മനുഷ്യ ജീവിതത്തിലെ സുവര്‍ണ കാലഘട്ടമാണ് യുവത്വം. കൗമാര ചാപല്യങ്ങളും അവയുടെ കയ്പും മധുരവും സങ്കീര്‍ണതകളും സമ്മിശ്രമായ ജീവിതാനുഭവങ്ങളും കടന്ന്, ആലോചനയുടെ അടിവേര് കിളിര്‍ക്കുന്ന കാലം. ചിന്തകള്‍ ഉജ്ജ്വലമാവുകയും നിശ്ചയദാര്‍ഢ്യവും ഇഛാശക്തിയും ശക്തമാവുകയും ചെയ്യുന്ന സവിശേഷ ജീവിതഘട്ടമാണിത്.
ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ലക്ഷ്യബോധവും ഈ ഘട്ടത്തില്‍ ഉയിരെടുക്കുന്നു. ഈ പ്രായത്തില്‍ മനസ്സ് പരിപൂര്‍ണമായ പക്വത നേടാത്തതിനാല്‍ ചിന്തകള്‍ കുറ്റമറ്റതാവണമെന്നില്ല. അതിനാല്‍ തന്നെ കര്‍മധര്‍മങ്ങളിലും ജീവിതരീതികളിലും അപക്വമായ തീരുമാനങ്ങള്‍ സ്വാഭാവികമാണ്.
ഉപദേശം അനിഷ്ടകരമാവുകയും സ്വതന്ത്രവും സുഖാഢംബര പൂര്‍ണവുമായ ജീവിതം അനുഭവിക്കാന്‍ ആരോഗ്യവും ശരീരവും കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ നാശം സംഭവിക്കുന്നു. അതോടെ എല്ലാം തകരുകയും ജീവിതം വാടിക്കരിയുകയും ചെയ്യുന്ന ദുരന്തം സംഭവിക്കുന്നു. ഇത് വൈയക്തികം മാത്രമല്ല, സമൂഹത്തിന്റെ കൂടി ദുരന്തമാണ്.
യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി ഉപയോഗിക്കപ്പെടുന്നത് സമൂഹത്തിന്റെ എ്വെര്യത്തിനു സുസ്ഥിതിക്കും അനിവാര്യമാണ്. അവരുടെ മൂല്യശോഷണം സമൂഹത്തെ ദുര്‍ബലമാക്കും. സമൂഹത്തിന്റെ നട്ടെല്ലാവാന്‍ നിയോഗമുള്ളവര്‍ നിയുക്ത ദൗത്യം നിര്‍വഹിക്കുന്നവരായേ മതിയാകൂ. അതിന് അവരെ പ്രാപ്തരും സന്നദ്ധരുമാക്കുന്നതില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.
യൗവനം നൈമിഷികമല്ല. അതിനുമുമ്പ് ഒരു ദീര്‍ഘകാലം പരാശ്രയം അനിവാര്യമായ വിധം എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്. പരിചരണവും വിദ്യാഭ്യാസവും ശിക്ഷണവും സംസ്കരണവും നടത്തേണ്ട കുട്ടിക്കാലം. ഇവിടെയുണ്ടാവുന്ന കുറ്റകരമായ അലസതയും അശ്രദ്ധയുമാണ് യുവതയെ വഴിപിഴപ്പിക്കുന്ന പ്രധാന കാരണങ്ങള്‍. കുടുംബത്തെയും സമൂഹത്തെയും യുവത തീരാദുഃഖത്തിലാഴ്ത്തുന്ന സാഹചര്യം യാദൃച്ഛികമല്ല. നാമിഷ്ടപ്പെടാത്തത് യുവതയില്‍ കാണുന്നതിന് അവരെ മാത്രം പഴിക്കേണ്ടതല്ല. ഉത്തരവാദിത്തത്തില്‍ നിന്ന് പുറത്തല്ല നാമാരുമെന്ന ബോധം എല്ലാവര്‍ക്കും വേണ്ടതാണ്.
