ഇഹപര വിജയം കുടികൊള്ളുന്നത് തഖ്‌വയിലാണ്. പരിശുദ്ധ ഖുര്‍ആനില്‍ ജീവിത വിജയവും പ്രതിഫലവും ഒട്ടേറെ നന്മകളും തഖ്‌വയുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ചത് കാണാം.

ആരാധനകളുടെ അകപ്പൊരുളാണ് തഖ്‌വ. ഇബാദത്തുകള്‍ക്ക് മൂന്ന് നിദാനങ്ങളുണ്ട്. ഒന്ന്, കര്‍മങ്ങള്‍ ചെയ്യാനുള്ള സൗഭാഗ്യവും ഊര്‍ജവും. കര്‍മത്തിന്റെ പ്രാരംഭത്തില്‍ അനിവാര്യമായ സംഗതികളാണിവ. ഭക്തിയുള്ളവര്‍ക്ക് ഇവ കിട്ടുമെന്നുറപ്പാണ്. ഖുര്‍ആന്‍ പറയുന്നു: “തഖ്‌വ പാലിക്കുന്നവനോടൊപ്പമാകുന്നു അല്ലാഹു.’

രണ്ടാമത്തേത്, കുറവുകള്‍ നികത്തി വിധിപ്രകാരം കര്‍മം പൂര്‍ത്തീകരിക്കലാണ്. തഖ്‌വ മനസ്കനേ ഇതും സാധ്യമാകൂ. നിങ്ങളുടെ സുകൃതങ്ങള്‍ അവന്‍ കുറ്റമറ്റതാക്കുമെന്ന ഖുര്‍ആനിക പ്രഖ്യാപനം ഇതു സൂചിപ്പിക്കുന്നു. മൂന്നാമത്തേത് കര്‍മത്തിന്റെ സ്വീകാര്യതയാണ്. “തഖ്‌വയുള്ളവനില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കൂ’ എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചുകാണാം.

ആരാധനയുടെ ഈ മൂന്ന് അടിസ്ഥാനങ്ങളും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത് തഖ്‌വയുടെ പേരിലാണ്. തഖ്‌വയുള്ളവനെ അല്ലാഹു പലതുകൊണ്ടും ആദരിക്കും. അവന്‍ അല്ലാഹുവിനോട് തേടിയാലും ഇല്ലെങ്കിലും പ്രസ്തുത ആദരവ് ലഭിക്കാതിരിക്കില്ല. തഖ്‌വയാണ് പരമമായ ജീവിതലക്ഷ്യം. അതിനപ്പുറത്ത് മറ്റൊന്നുമില്ല.

പണ്ഡിതവീക്ഷണത്തില്‍ തഖ്‌വയുടെ അതിര്‍വരമ്പ് പാപങ്ങളില്‍ നിന്ന് മനസ്സിനെ പവിത്രമാക്കലാണ്. കുറ്റങ്ങളെ കാക്കുവാനും വെടിയുവാനും ഇത് അനിവാര്യമാണ്. തഖ്‌വയുടെ പടികള്‍ മൂന്നത്രെ. ഒന്ന് ശിര്‍ക്കില്‍ നിന്നുള്ള തഖ്‌വയാണ്. പുത്തന്‍ വാദം, തെറ്റുകുറ്റങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി ഉറപ്പുവരുത്തലാണ് രണ്ടും മൂന്നും.

മൊത്തത്തില്‍ വിനാശകരമായ കാര്യങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്, അടിസ്ഥാനപരമായവ. ശാശ്വതമായി വിലക്കപ്പെട്ടതായിരിക്കും ഇവ. നികൃഷ്ടമായ തെറ്റുകള്‍ ഈ ഗണത്തില്‍ പെടുന്നു. രണ്ടാമത്തേത് അടിസ്ഥാനപരമല്ലാത്തവയാണ്. മാന്യത എന്ന നിലക്ക് വിലക്കപ്പെട്ട കാര്യങ്ങളായിരിക്കും ഇവ. അനുവദനീയങ്ങളില്‍ ആവശ്യത്തിനപ്പുറത്തുള്ളവ ഈ ഗണത്തില്‍ വരുന്നു. ദേഹേച്ഛാഫലമായി സ്വീകരിക്കുന്ന മുബാഹുകള്‍ ഉദാഹരണം.

