ഉള്ളതു പറഞ്ഞാൽ കഞ്ഞിയില്ലെന്നാണല്ലോ പണ്ടൊരു തീപ്പൊരി രാഷ്ട്രീയ പ്രഭാഷകൻ പാർട്ടിക്കുള്ളിലെ ചിലത് ചോദ്യം ചെയ്തു. അതോടെ അദ്ദേഹത്തിന്റെ കഞ്ഞി മുട്ടി. ഇസ്‌ലാമിനെ വിമർശിക്കാനിറങ്ങുമ്പോൾ എല്ലാ ഏഴാംകൂലികൾക്കും നൂറു നാക്കാണ്. സമാധിക്കൊരുങ്ങിയവരും ഒന്ന് ഞെളിഞ്ഞു കിടക്കും. പിന്നെ ഒന്നുമറിയില്ലെങ്കിലും നല്ലൊരു അധോശ്വാസം കേട്ടപ്പോൾ ന്തേ, ന്നെ വിളിച്ചോന്ന്… ചോദിച്ച പഴയ അർധബധിര കാരണവരെ പോലെ പ്രതികരണമങ്ങ് കാച്ചും. ഇവരുടെയൊക്കെ കൺകണ്ട ദൈവവും അത്രയ്ക്കു നല്ല പണ്ഡിതൻ പിന്നീട് പാർട്ടിയിലുണ്ടായിട്ടില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതുമായ ഒരു നമ്പൂതിരിപ്പാടിനും ഇങ്ങനെ ചില അക്കിടികൾ പറ്റിയിരുന്നു, ശരീഅത്ത് വിവാദക്കാലത്ത്. പത്തിക്ക് ‘അടി’ കൊണ്ടപ്പോൾ എനിക്ക് ശരീഅത്തിനെക്കുറിച്ച് അറിയില്ലെന്ന് പറയാനുള്ള വിവേകം അദ്ദേഹം കാണിക്കുകയുണ്ടായി. എന്നാൽ, തപ്പിത്തടഞ്ഞ് ഞഞ്ഞംപിഞ്ഞം പറയുന്ന പുതിയ ആശാൻമാർക്ക് പക്ഷേ, ഇത്ര അന്തം കാണുന്നില്ല. അവർ പഴയ പോഴത്തത്തിൽ തന്നെയാണ്.

പറഞ്ഞുവരുന്നത് ലിംഗസമത്വ വിവാദത്തെക്കുറിച്ചാണ്. വിശുദ്ധ ഇസ്‌ലാം എന്നാൽ മാനവമുക്തിക്കായുള്ള ദൈവിക സംവിധാനമെന്നർത്ഥം. അതിന്റെ നിയമങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യപുരോഗതിക്ക് ഏറ്റവും ഉപകാരപ്രദവുമാണ്. ജീവജാലങ്ങൾ പൊതുവെ ആണും പെണ്ണുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തലമുറകളുടെ നിലനിൽപ്പിന് ഈ രീതി അനിവാര്യവുമാണ്. ഓരോ ലിംഗ വർഗത്തിനും അതിന്റേതായ ധർമങ്ങളുണ്ട്. അവ കൃത്യമായനുഷ്ഠിക്കുമ്പോഴാണ് ജൻമം ഫലപ്രദമാവുക. ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും ശ്രമിച്ചാൽ രണ്ടുമല്ലാത്ത നപുംസകങ്ങളാണാവുക.

