സുന്നി യുവശക്തിയുടെ അഭിമാനമായ എസ് വൈ എസിന് കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം നെടുനായകത്വം നല്‍കിയത് അറിവും സൂക്ഷ്മതയും കഴിവുമുള്ള മഹാന്മാരാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ നായകത്വം ഓരോ കാലത്തും അര്‍ഹരില്‍ അര്‍പ്പിച്ച് ദീനിനെ സംരക്ഷിച്ച് നിര്‍ത്തുക എന്നതാണ് അല്ലാഹുവിന്റെ രീതി. കഴിഞ്ഞകാല ചരിത്രം നമുക്ക് നല്‍കുന്ന പാഠം അതാണ്. ഭക്തി, വിജ്ഞാനം, സൂക്ഷ്മത, ആത്മാര്‍ത്ഥത തുടങ്ങിയ ഗുണങ്ങളാണ് ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നായകരില്‍ പ്രധാനമായും സമ്മേളിക്കേണ്ടത്. അവര്‍ക്ക് മാത്രമേ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകാനാവൂ. അത്തരം നായകരുടെ കൂട്ടായ്മകള്‍ക്കു മാത്രമേ മതത്തെ സംരക്ഷിച്ചു നിര്‍ത്താനും കഴിയൂ.

ലോകത്ത് പുതു പരിഷ്കാരങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് സത്യം. ഏതു മേഖലയിലും വൃത്തികെട്ട മോഡേണ്‍ ചിന്തക്ക് ശക്തിപകരുന്നതാണ് കാണാനാവുക. മത പ്രസ്ഥാനങ്ങളും ഇതില്‍ നിന്ന് ഭിന്നമല്ല. തിരുനബി(സ്വ) പറഞ്ഞു: നിങ്ങളുടെ പൂര്‍വികര്‍ പറയാത്തതും കേള്‍ക്കാത്തതും ദീനിന്റെ പേരില്‍ നിങ്ങള്‍ കേള്‍ക്കും. ഖുര്‍ആന്‍ തൊണ്ടക്കുഴിയില്‍ നിന്ന് താഴോട്ട് ഇറങ്ങാത്തവരായിരിക്കും ആ വിളംബരക്കാര്‍, അവരെ നിങ്ങള്‍ സൂക്ഷിക്കണം.’ അതിനാല്‍ തന്നെ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുന്ന ധര്‍മമാണ് എല്ലാ കാലങ്ങളിലും ഇസ്‌ലാമിക നേതൃത്വം ചെയ്തുപോന്നത്. ശത്രുപക്ഷം ആരെന്നോ അവര്‍ എത്ര പേരെന്നോ പൂര്‍വികര്‍ നോക്കിയില്ല. ഈ മുന്നേറ്റത്തില്‍ മറ്റു ചിന്തകള്‍ അവരെ അലട്ടിയില്ല. കൂരന്പുകളെ തടുക്കാന്‍ പാകത്തില്‍ നെഞ്ചുവിരിച്ച് നിന്ന് അവര്‍ പടനയിച്ചു. ധീരരായി മുന്നേറി. എവിടെയും അവര്‍ക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

കേരള മുസ്‌ലിംകള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കാന്‍ 1925ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാന്നിധ്യമാണ് ഇന്നു നാം കേരളത്തില്‍ അനുഭവിക്കുന്ന മതകീയ ചിട്ടക്കും സൗന്ദര്യത്തിനും പ്രധാന ഹേതുകം. സമസ്തയുടെ പിറവി ഇല്ലായിരുന്നുവെങ്കില്‍ ഈ ജാഗരണം കേരള മുസ്‌ലിംകള്‍ക്കുണ്ടാവുമായിരുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ സമുദായാംഗങ്ങളുടെ ആത്മികഭൗതിക സ്ഥിതി നമുക്കറിവുള്ളതാണല്ലോ. ആ പരുവത്തില്‍ ഒരുപക്ഷേ കേരളവും എത്തിപ്പെടുമായിരുന്നു.

