സൽകർമങ്ങളുടെ സത്ത കുടിക്കൊള്ളുന്നത് നിയ്യത്തിലാണ്. കർമത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിർണയിക്കുന്നതിൽ നിയ്യത്തിന്റെ പങ്ക് ചെറുതല്ല. ഇമാം ബുഖാരി(റ) വിഖ്യാതമായ ഹദീസ്ഗ്രന്ഥം സ്വഹീഹുൽ ബുഖാരി ആരംഭിക്കുന്നത് നിയ്യത്തിനെയും ഇഖ്‌ലാസ്വിനെയും കുറിച്ചുള്ള അധ്യായം കൊണ്ടാണ്. ഇമാം നവവി(റ) രിയാളുസ്വാലിഹീൻ തുടങ്ങുന്നതും ഇപ്രകാരം തന്നെ. ലോകോത്തര ഇസ്‌ലാമിക തസ്വവ്വുഫ് ഗ്രന്ഥം ഇഹ്‌യാഉ ഉലൂമിദ്ദീനിൽ ഇമാം ഗസാലി(റ) ഇഖ്‌ലാസ്വിനുമുമ്പേ നിയ്യത്തിനെക്കുറിച്ച് ഒരു സ്വതന്ത്ര അധ്യായത്തിലൂടെ സവിസ്തരം ചർച്ച നടത്തുന്നുണ്ട്. ഇവയെല്ലാം വിളിച്ചോതുന്നത് നിയ്യത്തിന്റെ പ്രാധാന്യവും ഇഖ്‌ലാസ്വും നിയ്യത്തുമായുള്ള ബന്ധവുമാണ്.

പ്രവർത്തനങ്ങളുടെ മാനദണ്ഡം നിയ്യത്താണെന്നാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത്. ഉമർ(റ)ൽ നിന്നും ഉദ്ധരിക്കുന്ന ഹദീസിങ്ങനെ: ‘കർമങ്ങളുടെ അടിസ്ഥാനം നിയ്യത്താകുന്നു, ഓരോരുത്തർക്കും അവരാഗ്രഹിച്ചതാണ് ലഭിക്കുക. ആരുടെയെങ്കിലും ഹിജ്‌റ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഉദ്ദേശിച്ചാണെങ്കിൽ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും തിരുദൂതരിലേക്കുമായിരിക്കും. ആരുടെയെങ്കിലും ഹിജ്‌റ ഭൗതിക നേട്ടം ഉദ്ദേശിച്ചോ ഏതെങ്കിലും സ്ത്രീയെ ഉദ്ദേശിച്ചോ ആണെങ്കിൽ ആ ഹിജ്‌റ അയാൾ ഉദ്ദേശിച്ചതിലേക്ക് മാത്രമായിരിക്കും’ (ബുഖാരി, മുസ്‌ലിം). ഹദീസിൽ പ്രതിപാദിച്ച കർമങ്ങൾ കൊണ്ടുള്ള വിവക്ഷ ഇബാദത്തും (പുണ്യകർമങ്ങൾ) മുബാഹാത്തുമാണ് (മറ്റനുവദനീയ കർമങ്ങൾ). തിന്മകളും പാപങ്ങളും ഇവിടെ ഉദ്ദേശ്യമല്ല. കാരണം സദുദ്ദേശ്യം കൊണ്ട് തിന്മ നന്മയായിത്തീരില്ല.

ഇമാം ഗസാലി(റ) പറയുന്നു: ‘നിർധനരെ സഹായിക്കാൻ വേണ്ടി അന്യരുടെ ധനം കൊള്ളയടിച്ചാൽ അത് നന്മയോ സൽക്കർമമോ ആവുന്നില്ല. മറിച്ച് ശരീഅത്ത് വിലക്കിയ കാര്യം നല്ല ഉദ്ദേശ്യം മുൻനിർത്തി ചെയ്തതു മറ്റൊരു പാപമായിമാറുന്നു. അറിഞ്ഞുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർ ശരീഅത്തിന്റെ ശത്രുക്കളാണ്. അറിവില്ലായ്മ മൂലം ചെയ്യുന്നവർക്ക് അറിവില്ലായ്മയുടെ പാപവുംകൂടെ പേറേണ്ടി വരുന്നു. കാരണം നന്മ-തിന്മകളെക്കുറിച്ചറിയേണ്ടത് എല്ലാമുസ്‌ലിംകൾക്കും നിർബന്ധമാണ്’ (ഇഹ്‌യാ ഉലൂമിദ്ദീൻ).