അതുകൊണ്ട് രണ്ടു വിഭാഗത്തിനും ചില പ്രത്യേക നിയമങ്ങളും നിയന്ത്രണങ്ങളും മതം തീരുമാനിച്ചിട്ടുണ്ട്. മതത്തെ ആത്മാർത്ഥമായംഗീതിക്കുന്നവർക്ക് അതിൽ വെള്ളം ചേർക്കാനാവില്ല; മയപ്പെടുത്തിയും വെട്ടിമാറ്റിയും വിഴുങ്ങിയും വലിച്ചു നീട്ടിയും മതം വികൃതമാക്കാനുമാവില്ല. അതാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്-സ്ത്രീയും പുരുഷനും തുല്യരല്ലെന്നും ഓരോരുത്തരും അവരവരുടെ ധർമാനുഷ്ഠാനത്തിന് പ്രാധാന്യം നൽകണമെന്നും. അതു പക്ഷേ, ചില മനോരോഗികൾക്ക് പറ്റിയില്ല. അവർ ഉസ്താദിനെ സ്ത്രീ വിരുദ്ധനാക്കി കളഞ്ഞു. പ്രകടനവും ചീത്തവിളിയും ചാനൽ അക്രമവും മുറക്ക് നടന്നു. എന്നു വെച്ച് മതം പറയാതിരിക്കാനാവുമോ. സത്യത്തിൽ, മാതൃഭൂമിയടക്കമുള്ള മുത്തശ്ശി പത്രങ്ങൾ ഇസ്‌ലാം വിരുദ്ധ മനോഭാവം ഉള്ളിലൊതുക്കി ഉസ്താദിനെതിരെ കള്ളം പടച്ചുവിടുകയായിരുന്നു. സ്ത്രീക്ക് മാത്രമേ പ്രസവിക്കാൻ പറ്റൂ എന്ന് ഉസ്താദ് പറഞ്ഞതിനെക്കുറിച്ച്, സ്ത്രീയെ പ്രസവിക്കാൻ മാത്രമേ പറ്റൂ എന്ന് റിപ്പോർട്ട് വന്നതങ്ങനെയാണ്. ആണിനേ മീശയുള്ളൂ എന്നത് ആണിന് മീശയേ ഉള്ളൂ എന്നു പറയുന്നതുപോലെ. ആരൊരുമ്പെട്ടാലും ദീൻ പറയാതിരിക്കാൻ ആഖിറത്തെ പേടിക്കുന്നവർക്കാകില്ല തന്നെ.

സ്ത്രീകളുടെ സദസ്സിലെത്തിയാൽ പിന്നെ നിലയും ദീനും മറക്കുന്ന ചില മത-രാഷ്ട്രീയ മേലാളൻമാരുമുണ്ട് കേരളത്തിൽ. കേരളമങ്കമാർ നിറഞ്ഞു നിൽക്കുന്ന ദേശീയ സമ്മേളനത്തിൽ എല്ലാ രംഗത്തും സ്ത്രീ ഇടപെടണമെന്നും അവരാണ് പൊതു പ്രവർത്തനത്തിന്റെ ശക്തിയെന്നുമൊക്കെ അവർക്ക് പറയാം. രാഷ്ട്രീയമാണ് അത്തരക്കാർക്ക് പ്രഥമം. മതം അവർക്കൊക്കെ അതിനു പിറകിൽ മാത്രം. ഇത്തരം പ്രസ്താവനകൾ നടത്തി പൊതു സമൂഹത്തിന്റെ കയ്യടി വാങ്ങാം. ഇതിനപ്പുറം പറയുകയും ചെയ്യാം. പക്ഷേ അതുകൊണ്ടൊന്നും സ്ത്രീയും പുരുഷനും തുല്യരാവില്ലെന്നു മാത്രം. ഈ ലിംഗസമത്വവാദികൾ അവരുടെയൊക്കെ പാർട്ടിയിലും പൊതു സമൂഹത്തിലുമുള്ള തുല്യതാ കണക്കൊന്ന് പരിശോധിച്ചു നോക്കണമെന്ന് മാത്രം തൽക്കാലം ഓർമപ്പെടുത്താം.

You May Also Like

മസാജിദുന്നബി

നബി(സ്വ)യുടെ ജന്മദേശമായ മക്കയിലെ മസ്ജിദുൽ ഹറാമിനാണ് പള്ളികളിൽ പ്രഥമസ്ഥാനം. ഇബ്‌റാഹിം(അ)ന്റെ ത്യാഗപൂർണമായ ഓർമകൾ ആ ഭൂമിയിൽ…

അസ്‌വാജുന്നബി

വിശ്വാസികളുടെ മാതാക്കളാണ് അസ്‌വാജുന്നബി അഥവാ തിരുനബി(സ്വ)യുടെ പ്രിയ പത്‌നിമാർ. പരിശുദ്ധ ഖുർആൻ അവരെപ്പറ്റി നടത്തിയ പ്രഖ്യാപനം…

ഔലാദുന്നബി

തിരുനബി(സ്വ)ക്ക് ഏഴു മക്കളാണുണ്ടായിരുന്നത്; മൂന്ന് ആൺമക്കളും നാല് പെൺമക്കളും. ഖാസിം(റ), സൈനബ് (റ), റുഖയ്യ(റ), ഫാത്വിമ(റ),…