ഒന്നാമത്തെ അടിസ്ഥാനപരമായ തഖ്‌വ നിര്‍ബന്ധമാണ്. അതു ഉപേക്ഷിച്ചാല്‍ ശിക്ഷ ഉറപ്പ്. രണ്ടാമത്തേത് അത്യുത്തമമവും മാന്യതയുമാകുന്നു. അതുപേക്ഷിച്ചാല്‍ പാരത്രിക പ്രതിസന്ധിയും വിചാരണയും ഏല്‍ക്കേണ്ടിവരും. ഒന്നാം തഖ്‌വ പാലിച്ചാല്‍ ഭക്തിയുടെ പ്രഥമ പദവി പ്രാപിക്കാം. ശരിയായ അനുസരണത്തിന്റെ പദവിയാണിത്. രണ്ടാം തഖ്‌വ ഉള്‍ക്കൊണ്ടാല്‍ ഭക്തിയുടെ പരമോന്നത പദവിയാണ് ലഭിക്കുക.

കുറ്റവും അനാവശ്യവും വെടിയുന്ന ശീലമുള്ളവര്‍ തഖ്‌വ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നു പറയാം. മതത്തിന്റെ ആകെത്തുകയായ പരിപൂര്‍ണ സൂക്ഷ്മതയാണിത്.

അഞ്ച് അവയവങ്ങളെ പരിരക്ഷിക്കല്‍ ഒഴിച്ചുകൂടാനാവില്ല. കണ്ണ്, ചെവി, നാവ്, വയര്‍, ഹൃദയം എന്നിവ. ഉപദ്രവകരമായ ഹറാമും അനാവശ്യവും അതുപോലെ അനുവദനീയമായവയില്‍ നിന്ന് അമിതത്വവും മേല്‍ അംഗങ്ങള്‍ക്കു വിലങ്ങുവാന്‍ നാം ബദ്ധശ്രദ്ധരാകണം. എങ്കില്‍ മറ്റുള്ളവയെല്ലാം സംരക്ഷിക്കാന്‍ നിഷ്പ്രയാസം സാധിക്കും. അതോടെ ശരീരം മൊത്തമായി അല്ലാഹുവിനുള്ള തഖ്‌വയില്‍ ഊട്ടിയെടുക്കാം.

പരലോക കാംക്ഷിയായ ദാസന് അനിവാര്യമായ എഴുപതോളം കാര്യങ്ങളെ പറ്റി ആത്മിക പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായ നാലെണ്ണം അടിമയുടെ ആത്മീയ നിലനില്‍പ്പും മാനസിക പരിശുദ്ധിയും ആരാധനാ പവിത്രതയും ഉറപ്പുവരുത്തുന്നതാണ്. അവയുടെ വിരുദ്ധങ്ങളാകട്ടെ മനുഷ്യന്റെ ആത്മീയോന്നമനത്തെ തടഞ്ഞും വികലമാക്കിയും വിപാടനം ചെയ്യുന്നതും.

അത്യാഗ്രഹം, അതിധൃതി, അസൂയ, അഹന്ത എന്നിവയാണ് ആ നാല് വിരുദ്ധവികാരങ്ങള്‍. അത്യാഗ്രഹരാഹിത്യം, സാവകാശം, വിശാലമായ ഗുണകാംക്ഷ, വിനയം എന്നിവയാണ് ഇവയുടെ നാല് ഗുണാത്മക വികാരങ്ങള്‍. മനസ്സിനെ കേടാക്കുന്നതിലും നന്നാക്കുന്നതിലും ഇവ അടിസ്ഥാന പങ്കുവഹിക്കുന്നു. അതുകൊണ്ട് ഈ വികാരങ്ങളില്‍ അനുഗുണമായവ ഉള്‍ക്കൊള്ളാനും അല്ലാത്തവ പുറംതള്ളാനും നാം പ്രതിജ്ഞാബദ്ധരാകണം. എങ്കിലേ ആത്മീയ ലക്ഷ്യം പ്രാപിക്കാനും വിജയം കൊയ്യാനും സാധിക്കൂ.

