jl1 (1)വിശുദ്ധ റമളാനിലെ നോമ്പ്, വിശ്വാസി നിര്‍വഹിക്കുന്ന ഇബാദത്തുകളില്‍ അതിവിശിഷ്ടമായതാണ്. നോമ്പ്എനിക്കുള്ളതാണ് എന്ന ഇലാഹീ വചനം തന്നെ അതു വ്യക്തമാക്കുന്നുണ്ട്. കര്‍മങ്ങളെയും ജീവിതമരണങ്ങള്‍ തന്നെയും അല്ലാഹുവിനു വേണ്ടിയാക്കാന്‍ ബാധ്യതയുള്ളവനാണ് വിശ്വാസി. അല്ലാഹു എന്ന വിചാരവും അവനിലുള്ള വിശ്വാസവുമാണ് അവന്റെ ആരാധനകളുടെ ചൈതന്യം. ഈ വിശ്വാസത്തിന്റെ പ്രത്യക്ഷ അടയാളങ്ങളാണു ഇബാദത്തുകളെല്ലാം. പക്ഷേ, അതെത്രമാത്രം അല്ലാഹുവിനുള്ളതാവുന്നുണ്ട് എന്നത് ആലോചിക്കേണ്ടതാണ്.
കര്‍മസ്വീകാര്യത
കര്‍മങ്ങള്‍ക്ക് പ്രചോദനമായിത്തീരുന്നത് അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസമാണ്. ആരാധനയോട് പ്രത്യക്ഷത്തില്‍ സമാനതയുള്ള ചടങ്ങുകള്‍ ആര്‍ക്കും നിര്‍വഹിക്കാനാവും. പക്ഷേ, അതൊന്നും ഇബാദത്തുകളാകില്ല. സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തെ അപകടപ്പെടുത്തുന്ന നിഷേധങ്ങളും വ്യതിയാനങ്ങളും സദ്പ്രവര്‍ത്തനങ്ങളെ നിഷ്കാസിതമാക്കും. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരും വിശ്വാസത്തില്‍ വ്യതിയാനം സംഭവിച്ചവരും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായിരിക്കില്ലെന്ന് ഹദീസുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ഇസ്ലാം നിരാകരിക്കുന്ന വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും സദ്കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമാണ്. ചില പിണക്കങ്ങളും അക്രമങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. സദ്പ്രവര്‍ത്തനങ്ങള്‍ ഒരു ചടങ്ങ് മാത്രമല്ലെന്നര്‍ത്ഥം. അനുഷ്ഠാനം ഒരു അടയാളമാണ്. മുസ്ലിമിന്റെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് സദ്കര്‍മങ്ങള്‍. വിശ്വാസവും കര്‍മവും തമ്മിലുള്ള ബന്ധം അടിസ്ഥാനപരമാണ്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇബാദത്തുകളിലെ നിയ്യത്ത്.
നിയ്യത്ത്
നിയ്യത്ത് എന്ന പദത്തിന് കരുതല്‍ എന്നാണു ഭാഷാര്‍ത്ഥം. ചെയ്യാനുദ്ദേശിക്കുന്ന കര്‍മത്തിന്റെ സ്ഥിതിയെ അത് നിര്‍ണയിക്കുന്നു. അതിനാല്‍ കര്‍മങ്ങളുടെ അസ്ഥിവാരം നിയ്യത്താണ്. കര്‍മത്തില്‍ അസ്തിത്വം നല്‍കുന്നപോലെ അതു നിര്‍മിക്കുന്നതും നിയ്യത്താണ്. നബി(സ്വ) പറഞ്ഞു: നിശ്ചയം സദ്കര്‍മങ്ങള്‍ ഉണ്ടാവുന്നതും സ്വത്വം നേടുന്നതും നിയ്യത്തു കൊണ്ടാണ്.
കര്‍മങ്ങളുടെ ചൈതന്യം നിയ്യത്താണെന്നു സാരം. അല്ലാഹുവിനുവേണ്ടിയാവണം സദ്കര്‍മങ്ങളും പ്രവര്‍ത്തനങ്ങളും. അതു കര്‍മത്തിന്റെ രീതിയെയും സ്വഭാവത്തെയും നിര്‍ണയിക്കും. ലില്ലാഹി എന്ന് സദ്കര്‍മം ചെയ്യാന്‍ നിര്‍ദേശിച്ച ശേഷം ഖുര്‍ആനില്‍ പറഞ്ഞതു കാണാം. അങ്ങനെയായിരിക്കണമെന്ന് പ്രഖ്യാപനമുണ്ട്. അല്ലാഹു പറയുന്നു: നബിയേ, പറയുക, നിശ്ചയം എന്റെ നിസ്കാരം, അനുഷ്ഠാനങ്ങള്‍, ജീവിതം, മരണം, ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയാണ് (അല്‍അന്‍ആം162).
