മുസ്‌ലിം ചരിത്രത്തില്‍ അതിപ്രധാനമായൊരു സമരമാണ് ഗസ്വത്തു ബദ്റില്‍ കുബ്റാ. ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണത്തിനുമായി ജന്മ നാടുപേക്ഷിച്ചു മദീനയിലേക്കു പലായനം ചെയ്ത മുസ്‌ലിംകളെ അവിടെയും സ്വസ്ഥമായിരിക്കാനനുവദിക്കില്ലെന്നു ദുര്‍വാശിയോടെ ആക്രമണത്തിനു വന്ന മക്കയിലെ ശത്രുക്കളില്‍ നിന്നുള്ള പ്രതിരോധമായിരുന്നു ബദ്ര്‍. ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ 17നാണ് ഇത് നടന്നത്.

മദീനയുടെയും മദീനാ നിവാസികളുടെയും സുരക്ഷയും സമാധാനവും നിലനിര്‍ത്തുക എന്നത് ഭരണാധികാരികൂടിയായ നബി(സ്വ)യുടെ പരിഗണനയില്‍ വരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ മക്കയില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെയും തയ്യാറെടുപ്പുകളെയും ജാഗ്രതയോടെത്തന്നെ അവിടുന്ന് നിരീക്ഷിക്കുകയുണ്ടായി. മദീനക്കെതിരെ യുദ്ധ സന്നാഹവും സജ്ജീകരണവും നടത്താനും പണവും വിഭവവും നേടാനും മാത്രമായി സിറിയയിലേക്ക് മക്കക്കാരൊരു കച്ചവടയാത്ര നടത്തുകയുണ്ടായി. അതും മുസ്‌ലിംകള്‍ ഇട്ടേച്ചുപോന്ന സ്വത്തുക്കള്‍ സ്വരൂപിച്ചുകൊണ്ട്. അതിനെതിരായ പ്രതിരോധവും ആത്മരക്ഷാ പ്രവര്‍ത്തനവും ഒന്നാം പരിഗണന അര്‍ഹിക്കും വിധമായി കാര്യങ്ങള്‍.

അങ്ങനെ നബി(സ്വ) സ്വഹാബി പ്രമുഖരായ കുറച്ചാളുകളുമായി ശത്രുക്കളുടെ സഞ്ചാര വഴി ലക്ഷ്യമാക്കി നീങ്ങി. സ്വന്തം പരിധിയിലെ മണ്ണും സഞ്ചാര വഴിയും ശത്രുവിന്റെ സ്വതന്ത്ര വിഹാരത്തിന് ഒരു രാഷ്ട്രവും അനുവദിക്കില്ല. മക്കയില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തിയ മുസ്‌ലിംകളും മദീനക്കാരായ വിശ്വാസികളും ചേര്‍ന്ന സംഘമായിരുന്നു പ്രവാചകര്‍ക്കൊപ്പമുണ്ടായിരുന്നത്. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘം ഇത് മണത്തറിഞ്ഞ് മക്കയിലേക്ക് വിവരം നല്‍കി. മക്കയില്‍ കത്തി നിന്നിരുന്ന മദീന വിരുദ്ധ വികാരത്തിന് ഇത് കൂടുതല്‍ കരുത്തായി. തുടര്‍ന്ന് അബൂജഹ്ലിന്റെ നേതൃത്വത്തില്‍ വലിയൊരു സൈനിക സംഘം മദീനയുടെ നേരെ നീങ്ങുകയാണ്.

