മലയാളസാഹിത്യത്തിന് അമൂല്യങ്ങളായ നിരവധി രചനകൾ സമ്മാനിച്ച പ്രമുഖ എഴുത്തുകാരനാണ് പി. സുരേന്ദ്രൻ. ഏറനാടിന്റെ സന്തതി. ആ നൈർമല്യവും സൗരഭ്യവും സഹിഷ്ണുതയും അക്ഷരങ്ങളിലേക്കു പകർത്തി. മതസൗഹാർദം കാത്തുസൂക്ഷിക്കാൻ അമ്മ നൽകിയ ഉപദേശം നിധിപോലെ കാക്കുന്ന മനുഷ്യസ്‌നേഹി. അങ്ങനെ പലതുമാണ് അദ്ദേഹം.  സാഹിത്യത്തിലെ കേരളീയവും ഭാരതീയവും രാജ്യാന്തരീയവുമായ ഭൂതകാല പൊലിമകളും പുതുപ്രവണതകളും ആശങ്കകളുമെല്ലാം അദ്ദേഹം പങ്കുവെക്കുന്നു. റബീഉൽഅവ്വലിന്റെ പശ്ചാത്തലത്തിൽ, നബിദിനവും ഭീകരവാദവും ഇസ്‌ലാമോഫോബിയയുമെല്ലാം കടന്നു വരുന്ന സംഭാഷണം.

മുഖവുരകളാവശ്യമില്ലാത്തത്ര സുപരിചിതനാണ് മലയാളികൾക്കു താങ്കൾ. എഴുത്തും സാംസ്‌കാരിക പ്രവർത്തനങ്ങളുമായി മൂന്നര പതിറ്റാണ്ടായി താങ്കൾ സജീവമാണിവിടെ. മുസ്‌ലിം ജീവിത പരിസരത്തുനിന്നുള്ള അനുഭവങ്ങളും ധാരാളം. കുട്ടിക്കാലത്തിൽനിന്നു തുടങ്ങാം…

1961-ൽ മഞ്ചേരി പാപ്പിനിപ്പാറയിലാണ് ഞാൻ ജനിച്ചത്, ഒരു പരമ്പരാഗത നായർ കുടുംബത്തിൽ. കുട്ടിക്കാലത്ത് സാഹിത്യത്തോടും വായനയോടൊന്നും ഇടപഴകാനുള്ള അവസരമുണ്ടായിരുന്നില്ല. 1975-ൽ എഴുത്തിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയെങ്കിലും, ആ രംഗത്ത് ഗൗരവമായി ഇടപെടുന്നത് എൺപത്തി ഒന്നിലാണ്, ‘ജ്വരബാധ’ എന്ന എന്റെ കഥ മാതൃഭൂമി കഥാമത്സരത്തിൽ സമ്മാനം നേടിയതു മുതൽ. പിന്നീടങ്ങ് എഴുത്തിൽ സജീവമായി. ഇപ്പോൾ നാൽപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.  ചെറുകഥ, നോവൽ, യാത്രാവിവരണം, പരിസ്ഥിതി ചിന്തകൾ, കീഴാള പഠനങ്ങൾ, വിമർശനങ്ങൾ എല്ലാം അതിലടങ്ങുന്നു. രണ്ട് തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2003-ൽ ചെറുകഥക്കും, 2013-ൽ യാത്രാവിവരണത്തിനും. 2004-ൽ പ്രസിദ്ധമായ ഓടക്കുഴൽ അവാർഡും നേടി. എന്റെ പല കൃതികളും ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ കീഴാളപക്ഷ പ്രസിദ്ധീകരണമായ സമഹമവമൃശ ്ശലംൽ ഈയടുത്ത് ബർമുഡ എന്ന കഥയുടെ വിവർത്തനം വരികയുണ്ടായി.

പുതിയ എഴുത്തുകൾ?

പുതുതായി ഇറങ്ങുന്നത് ‘ജിനശലഭങ്ങളുടെ വീട്’ എന്ന ഒരു ഇക്കോ- സ്പിരിച്വൽ നോവലാണ്. ഇനി യാത്രാവിവരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞാൻ. സൗദി അറേബ്യൻ യാത്രാനുഭവങ്ങളാണ് അടുത്ത എഴുത്ത്. അതിനായി പ്രവാചകന്റെ ദേശങ്ങൾ താണ്ടി ഒരുപാടു നടന്നിട്ടുണ്ട്. ഒരു അമുസ്‌ലിമിന് ചെല്ലാവുന്നിടത്തൊക്കെ എത്താൻ ശ്രമിച്ചിട്ടുമുണ്ട്.