യുവത്വത്തിന്റെ കര്‍മശേഷിയും ത്യാഗസന്നദ്ധതയും ബോധ്യമുള്ളതാണല്ലോ. അതിനാല്‍ വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവരുടെ പങ്കാളിത്തം ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ഉണ്ടായ വന്‍ മുന്നേറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്നില്‍ യുവജനപങ്ക് ആരും നിഷേധിക്കില്ല. അവരില്‍ നിന്നും സംഭവിക്കുന്ന അരുതായ്മകള്‍ തിരുത്താനുള്ള പരിശ്രമങ്ങളാണു വേണ്ടത്; അവരെ അവഗണിച്ചു കളയുകയല്ല. ശരിയായ മാര്‍ഗം തുറന്ന് അതിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ കടന്നുവരാന്‍ പാകപ്പെട്ടത് തന്നെയാണവരുടെ മനസ്സ്.
വേട്ടക്കാര്‍
പ്രകൃത്യാ സംസ്കരണം തേടുന്നതാണ് യുവമാനസങ്ങള്‍. അതിനെ മലീമസമാക്കാനുള്ള കുത്സിത ശ്രമങ്ങളാണ് പ്രശ്നം. സ്വാര്‍ത്ഥംഭരികള്‍ യുവശക്തിയെ ഭയപ്പെടുന്നവരാണ്. പ്രതികരണവും പ്രതിഷേധവും മറികടക്കാന്‍ പലപ്പോഴും അവരെ ഷണ്ഡീകരിക്കുകയും സ്വത്വബോധം നശിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ യുവതക്ക് വേണ്ടതും അവരുടെ പ്രകൃതി തേടുന്നതും സംസ്കരണവും സംരക്ഷണവുമാണ്. ആത്മനാശത്തിന്റെ ഗര്‍ത്തത്തില്‍ നിന്നും അവരെ ആത്മവിചാരത്തിന്റെ തുരുത്തിലെത്തിക്കുകയാണ് വേണ്ടത്. സിദ്ധിശേഷികള്‍ ഫലപ്രദമായി വിനിയോഗിക്കാനവസരം തേടുന്ന യുവത്വത്തിന് മുന്നില്‍ ദിശ നിര്‍ണയിക്കപ്പെടണം. എന്നാല്‍ ഇതിന് വിരുദ്ധമായ പദ്ധതികള്‍ നടപ്പിലാക്കുന്ന കേന്ദ്രങ്ങളാണ് സുലഭമായുള്ളതെന്നത് ദുഃഖകരമാണ്.
യുവതയെ ദുര്‍നടപ്പുകാരും സദാചാര ശൂന്യരും അക്രമികളും ഭീകരവാദികളും ധിക്കാരികളുമാക്കി നിലനിര്‍ത്തുന്നതിനുള്ള അജണ്ടകള്‍ ഏറ്റെടുത്തവര്‍ സജീവമാണിപ്പോള്‍. യൗവനത്തിന്റെ സവിശേഷതകള്‍ അസംസ്കൃതമായിത്തന്നെ നിലനിര്‍ത്തുകയാണവരുടെ ലക്ഷ്യം.
സാഹചര്യത്തില്‍ നിന്നും കൂട്ടുകെട്ടില്‍ നിന്നും ചില അശ്ലീലങ്ങളും ദുര്‍ചിന്തകളും യുവാക്കളില്‍ കടന്നുകൂടാനിടയുണ്ട്. ഗുണവിചാരം നിഷ്കാസനം ചെയ്യാന്‍ ഹേതുവാകുന്നതായിരിക്കുമവയെല്ലാം. യുവതയെ ആകര്‍ഷിപ്പിക്കുന്നതിനായി ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് പിന്നിലെല്ലാം സാമ്പത്തികവും സാംസ്കാരിക വിരുദ്ധവുമായ അജണ്ടകളുണ്ടെന്നതാണ് സത്യം. തങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിടക്കുന്ന പല അവസരങ്ങളും അസ്തിത്വപരമോ നിര്‍മാണാത്മകമോ അല്ലെന്നും ദുരുപദിഷ്ടമായ നീക്കങ്ങളുടെ ഭാഗമാണെന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കണം.