അബൂസുഫ്യാനും സഹയാത്രികരും സാധാരണ യാത്രാപാതയില്‍ നിന്നും മാറി സഞ്ചരിച്ച് നാട്ടിലെത്തി. അതിനാല്‍ തന്നെ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമുണ്ടായിരുന്നില്ല. അബൂസുഫ്യാന്‍ ഇക്കാര്യം അബൂജഹ്ലടക്കമുള്ള സൈനിക മുന്നണിയിലേക്ക് അറിയിച്ചുവെങ്കിലും അഹന്തയും അങ്കക്കലിയും കാരണം അവര്‍ വഴങ്ങാന്‍ തയ്യാറായില്ല. ആര്‍ക്കും അബൂജഹലിനെ പിന്തിരിപ്പിക്കാനുമായില്ല. അങ്ങനെ ഒരു അറവ്ശാലയിലേക്കെന്ന പോലെ നാശത്തിന്റെയും പരാജയത്തിന്റെയും പോര്‍മുഖത്തേക്കവര്‍ നീങ്ങി.

പോരാട്ടത്തിന്റെ സാഹചര്യം അവസാനിച്ച സ്ഥിതിക്ക് യുദ്ധമുന്നണിയില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ച് ബനൂസഹ്റയില്‍ പെട്ടവര്‍ വഴിയില്‍ നിന്നും തിരിച്ചുപോന്നു. അവര്‍ അബൂസുഫ്യാന്റെ നിലപാടിനെ പിന്തുണച്ചു. താന്‍ കാരണമാണ് യുദ്ധ സാഹചര്യമുണ്ടായതെന്നതിനാല്‍ അബൂസുഫ്യാന് പിന്തിരിയാന്‍ സാധിക്കുമായിരുന്നില്ല.

അബൂജഹ്ലിന് തന്റെ ജനതയില്‍ രൂപപ്പെട്ട യുദ്ധാവേശം അണക്കുന്നതു മൂലം സംഭവിക്കുന്ന നഷ്ടത്തെക്കുറിച്ച് മാത്രമേ വിചാരമുണ്ടായിരുന്നുള്ളൂ. മുസ്‌ലിം ഉന്മൂലനത്തിന് ഇനി ഇതുപോലൊരു സംഘാടനം സാധ്യമാവില്ല എന്ന് കരുതി അയാള്‍. പീഡനങ്ങള്‍ക്ക് നടുവിലും സത്യവിശ്വാസത്തിലേക്ക് ആളുകള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. അവസരം ലഭിച്ചാല്‍ ആളുകള്‍ ഇനിയും സത്യമതമാശ്ലേഷിക്കുമെന്നും അത് കനത്ത നഷ്ടത്തിനിട വരുത്തുമെന്നുമയാള്‍ ഭയന്നു. നബി(സ്വ)യോടും വിശ്വാസികളോടുമുള്ള വിരോധത്തെ കത്തിച്ച് നിര്‍ത്തിയില്ലെങ്കില്‍ അനുയായികള്‍ ചോര്‍ന്നുപോകുമെന്നതിനാല്‍ അഹങ്കാരത്തിലും വിരോധത്തിലും മൂപ്പിച്ചെടുത്ത യുദ്ധവികാരത്തെ ഫലപ്രദമാക്കാമെന്നാണയാള്‍ നിനച്ചത്. അതു പക്ഷേ, തന്റെ തന്നെ നാശത്തിന് കളമൊരുക്കലാകുമെന്ന് ചിന്തിക്കാനയാള്‍ക്കു സാധിച്ചില്ല. വിശുദ്ധ ഖുര്‍ആന്‍ അവരുടെ പുറപ്പാടിനെക്കുറിച്ച് പറയുന്നു:

“അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയവരെയും ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരെയും പോലെ നിങ്ങളാവരുത്. അല്ലാഹു അവരുടെ പ്രവര്‍ത്തികളെ സൂക്ഷ്മമായി അറിയുന്നവനാണ്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കിക്കൊടുത്ത സന്ദര്‍ഭം സ്മരണീയം. പിശാച് അവരോട് പറഞ്ഞ് ജനങ്ങളിലാരും ഇന്ന് നിങ്ങളെ അതിജയിക്കില്ല, ഞാന്‍ നിങ്ങള്‍ക്ക് സംരക്ഷകനാണെന്നാണ്. അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്‍മാറിക്കൊണ്ട് പറഞ്ഞു; ഞാന്‍ നിങ്ങളില്‍ നിന്നൊഴിവാണ്…’ (അല്‍ അന്‍ഫാല്‍ 47, 48).

