ക്രിസ്റ്റെസ് മാസ്സെ അഥവാ ക്രിസ്തുവിന്റെ തിരുവത്താഴ ശുശ്രൂഷ (christ’s mass) എന്ന പദത്തില്‍ നിന്നാണ് ക്രിസ്തുമസ് എന്ന പദത്തിന്റെ ഉല്‍പത്തി. ക്രൈസ്തവരുടെ വീക്ഷണത്തില്‍ ദൈവം ജഡത്തില്‍ അവതരിച്ചതിന്റെ ആഘോഷമാണ് ക്രിസ്തുമസ് (dr. james D kenne, skeptics answered, multnomah: oregon 1997, p 109). യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമോ അതിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികള്‍ ബൈബിള്‍ അംഗീകരിക്കുന്നതോ അല്ല. united church of godപ്രസിദ്ധീകരിച്ച holidays or holy days does it matter which days we keep എന്ന പുസ്തകത്തില്‍ ഇത് വ്യക്തമായി സമര്‍ത്ഥിച്ചിട്ടുണ്ട്.

ക്രിസ്തുമസിനെ കുറിച്ച് geoffrey purrinder എഴുതിയ a concise encyclopedia of christianity പറയുന്നതിങ്ങനെയാണ്: “യേശു ജനിച്ച തിയതിയും സമയവും അജ്ഞാതമാണ്. മധ്യശൈത്യകാലത്ത് അത് സംഭവിച്ചതിന് ഒരു തെളിവുമില്ല. മെയ് മാസത്തിലായിരിക്കാം എന്ന അഭിപ്രായം അലക്സാണ്ട്രിയയിലെ എലമെന്‍റ് മുന്നോട്ടുവെച്ചു. പക്ഷേ എഡി 336ല്‍ അദൃശ്യനായ സൂര്യന്റെ ജന്മദിനം കണക്കിലെടുത്ത് ഡിസംബര്‍ 25 ആണ് ഒടുവില്‍ തീരുമാനിക്കപ്പെട്ടത്” (പേ 65,66).

ഇതില്‍ നിന്നും ഗ്രഹിക്കാന്‍ സാധിക്കുന്ന വസ്തുത എഡി 336ലാണ് ക്രിസ്തുമസിന്റെ ആരംഭമെന്നും അത് സൂര്യ”ദേവ”ന്റെ പിറന്നാളാഘോഷത്തില്‍ നിന്നും കടമെടുത്തതാണ് എന്നുമാണ്.

“യേശുവിന്റെ ജനനത്തിന്റെ സ്മരണ നിലനിറുത്താനായി ഡിസംബര്‍ 25ാം തിയ്യതി ആഘോഷിക്കുന്ന ക്രിസ്ത്യന്‍ ഉത്സവം എഡി 336ഓടെ റോമില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 25 എന്ന് തെരഞ്ഞെടുത്തത് മിക്കവാറും റോമന്‍ ശിശിര അയനാന്ത ഉത്സവത്തോടും മിത്രന്റെ ജന്മദിനത്തോടും ഏകീഭവിപ്പിക്കാനായിരിക്കാം. സമ്മാനം നല്‍കല്‍, ഉല്ലസിക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ സതുര്‍ണേലിയ ഉത്സവത്തില്‍ (ഡിസംബര്‍ 17) നിന്നും എടുത്തതാണ്. ഹാരിതാലങ്കാരങ്ങള്‍, ദീപാലങ്കാരം, കുട്ടികള്‍ക്കും സാധുക്കള്‍ക്കും സമ്മാനം നല്‍കല്‍ എന്നിവ റോമക്കാരുടെ നവവത്സരാചാരങ്ങളാണ് (ജനുവരി 1). അഗ്നികുണ്ഠച്ചീള്, കേക്കുകള്‍, ഫിര്‍ മരങ്ങള്‍ എന്നിവ ജര്‍മന്‍ കോര്‍ട്ടിക് ആചാരങ്ങളില്‍ നിന്നും എടുത്തതാണ്” (ബ്രിട്ടാനിക്ക മലയാളം എന്‍സൈക്ലോപീഡിയ ഡെസ്ക് റഫറന്‍സ്, പേ 562).

