ഒരു ബഹുസ്വര സമൂഹത്തിൽ വിയോജിക്കുന്നവരോടു എത്തരത്തിൽ നിലപാടു കൈക്കൊള്ളുന്നുവെന്നതാണ് ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ സഹിഷ്ണുതയും ജനാധിപത്യവും മാനവികതയും അളന്നെടുക്കാനുള്ള സുപ്രധാന മാനദണ്ഡം. ഈ നിലയിൽ പരിശോധിക്കുമ്പോൾ ഇസ്‌ലാമും മുഹമ്മദ് നബിയും എത്രത്തോളം സഹിഷ്ണുതയും ജനാധിപത്യപരതയും മാനവികതയും പുലർത്തുന്നുവെന്നു തിരുനബിചര്യയുടെ ചരിത്രത്തെ ആധാരമാക്കി ചിന്തിക്കാനും ഒരു ലേഖന പരിധിയിൽ വെച്ചു ആവിഷ്‌കരിക്കാവുന്നിടത്തോളം നിരീക്ഷണങ്ങൾ പങ്കുവെക്കുവാനുമാണ് ഇതിൽ ശ്രമിക്കുന്നത്.

‘ഇബ്‌റാഹീമിന്റെ വഴിയേ പോവുക; അദ്ദേഹം യഹൂദനോ ക്രൈസ്തവനോ ഒന്നും ആയിരുന്നില്ലല്ലോ’ എന്ന അർത്ഥത്തിലുള്ള നിർദേശങ്ങൾ മുഹമ്മദ് നബിക്ക് അല്ലാഹു നൽകുന്നതായി വിശുദ്ധ ഖുർആനിൽ വായിക്കാനാവും. ഈ നിർദേശം ചിന്തനീയമായ ഒരുപാട് സന്ദേശങ്ങൾ ആവാഹിക്കുന്നുണ്ട്. സാമുദായികവും വർഗപരവുമായ അതിരുകൾക്കപ്പുറത്തു നിന്നുകൊണ്ട് സത്യമാർഗം പിൻപറ്റുക എന്നതാണ് ഇബ്‌റാഹീമിന്റെ വഴി പിൻപറ്റുക എന്ന നിർദേശം ഉൾക്കൊള്ളുന്ന സുപ്രധാനമായ സന്ദേശം. തിരുനബി പ്രബോധനം ചെയ്ത കാലദേശ സാഹചര്യത്തിലെ നിലവിലിരുന്ന സുപ്രധാന സംഘടിത മത സാമുദായിക മുന്നേറ്റങ്ങളായിരുന്നല്ലോ ജൂതമതവും ക്രിസ്തുമതവും. ആ സാമുദായിക മുന്നേറ്റങ്ങളെ മാതൃകയാക്കിയും അനുകരിച്ചും പ്രവർത്തിക്കുക എന്നതല്ല ഇബ്‌റാഹീമിന്റെ വഴിയേ പോവുക എന്നതിന്റെ ഉൾക്കാമ്പെന്നു ചിന്തിച്ചാൽ ആർക്കും ബോധ്യമാവുകയും ചെയ്യും. ഇബ്‌റാഹീം നബി മതഭേദമന്യേ സർവ ജന വിഭാഗങ്ങൾക്കും സത്യമാർഗ സഞ്ചാരത്തിന്റെ സന്മാർഗ ജീവിതത്തിനു വഴികാട്ടിയായ സത്യദൂതനായിരുന്നു. അതിനാൽ, ഇബ്‌റാഹീമിന്റെ വഴിയേ പോവുക എന്ന ഖുർആനിക നിർദേശത്തിനു സർവ മനുഷ്യർക്കും സത്യമാർഗത്തിനു വഴി കാട്ടിയാവുംവണ്ണം ജീവിക്കുക എന്നതാണ് അടിസ്ഥാനപരമായ അർത്ഥമെന്നു വരുന്നു. ഇബ്‌റാഹീമിന്റെ വഴി പിൻപറ്റി ജീവിക്കുന്നതിനു വേണ്ടി ജീവിതം സാധനയാക്കിയ സത്യദൂതനായിരുന്നു മുഹമ്മദ് നബി. അതിനാൽ തന്നെ അദ്ദേഹത്തിനു മതവിവേചനം ഉണ്ടായിരുന്നില്ല.