മലബാറിലെ, വിശേഷിച്ചും മലപ്പുറത്തെ, ബഹുസ്വര രീതികളോട് ഒട്ടി ജീവിക്കുന്ന ഒരാളാണ് താങ്കൾ.  അത്തരമൊരു ജീവിത സാഹചര്യം ബാല്യം മുതലേ കൂട്ടിനുണ്ടായിരുന്നോ? തികച്ചും ബഹുസ്വരമായ ചുറ്റുപാടിലായിരുന്നു കുട്ടിക്കാലം മുതലേ ജീവിച്ചു പോന്നത്. അക്കാലത്ത്, പശുക്കൾക്കും കോഴിക്കൾക്കുമൊക്കെ രോഗം വന്നാൽ ഞങ്ങൾ രണ്ടിടത്തേക്കാണ് പൈസ ഉഴിഞ്ഞിടുക. ഒന്ന്, കാക്കരക്കാട് ദേവീ ക്ഷേത്രവും മറ്റേത് ഓമാനൂർ ശുഹദാ നേർച്ചപ്പെട്ടിയും. ഓമാനൂർ ശുഹദാക്കളെപ്പോലുള്ള മുസ്‌ലിം ആത്മീയ പുരുഷന്മാരെക്കൂടി ചേർത്തുപിടിച്ചാണ് ഞങ്ങളൊക്കെ ജീവിതം വരച്ചെടുത്തത്. നിങ്ങൾ നോക്കൂ, മലബാറിൽ കൊടി പറത്തിയ ഹൈന്ദവ കുടുംബങ്ങളിലൊക്കെയും കാര്യസ്ഥന്മാർ മുസ്‌ലിംകളായിരുന്നു പലപ്പോഴും. പ്രഭുത്വം നിറഞ്ഞ മുസ്‌ലിം തറവാടുകളിൽ ഹിന്ദുക്കളും. എന്റെ ചെറിയച്ഛൻ ഒരു മുസ്‌ലിം തറവാട്ടിലെ കാര്യസ്ഥനായിരുന്നു, എപ്പോഴും അവരുടെ കൂടെ നിന്ന് അവരുടെ വ്യവഹാരങ്ങളിൽ മുഖ്യ പങ്കു വഹിച്ചിരുന്നയാൾ. എന്റെ തറവാട്ടിൽ കാര്യസ്ഥ സ്ഥാനത്ത് ഏലായി അലവി എന്നയാളായിരുന്നു. ഞങ്ങളൊക്കെ അലവ്യാക്ക എന്നു വിളിക്കും. അദ്ദേഹത്തെപ്പറ്റി കഥയിലെഴുതിയിട്ടുണ്ട് ഞാൻ. അത്രക്ക് ഹൃദയത്തോടു ചേർന്നു നിന്നിരുന്നു അലവ്യാക്ക. അവരെയൊന്നും കണ്ടിരുന്നത് വെറും കാര്യസ്ഥന്മാരായിട്ടല്ല, വീട്ടിലെ ഒരംഗത്തെ പോലെത്തന്നെയായിരുന്നു.

കേരള ചരിത്രത്തിലെല്ലായിടത്തും ഇത്തരത്തിലുള്ള ബഹുസ്വരതയുടെ ആദാന പ്രദാന രീതി പ്രകടമായിരുന്നു. കുഞ്ഞായിൻ മുസ്‌ലിയാരില്ലാത്ത മങ്ങാട്ടച്ഛനെ നമുക്കൊന്നും കേട്ടു പരിചയമില്ല. അതു പോലെ മമ്പുറം തങ്ങളും കോന്തുനായരും. സാമൂതിരിക്കു വേണ്ടി പ്രാർത്ഥിച്ച, പ്രവർത്തിച്ച, യുദ്ധം ചെയ്ത മുസ്‌ലിംകൾ. പക്ഷേ, പരസ്പരം ഉൾച്ചേർന്നു കിടക്കുന്ന ഈ സ്‌നേഹ ബോധത്തെ മായ്ച്ചു കളയാൻ മലപ്പുറത്തു പോലും ശ്രമങ്ങൾ  നടക്കുന്നുണ്ടോ എന്നു ഭയക്കണം.

ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് സാമുദായിക സൗഹാർദത്തിൽ മലപ്പുറം തന്നെയാണ് നമ്പർ വൺ എന്നാണ്. അതു തകർത്തെറിയാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് ഈയിടെ മലപ്പുറം കലക്ടറേറ്റിൽ നടന്ന ബോംബ് സ്‌ഫോടനം. ഒന്നിച്ചു നിൽക്കുന്ന മനസ്സുകളിൽ പരസ്പരം ആശങ്ക വളർത്തിയെടുത്ത്, സംശയത്തിന്റെ നിഴലിൽ നിർത്താൻ വേണ്ടിയാണിതെല്ലാം.

ഇവിടെ സ്‌ഫോടനം നടന്നപ്പോഴേക്കും സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവന വന്നു, മലപ്പുറം പട്ടാള സംരക്ഷണത്തിലാക്കണമെന്നും കേന്ദ്ര ഏജൻസികൾ ഇടപെടണമെന്നുമൊക്കെ. ചെറിയൊരു സ്‌ഫോടനമാണെങ്കിലും ഗൗരവത്തിലെടുത്ത് യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ നിയമപാലകർ ശ്രമിക്കണമെന്നാണ് നമുക്ക് പറയാനുള്ളത്.

നിരന്തരം ഭീതി സൃഷ്ടിക്കുക എന്നത് ഫാസിസത്തിന്റെ പൊതുസ്വഭാവമാണ്.

തീർച്ചയായും. അത്തരം നീക്കങ്ങളെ സർഗാത്മകമായും വിവേകപൂർണമായും നേരിടാൻ സമൂഹത്തെ നാം പരുവപ്പെടുത്തണം. ബാല്യകാലത്തെ ബഹുസ്വരതയെപ്പറ്റി പറഞ്ഞല്ലോ. ഇസ്‌ലാമും ഖുർആനുമൊക്കെ ആദ്യമായി പരിചയപ്പെടുന്നതെങ്ങനെയായിരുന്നു?

എന്റെ അയൽപക്കത്തുള്ള, എന്റെ കൂടെ പഠിക്കുന്ന കുട്ടികൾ നോമ്പെടുക്കുകയും പെരുന്നാളാഘോഷിക്കുകയുമൊക്കെ ചെയ്യുമ്പോൾ, അവരെക്കുറിച്ച് അറിയാൻ ശ്രമിച്ചു. അത്തരമൊരു ശ്രമത്തിന്റെ ഭാഗമായാണ് പ്രാഥമികമായി ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്. പിന്നീട് സാമൂഹ്യശാസ്ത്രപരമായും അല്ലാതെയുമൊക്കെയായി ഇസ്‌ലാമിനെപ്പറ്റിയുള്ള പഠനങ്ങളിലെത്തിച്ചേർന്നു. ഖുർആൻ പരിഭാഷ വാങ്ങി വായിച്ചു. പ്രവാചകനെക്കുറിച്ച് ഒരുപാട് വായിക്കുകയും, അവിടുന്ന് ജീവിച്ച ഭൂപ്രദേശങ്ങളിലൂടെ പിൽക്കാലത്ത് സഞ്ചരിക്കുകയും ചെയ്തു.

താങ്കളുടെ നിരന്തര വായനകളിലൂടെ മനസ്സിലാക്കിയ പ്രവാചക ചിത്രം?