രിയാഅ്
അല്ലാഹുവിന് വേണ്ടിയായിരിക്കണം എല്ലാ കര്‍മങ്ങളും. എന്നാല്‍ അല്ലാഹുവിന് വേണ്ടിയല്ലാതെ അവ നിര്‍വഹിക്കപ്പെടുന്നത് ഇന്നു സാധാരണമായിരിക്കുന്നു. പ്രകടനപരമായ ഈ ആവേശം അപകടകരമാണ്. ഭൗതിക പ്രധാനമായ ചില സ്വാര്‍ത്ഥതകള്‍ സാധിക്കാനും സദ്കര്‍മങ്ങളെ ഉപാധിയാക്കി വരുന്നുണ്ട്. ചെയ്ത നന്മ വിളംബരപ്പെടുത്തി നിഷ്ഫലമാക്കുന്ന രീതിയും ചിലരില്‍ കാണാം. ചെയ്യുന്ന കാര്യങ്ങള്‍ സ്വകാര്യമായി നില്‍ക്കാനാണു നാം ശ്രദ്ധിക്കേണ്ടത്. അത് പരസ്യപ്പെടുത്തിയാല്‍ പുണ്യം നഷ്ടപ്പെടുക മാത്രമല്ല, കുറ്റകരവുമായിത്തീരും.
എന്നാല്‍ ചിലത് പരസ്യമായി ചെയ്യേണ്ടതാണ്. ജുമുഅ, ജമാഅത്ത് ഉദാഹരണം. എന്നാല്‍ ഇതിലെ പരസ്യമാവല്‍ പരസ്യപ്പെടുത്തല്‍ എന്ന വിതാനത്തിലേക്ക് താഴ്ത്തരുത്. ദാനത്തിന് സ്വീകര്‍ത്താവുണ്ടാകുമല്ലോ. അതിലും ഒരു പരസ്യപ്പെടലുണ്ട്. അതിലപ്പുറം പരസ്യപ്പെടുത്തല്‍ ലക്ഷ്യമാക്കരുത്. വിചാരനിയന്ത്രണം ഇത്തരം ഘട്ടങ്ങളില്‍ നാം പാലിക്കണം.
ഹജ്ജിലും ഉംറയിലും സമാനമായ രംഗങ്ങളുണ്ട്. വിചാര നിയന്ത്രണങ്ങള്‍ അവിടെയൊക്കെ കൂടിയേ തീരൂ. അല്ലാത്തപക്ഷം അവ ഫലശൂന്യങ്ങളായിത്തീരും. നിയ്യത്തിലെ ലില്ലാഹിഅല്ലാഹുവിനു വേണ്ടി എന്ന ചൈതന്യത്തില്‍ തന്നെ ഒരു കര്‍മത്തെ പൂര്‍ത്തീകരിക്കാനും സംരക്ഷിക്കാനും സാധിക്കുന്നതിലാണ് വിജയം. തുടക്കത്തിനനുസരിച്ചാണ് കര്‍മങ്ങളുടെ അന്ത്യവും സാധുതയും.
നോമ്പിന്റെ വ്യതിരിക്തത
നോമ്പിനെക്കുറിച്ച് അല്ലാഹു പറയുന്നു: നോമ്പ്എനിക്കുള്ളതാണ്. ഞാനതിന് പ്രതിഫലം നല്‍കുകയും ചെയ്യും (ബുഖാരി). ഇതര സദ്കര്‍മങ്ങള്‍ക്ക് സ്ഥലകാല സാഹചര്യ ബന്ധങ്ങള്‍ക്കനുസൃതമായി പ്രതിഫലത്തിന്റെ തോതും സ്വഭാവവും വിവരിക്കപ്പെട്ടതു കാണാം. അതു നേടിയെടുക്കുന്നതിനു ആ കര്‍മങ്ങളെ അല്ലാഹുവിനുവേണ്ടി എന്ന നിയ്യത്തിലൂടെ നിര്‍വഹിക്കണം.
ഒരു അനുഷ്ഠാനമെന്ന നിലയില്‍ നോമ്പിനും നിയ്യത്ത് അനിവാര്യ ഘടകമാണ്. മനസ്സും ശരീരവും സഹകരിക്കുന്നതിനനുസരിച്ച് നോമ്പ്കൂടുതല്‍ ഉജ്വലവും പ്രത്യുല്‍പാദനപരവുമായിത്തീരും. അന്നപാന ഭോഗാദികള്‍ ഉപേക്ഷിക്കുന്നതിലൂടെ നോമ്പിന്റെ പ്രത്യക്ഷരൂപം സൃഷ്ടിക്കാനാവും. ഒരു പകല്‍ മുഴുവന്‍ നടത്തുന്ന ഈ ഉപവാസം അതിന്റെ ആരോഗ്യപരവും മറ്റുമായുള്ള ഭൗതിക ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ആത്മിക ഫലം ലഭിക്കാന്‍ എല്ലാ അനുഷ്ഠാനങ്ങളെയും പോലെ നിയ്യത്തു വേണം.