ചിലര്‍ യുവത്വത്തെ നിര്‍വീര്യമാക്കുകയോ ശേഷികള്‍ ഫലവത്തല്ലാതാക്കുകയോ നാശകാരികളാക്കുകയോ ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. വ്യത്യസ്തമായ ലഹരികള്‍ക്കടിപ്പെടുത്തി നന്മവിചാരത്തെ തകര്‍ത്തെറിയുന്നു. അന്ധമായ പക്ഷപാതവും കക്ഷിത്വ വികാരവും പകര്‍ന്നു നല്‍കുന്നു. യൗവന കാലത്തെ സ്വാഭാവികമായ അതിപ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കുന്നതിന് പകരം, അതിനെ വേണ്ടവിധം ദുരുപയോഗപ്പെടുത്തുന്ന ശക്തികളും യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. ചോരത്തിളപ്പു കാലത്തെ വികാരത്തിന് തീ കത്തിക്കുകയും വിചാരശീലത്തിന് തടയിടുകയും ചെയ്യുന്നു. വ്യവസ്ഥാപിതമായി നടക്കുന്ന ഇത്തരം വിരുദ്ധ പ്രവണതകള്‍ സാമൂഹികമായി ചെറുതല്ലാത്ത ദുരന്തങ്ങളും പ്രതിസന്ധികളുമാണ് വരുത്തിവെക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉല്‍പന്നമായ പ്രവര്‍ത്തന സ്വാതന്ത്ര്യം മാന്യതയുടെയും സാംസ്കാരിക മൂല്യങ്ങളുടെയും പരിധിക്ക് പുറത്ത് വിനിയോഗിക്കാന്‍ ആരും നേതൃത്വവും മാര്‍ഗനിര്‍ദേശവും നല്‍കണമെന്നില്ല. എന്നാല്‍ യുവതയില്‍ ഈ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ധിക്കാരവും അച്ചടക്കരാഹിത്യവും വളര്‍ത്താനും ചില നായകവേഷങ്ങള്‍ രംഗത്തുണ്ട്. തങ്ങളുടെ വ്യക്തിത്വവും സാമൂഹികമായ മേല്‍ വിലാസവും ജീവിത സുസ്ഥിതിയും സാധിച്ചെടുക്കാന്‍ സാഹചര്യമൊരുക്കിയ മൂല്യങ്ങളെ നിരാകരിക്കാനും ധിക്കരിക്കാനും യുവ തലമുറയെ പ്രേരിപ്പിക്കുന്നവരുടെ ലക്ഷ്യം അധര്‍മവ്യാപനം തന്നെയാണ്.
അമൃതല്ലാത്ത സ്വാതന്ത്ര്യം
സ്വാതന്ത്ര്യം അമൃതാകുന്നത് പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങില്‍ നിന്നും മോചനം നല്‍കുന്നതിന് അതു കാരണമാവുമ്പോഴാണ്. പ്രത്യുത, സുരക്ഷിതമായ തുരുത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് ആഴക്കടലിലിറങ്ങി നശിക്കാന്‍ അനുവദിക്കുമ്പോഴല്ല. അതിരുകളില്ലാതെ യുവത്വത്തിന്റെ അഭിവാഞ്ചകളെ നന്മയില്‍ കുരുക്കിയാല്‍ അത് വളരുകയും വിളയുകയും ചെയ്യും. തിന്മയില്‍ ഉടക്കിയാല്‍ അതിന്റെ വാഹകനാവും. നന്മയുടെയും ഗുണങ്ങളുടെയും വഴി അത്ര ആസ്വാദ്യകരമാകില്ല. അവിശുദ്ധ പ്രവൃത്തികള്‍ക്ക് ആസ്വാദ്യതയും അത്യാകര്‍ഷണവുമുണ്ടാവും. പക്ഷേ, അത് അല്‍പായുസ്സുള്ളതായിരിക്കും. പ്രത്യാഘാതം ആത്മനാശപരവുമായിരിക്കും.
വ്യത്യസ്തമായ ലഹരികള്‍ക്കടിപ്പെട്ട് ജീവിതത്തിന് ക്രമഭംഗമോ മാര്‍ഗ വ്യതിയാനമോ വന്നുഭവിച്ച ധാരാളം യുവാക്കളെ കാണം. ക്രിക്കറ്റ് ലഹരി, ഫുട്ബോള്‍ ലഹരി, സ്പോര്‍ട്സ് ലഹരി, കക്ഷിരാഷ്ട്രീയ ലഹരി, മദ്യംമയക്കുമരുന്ന് എന്നിങ്ങനെ. ഇവയെല്ലാം യുവത്വത്തിന്റെ സമയവും ആരോഗ്യവും ഗുണങ്ങളും നശിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അവരില്‍ കുറ്റവാസനയും അലസതയും ആശാസ്യകരമല്ലാത്ത മത്സരബുദ്ധിയും വളര്‍ത്താന്‍ ഇവയ്ക്കു സാധിക്കും.