മക്കക്കാരുടെ ലക്ഷ്യം കച്ചവട സംഘത്തെ രക്ഷപ്പെടുത്തുക എന്നത് മാത്രമായിരുന്നില്ല. അബൂജഹ്ലിന് സൈന്യത്തെ സംഘടിപ്പിക്കാന്‍ ലഭിച്ച ഒരു നിമിത്തം മാത്രമായിരുന്നു അത്. മക്കയുടെ കരുത്തും പ്രഭാവവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി അതിനെ മാറ്റാനാണ് അബൂജഹ്ല്‍ തീരുമാനിച്ചത്. അയാള്‍ പറഞ്ഞു: ബദ്റില്‍ പോകാതെ നാം മടങ്ങില്ല. അവിടെ നാം മൂന്ന് ദിവസം തങ്ങും. ഒട്ടകങ്ങളെ അറവ് നടത്തും, ഭക്ഷണം വിതരണം ചെയ്യും. മദ്യപാനം നടത്തും. ഗായികമാര്‍ നമുക്കായി പാടും. അങ്ങനെ അറബികള്‍ നമ്മെ കുറിച്ചുകേള്‍ക്കണം. നമ്മുടെ പുറപ്പാടവരറിയണം. അവരെന്നും നമ്മെ ഭയക്കണം. അതിനായി നാം മുന്നേറുക. നമുക്ക് പോകാം’ (സീറതു ഇബ്നി ഹിശാം)

മദീനയുടെ ഹൃദയ ഭൂമിയില്‍ നിന്നും പുറത്ത് കടന്ന വിശ്വാസികള്‍ യുദ്ധക്കൊതിയന്മാരുടെ മുന്നിലേക്കെത്തിപ്പെടുകയാണ്. വിശ്വാസത്തിന്റെ കരുത്തും നാഥന്റെ സഹായത്തിന്റെ ലഭ്യതയും നിയോഗം പോലെ ചരിത്രത്തില്‍ ഉജ്ജ്വലസ്ഥാനീയമായ രംഗം സൃഷ്ടിക്കപ്പെട്ടു.

അറബികളുടെ യുദ്ധ പാരമ്പര്യവും രീതിയുമറിയുന്നവരാണ് മദീനക്കാരും. അതിനാല്‍ മക്കയില്‍ നിന്നെത്തുന്ന സൈന്യത്തിന്റെ സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല. വിശ്വാസികള്‍ നബി(സ്വ)യുടെ കൂടെ പുറപ്പെട്ടത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെയല്ല. അതിനാല്‍ തന്നെ ആയുധമോ വാഹനങ്ങളോ കാര്യമായി സംഘടിപ്പിക്കാനുള്ള വലിയ ശ്രമവും നടന്നിരുന്നില്ല. സ്വന്തം പ്രദേശത്തിലൂടെ കടന്നുപോകുന്ന ഒരു വര്‍ത്തക സംഘത്തിന്റെ ലക്ഷ്യം തകര്‍ക്കുക എന്നതിനേക്കാളുപരി സ്വന്തം നേതാവിന്റെ കൂടെ യാത്രാ സൗഭാഗ്യം എന്നത് തന്നെ അനുയായികളായ വിശ്വാസികള്‍ക്കാവേശവും സന്തോഷവുമായിരുന്നു. ഫലത്തില്‍ മദീനയില്‍ നിന്നും പുറപ്പെട്ട യാത്രികര്‍ സമര സന്നാഹമുള്ളവരായിരുന്നില്ല. യുദ്ധം ആവശ്യമായ സാഹചര്യം രൂപപ്പെട്ടിരുന്നുമില്ല.