മതവിവേചനങ്ങൾക്കതീതമായി സൽകർമികളായ മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുവാൻ തക്ക വിശാലത മുഹമ്മദ് നബിയിൽ വളർന്നു വികസിച്ചതിനു സഹായകമായ ജീവിതാനുഭവങ്ങൾ പ്രവാചക ജീവ ചരിത്രകാരന്മാർ ധാരാളം എടുത്തെഴുതിയിട്ടുണ്ട്. അതിൽ ഒന്നു രണ്ടു സംഭവങ്ങൾ ഇവിടെ മാതൃകക്കായി സൂചിപ്പിക്കാം. മുഹമ്മദ് നബിക്ക് ഒമ്പതോ പന്ത്രണ്ടോ (പ്രായത്തിൽ അഭിപ്രായ ഭേദമുണ്ട്)വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിൽ പ്രവാചകത്വ ലക്ഷണങ്ങൾ ഉള്ളതായി ആദ്യം കണ്ടെത്തി അബൂത്വാലിബെന്ന രക്ഷാകർത്താവിനോട് അക്കാര്യം പറയുന്നത് ബുസ്‌റയിലെ ക്രൈസ്തവ സന്യാസ മഠത്തിലെ ആചാര്യനായ ബഹീറയാണ്. ബഹീറ എന്ന ക്രൈസ്തവ സന്യാസി അബൂത്വാലിബിനോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ സഹോദര പുത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോവുക. ജൂത ജനതയിൽ നിന്ന് അവനെ പ്രത്യേകമായി സംരക്ഷിക്കുക. ദൈവമാണു സത്യം, ഞാനറിഞ്ഞ കാര്യങ്ങളെല്ലാം ഇവന്റെ കാര്യത്തിൽ അവരറിഞ്ഞാൽ നിശ്ചയമായും ഇവനെതിരെ തിന്മയുടെ വലകൾ അവർ നെയ്യും. നിങ്ങളുടെ സഹോദര പുത്രനെയും കാത്ത് മഹത്തായ കാര്യങ്ങൾ ഒരുങ്ങിനിൽക്കുകയാണ്. ‘മതം ഏതായാലും മനസ്സിൽ നന്മയുള്ളവർ സത്യദൂതരെ തിരിച്ചറിഞ്ഞു സഹായിക്കും എന്നും മതവും ദേശവും ഗോത്രവും ഭാഷയും ഏതു തന്നെയായാലും മനസ്സിൽ തിന്മയുള്ളവർ സത്യദൂതന്മാരെ ദ്രോഹിക്കും എന്നും അതിനാൽ ഏതു കാര്യവും മതമേതെന്നു നോക്കിയല്ല, തിന്മയാണോ നന്മയാണോ എന്നു നോക്കിയാണ് വിലയിരുത്തേണ്ടതെന്നും തിരിച്ചറിയാൻ ബഹീറ എന്ന ക്രൈസ്തവ സന്യാസിയിൽ നിന്നു ലഭിച്ച വാത്സല്യാദരങ്ങൾ കുഞ്ഞുമുഹമ്മദിൽ ഏൽപിച്ച സ്വാധീന പാഠങ്ങൾ കാരണമായിട്ടുണ്ട്. മാത്രമല്ല, ഇന്നു നിലവിലുള്ള മുസ്‌ലിം വിശ്വാസം അനുസരിച്ച് മഹാ അപരാധമായ വിഗ്രഹാരാധനാ പാരമ്പര്യത്തിൽ നിന്നു പിൻമാറുവാൻ കൂട്ടാക്കാതിരുന്ന ആളും, ഇസ്‌ലാം ആശ്ലേഷിക്കാതിരുന്ന ആളുമായ അബൂത്വാലിബാണ് മുഹമ്മദ് നബിയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിനൊപ്പം തുണയായിട്ടുണ്ടായിരുന്നതെന്ന കാര്യവും പറയാതെ വയ്യ. അതുകൊണ്ടു തന്നെ വിഗ്രഹാരാധകരാണെന്ന ഒറ്റ കാരണത്താൽ മാത്രം ഇസ്‌ലാം ആശ്ലേഷിക്കാത്ത മനുഷ്യരിലെ നന്മകളെ അപ്പാടെ തൃണവൽഗണിച്ച് അവരെ ഉന്മൂലനം ചെയ്യാനുള്ള സമീപനമൊന്നും അബൂത്വാലിബിനെ പ്രാണതുല്യം സ്‌നേഹിച്ചിരുന്ന മുഹമ്മദ് നബിയിൽ നിന്ന് ഉണ്ടായിട്ടില്ല. നബിചര്യ പിൻപറ്റുന്നു എന്ന് അവകാശപ്പെടുന്നവർ മുഹമ്മദ് നബി ഏറെ സ്‌നേഹിക്കുകയും മുഹമ്മദ് നബിയെ തിരിച്ചു സ്‌നേഹിക്കുകയും ചെയ്ത അബൂത്വാലിബെന്ന അമുസ്‌ലിമായ നല്ല മനുഷ്യനെ ഓർമിച്ചുകൊണ്ടു ബഹുസ്വര സമൂഹത്തിൽ നിലപാടെടുക്കുവാൻ ജാഗ്രത കാണിക്കുന്നത് അവർക്കും നാടിനും നന്നായിരിക്കും എന്നും ഓർമപ്പെടുത്തട്ടെ.

