ഉസ്മാനിയാ ഖിലാഫത്തിന്റെ ഭാഗമായിരുന്ന ഗ്രീസിലെ ലോതിക എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് മുസ്തഫ കമാല്‍ ജനിക്കുന്നത്; 1881ല്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സലോനിക്കയിലുള്ള സൈനിക സ്കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് സൈനിക അക്കാദമിയില്‍ ലഫ്റ്റനന്‍റായി ബിരുദം നേടി. പിന്നീട് ഇസ്‌ലാംബൂളിലെ മിലിട്ടറി അക്കാദമിയില്‍ മേജര്‍ പദവി സന്പാദിച്ചു. മുസ്തഫയുടെ വളര്‍ച്ചയും യോഗ്യതയും ഇസ്‌ലാംഖിലാഫത്ത് വിരുദ്ധകേന്ദ്രങ്ങള്‍ നോട്ടമിട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് പില്‍ക്കാല സംഭവങ്ങള്‍.
കാലങ്ങളായി നിലനില്‍ക്കുന്ന ഒരു ഭരണ സംവിധാനത്തോട്, അതിന്റെ ഗുണഭോക്താക്കളല്ലാത്തവര്‍ക്ക് ഉണ്ടാകാനിടയുള്ളതും അവരില്‍ വളര്‍ത്തിയെടുക്കാനെളുപ്പമായതുമായ വിരുദ്ധവികാരവും മനോഭാവവും മുസ്തഫയില്‍ ഉണ്ടായിരുന്നത് സ്വാഭാവികമായിരിക്കാം. പക്ഷേ, അതു കൂടുതല്‍ ശക്തവും രുദ്രവുമാക്കിയതിന് പിന്നില്‍ ചിലരുടെ കരങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ഗ്രഹിക്കാനാവും. ഭരണാധികാരികളില്‍ ഉണ്ടായേക്കാവുന്ന ചില ദൗര്‍ബല്യങ്ങള്‍, സ്വേഛാധിപത്യപരമായ നിലപാടുകള്‍ അന്നത്തെ ഉസ്മാനിയ ഭരണാധിപന്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിലും ആരോപിക്കപ്പെട്ടു. അതില്‍ അസന്തുഷ്ടനായിരുന്ന മുസ്തഫ എന്ന സൈനികോദ്യോഗസ്ഥന്‍ പുറമെനിന്ന് സ്വാധീനിക്കപ്പെട്ടപ്പോള്‍ തുര്‍ക്കിയുടെ ചരിത്രം മാറുകയായിരുന്നു.
1905ല്‍ ഡമസ്കസില്‍ സേവനമനുഷ്ഠിക്കുന്ന സൈനിക കമാന്‍റിലേക്ക് നിയമിക്കപ്പെട്ടാണ് മുസ്ഥഫ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഉന്നതമായ തസ്തികകള്‍ അദ്ദേഹത്തെ തേടിയെത്തി. നേതൃപരമായ ചില വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് തുര്‍ക്കികള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനായിത്തീര്‍ത്തു. ഭരണകേന്ദ്രങ്ങളോട് ഇടയുന്ന സാഹചര്യമുണ്ടായെങ്കിലും കൂടുതല്‍ അനുയോജ്യമായ സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു മുസ്തഫ. ഇതിനകം ചിലരുടെ പാവയായി മാറിയിരുന്നുവെങ്കിലും പുറമെ അതിന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ അതിസമര്‍ത്ഥമായി ഭരണനയത്തോട് അദ്ദേഹം രാജിയാവുകയും ചെയ്തു.
ഉസ്മാനിയ ഖിലാഫത്തിന്റെ ഒരു ഉദ്യോഗസ്ഥനായിരിക്കെ തന്നെയാണ് “അല്‍വത്വന്‍ വല്‍ഹുര്‍റിയത്ത്’ എന്ന ഒരു രഹസ്യസംഘം അദ്ദേഹം സ്ഥാപിക്കുന്നത്. ഖിലാഫത്തിനെയും അതുവഴി ഇസ്‌ലാമിനെയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആ നിലക്ക് സംഘടനയെയും അംഗങ്ങളെയും മുസ്തഫ പഴുപ്പിച്ചെടുത്തു. ജനപിന്തുണയും പൊതു സ്വീകാര്യതയും നേടുന്ന വിധത്തില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു.