ബഹുസ്വരതയെ അംഗീകരിച്ച, ഭീകരവാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഒരു നേതാവിനെയാണ് എനിക്കെവിടെയും കണ്ടെത്താൻ സാധിച്ചത്. ഒരു കരാറിലൂടെ മദീനയിൽ എല്ലാവർക്കും പൗരത്വം അനുവദിച്ചു. മതബന്ധിതമായിരുന്നില്ല അത്, എല്ലാവർക്കും അവനവന്റെ വിശ്വാസത്തോടെ ജീവിക്കാവുന്ന വിധമായിരുന്നു. ബന്ദികൾക്ക് മോചന ദ്രവ്യമായി നിശ്ചയിച്ചിരുന്നത്, മുസ്‌ലിംകളിലെ നിരക്ഷരർക്ക് എഴുത്തും വായനയും പഠിപ്പിക്കുകയെന്നതായിരുന്നു. ലോകത്തിലെ ആദ്യത്തെ സാക്ഷരതാ പ്രസ്ഥാനമായിരിക്കും പ്രവാചകന്റേത്. ഏകസിവിൽ കോഡിനായി അലമുറകളുയരുന്ന ഇക്കാലത്ത് പ്രവാചക ജീവിതം പാഠപുസ്തകമാക്കി കൊണ്ടുനടക്കണം നമ്മൾ. ജൂതന്മാരോട് കച്ചവട ബന്ധം വരെയുണ്ടായിരുന്നു പ്രവാചകന്. വിയോഗസമയത്തു പ്രവാചകരുടെ പടയങ്കി ഒരു ജൂതന്റെ കയ്യിൽ പണയത്തിലായിരുന്നല്ലോ..

അനേകം അടരുകളുള്ള ജീവിതമായിരുന്നു പ്രവാചകരുടേത്. പലർക്കും പല രീതിയിലായിരിക്കും ആ മഹദ് ജീവിതത്തെ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക. താങ്കളുടെ പഠനങ്ങളിൽ ഏറ്റവും ആകർഷണീയമായി അനുഭവപ്പെട്ടത് നബി(സ്വ)യുടെ ഏതൊക്കെ ഗുണങ്ങളായിരുന്നു?

നബിയുടെ ജീവിതത്തിൽ ഞാനേറെ ശ്രദ്ധിച്ചത്, അനാഥക്കുട്ടികളോടുള്ള സമീപനമായിരുന്നു. വല്ലാത്ത സ്‌നേഹമായിരുന്നു അവരോട്. അവരെ സംരക്ഷിക്കുന്നതിന്റെ മഹത്ത്വം പറയുന്ന ഒരുപാട് നബിവചനങ്ങളും കാണാമല്ലോ.

എന്നെ ആകർഷിച്ച മറ്റൊരു കാര്യം, കറുത്തവരോടും ബഹിഷ്‌കൃതരോടുമുള്ള  താദാത്മ്യമാണ്. ഇസ്‌ലാമിലേക്ക് ആദ്യഘട്ടത്തിൽ കൂടുതലായി കടന്നു വന്നതും അവർ തന്നെയായിരുന്നു. ആദ്യമായി വാങ്കു വിളിക്കവസരം ബിലാലിനു നൽകിയത്, കറുത്തവന്റെ അവകാശ പ്രഖ്യാപനത്തിന് പിന്തുണയേകാനായിരുന്നു. പൊന്നിന്റെ നിറമുള്ള പ്രവാചകനാണ് കറുപ്പിനെ അംഗീകരിക്കുന്നത് എന്നതു കൂടി ശ്രദ്ധയർഹിക്കുന്നു.

പിന്നെ ഞാൻ ശ്രദ്ധിച്ചത് വ്യക്തിജീവിതത്തിലെ ചിട്ടകളും ശീലങ്ങളുമാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നബിക്ക് ഏറെ പ്രിയങ്കരമായിരുന്നു. വയറുമുട്ടെ കഴിച്ചിരുന്നില്ല. വിശക്കുമ്പോൾ മാത്രം കഴിക്കുന്നു. അങ്ങനെയൊരുപാട് കാര്യങ്ങൾ പറയാനുണ്ട്.

സമാധാനം സംസ്ഥാപിക്കാനുള്ള പ്രവാചക ശ്രമങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

നബിജീവിതത്തെ ഏറ്റവും വ്യത്യസ്തമാക്കി നിറുത്തുന്നത് ഈ ഘടകമായിരിക്കുമെന്നുപറയാം. കാരണം, സമാധാനം പുലരാൻ വേണ്ടി താഴ്ന്നുകൊടുക്കാൻ തയ്യാറായ ചിത്രമാണ് ഹുദൈബിയ്യയിലേത്. ആത്മവിശ്വാസത്തിന്റെ ഊക്കാണത്. എതിർപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും വകവെച്ചു കൊടുത്തു കൊണ്ട് ലോകത്തെ ഏറ്റവും സമാധാന പൂർണമായ ഒരു കരാർ!

