മനുഷ്യജീവിതത്തിന്റെ പരിണതി എന്തായിരിക്കും? വിശുദ്ധ ഖുര്‍ആന്‍തത്ത്വശാസ്ത്രപരമായ ആ ചോദ്യത്തിന് ഉത്തരം തന്നിട്ടുണ്ട്. മനുഷ്യന്റെ പുനരുത്ഥാനവും പരലോകവുമാണ് അത്. മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. മഹ്ശറില്‍വിചാരണക്ക് വിധേയരാകും. പിന്നെ സ്വര്‍ഗ നരകങ്ങളിലേക്ക്. പക്ഷേ, ഖുര്‍ആനിന്റെ ഈ സന്ദേശം നിഷേധികള്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല, അന്ന്. ഇന്നും ചിലര്‍അങ്ങനെത്തന്നെ. അത്തരം ലാഘവമനസ്കരെ തൊട്ടുണര്‍ത്താന്‍വിശുദ്ധ ഖുര്‍ആന്‍പ്രസ്തുത സത്യത്തിലേക്ക് കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍സമര്‍പ്പിച്ചിട്ടുണ്ട്. സൂറതുന്നബഅ് പരലോക നിഷേധത്തിനുള്ള മറുപടിയാണ്:

“ഇക്കൂട്ടര്‍പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനെക്കുറിച്ചാണ്? അവര്‍ഭിന്നമായ അഭിപ്രായങ്ങള്‍ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആ മഹാവാര്‍ത്തയെക്കുറിച്ചോ? നിശ്ചയം, പിറകെ അവര്‍അറിയും. തീര്‍ച്ചതന്നെ, പിറകെ അവര്‍അറിയും. ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലയോ? പര്‍വതങ്ങളെ ആണികളും. നിങ്ങളെ സ്ത്രീപുരുഷ ഇണകളായി സൃഷ്ടിച്ചില്ലയോ? നിദ്രയെ നിങ്ങള്‍ക്ക് ശാന്തിദായകമാക്കി, രാവിനെ മൂടുപടമാക്കി, പകലിനെ ഉപജീവനവേളയാക്കി. നിങ്ങള്‍ക്കു മീതെ സുഭദ്രമായ ഏഴുവാനങ്ങള്‍സ്ഥാപിച്ചു. അത്യുജ്ജ്വലമായി തപിക്കുന്ന ഒരു ദീപവും ഉണ്ടാക്കി. കാര്‍മേഘകങ്ങളില്‍നിന്ന് നാം നിരന്തരം മഴ വര്‍ഷിച്ചു. അതുവഴി നാം ധാന്യങ്ങളും സസ്യങ്ങളും ഇടതൂര്‍ന്ന തോട്ടങ്ങളും മുളപ്പിച്ചു. നിസ്സംശയം, വിധിദിനം സുനിര്‍ണിതമാകുന്നു’ (ഖുര്‍ആന്‍/117).

ഉയിര്‍ത്തെഴുന്നേല്‍പിനെയും പരലോകമെന്ന യാഥാര്‍ത്ഥ്യത്തെയും അവഗണിക്കുന്നവര്‍ക്ക് മുില്‍നീണ്ട തെളിവുകള്‍ഈ സൂക്തങ്ങളില്‍പറഞ്ഞിരിക്കുന്നു. ഭൂമി, പര്‍വതങ്ങള്‍, സ്ത്രീപുരുഷ ഇണകള്‍, നിദ്ര, രാവ്, പകല്‍, ആകാശം, സൂര്യന്‍, മഴ, സസ്യലതാദികള്‍എന്നിവയെ ചൂണ്ടിക്കാണിച്ചാണ് വിധിദിനം സുനിശ്ചിതമാണെന്ന് അറിയിച്ചത്. ഈ പറഞ്ഞ പാഠമുദ്രകളിലേക്ക് നോക്കൂ. അവയെല്ലാം സാര്‍വകാലികമാണ് എന്നുമാത്രമല്ല എല്ലാം ജനകീയവുമാണ്. ഭൂമിയും ആകാശവും രാവും പകലും മഴയും സൂര്യനും ഇണയുമെല്ലാം എല്ലാ കാലത്തും എല്ലാ മനുഷ്യന്റെയും അനുഭവമാണ്. മനുഷ്യരാശിക്കാകമാനം വിശുദ്ധ ഖുര്‍ആന്‍സന്ദേശമാണെന്ന ഒരു കാര്യമുണ്ടതില്‍. ഇവയെല്ലാം എങ്ങനെയാണ് പരലോക യാഥാര്‍ത്ഥ്യത്തെ സ്ഥിതീകരിക്കുന്നത്?