സമസ്തയുടെ 1954-ല്‍ നടന്ന ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ താനൂരില്‍ വെച്ചാണ് എസ് വൈ എസ് രൂപീകരിക്കപ്പെടുന്നത്. സ്ഥാപിത കാലം മുതല്‍ 1959 വരെ ബി കുട്ടിഹസ്സന്‍ ഹാജി പ്രസിഡന്‍റും കെഎം മുഹമ്മദ് കോയ മാത്തോട്ടം ജനറല്‍ സെക്രട്ടറിയുമായി. 1959ല്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ മതപണ്ഡിതനും വാഗ്മിയുമായ എന്‍ അബ്ദുല്ല മുസ്‌ലിയാര്‍ പൂന്താനം പ്രസിഡന്‍റും ബി കുട്ടിഹസന്‍ ഹാജി ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. പുത്തന്‍വാദികള്‍ക്കെതിരെ ഒരു കാലത്ത് കേരളത്തില്‍ ധീരമായി പടനയിച്ച അസാമാന്യ വ്യക്തിത്വമാണ് പൂന്താനം അബ്ദുല്ല മുസ്‌ലിയാര്‍. കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പല പള്ളി, മദ്റസ, ദര്‍സുകളും അബ്ദുല്ല മുസ്‌ലിയാരുടെ വഅളിലൂടെ സ്ഥാപിതമായതാണ്. പാണ്ടിക്കാടിനടുത്തുള്ള കൊടശ്ശേരിയില്‍ ദീര്‍ഘകാലം മുദരിസായി സേവനം ചെയ്തിരുന്ന അദ്ദേഹം മഹാനായ അബ്ദുല്‍ഖാദിര്‍ ഫള്ഫരിയുടെ ജാമാതാവാണ്. കോഴിക്കോടും വയനാട്ടിലും ഏറനാട്, വള്ളുവനാട് താലൂക്കുകളിലും അബ്ദുല്ല മുസ്‌ലിയാര്‍ എസ് വൈ എസിനു വേണ്ടി നടത്തിയ പടയോട്ടം ചെറുതല്ല. പല ഗ്രാമങ്ങളിലും കാല്‍നടയായി എത്തിയാണ് സംഘടനയുടെ ശാഖാ രൂപീകരണം നടത്തിയത്.

1962-ല്‍ കൂറ്റനാട് കെവി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡന്‍റും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. പണ്ഡിതനും എഴുത്തുകാരനുമായ കെവി സമസ്തയുടെ ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965ല്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ എംഎം ബഷീര്‍ മുസ്‌ലിയാര്‍ പ്രസിഡന്‍റും വിഇ മോയിമോന്‍ ഹാജി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1968 ഓഗസ്റ്റ് 25-ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങള്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജനറല്‍ സെക്രട്ടറിയായി കെപി ഉസ്മാന്‍ സാഹിബും. 1975 പാണക്കാട് തങ്ങളുടെ മരണം മൂലമുണ്ടായ ഒഴിവിലേക്ക് പ്രസിഡന്‍റായി വന്നത് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരാണ്. 1975 മെയ് 19 മുതല്‍ 76 ഓഗസ്ത് 26 വരെയായിരുന്നു മഹാനവര്‍കള്‍ അധ്യക്ഷനായിരുന്നത്. അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ കെപി ഉസ്മാന്‍ സാഹിബിനു പകരം ആക്റ്റിംഗ് സെക്രട്ടറിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. ആദര്‍ശ പോര്‍ക്കളത്തില്‍ ഈ പ്രസ്ഥാന കൂട്ടായ്മക്ക് കരുത്ത് പകര്‍ന്നുനല്‍കിയ സാന്നിധ്യമായിരുന്നു ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും കാന്തപുരം ഉസ്താദിന്റെയും മഹനീയ നേതൃത്വം. പിന്നീട് ചേര്‍ന്ന കൗണ്‍സിലില്‍ കാന്തപുരം ഉസ്താദിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ബാപ്പു മുസ്‌ലിയാര്‍ക്ക് ശേഷം ഇകെ ഹസന്‍ മുസ്‌ലിയാരാണ് എസ് വൈ എസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. സുന്നി കേരളത്തില്‍ ആദര്‍ശത്തിന്റെ ചൂടും ഉശിരും പകര്‍ന്നുതന്ന ഇകെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്‍റും കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ കാലം എസ് വൈ എസിന്റെ സുവര്‍ണകാലമായിരുന്നു. ജനകീയ അടിത്തറ വികസിപ്പിക്കാനും ശത്രുക്കളുടെ ചതിക്കുഴികള്‍ കണ്ടെത്തി പ്രതിരോധ നിര തീര്‍ത്ത് സംഘശക്തിയെ സജ്ജമാക്കാനും അവര്‍ക്കു കഴിഞ്ഞു. അതോടെ മഹാ പ്രസ്ഥാനമായി എസ് വൈ എസ് മാറി. അതിന് വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്തത് ഹസന്‍ മുസ്‌ലിയാരുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വമായിരുന്നു. ആയിരക്കണക്കന് യൂണിറ്റിലേക്ക് സംഘശക്തി ഉയര്‍ന്നു. പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചു. കൂടുതല്‍ ജനകീയതയും ജനസമ്മതിയും എസ് വൈ എസ് നേടിയെടുത്തു. മഹല്ലുകള്‍, പള്ളികള്‍, മദ്റസകള്‍, കോളേജുകള്‍ തുടങ്ങി വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെല്ലാം എസ് വൈ എസിന്റെ സാന്നിധ്യമുണ്ടായി. കാരന്തൂര്‍ മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഇക്കാലയളവിലാണ്.

ഇകെ ഹസന്‍ മുസ്‌ലിയാരുടെ വിയോഗാനന്തരം 1982 ആഗസ്ത് 28 എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘദര്‍ശിയായ പണ്ഡിതനും സംഘാടകനും ചിന്തകനുമായ എംഎ ഉസ്താദിന്റെയും എപി ഉസ്താദിന്റെയും കരുത്തുറ്റ നേതൃത്വം എസ് വൈ എസിനെ കൂടുതല്‍ ചിട്ടപ്പെടുത്തി. അന്ന് എസ് വൈ എസിന്റെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഒന്നിച്ച ഇരുപണ്ഡിതരും ഇന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഒന്നിച്ചത് ഇലാഹീ നിയുക്തിയാണ്, സൗഭാഗ്യവും. എസ് വൈ എസിനെ ധര്‍മബോധമുള്ള ആദര്‍ശ ധീരരുടെ കര്‍മമണ്ഡലമാക്കുന്നതില്‍ ഈ രണ്ട് മഹാ പ്രതിഭകള്‍ അനുഭവിച്ച ത്യാഗങ്ങള്‍ക്ക് കാലം നല്‍കിയ കയ്യൊപ്പ്. എംഎഎപി ദ്വയങ്ങള്‍ സുന്നി ആദര്‍ശ പോരാട്ട ഭൂമിയില്‍ കൊത്തിവെച്ചത് ചെറിയ നേട്ടങ്ങളല്ലല്ലോ. ആദര്‍ശം, വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹികം, സാമുദായികം തുടങ്ങി എല്ലാ ഇടങ്ങളിലേക്കും അവരുടെ ചിന്തയും കര്‍മവും വികസിച്ചു. എസ് വൈ എസിനെ ജീവസ്സുറ്റതാക്കുന്നതില്‍ ധിഷണാപരമായ നേതൃത്വം നല്‍കി.