നാട്ടുകാര്‍ രക്ഷപ്പെട്ടതോടെ മുശ്രിക്ക് സൈന്യത്തെ സംബന്ധിച്ചിടത്തോളം അവര്‍ പുറപ്പെട്ട യുദ്ധ സാഹചര്യം ഇല്ലാതായെങ്കില്‍ മുസ്‌ലിംകള്‍ക്ക് തങ്ങള്‍ പുറപ്പെട്ടതിന് ശേഷം പോരാട്ട സാഹചര്യം ഉണ്ടായിത്തീര്‍ന്നിരിക്കുകയാണ്. മുശ്രിക്കുകള്‍ക്ക് പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ അഭികാമ്യമായിരുന്ന പിന്‍വാങ്ങല്‍ താരതമ്യേന ലളിതവുമായിരുന്നു. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സജ്ജീകരണങ്ങളും സമാനമായ ആള്‍ബലവും ഇല്ല. അതു സംഘടിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല. പ്രത്യക്ഷത്തില്‍ ശത്രുപക്ഷത്തിന് അനുകൂലാവസ്ഥയും വിശ്വാസി പക്ഷത്തിന് പ്രതികൂലാവസ്ഥയുമായിരുന്നു. അനുകൂലാവസ്ഥയുടെ അഹങ്കാരത്തില്‍ വിജയത്തിന്റെ കണക്കുകൂട്ടലുകളുമായി ബദ്റോടടുക്കുകയാണ് ശത്രുക്കള്‍.

വിശ്വാസികളുടെ നേതാവ് നബി(സ്വ)യാണ്. അവര്‍ പ്രവാചകര്‍ക്ക് നിര്‍ണായകമായ പിന്തുണ നല്‍കി. നബി(സ്വ)യോടൊപ്പം എന്തിനും തയ്യാറാണെന്ന് അവര്‍ വ്യക്തമായി പറഞ്ഞു. മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും വാക്കാല്‍ തന്നെ സന്പൂര്‍ണ അനുസരണ പ്രഖ്യാപനമുണ്ടായി. സഅദുബ്നു മുആദ്(റ) അന്‍സ്വാരികളിലെ പതാകവാഹകനായിരുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അങ്ങയില്‍ വിശ്വസിച്ചിരിക്കുന്നു, അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്ക് എത്തിച്ച് തന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുന്നു. താങ്കളെ സത്യവുമായി നിയോഗിച്ച നാഥന്‍ തന്നെ സത്യം. അങ്ങ് ഞങ്ങളുമായി ഒരു സമുദ്ര തീരത്തെത്തി അതിലിറങ്ങിയാല്‍ ഒരാളും പിന്‍മാറാതെ ഞങ്ങളും ഇറങ്ങും. നാളെ ശത്രുവുമായി മുഖാമുഖം നേരിടുന്നതിന് ഞങ്ങള്‍ക്കൊരു വിമ്മിട്ടവും ഇല്ല. ഞങ്ങള്‍ പോര്‍ക്കളങ്ങളില്‍ ക്ഷമിക്കുന്നവരും മുഖാമുഖ പോരാട്ടത്തില്‍ വാക്ക് പുലര്‍ത്തുന്നവരുമാണ്. നയനാന്ദകരമായ കാഴ്ച അല്ലാഹു ഞങ്ങളില്‍ നിന്ന് അങ്ങേയ്ക്ക് കാണിച്ചു തന്നേക്കും. അതില്‍ സന്തോഷിക്കൂ തിരുദൂതരേ, അല്ലാഹു ബറകത്ത് ചെയ്യട്ടെ (മുസ്‌ലിം).