ഒരിത്തിരി ചിന്തിച്ചാലറിയാം ഇവയെല്ലാം നമ്മുടെ അനിവാര്യതകളാണെന്ന്. മനുഷ്യന് ജീവിക്കണം. പെറ്റുവീഴുന്നതു മുതല്‍മരണം വരെ അവന് ഒരു ഇടം വേണം. ഇടമില്ലാതെ ജീവിതമില്ല. മനുഷ്യന്റെ ഇടമാണ് ഭൂമി. ഭൂമി ഒരു ഗോളമാണ്. മുക്കാല്‍ഭാഗം വെള്ളം, കാല്‍ഭാഗം കര. എന്നിട്ടും അതൊരു ഗോളാകൃതിയാണ്. പിന്നെയോ? അത് തിരിയുന്നുണ്ട്. സൂര്യനെ വലം വെക്കുന്നുമുണ്ട്. ഇളകിയാടുന്ന ഒരു ഭൂമി വാസയോഗ്യമല്ലല്ലോ. അത് ഉറച്ചുനില്‍ക്കണം. പര്‍വതങ്ങളെ ഭൂമിയുടെ സന്തുലിതാവസ്ഥക്കുവേണ്ടി ആണികളാക്കി സ്ഥാപിച്ചിരിക്കുന്നു.

ജീവന്‍കിളിര്‍ത്താല്‍പിന്നെ അതു തുടരണം. തുടരണമെങ്കില്‍ഇണകള്‍വേണം. അതിനാല്‍മനുഷ്യരെ ഇണതുണകളാക്കി സൃഷ്ടിച്ചിരിക്കുന്നു. ജീവിതത്തിന്റെ സ്വഛമായ ഗതിയൊഴുക്കിന് ഒരേ സാഹചര്യങ്ങള്‍നിലനിന്നാല്‍പറ്റുകയില്ല. ഭിന്നമായ അവസ്ഥകള്‍വേണം. ഉണര്‍വ് വേണം. നിദ്ര വേണം. നിദ്ര തന്നിരിക്കുന്നു, ഉണര്‍വും. ഉപജീവനാവസരമായി പകല്‍. ശാന്തിദായകമായി ഇരവും. മുകളില്‍ജീവന്റെ സ്ഫുരണം അഭംഗുരമാക്കാന്‍തക്ക വിധം മേല്‍ക്കൂരയുണ്ട്, സപ്തവാനങ്ങള്‍. ആവശ്യത്തിന് താപം വേണം. കത്തിജ്ജ്വലിക്കുന്ന സൂര്യന്‍. എന്നാല്‍ചൂടുമാത്രം പോരാ. ആവശ്യത്തിന് തണുപ്പും വെള്ളവും കിട്ടണം. കാര്‍മേഘങ്ങളില്‍നിന്ന് കുത്തിച്ചൊരിയുന്ന മഴയും സൃഷ്ടിക്കപ്പെട്ടു. അതുവഴി അന്നത്തിനുവേണ്ട ചെടികളും സസ്യങ്ങളും വലിയ വലിയ മാമരങ്ങള്‍വരെ മുളച്ചുണ്ടാകുന്നു. നോക്കൂ, ജീവന്‍നിലനില്‍ക്കാന്‍എന്തെല്ലാം ഏതെല്ലാം അനിവാര്യമാണോ അതെല്ലാം ഒരു ഭംഗവും കൂടാതെ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒന്നിനും ഏതിനും ഒരു കുറവുമില്ല. സുപ്രധാനമായ ഒരാശയത്തിലേക്കാണ് നാം ഇപ്പോള്‍എത്തിച്ചേര്‍ന്നിരിക്കുന്നത്. അനിവാര്യതകള്‍എല്ലാം തീര്‍ന്ന ഒരു പ്രപഞ്ചത്തിലാണ് നമ്മുടെ ജീവിതം.