1919 വരെയുള്ള മുസ്തഫയുടെ പ്രവര്‍ത്തനങ്ങളിലും മുന്നേറ്റങ്ങളിലും കാര്യമായ ഇസ്‌ലാം വിരോധം പ്രകടമായിരുന്നില്ല. 1916ല്‍ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കപ്പെട്ടാണ് കോക്കസസ് കരസേനാ തലവനായി നിയോഗിക്കപ്പെട്ടത്. അതൊരു നിര്‍ണായക പദവിയായിരുന്നു. അര്‍മേനിയന്‍ സൈന്യവും റഷ്യന്‍ സൈനികരും ചേര്‍ന്ന് തുര്‍ക്കി സേനക്ക് കനത്ത ആഘാതമേല്‍പ്പിച്ച സമയത്താണ് മുസ്തഫ നേതൃത്വത്തിലേക്ക് വരുന്നത്. തുടര്‍ന്നു നടന്ന അതി ശക്തവും തന്ത്രപരവുമായ നീക്കത്തില്‍ തുര്‍ക്കി മേല്‍ക്കോയ്മ സ്ഥാപിക്കുകയുണ്ടായി. അദ്ദേഹത്തിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു ഈ വിജയം.
കോക്കസസിലെ വിജയത്തോടെ മുസ്തഫക്ക് നേരത്തെ പഠനമികവിനു ലഭിച്ച കമാല്‍ എന്ന സ്ഥാനപ്പേരിന്റെ കൂടെ പാഷ എന്ന വിശേഷണം കൂടിയായി. അംഗീകാരത്തിന്റെ ഉച്ചിയിലെത്തിയ മുസ്തഫ കമാലിനെ കവികള്‍ വാഴ്ത്തിപ്പാടി. ഒരുവേള പ്രസിദ്ധ ഈജിപ്ഷ്യന്‍ കവി അഹ്മദ് ശൗഖി മുസ്തഫ കമാലിനെ ഖാലിദുബ്നുല്‍ വലീദ്(റ)നോട് ഉപമിക്കുക പോലുമുണ്ടായി. അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് എന്താണെന്നറിയുന്നതിനു മുന്പായിരുന്നു ഇത്. പിന്നീട് ഇത് തിരുത്തിയിട്ടുണ്ട്.
ജൂത ഗൂഢാലോചന
ഇസ്രാഈലില്‍ ജൂതരാഷ്ട്രം അന്നു സ്ഥാപിതമായിരുന്നില്ല. പക്ഷേ, വാഗ്ദത്ത ഭൂമിയെന്ന വിചാരത്തിലും വികാരത്തിലും ലോക ജൂത സമുദായം കഴിയുകയായിരുന്നു. അങ്ങനെയാണ് ഫലസ്തീനില്‍ രാഷ്ട്ര സ്ഥാപനമെന്ന മോഹം അവരില്‍ ജനിക്കുന്നത്. 1880നു ശേഷം ഇത് കൂടുതല്‍ ശക്തമായി. സിയോണിസത്തിന്റെ ഉപജ്ഞാതാവായ ഹെട്സല്‍ എന്ന ജൂത പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ 1897ല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബേസിലില്‍ അന്താരാഷ്ട്ര ജൂത സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആദ്യത്തെ സിയോണിസ്റ്റ് സമ്മേളനമായിരുന്നുവത്. ജൂതരാഷ്ട്രമെന്ന സ്വപ്നം പൂവണിയിക്കാന്‍ ആവശ്യമായ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിനായി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദുമായി ഹെര്‍ട്സല്‍ നിരന്തരം ബന്ധപ്പെടാന്‍ ധാരണയായി. ജൂതന്മാര്‍ക്ക് ഫലസ്തീനിലേക്ക് കുടിയേറാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പക്ഷേ, സുല്‍ത്വാന്‍ നിരാകരിച്ചുകൊണ്ടിരുന്നു. ഭരണകൂടവുമായി ബന്ധമുള്ളവരെയും ഉദ്യോഗസ്ഥരെയും ചില ഉസ്മാനി പ്രമുഖരെയും കൂട്ടി സുല്‍ത്വാന്റെ മുമ്പില്‍ ആവശ്യം ഉന്നയിച്ചപ്പോഴും തള്ളപ്പെടുകയുണ്ടായി. അവസാനം പ്രദേശത്തെ പ്രമുഖ ജൂതപണ്ഡിതനെയും കൂട്ടി സുല്‍ത്വാനെ സമീപിച്ചു. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഖജനാവിലേക്ക് വലിയ തുക നല്‍കി സഹായിക്കാമെന്നും തുര്‍ക്കി ഖിലാഫത്തിനെതിരെ പുറത്തു നിലനില്‍ക്കുന്ന എതിര്‍പ്പുകളെ നേരിടാന്‍ സഹകരിക്കാമെന്നും വാഗ്ദാനം നല്‍കി. പുറമെ അഞ്ച് ദശലക്ഷം തുര്‍ക്കി ലീറ പ്രത്യേക സമ്മാനമായി സുല്‍ത്വാന്റെ മുന്പാകെ വെക്കുകയും ചെയ്തു.
എങ്കിലും സുല്‍ത്വാന്‍ ഈ പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങിയില്ല. അദ്ദേഹം അവരെ സദസ്സില്‍ നിന്നും ആട്ടിയിറക്കിക്കൊണ്ട് പറഞ്ഞു: “ഭൂമി നിറയെ സ്വര്‍ണം നല്‍കിയാലും ഞാനിത് സ്വീകരിക്കില്ല. ഫലസ്തീന്‍ എന്റെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല. അതു ഇസ്‌ലാമിക സമൂഹത്തിന്റെ മുതലാണ്. മുസ്‌ലിംകള്‍ രക്തം നല്‍കി നേടിയ ആ മണ്ണ് വില്‍ക്കുന്ന പ്രശ്നമില്ല. ഒരുപക്ഷേ, എന്റെ അധികാരം തകര്‍ന്നാല്‍ നിങ്ങള്‍ക്ക് പ്രയാസരഹിതമായി തന്നെ അതു കിട്ടിയേക്കാമെന്നത് ഞാന്‍ നിഷേധിക്കുന്നില്ല.’ ഇത്രകൂടി സുല്‍ത്വാന്‍ ചെയ്തു; ജൂതന്മാര്‍ ഫലസ്തീനിലേക്ക് പലായനം ചെയ്യുന്നതു വിലക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചു.
പ്രലോഭനങ്ങള്‍ കൊണ്ട് സ്വാധീനിക്കാനാവാത്ത ഉരുക്കുമനുഷ്യനാണിദ്ദേഹമെന്ന് ഇതെല്ലാം തെളിയിച്ചു. ഇദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ ഖിലാഫത്ത് തകര്‍ക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് ജൂതര്‍ മനസ്സിലാക്കി. അങ്ങനെ ഖിലാഫത്ത് തകര്‍ക്കാനും സുല്‍ത്വാനെ സ്ഥാനഭ്രഷ്ടനാക്കാനും തീരുമാനിക്കുകയും അതിന് ഏതു ശക്തികളുമായും ചേരാമെന്നുറക്കുകയും ചെയ്തു. അറബ് ദേശീയതക്കും തുര്‍ക്കി ദേശീയതക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന രഹസ്യപരസ്യ സംഘടനകളും ചലനങ്ങളുമവര്‍ ഉപയോഗപ്പെടുത്തി. അവര്‍ക്ക് സഹായം ചെയ്തിരുന്ന പ്രധാന വിഭാഗമായിരുന്ന ദോനമ പ്രസ്ഥാനവുമായി കമാലിന് നല്ല ബന്ധമാണ് ആദ്യമേ ഉണ്ടായിരുന്നത്. ഭരണതലത്തില്‍ വലിയ പിടിപാട് നേടിയ മുസ്തഫയെ അവര്‍ ഫലപ്രദമായി ഉപയോഗിച്ച് കാര്യങ്ങള്‍ സാധിച്ചു. തുര്‍ക്കി ഖിലാഫത്തവസാനിപ്പിക്കുന്നതില്‍ തുടങ്ങി, 1948ല്‍ ഫലസ്തീന്‍ കീറിമുറിച്ച് ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ അതെത്തിയെന്നതാണ് പില്‍ക്കാല ചരിത്രം.