നോമ്പിന്റെ സ്വകാര്യത
നോമ്പിലുള്ള സ്വകാര്യത മറ്റുള്ള ആരാധനകളില്‍ നിന്നും വ്യതിരിക്തമാണ്. അപരനെ ബോധ്യപ്പെടുത്തുന്നതിനും പരിമിതിയുണ്ട്. യാഥാര്‍ത്ഥ്യം അല്ലാഹുവിന് മാത്രമറിയാവുന്ന സ്വകാര്യമാണത്. നോമ്പനുഷ്ഠിച്ചിട്ടില്ല എന്നു ബോധ്യപ്പെടുത്താനെളുപ്പമാണ്. എന്നാല്‍ നോമ്പനുഷ്ഠിച്ചു എന്നത് ചിലപ്പോള്‍ അഭിനയമായി മനസ്സിലാക്കപ്പെടാം. നോമ്പിന്റെ ഈ സ്വകാര്യതയാണ് നിര്‍വഹണത്തിലെ ആത്മാര്‍ത്ഥതയെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നത്. അതുപോലെ താന്‍ നോമ്പുകാരനാണെന്ന് അപരനെ ബോധ്യപ്പെടുത്താന്‍ നോമ്പനുഷ്ഠിച്ചു കൊള്ളണമെന്നില്ല. വിശാലമായ ഒരു പകലിന്റെ ഏതു സമയത്തും രഹസ്യമായി അന്നപാനം നടത്തിയാലും ലോകമാന്യ സുഖം കിട്ടാതിരിക്കില്ല. അതിനാല്‍ നോമ്പിന്റെ സ്വീകാര്യത വളരെ ഉദാത്തമാണ്. അല്ലാഹുവിന് മാത്രമായി അതു സമര്‍പ്പിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ. സ്വകാര്യത മുറ്റിയ ആരാധനയിലൂടെ ഒരു പകലിനെ നോമ്പുകാരന്‍ യാത്രയാക്കുന്നതിന് അര്‍ഹമായ പ്രതിഫലം അല്ലാഹു തന്നെ നിശ്ചയിച്ചുനല്‍കുന്നു.
നോമ്പുകാരന്റെ മനസ്സും ശരീരവും വാക്കും പ്രവര്‍ത്തിയും അനുസരിച്ച് നോന്പെന്ന കര്‍മം ഉന്നതമായ അവസ്ഥയിലെത്തിച്ചേരും. അതിനനുസൃതമായി ഉയര്‍ന്ന പ്രതിഫലം ലഭ്യമാവുകയും ചെയ്യും. അതെത്രമാത്രമാണെന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. ഞാന്‍ പ്രതിഫലം നല്‍കും എന്ന പ്രഖ്യാപനത്തിലത് അടങ്ങിയിട്ടുണ്ട്. അതെന്തുകൊണ്ട് എന്നുകൂടി സ്രഷ്ടാവ് അറിയിക്കുന്നുണ്ട്. അവന്റെ വികാരവും അന്നപാനീയവും എനിക്കുവേണ്ടിയാണ് അവനുപേക്ഷിക്കുന്നത് (ബുഖാരി).
നാഥന്റെ സംതൃപ്തി
നാഥന്‍ തന്നെക്കുറിച്ച് സന്തുഷ്ടനാവുക എന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. തന്‍റേത് എന്ന് അല്ലാഹു വിശേഷിപ്പിച്ച ഒരു കര്‍മത്തോട് അവന് ആഭിമുഖ്യമുണ്ടാവുമല്ലോ. ഈ ആഭിമുഖ്യഭാവമാണ് വര്‍ധിത പ്രതിഫലം നല്‍കുന്നതിന് ഹേതുകം. നിര്‍ബന്ധ നോമ്പ്വര്‍ഷത്തില്‍ ഒരു മാസമാണ്. അതുതന്നെ പകല്‍ സമയങ്ങളില്‍ പരിമിതവും. നോമ്പിന്റെ അനിവാര്യമായ ഘടകമായ അന്നപാന ഭോഗാദികളുടെ നിയന്ത്രണത്തില്‍ വേറെയും സൗകര്യങ്ങളുണ്ട്. രാത്രികാലം സ്വസ്ഥവും വീടുകളില്‍ കുടുംബവും സ്വകാര്യവും സൗകര്യങ്ങളും ഉള്ളിടത്ത് മനുഷ്യന്‍ വിലക്കപ്പെട്ടവ അനിയന്ത്രിതമായി പ്രവര്‍ത്തിക്കാനിടവരും. പകലാവുന്പോള്‍ അതിന് സാധ്യത താരതമ്യേന കുറവാണ്.