സഅ്ദ്(റ)വിന്റെ പ്രഖ്യാപനം നബി(സ്വ)യെ സന്തുഷ്ടനാക്കി. കൂടുതല്‍ ആവേശത്തോടെ അവിടുന്ന് പറഞ്ഞു: “പോകൂ, സന്തുഷ്ടരാകൂ, നാഥന്‍ വിജയം വാഗ്ദാനം ചെയ്തിരിക്കുന്നു. ശത്രുപ്രമുഖര്‍ നിലം പരിശാവുന്നിടം ഞാന്‍ കാണുന്നപോലെ’ (ബൈഹഖി). അനുയായികളുടെ വിശ്വാസത്തിന്റെ കരുത്ത് പില്‍കാലക്കാര്‍ക്ക് മാതൃകയാകും വിധം എടുത്തു കാണിക്കുന്ന രംഗമായിരുന്നു ഇത്. നബി(സ്വ) വാഗ്ദാനം ചെയ്ത സഹായത്തെയും വിജയത്തെയും അവലംബിക്കുന്നത് തന്നെ വിശ്വാസത്തിന്റെ കരുത്താണ്. അതിലുപരിയായി വിശ്വാസത്തിന്റെ ബലത്തില്‍ സത്യത്തിന് വേണ്ടി പോരാടാന്‍ തങ്ങളൊരുക്കമാണെന്ന് അനുയായികളില്‍ നിന്ന് കേള്‍ക്കുന്നത് സന്തോഷകരമാണല്ലോ. മൂന്നിരട്ടിയോളം വരുന്ന സര്‍വായുധ വിഭൂഷിതരുടെ മുന്നിലേക്ക് സധീരം നടന്നടുക്കാന്‍ ഭൗതികമായി സമാന സൗകര്യങ്ങളില്ലെങ്കിലും ആത്മവിശ്വാസം അവലംബവും പ്രചോദനവുമായി.

മുസ്‌ലിംകള്‍ക്ക് അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസമല്ലാതെ ഭൗതികമായതോ അതിജയിക്കുന്നതോ ആയ ഒരുപാധിയും പ്രചോദനമായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ വിജയ സാധ്യത തുടക്കത്തില്‍ തന്നെ പ്രത്യക്ഷ സൂചിതമായിരുന്നു. ആളും ആയുധവും വാഹനങ്ങളും സൗകര്യങ്ങളും നിഷ്പ്രഭമാക്കുന്ന വിശ്വാസമാണവര്‍ക്കുണ്ടായിരുന്നത്. ആയുധമില്ലായ്മയും ആള്‍ബലക്കുറവും മറ്റും നിലനില്‍ക്കെ വിശ്വാസികള്‍ നേടിയ വിജയത്തിന്റെ അടിസ്ഥാന കാരണം ഈ വിശ്വാസം തന്നെയാണ്. ഇതാണ് ബദ്റിന്റെ പാഠവും.

നബി(സ്വ)യെ കേവല നേതാവായി കാണുകയായിരുന്നു അവരെങ്കില്‍ യുദ്ധമുഖത്ത് അടിയുറച്ച് നില്‍ക്കാനവര്‍ക്ക് സാധിക്കുമായിരുന്നില്ല. പ്രത്യക്ഷമായ ഈ സാധ്യതയെയാണ് നബി(സ്വ) കൂടിയാലോചനയിലൂടെ ഇല്ലാതാക്കിയത്. വിശ്വാസത്തിന്റെ ഭാഗമായ സന്പൂര്‍ണ തവക്കുലിന് അല്ലാഹു കൃത്യമായ പരിഹാരം തന്നെ നല്‍കി. പ്രത്യക്ഷത്തില്‍ പ്രകടമായിക്കാണുന്ന ഏറ്റവ്യത്യാസവും അനുപാതത്തിലെ അന്തരവും ഒരു തരത്തിലും അനുയായികളില്‍ സ്വാധീനിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടിയിരുന്നു. ഈ അന്തരങ്ങളുടെ പശ്ചാത്തലത്തിലും അനുയായികളെ അയച്ചുവെന്നു വരാതിരിക്കുകയും വേണം. നബി(സ്വ) ഇരുസൈന്യങ്ങളെയും നോക്കിയിട്ട് ഇങ്ങനെ ദുആ ചെയ്തു: അല്ലാഹുവേ, ഖുറൈശികള്‍ ഇതാ അഹങ്കാരവും ഗര്‍വും കുതിരപ്പടയാളികളുമായി നിനക്കെതിരെയും നിന്റെ പ്രവാചകനെ കളവാക്കിയും വന്നിരിക്കുന്നു. നീ എനിക്ക് വാഗ്ദാനം ചെയ്ത സഹായം വേഗത്തില്‍ പൂര്‍ത്തീകരിച്ച് തരേണമേ… (ബുഖാരി).