ഇനി നമ്മുടെ ജീവിതത്തെക്കുറിച്ച് അല്‍പം ചിന്തിച്ചുനോക്കൂ. ഒരു ഭാഗത്ത് സച്ചരിതരായ മഹത്തുക്കള്‍. സുകൃതങ്ങള്‍ചെയ്ത് നന്മ നിറഞ്ഞവര്‍. മറ്റൊരു ഭാഗത്തോ? പതിനായിരങ്ങളെ കൊന്നൊടുക്കുന്നവര്‍. കൊള്ള ചെയ്യുന്നവര്‍. അങ്ങനെ പലതും പലരും. അക്രമികള്‍, പക്ഷപാതികള്‍, കയ്യൂക്കുള്ളവര്‍…. നന്മയുടെയോ തിന്മയുടെയോ സൂര്‍ണഫലം ഇവിടെവെച്ച് കൊടുക്കാന്‍നിവൃത്തിയില്ലല്ലോ.

ഒരാള്‍ഒരു മരം വെച്ചാല്‍അതുമല്ലെങ്കില്‍ഒരാള്‍മറ്റൊരാള്‍ക്ക് അറിവ് നല്‍കിയാല്‍അതൊക്കെയും തുടര്‍ന്നുനില്‍ക്കുന്ന നന്മകളായി പടര്‍ന്നുപന്തലിക്കും. അതിനുള്ള തക്കതായ പ്രതിഫലം നല്‍കാന്‍ഈ ലോകാവസാനം മതിയാകുമോ? ഒരാളെ മറ്റൊരാള്‍കൊന്നാല്‍പ്രതികാരമായി അയാളെ ഒരുവട്ടം കൊല്ലാം. എന്നാല്‍ഒരാള്‍കൊല്ലുന്നത് ദശലക്ഷങ്ങളെയാണെങ്കിലോ? ഇനി ഒരാളെത്തന്നെയാണ് കൊന്നതെങ്കില്‍പോലും അയാളുടെ നഷ്ടം മൂലമുണ്ടായ ധാര്‍മികമായ മറുവശങ്ങള്‍പരിഗണിച്ചുകൊണ്ടുള്ള ശിക്ഷ നടപ്പിലാക്കാന്‍നമുക്ക് കഴിയുമോ? ആലോചിച്ചുനോക്കിയാല്‍അറിയാം മനുഷ്യനീതിയെന്ന പരികല്‍പന ഒരു അനിവാര്യതയാണെന്നും അതു പുലരാന്‍ഈ ഭൂമി ജീവിതം മതിയാവുകയില്ലെന്നും. ഇനി ചോദ്യമിതാണ്: കുടിക്കാന്‍തിന്നാന്‍, ഉറങ്ങാന്‍, ഉണരാന്‍എല്ലാ അനിവാര്യതകള്‍ക്കും പരിഹാരം നല്‍കപ്പെട്ട സ്ഥിതിക്ക് മനുഷ്യനീതിയെന്ന ആദ്യന്തം പ്രസക്തമായ ഒരനിവാര്യത മാത്രം നിര്‍വഹിക്കപ്പെടാതിരിക്കുന്നതെങ്ങനെ? ഇല്ല. തീര്‍ച്ചയായും വിധിനിര്‍ണയത്തിന്റെ ദിനം സുനിശ്ചിതം തന്നെയാണ്!

പുനരുത്ഥാനവും പരലോകവും മനുഷ്യ ശരീരത്തിന്റെ ചോദനകളോട് ചേര്‍ന്നതാണ്. ഗര്‍ഭസ്ഥ ശിശുവിനെ ശ്രദ്ധിക്കുക. ഗര്‍ഭാശയത്തില്‍വളരുന്ന കുഞ്ഞിന് ആവശ്യമായ ഭക്ഷണം പൊക്കിള്‍കൊടിയിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍അതിന് കൈയും കാലും കണ്ണും മൂക്കും ചെവിയും നാവുമൊക്കെ നല്‍കപ്പെട്ടിട്ടുണ്ടല്ലോ. ഗര്‍ഭാശയത്തില്‍വെച്ച് ഇപ്പറഞ്ഞ അവയവങ്ങളൊന്നും ഉപയോഗപ്പെടുകയില്ല. എന്നിട്ടും എന്തിനാണ് ഇവയെല്ലാം? ഉത്തരം ഒന്നേയുള്ളൂ. ജീവിതത്തിന്റെ അടുത്ത ഘട്ടം ഭൂമിയിലാണ്. അവിടെ ഉപയോഗിക്കാന്‍വേണ്ടിയത്രെ അവയെല്ലാം. ഗര്‍ഭസ്ഥ ശിശുവിന് പഞ്ചേന്ദ്രിയങ്ങള്‍ഉണ്ടെങ്കിലും അവയെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍അവിടെവെച്ച് സാധ്യമല്ല. അവനെ സംബന്ധിച്ചിടത്തോളം ഭൂമിയെന്ന അടുത്ത ഘട്ടത്തിനുള്ള തെളിവ് പഞ്ചേന്ദ്രിയങ്ങള്‍ഉണ്ട് എന്നതാകുന്നു.

