ramadan-malayalam article

തഖ്‌വ സംഭരണത്തിന്റെ അസുലഭാവസരമാണ് വിശുദ്ധ റമളാന്‍. റമളാന്‍ വ്രതത്തിന്റെ കാതല്‍ തന്നെ തഖ്‌വ ആര്‍ജ്ജിക്കലാണ് (അല്‍ബഖറ: 183). മുഴുവന്‍ വിശ്വാസികളില്‍ നിന്നും അല്ലാഹു ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതുമാണ് തഖ്‌വ. ‘അല്ലാഹുവിനെ അനുസരിക്കുക, അവന് എതിര്‍ ചെയ്യാതിരിക്കുക, അവനെ ഓര്‍ക്കുക, മറക്കാതിരിക്കുക, നന്ദി ചെയ്യുക, നന്ദികേട് കാണിക്കാതിരിക്കുക’ ഇങ്ങനെയാണ് തഖ്‌വയെ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിര്‍വചിച്ചത്. ‘അല്ലാഹുവിനെ ഭയപ്പെടുക, ഖുര്‍ആനനുസരിച്ച് കര്‍മം ചെയ്യുക, കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുക, അന്ത്യയാത്രക്ക് തയ്യാറെടുക്കുക’ എന്നത് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വിന്റെ നിര്‍വചനം. അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും വിരോധങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നാണ് നിരവധി പണ്ഡിതന്മാര്‍ തഖ്‌വയെ നിര്‍വചിച്ചിട്ടുള്ളത്. അനേകം വചനങ്ങളില്‍ തഖ്‌വ സമ്പാദിക്കാനുള്ള ആഹ്വാനം ഖുര്‍ആന്‍ നടത്തുന്നുണ്ട്. തഖ്‌വയുള്ളവരുടെ സവിശേഷതകള്‍ പരിചയപ്പെടുത്തുന്ന വചനങ്ങളും നിരവധി. ‘മഹത്തായ ഔന്നത്യമാണ് തഖ്‌വയുടെ വാഹകര്‍ക്കുള്ളത്. അവര്‍ കൃഷി ചെയ്ത് കാവലിരിക്കുന്നു. വളം നല്‍കി വളര്‍ത്തുന്നു. നാശമോ നഷ്ടമോ സംഭവിക്കാനിടവരാതെ കൃഷിയെ സംരക്ഷിക്കുന്നു. ഒരു കേടുപാടും കൂടാതെ അത് കൊയ്‌തെടുത്ത് വില്‍പ്പന നടത്തുന്നു.’ ശൈഖ് ജീലാനി(റ) അടക്കമുള്ളവര്‍ തഖ്‌വയില്‍ ജീവിച്ച് ലാഭം സമ്പാദിക്കുന്നവരെ ഇങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

  തഖ്‌വയുടെ ഫലങ്ങള്‍

ഖുര്‍ആനും സുന്നത്തും പരിചയപ്പെടുത്തിയ തഖ്‌വയുടെ ഫലങ്ങള്‍ നിരവധിയുണ്ട്. ഒന്ന്: അല്ലാഹുവിന്റെ സാമീപ്യം, സ്‌നേഹം. ‘അല്ലാഹുവിന്റെ കരാര്‍ പൂര്‍ത്തിയാക്കുകയും തഖ്‌വയില്‍ ജീവിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു തഖ്‌വയുള്ളവരെയാണ് ഇഷ്ടപ്പെടുക’ (ആലു ഇംറാന്‍: 76). രണ്ട്: കര്‍മങ്ങളുടെ സ്വീകാര്യത. ‘തീര്‍ച്ചയായും തഖ്‌വയുള്ളവരില്‍ നിന്നാണ് അല്ലാഹു സ്വീകരിക്കുക’ (മാഇദ: 27). മൂന്ന്: അന്ത്യവിജയം. ‘ഭൂമി അല്ലാഹുവിനുള്ളതാണ്. തന്റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അത് അനന്തരമായി ലഭിക്കും. അന്ത്യവിജയം മുത്തഖീങ്ങള്‍ക്കുള്ളതാണ്’ (അഅ്‌റാഫ്: 128). നാല്: സുരക്ഷിത സ്ഥാനം, ശാശ്വത അനുഗ്രഹം. ‘തീര്‍ച്ചയായും മുത്തഖീങ്ങള്‍ക്കാണ് വിജയം. തോട്ടങ്ങളും മുന്തിരിത്തോപ്പുകളും അവര്‍ക്കുണ്ട്. നിതംബം ഉയര്‍ന്ന് നില്‍ക്കുന്ന തരുണികളും’ (നബഅ്: 31-32). സൂറത്തുല്‍ ഖമര്‍, സൂറത്തു ദ്ദുഖാന്‍ തുടങ്ങിയവ സമാന്തര ആശയത്തിലുള്ള വചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ മുത്തഖീങ്ങളുടെ സവിശേഷതകള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെ: അദൃശ്യ കാര്യങ്ങള്‍ വിശ്വസിക്കുക, നിസ്‌കാരം കൃത്യമായി നിര്‍വഹിക്കുക, നല്‍കപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുക, തിരുനബിക്കും മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക, അന്ത്യനാളില്‍ ദൃഢവിശ്വാസമുണ്ടാവുക എന്നിവയാണവ. ആലുഇംറാന്‍ 133 മുതല്‍ 135 വരെയുള്ള വചനങ്ങളില്‍ മുത്തഖീങ്ങള്‍ക്കുള്ള ചില സവിശേഷതകള്‍ പരിചയപ്പെടുത്തുന്നുണ്ട്: ഐശ്വര്യത്തിലും പ്രയാസത്തിലും ചെലവഴിക്കുന്നവര്‍, ദേഷ്യം ഒതുക്കിവെക്കുന്നവന്‍, ജനങ്ങള്‍ക്ക് മാപ്പ് നല്‍കുന്നവന്‍, വല്ല തെറ്റുകളും സംഭവിച്ചാല്‍ അല്ലാഹുവിനെ ഓര്‍ക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നവര്‍ എന്നിവയാണവ.

  മഹത്തുക്കളുടെ റമളാന്‍

റമളാനിന്റെ ആത്യന്തിക ലക്ഷ്യമായ തഖ്‌വയും വ്യക്തി സംസ്‌കരണവും സ്വായത്തമാക്കാന്‍ കഠിന ശ്രമങ്ങളാണ് മുന്‍കാല മഹത്തുക്കള്‍ ജീവിതത്തില്‍ സ്വീകരിച്ചത്. അരയും തലയും മുറുക്കി റമളാനിനായൊരുങ്ങി ഒന്നൊഴിയാതെ എല്ലാ നന്മകളും പൂര്‍ണാര്‍ത്ഥത്തില്‍ സംഭരിക്കുകയായിരുന്നു അവര്‍. ഖുര്‍ആന്‍ പാരായണം, വ്രതം, നോമ്പ് തുറപ്പിക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ജ്ഞാന സമ്പാദനം, ഇഅ്തികാഫ്, നിശാനിസ്‌കാരം, ഖുര്‍ആന്‍ പഠനം അടക്കമുള്ള ധന്യാരാധനകളില്‍ മുന്‍ഗാമികള്‍ കാണിച്ചിരുന്ന ശുഷ്‌കാന്തിയും പരിശ്രമവും ത്യാഗനിര്‍ഭരമായിരുന്നു. ഇസ്‌ലാം സൃഷ്ടിച്ചെടുത്ത സവിശേഷ ധര്‍മസമൂഹത്തിന്റെ പാതയും രീതിയും ചരിത്രം കുറിച്ചിടുന്നുണ്ട്. റമളാനില്‍ ഖുര്‍ആന്‍ പാരായണത്തിനായി പ്രത്യേകം കരുതുന്ന പ്രകൃതമായിരുന്നു ഉസ്മാന്‍(റ)വിന്റേത്. റമളാനില്‍ എല്ലാ ദിവസവും ഒരു ഖത്മ് അദ്ദേഹം പൂര്‍ത്തിയാക്കുമായിരുന്നു. മഹത്തുക്കളില്‍ ചിലര്‍ നിശാ നിസ്‌കാരത്തില്‍ മൂന്ന് ദിവസത്തിലായി ഖത്മ് പൂര്‍ത്തിയാക്കും. മറ്റു ചിലര്‍ ഏഴ് ദിവസത്തിലും പത്ത് ദിവസത്തിലുമൊക്കെയായി ഖുര്‍ആന്‍ ഖത്മില്‍ ശ്രദ്ധിച്ചിരുന്നു. ഇമാം ശാഫിഈ(റ) നിസ്‌കാരത്തിലല്ലാതെ റമളാനില്‍ അറുപത് ഖത്മാണ് ഓതിയിരുന്നത്. ഖതാദത്ത്(റ) റമളാനില്‍ മൂന്ന് ദിവസത്തില്‍ ഒരു ഖത്മും അവസാന പത്തില്‍ ഓരോ രാത്രിയിലും ഒരു ഖത്മും ഓതുമായിരുന്നു. പ്രസിദ്ധ ഹദീസ് പണ്ഡിതനായ സുഹ്‌രി റമളാന്‍ എത്തിയാല്‍ ഹദീസ് പഠനവും മറ്റ് വിജ്ഞാനാന്വേഷണങ്ങളും ഗവേഷണങ്ങളുമെല്ലാം മാറ്റിവെച്ച് പൂര്‍ണ സമയവും ഖുര്‍ആന്‍ പാരായണത്തിനായി നീക്കിവെച്ചു. സുഫ്‌യാനുസ്സൗരി(റ)യും ഇതേ പ്രകൃതക്കാരനായിരുന്നു. ഹമ്പലീ പണ്ഡിതനായ ഇബ്‌നു റജബ്(റ) പറഞ്ഞു: ‘വിശുദ്ധ റമളാന്‍ പോലുള്ള പവിത്ര മാസങ്ങള്‍, മക്ക പോലുള്ള പുണ്യസ്ഥലങ്ങള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ വര്‍ധനവിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ഥലത്തിന്റേയും സമയത്തിന്റേയും പുണ്യ സമ്പാദനത്തിന് അവസരങ്ങള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.’ മഹാന്മാരായ അഹ്മദ്, ഇസ്ഹാഖ് അടക്കമുള്ളവരും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇഅ്തികാഫിന്റെ കാര്യത്തില്‍ മഹത്തുക്കള്‍ റമളാനില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. തിരുനബി(സ്വ) തന്നെ റമളാനില്‍ പത്ത് ദിവസം ഇഅ്തികാഫിനായി മാറ്റിവെച്ചിരുന്നുവെന്നും തിരുനബിയുടെ വഫാത്തിന്റെ വര്‍ഷത്തിലെ റമളാനില്‍ ഇരുപത് ദിവസം ഇഅ്തികാഫില്‍ കഴിഞ്ഞിരുന്നുവെന്നും ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ, നിസ്‌കാരം അടക്കമുള്ള ആരാധനകളുടെ കൂട്ടായ്മയാണ് ഇഅ്തികാഫ് കൊണ്ട് നേടാനാകുന്നത്. ഇത് കാരണം സ്വഹാബത്ത് റമളാനിലെ ഇഅ്തികാഫിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരുന്നു. പ്രത്യേകം സ്ഥലങ്ങള്‍ നിര്‍ണയിച്ചും തൂണുകള്‍ അടയാളപ്പെടുത്തിയും പള്ളികളില്‍ റമളാനില്‍ കഴിഞ്ഞ് കൂടിയിരുന്ന സാത്വികരുടെ ചരിത്രങ്ങളാണ് പ്രമാണങ്ങള്‍ പറഞ്ഞ് തരുന്നത്. ഖുലഫാഉര്‍റാശിദുകളടക്കമുള്ള സ്വഹാബി പ്രമുഖരുടെ ജീവിത രേഖകള്‍ അതിന് സാക്ഷ്യമാണ്.