ഓരോരോ ഗോത്രങ്ങളായി തിരിഞ്ഞ് വിഗ്രഹത്തിന്റെ പേരിലും അല്ലാതെയും നടന്ന പോരാട്ടങ്ങളെ ഒന്നടങ്കം ഇല്ലാതാക്കാൻ നബിയുടെ രീതിശാസ്ത്രത്തിനു കഴിഞ്ഞു. പ്രവാചകത്വത്തിനു മുമ്പും നീതി നടപ്പാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹജറുൽ അസ്‌വദ് എടുത്തുവെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ എത്ര മനോഹരമായാണ് നബി പരിഹരിച്ചത്!

മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും വായനയിൽ നിന്നുമൊക്കെ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുവെന്ന് പറഞ്ഞല്ലോ. ഏതു രീതിയിലൂടെയാണ് ഇസ്‌ലാം ഏറ്റവും കൂടുതൽ ഹൃദയത്തിൽ കൊണ്ടത്?

രണ്ടിന്റെയും സമഗ്രതയാണ് എന്റെ പഠനം. നമ്മൾ ആദ്യം പഠിക്കുന്നത് ഇസ്‌ലാമിന്റെ ദർശനങ്ങളിൽ നിന്നല്ല, വിശ്വാസിയുടെ നന്മകളിൽ നിന്നാണ്. ജീവിതത്തിൽ പലപ്പോഴും പത്തരമാറ്റ് തെളിച്ചമുള്ള പണ്ഡിതന്മാരെയൊക്കെ കാണാറുണ്ട്. അവരുടെ ലളിതവും കളങ്കമേതുമില്ലാത്തതുമായ ജീവിതത്തിന്റെ പൊരുളുകളന്വേഷിച്ചാണ് വിശദമായ പഠനങ്ങളിലെത്തുന്നത്. എന്റെ പഠനങ്ങൾ ഒരിക്കലും തീവ്ര മതബോധത്തിലൂന്നിയതായിരുന്നില്ല, സാമൂഹ്യശാസ്ത്രപരവും നരവംശശാസ്ത്രപരവുമൊക്കെയായിരുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാമോഫോബിയ എന്ന സംജ്ഞ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. ഐ.എസും മറ്റു അക്രമി സംഘങ്ങളും ഇസ്‌ലാമിന്റെ പേരിൽ ദുർവൃത്തികൾ മാത്രം ചെയ്തുകൊണ്ടിരിക്കുന്നു.

സത്യത്തിൽ, ഏറ്റവും വേദനിപ്പിക്കുന്ന കാര്യമാണ് ഇസ്‌ലാമോഫോബിയ. എല്ലാ മുസൽമാന്മാരെയും പ്രതിസന്ധിയിലാഴ്ത്തുന്നുണ്ടിത്. ആരെങ്കിലും ചെയ്തുകൂട്ടുന്ന ഭീകരതയുടെ ഫലങ്ങൾ എല്ലാവരും ഏറ്റുവാങ്ങേണ്ടി വരുന്നു എന്നത് അസഹനീയമാണ്. ഐ.എസിനെ പോലുള്ള സംഘങ്ങൾ ഇസ്‌ലാമല്ല എന്ന് ഉറക്കെ പറയാൻ നാം മടി കാണിക്കേണ്ടതില്ല. ഇപ്പോൾ പുതിയ വഴികളിലൂടെ നീങ്ങി പ്രവാചകനെത്തന്നെ നിന്ദിക്കുന്ന തരത്തിലാണ് തീവ്രവാദ സംഘങ്ങളുടെ ചെയ്തികൾ.

 ഇത്തരത്തിലുള്ള തീവ്ര ഇസ്‌ലാമിസ്റ്റുകളെ എങ്ങനെ നേരിടും?

പരമ്പരാഗത ഇസ്‌ലാമിക ദർശനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ നമുക്കവരെ നേരിടാനൊക്കൂ. ഞാനെന്നും പാരമ്പര്യ ഇസ്‌ലാമിക ശീലങ്ങളോടൊട്ടി