എഡി അഞ്ചാം നൂറ്റാണ്ടുവരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഒരു മതമായിരുന്നു മിത്രമതം. റോമിലെത്തുന്നതിന് 600 വര്‍ഷം മുമ്പ് തന്നെ “മിത്ര”നെ സൂര്യദൈവമായി പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്നു. ഇവര്‍ക്കിടയില്‍ ജീവിച്ചിരുന്ന ഒരു ജനവിഭാഗമായിരുന്നു ക്രിസ്ത്യാനികള്‍. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അദ്ദേഹം മിലാന്‍ വിളംബരം (എഡി 313) വഴി ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ കലഹങ്ങളുണ്ടാവുകയും ചെയ്തു. ഈ കലഹം പരിഹരിക്കാന്‍ ബഹുദൈവ വിശ്വാസിയായിരുന്ന കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി എഡി 325ല്‍ നിഖിയാ എന്ന സ്ഥലത്തുവെച്ച് ഒരു സുന്നഹദോസ് കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ കൗണ്‍സിലില്‍ വെച്ചായിരുന്നു യേശുവിന്റെ ദിവ്യത്വം അംഗീകരിച്ചതും കുരിശ് ക്രിസ്തുമത ചിഹ്നമായും സൂര്യദേവന്റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25 ക്രിസ്തുമസ് ആയി ആഘോഷിക്കാന്‍ തീരുമാനിച്ചതും. ഇത് എല്ലാ ക്രൈസ്തവ സഭക്കാരും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്.

ബൈബിള്‍ പണ്ഡിതന്മാരുടെ ഉദ്ധരണങ്ങള്‍ ഇതു വ്യക്തമാക്കുന്നതായി കാണാം:

“പുരാതന റോമന്‍ സൂര്യാരാധകരുടെ മകര സംക്രാന്തിയിലെ ആഘോഷമാണ് പിന്നീട് ക്രിസ്തുമസ് ആയി മാറിയത്” (r.l folery, nativity of christ, the new catholic

encyclopedia vol:10, mc graw hill, newyork 1967, p 250).).

മാലാഖി 4/2 ലെ നന്മയുടെ സൂര്യന്‍ എന്ന പദപ്രയോഗം ക്രിസ്തുവില്‍ ആരോപിച്ചുകൊണ്ട് വിഗ്രഹാരാധകരുടെ ആഘോഷം ക്രൈസ്തവത കടമെടുക്കുകയായിരുന്നു (harper’s bible dictionary, theological publications in india, 1994, p 163).

കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര നിഘണ്ടു പറയുന്നത് കാണുക:

സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ഈശോയുടെ ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ റോമക്കാര്‍ സൂര്യദേവന്റെമിത്രദേവന്റെജനനത്തിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷവുമായി ബന്ധപ്പെട്ടതായിരിക്കാം നീതി സൂര്യനായ ഈശോയുടെ ജനനത്തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25ന് തന്നെ ആഘോഷിച്ചത്. ആരംഭത്തില്‍ ലത്തീന്‍ സഭ മാത്രമേ ഡിസംബര്‍ 25 ഈശോയുടെ ജനനത്തിരുനാളായി ആഘോഷിച്ചിരുന്നുള്ളൂ. പിന്നീട് അര്‍മേനിയന്‍ സഭ ഒഴികെ എല്ലാ സഭകളും ഈ രീതി തന്നെ സ്വീകരിച്ചു. ഡിസംബര്‍ 25 വൈവിധ്യമാര്‍ന്ന രീതിയില്‍ തന്നെ ലോകമെങ്ങും കൊണ്ടാടുന്നു. ഈശോയുടെ ജനനദിവസം ഏതെന്ന് വി. ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതുകൊണ്ട് ആദ്യ നൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്ത്യ സഭകളില്‍ ജനുവരി ആറിന് ആഘോഷിച്ചിരുന്നതായും കാണുന്നു. ഈജിപ്തുകാരുടെ കലണ്ടര്‍ അനുസരിച്ച് സൂര്യദേവന്റെ ജനനം ജനുവരി ആറായിരുന്നുവെന്ന് സ്മര്‍ത്തവ്യമാണ്. അലക്സാണ്ട്രിയയിലെ വി. ക്ലമന്‍റ് (+215) വി. അപ്രേം (+337) തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി ആറാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്” (ദൈവശാസ്ത്ര നിഘണ്ടു, ചീഫ് എഡിറ്റര്‍: ഡോ. ജോസഫ്).