തന്നിലെ മനുഷ്യത്വത്തെയും അതിന്റെ ഗുണങ്ങളെയും തമസ്കരിക്കുന്ന വില്ലനായ ലഹരി വസ്തുക്കളുടെ സ്വാധീനത്തില്‍ അരുതായ്മയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുകയാണ്. സ്വന്തം ലോകത്ത് സ്വതന്ത്രമായ ഒരു തരം അലച്ചില്‍. അതുപക്ഷേ, ആത്മ നാശത്തിന്റെ പട്ടികയിലേക്കാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കരുതെന്നാണ് നിഗൂഢ കക്ഷികള്‍ ആഗ്രഹിക്കുന്നതും. അതിനാല്‍ തന്നെ ലഹരി ഉപയോഗത്തിനും അനുബന്ധങ്ങള്‍ക്കും സൗകര്യങ്ങളൊരുക്കുന്നതിന്റെ തത്രപ്പാടിലാണിന്ന് ജനകീയ സര്‍ക്കാരുകളടക്കം.
നമ്മുടെ പൊതു സംവിധാനങ്ങളുമായി ബന്ധപ്പെടുമ്പോഴൊക്കെ ചില പൊരുത്തക്കേടുകളുമായി സന്ധിയാകാന്‍ സമൂഹം നിര്‍ബന്ധിതരാവുന്നുണ്ട്. അത്തരം പൊരുത്തക്കേടുകളോട് അനുനയപ്പെടാന്‍ സമൂഹത്തെ പാകപ്പെടുത്താനാണ് ക്രിയാത്മക ചിന്തയെ മുരടിപ്പിക്കുന്ന സൗകര്യങ്ങളൊരുക്കുന്നത്. ലാഭത്തിന്റെയും തൊഴിലിന്റെയും പേരുപറഞ്ഞ് മദ്യക്കച്ചവടം സര്‍ക്കാര്‍ വിലാസത്തില്‍ പൊടിപൊടിക്കുന്നത് വെറുതെയല്ല. സമൂഹത്തിന്റെ അച്ചടക്കവും സദാചാരവും നിലനിര്‍ത്തുന്നതിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ ധിക്കരിക്കാന്‍ നമ്മുടെ പൊതുസംവിധാനങ്ങള്‍ സമൂഹത്തെ നിര്‍ബന്ധിക്കുകയാണെന്ന് ചുരുക്കം.
അത്യുദാരമായി ഇടപെടാന്‍ ലഭിക്കുന്ന സൗകര്യങ്ങളും ചപല വികാരങ്ങള്‍ക്ക് അതിജീവനശേഷി പകരുന്നുണ്ട്. സാങ്കേതിക സൗകര്യങ്ങളുടെ പിന്തുണ കൂടിയുണ്ടാവുമ്പോള്‍ അടുത്തവരുടെയും കുടുംബത്തിന്റെയും കണ്ണുവെട്ടിച്ച് കാര്യങ്ങളെന്തും നടക്കുമെന്ന സ്ഥിതിയാണിന്നുള്ളത്. മൊബൈലിന്റെയും ഇന്‍റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയകളുടെയും സുതാര്യമായ ഉപയോഗത്തിനിടയില്‍ നന്മ തകരരുത് എന്ന വിചാരം പോലും നിലനില്‍ക്കാത്ത അവസ്ഥയുണ്ട്. യുവതയെന്നല്ല, ഇളംതലമുറയിലും വര്‍ത്തമാനത്തിന്റെ ഇത്തരം ദൂഷ്യങ്ങളുടെ വലിയ സ്വാധീനം കാണാം.