നിയ്യത്ത് നല്ലതോ ചീത്തയോ എന്ന പ്രശ്‌നം ഇബാദാത്ത്, മുബാഹാത്ത് എന്നിവയിൽ മാത്രമേ ഉൽഭവിക്കുന്നുള്ളൂ. ആരാധന സ്വീകാര്യവും സാധുവുമാകുന്നത് സദുദ്ദേശ്യം, ശരീഅത്തിന്റെ അംഗീകാരം എന്നിവയുടെ അടിസ്ഥാനത്തിലാണ്. അഥവാ, നിയ്യത്ത് നന്നാവുകയും ശരീഅത്ത് നിർദേശിച്ച രീതിയോട് യോജിക്കുകയും വേണം. നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയവ പോലെ. എന്നാൽ രൂപം വ്യക്തമായി നിർദേശിക്കപ്പെട്ടിട്ടില്ലാത്ത ആരാധനകളിൽ നല്ല നിയ്യത്ത് മാത്രം മതിയാകും. സാധാരണ പ്രാർത്ഥന ഈ ഗണത്തിൽ പെടുന്നു. അതുകൊണ്ടു തന്നെ കൈകളുയർത്തിയോ നാവ് ചലിപ്പിച്ചോ ഹൃദയം കൊണ്ട് മാത്രമോ പ്രാർത്ഥിക്കാം, എത്രയും പ്രാർത്ഥന നടത്താം. ആരാധനകളും സൽകർമങ്ങളും പ്രവർത്തിക്കൽ കൊണ്ട് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കലാണ് നല്ല നിയ്യത്ത്. ഇലാഹി തൃപ്തിയല്ലാതെ മറ്റൊന്നും ആരാധനകൾ കൊണ്ട് ലക്ഷ്യമാക്കരുത്.

നല്ല നിയ്യത്തോടെ ആരാധന അനുഷ്ഠിക്കുന്നവർക്ക് വലിയ സ്ഥാനമാണ് രക്ഷിതാവ് കൽപിച്ചിട്ടുള്ളത്. അവർക്ക് നാഥൻ പ്രതിഫലം നൽകുമെന്ന് തീർച്ച. മറിച്ചാണെങ്കിൽ പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. മേൽപറഞ്ഞ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ) ഉണർത്തുന്നതും അതുതന്നെ: ‘അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ഒരാൾ ഹിജ്‌റ നടത്തിയാൽ അല്ലാഹു അതിന് പ്രതിഫലം നൽകുക തന്നെ ചെയ്യും, മണ്ണിനും പെണ്ണിനും വേണ്ടിയാണ് ഹിജ്‌റയെങ്കിൽ അതായിരിക്കും പ്രതിഫലം. പരലോകത്ത് യാതൊന്നുമുണ്ടാകില്ല’ (ശറഹുമുസ്‌ലിം).