യേശുദേവന്റെ പിറന്നാളാഘോഷം (ക്രിസ്തുമസ്) നടത്തുന്നതിന്റെ ഭാഗമായി ക്രൈസ്തവര്‍ തങ്ങളുടെ വീടുകള്‍ വിവിധ വര്‍ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിക്കും. വീട്ടുമുറ്റത്ത് അതിമനോഹരമായ പുല്‍ക്കൂടുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും യോസേഫിന്റെയും ദൈവദൂതന്മാരുടെതുമെന്ന പേരില്‍ ചില പ്രതിമകളും ഇടയന്മാരുടെയും കന്നുകാലികളുടെയും രൂപങ്ങളും പ്രതിഷ്ഠിക്കും. ആദ്യത്തെ ക്രിസ്തുമസ് ക്രിബ് നിര്‍മിച്ചത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ്. 1224ലെ ക്രിസ്തുമസ് രാത്രി ഇദ്ദേഹം തന്റെ ഗ്രാമത്തില്‍ ഒരു കാലിത്തൊഴുത്തുണ്ടാക്കി. മനുഷ്യരെയും കന്നുകാലികളെയും മോഡലുകളാക്കി നിര്‍ത്തി ക്രിസ്തു ജനനരംഗം പുനഃസൃഷ്ടിച്ചുവത്രേ!

പുല്‍ക്കൂടിനടുത്ത് തന്നെ ബലൂണുകള്‍, സമ്മാനപ്പൊതികള്‍, കുഞ്ഞുനക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ കൊണ്ടലങ്കരിച്ച പിരമിഡ് ആകൃതിയിലുള്ള മനോഹരമായ ക്രിസ്തുമസ് ട്രീകളും സജ്ജീകരിക്കാറുണ്ട്. ജര്‍മന്‍കാരാണ് ക്രിസ്തുമസ് ട്രീ ആദ്യമായി ഉണ്ടാക്കിയത്. വൈന്‍, ദേവദാരു, ബാന്‍സെം തുടങ്ങിയ മരങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കാറുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇംഗ്ലണ്ടില്‍ ക്രിസ്തുമസ് ട്രീ പ്രചാരം നേടിയത്. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനായിരുന്നു ക്രിസ്തുമസ്ട്രീ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. പതിനേഴാം നൂറ്റാണ്ടില്‍ അമേരിക്കയിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യയൂറോപ്പിലും അത് പ്രചാരം നേടി. 1920 നൂറ്റാണ്ടുകളില്‍ എത്തിയ പാശ്ചാത്യന്‍ മിഷണറിമാരിലൂടെ ഏഷ്യയിലും ഇതിന് പ്രചാരം ലഭിച്ചു. ഈണത്തിലുള്ള പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമുള്ള ക്രിസ്തുമസ് കരോളുകളും ആലപിക്കാറുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വര്‍ണപ്പകിട്ടാര്‍ന്ന ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ അയക്കാറുമുണ്ട്. കടലാസ് തുണി, കാര്‍ഡ്ബോഡ്, ലോഹം, തുടങ്ങിയവയിലൊക്കെ ഇതു തയ്യാറാക്കാറുണ്ട്.