തനിനിറം കാട്ടുന്നു
ഒന്നാം ലോക മഹായുദ്ധത്തിന്‍റ ആദ്യഘട്ടത്തില്‍ തുര്‍ക്കി പക്ഷത്തുനിന്ന് ശക്തമായ പ്രകടനം കാഴ്ചവെച്ച മുസ്തഫ കമാല്‍ തനിക്ക് കിട്ടിയ അംഗീകാരവും പ്രസിദ്ധിയും ദുഷ്ടലാക്കുകള്‍ക്ക് ഉപയോഗിച്ചുതുടങ്ങി. 1919ല്‍ കരിങ്കടല്‍ തീരത്തെ സാംസണില്‍ നിന്നും പുതിയ പ്രത്യക്ഷ നീക്കമാരംഭിച്ചു. സ്വാതന്ത്ര്യപ്പോരാട്ടമെന്ന പേരില്‍ നല്ല ജനപിന്തുണയോടെയുള്ള സമരം മുന്നോട്ടുനീങ്ങി. ഇതിന് അദ്ദേഹത്തിനനുകൂലമായ ചില കാരണങ്ങളുണ്ടായി. യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതാണത്. നിസ്സഹായനായ സുല്‍ത്വാന് സഖ്യസേനയുടെ ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ടിവന്നു. തുടര്‍ന്ന് ഉസ്മാനിയാ ഖിലാഫത്തിന്റെ അധീനതയിലുണ്ടായിരുന്ന അറബ് രാജ്യങ്ങളെല്ലാം തുര്‍ക്കി കയ്യൊഴിഞ്ഞു.
ഭരണതലത്തില്‍ നടന്ന ഈ ഒത്തുതീര്‍പ്പിനെതിരെ സ്വാഭാവികമായും നിലനിന്ന ജനവികാരം മുസ്തഫ കമാല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങള്‍ക്കൊപ്പം അദ്ദേഹം സജീവമായി പങ്കെടുത്തു. പാര്‍ലിമെന്റ് ഈ ഉടമ്പടിക്കെതിരെ പ്രമേയം പാസ്സാക്കിയാണ് പിരിഞ്ഞത്. ഖിലാഫത്തിന്റെ ആസ്ഥാന നഗരിക്ക് പുറത്ത് അങ്കാറയില്‍ ദി ഗ്രേറ്റ് നാഷണല്‍ അസംബ്ലി എന്ന പേരില്‍ ഗവണ്‍മെന്റ് രൂപീകരിച്ച് അദ്ദേഹം പോരാട്ടം ശക്തമാക്കി. ഇതിനെ തുടര്‍ന്ന് 1922ല്‍ ഇറ്റലിയും ഫ്രാന്‍സും തുര്‍ക്കിയില്‍ വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിച്ചു. തുര്‍ക്കിയെ ഉള്‍പ്പെടുത്തി വിശാല ഗ്രീസിന്റെ രൂപീകരണത്തിനു ശ്രമിച്ച ഗ്രീക്ക് പടയെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുരത്തി. ഇതെല്ലാം കമാല്‍പാഷയുടെ അംഗീകാരവും ജനസമ്മിതിയും വളര്‍ത്തി. തുര്‍ക്കിക്ക് സ്വയംഭരണാധികാരം നല്‍കിയെങ്കിലും ഖിലാഫത്ത് അവസാനിപ്പിക്കുക എന്നതിലേക്ക് കാര്യങ്ങളെത്തി. ഇതിനകം ഖിലാഫത്തിനെ എല്ലാ നിലയിലും അദ്ദേഹം അവഗണിച്ചിരുന്നു. 1923ലെ ലോസന്ന ഉടമ്പടിയിലൂടെ സഖ്യകക്ഷികള്‍ തുര്‍ക്കിക്ക് സ്വയംഭരണം നല്‍കിയതിനെ തുടര്‍ന്ന് ഉസ്മാനിയ ഖിലാഫത്ത് ദുര്‍ബലമാക്കി പ്രഖ്യാപിച്ചില്ലെങ്കിലും പൂര്‍ണമായും നിഷ്ക്രിയമാക്കപ്പെട്ടു.