നിൽക്കാനാണ് ശ്രമിക്കാറുള്ളത്. പുതിയ വ്യാഖ്യാനങ്ങൾ അത്ര ഇഷ്ടമല്ല. അഭിനവ ‘മതസ്‌നേഹികളുടെ വൈരുദ്ധ്യാത്മക ചെയ്തികൾ നോക്കൂ… അനിസ്‌ലാമികമെന്നു പറഞ്ഞ് അനേകം പൂർവിക കേന്ദ്രങ്ങൾ അവർ തകർക്കുന്നു. എത്രയോ ഖബർസ്ഥാനുകൾ നിരപ്പാക്കുന്നു. നിരപരാധരെ കൊന്നുതള്ളുന്നു. പക്ഷേ, ഭാഗ്യമെന്നു പറയാം, ഇന്ത്യയിലിപ്പോഴും സ്വൂഫീ കേന്ദ്രങ്ങളൊക്കെ അമുസ്‌ലിംകളുടേതു കൂടിയായി നിലനിൽക്കുന്നു. അതൊന്നും വീരാരാധനയല്ല. മഹാന്മാർ ജീവിതകാലത്ത് നിറച്ചുവെച്ച നന്മകളോടുള്ള ഒരാഭിമുഖ്യമാണ്. വിഗ്രഹാരാധനയായി വ്യാഖാനിക്കപ്പെടേണ്ടതല്ല അവയൊന്നും. ഇങ്ങനെ, പൊതു സമൂഹത്തിൽ നിലകൊള്ളുന്ന ആചാരങ്ങളൊക്കെ ദുർവായനകൾക്ക് വിധേയപ്പെടുത്തുന്നത് അവരുടെ പൊതുസ്വഭാവമാണ്.

മൗലികതയിൽ നിന്ന് അടർത്തി മാറ്റി വ്യാജ ഇസ്‌ലാമിനെയാണവർ പണിതുകൊണ്ടിരിക്കുന്നത്. മതം പരിഷ്‌കരിക്കപ്പെടണമെന്ന് അവർ വാദിക്കുന്നു. താങ്കളുടെ കാഴ്ചപ്പാടെന്താണ്?

മൗലികതയിലൂന്നിയാണ് മതത്തെ വായിക്കേണ്ടത്. മൂല്യങ്ങളിൽ നിന്ന് തെന്നിമാറിയുള്ള വായനകളാണ് ഐ.എസിനെപ്പോലുള്ള ശക്തികളെ വളർത്തുക. ഇസ്‌ലാമിൽ ഗുരുപാരമ്പര്യത്തിന് ഉത്തമ സ്ഥാനമുണ്ട്. ഞാൻ മനസ്സിലാക്കിയതനുസരിച്ച്, അതിനെ ആദരവോടെ കാണുന്നവരാണ് സുന്നികൾ.

പുസ്തകത്തെ ഗുരുവാക്കുകയല്ല, മറിച്ച് ഗുരുവിനെ പുസ്തകമാക്കുകയാണ് വേണ്ടത് എന്ന് എവിടെയോ വായിച്ചതോർക്കുന്നു.

അതേ, ഗുരുരഹിതമായ ഓൺലൈൻ വായനകളിൽ നിന്നും പഠനങ്ങളിൽ നിന്നുമാണ് ഭീകരർ പുഷ്ടിപ്പെടുന്നത് എന്ന പഠനങ്ങൾ വന്നുകഴിഞ്ഞു. അവനവന്റെ ചിന്താമണ്ഡലങ്ങളിൽ നിന്നു കൊണ്ട്, മതത്തെ വളച്ചെടുക്കുന്ന ഒരു ഭ്രമാത്മകതയാണവർ പുലർത്തിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യങ്ങളിലൂടെ സഞ്ചരിച്ചു വന്ന ഒരു യാഥാർത്ഥ്യമാണ് മതമെന്ന് അവർ തിരിച്ചറിയുന്നില്ല. എ.കെ 47 ചുമലിൽ തൂക്കി നടന്നാൽ ആയുധക്കമ്പനികൾക്ക് ലാഭമുണ്ടാകുമെന്നല്ലാതെ, മതത്തിന് നഷ്ടമേ വരൂ. എല്ലാ കാര്യത്തിലും ഇത്തരം ജാഗ്രത്തായ രീതികളുണ്ടാവണം നമുക്ക്. ഞാൻ സലഫികളുടെ ഒരു സമ്മേളനത്തിൽ പറഞ്ഞു, നിങ്ങൾ താടിയൊക്കെ വളർത്തുമ്പോ ഒരു മയത്തിലൊക്കെ വളർത്തണം. ഇത്രക്കങ്ങ് നീട്ടിയേക്കരുതെന്ന്.