1843ല്‍ ഇംഗ്ലണ്ടിലാണത്രെ ഇന്നു കാണുന്ന രൂപത്തിലുള്ള ആദ്യത്തെ ക്രിസ്തുമസ് ആശംസാ കാര്‍ഡ് രൂപകല്‍പന ചെയ്തത്. പല വലിപ്പത്തിലും വ്യത്യസ്ത വിലയിലുമുള്ള കാര്‍ഡുകള്‍ നിലവിലുണ്ട്. ഷെരാഡ്സ്, സ്റ്റാപ്ഡ്രാഗണ്‍, കുഷ്യന്‍ ഡാന്‍സ്, കസേരക്കളി തുടങ്ങിയ വ്യത്യസ്ത കളികളും ക്രിസ്തുമസ് കളികള്‍ എന്ന പേരില്‍ പ്രചാരത്തിലുണ്ട്. ക്രിസ്തുമസ് പടക്കങ്ങള്‍, സ്റ്റാമ്പുകള്‍, ക്രിസ്തുമസ് ഈവ്, യൂള്‍ മരം കത്തിക്കല്‍, ക്രിസ്റ്റിംഗിള്‍ (മെഴുകുതിരി കുത്തിനിര്‍ത്തി അലങ്കരിച്ച ഓറഞ്ച്) ഇവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.

വെളുത്ത താടിയും ചവന്ന രോമക്കുപ്പായവും ധരിച്ച സാന്താക്ലോസ് അപ്പൂപ്പന്‍ വന്ന് കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനപ്പൊതികള്‍ നല്‍കുക എന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സാന്താക്ലോസ് വിശുദ്ധ നിക്കോളസിനെയാണ് ഓര്‍മിപ്പിക്കുന്നത്. ഡച്ചുഭാഷയില്‍ വിശുദ്ധ നിക്കോളാസിന് ഡിന്‍റര്‍ ക്ലാസ് അഥവാ സാന്‍ ക്ലാസ് എന്നാണ് പറയുക. ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ നെതര്‍ലന്‍റുകാരായ തീര്‍ത്ഥാടകര്‍ സാന്‍ക്ലാസ് എന്ന പേര് അമേരിക്കയില്‍ പ്രചരിപ്പിക്കുകയും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ ഈ പേര് അല്‍പമൊന്ന് മാറ്റി സാന്താക്ലോസ് എന്നാക്കുകയും ചെയ്തു.

പല നിറത്തിലും ആകൃതിയിലുമുള്ള ചെറുതും വലുതുമായ മധുരമൂറുന്ന ക്രിസ്മസ് കേക്കുകളും ആഘോഷത്തിന്റെ ഭാഗമായി സജ്ജീകരിക്കാറുണ്ട്. ഇത്തരത്തില്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ ക്രിസ്തുമസിന്റെ ഭാഗമായി ഇന്ന് ക്രൈസ്തവ സമൂഹത്തില്‍ നിലനിന്നുപോരുന്നു.

ബൈബിള്‍ എന്തു പറയുന്നു

ഇന്നുള്ള എല്ലാ സഭക്കാരും കത്തോലിക്കാ സഭ തന്നെയും ക്രിസ്തുമസ് വിജാതീയരുടെ ആഘോഷമാണെന്ന് അംഗീകരിക്കും അതുകൊണ്ട് തന്നെ അത് അനാചാരമാണെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ വിജാതീയരുടെ ആഘോഷങ്ങളൊന്നും അനുകരിക്കരുതെന്ന് ബൈബിള്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

“യിസ്രായേല്‍ ഗൃഹമേ, യഹോവ നിങ്ങളോടു അരുളി ചെയ്യുന്ന വചനം കേള്‍പ്പിന്‍. യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്. ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്. ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്” (യിരവ്യ 10/13, ആവര്‍ത്തനം 12/31).