1923 ജൂലൈയില്‍ സ്വയംഭരണം ലഭിച്ച തുര്‍ക്കി ജിഎന്‍എ (ഗ്രാന്റ് നാഷണല്‍ അസംബ്ലി) ഭരണഘടനയില്‍ കാതലായ മാറ്റം വരുത്തി തുര്‍ക്കിയെ സ്വതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിച്ചു. മരണം വരെ കമാല്‍ പാഷ തുര്‍ക്കി പ്രസിഡന്‍റായി തുടരുകയും ചെയ്തു. തന്റെ പദവി ഉറപ്പിക്കുന്നതിനുപകരിക്കും വിധം ഭരണ നിയമങ്ങളും അധികാര പദവികളും രാഷ്ട്രീയ സംവിധാനവും സമയാസമയം അദ്ദേഹം കൃത്യമായി ക്രമീകരിച്ചുകൊണ്ടിരുന്നു. രാജകുടുംബാംഗങ്ങളെ നാടുകടത്തുക പോലുള്ള കാര്യങ്ങള്‍ പ്രത്യക്ഷ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കുകയുമുണ്ടായി. ഖിലാഫത്തും ശരീഅത്തും തിരിച്ചുവരാതിരിക്കാനും അത്തരത്തിലൊരു ചിന്ത ഇനിയൊരിക്കലും ഉയര്‍ന്നുവരാതിരിക്കാനും ആത്മീയ കേന്ദ്രങ്ങളും സംവിധാനങ്ങളും മതചടങ്ങുകളും ചിഹ്നങ്ങളും മാറ്റിമറിക്കപ്പെടുകയോ ദുര്‍ബലപ്പെടുത്തപ്പെടുകയോ ചെയ്തു. ഇങ്ങനെ മതകീയമായ തുര്‍ക്കിയുടെ ഔന്നത്യം എല്ലാ നിലക്കും അദ്ദേഹം തകര്‍ത്തു.
1924ല്‍ ഖിലാഫത്ത് ദുര്‍ബലപ്പെടുത്തി. ഇസ്‌ലാം വിരുദ്ധ നിയമങ്ങളും നടപടിക്രമങ്ങളും ഒന്നൊന്നായി വിളംബരപ്പെടുത്തുകയും നിയമമാക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി നിലനിന്ന ഒരു ഭരണക്രമത്തെ നശിപ്പിച്ച് പാശ്ചാത്യരുടെയും വിശിഷ്യാ ജൂതരുടെയും കണ്ണിലുണ്ണിയായി കമാല്‍ മാറി.