എല്ലാവിധ നന്മകള്‍ക്കും വിലങ്ങുതടിയാവുകയും തിന്മകളെ വലിച്ചുകൊണ്ട് വരുകയും ചെയ്യുന്ന വികാരമാണ് അത്യാര്‍ത്തി. മനുഷ്യന്‍ ആപല്‍ഗര്‍ത്തത്തില്‍ അധഃപതിക്കാന്‍ അത്യാര്‍ത്തി കാരണമാകും. അത്യാര്‍ത്തി പിടിപെട്ടാല്‍ നാല് ചീത്ത ചിന്തകള്‍ ഉടലെടുക്കും. സദ്കര്‍മങ്ങള്‍ ചെയ്യാനുള്ള മടിയും വെടിയാനുള്ള ത്വരയുമാണ് ഒന്ന്. ഒരു നല്ല കാര്യത്തെപറ്റി “അതു ഞാന്‍ പിന്നെ ചെയ്തോളാം’ എന്നാകും അത്തരക്കാര്‍ക്ക് പറയാനുണ്ടാവുക. പശ്ചാതാപം ഒഴിവാക്കുകയും പിന്തിക്കുകയുമാണ് രണ്ടാമത്തേത്. “ഞാന്‍ പിന്നെ തൗബ ചെയ്യുമെന്ന്’ പറഞ്ഞ് അവനൊഴിയും.

ഭൗതിക ത്വരയും കൊതിയും പിടിപെടലാണ് മൂന്ന്. എന്തു തിന്നണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ ചിന്തകള്‍ മാത്രമാകും പിന്നെ. മനസ്സ് ദുന്‍യാവിന്റെ കാര്യത്തില്‍ കുടുങ്ങിക്കിടക്കലും അങ്ങനെ കുറേ സമയം പാഴാക്കലുമൊക്കെ ഇതുമൂലം ഉണ്ടായിത്തീരും. പരലോകം മറന്ന് മനസ്സ് മുരടിക്കലാണ് നാലാമത്തെ ദോഷം. ഭൗതിക ലോകത്തില്‍ കണ്ണുനട്ടാല്‍ ആഖിറത്തെയോ മരണത്തെയോ ഖബറിനെയോ ഓര്‍മവരില്ല. അപ്പോള്‍ ചിന്ത വെറും ദുന്‍യാവ് മാത്രമാകും. അതോടെ മനസ്സ് കടുക്കും. കൊതി ദീര്‍ഘിച്ചതുമൂലം അവരുടെ മനസ്സുകള്‍ കടുത്തുവെന്ന് ഖുര്‍ആന്‍ പറഞ്ഞതുകാണാം. മനസ്സിന് നിര്‍മലത കിട്ടണമെങ്കില്‍ പരലോക കാര്യങ്ങള്‍ ഓര്‍ക്കുക തന്നെ വേണം.

അടുത്ത നിമിഷവും താന്‍ ജീവിക്കുമെന്ന ഇഛാപൂര്‍വമുള്ള ഉറപ്പിക്കലാണ് അത്യാര്‍ത്തി. അല്ലാഹു ഉദ്ദേശിച്ചാല്‍ ജീവിക്കും എന്നു പറഞ്ഞ് ഒഴിഞ്ഞുമാറലും മനസ്സമാധാനം കൊള്ളലും അത്യാഗ്രഹരാഹിത്യമാണ്. എന്നാല്‍ അടുത്ത ശ്വാസം വരെയോ അടുത്ത മണിക്കൂറ് വരെയോ ജീവിക്കുമെന്നുറപ്പിക്കുന്നപക്ഷം അവന്‍ അത്യാര്‍ത്തിയും പാപിയുമാകും. മറഞ്ഞ ഒരു കാര്യം അന്യായമായി വിധിച്ചുറപ്പിച്ചതാണ് ഇവിടെ തെറ്റ് വരാന്‍ കാരണം. അതേസയം അല്ലാഹുവിന്റെ താല്‍പര്യത്തിനും പരിജ്ഞാനത്തിനും വിട്ടുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചാല്‍ ജീവിക്കും എന്നുവെക്കുന്നതാണ് അഭികാമ്യം.

