വിശ്വാസികള്‍ക്ക് ആശ്രയമാണ് പ്രവാചക കുടുംബം. നബി(സ്വ)യെ അനന്തരമെടുത്തത് പണ്ഡിതന്‍മാരാണ്. ഈ രണ്ടു വിശേഷണവും മേളിച്ച സാത്വിക പ്രതിഭയായിരുന്നു നമ്മോട് വിട പറഞ്ഞ താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍. സദാ സമയവും ദീനി പ്രവര്‍ത്തവും വിജ്ഞാനവുമായി വ്യാപൃതനായിരുന്നു തങ്ങള്‍. മസ്അലകളില്‍ തഹ്ഖീഖുള്ള ആലിമുമായിരുന്നു. തഖ്വ നിറഞ്ഞും അതി സൂക്ഷമതയോടെയും ജീവിച്ചു. എത്ര തിരക്കുണ്ടായാലും തന്റെ പതിവ് ഔറാദുകള്‍ ഒന്നു പോലും മുടക്കാതെ പഠിച്ചതനുസരിച്ച് കൃത്യമായ ആരാധനാ കര്‍മങ്ങളിലേര്‍പ്പെട്ടു. ഒരു കലിമതു പോലും ദുന്‍യാവിലെ ലാഭത്തിനു വേണ്ടി അവിടുന്ന് പറഞ്ഞില്ല. വെറുതെ ഓരോന്നു പറഞ്ഞിരുന്നതുമില്ല. കാമ്പുള്ളതുമാത്രം സംസാരിച്ചു. ദീനിനു വേണ്ടി എപ്പോഴും നില കൊണ്ടു. സ്ഥാനമാനങ്ങള്‍ നോക്കാതെ എവിടെയും സത്യം തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കുകയും ചെയ്തു. ഇങ്ങനെ പല കാര്യങ്ങളാല്‍ ഉള്ളാള്‍ തങ്ങള്‍ പണ്ഡിതര്‍ക്കു മാതൃകയായിരുന്നു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃനിരയില്‍ എന്നും തങ്ങളുണ്ടായിരുന്നു. തന്റെ ഗുരുവര്യരായ കണ്ണിയത്ത് ഉസ്താദിന്റെയും ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെയും കൂടെ യൗവനകാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ചത് യോഗ്യത കൊണ്ട് മാത്രമായിരുന്നു. കണ്ണിയത്ത് പങ്കെടുക്കാത്ത സമസ്ത യോഗങ്ങള്‍ നിയന്ത്രിച്ചിരുന്നതും തങ്ങളായിരുന്നു. ഇടക്കാലത്ത് സ്ഥാപക ലക്ഷ്യത്തില്‍ നിന്ന് സംഘടനയെ വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ ഒരു പരിധിവരെ ഫലം കാണുകയും ചെയ്തു. അങ്ങനെ സമസ്തയില്‍ ഒരു മുറുമുറുപ്പ് പ്രത്യക്ഷപ്പെട്ടു. ബിദ്അത്തുകാരുമായുള്ള സമീപനത്തില്‍ വെള്ളം ചേര്‍ക്കുന്നവിധം ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ തന്നെയും മുന്‍ കയ്യെടുക്കുന്ന ഘട്ടംവരെയുണ്ടായി. ഇത് സംബന്ധമായ ചര്‍ച്ച നടക്കുന്ന ഒരു യോഗത്തില്‍ ആദര്‍ശ പ്രതിബദ്ധത മുറുകെ പിടിച്ച് ഉള്ളാള്‍ തങ്ങള്‍ ഗര്‍ജ്ജിച്ചു: അഹ്ലുസ്സുന്ന വിശ്വസിച്ചാചരിച്ചു വരുന്നതും നാം ഇതുവരെ പഠിപ്പിച്ചു വന്നിരുന്നതുമായ ഒരു ആദര്‍ശം രാഷ്ട്രീയക്കാര്‍ക്കു വേണ്ടിയോ മറ്റു താല്‍പ്പര്യങ്ങളാലോ ഉപേക്ഷിക്കാന്‍ കഴിയില്ല. അതിനു ഞങ്ങളെ കിട്ടുകയില്ല.’ ഒരു ഇടിത്തീയായാണ് ഈ പ്രഖ്യാപനം അവിടെ മുഴങ്ങിയത്. ദീന്‍ സംരക്ഷിക്കാന്‍ എന്തു സാഹസവും ചെയ്യാന്‍ തങ്ങള്‍ സദാസന്നദ്ധനായിരുന്നു. എല്ലാ അധോ പ്രവര്‍ത്തികള്‍ക്കും സഹകരിച്ചു കൊടുത്താല്‍ സ്ഥാനവും സമ്പത്തുമടക്കം പല ഭൗതിക ഗുണങ്ങളും ലഭിക്കുമായിരുന്നിട്ടും സത്യത്തിനു വിരുദ്ധമായി നില്‍ക്കാന്‍ മഹാന് ആവില്ലായിരുന്നു.