താങ്കൾ പറഞ്ഞതുപോലെ, ആചാരങ്ങളെ തുടച്ചുമാറ്റാനുള്ള ശ്രമങ്ങളിൽ നബിദിനാഘോഷവും ഇരയാക്കപ്പെടുന്നുണ്ട്.

നബിദിനം പാരമ്പര്യമായി ഇസ്‌ലാം വിശ്വാസികൾ ആചരിച്ചുവരുന്നതായാണ് എന്റെ അറിവും അനുഭവവും. പ്രവാചകന്റെ മരണാനന്തരവും ആ മഹത്ത്വം ജനങ്ങൾ അംഗീകരിക്കുന്നു. നബി കൂടെയുണ്ടെന്ന വിശ്വാസത്തിലാണല്ലോ ഇവിടെ അനേക ലക്ഷം കീർത്തനങ്ങൾ രചിക്കപ്പെടുന്നത്. ഇതൊക്കെത്തന്നെയാണ് ജീവിക്കുന്ന ഇസ്‌ലാം.

പ്രവാചകർ(സ്വ) പിറന്ന മാസത്തെ വിശ്വാസികൾ വളരെ ആഘോഷത്തോടെയാണ് വരവേൽക്കുന്നത്. കുട്ടിക്കാലം മുതൽ ബഹുസ്വരതയെ നെഞ്ചോടു ചേർത്തു നീങ്ങുന്ന താങ്കൾക്കും മീലാദോർമകളുണ്ടാകുമല്ലോ?

നല്ല രസമായിരുന്നു കുട്ടിക്കാലത്തെ നബിദിനം. മുസ്‌ലിംകളായ സുഹൃത്തുക്കളൊക്കെ രാവിലെ നേരത്തെ എണീറ്റ് പുത്തനുടുപ്പു ധരിച്ച് അത്തർ പൂശി ഘോഷയാത്രക്ക് പോവും. അവരെ കാണുമ്പോൾ എന്നിലെ കുട്ടിക്ക് അസൂയ തോന്നും. നമ്മുടെയൊക്കെ സ്ഥിതി അതാണല്ലോ. ഒരു മിഠായി പോലും കിട്ടാത്ത കാലമാണ്. പക്ഷേ, അവർക്ക് ഘോഷയാത്രയിൽ എല്ലായിടത്തു നിന്നും കൈ നിറയെ മിഠായി കിട്ടും. കൂട്ടുകാർ എനിക്ക് അതിൽ നിന്ന് തരികയും ചെയ്യും..

വലുതായ ശേഷം ആഘോഷത്തിന്റെ രൂപം മാറി. യാത്രയിലാണെങ്കിൽ, വഴിയരികിലെ ഘോഷയാത്രകൾ കണ്ടാസ്വദിക്കും. അനുബന്ധ പരിപാടികളിലൊക്കെ അതിഥിയായി ചെല്ലാറുമുണ്ട്. ഇന്ത്യയിലെ മുസ്‌ലിം കേന്ദ്രങ്ങളേതാണ്ടെല്ലാം സന്ദർശിച്ച ആളെന്ന നിലക്കായിരിക്കും എന്നെ വിളിക്കുന്നത്. എല്ലാത്തിലും ഹൃദ്യമായി പങ്കെടുക്കും. അത്തരം ബഹുസ്വര നിലപാടുകൾ ഇന്നും തുടരുന്നു.

നബിദിനം പോലെയുള്ള ആഘോഷങ്ങളൊക്കെയും കൂടുതൽ ആഹ്ലാദം പകരുക കുട്ടികൾക്കായിരിക്കും?

തീർച്ചയായും, കുട്ടികളുടെ ഉത്സവമാണത്. മാപ്പിള സ്‌കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത്, നബിദിനപ്പിറ്റേന്ന് ക്ലാസ്സ് മുഴുവൻ മനസ്സു നിറഞ്ഞു നിൽക്കുന്ന വിശേഷങ്ങളുടെ പങ്കുവെയ്പായിരിക്കും. ‘മാഷേ… ഇവൻ പാടീട്ട് നാലു വരിയായപ്പഴേക്ക് കിട്ടാതായി,’മാഷേ…, ഇനിക്ക് ഒരു പ്ലെയ്റ്റ് സമ്മാനം കിട്ടീക്ക്ണ്.’