അല്ലാഹു പറയുന്നു: നിങ്ങള്‍ ന്യൂനപക്ഷമായിരിക്കെ അല്ലാഹു ബദ്റില്‍ വെച്ച് നിങ്ങളെ സഹായിച്ചു. അതിനാല്‍ തന്നെ നിങ്ങള്‍ അല്ലാഹുവിന് തഖ്വ ചെയ്യുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി (ആലുഇംറാന്‍/123).

മലക്കുകളെ അവതരിപ്പിച്ച് ബദ്റില്‍ സഹായവും വിജയവും നല്‍കിയത് വിശ്വാസികള്‍ക്ക് സന്തോഷവും ആദര്‍ശപരമായ സ്വസ്ഥതയും ദൃഢതയും കൈവരിക്കാനാണ് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന് അവന്റെ ദാസന്‍മാരെ ഒരു വിഷയത്തിലേക്ക് ക്ഷണിക്കുമ്പോഴും ഒരു സന്തോഷ സാഹചര്യം നേടിക്കൊടുക്കുമ്പോഴും അതിന്റെ കാരണങ്ങള്‍ പറയേണ്ടതില്ല. പക്ഷേ, അല്ലാഹു വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്. അവിടെയും ഒരു പരീക്ഷണമാണ് അവര്‍ അഭിമുഖീകരിച്ചത്. മലക്കുകളെ അവതരിപ്പിക്കുക എന്നാല്‍ അതു സാധാരണഗതിയില്‍ ദൃഷ്ടിഗോചരമായിരിക്കില്ല. എന്നിട്ടും അങ്ങനത്തെ ഒരു സഹായ വാഗ്ദാനം ഉള്‍ക്കൊള്ളാന്‍ മുസ്‌ലിംകള്‍ പാകപ്പെട്ടുവെന്നു സാരം.

ഇരുസൈന്യങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ പ്രത്യക്ഷത്തില്‍ മാത്രമല്ല, വിചാരത്തിലും വികാരത്തിലും വരെ പ്രകടമായിരുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് ആദര്‍ശപരവും ആത്മീയവും അഭൗതികവുമാണ്. മുശ്രിക്ക് പക്ഷത്ത് നേതാവിന്റെ അഹങ്കാരവും അനുയായികളുടെ നട്ടെല്ലില്ലായ്മയും മുഴച്ചുനിന്നു. മുസ്‌ലിം പക്ഷത്ത് നേതാവിന്റെ കൂടിയാലോചനയും അനുയായികളുടെ വിധേയത്വവുമായിരുന്നു നിര്‍ണായകം. വിജയ പരാജയങ്ങളിലെല്ലാം അവര്‍ കൊതിക്കുന്നത് ഇലാഹി തൃപ്തി മാത്രവും. മുശ്രിക്കുകള്‍ക്ക് മുന്നില്‍ വിജയത്തിനര്‍ത്ഥമുണ്ടെങ്കിലും പരാജയത്തിന്റെ ആഘാതങ്ങള്‍ അസഹ്യമായിരിക്കും. സത്യത്തില്‍ അവിശ്വാസികളുടെ ദൗര്‍ഭാഗ്യത്തിന് കാരണമായത് ഭൗതിക സൗകര്യത്തിലും ഉപാധികളിലും അമിത പ്രതീക്ഷിച്ചയര്‍പ്പിച്ചും അഹങ്കരിച്ചതുമാണ്.