തുര്‍ക്കിയെ സ്വതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിക്കുന്ന ലോസന്ന ഉടമ്പടിയില്‍ പ്രധാനമായും വ്യവസ്ഥ ചെയ്യപ്പെട്ടത് നാലുകാര്യങ്ങളാണ്. ഒന്ന്, തുര്‍ക്കി ഇസ്ലാമുമായി എല്ലാ ബന്ധവും വിഛേദിക്കുക. രണ്ട്, ഇസ്‌ലാമിക ഖിലാഫത്ത് പൂര്‍ണമായും ദുര്‍ബലപ്പെടുത്തുക. മൂന്ന്, ഖലീഫയെയും ഖിലാഫത്തിന്റെയും ഇസ്‌ലാമിന്റെയും സഹായികളെയും നാടുകടത്തുക. ഖലീഫയുടെ സമ്പത്ത് കണ്ടുകെട്ടുക. നാല്, തുര്‍ക്കിയുടെ പരമ്പരാഗത നിയമങ്ങള്‍ക്കു പകരം പുതിയ നാഗരിക നിയമങ്ങളുണ്ടാക്കുക.
തുര്‍ക്കിയുടെ പിതാവായും (അതാതുര്‍ക്) കമാല്‍പാഷ സ്വയം അവരോധിതനായി. സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനെതിരെ ജൂതന്മാര്‍ നടത്തിയ ഗൂഢാലോചനയും അതില്‍ ദോനമ ജൂതന്മാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മുസ്തഫ കമാലും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഖിലാഫത്തിന്റെ നിഷ്കാസനം സാധിച്ചു. പതിയെപ്പതിയെ അദ്ദേഹം ഏകാധിപതിയെപ്പോലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും പാര്‍ലിമെന്‍റും പ്രധാനമന്ത്രിയും പാവകളെപ്പോലെ പണിയെടുക്കുകയും ചെയ്തു.
അറബി ഭാഷ പൂര്‍ണമായും നിരോധിക്കപ്പെട്ടു. പകരം ഇറ്റാലിയന്‍ ലിപിയില്‍ തുര്‍ക്കി എഴുതാനാജ്ഞാപിച്ചു. ഹിജ്റ കലണ്ടര്‍ മാറ്റി ഗ്രിഗേറിയന്‍ കലണ്ടര്‍ നടപ്പാക്കി. തുര്‍ക്കി തൊപ്പി നിരോധിച്ചു. സിവില്‍ നിയമത്തില്‍ ഇസ്‌ലാമിനെ പാടെ ഒഴിവാക്കി. ഖുതുബയും വാങ്കുമെല്ലാം തുര്‍ക്കി ഭാഷയിലാക്കി. തസ്വവ്വുഫിന്റെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. പുരാതനകാല ചരിത്രപ്രധാന പള്ളികള്‍ മ്യൂസിയങ്ങളാക്കി മാറ്റപ്പെട്ടു. ഇങ്ങനെ പരിഷ്കാരങ്ങളുടെ പിറകെ ഇസ്‌ലാംവിരുദ്ധ ലക്ഷ്യം പൂര്‍ത്തീകരിച്ചുകൊണ്ടാണ് കമാല്‍പാഷ തുര്‍ക്കിയെ നയിച്ചത്. ഇതെല്ലാം വലിയ ചരിത്ര സംഭവമായി വിലയിരുത്തിയാണ് കമാല്‍ പാഷയെക്കുറിച്ചുള്ള പാശ്ചാത്യന്‍ ചരിത്രരചന. കേരളത്തിലും കൃത്യമായി കമാല്‍പാഷയെ മനസ്സിലാക്കാവുന്ന രചനകളുടെ കുറവുണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിശ്വചരിത്രാവലോകനം ഒരു പരിഷ്കാരമെന്ന നിലയിലാണതിനെ നോക്കിക്കാണുന്നത്. പൊളിച്ചടക്കപ്പെട്ട സംസ്കാരത്തിന്റെ വേദന മാനിക്കപ്പെടുന്നില്ല. എങ്കിലും ആ പരിഷ്കാരങ്ങളിലടങ്ങിയ ഇസ്‌ലാം വിരുദ്ധതയെ മുസ്‌ലിം ചരിത്രകാരന്മാര്‍ ഇഴപിരിച്ച് വിവരിച്ചിട്ടുണ്ട്.