ലിഖാഅ്തിരുക്കാഴ്ച
നോമ്പുകാരന് നല്‍കപ്പെടുന്ന പ്രതിഫലത്തെക്കുറിച്ച് ഞാന്‍ നല്‍കുമെന്ന് മൊത്തമായി പറഞ്ഞെങ്കിലും ചിലത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് പാരത്രിക ലോകത്ത് തന്റെ നാഥനെ കാണാനാവുക എന്നത്. ഒരു പകലിന്റെ വ്രതസംബന്ധിയായ നിയന്ത്രണത്തില്‍ നിന്നും നോമ്പ്തുറക്കലിലൂടെയുണ്ടാകുന്ന സന്തോഷം നോമ്പുകാരന്റെ ഭൗതികമായ സന്തോഷമാണ്. എന്നാല്‍ ആ സന്തോഷം ഉണ്ടായിരുന്ന ഭക്ഷണ നിയന്ത്രണങ്ങള്‍ നീങ്ങിയതിന്റെ പേരിലല്ല. നോന്പെന്ന ഇബാദത്ത് പൂര്‍ത്തിയാക്കാനായല്ലോ എന്നതിന്റെ പേരിലാവണം. ആ സമയം നിരസിക്കപ്പെടാത്ത പ്രാര്‍ത്ഥനയുടെ അവസരവുമാണ്. നബി(സ്വ) പറഞ്ഞു: നിശ്ചയം, നോമ്പുകാരന് അവന്‍ നോമ്പുമുറിക്കുന്ന സമയത്ത് നിരസിക്കപ്പെടാത്ത ഒരു പ്രാര്‍ത്ഥനാവസരമുണ്ട് (ഇബ്നുമാജ).
നോമ്പുകാരന് രണ്ടാമതായി ലഭിക്കുന്ന സന്തോഷം നാഥനെ ദര്‍ശിക്കുന്പോഴാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ നാഥനെ കാണുക എന്നത് വളരെ ആനന്ദകരമാണ്. പരലോകത്ത് അതിന് അവസരമുണ്ടാകുന്പോള്‍ അവരുടെ മുഖത്ത് ശോഭ വിരിയുമെന്ന് ഖുര്‍ആന്‍. ആ സൗഭാഗ്യരിലേക്ക് വിശ്വാസിയെ കൊണ്ടെത്തിക്കാന്‍ നോമ്പ്ഉപാധിയാണ്. ഇത് നോമ്പിന്റെ മഹത്വവും വിശ്വാസിയുടെ സന്തോഷവും വര്‍ധിപ്പിക്കുന്നു. തിരുദര്‍ശനത്തിന്റെ സൗഭാഗ്യം സാധിക്കുന്നതെങ്ങനെ എന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
സത്യവിശ്വാസിയുടെ ജീവിതത്തിന് ലക്ഷ്യത്തിലേക്കുള്ള കൃത്യമായ രേഖയും വഴിയും നിര്‍ണയിക്കപ്പെടുകയാണ് നോമ്പിലൂടെ എന്നാണിതിനര്‍ത്ഥം. അനിവാര്യമായ ആത്മനിയന്ത്രണം പാലിച്ചതിന്റെ ഫലപ്രാപ്തിയാണ്. അല്ലാഹുവിന്റെ ദര്‍ശനത്തിലും നടക്കുന്നത്. അതു വിജയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. സ്വര്‍ഗവാസവും അതിലെ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുന്നവനായിരിക്കും ലിഖാഇന് അവസരമുണ്ടായവന്‍. അതിനാല്‍ സുനിശ്ചിത വിജയത്തിന്റെ മുഖ്യ ഉപാധിയായി നോമ്പ്വിരാജിക്കുകയാണ്.
നോമ്പ്പരിചയാണ്
വിശ്വാസിക്ക് അനിവാര്യമായ നിയന്ത്രണ പരിധിയെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ നോമ്പ്പ്രധാന പങ്കുവഹിക്കുന്നു. ഇതര ജീവികളില്‍ നിന്നും വ്യത്യസ്തമായി വ്യവസ്ഥാപിതമായ സംസാരശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. അതിനാല്‍ ഇണതേടലും ഇരതേടലും കോപപ്രകടനവും പോലെ സംസാരവും കടുത്ത നിയന്ത്രണമാവശ്യപ്പെടുന്നുണ്ട്. ജന്തുക്കളെക്കാള്‍ ഉന്നതമായും സൗകര്യപ്രദമായും ഇവയെ പ്രയോഗിക്കാന്‍ സാധിക്കുന്നുവെന്നതിനാല്‍ അപകടകരമായ പരിധി ലംഘനത്തിന്റെ സാധ്യത ഏറെയാണ്.