അസാമാന്യ മനക്കരുത്തിനുടമയായിരുന്നു ഉള്ളാള്‍ തങ്ങള്‍. മേല്‍ വിഷയ സംബന്ധിയായി ചര്‍ച്ച മുറുകിയ കാലം. സമസ്തയുടെ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ എല്ലാ അധികാരവും നല്‍കി ഒരു വ്യക്തിയെ ഏല്‍പ്പിക്കണമെന്ന് ചില തല്‍പരകക്ഷികള്‍ അഭിപ്രായപ്പെട്ടു. അതു പാടില്ല. ദീന്‍ കാര്യങ്ങള്‍ ഒന്നിച്ചു ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടു വേണം കോടതിയിലായാലും അല്ലെങ്കിലും അഭിപ്രായം പറയാനെന്ന് തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം വാദിച്ചു. അതാണ് ശരിയായ രീതിയെന്നും അല്ലെങ്കില്‍ പിഴവും പരാജയവും വരാന്‍ സാധ്യതയുണ്ടെന്നും ഉണര്‍ത്തിയെങ്കിലും ഭൂരിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ തീരുമാനിച്ചത് നിങ്ങള്‍ അംഗീകരിക്കണമെന്ന് മറുപക്ഷം വാദിച്ചു. ഹഖിനെതിരായ തീരുമാനമെടുക്കാന്‍ ഒരാളെയും അധികാരപ്പെടുത്താനാവില്ലെന്നും ഭൂരിപക്ഷമുണ്ടെന്നു കരുതി അവര്‍ തീരുമാനിക്കുന്ന സത്യവിരുദ്ധവും മതനിഷിദ്ധവുമായ കാര്യങ്ങള്‍ അംഗീകരിക്കാനാവുമോ എന്നും പ്രഖ്യാപിച്ച് തങ്ങള്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നു. തങ്ങളുടെ തകര്‍ക്കാനാവാത്ത ദീനിസ്നേഹവും ആദര്‍ശ ബോധവും അചഞ്ചലമായ മനക്കരുത്തുമായിരുന്നു വിജയിച്ചത്. സത്യം നിലനിര്‍ത്തുന്ന വലിയ സംഘമായി പിന്നീട് തങ്ങളുടെ അനുയായികള്‍ മാറിയതിന്റെ ഒന്നാം പടി അവിടുത്തെ ഈ ധീരതയായിരുന്നുവല്ലോ. നാഥന്‍ പ്രതിഫലം നല്‍കട്ടെ.