നല്ല നിയ്യത്തുകളുടെ ഒരു പ്രത്യേകത ചെയ്യാനുദ്ദേശിച്ച കർമത്തിന്റെ പ്രതിഫലം നിയ്യത്തു കൊണ്ടുതന്നെ ലഭിക്കുമെന്നതാണ്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: അല്ലാഹു നന്മ തിന്മകളെ രേഖപ്പെടുത്തുകയും പിന്നീടത് വിശദീകരിച്ചുതരികയും ചെയ്തിട്ടുണ്ട്. അതിനാൽ വല്ലവനും ഒരു നന്മയുദ്ദേശിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അതിനെ ഒരു സമ്പൂർണ നന്മയായി രേഖപ്പെടുത്തും. അത് പ്രവർത്തിക്കുകകൂടി ചെയ്താൽ പത്തോ അതിലധികമോ ഇരട്ടിയായി അവനത് രേഖപ്പെടുത്തും. എന്നാൽ തിന്മയുദ്ദേശിക്കുകയും അതിനെ പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്താൽ അതിനെ ഒരു സമ്പൂർണ നന്മയായി രേഖപ്പെടുത്തും. ഇനി അതു പ്രവർത്തിച്ചാൽ ഒരു തിന്മ മാത്രമായാണ് രേഖപ്പെടുത്തുക’ (ബുഖാരി, മുസ്‌ലിം). റബ്ബിന്റെ മഹത്തായ ഔദാര്യമാണ് ഈ തിരുമൊഴി വ്യക്തമാക്കുന്നത്.

നന്മ പ്രവർത്തിക്കാനുദ്ദേശിക്കുന്നതിൽ ഒരിക്കലും പിശുക്ക് കാണിക്കരുത്; അതു പ്രവർത്തിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും. ദുർബല നിമിഷങ്ങളിൽ തിന്മ ചെയ്യാനുദ്ദേശിച്ചുപോയാലും അതു പ്രവർത്തിക്കാൻ മുതിരരുത്, കാരണം തിന്മയുദ്ദേശിച്ചതിന്റെ പേരിൽ മാത്രം ശിക്ഷ ലഭിക്കില്ല. മേൽപറഞ്ഞ ഹദീസ് നൽകുന്ന മറ്റൊരു പാഠമിതാണ്.

ഉദ്ദേശ്യശുദ്ധിക്കനുസരിച്ചാണ് കർമത്തിന്റെ പ്രതിഫലവും സ്വീകാര്യതയും. പ്രവർത്തനം ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ പോലും ഉദ്ദേശ്യശുദ്ധി പരിഗണിക്കപ്പെടും. അബൂയസീദ് മഅ്ൻ(റ) പറയുന്നു: ‘എന്റെ പിതാവ് യസീദുബ്‌നു അഖ്‌നസ്(റ) കുറച്ചു ദീനാർ ദാനം ചെയ്യാനുദ്ദേശിച്ച് പുറപ്പെട്ടു. പള്ളിയിലുള്ള ഒരാളെ അദ്ദേഹമത് ഏൽപിച്ചു. പിന്നീടവിടെയെത്തിയ ഞാൻ അതുമുഴുവൻ കൈപറ്റി. ഇതറിഞ്ഞ പിതാവ് എന്നോട് പറഞ്ഞു: അല്ലാഹുവാണ് സത്യം, നിന്നെ ഉദ്ദേശിച്ചല്ല ഞാനത് ദാനം ചെയ്തത്. ധനം ഞാൻ കൈപറ്റിയതിൽ അദ്ദേഹം പ്രയാസപ്പെടുന്നതായി തോന്നിയപ്പോൾ നബി(സ്വ)യെ കാര്യം ധരിപ്പിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ പിതാവ് ഉദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന് പ്രതിഫലം ലഭിക്കും. നിങ്ങൾ കൈപറ്റിയ ധനം നിങ്ങൾക്കുള്ളതാണ്’ (ബുഖാരി).

ഈ സംഭവത്തിൽ യസീദുബ്‌നു അഖ്‌നസിന്റെ സ്വദഖ അദ്ദേഹത്തിന്റെ മകനാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തിനെതിരായിരുന്നു ഇത്. ആവശ്യക്കാരായ മറ്റാർക്കെങ്കിലും ലഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. എന്നിട്ടും പൂർണ പ്രതിഫലം ലഭിക്കാൻ കാരണം നിഷ്‌കപടമായ നിയ്യത്താണ്.

മൻസൂർ പി പുവ്വത്തിക്കൽ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