അതുപോലെ പുനരുത്ഥാനവും പരലോകവും ഉണ്ടെന്നതിന്‍റ തെളിവ് ഈ ജീവിതത്തിലെ ചില അവസ്ഥകളും സാഹചര്യങ്ങളുമാണ്. “നിങ്ങള്‍നിങ്ങളുടെ ശരീരത്തില്‍ഉള്‍കാഴ്ചയുള്ളവരാകുന്നില്ലേ?’ (51/21) എന്ന വിശുദ്ധ ഖുര്‍ആന്റെ ചിന്തോദ്ദീപകമായ ചോദ്യത്തിന്റെ പൊരുളുകളില്‍ഒന്ന് ഇതത്രെ. മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചാലോചിച്ചു നോക്കൂ. എത്ര വലിയ ജ്ഞാനവിശാരദര്‍പോലും വളരെ കുറഞ്ഞ അളവില്‍മാത്രമേ ബുദ്ധി ഉപയോഗിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രീയനിഗമനം. മോഹങ്ങളുടെ കാര്യമെടുത്തു നോക്കൂ. ആശിച്ചതെല്ലാം കൊയ്ത മനുഷ്യരെപ്പറ്റി കേട്ടിട്ടുണ്ടോ?

ശക്തമായ ബുദ്ധിവൈഭവവും അതിരുകളില്ലാത്ത ഭാവനയും അപാരമായ ആശകളും മറ്റൊരു ലോകത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്. ഭൗമജീവിതത്തിലെ ശരിതെറ്റുകള്‍വിലയിരുത്തുോള്‍ഓര്‍മയുണ്ടാകണമെങ്കില്‍ശക്തമായ ബുദ്ധി വേണ്ടതുണ്ട്. അതിലുപരി വിചാരണാനന്തരം കിട്ടുന്ന സ്വര്‍ഗനരകാനുഭവങ്ങള്‍ക്കും ബുദ്ധിയും ഭാവനയും മോഹങ്ങളുമൊക്കെ ആവശ്യമാണ്. വര്‍ത്തമാനകാലത്തെ ശാരീരികമാനസികാവസ്ഥകള്‍ഭാവിയുടെ ദിശാസൂചകങ്ങളാണെന്ന് സസൂക്ഷ്മ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാം.

“മനുഷ്യന്‍കണ്ടില്ലയോ, നാം അവനെ രേതസ്കണത്തില്‍നിന്നാണ് സൃഷ്ടിച്ചതെന്ന്. എന്നിട്ടതാ അവന്‍തെളിഞ്ഞ കുതര്‍ക്കിയായിരിക്കുന്നു. ഇപ്പോഴവന്‍നമുക്ക് ഉദാഹരണങ്ങള്‍ചമയ്ക്കുകയാണ്, സ്വജനത്തെ മറന്നുപോവുകയും ചെയ്തിരിക്കുന്നു. ദ്രവിച്ചുപോയ അസ്ഥികള്‍ജീവിപ്പിക്കുന്നതാര് എന്നവന്‍ചോദിക്കുന്നു. അവനോട് പറയുക: നേരത്തെ അതിനെ സൃഷ്ടിച്ചവനാരോ അവന്‍തന്നെ പുനരുജ്ജീവിപ്പിക്കും’ (ഖുര്‍ആന്‍/77,78).