പരിഹാരം
സമൂഹവും ഭരണകൂടവും കുടുംബവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് യുവതയുടെ പ്രശ്നങ്ങള്‍. തോന്നിയ പോലെ ജീവിക്കണമെന്ന മോഹം കത്തിനിന്നാലും അതിനെ അണക്കാനും ഫലപ്രദമായി വിനിയോഗിക്കാനും കഴിയും. അലസമായ യുവത്വവും അതിപ്രവര്‍ത്തനക്ഷമമായ യൗവനവും തദനുസൃതമായ പരിഹാര മാര്‍ഗങ്ങള്‍ക്കാണ് വഴങ്ങുക. തൊഴില്‍ രഹിതരായ അനേകം യുവാക്കള്‍ നമുക്കിടയിലുണ്ട്. അവരുടെ അമിതോര്‍ജമാണ് പലപ്പോഴും ഭീകരവാദ, തീവ്രവാദ, വര്‍ഗീയ ശക്തികള്‍ വളമാക്കുന്നത്. അവര്‍ക്ക് സ്വീകാര്യമായ ഒരു ഉപജീവന മാര്‍ഗം അനിവാര്യമാണ്. ഇത് സാമൂഹികവും പ്രത്യക്ഷവുമായ പൊതു കാഴ്ചപ്പാടിലൂടെയാവണം സാധിക്കേണ്ടത്. അവരുടെ കര്‍മശേഷി വഴിതിരിഞ്ഞും ദുരുപയോഗപ്പെട്ടും പോവാതിരിക്കുന്നതിന് കൃത്യമായ കര്‍മവീഥിയും പദ്ധതികളും സമര്‍പ്പിക്കാനാവണം.
നൈമിഷികാസ്വാദനമോ മനഃസംതൃപ്തിയോ നല്‍കുന്ന എന്തെങ്കിലും ചെയ്യുക എന്നതില്‍ നിന്നും ഭിന്നമായി യാഥാര്‍ത്ഥ്യം വളര്‍ത്തി അവരെ പ്രത്യുല്‍പന്നമതികളാക്കിത്തീര്‍ക്കേണ്ടതുണ്ട്. തങ്ങള്‍ക്കുമുന്നില്‍ ആകര്‍ഷണീയമായി അലങ്കരിക്കപ്പെട്ടിട്ടുള്ള വാതായനങ്ങള്‍ ആത്മനാശപരമാണ് എന്ന തിരിച്ചറിവ് ആദ്യമേ അവരില്‍ വളര്‍ന്നുവരേണ്ടതാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ ഊരാക്കുടുക്കില്‍ ജീവിത സമരമുഖത്തുനിന്ന് പിന്‍വാങ്ങാന്‍ തങ്ങള്‍ വിധിക്കപ്പെട്ടിരിക്കുകയാണെന്ന ബോധവും അവരിലുണര്‍ന്നു വരേണ്ടതുണ്ട്. യുവത്വത്തിന്റെ ഗുണപരമായ വിനിയോഗ സാഹചര്യം രൂപപ്പെടുന്നതിന് ആദ്യമായി നടത്താനാവുന്നത് ബോധവല്‍ക്കരണമാണ്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന കണികയുള്ളവരില്‍ അതിന് പ്രതിഫലനം സൃഷ്ടിക്കാന്‍ കഴിയാതിരിക്കില്ല. ഉപദേശത്തെ ഇഷ്ടപ്പെടാതിരിക്കുക എന്നതാണവരുടെ പ്രകൃതമെങ്കിലും സാധ്യവും ഫലപ്രദവുമായ ഉപാധികളവലംബിച്ച് ഉള്ളുണര്‍ത്തുന്ന കര്‍മധര്‍മ ബോധനങ്ങള്‍ നടക്കേണ്ടതുണ്ട്.
ഇസ്‌ലാമും യുവത്വവും
മനുഷ്യ പ്രകൃതത്തിന്റെ ദൗര്‍ബല്യങ്ങളും യോഗ്യതകളും സവിശേഷതകളും എങ്ങനെ പരിഗണിക്കണമെന്ന വ്യക്തമായ നിര്‍ദേശങ്ങള്‍ മതത്തിലുണ്ട്. പ്രതിസന്ധികള്‍ എത്ര സങ്കീര്‍ണമായിരുന്നാലും അവയെ അതിജീവിക്കാനുള്ള ആര്‍ജവം പകരുന്ന മാതൃകാപാഠങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു.