ജന്തുക്കളുടെ ജീവിതം കേവലമായ ഒരു നിയന്ത്രിതാവസ്ഥയെ കീഴ്പ്പെട്ടു കൊണ്ടുള്ളതാണ്. എന്നാലും ചിലപ്പോള്‍ അപകടം സംഭവിക്കുന്നുവെന്നതിന് കാരണം വിവേകമില്ലായ്മയാണ്. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. നിയന്ത്രണമില്ലാത്ത അവന്റെ ജീവിതം ആത്മനിയന്ത്രണത്തെ തേടുന്നുണ്ട്. തന്റെ മുന്നിലെ സകല സാധ്യതകളെയും സര്‍വ സ്വതന്ത്രമായി ഉപയോഗപ്പെടുത്തുന്നതിന്റെ അപകടാവസ്ഥ അവന് ബോധ്യമുള്ളതാണ്. ഈ ബോധം തന്നെയും തമസ്കരിക്കപ്പെട്ട് പരിധിവിടുന്ന അവസ്ഥ മനുഷ്യപ്രകൃതിയില്‍ കാണാം. ഈ ദുരന്തസാധ്യത നിയന്ത്രണമാവശ്യപ്പെടുന്നു. അതാണ് ഒരു മാസത്തെ വ്രതാനുഷ്ഠാനം.
ഭക്ഷണ നിയന്ത്രണം
നോമ്പിന്റെ ഭാഗമായ ഭക്ഷണ നിയന്ത്രണത്തിന് ആരോഗ്യപരമായി ഏറെ ഗുണങ്ങളുണ്ട്. ഉപവാസം ഒരു ചികിത്സാരീതിയായിത്തന്നെഅംഗീകരിക്കപ്പെട്ടതുമാണ്. സാധാരണ ഗതിയില്‍ മായങ്ങളൊന്നും കലരാത്ത പ്രകൃതിദത്ത ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പോലും ഉപവാസവും ഭക്ഷണ നിയന്ത്രണവും ഗുണകരമാണ്. എന്നാല്‍ മായവും ചതിയും വര്‍ധിച്ച ഇക്കാലത്ത് പ്രത്യേകിച്ചും. വയറിനു കൃത്യമായ ശുദ്ധീകരണമാവശ്യമാണ്. അതിനാല്‍ ആരോഗ്യപരമായിത്തന്നെ ഭക്ഷണ നിയന്ത്രണം ഏറെ ഫലപ്രദമാണ്. ഭക്ഷണ നിയന്ത്രണം കൊണ്ടുള്ള ആത്മീയ നേട്ടങ്ങള്‍ ധാരാളമാണ്. നോമ്പ്മുഖേന പൊണ്ണത്തടിയും ദുര്‍മേദസ്സും നിയന്ത്രിതമാവുന്പോള്‍ ഇബാദത്തുകള്‍ക്ക് ഉന്മേഷം ലഭിക്കും. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കണമെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ധൂര്‍ത്തും അമിത ഭോജനവും ആത്മീയമായി നാശകാരണങ്ങളായിരുന്നുവെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.
ഇമാം ഗസ്സാലി(റ) ഭക്ഷണ നിയന്ത്രണത്തിന്റെ ഗുണവും ആവശ്യകതയും വിശദമായി ചര്‍ച്ച ചെയ്തതു കാണാം. ശരീരവും ആന്തരികാവയവങ്ങളും അമിത ഭക്ഷണം കൊണ്ട് പ്രവര്‍ത്തനക്ഷമമല്ലാതെയാവും. പ്രവര്‍ത്തനത്തില്‍ ക്രമഭംഗം സംഭവിക്കുകയും ചെയ്യാം. മനുഷ്യ ശരീരം കൊണ്ട് ചില ധര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ആ ശരീരത്തെ തന്നെ ഒരു ഭാരമാക്കിമാറ്റുന്നതിനാണ് അമിതഭോജനം കാരണമാവുക. ഇതുകൊണ്ടുകൂടിയാണ് നിശ്ചിതമായ ഒരു കാലത്തെങ്കിലും നിര്‍ബന്ധമായ ഭക്ഷണ നിയന്ത്രണം. ഇതുവഴി ഭക്ഷ്യനിയന്ത്രണം കൊണ്ടുള്ള ഗുണത്തെക്കുറിച്ച് അവനില്‍ അവബോധം വളരുന്നു. ചിലതിന്റെ ഗുണവശം തിരിച്ചറിയുന്നതിന് ചില ദുരന്തങ്ങളും അനുഭവസാക്ഷ്യങ്ങളുമൊക്കെ ആവശ്യമാവുമെങ്കിലും അമിതഭോജനം കൊണ്ടുള്ള പ്രത്യക്ഷ ദുരന്തങ്ങളെ പോലെതന്നെ ആത്മീയ നാശങ്ങളും പരാമര്‍ശനീയമാണ്.