പ്രസ്താവയോഗ്യമല്ലാത്ത ഒരു കാലയളവ് മനുഷ്യന് കഴിഞ്ഞുപോയിട്ടുണ്ട്. അതിനുശേഷം അല്ലാഹു അവനെ സൃഷ്ടിക്കുകയായിരുന്നു, രേതസ്കണത്തില്‍നിന്ന്. ശൂന്യതയില്‍നിന്നാണ് സൃഷ്ടിപ്പ് എന്നതു തന്നെയാണ് ഇനിയൊരു മടക്കമുണ്ടെന്നതിന്റെ തെളിവ്. മരിച്ചതിന് ശേഷമുള്ള ഉത്ഥാനം രണ്ടാം ഘട്ടമാണ്. ശൂന്യതയില്‍നിന്നുള്ള സൃഷ്ടിപ്പാണ് ഒന്നാം ഘട്ടം. പ്രയാസമുറ്റിയ ഒന്നാംഘട്ട സൃഷ്ടിപ്പ് മരിച്ചതിനു ശേഷമുള്ള പുനരുത്ഥാനത്തെ നിഷ്പ്രയാസം സാധിക്കുമെന്നതിന്റെ പരിപൂര്‍ണ നിദര്‍ശനമാകുന്നു. സൃഷ്ടിപ്പ് സുസാധ്യമെങ്കില്‍പുനരുത്ഥാനം സാധ്യമാകാതിരിക്കുന്നതെങ്ങനെ?

ഐഹിക ലോകത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് പരലോകം. “ആകാശം പൊട്ടിപ്പിളരുോള്‍താരകങ്ങള്‍ചിതറിവീഴുോള്‍സാഗരങ്ങള്‍പിളര്‍ക്കപ്പെടുോള്‍ഖബ്റുകള്‍തുറക്കപ്പെടുോള്‍അന്നേരം ഓരോ വ്യക്തിയും താന്‍ആദ്യന്തം ചെയ്തതൊക്കെയും അറിയുന്നതാകുന്നു’ (82/15).

പ്രപഞ്ചത്തെയും അതില്‍നടക്കുന്ന ഒട്ടനവധി വിസ്മയങ്ങളെയും അടുത്തറിയാന്‍ശ്രമിക്കുക. മാറ്റം അനിവാര്യമായ ഒരു പ്രകൃതമാണെന്നു കാണാം. ഇന്നത്തെ ഇലകള്‍പച്ചയാണെങ്കില്‍നാളയെതു മഞ്ഞ. ഇന്നു കണ്ട മരത്തില്‍നാളെ പൂവ്. അടുത്ത ദിവസം കായ്കനികള്‍. വിത്തും ധാന്യവും നിഷ്ക്രിയമാണെന്നു തോന്നും. മണ്ണിലിട്ടാലോ പൊടിഞ്ഞും വരും. വള്ളിയും മരങ്ങളുമായി വളര്‍ന്നു പന്തലിക്കും. ആകെയും അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നുണ്ട്. സൂര്യന്‍അതിന്റെ കേന്ദ്രത്തെ ചുറ്റുന്നു. ഭൂമി സൂര്യനെ ചുറ്റുന്നു. അനേകകോടി ഗോളങ്ങള്‍ഒക്കെയും ചലിക്കുന്നു. രാവും പകലും ഉണ്ടാകുന്നു. മഴയും വെയിലും തണുപ്പും ചൂടും മാറിമാറി വരുന്നു. ഇക്കാര്യങ്ങളെയെല്ലാം നമുക്ക് സംഭവ്യതകളാണെന്ന് മനസ്സിലാക്കാം. പ്രകൃതി വസ്തുക്കളില്‍ഇക്കാണുന്ന മാറ്റങ്ങളത്രയും യുക്തിഭദ്രനായ ഒരു നിയാമകന്റെ ഇടപെടല്‍കൊണ്ടാണ് ഉണ്ടാകുന്നത്. മനുഷ്യനും ഇത്തരമൊരു സംഭവ്യത മാത്രമാണ്. അവന്റെ ജനനമെന്നതുപോലെത്തന്നെ മരണാനന്തര പുനരുത്ഥാനവും ഒരു സംഭവ്യതയാണ്. പ്രാപഞ്ചിക വസ്തുക്കളിലഖിലവും ഇക്കാണുന്ന മാറ്റങ്ങള്‍വരുത്താന്‍കഴിയുന്നവന് പുനരുത്ഥാനമെന്ന സംഭവ്യതയും അസാധ്യമല്ല.

“മണ്ണിനടിയില്‍പെട്ടാലേ വിത്ത് ചെടിയായ് വളരൂ. അതുപോലെ മനുഷ്യനും’ എന്ന് റൂമി പാടിയത് വെറുതെയല്ല.

ഇഎംഎ ആരിഫ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