വിലയറിയാതെ പാഴാക്കാനിടയുള്ള ആരോഗ്യ കാലത്തെക്കുറിച്ച് നബി(സ്വ) പറഞ്ഞത്, ആലോചിച്ചുറച്ച് ജീവിക്കാനാണ്. ശക്തി കുറഞ്ഞ ആദ്യഭാഗവും ശക്തി ക്ഷയിച്ച അവസാന ഭാഗവും യുവത്വത്തെ ആവരണം ചെയ്തിരിക്കുന്നു. ജീവിതത്തിലെ സുവര്‍ണ കാലഘട്ടം ധര്‍മനിര്‍വഹണത്താല്‍ പുഷ്കലമാവണമെന്നുണര്‍ത്തുന്ന മഹദ്വചനങ്ങള്‍ ധാരാളമുണ്ട്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജനോപകാര നിബദ്ധമായ ഒരു ജീവിത സംസ്കാരമാണവന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. നബി(സ്വ) സത്യവിശ്വാസിയുടെ പ്രവര്‍ത്തന രീതികള്‍ പഠിപ്പിച്ചിട്ടുണ്ട്. വഴിയില്‍ നിന്നും ശല്യമകറ്റുന്നത് സത്യവിശ്വാസത്തിന്റെ ശാഖയാണെന്ന പാഠം സുജൂദ് മാത്രമല്ല, വഴിയിലെ കല്ല് മാറ്റാനുള്ള കുനിയലും ഇബാദത്താണെന്ന് തെളിയിക്കുന്നു.
യൂത്ത് കോണ്‍ഫറന്‍സ്
ജനത്തെ പൊതുവിലും യുവജനത്തെ പ്രത്യേകിച്ചും ആദര്‍ശനിഷ്ഠരും ധര്‍മനിബദ്ധരും സേവനസന്നദ്ധരുമാക്കി നയിക്കുന്ന പ്രസ്ഥാനമാണ് എസ്.വൈ.എസ്. ആദര്‍ശത്തിനും തഖ്വക്കും പ്രാധാന്യം നല്‍കിയുള്ള അജണ്ടകളുമായി അത് പ്രവര്‍ത്തന രംഗത്ത് സജീവമാണ്. സേവനത്തിന്റെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറു പതിറ്റാണ്ടുകളുടെ പുഷ്കല ചരിത്രം അതിനുണ്ട്.
മിഷന്‍ 2014ന്റെ ഭാഗമായി ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള വിപുല കാമ്പയിനിന്റെ പ്രധാന പരിപാടികളില്‍ പെടുന്ന യൂത്ത് കോണ്‍ഫറന്‍സുകളുടെ കാലമാണിത്. സമൂഹവും അവരുടെ ജീവിത സാഹചര്യവും തേടുന്ന അടിസ്ഥാന കാര്യങ്ങളും ആവശ്യങ്ങളും പദ്ധതിക്കാലത്ത് പ്രത്യേകമായി അജണ്ടയാക്കിയിരിക്കുന്നു. കുടുംബ ഭദ്രതയും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനായുള്ള ബോധവത്കരണ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഫാമിലി സ്കൂളിന്റെ വിവിധ ഘട്ടങ്ങള്‍ ഇതിനകം വിജയകരവും ഫലപ്രദവുമായി പൂര്‍ത്തിയാക്കുകയുണ്ടായി.
ദഅ്വത്താണ് പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ട. ദഅ്വത്തിന്റെ ശ്രോതാക്കളും സ്വീകര്‍ത്താക്കളുമാവേണ്ടവര്‍ ആരോഗ്യവും സന്തോഷൈശ്വര്യങ്ങളും ഉള്ളവരായിരിക്കണം. അതിന് അനുകൂലമല്ലാത്ത ആരോഗ്യസ്ഥിതിയാണിന്ന് സമൂഹത്തിലുള്ളത്.