യെഹസ്കിയേല്‍ പ്രവാചകന്റെ കാലത്ത് താമ്മുസിന് (ബാബിലോണിയന്‍ സങ്കല്‍പത്തില്‍ വേനല്‍ക്കാലത്തു മരിക്കുകയും മഴക്കാലത്ത് പുനര്‍ജനിക്കുകയും ചെയ്യുന്ന ജീവന്റെ ദേവന്‍) വേണ്ടി കരയാറുണ്ടായിരുന്നു. ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്ത ജനതയോട് ദൈവം വളരെ ക്രോധത്തോടെ തിരിഞ്ഞ രംഗം ബൈബിള്‍ വ്യക്തമായി വിവരിക്കുന്നുണ്ട്.

“അവിടുന്ന് എന്നെ ദേവാലയത്തിന്റെ വടക്കേ വാതിലിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ താമ്മുസിനെക്കുറിച്ച് വിലപിക്കുന്ന സ്ത്രീകള്‍. അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവ് ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദേവാലയത്തിന് പുറം തിരിഞ്ഞ് കിഴക്കോട്ട് നോക്കി നല്‍ക്കുന്നു. അവര്‍ കിഴക്കോട്ട് നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ കൊണ്ട് നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു. അവര്‍ അതാ മൂക്കത്തു കമ്പുവയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെ നേരെ തിരിയും. ഞാന്‍ അവരെ വെറുതെ വിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല” (എസെക്കിയേന്‍ 8/1418).

ഇതര ജാതികളുടെ ആരാധനയും ആഘോഷങ്ങളും ദൈവകോപത്തിനു കാരണമാകുമെന്നാണ് ബൈബിള്‍ പറയുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജോസിയ രാജാവ് സൂര്യചന്ദ്ര നക്ഷത്രങ്ങള്‍ക്ക് ധൂപാര്‍ച്ചന നടത്തിയവരെ പുറംതള്ളുന്നതായി കാണാം.

യൂദായിലും ജറുസലെമിനു ചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചന നടത്താന്‍ യൂദാ രാജാക്കന്മാര്‍ നിയമിച്ച വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രന്മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശ ഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവര്‍ സ്ഥാന ഭ്രഷ്ടരാക്കി (2 രാജാക്കന്മാര്‍ 23/5).

മറ്റു സംസ്കാരത്തെ അനുകരിക്കുന്നവര്‍ വധശിക്ഷക്ക് അര്‍ഹരാണെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്: “ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍ ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലിനെ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍ ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണ വാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം” (ആവര്‍ത്തനം 17/35).

ക്രിസ്തുമസിന്റെ പേരുപറഞ്ഞ് പുല്‍ക്കൂടുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും യോസേഫിന്റെയും പ്രതിമകള്‍ പ്രതിഷ്ഠിക്കുന്ന ക്രൈസ്തവ സമൂഹത്തോട് ബൈബിള്‍ അത് വിലക്കുന്നു:

“അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍ പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍” (ആവര്‍ത്തനം 4/1619).

ഇത്തരം വിഗ്രഹങ്ങള്‍ തച്ചുടക്കണമെന്നുകൂടി ബൈബിള്‍ കല്‍പ്പിച്ചിട്ടുണ്ട്: “ഇപ്രകാരമാണ് നിങ്ങള്‍ അവരോട് ചെയ്യേണ്ടത്: അവരുടെ ബലിപീഠങ്ങള്‍ നശിപ്പിക്കണം, സ്തംഭങ്ങള്‍ തകര്‍ക്കണം, അഷേരാ ദേവതയുടെ സ്തൂപങ്ങള്‍ വെട്ടിവീഴ്ത്തണം, വിഗ്രഹങ്ങള്‍ തീയില്‍ ചുട്ടെരിക്കണം” (ആവര്‍ത്തനം 7/5).

“തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹ പ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക” (സംഖ്യ 33/52).

ആഘോഷത്തിന്റെ ഭാഗമായി അലങ്കരിക്കുന്ന ട്രീയെയും ബൈബിള്‍ നിരോധിക്കുന്നതു കാണാം:

“ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ത്ഥമാണ്. വനത്തില്‍ നിന്നും വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്റെ ഉളി പ്രയോഗിക്കുന്നു. അവര്‍ അത് വെള്ളിയും സ്വര്‍ണവും കൊണ്ട് പൊതിയുന്നു. വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാര ശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല” (ജറമിയ 10/36).

യേശു എപ്പോള്‍ ജനിച്ചു

യേശു ജനിച്ച ദിവസമോ മാസമോ വര്‍ഷമോ ഒന്നും തന്നെ സുവിശേഷകരാരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നും ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നു.

ആധുനിക പണ്ഡിതാഭിപ്രായം ബിസി എട്ടാം നൂറ്റാണ്ടിലാണെന്നാണ് (new catholic

encyclopedia, vol. III, mcgraw hill, 1967, p 656).). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കോളിന്‍ ഹംഫിസിന്റെ ഗണനപ്രകാരം യേശുവിന്റെ ജനനം ബിസി 13 മുതല്‍ 27 വര്‍ഷത്തിനുള്ളില്‍ ഏപ്രില്‍ അഞ്ചിനായിരുന്നു (colin hamphreys, the star of bethlehem, science and christian belief, p 90).

പുതിയ നിമയപണ്ഡിതരില്‍ ചിലര്‍ യേശുവിന്റെ ജനന മാസം പ്രത്യേക തരത്തില്‍ ഗണിച്ചിട്ട് പറയുന്നു: “അബിയായിലേക്കുള്ള യാത്രയുടെ ദിനം (ലൂക്ക് 1/5) മുതല്‍ സ്നാപക യോഹന്നാന്റെ ജനനം വരെ 9 മാസമെന്നും മറ്റൊരു 6 മാസം യേശുവിന്റെ ജനനത്തിനുണ്ടായി എന്നും കണക്കാക്കിയാല്‍ സെപ്തംബര്‍ അവസാനമാണത് നടന്നതെന്ന് മനസ്സിലാകും (j.heading, ‘mathew’ in what the bible teachers, t. Wilson et,al, johnritchie ltd, p 46).

യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ യേശുവിന്റെ ജനനം നടന്നത് ഏകദേശം ഒക്ടോബര്‍ ഒന്നിനാണ്. ആട്ടിന്‍കൂട്ടത്തെ ആട്ടിടയന്മാര്‍ രാത്രിയില്‍ മേയ്ക്കുന്ന (ലൂക്ക് 2/812) സമയമതാണ് what does god require of us a watch tower bible tract society, p 22).

യേശുവിന്റെ ജനനത്തെപ്പറ്റി good news bibleപറയുന്നത് ഇപ്രകാരമാണ്: “ക്രിസ്താബ്ധം കണക്കാക്കുന്നത് ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ്. എഡി യുടെ വിവക്ഷ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്. എന്നാല്‍ യേശുവിന്റെ ജനനത്തിയ്യതി കണക്കാക്കിയതില്‍ ഏതാനും വര്‍ഷങ്ങളുടെ പിശക് പറ്റിയതായി പില്‍ക്കാലത്ത് കണ്ടെത്തപ്പെട്ടു. അതിനാല്‍ യേശുവിന്റെ ജനനം ബിസി ആറാം ആണ്ടിലായിരുന്നു എന്നാണ് കരുതപ്പെടുന്നത് (good news bible, todays english version, bible society of india, p 358).

