെ മേൽ വൻ ശക്തികൾ അധികാരം മുറുക്കുകയും മറ്റുള്ളവരെ അതിൽ നിന്ന് തടഞ്ഞുവെക്കുകയും ചെയ്യുന്നതാണ് ഈ സംഘട്ടനങ്ങളുടെ മുഖ്യ കാരണം. മിക്കപ്പോഴും ആവശ്യമില്ലാത്തയിടങ്ങളിൽ പോലും ശുദ്ധജലം ഉപയോഗിച്ചുകൊണ്ടാണ് വ്യാവസായിക ഉൽപാദനങ്ങൾ നടത്തുന്നത്.

ജനങ്ങൾക്ക് ദാഹമകറ്റാൻ വെള്ളമില്ലാത്തയിടങ്ങളിൽ പോലും ഇത് സംഭവിക്കുന്നുണ്ട്. പൊതു ജലാശയങ്ങളെ എല്ലാവർക്കും അവകാശമുള്ളതായി കണ്ടിരുന്നെങ്കിൽ ഈ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു. ആഗോള ജല സംരക്ഷണാർത്ഥം അന്താരാഷ്ട്ര നിയമക്കമ്മീഷൻ ആസൂത്രണം ചെയ്ത 33 ആർട്ടിക്കുകളിൽ പ്രധാനമായും ആവശ്യപ്പെടുന്നത് അന്താരാഷ്ട്ര ജലസ്രോതസ്സുകളിലെ പരസ്പര സഹകരണമാണ് (ആർട്ടിക്കിൾ 5,7,8). ഇതിന് 1997-ലെ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പൊതുജലാശയങ്ങളെ കുത്തകവൽക്കരിക്കുന്നതിനെയും ഇസ്‌ലാം നിരാകരിച്ചു. പുഴയെ ആശ്രയിച്ച് നിരവധിയാളുകൾ കൃഷി നടത്തുമ്പോൾ പുഴയുടെ അടുത്തുള്ളവർ അവരുടെ പാടങ്ങളിൽ കാൽപാദം മുങ്ങാൻ മാത്രം പാകത്തിൽ വെള്ളം നിർത്തിയതിന് ശേഷം ബാക്കിയുള്ളത് അടുത്തയാൾക്ക് വിട്ടുകൊടുക്കണമെന്നാണ് ഇസ്‌ലാമിക കർമശാസ്ത്രം പറയുന്നത്. പുഴയുടെ അടുക്കൽ ആദ്യമെത്തിയവനാണ് അതിൽ കൂടുതൽ അവകാശമുള്ളത്. പിന്നീട് വരുന്നവർക്ക് ആദ്യം വന്നവർക്ക് ലഭ്യമാകാത്ത രൂപത്തിൽ വെള്ളം ഉപയോഗിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല (തുഹ്ഫ).

കുടിവെള്ളം എല്ലാവരുടെയും അവകാശമായി ഇസ്‌ലാം കാണുന്നത് കൊണ്ട് വെള്ളം അത്യാവശ്യമായവർക്ക് കൈവശമുള്ളവർ അത് നൽകൽ ബാധ്യതയാണ്. വെള്ളം ആവശ്യമുള്ളവർ സമ്പന്നനാണെങ്കിൽ പിന്നീട് പണം ആവശ്യപ്പെടുകയും ചെയ്യാം. വല്ലവനും ആവശ്യക്കാരെ തൊട്ട് വെള്ളം തടഞ്ഞുവെച്ചാൽ അവരോട് യുദ്ധം ചെയ്യൽ വരെ ഭരണകൂടത്തിന് നിർബന്ധമാണ് (തുഹ്ഫ).

ദാഹിച്ചു പരവശരായ മൃഗങ്ങളടങ്ങിയ യാത്രാ സംഘം അവിചാരിതമായി കണ്ട ജലാശയത്തിന്റെ ഉടമസ്ഥരോട് അൽപം വെള്ളം ആവശ്യപ്പെട്ട സമയത്ത് വിസമ്മതിച്ചുവത്രെ. ഇതേക്കുറിച്ച് ഉമർ(റ)നോട് പറഞ്ഞപ്പോൾ നിങ്ങൾക്കവരോട് യുദ്ധം ചെയ്ത് കൂടായിരുന്നോ എന്നായിരുന്നു പ്രതികരണം. പക്ഷേ, മിക്കപ്പോഴും ഈയൊരവകാശം അവഗണിക്കാനും ജലത്തെ വാണിജ്യ വസ്തുവാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുപ്പിയിലോ മറ്റോ നിറച്ച് ജലം കച്ചവടം ചെയ്യാൻ ഇസ്‌ലാം അനുവദിക്കുന്നുണ്ടെങ്കിലും അതിനൊരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഭൂമിയിലെ ജലാശയങ്ങളിലുള്ളതാണെങ്കിൽ പോലും കച്ചവടത്തിന് പരിമിതികളുണ്ട്. വെള്ളം ധർമം ചെയ്യലും പൊതുജനാവശ്യത്തിന് വേണ്ടി വഖ്ഫ് ചെയ്യലും വലിയ ശ്രേഷ്ഠതയുള്ള ആരാധനയായി ഇസ്‌ലാം പഠിപ്പിച്ചു.

മദീനയിൽ യഹൂദരുടെ കൈവശമായിരുന്ന ‘റൂമ’ എന്നറിയപ്പെട്ട കിണർ വാങ്ങി പൊതുജനങ്ങൾക്ക് വേണ്ടി വഖ്ഫ് ചെയ്യുന്ന ആൾക്ക് നബി(സ്വ) സ്വർഗം വാഗ്ദാനം ചെയ്തു. തദവസരത്തിൽ ഉസ്മാൻ(റ) ആ കിണർ വാങ്ങുകയും വഖ്ഫ് ചെയ്യുകയുമുണ്ടായി. സഅ്ദ്(റ)ന്റെ മാതാവിന് പരലോകമോക്ഷം ലഭിക്കുന്നതിന് പ്രവാചകർ(സ്വ) നിർദേശിച്ച് കൊടുത്തതും കിണർ ജനനന്മക്കായി വഖ്ഫ് ചെയ്യുക എന്നതാണ്. മൃഗങ്ങളെ വെള്ളം കുടിപ്പിച്ചവർക്ക് സ്വർഗം നൽകപ്പെട്ടതായി ഹദീസിൽ വന്നിട്ടുമുണ്ട്. ജലം സ്വകാര്യവത്കരിക്കുന്നതിനെതിരായ മതത്തിന്റെ തത്ത്വങ്ങളാണിവയെല്ലാം കുറിക്കുന്നത്. ഇസ്‌ലാമിക ജലനയം പിന്തുടർന്നാൽ കുടിവെള്ളത്തെ ചൊല്ലിയുള്ള സമരങ്ങൾ അവസാനിപ്പിക്കാനാവും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