ആത്മീയ ഗുരുവര്യന്മാര്‍ തങ്ങളുടെ ശിഷ്യര്‍ക്ക് നല്‍കുന്ന ഉപദേശങ്ങളില്‍ ഇങ്ങനെ കാണാം: നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കരുത്, നിങ്ങള്‍ അമിതമായി കുടിക്കേണ്ടിയും ഉറങ്ങേണ്ടിയും വരും. അങ്ങനെ വന്നാല്‍ മരണസമയത്ത് നിങ്ങള്‍ പരാജയമനുഭവിക്കും (ഇഹ്യാഅ്). നോമ്പിന്റെ യഥാര്‍ത്ഥ ഫലം ലഭിക്കുന്നതിന് ഇന്നത്തെ റമളാന്‍ ഭക്ഷണ ശീലത്തിനും ചില മാറ്റങ്ങളനിവാര്യമാണ്.
ലൈംഗിക വികാര നിയന്ത്രണം
ഭക്ഷണ നിയന്ത്രണം കാമാസക്തിയെയും ഗുണപരമായി സ്വാധീനിക്കും. വിവാഹം അസാധ്യമായവരോട് വികാര നിയന്ത്രണത്തിനുള്ള ഉപാധിയായി നോമ്പ്നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക വികാരം മൂര്‍ച്ഛിച്ച് കാമാസക്തിയായി രൂപം പ്രാപിക്കാനിടയാവാതിരിക്കാന്‍ ഇതനിവാര്യമാണ്. ഭക്ഷണ നിയന്ത്രണം വഴി ലൈംഗിക വികാരത്തിനും നിയന്ത്രണാവസ്ഥ ഉണ്ടായിത്തീരുന്നു.
വിദ്യാഭ്യാസതൊഴില്‍ മേഖലകളിലും സാമൂഹികമേഖലകളിലും അതിരുവിട്ട ഇടകലരലും ഉദാര സമീപനങ്ങളും വ്യാപകമായ ഇക്കാലത്ത് വികാരനിയന്ത്രണം എല്ലാ അര്‍ത്ഥത്തിലും അത്യാവശ്യമാണ്. ആകര്‍ഷകമായ വിധത്തിലുള്ള സ്ത്രീസാന്നിധ്യംമൂലം അപകടവും അപമാനവും വന്നുപെട്ടവരുടെ കഥകള്‍ ഇന്നു സുലഭം. സ്ത്രീക്കും പുരുഷനുമെല്ലാം ഇത് ഹാനികരമാണ്, കുറ്റകരവും. അതിനാല്‍ തന്നെ ആത്മനിയന്ത്രണം അതിപ്രധാനമാണ്. നോമ്പ്ഈ പാഠം കൂടി പകരുന്നുണ്ട്. നോമ്പ്സമയത്ത് സ്വന്തം ഇണകളില്‍ നിന്നുപോലും അകന്നുനില്‍ക്കാന്‍ മതം നിഷ്കര്‍ശിക്കുന്നു. വൈകാരിക നിയന്ത്രണത്തില്‍ നോമ്പില്‍ നല്ല പ്രാധാന്യമുണ്ടെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.
നാവിന് നിയന്ത്രണം
മനുഷ്യ ശരീരത്തിന് മനസ്സ് കഴിഞ്ഞാല്‍ നാവിനെപ്പോലെ സ്വതന്ത്രമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരവയവമില്ല. എന്തും മൊഴിയാന്‍ നാവിന് ശേഷിയുണ്ട്. അതുപക്ഷേ, നാവിന്റെ ഭൗതികമായ ഗുണമാണ്. വാക്കുകള്‍ക്ക് നിയന്ത്രണം നല്‍കിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടപ്പെടും; വിശേഷിച്ചും പരലോകജീവിതം. പ്രകൃത്യാ കൂടുതല്‍ സ്വാതന്ത്ര്യമുള്ളതിന് കൂടുതല്‍ നിയന്ത്രണം ആവശ്യമാണ്. ശരീരത്തിലെ ഇലാസ്തിക രൂപത്തിലുള്ള അവയവമായ നാവിന്റെ ഇലാസ്തികത അതിന്റെ ഉല്‍പന്നങ്ങളിലും പ്രതിഫലിക്കും. നാവിന്റെ ഈ ശേഷി തനിക്കും മറ്റുള്ളവര്‍ക്കും ഗുണകരമായി മാത്രം ഉപയോഗിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. അതിനാലാണ് പറയാവുന്നതും പറഞ്ഞുകൂടാത്തതും എന്തെന്ന് ഇസ്ലാം വ്യക്തമായി പഠിപ്പിച്ചത്. ഒരു അവയവത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ട് അപരന്റെ മനസ്സിനോ ശരീരത്തിനോ സമ്പത്തിനോ അപകടം വരാവുന്ന ഒരു സാഹചര്യവും മതം അംഗീകരിക്കുന്നില്ല.
