തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്ക് തല്‍ക്കാലിക വിടുതി ലഭിച്ച ആശ്വാസത്തിലാണ് നാം. ഇനി കൂട്ടിയും കിഴിച്ചും വിജയപരാജയങ്ങള്‍ക്ക് അങ്ങാടി ചര്‍ച്ചകളില്‍ തീര്‍പ്പു കല്‍പ്പിച്ചുമുള്ള നീണ്ട കാത്തിരിപ്പ്. ഇതിനിടക്ക് പരലോകവിജയം കൊതിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.
ജനാധിപത്യത്തിലെ പതിവുരീതിയാണ് വോട്ട് സംവിധാനം. മറ്റൊന്ന് പകരം വരാതിരിക്കും കാലം അനുവര്‍ത്തിക്കേണ്ടതു തന്നെയാണിത്. വലിയ തോതില്‍ പോളിംഗ് നടന്നാല്‍ തന്നെയും അത് 70 ശതമാനത്തിനപ്പുറം എത്തുക അപൂര്‍വം. അതായത് 30 ശതമാനം ജനത്തിനും തെരഞ്ഞെടുക്കപ്പെട്ടയാളെക്കുറിച്ച് ഒരഭിപ്രായവുമില്ല. ചെയ്തവരില്‍ തന്നെ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച മൊത്തം വോട്ടെടുത്തു നോക്കിയാല്‍ ചിലപ്പോള്‍ വിജയിച്ചയാള്‍ക്ക് ലഭിച്ചതിന്റെ പലമടങ്ങുകളുണ്ടാവും. മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും താല്‍പര്യമില്ലാത്ത ഒരാളാണ് അവരുടെ പ്രതിനിധിയാവുന്നതെന്നര്‍ത്ഥം. ഇങ്ങനെയുള്ള പൊരുത്തക്കേടുകള്‍ വിട്ട് മറ്റുചില പ്രശ്നങ്ങളാണ് സൂചിപ്പിക്കുന്നത്.
പ്രധാനമായും ധര്‍മനിഷ്ഠ പുലര്‍ത്താത്ത പ്രചാരണങ്ങള്‍ തന്നെ. എതിരാളിയെക്കുറിച്ച് എന്തും പറയാനും ആരോപിക്കാനും അനുവാദമുള്ള രംഗമാണ് ഇതെന്നു തോന്നും. ഒരുപക്ഷേ, അങ്ങനെ തന്നെയാവുകയും ചെയ്യാം. എന്നാല്‍ ഒരു വിശ്വാസിക്കത് പറ്റുമോ?
കളവ്, വഞ്ചന, ദുഷ്പ്രചാരണങ്ങള്‍, അഭിമാനക്ഷതം വരുത്തല്‍, ദുരാരോപണം, അസാന്നിധ്യത്തില്‍ അനിഷ്ടകരമായത് പറയലും ചിന്തിക്കലും, നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കല്‍ തുടങ്ങി ധര്‍മനിഷ്ഠമല്ലാത്തതൊന്നും മതം അനുവദിക്കുന്നേയില്ല. പിന്നെന്തു തെരഞ്ഞെടുപ്പെന്ന് ചിരിയൂറാന്‍ വരട്ടെ, ഇതൊന്നുമല്ല മതം പറയുന്ന ശരിയായ തെരഞ്ഞെടുപ്പ്. അത് അന്ത്യനാളിലാണ്; സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ളവരെ വേര്‍ത്തിരിക്കുമ്പോഴാണ്. ഖുര്‍ആന്‍ പറയുന്നതുപോലെ അവിടെയുള്ള ഇടതുവലതു മുന്നണികളാണ് ശരിയായ മുന്നണി. ഇതില്‍ ഏതില്‍ പെടണമെന്ന് തീരുമാനിക്കുകയാണ് ഇവിടെവേണ്ടത്. പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി മതിമറന്ന്, മതം മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ ഇത് ഓര്‍മിക്കുക.