കാന്തപുരം ഉസ്താദ് പ്രസിഡന്‍റും കെപി ഹംസ മുസ്‌ലിയാര്‍ ചിത്താരി ജനറല്‍ സെക്രട്ടറിയുമായ എസ് വൈ എസ് നേതൃത്വം സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയുണ്ടായി. ക്യാന്പുകളും പഠനക്ലാസുകളും ആദര്‍ശ സമ്മേളനങ്ങളുമായി വലിയ മുന്നേറ്റമാണ് ഇവരുടെ കാലത്ത് സംഘടനക്ക് സാധ്യമായത്. കാന്തപുരം ഉസ്താദ് പ്രസിഡന്‍റും പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായ ഘട്ടവും പ്രാധാന്യമര്‍ഹിക്കുന്നു. കൂടുതല്‍ ഉണര്‍വും ലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയുമുള്ള മഹാപ്രസ്ഥാനമായി ഇക്കാലയളവില്‍ എസ് വൈ എസിന് വളരാനായി. മെമ്പര്‍ഷിപ്പ് വിതരണം മുതല്‍ തെരഞ്ഞെടുപ്പുകള്‍ വരെ ശാസ്ത്രീയവും കാലോചിതവുമായി. നിരന്തരമായ വര്‍ക്ക്ഷോപ്പുകളിലൂടെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കാനും പൊതുസമൂഹത്തിന് ഗുണപരമായ അജണ്ടകള്‍ വിഭാവനം ചെയ്യാനുമായി. അണമുറിയാത്ത ആവേശത്തോടെ പ്രിയ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ലക്ഷക്കണക്കിന് യുവാക്കളുടെ കൂട്ടായ്മയായി എസ് വൈ എസ് മാറിയതിനോടൊപ്പം പൊതു മണ്ഡലങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ശേഷം പൊന്മള ഉസ്താദ് പ്രസിഡന്‍റും പേരോട് അബ്ദുറഹ്മാന്‍ സഖാഫി ജനറല്‍ സെക്രട്ടറിയുമായി. നേതൃത്വത്തിന്റെ നിതാന്ത ജാഗ്രതയും അധ്വാനവും ആത്മാര്‍ത്ഥതയും സമസ്ത കേരള സുന്നി യുവജന സംഘത്തെ കേരളത്തിലെ ഏറ്റവും വലിയ ആദര്‍ശ പ്രസ്ഥാനമായി വളര്‍ത്തി.

സത്യാദര്‍ശവും പക്വമായ ഇടപെടലുകളും സമൂഹത്തിനാവശ്യമായ പദ്ധതികളുമെല്ലാമാണ് എസ് വൈ എസിനെ വേറിട്ട് നിര്‍ത്തുന്നത്. എട്ടും അതിലധികവുമായി പിളര്‍ന്ന മുജാഹിദുകളടക്കമുള്ള ആശയവൈരികളെ പ്രതിരോധിക്കാനും വര്‍ഗീയഫാസിസ്റ്റ് ശക്തികളുടെ ഒളിയജണ്ടകളില്‍ മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നല്‍കാനും പരിശുദ്ധ ദീനിനെ സംരക്ഷിച്ച് നിലനിര്‍ത്താനും എസ് വൈ എസിനെയും അതിന്റെ നേതൃത്വത്തെയുമാണ് സമൂഹം ഉറ്റുനോക്കുന്നത്.

ത്യാഗങ്ങള്‍ സഹിച്ച് ഈ പ്രസ്ഥാനത്തെ വളര്‍ത്തിയ നിരവധി പ്രധാനികള്‍ മണ്‍മറഞ്ഞുപോയി. അവരുടെ സേവനങ്ങള്‍ ചെറുതല്ല. സയ്യിദ് അവേലത്ത് തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ടിഎസ്കെ തങ്ങള്‍ ബുഖാരി, പികെഎം ബാഖവി അണ്ടോണ, പിപി മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍ തുടങ്ങി ആറു പതിറ്റാണ്ടിനുള്ളില്‍ മണ്‍മറഞ്ഞവര്‍ ഏറെയാണ്. ഇന്ന് സംഘടനാ പ്രവര്‍ത്തന രംഗത്ത് നൂതന ടെക്നോളജിയുടെ സഹായ ഹസ്തങ്ങളുണ്ടെങ്കില്‍, ഒന്നുമില്ലാതിരുന്ന കാലങ്ങളില്‍ ഈ വഴികാട്ടികള്‍ അനുഭവിച്ച ത്യാഗങ്ങള്‍ നാം അനുസ്മരിക്കണം. അല്ലാഹു അവരെയെല്ലാം അനുഗ്രഹിക്കട്ടെ.

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