നബി(സ്വ) പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി). നല്ലതു മാത്രമേ ഉരിയാടാവൂ എന്നത് പ്രാഥമിക നിര്‍ദേശമാണ്. അത് ഏതു കാലത്തും അങ്ങനെതന്നെ. നോമ്പുകാലത്താവുന്പോള്‍ അത് കൂടുതല്‍ കര്‍ശനമായ പാലിക്കപ്പെടണം. നോമ്പിന് ആ അവയവം മുഖേന ദോഷമേല്‍ക്കാതിരിക്കുന്നതിനാണത്.
നാവ് മുഖേന വരാവുന്ന സകല തിന്മകളും നോമ്പുകാരനു ഇല്ലാതായിത്തീരുന്നതിലൂടെ ആത്മീയ സുരക്ഷിതത്വം കൈവരുന്നു. കളവും കള്ളസാക്ഷ്യവും പരദൂഷണവും ഏഷണിയും തീര്‍ക്കുന്ന സാമൂഹികമായ പ്രശ്നങ്ങളും ഇല്ലാതാവും. നാവു കാരണം ഉണ്ടായിത്തീരുന്ന തിന്മകള്‍ കുറയുന്പോള്‍ ആനുപാതികമായി നന്മകള്‍ വര്‍ധിച്ചേക്കും.
ക്രോധത്തിന് വിലങ്ങ്
ചിലതിനോടുള്ള മനുഷ്യമനസ്സിന്റെ നിലപാടുകളും അതിന്റെ പ്രതികരണവുമാണ് ദ്യേത്തിനടിസ്ഥാനം. തീരെ ദ്യേം വരാതിരിക്കുന്നത് ചില സന്ദര്‍ഭങ്ങളിലെങ്കിലും ഭൂഷണമല്ലതാനും. കോപാന്ധത മനുഷ്യനെ ഭ്രാന്തനും മൃഗതുല്യനും ക്രൂരനും അധമനും ആക്കിത്തീര്‍ക്കും. ശരീരത്തിന്റെ ആപാദചൂഡം ദ്യേപ്രകടനത്തില്‍ പങ്കാളിയാവുകയും കൃത്യം നിര്‍വഹിക്കുകയും ചെയ്യും. മനസ്സില്‍ അന്നേരം ഉല്‍പാദിപ്പിക്കപ്പെടുന്ന വിചാരങ്ങളും ചിന്തകളും ഓരോ അവയവത്തെയും ഉത്തേജിതമാക്കിക്കളയും. എന്തു സംഭവിക്കുന്നുവെന്ന് നിശ്ചയിക്കാനാവാത്ത വിധം സ്ഥലജല വിഭ്രാന്തിയിലവനകപ്പെടും. വാക്കും നോക്കും കൈയും മെയ്യും ഒരുപോലെ അനിയന്ത്രിതമാവുന്ന ആ അവസ്ഥ എത്രമാത്രം ആപത്താണെന്ന് ചിന്തനീയമാണ്. എല്ലാറ്റിനും നിയന്ത്രണം വേണ്ട വിശുദ്ധ നോമ്പിന്റെ പരിചരണത്തില്‍ ക്രോധവികാരം നിയന്ത്രിതമായിത്തീരേണ്ടതുണ്ട്. നബി(സ്വ) പറഞ്ഞു: അവിശുദ്ധ സംസാരവും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവന്റെ നോമ്പ്അല്ലാഹുവിനാവശ്യമില്ല (ബുഖാരി).