പുലർച്ച മുതൽ പാതിര വരെ നീണ്ട ആഘോഷക്കാഴ്ച്ചകളുടെ വിവരണങ്ങൾ ക്ലാസിനെയും എന്നെയും കവർന്നെടുക്കും. അവരുടെ നിഷ്‌കളങ്ക നബിസ്‌നേഹം വളരെ കൗതുകത്തോടെയാണ് ഞാൻ അനുഭവിച്ചിരുന്നത്. പക്ഷേ, കുട്ടികളുടെ ആഘോഷങ്ങളിൽ പോലും ഛിദ്രതയുടെ വിഷം കലർത്താൻ ഇന്ന് പലരും ശ്രമിക്കുന്നത് കാണുമ്പോഴാണ് സങ്കടം തോന്നുന്നത്.ഇത്രയും ഹൃദ്യമായ രംഗങ്ങൾ പകർന്ന നബിദിനം താങ്കളുടെ എഴുത്തിൽ എങ്ങനെ വിഷയീഭവിച്ചു?

ഞാൻ ‘ആകാശയാത്രികർ’ എന്നൊരു കഥ എഴുതിയിട്ടുണ്ട്. നബിദിന ഘോഷയാത്രയിലായി നടന്നു വരുന്ന കുട്ടികളെ നിറയെ മോരുവെള്ളമൊരുക്കി കാത്തിരിക്കുന്നു, മരണപ്പെട്ട ഒരു ഉസ്താദിന്റെ ഭാര്യ. പക്ഷേ, അക്കൊല്ലം നാട്ടിൽ സമ്പന്നനായ ഒരാൾ കൂൾഡ്രിങ്ക്‌സ് കൊടുക്കുന്നുവെന്ന് കേട്ടപ്പോൾ കുട്ടികൾ വഴിതിരിഞ്ഞ് പോകുന്നു. ആരും വരാതെ ബാക്കിയായ മോരുവെള്ളം ആ വിധവ മണ്ണിലേക്ക് ഒഴിച്ചുകളയുന്നു. ആ കഥ വായിച്ചിട്ട് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു, നബിദിനത്തെപ്പറ്റി മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ കഥയായിരിക്കും ഇതെന്ന്.

മുസ്‌ലിംകളോട് ഇത്ര അടുത്തു നിൽക്കുകയും ബഹുസ്വരമായ നിലപാടുകൾ തുറന്നു പറയുകയും ചെയ്യുന്നതിൽ താങ്കളോട് ഒരുപാട് നന്ദിയുണ്ട്.

എനിക്കിങ്ങനെ സ്വതന്ത്രനായി ജീവിക്കാനാണിഷ്ടം. എല്ലാവരെയും ഉൾക്കൊള്ളുന്ന മനസ്സുമായി, ആരെയും വേദനിപ്പിക്കാതെ ജീവിക്കണം, അത്ര മാത്രം. ഞാൻ പലപ്പോഴും പറയാറുണ്ട്, മുസ്‌ലിംകളെ വിമർശിക്കാതിരിക്കാൻ ഒരു സാഹചര്യവും ഇല്ലെങ്കിൽ പോലും എനിക്കാവില്ല അവർക്കെതിരെ പറയാനെന്ന്. കാരണം ഞാൻ മുസ്‌ലിംകൾക്കെതിരെ തിരിയുന്നത് മരിച്ചുപോയ എന്റെ അമ്മക്ക് ഒരിക്കലും സഹിക്കില്ല.

ഇതുവരെ സജീവ രാഷ്ട്രീയത്തിലിറങ്ങിയിട്ടില്ല താങ്കൾ.രാഷ്ട്രീയത്തിലിറങ്ങിയാൽ പല അനീതികളെയും ന്യായീകരിക്കേണ്ടി വരും. കേരള സാഹിത്യ അക്കാദമിയിൽ അംഗമാകാൻ പലരും ഒരുപാടു തവണ ക്ഷണിച്ചിട്ടുണ്ട്. ഞാൻ പോയിട്ടില്ല. എനിക്കതു പറ്റില്ല. കാരണം, എപ്പോഴാണ് സർക്കാരിനെ വിമർശിക്കാൻ തോന്നുക എന്നു പറയാൻ പറ്റില്ല. അപ്പോൾ സ്ഥാനമാനങ്ങളൊക്കെ വിഘ്‌നം തീർക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