വെട്ടിക്കൊല്ലാനുള്ള കൊടും പകയോടെ മാത്രം തന്നേയും അനുയായികളേയും കരുതിവന്നിരുന്നവരോടുപോലും മുഹമ്മദ് നബി കൈക്കൊണ്ട സമീപനം എന്തായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു ഉജ്ജ്വല സന്ദർഭമാണ് ഹുദൈബിയ്യാ സന്ധി. ഹുദൈബിയ്യാ സന്ധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല. മുഹമ്മദ് നബിയെയും അനുചരന്മാരെയും മക്കയിലെ കഅ്ബയിൽ ആരാധന നടത്തുവാൻ വരെ അനുവദിക്കാതിരുന്ന ഖുറൈശി ഗോത്രക്കാരുമായിട്ടായിരുന്നു പ്രവാചകർ സന്ധിവ്യവസ്ഥ തയ്യാറാക്കിയത്. സന്ധി വ്യവസ്ഥ ഒപ്പിടുവാൻ അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ് എന്നാണ് ആദ്യം എഴുതിയത്. ഇതിനെ സുഹൈൽ എന്ന ഗോത്രപ്രമാണി എതിർത്തു. താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്നു സമ്മതിക്കുന്നുണ്ടെങ്കിൽ പിന്നെ ഞങ്ങൾക്ക് താങ്കളോടു എതിർക്കേണ്ടിവരില്ലല്ലോ – ഇതായിരുന്നു സുഹൈലിന്റെ വാദം. ഈ വാദത്തെ മാനിച്ച്  മുഹമ്മദ്ബ്‌നു അബ്ദുല്ല’ (അബ്ദുല്ലയുടെ പുത്രൻ മുഹമ്മദ്) എന്നെഴുതി ഒപ്പിടുവാൻ നബി തയ്യാറായി. മാത്രമല്ല, അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ് എന്ന സന്ധിവ്യവസ്ഥയിലെ എഴുത്ത് പ്രവാചകർ തന്നെ മായ്ച്ചു കളയുകയും ചെയ്തു.  തന്നെ തിരുദൂതരായി കാണാത്തവരോടു സമൂഹത്തിന്റെ സമാധാനത്തിനായി നബി സ്വീകരിച്ച സമീപനം ഇതിൽ നിന്നു വ്യക്തമാണല്ലോ. ഹുദൈബിയ്യാ സന്ധിവേളയിലെ നബിചര്യ വിസ്മരിക്കാതെ വേണം നബിചര്യ പിൻപറ്റുന്നവർ മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിക്കുവാൻ. ഇസ്‌ലാം മതദർശനങ്ങളെ അംഗീകരിക്കാൻ തയ്യാറല്ലാത്തവർ കൂടി ജീവിക്കുന്ന ബഹുസ്വരരായ മാനവരുടെ സമൂഹത്തിൽ സത്യപ്രബോധന പ്രവർത്തന നിഷ്ഠ അവലംബിക്കുവാൻ ഇത്തരം സമാധാന/വിട്ടുവീഴ്ചാമനോഭാവം കൂടിയേ തീരൂ എന്നുള്ള കാര്യവും ഇവിടെ പാഠമായി സ്വീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

രോഗശയ്യയിലായ അന്യമതസ്ഥരെ കണ്ടു സ്‌നേഹ സാന്ത്വന ശുശ്രൂഷ നടത്തിയ തിരുനബി എന്ന ജീവകാരുണ്യ പ്രവർത്തകനെ മതസ്പർദ വളർത്താൻ ഉദ്ധുക്തരായി പുറപ്പെടുന്നവർ കാണാതെപോവരുത്. മദീനയിലെ ഭരണാധികാരിയായിരിക്കെ അതിഥികളെ സൽകരിക്കാനുള്ള ആവശ്യവിഭവങ്ങൾ ചോദിച്ചുചെന്നപ്പോൾ, പണയ വസ്തുവില്ലാതെ കടം തരില്ലെന്നു’പറഞ്ഞു തന്റെ അനുചരനെ മടക്കി അയച്ച കച്ചവടക്കാരനായ ജൂതനോടു അയാൾ ആവശ്യപ്പെട്ട പണയവസ്തു നൽകി ആ ഈടിന്മേൽ സാധനങ്ങൾ വാങ്ങി പ്രതികരിച്ച മുഹമ്മദ് നബിയെ ഓർമിക്കുന്നവർക്ക് തിരുദൂതർ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം എത്രമേൽ മാനവികവും പ്രതിപക്ഷ ബഹുമാനത്തോടു കൂടിയ നീതിബോധം ഉൾക്കൊള്ളുന്നതുമാണെന്നു തിരിച്ചറിയുവാൻ പ്രയാസമുണ്ടാകില്ല. നബിചര്യയിൽ നിന്നു ഇത്തരം തിരിച്ചറിവുകൾ ഉൾക്കൊള്ളുന്നവരിലൂടെയാണ്; അല്ലാതെ മുഹമ്മദ് നബിക്കെതിരെ ഉരിയാടിയാൽ അവരുടെ തലയറുക്കാനും വല്ലതും എഴുതിയാൽ അവന്റെ കൈവെട്ടാനും തുനിഞ്ഞിറങ്ങുന്ന തീവ്രവാദ മനോരോഗബാധയുള്ളവരിലൂടെയല്ല ഇസ്‌ലാം ലോകത്തിന്റെ സമാധാനമാകേണ്ടത്. ആ വഴിയെ മുന്നേറുവാൻ സർവജ്ഞനായ സർവേശ്വരൻ സർവർക്കും സദ്ബുദ്ധി അരുളുവാൻ ഇടവരട്ടെ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