മുമ്പുകാലങ്ങളില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പല മാരക രോഗങ്ങളും മനുഷ്യര്‍ വിത്തും വളവും നല്‍കി വിളയിച്ചെടുത്തിരിക്കുന്നു. തെറ്റായ ജീവിത ക്രമത്തിന് കാരണമായ പൊങ്ങച്ചവും ആര്‍ത്തിയുമടക്കം ചികിത്സിക്കപ്പെടേണ്ട രോഗങ്ങള്‍ വേറെയുമുണ്ട്. ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഭക്ഷണ ജീവിത ക്രമങ്ങളിലേക്ക് സമൂഹം തിരിച്ചുവന്നില്ലെങ്കില്‍ ഭാവിയില്‍ അനാരോഗ്യവും അസ്വസ്ഥതയും പുതിയ രോഗങ്ങളും നാമിനിയും ഏറ്റെടുക്കേണ്ടി വരും. ഇവിടെ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ജീവിത രീതിയും ശീലവും ശരീരത്തെയും ആരോഗ്യത്തെയും മനസ്സിനെയും പരിചരിക്കുന്ന തരത്തിലുള്ളതാണ്. സംഘടന സമര്‍പ്പിക്കുന്ന ഹെല്‍ത്ത് സ്കൂള്‍ ലക്ഷ്യം വെച്ചത് ആരോഗ്യം സുരക്ഷിതമായ ഒരു സമൂഹത്തെയാണ്.
സ്വസഹോദരന്റെ ദുരിതവും വിഷമവും പരിഹരിച്ചാല്‍ ലഭ്യമാവുന്ന പുണ്യത്തെക്കുറിച്ച് തിരുനബി(സ്വ) അറിയിച്ചിട്ടുണ്ട്. സേവനം മുഖമുദ്രയാക്കിയ കര്‍മപദ്ധതികളുമായി ‘സാന്ത്വനം’ സ്ഥിരം സംവിധാനമായി സംഘടന പ്രഖ്യാപിച്ച് പരിശീലനം നല്‍കിവരുന്നു.
ജീവിതത്തിന്റെ ലക്ഷ്യവും ദിശയും കൃത്യമായി മനസ്സിലാക്കി ജീവിക്കാന്‍ സമൂഹത്തെ പഠിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ വേറെയുമുണ്ട്. ഇതില്‍ പ്രധാനമാണ് മിഷന്‍ 14ന്റെ ഭാഗമായുള്ള ശ്രദ്ധേയമായ യൂത്ത് കോണ്‍ഫറന്‍സുകള്‍.
സംഘടനയുടെ നേരത്തെയുള്ള പദ്ധതികളും മുകളില്‍ സൂചിപ്പിച്ച കാമ്പയിന്‍ പദ്ധതികളും സാധ്യമാക്കുന്നതെന്തെന്ന ചോദ്യത്തിന്റെ മറുപടിയാണ് ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്നത്. ആരോഗ്യമുള്ള വ്യക്തികളും എ്യെമുള്ള കുടുംബങ്ങളും സാഹോദര്യം പൂക്കുന്ന സാമൂഹ്യാന്തരീക്ഷവും ലക്ഷ്യബോധമുള്ള യുവത്വവും ഒരു നാടിനെ എ്വെര്യ സമ്പൂര്‍ണമാക്കാനും സമാധാന സ്ഥിതിയുള്ളതാക്കാനും പര്യാപ്തമാണ്.
കര്‍മവിമുഖതയുടെയും ആലസ്യത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍മോത്സുകതയുടെയും സ്ഥിരോത്സാഹത്തിന്റെയും ലോകത്തേക്കാനയിക്കപ്പെടുന്ന യുവതവഴി വന്‍ പുരോഗതി രാജ്യത്തുണ്ടാകും. പ്രത്യുല്‍പാദനപരമായ പങ്കാളിത്തത്തിലൂടെ രാഷ്ട്ര പുനര്‍ നിര്‍മാണം നടത്തി നാടിനെ എ്വെര്യ സമ്പന്നമാക്കാനും ധാര്‍മികത ഉയര്‍ത്തിക്കാട്ടാനും യുവാക്കള്‍ക്കാവും. അതിന് അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും സഹായവും ലഭ്യമാവണമെന്നു മാത്രം. എസ്.വൈ.എസ് നിര്‍വഹിക്കുന്നത് ഈ ചരിത്ര ദൗത്യമാണ്. നാടിന്റെയും നമ്മുടെയും നന്മക്കും എ്വെര്യത്തിനുമായി നമുക്കൊന്നിച്ച് മുന്നേറാം. നല്ലൊരു നാടിനെയും നാളെയെയും നിര്‍മിച്ചെടുക്കാന്‍ യൗവനത്തിനാവട്ടെ.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