അത്യാഗ്രഹം രണ്ടുണ്ട്. ഒന്ന് സാധാരണക്കാരന്‍റേത്. ഭൗതിക സന്പാദ്യവും സൗഖ്യവും ശേഷിക്കണമെന്ന താല്‍പര്യമാണിത്. തെറ്റായിട്ടാണ് ഇസ്‌ലാം ഇതിനെ കണക്കാക്കുന്നത്. തുടങ്ങിവെച്ച സദ്കര്‍മം പൂര്‍ണമാക്കാന്‍ കഴിയണമെന്ന താല്‍പര്യമാകുന്നു ഇത്. ഈ അത്യാര്‍ത്തിയും ക്ഷന്തവ്യമില്ല. ഇതനുസരിച്ച് നിസ്കാരം, നോമ്പ് തുടങ്ങിയ സല്‍കര്‍മങ്ങളില്‍ പ്രവേശിച്ചവന്‍ അവ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിക്കരുത്. കാരണം, മറഞ്ഞ ഒരു കാര്യം ന്യായമില്ലാതെ നാമെങ്ങനെ ഉറപ്പിക്കും? ഖണ്ഡിതമായി ഉറപ്പിക്കാതെ എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനു വിടുകയാണ് വിശ്വാസി ചെയ്യേണ്ടത്.

ചെയ്യുന്ന കര്‍മം പരിപൂര്‍ണാര്‍ത്ഥത്തില്‍ തനിക്കു നന്മയായി ഭവിക്കുമെന്നുറപ്പാണല്ലോ ഇത്തരമൊരു കൊതിക്കു പിന്നിലെ പ്രേരകം. ഇത് ക്ഷന്തവ്യമല്ല. നാം ചെയ്യുന്ന കര്‍മം പൂര്‍ത്തീകരിക്കല്‍ എല്ലാവിധേനയും നമുക്ക് നന്മയായി ഭവിക്കുമെന്നുറപ്പിക്കാന്‍ ന്യായമില്ല. ഈ അത്യാര്‍ത്തിയുടെ എതിര്‍പക്ഷത്താണ് “നല്ല കരുത്തിനെ’ ആത്മജ്ഞാനികള്‍ എണ്ണിയത്. നല്ല നിയ്യത്തിന്റെ ഉടമയെ അത്യാര്‍ത്തീ പ്രതിരോധകനായി അവര്‍ ഗണിക്കുന്നു. അടിസ്ഥാനങ്ങളുടെ അടിസ്ഥാനമെന്നാണ് നല്ല കരുത്തിനെക്കുറിച്ച് അവര്‍ പറയുക. “സദ്കര്‍മം വിധി പ്രകാരം തുടങ്ങുകയും പൂര്‍ത്തീകരിക്കാനുള്ള ഇഛ അല്ലാഹുവില്‍ ഏല്‍പ്പിക്കലുമാണ്’ നല്ല നിയ്യത്തിന്റെ ലക്ഷണം. എങ്കിലും, കര്‍മത്തിന്റെ തുടക്കത്തില്‍ മാനസിക ദൃഢത പുലര്‍ത്തല്‍ തെറ്റല്ല. കര്‍മപൂര്‍ത്തീകരണം അനുസ്യൂതം ഉറപ്പിക്കുന്നതാണ് തെറ്റാവുക. ലക്ഷ്യപ്രാപ്തിയെ കുറിച്ചുള്ള അജ്ഞതയും ലക്ഷ്യം പ്രാപിച്ചാല്‍ തന്നെ അതു നന്നായി ഭവിക്കുമോ എന്ന ആശങ്കയുമാണ് കര്‍മപൂര്‍ത്തിയുറപ്പാക്കുന്നതിനുള്ള രണ്ടു തടസ്സങ്ങള്‍.