ബദ്റിലെ മുസ്‌ലിംകളുടെ വിജയം തുടര്‍ വിജയങ്ങളുടെ അസ്ഥിവാരമായിരുന്നു. മക്കയിലെ മാടമ്പിമാര്‍ മുഴുവനും തങ്ങള്‍ക്ക് മാന്യമായി സംസ്കരിക്കാന്‍ പോലും സാധിക്കാത്ത ഒരിടത്ത് കൂട്ടമായി എറിയപ്പെടുന്ന സ്ഥിതിവിശേഷം. വിശുദ്ധ നാട്ടിലെ അക്രമവാഴ്ചയുടെ നട്ടെല്ല് തകര്‍ന്ന് മരണക്കയത്തിലേക്കുള്ള എടുത്തെറിയപ്പെടല്‍. അഹങ്കാരത്തിന്റെ അകമ്പടിയില്‍ ഒരാക്രമണം നടക്കാത്ത സ്ഥിതി വിശേഷം ബദ്റിലെ തോല്‍വിയോടെ സംജാതമായി. പ്രതികാരാഗ്നി വളര്‍ത്തിയാണ് പില്‍ക്കാല യുദ്ധങ്ങള്‍ പലതും ഉണ്ടായത്. ചതിയും വഞ്ചനയും കൊള്ളയും നടത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. മുന്നേറാന്‍ ശ്രമിച്ചെങ്കിലും എല്ലാം സത്യപ്രസ്ഥാനത്തിനു മുമ്പില്‍ പാളി.

ബദ്റിന് ആറ് വര്‍ഷം തികഞ്ഞ മറ്റൊരു റമളാനില്‍ വിജയത്തോടെയും സമാധാനപരവുമായ മക്കാ പ്രവേശം നടക്കുന്നതുവരെ അണയുന്ന വിളക്കിന്റെ കരിതിരി പോലെ അത് നിലനിന്നു. മക്കാവിജയത്തോടെ വിശുദ്ധ നഗരം സംശുദ്ധമായി മാറി. അതിലേക്ക് നടന്നെത്താന്‍ വിശ്വാസികള്‍ക്ക് പാത തുറന്നതും ബദ്റിന്റെ വിജയം തന്നെ.

ബദ്റും ബദ്രീങ്ങളും

ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ 17ന് മദീനയില്‍ നിന്നും 120 മൈല്‍ അകലെയുള്ള ബദ്റില്‍ വെച്ചാണ് വിശ്വാസികളും അവിശ്വാസികളും തമ്മില്‍ പോരാട്ടം നടക്കുന്നത്. ഗസ്വത് ബദ്റില്‍ കുബ്റാ എന്നറിയപ്പെടുന്നു ഇത്. മദീനയെയും വിശ്വാസികളെയും തകര്‍ക്കുന്നതിനുള്ള വിഭവങ്ങള്‍ സംഭരിച്ച് ശത്രുസംഘം മദീനയുടെ ഭാഗത്ത് കൂടി കടന്നുപോകുന്നതറിഞ്ഞ് അവരെ പ്രതിരോധിക്കാനാണ് നബി(സ്വ)യുടെ കുറച്ചു സ്വഹാബികളും പുറപ്പെടുന്നത്. ഇതറിഞ്ഞ മക്കക്കാര്‍ വന്‍ സന്നാഹങ്ങളുമായി യുദ്ധത്തിന് വരികയായിരുന്നു.

വര്‍ത്തകസംഘം വഴിമാറി രക്ഷപ്പെട്ടിട്ടും അഹങ്കാരിയായ അബൂജഹ്ല്‍ യുദ്ധക്കലിയുമായി മദീനക്കു നേരെ നീങ്ങി. സമാധാനശ്രമം നടത്തിയവരെ അയാള്‍ പരിഹസിച്ചു. വിശ്വാസികള്‍ യുദ്ധ സന്നാഹങ്ങളൊന്നുമില്ലാത്തവരായിരുന്നുവെങ്കിലും നേരിടാന്‍ നിര്‍ബന്ധിതരായി.

അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള ആയിരത്തോളം വരുന്ന സൈന്യത്തില്‍ നൂറ് കുതിരപ്പടയാളികളും അറുനൂറ് ചാട്ടുളികളും എണ്ണം ക്ലിപ്തമല്ലാത്ത ഒട്ടകങ്ങളും ഗായികമാരും നര്‍ത്തകികളും പരിചാരകരും ഉണ്ടായിരുന്നു. ഓരോ ദിവസങ്ങളിലും പത്തുവീതം ഒട്ടകങ്ങളെ അറുത്ത് ഭക്ഷിച്ചും കുടിച്ചും കൂത്താടിയുമായിരുന്നു അവരുടെ പുറപ്പാട്.

നബി(സ്വ)യുടെയും അനുയായികളുടെയും എണ്ണം 313ഓളം മാത്രമായിരുന്നു. ഒന്നോ രണ്ടോ കുതിരകളും എട്ടു വാളുകളും 70 ഒട്ടകങ്ങളും മാത്രമേ സാമഗ്രികളായുണ്ടായിരുന്നുള്ളൂ. വടികളും ഈത്തപ്പന പട്ടകളും മറ്റുമായിരുന്നു അധികപേരുടെയും ആയുധം. എങ്കിലും അല്ലാഹുവിന്റെ സഹായം യുദ്ധത്തില്‍ മുസ്‌ലിംകളെ ജയിപ്പിച്ചു.

മുസ്‌ലിംകളെ മക്കയില്‍ ജീവിക്കാനനുവദിക്കാതെ ക്രൂരമായി പീഡിപ്പിച്ചവരും പിന്തുണച്ചവരുമായ പ്രമുഖ നേതാക്കള്‍ മിക്കപേരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഭൗതിക സന്നാഹങ്ങളേറെയുണ്ടായിട്ടും അവരില്‍ നിന്നും 70 പേര്‍ കൊല്ലപ്പെടുകയുണ്ടായി. പ്രമുഖന്മാരുടെയും മൂപ്പന്‍മാരുടെയും നേതൃത്വത്തില്‍ മക്കയില്‍ ഇനി ദുര്‍ബലര്‍ക്കെതിരെ മര്‍ദനം നടക്കില്ലാത്ത അവസ്ഥ വന്നു. വിശ്വാസികള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചു.

മുസ്‌ലിം പക്ഷത്ത് 14 പേര്‍ രക്തസാക്ഷികളായി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വം മഹത്തായ പദവിയാണ്. ജീവാര്‍പ്പണം നടത്തിയിട്ടില്ലാത്ത ബദ്ര്‍ പോരാളികളും ശുഹദാക്കള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് ബദ്ര്‍ സമരത്തിന്റെ മറ്റൊരു സവിശേഷത. വിജയത്തിന്റെ ഭൗതിക സാഹചര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പോരാടാന്‍ തയ്യാറായവര്‍ക്കുള്ള ആദരവും.

ബദ്രീങ്ങള്‍ക്ക് അതിമഹത്തായ പദവിയും ശ്രേഷ്ഠതയും ഇസ്‌ലാം കല്‍പ്പിച്ചിട്ടുണ്ട്. അവരെ പ്രശംസിക്കുന്നതും സഹായാര്‍ത്ഥന നടത്തുന്നതും നാമങ്ങള്‍ പാരായണം ചെയ്യുന്നതും അവരുടെ പേരില്‍ ദാനധര്‍മങ്ങള്‍ നടത്തുന്നതുമെല്ലാം പ്രാമാണികവും ഐഹിക പാരത്രിക ഗുണം ലഭിക്കാനുതകുന്നതുമായ കാര്യങ്ങളാണ്. പ്രാര്‍ത്ഥനക്കുത്തരം കിട്ടാന്‍ അവരുടെ നാമങ്ങള്‍ തവസ്സുലാക്കിയാല്‍ മതിയെന്ന് പണ്ഡിതര്‍ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മദ്ഹ്, മൗലിദ്, ബൈത്ത്, തവസ്സുല്‍ ഗ്രന്ഥങ്ങള്‍ ലോകമുസ്‌ലിംകള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയതുമാണ്.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