ബൈബിള്‍ പാഠമനുസരിച്ച് യേശുവിന്റെ ജന്മദിനം കണക്കാക്കിയവര്‍ ഇപ്രകാരം വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. ഇതില്‍ ഏതു സൂചനകളും മാനദണ്ഡങ്ങളുമനുസരിച്ചാണെങ്കിലും ഡിസംബര്‍ 25 യേശുവിന്റെ ജന്മദിനമാണെന്ന് കണക്കാക്കാനാവില്ല.

സുവിശേഷകനായ ലൂക്കോസ് യേശുവിന്റെ ജന്മദിനം വിശദീകരിച്ചതില്‍ നിന്നും (ലൂക്കോസ് 2/8) വ്യക്തമാക്കുന്നത് ഇടയന്മാര്‍ രാത്രിയില്‍ പുറത്ത് ആടിനെ മേയ്ക്കുന്ന നാളിലാണ് യേശു ബത്ലഹെമില്‍ ജനിച്ചത് എന്നാണ്. ഡിസംബര്‍ മാസത്തിലാകട്ടെ ബെത്ലഹെമില്‍ ശക്തമായ മഞ്ഞുവീഴ്ചയായിരിക്കും. മഴക്കാലത്തിന്റെ ആരംഭത്തോടെ അഥവാ ഒക്ടോബര്‍ അവസാനത്തോടെ രാത്രിയില്‍ ആടുകളെ മേയ്ക്കുന്നത് നിര്‍ത്തും. ജൂസിയ പ്രദേശത്തെ ഏറ്റവും വലിയ മഴക്കാലം ഡിസംബറായതിനാല്‍ ആട്ടിടയന്മാരും ആടുകളും പുറത്ത് ഉണ്ടാവില്ല. അതിനാല്‍ ലൂക്കോയുടെ വിവരണമനുസരിച്ച് യേശുവിന്റെ ജനനം വസന്തകാലത്തോ ശിശിരകാലത്തോ ആയിരിക്കാം. യേശുവിന്റെ ജനനസമയം സുവിശേഷകനായ മത്തായിയും ലൂക്കോയും പറയുന്നത് അത് ജൂഡിയയില്‍ ഹിറോദോസ് രാജാവായിരിക്കുമ്പോഴാണ് എന്നാണ് (മത്തായി 2/1, ലൂക്കോ 1/5). ഇതിനര്‍ത്ഥം ക്രി.മു മൂന്നാം ആണ്ടിലാണെന്നാണ്. എന്നാല്‍ ലൂക്കോസ് നിബേരിയസിന്റെ ഭരണത്തിലെ 15ാമത്തെ വര്‍ഷം സ്നാപക യോഹന്നാന്‍ യേശുവിനെ ജ്ഞാനസ്നാനം ചെയ്യിപ്പിച്ചു എന്നു പറയുന്നു (ലൂക്കോസ് 3/123). അതായത് ക്രിസ്തു വര്‍ഷം 2829നുമിടക്കുള്ള ഒരു തിയതിയായിരിക്കും അത്. യേശുവിന്റെ ജനനം ക്രി.മു 1നും 2നുമിടയ്ക്ക് നടന്നതായി ഇത് സൂചിപ്പിക്കുന്നു.

ഇതില്‍ നിന്നൊക്കെ ലളിതമായി മനസ്സിലാക്കാനാവുന്നത് യേശു പഠിപ്പിച്ച മതത്തില്‍ പിന്നീടുണ്ടായ വിജാതീയ സ്വാധീനമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ പിന്നിലെന്നാണ്. ഈ വിഷയത്തില്‍ ആധികാരിക പഠനം നടത്തി സന്ദേഹമുക്തി വരുത്താന്‍ ക്രൈസ്തവ പണ്ഡിതര്‍ താല്‍പര്യം കാണിക്കേണ്ടിയിരിക്കുന്നു.

 

ജുനൈദ് ഖലീല്‍ നൂറാനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