ഭൂരിപക്ഷം നോക്കി സത്യം വിഴുങ്ങാന്‍ ഈ കസേരയില്‍ ഇനി ഇരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങി വന്നപ്പോള്‍ ചില ആശങ്കകള്‍ പലര്‍ക്കുമുണ്ടായിരുന്നു. ഇനിയെന്ത്, എങ്ങനെ ആദര്‍ശം പ്രചരിപ്പിക്കുംഇതൊക്കെയാണ് പല പണ്ഡിതരെയും അലട്ടിയ ചിന്ത. അവിടെയും താജുല്‍ ഉലമയുടെ ഹിമ്മത്ത് വിജയിച്ചു. സമസ്ത യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ കാറില്‍ വെച്ച് കണ്‍ഠമിടറി കണ്ണീരൊഴുക്കി അവിടെ നിന്ന് പ്രാര്‍ത്ഥിച്ചു: “സമസ്ത ഹഖ്ഖ് പറയാനും പ്രചരിപ്പിക്കാനും രൂപവത്കരിച്ച സംഘടനയാണ് റബ്ബേ….. അത് പറയാനാവാതെ അവിടെ ഇരിക്കാന്‍ നീ അനുവദിക്കരുത്. മരണം വരെ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പാത നീ എളുപ്പമാക്കിത്തരേണമേ…..’ ഞങ്ങള്‍ കഠിന ദുഃഖം നിറഞ്ഞ മനസ്സുമായി ആമീന്‍ പറഞ്ഞു. ആ പ്രാര്‍ത്ഥന നാഥന്‍ സ്വീകരിച്ചതിന്റെ തെളിവ് തങ്ങളുടെ നേതൃത്വത്തില്‍ പിന്നീട് അരങ്ങേറിയ മഹദ് പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. സത്യം പറയാന്‍ ചങ്കൂറ്റമുള്ള നിരവധി പണ്ഡിതരും ലക്ഷക്കണക്കിന് അനുയായികളും ഉയര്‍ത്തെഴുന്നേറ്റ സുന്ദര കാഴ്ച ആവോളം ആസ്വദിച്ചാണ് തങ്ങള്‍ വിടവാങ്ങിയത്.
മരണ വാര്‍ത്ത നാടാകെ പ്രചരിച്ച നിമിഷം മുതല്‍ എട്ടിക്കുളമെന്ന ഗ്രാമം മുഴുവന്‍ ജനസാഗരമായി മാറിയത് അദ്ദേഹത്തിനു സമൂഹം നല്‍കിയ മഹദ്സ്ഥാനം തെളിയിക്കുന്നു. പത്ത് കിലോമീറ്ററിലധികം ജനലക്ഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. അവര്‍ക്ക് സേവനം ചെയ്യാനും നിസ്കാരം, ഭക്ഷണ സൗകര്യങ്ങളൊരുക്കാനും മത രാഷ്ട്രീയ ഭേദമില്ലാതെ ഒരു നാട് ഒന്നിച്ചു നിന്നതും പുതിയ ചരിത്രം. ചോറും പലഹാരങ്ങളുമടക്കം വേണ്ട ഭക്ഷ്യയോഗ്യമായ എന്തൊക്കെ വീട്ടിലുണ്ടോ അതൊക്കെ വിതരണം ചെയ്ത് അതിഥികളെ പരിഗണിക്കാനും അവര്‍ തയ്യാറായി. നേതാവ് ജീവിക്കേണ്ടത് ജനമനസ്സിലാണല്ലോ. തങ്ങള്‍ അങ്ങനെയായിരുന്നുവെന്നതിന്റെ സാക്ഷ്യങ്ങളായിരുന്നു ഇതെല്ലാം. തീരെ ആവതു കുറഞ്ഞ കാലത്തുപോലും ദീനി പ്രവര്‍ത്തനവും വിജ്ഞാന സേവനവും മുടക്കാതെ നിര്‍വഹിച്ചതിനു നാഥന്‍ നല്‍കിയ സ്വീകാര്യതയാണിതെല്ലാം. തങ്ങള്‍ കാണിച്ച പാത നമുക്ക് മുന്നിലുണ്ട്. അതില്‍നിന്ന് ഒരു അണു അളവ് വ്യതിചലിക്കാതെ മുന്നോട്ടു പോവുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. സത്യത്തിന് വേണ്ടിയുള്ള ത്യാഗ സന്നദ്ധതയാണ് എപ്പോഴും പ്രകടിപ്പിക്കേണ്ടത്. എത്ര എതിര്‍പ്പു വന്നാലും ആദര്‍ശനിഷ്ഠയില്‍ ഒരു ഒത്തുത്തീര്‍പ്പും അനുവദിക്കരുത്. അതാണ് ഉള്ളാള്‍ തങ്ങളുടെ ജീവിത സന്ദേശം. നാഥന്‍ നമ്മെ ഏവരെയും തങ്ങള്‍ക്കൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ…

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