കോഴിക്കോട്: രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമ, സുരക്ഷിതത്വ കാര്യങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) മിഡില്‍ ഈസ്റ്റ് മീറ്റ് ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനാവശ്യമായ സ്ഥിരം സംവിധാനങ്ങളുണ്ടാവണമെന്ന് യോഗം അംഗീകരിച്ച പ്രമേയം നിര്‍ദേശിച്ചു. ദുബൈയില്‍ നടന്ന മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് അംഗീകരിച്ച നയരേഖയെ അടിസ്ഥാനമാക്കി സംഘടന സ്വീകരിക്കേണ്ട സമീപനങ്ങള്‍ക്കും അര്‍ധവാര്‍ഷിക കര്‍മ പദ്ധതികള്‍ക്കും അന്തിമ രൂപം നല്‍കി.

എസ്.വൈ.എസ് 60ാം വാര്‍ഷികം മുന്നില്‍ വെച്ചുള്ള ആദര്‍ശ മുന്നേറ്റം, സര്‍വതല സ്പര്‍ശിയായ പ്രബോധന ദൗത്യം, പ്രവാസിക്ഷേമം, സംഘശാക്തീകരണം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍മപദ്ധതികള്‍ക്കാണ് സംഗമം രൂപം നല്‍കിയത്. 60ാം വാര്‍ഷികത്തിന്റെ മിഡില്‍ ഈസ്റ്റ് തല പ്രഖ്യാപനം മീറ്റില്‍ നടക്കുകയുണ്ടായി. വിവിധ തലങ്ങളിലെ ഇ.സി (എക്സിക്യൂട്ടീവ്) രൂപീകരണം, സമ്മേളന വിളംബരം, നാഷണല്‍ റിസോഴ്സ് ഗ്രൂപ്പ്(എന്‍.ആര്‍.ജി) പരിശീലനം എന്നിവ സെപ്തംബര്‍, ഒക്ടോബര്‍ കാലയളവില്‍ നടക്കും. സെപ്തംബര്‍ 12, 26 ഒക്ടോബര്‍ 3 തിയ്യതികളില്‍ യഥാക്രമം നാഷണല്‍, സെന്‍ട്രല്‍, യൂണിറ്റ് വിളംബരങ്ങള്‍ ഒരേ സമയത്ത് നടക്കും. ഒക്ടോബര്‍ 16 ഡിസംബര്‍ 15 കാലയളവില്‍ ആദര്‍ശം, പ്രസ്ഥാനം, പ്രമേയ പഠനം ലക്ഷ്യമാക്കി വിവിധ ക്യാന്പുകള്‍ സംഘടിപ്പിക്കും. എലൈറ്റ് മീറ്റ്, സാംസ്കാരിക സായാഹ്നം, സന്ദേശ പ്രചാരണം തുടങ്ങിയവ നടക്കും.

പ്രവാസി ലോകത്തെ ആദര്‍ശ വായന ലക്ഷ്യമാക്കി പ്രസിദ്ധീകരിക്കുന്ന “പ്രവാസിവായന”യുടെ പ്രചാരണ കാലപ്രവര്‍ത്തനങ്ങളും പ്രകാശനവും പദ്ധതികാലയളവില്‍ നടക്കും. മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ദൗത്യവും നിര്‍വഹണവും, ഭാവിയുടെ ചുവടുകള്‍, സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം തുടങ്ങിയ സെഷനുകള്‍ക്ക് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍, പി.എ മുഹമ്മദ് കുഞ്ഞി സഖാഫി നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ദുബൈ), അബൂബക്കര്‍ അന്‍വരി (സൗദി), ബശീര്‍ പുത്തൂപാടം (ഖത്തര്‍), നിസാര്‍ സഖാഫി (ഒമാന്‍), എം.സി അബ്ദുല്‍ കരീം ഹാജി (ബഹറൈന്‍), ഹമീദ് ഈശ്വരമംഗലം (അബൂദാബി), അബ്ദുല്‍ അസീസ് സഖാഫി (കുവൈത്ത്) ചര്‍ച്ചയില്‍ പങ്കെടുത്തു. സമാപനസംഗമം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി പ്രസംഗിച്ചു.

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

അദൃശ്യജ്ഞാനം ഖുര്‍ആനിക പരിപ്രേക്ഷ്യം

മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും…

ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും…