കോഴിക്കോട്: ആരോഗ്യപൂര്‍ണമായ കുടുംബ ജീവിതത്തിനും അത് വഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ പൂര്‍വോപരി പ്രാപ്തരാക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതിസമസ്ത കേരള സുന്നി യുവജനസംഘം നടപ്പിലാക്കുന്നു. മഹല്ല് സംവിധാനങ്ങളെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി പെണ്‍ കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ആറായിരത്തിലധികം യൂണിറ്റുകളില്‍ തുടക്കം കുറിച്ചു. “യൗവനം നാടിനെ നിര്‍മിക്കുന്നു” എന്ന തലക്കെട്ടില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന ഈ കാമ്പയിനിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ മാതൃസംഗമങ്ങളും സഹോദരിസംഗമങ്ങളും സംഘടിപ്പിക്കും.
മതപണ്ഡിതന്മാര്‍, ആരോഗ്യ മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓരോ മഹല്ലിലും പെണ്‍കുട്ടികള്‍ക്കായി പ്രീ മാരിറ്റല്‍ മീറ്റുകളും സംഘടിപ്പിക്കും. വിവാഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ മതകീയ വീക്ഷണങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെയും കുറിച്ച് കര്‍മശാസ്ത്ര നിയമ വിദഗ്ധര്‍ ഈ മീറ്റുകളില്‍ വിശദീകരിക്കും. വ്യക്തിതലത്തിലും കുടുംബതലത്തിലും സാമൂഹിക തലത്തിലും ആരോഗ്യപൂര്‍ണമായ ജീവിതം കെട്ടിപ്പടുക്കാനാവശ്യമായ അവബോധം മുസ്‌ലിംപെണ്‍കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കലാണ് ഈ കാമ്പയിനിലൂടെ എസ്.വൈ.എസ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം തന്നെ ആതുര ശ്രുശ്രൂഷരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സാന്ത്വനം രണ്ടാം ഘട്ട കര്‍മപദ്ധതികള്‍ക്കു തുടക്കം കുറിക്കും. നവംബറില്‍ കേരളത്തിലെ മുഴുവന്‍ യൂണിറ്റുകളിലും ഹെല്‍ത്ത് സ്കൂളുകള്‍ നടക്കും. ആരോഗ്യ ബോധവല്‍ക്കരണവും, രക്തഗ്രൂപ്പ് നിര്‍ണയ കേന്പും അനുബന്ധപരിപാടികളുമാണ് ഹെല്‍ത്ത് സ്കൂളിന്റെ ഭാഗമായി നടക്കുന്നത്. കിടപ്പിലായ രോഗികളെയും മറ്റും പരിചരിക്കാന്‍ പ്രത്യേകപരിശീലനം ലഭിച്ച 18964 സന്നദ്ധസേവകര്‍ സാന്ത്വനം ക്ലബ്ബുകള്‍ വഴി സേവനം ചെയ്യും. യൂണിറ്റുകളില്‍ ആരംഭിക്കുന്ന സാന്ത്വനകേന്ദ്രങ്ങള്‍ വഴി അവശരായ രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കും.
ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള സൗജന്യ മരുന്ന് വിതരണം, സേവന സന്നദ്ധരായ ഡോക്ടര്‍മാരെയും വളണ്ടിയര്‍മാരെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാന്ത്വനം ക്ലിനിക്കുകള്‍ എന്നിവ ആരംഭിക്കും. താലൂക്ക്, ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സാന്ത്വനതീരം വളണ്ടിയര്‍മാരുടെ സേവനവും പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കല്‍ ഷോപ്പുകളുടെയും ലബോറട്ടറികളുടെയും പ്രവര്‍ത്തനവും എല്ലാ ജില്ലകളിലും ആരംഭിക്കും. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 60 വാര്‍ഡുകള്‍ എസ്.വൈ.എസ് ദത്തെടുക്കും. ഇവിടങ്ങളിലെ രോഗികള്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ സാന്ത്വനം കേന്ദ്രങ്ങള്‍ മുഖേന വിതരണം ചെയ്യും.
അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന സാമൂഹികആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി സോണ്‍ തലങ്ങളില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളി സംഗമങ്ങളും സംഘടിപ്പിക്കും. വിദഗ്ധ തൊഴില്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് സുന്നിസംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.സികളില്‍ ഞായറാഴ്ചകളില്‍ പ്രത്യേക പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട അറുപത് കേന്ദ്രങ്ങളില്‍ ബസ് യാത്രക്കാര്‍ക്കും മറ്റുമായി 60 ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. കുടിവെള്ളപദ്ധതി, നീര്‍ത്തട ശുചീകരണം, ബുക്ക്ഷോപ്പ്, ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ എന്നിവ കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ…

നരകം അഹങ്കാരിക്ക്

സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്.…