അത്യാര്‍ത്തിയുടെ യഥാര്‍ത്ഥ ഘാതകന്‍ മരണസ്മരണയത്രെ. അവിചാരിതമായിരിക്കും മരണം തേടി എത്തുക. ഈ വസ്തുതകള്‍ വേണ്ടവിധം നീ മനസ്സിരുത്തുക. അര്‍ത്ഥമില്ലാത്ത കേട്ടുകേള്‍വികളെ അവഗണിക്കുകയും ചെയ്യുക.ആത്മീയ വിജയത്തിനു അനുപേക്ഷണീയമായ പാഠങ്ങളാണിവ.

ഇബാദത്തിന്റെ അടിസ്ഥാനവും ആകത്തുകയും സൂക്ഷ്മതയാകുന്നു. സൂക്ഷ്മതയുടെ ആണിക്കല്ല് തീറ്റ, കുടി, വസ്ത്രം, സംസാരം തുടങ്ങി സര്‍വ പ്രവൃത്തികളിലും അങ്ങേയറ്റം അന്വേഷണവും കര്‍ക്കശ ചിന്തയും പുലര്‍ത്തലാണ്. വിഷയങ്ങളില്‍ സമാധാനവും സുദൃഢതയും കൈകൊള്ളാതെ തത്രപ്പാട് കാണിച്ചാല്‍ ഇത്തരം അന്വേഷണമോ ആലോചനയോ സാധ്യമാകില്ല. ഹറാമും ശുബ്ഹതു(നിഷിദ്ധം കലര്‍ന്നത്) മൊന്നും നോക്കാതെ കിട്ടുന്നതൊക്കെ തിന്നാനും തോന്നിയതൊക്കെ പറയാനും ചിലര്‍ മുതിരും. ഫലം അബദ്ധഗര്‍ത്തത്തില്‍ ആപതിക്കലായിരിക്കും. അര്‍ഹമായ സൂക്ഷ്മത കൈക്കൊള്ളാതെ ഇബാദത്തെടുത്തത് കൊണ്ട് യാതൊരു ഫലവുമില്ല. ശ്രദ്ധ തെറ്റിയാല്‍ അപകടം വിളിച്ചുവരുത്തുന്ന ഈ പ്രശ്നം അനുഗുണമായി കൈകാര്യം ചെയ്യല്‍ ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്.

ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടം മറിക്കുകയും അപാകത്തില്‍ ആപതിക്കാന്‍ കളമൊരുക്കുകയും ചെയ്യുന്ന വികാരമാണ് ധൃതി. പ്രഥമദൃഷ്ട്യാ എടുത്തുചാടുന്ന മാനസിക ത്വരയുണ്ടാക്കുമത്. ഇതിന്റെ വിപരീതം സാവകാശമാണ്. വിഷയങ്ങളില്‍ സൂക്ഷ്മബോധം കൈക്കൊള്ളാനുള്ള മാനസിക പ്രേരണയാണത്.

വിഷാദവും മാനസിക ക്ഷീണവും സൃഷ്ടിക്കുന്ന ദുര്‍വികാരമാണ് അസൂയ. കര്‍മഫലങ്ങള്‍ നിര്‍വീര്യമാക്കി മനുഷ്യനെ തെറ്റിന്റെ കയത്തില്‍ മുക്കാന്‍ അസൂയ കാരണമാകും. അല്ലാഹുവിന്റെ ഉദ്ദേശ്യത്തോട് വിരോധവും വിധിതീര്‍പ്പിനോട് വിദ്വേഷവും വെച്ചുപുലര്‍ത്തുന്നവനേ അസൂയാലുവാകാനൊക്കൂ. സ്വന്തം പരാജയവും വഴികേടും കുറിക്കാന്‍ ഈ ദുര്‍ഗുണം മാത്രം മതിയാകും.

ഒരു സഹോദരന് ഗുണപ്രദമായ വിധത്തില്‍ അല്ലാഹു ചെയ്തുകൊടുത്ത ഒരു അനുഗ്രഹം അസ്തമിച്ചു പോകാനാഗ്രഹിക്കലാണ് അസൂയ. എന്നാല്‍ അത് നശിക്കണമെന്നാഗ്രഹിക്കാതെ തതുല്യമായത് തനിക്കും കിട്ടണമെന്നാഗ്രഹിക്കല്‍ അസൂയയല്ല; സദ്വിചാരമാണ്.