ഇസ്‌ലാമിന്റെ ആത്മീയമായ ഫലങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റിനിര്‍ത്തുന്നതിനായി പലരില്‍ നിന്നും കടമെടുത്ത ആശയങ്ങള്‍ സംയോജിപ്പിച്ച് അക്ബറിന്റെ ദീനെ ഇലാഹി പോലെയുള്ള ഒന്ന് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണിവര്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാനാവും. കൂട്ടത്തില്‍ ഇസ്‌ലാമിന്റെ ഭാഷയായ അറബിയെ പൂര്‍ണമായി നിരാകരിക്കാന്‍ സാധിക്കാത്ത വിധം അത് ആരാധനകളില്‍ നിലീനമായിരിക്കുന്നതിനാല്‍ താരതമ്യേന ആകര്‍ഷകമായ ഒരു വാദം എന്ന നിലയില്‍ ഖുതുബയെ കടന്നുപിടിച്ചിരിക്കുകയാണ് പാഷയെ ചാണിന് ചാണ് പിന്തുടരുന്ന മറ്റൊരു കൂട്ടര്‍. ഇവ്വിഷയത്തില്‍ അവര്‍ക്ക് മാതൃക കമാല്‍പാഷയാണെന്ന് കാണാം. കാരണം പാഷക്ക് മുമ്പ് മുസ്‌ലിം ലോകത്താരെങ്കിലും അറബേതര ഭാഷയില്‍ ഖുതുബ നിര്‍വഹിച്ചതിനു തെളിവില്ല. ഇത് പുരോഗമന ഇസ്‌ലാം വാദക്കാരുടെ നേതാവ് റശീദ്രിളാ തന്നെ സമ്മതിച്ചതാണ് (തഫ്സീറുല്‍ മനാര്‍ 9/313 കാണുക).
മദീനയില്‍ വെച്ച് നബി(സ്വ)യും സ്വഹാബത്തും നിര്‍വഹിച്ചു തുടങ്ങിയ അറബി ഖുതുബയോ ഇസ്‌ലാമിനെ തകര്‍ക്കാന്‍ കമാല്‍പാഷ തുടങ്ങിയ അറബിയിലല്ലാത്ത ഖുതുബയോ വിശ്വാസികള്‍ക്ക് സ്വീകാര്യം. ആഴ്ചയിലൊരിക്കല്‍ വിശ്വാസികള്‍ സമ്മേളിച്ച ആത്മീയമായ ചൈതന്യവും ആവേശവും നേടേണ്ട ഒരു മഹാകര്‍മത്തെ പ്രസംഗം എന്നതിലേക്കു ചുരുക്കി അതിന്റെ ആത്മാവ് ചോര്‍ത്തിയാല്‍ സംഭവിക്കുന്നതെന്തായിരിക്കും. ആത്മീയനാശവും ആത്മീയ കേന്ദ്രങ്ങളോടുള്ള സമീപനത്തിലെ വീഴ്ചയും പതനവും തന്നെ. ഇതുതന്നെയായിരുന്നു അതാതുര്‍ക്കിന്റെ ലക്ഷ്യവും. പില്‍ക്കാല പരിഷ്കാരികളും ഈ വഴിയെയാണ് പോയത്.
സംസ്കാരശൂന്യനും ഇസ്‌ലാം വിരുദ്ധനും പാശ്ചാത്യന്‍ പാവയും സ്വാര്‍ത്ഥനായ സ്വേഛാധിപതിയുമൊക്കെയായി കടന്നുവന്ന അതാതുര്‍ക്കിനെ ചുമക്കേണ്ട ഗതികേട് വിശ്വാസികള്‍ക്കില്ല. കമാലിന്റെ സാംസ്കാരിക ജീവിതത്തിന്റെ വൃത്തിഹീനത ചരിത്രം പറഞ്ഞുതരുന്നുണ്ട്. അത് വിവരിക്കാന്‍ അറക്കുംവിധം ജീര്‍ണമാണ്.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