എതിരാളിയാണെങ്കില്‍ എന്തും ആരോപിക്കാമെന്ന ചിന്ത രാഷ്ട്രീയ രംഗത്ത് സര്‍വസാധാരണമാണ്. വ്യഭിചാരം പോലും ഇതിനായുപയോഗിക്കപ്പെടുന്നു. ആരെക്കുറിച്ചും ഈയൊരു വജ്രായുധം പുറത്തിറക്കാന്‍ നാണവും മാനവുമില്ലാത്ത നിരവധി മഹിളാമണികള്‍ കാത്തുകെട്ടി നില്‍ക്കുമ്പോള്‍ സംഗതി സുതാര്യമാവുകയും ചെയ്യും.
ഈ നാണംകെട്ട ആരോപണക്കാര്‍ സംഗതി കഴിഞ്ഞതിനുടനെയോ പിറ്റേന്നെങ്കിലുമോ പറയാതിരിക്കുന്നത് വല്ലാത്ത പൊരുത്തക്കേടായി തോന്നുന്നു. അന്നൊക്കെ ആസ്വദിച്ചത് പിന്നീട് പീഡനമാകുമ്പോഴാണ് അതിനു പിന്നിലെ രാഷ്ട്രീയം ചികയേണ്ടിവരുന്നത്.
വിശ്വാസികള്‍ ഇവിടെയും ശ്രദ്ധിക്കണം. നാലു സാക്ഷികള്‍ കൃത്യമായി കണ്ടെങ്കിലേ ഒരാളെക്കുറിച്ച് വ്യഭിചാരാരോപണം നടത്താന്‍ പാടുള്ളൂവെന്നാണ് മതനിയമം. അല്ലെങ്കില്‍, ആരോപകര്‍ക്ക് 80 അടി ശിക്ഷ നല്‍കണം! എങ്കില്‍ അടിയേല്‍ക്കേണ്ടവര്‍ മതരംഗത്ത് കൂടി എത്രയോ ഉണ്ടാവും. ആലോചിക്കുക.
ചുരുക്കത്തില്‍ വിശ്വാസിക്ക് ഈ ലോകവും ഇവിടുത്തെ വ്യവഹാരങ്ങളുമല്ല പ്രധാനം. ഏതുരംഗത്ത് ഇടപെടുന്നെങ്കിലും അവിടെയൊക്കെ സത്യസന്ധതയും മതനിയമങ്ങളും പാലിച്ചിരിക്കണം. അല്ലെങ്കില്‍ ഭാവി അപകടത്തിലാവും. ഖുര്‍ആനില്‍ അവസാനമിറങ്ങിയ സൂക്തം (2/281) അല്ലാഹുവിലേക്ക് മടങ്ങുന്ന ദിനത്തെ ഭയപ്പെടാനാണല്ലോ കല്‍പ്പിക്കുന്നത്. ചോദിച്ചേക്കാം, ഇതൊക്കെ പാലിച്ച് ജീവിക്കാനാവുമോ? ആവണം. അതാണ് വിശ്വാസി. ‘ജനങ്ങള്‍ക്കൊരു കാലം വരും. അന്ന് മത രീതികള്‍ പാലിക്കാന്‍ ക്ഷമ കാണിക്കുന്നത് തീക്കനല്‍ പിടിക്കുന്നതിനു സമാന’മെന്ന് തിരുനബി(സ്വ) പറഞ്ഞത് (തിര്‍മുദി) മറക്കാതിരിക്കുക.

You May Also Like

ശൈഖ് റൂമി(റ)യുടെ സഞ്ചാരം, ഗുരുക്കള്‍, കവിതകള്‍

ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലെ ആധുനികര്‍ക്കും സ്വീകാര്യനായ മറ്റൊരു വലിയ്യില്ല. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും…

ദര്‍വീശ്: പ്രണയശുദ്ധതയുടെ വാതില്‍ മുട്ടുന്നവര്‍

ഇശ്ഖ്, അഖ്ല്‍, അമല്‍, ഫഖ്ര്‍പ്രണയം, ചിന്ത, കര്‍മം, പരിത്യാഗം എന്നീ നാല് നിബന്ധനകളെ ആഴത്തിലറിഞ്ഞ്, അനുഷ്ഠിച്ച്…

ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.…