അസൂയയുടെ വിപരീതം സദുദ്ദേശ്യമാകുന്നു. അഥവാ നിന്റെ സുഹൃത്തിന് ഗുണകരമായ അനുഗ്രഹം അവശേഷിക്കണമെന്ന് മോഹിക്കുക. ഒരനുഗ്രഹം അപരന് ഗുണകരമോ അല്ലയോ എന്ന് ബോധ്യമാകാത്ത പശ്ചാത്തലത്തില്‍ അത് നിലനില്‍ക്കാനോ നീങ്ങിപ്പോകാനോ ആഗ്രഹിക്കാതെ അല്ലാഹുവിലേക്ക് വിടുകയാണ് വേണ്ടത്. അസൂയയുടെ വലയില്‍ നിന്ന് രക്ഷപ്പെടാനും സദുദ്ദേശ്യത്തിന്റെ പ്രതിഫലം കരസ്ഥമാക്കാനും ഇതുവഴി കഴിയും.

അസൂയാ നിഷ്കാസനത്തിനുള്ള മരുന്ന് മുസ്‌ലിം സമൂഹത്തോട് തനിക്കുള്ള നിര്‍ബന്ധ ബാധ്യത അറിഞ്ഞു പാലിക്കലാണ്. അല്ലാഹു മറ്റുള്ളവര്‍ക്ക് നല്‍കിയ ആദരവും സ്ഥാനോന്നതിയും പരലോക മാഹാത്മ്യവുമെല്ലാം ഓര്‍ക്കലും ഭൗതികവും മതപരവും പാരത്രികവുമായി തനിക്കു ഗുണം ചെയ്യുന്ന കാര്യങ്ങളില്‍ കണ്ണുനടുകയുമാണതിനാവശ്യം.

അടിമുടി നമ്മെ നശിപ്പിക്കുന്ന വിചാരമാണ് കിബ്ര്‍. ഇബ്ലീസിനെ പരാമര്‍ശിച്ച് അല്ലാഹു പറഞ്ഞു: “അവന്‍ നിരസിച്ചു. അഹന്ത നടിച്ചു. സത്യനിഷേധികളില്‍ അകപ്പെട്ടു.’

സ്വന്തത്തെ വലുതും ഉന്നതവുമായി കരുതലാണ് അഹന്ത. താഴ്മയുടെ വിരുദ്ധ വികാരങ്ങളെ പിന്തുടരുന്ന ഏര്‍പ്പാടാണിത്. സാമാന്യമായത്, സവിശേഷമായത് എന്നിങ്ങനെ അഹങ്കാരവും വിനയവും രണ്ടിനമുണ്ട്. വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയില്‍ വളരെ താഴ്ന്നതുകൊണ്ട് തൃപ്തനാകലാണ് സാമാന്യ താഴ്മ. ഈ വക കാര്യങ്ങളില്‍ ഉയര്‍ന്ന നില തേടല്‍ സാമാന്യ കിബ്റാണ്. അര്‍ഹരില്‍ നിന്ന് സത്യം സ്വീകരിക്കാനുപയുക്തമാം വിധം മനസ്സിനെ പാകപ്പെടുത്തലാണ് സവിശേഷമായ വിനയം. ഈ നിലവിട്ട് പൊങ്ങലാണ് സവിശേഷമായ തകബ്ബുര്‍. കടുത്ത തെറ്റാണിത്. തനിക്ക് നേരിട്ട നാശങ്ങളും മോശങ്ങളും സ്വന്തം വര്‍ത്തമാനവും ഭാവിയും ഓര്‍ക്കലാണ് സാമാന്യ വിനയത്തിനുള്ള വഴി. സവിശേഷ വിനയത്തിനുള്ള മാര്‍ഗം സത്യത്തില്‍ നിന്ന് തെറ്റിയാലുള്ള ശിക്ഷയെ ഭയക്കലും. ഇത്രയും കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ തഖ്‌വ കരസ്ഥമാക്കി നമുക്ക് രക്ഷപ്പെടാം. ആത്മീയമായ അകക്കാഴ്ച കാംക്ഷിക്കുന്നവര്‍ക്ക് അതുമതി.

ഇമാം ഗസ്സാലിറ);പറുദീസ/8 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