ദ്യേവും അതിന്റെ ഉല്‍പന്നമാണ്. അരുതായ്മകളും അക്രമവാസനകളും നോമ്പിന്റെ അച്ചടക്കത്തിന്റെ ഫലമായി നിയന്ത്രിതമാവുന്പോള്‍ അതും സാമൂഹികവും സാംസ്കാരികവുമായ സ്വസ്ഥതയും സുസ്ഥിതിയും സാധ്യമാക്കണം. മനുഷ്യപ്രകൃതത്തിന്റെ സ്വാഭാവിക രീതികളും അനുബന്ധങ്ങളും അവിഹിതവും അനാവശ്യവുമായി വിനിയോഗിക്കപ്പെടുന്നതിനെ നോമ്പ്നിയന്ത്രിക്കുന്നതിനാല്‍ വിവിധ നന്മകള്‍ക്ക് കളമൊരുങ്ങിയേക്കും. തിന്മകള്‍ക്കറുതിയും ശാന്തിയുമുണ്ടാകും.
സാമൂഹ്യധര്‍മം
സമൂഹത്തില്‍ വ്യത്യസ്ത ജീവിത സാഹചര്യമാണുള്ളത്. ഉള്ളവനും ഇല്ലാത്തവനും നമ്മില്‍ പലതിലും അന്തരങ്ങള്‍ സ്വാഭാവികമാണ്. അതെല്ലാം നാഥന്റെ യുക്തി തീരുമാനവുമാണ്. ഒരാള്‍ അനുഭവിക്കുന്ന സുഖം അപരന് അപ്രാപ്യമായിരിക്കും. ഒരുത്തന്റെ ത്യാഗം അപരന് ഇല്ലാതിരിക്കാം. നിര്‍ബന്ധിതാവസ്ഥയിലാണ് ഇത്തരം ക്ലേശങ്ങളെയും വറുതിയെയും മനുഷ്യന്‍ സ്വീകരിക്കുന്നത്.
ഈ വ്യത്യസ്തതകള്‍ക്കിടയില്‍ ഇസ്ലാമിക നിയമവ്യവസ്ഥ നിര്‍വഹിക്കുന്ന ധര്‍മം ഏകാന്തതയുടെതാണ്. ഒരു വ്യക്തിക്ക് അപ്രാപ്യമായതും അനിവാര്യമല്ലാതിരുന്നതുമായ പ്രയാസങ്ങള്‍ അനുഭവിക്കാനുള്ള സാഹചര്യം നോമ്പിലൂടെയുണ്ടാവുന്നു. ഇല്ലാത്തവന്‍ എന്നുമനുഭവിക്കുന്ന വിശപ്പ് ഉള്ളവനും നിര്‍ബന്ധിതമായി അനുഭവിക്കുന്നു. ത്യാഗിക്കൊപ്പം ഉള്ളവനും ത്യാഗമനുഷ്ഠിക്കുന്നു. അങ്ങനെ ത്യാഗത്തിന്റെയും വറുതിയുടെയും വിലയറിയുന്നു.
ഇല്ലാത്തവനില്‍ സ്വാഭാവിമായ അന്നപാനാദികളെക്കുറിച്ച് ഒരു ആരാധനാ രൂപത്തിലേക്കുയര്‍ത്തി എല്ലാവര്‍ക്കും ബാധകമാവുന്പോള്‍ ഒരര്‍ത്ഥത്തില്‍ അവന്‍ ആദരണീയനാവുകയാണ്. ഉള്ളവന്‍ ഇല്ലാത്തവന്റെ വിതാനത്തിലേക്കിറങ്ങുന്നു. നിവൃത്തിയില്ലായ്മ മൂലം ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനാവാത്ത ദരിദ്രന്മാരുടെ കൂടെ ഉള്ളവന്‍ നില്‍ക്കുന്നു. ഇതിലൂടെ സത്യവിശ്വാസി സമൂഹത്തിന്റെ വിവിധ തുറക്കാരുടെ ജീവിതനിലവാരവും സുഖദുഃഖങ്ങളും അനുഭവിച്ചറിയുന്നു. ഈ അനുഭവം നോമ്പ്കഴിഞ്ഞും നിസ്വരോട് അനുഭാവം പുലര്‍ത്താന്‍ അവനു പ്രചോദനമാകണം.
ചുരുക്കത്തില്‍, ഇസ്ലാമിലെ നോമ്പ്എന്ന അനുഷ്ഠാനം വിശ്വാസിയെ സംബന്ധിച്ചിടത്തോളം സര്‍വതല സ്പര്‍ശിയായ ആത്മീയ സാധനയാണ്. മനസ്സും ശരീരവും വ്യക്തിയും സമൂഹവും അതിന്റെ ആത്മീയ പ്രഭാവം അനുഭവിക്കുന്നുണ്ട്. അതിനാല്‍ നോമ്പിന്റെ അച്ചടക്കം പാലിച്ചുകൊണ്ടും നോമ്പ്നല്‍കുന്ന സാംസ്കാരികവും സംസ്കരണപരവുമായ സന്ദേശം സ്വീകരിച്ചും ജീവിതത്തെ ക്രമീകരിക്കാന്‍ നാം തയ്യാറാവുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