children helath-malayalam

ഹോര്‍ലിക്‌സ്, കോംപ്ലാന്‍, ബോണ്‍വിറ്റ പോലുള്ള ഫുഡ് സപ്ലിമെന്റുകള്‍

സാധാരണമട്ടില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക്  ആവശ്യമില്ല. ആവശ്യത്തിന് തൂക്കമുണ്ടാവുക, ക്ഷീണമൊന്നുമില്ലാതെ കളിക്കുക ഇതൊക്കെയുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. മറ്റെല്ലാം പരസ്യങ്ങളിലെ അവകാശവാദങ്ങളും അനാവശ്യ ഭയങ്ങളും മാത്രം. പിന്നെ, കൊക്കോ ചേര്‍ന്ന (ചോക്ലേറ്റ് നിറത്തിലുള്ള) പൊടികള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കും. ചുമ, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം ഇവര്‍ക്ക്. ആസ്തമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മിഠായികളുടെ പ്രധാന ദോഷം അതില്‍ ചേര്‍ക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളുമൊക്കെയാണ്. ഐസ്‌ക്രീമിനും ഈ പ്രശ്‌നമുണ്ട്. കൂട്ടത്തില്‍ തണുപ്പും. കോളയുടെ കാര്യത്തില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോള മാത്രം കഴിച്ച് മറ്റാഹാരം കഴിക്കാതെ പോഷകക്കുറവ് അനുഭവപ്പെടുന്ന കുട്ടികളെ ഗള്‍ഫ് പശ്ചാത്തലമുള്ള വീടുകളില്‍ കണ്ടിട്ടുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെ വല്ലപ്പോഴും കൊടുക്കാം. തീരെ ഒഴിവാക്കി മനഃപ്രയാസമുണ്ടാക്കേണ്ടല്ലോ. പ്രമേഹമുള്ളവരോടും വല്ലപ്പോഴും മധുരം കഴിച്ച് ആശ തീര്‍ത്തോളാന്‍ ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. പഞ്ചസാരയും തീരെ കൊടുക്കാതിരിക്കേണ്ട. കുട്ടികള്‍ക്ക് മിതമായ വിധം കൊടുക്കാം.

ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് ബാലന്‍സ്ഡ് ഡയറ്റ് ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ടണം. കഴിഞ്ഞലക്കത്തില്‍ ബിസ്‌കറ്റിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ തടികാണും, വിളര്‍ച്ചയും. ഇവര്‍ക്കു മറ്റു വിറ്റാമിനുകളും പോഷകങ്ങളും കിട്ടാന്‍ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിപ്പിക്കണം. ചീര, കയ്പക്ക, പേരക്ക അങ്ങനെയെല്ലാം.

കുഞ്ഞിന് ഭക്ഷണം കഴിക്കാന്‍ ഭയങ്കര മടിയാണെന്നത് വളരെ വ്യാപകമായി കേള്‍ക്കുന്ന പരാതിയാണ്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല. വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും.

നമ്മള്‍ വിചാരിച്ചത്രെ കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല നമുക്കാണ് വാശി). വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താല്‍ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും. ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ തീറ്റാറ്. ഡോക്ടറെയും മാഷെയും അനാവശ്യമായി വെറുക്കും എന്നതിനെക്കാള്‍ പ്രധാനം ഭക്ഷണസമയമടുക്കുമ്പോള്‍ത്തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോഴേ വിശപ്പ് കെടും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം. ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.

പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ? നമ്മള്‍ പത്തുഗ്ലാസ് പാല്‍ കുടിക്കുന്നപോലെയാണ് ചെറിയകുട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാന്‍ പാകത്തിന് ഭക്ഷണം നേരത്തെ കൊടുക്കണം. കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല. അയല്‍പക്കത്തെ കുട്ടിയെ നോക്ക്. എത്ര നന്നായി തിന്നുന്നു. തുടങ്ങിയ അനാവശ്യ താരതമ്യങ്ങള്‍ ഒഴിവാക്കണം. പുതിയ അണുകുടുംബങ്ങളുടെ പൊതു പ്രശ്‌നമാണിത്.

അമ്മൂമ്മമാര്‍ കൂടെയുണ്ടെങ്കില്‍ കാക്കയെയും പൂച്ചയെയും കാണിച്ച് അവര്‍ കുട്ടിയെ കളിപ്പിച്ചോളും. ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ? ഉച്ചയ്ക്ക് കുട്ടിയെ തീറ്റിയിട്ടുവേണം രണ്ടുമണിക്ക് ഓഫീസിലെത്താന്‍ എന്ന ധൃതിയോടെ ബഹളം കൂട്ടിയിട്ട് കാര്യമില്ല. പ്രഷര്‍ വേണ്ട. കുട്ടി സ്വയം കഴിച്ചോളും. അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങള്‍ (ബിസ്‌കറ്റും പാലുമൊക്കെ) ഒഴിവാക്കിയാല്‍ത്തന്നെ ശരിയായ സമയത്ത് കുട്ടികള്‍ ആഹാരം കഴിക്കും.

ഭക്ഷണം മതിയാകുന്നുണ്ടോ എന്നറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചെറിയ കുട്ടിയുടെ കാര്യത്തില്‍ മൂത്രമൊഴിക്കുന്നത് നോക്കി മുലപ്പാല്‍ മതിയാകുന്നുണ്ടോ എന്നറിയാം. ദിവസം ആറുതവണയെങ്കിലും മൂത്രമൊഴിച്ചാല്‍ നന്നായി പാലുകിട്ടുന്നുണ്ടെന്നര്‍ത്ഥം. നവജാതശിശുവിന് പ്രതിദിനം 20-30 ഗ്രാം തൂക്കം കൂടുകയും ചെയ്യും. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് തൂക്കമുണ്ടെങ്കില്‍ പേടിക്കാനില്ല.

കുട്ടികളിലെ വിരശല്യത്തിന് ശുചിത്വവുമായാണ് ബന്ധം. അനാരോഗ്യകരമായ ചുറ്റുപാടാണ് വിരശല്യത്തിന് കാരണമാകുന്നത്. നന്നായി ചൂടാക്കിത്തന്നെ പാചകം ചെയ്യണം. പാചകം നന്നായാല്‍ പോരാ. പാത്രവും നന്നാവണം. ഭക്ഷണത്തിനു മുമ്പും പിമ്പും നന്നായി കൈ കഴുകണം. നഖങ്ങള്‍ വെട്ടി വൃത്തിയാക്കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുക്കണം. വിരയ്ക്ക് ചികിത്സ ചെയ്യുമ്പോള്‍ വീട്ടില്‍ എല്ലാവരും മരുന്നു കഴിക്കണം. കുട്ടി മാത്രം കഴിച്ചാല്‍പോരാ.

രാത്രി കുട്ടി മലദ്വാരം ചൊറിയുന്നുണ്ടാവും. അതിനാല്‍ രാവിലെ പല്ലുതേപ്പിക്കും മുമ്പ് വിരലുകള്‍ വൃത്തിയാക്കണം. വീട്ടില്‍ പാചകം ചെയ്യുന്നവരും വൃത്തി കാത്തുസൂക്ഷിക്കണം. ആറുമാസത്തിലൊരിക്കല്‍ കുട്ടിക്ക് വിരയിളക്കം എന്നുപറയുന്നതില്‍ കാര്യമില്ല. വിരയുണ്ടെങ്കില്‍ മതി ചികിത്സ. മലദ്വാരം കൈകൊണ്ട് നേരിട്ട് ചൊറിയാന്‍ പറ്റാത്തവിധത്തിലുള്ള അടിയുടുപ്പ് രാത്രി ഇടുവിക്കാം. വിരലില്‍ വിരയുടെ മുട്ട പറ്റിപ്പിടിച്ച് അത്  വീണ്ടും വയറ്റിലെത്തുന്നത് തടയണം.

കുട്ടികള്‍ വിരല്‍ കുടിക്കുന്നതിന് ഭക്ഷണവുമായി ബന്ധമൊന്നുമില്ല ഇതിന്. മാതാവുമായുള്ള വൈകാരിക ബന്ധത്തിന്റെയും മറ്റും സൂചനയാണിത്. വിരല്‍കുടി ഭൂരിപക്ഷവും സ്വയം നിര്‍ത്തിക്കോളും. നിര്‍ബന്ധിച്ച് നിര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കൂടുകയാണ് ചെയ്യുക. പല സ്ഥലത്തും തൊട്ട് ആ വിരല്‍ ഈമ്പുമ്പോള്‍ അവിടെയൊക്കെ നക്കുന്ന ഫലമാണല്ലോ ഉണ്ടാവുക. വിരശല്യം പോലുള്ള ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ശീലമാണിത്. തഴമ്പ്, പല്ലുന്തല്‍ പോലുള്ളവയും ഇതുമൂലം ഉണ്ടാവാം.

ഭക്ഷ്യയോഗ്യമല്ലാത്ത കല്ല്, ഭിത്തി, മണ്ണ് തുടങ്ങിയവയോട് താല്‍പര്യം കാട്ടുന്ന കുട്ടികളുണ്ട്. ഇതേ പ്രകാരം വേവിക്കാത്ത അരിയോടും. പൈക (ശൂര്‍മ) എന്ന അവസ്ഥയാണിത്. ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെ കുറവുകൊണ്ടും ഇതുവരാം. വിരയിളക്കുക, അയേണ്‍ തെറാപ്പി തുടങ്ങിയ പരിഹാരങ്ങളാണുള്ളത്.

സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നു ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.

കൗമാരപ്രായമെത്തുമ്പോള്‍ ഭക്ഷണ ശീലങ്ങള്‍ മാറും.

അപ്പോള്‍ കൂട്ടുകാരോടൊത്ത് പലതും കഴിക്കും. കുറേയൊക്കെ ആവാം. നമ്മുടെ നാടന്‍ഭക്ഷണങ്ങള്‍ വിട്ടുള്ള പരിഷ്‌കൃത ഭക്ഷണശീലം അരുത്. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവം തുടങ്ങുന്ന / തുടരുന്ന കാലത്ത് ഇരുമ്പുസത്തുള്ള ഭക്ഷണം നന്നായി കഴിക്കണം. ഈ പ്രായത്തില്‍ വിളര്‍ച്ച ബാധിക്കാന്‍ സാധ്യത ഏറെയാണ്. ഇലക്കറികള്‍, പ്രത്യേകിച്ച് ചീര നിര്‍ബന്ധമായും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.

കൗമാരക്കാര്‍ വണ്ണം കൂടാതിരിക്കാന്‍ ഡയറ്റിങ് നടത്തുന്നത് തീര്‍ത്തും അനാരോഗ്യകരമാണ്. കാരണം, നമ്മുടെ കുട്ടികള്‍ നടത്തുന്ന ഡയറ്റിങ് ഒരിക്കലും സമീകൃതമല്ല. ചില സാധനങ്ങള്‍ ഒഴിവാക്കും. വേറെ ചിലത് കഴിക്കും. വളരുന്ന പ്രായത്തില്‍ വേണ്ട പോഷകങ്ങളില്‍ പലതും ഇങ്ങനെ നഷ്ടപ്പെടും. ഒരുമാസം ഡയറ്റിങ് നടത്തും. പിന്നത്തെ മാസം ഭക്ഷണം കൂടും. ജങ്ക്ഫുഡ് എന്നറിയപ്പെടുന്ന ബേക്കറി, ഫാസ്റ്റുഫുഡ് സാധനങ്ങളാണ് കൂടുതല്‍ കഴിക്കുക. ഇത് ആരോഗ്യം താറുമാറാക്കും.

വളരുന്ന പ്രായത്തില്‍ ഡയറ്റിങ് വേണ്ട. തടി കൂടുന്നുണ്ടെന്നും സ്ലിം ആവണമെന്നും തോന്നുന്നുണ്ടെങ്കില്‍ ഭക്ഷണം കുറക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറയ്ക്കുന്നത് പഠനത്തെയും പരീക്ഷയെയും കായികശേഷിയെയുമൊക്കെ ബാധിക്കും. ഓടിക്കളികളെല്ലാം ഒഴിവാക്കി ചിപ്‌സും മിക്‌സ്ചറും തിന്ന് ടി.വി. കണ്ടിരിക്കുന്ന ഏര്‍പ്പാടാണ് നിര്‍ത്തേണ്ടത്.

തൂക്കം കൂടുന്നുണ്ടെങ്കില്‍ മധുരം നിര്‍ത്താം. കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ഒഴിവാക്കാം. വറുത്തകായ മുഴുവന്‍ എണ്ണയാണെന്നറിയുക. മീന്‍ പൊരിച്ചതു വേണ്ട. കറി മതി. പച്ചക്കറി ധാരാളം കഴിക്കണം. ദിവസവും ഒരുമണിക്കൂറെങ്കിലും കളികളും സൈക്കിളോട്ടവും നടത്തവുമൊക്കെയായി ചെലവഴിക്കണം. ഭക്ഷണം കഴിക്കാതെ ശരീരം മെലിയിക്കുന്ന അനൊറെക്‌സിയ നെര്‍വോസ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ അതിനുള്ള ചികിത്സ ചെയ്ത് പരിഹരിക്കണം. ചുരുക്കത്തില്‍, കൗമാരത്തില്‍ ഭക്ഷണ നിയന്ത്രണം ആശ്വാസ്യമേയല്ല.

 

 

You May Also Like

മഴക്കാല രോഗങ്ങളും പ്രതിവിധികളും

മഴക്കാലം വന്നതോടെ വിവിധ തരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിസ്സാരമെന്ന് പറഞ്ഞു തള്ളാൻ പറ്റാത്ത വിധം…

● ഡോ. ഈസാ ഇസ്മാഈൽ

മദ്യം: ഇസ്ലാം സാധിച്ചത് പ്രായോഗിക നിരോധനം

മനുഷ്യന് അപായകരമായതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മദ്യം അതില്‍ പ്രധാനമാണ്. അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഇസ്ലാമിന്റെ നിയമം…

സമൃദ്ധിയുടെ റമളാന്‍

പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ…

● അലവിക്കുട്ടി ഫൈസി എടക്കര