തെറ്റുകളുടെ കറകളില്ലാത്ത മനസ്സും ശരീരവുമാണ് വിശ്വാസി റമളാനില്‍ നേടിയെടുക്കേണ്ടത്. പാപ മോചനത്തിനായി താഴ്മയോടെ റബ്ബിലേക്ക് കൈകളുയര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാവണം. അവന്റെ പൊരുത്തം നേടണം. അത്താഴ സമയത്തെ ഇസ്തിഗ്ഫാറും പകലിലെ വ്രതവും ഖുര്‍ആന്‍ പാരായണവും സ്വദഖകളുമായി റബ്ബിന്റെ മാപ്പിനായി കേണപേക്ഷിച്ചവരായിരുന്നു സച്ചരിതരായ മുന്‍ഗാമികള്‍. ‘പടച്ചവനേ! എന്റെ കുറ്റങ്ങള്‍ വളരെ വലുതാണ്. നിന്റെ മാപ്പും വലുത് തന്നെ. എന്റെ കുറ്റത്തിനും നിന്റെ മാപ്പിനുമിടയില്‍ നീ കൂട്ടിത്തരേണമേ’ (ലത്വാഇഫ് 370). ഇങ്ങനെയായിരുന്നു ഒരു മഹാത്മാവിന്റെ പ്രാര്‍ത്ഥന. സംഭവിച്ച തെറ്റുകളുടെ കാഠിന്യമോര്‍ത്ത് കണ്ണുനീര്‍ ചാലുകള്‍ ഒഴുക്കി രാവും പകലും അവര്‍ സാര്‍ത്ഥകമാക്കി. നിശാ നിസ്‌കാരം മഹാത്മാക്കളുടെ ഹൃദയഹാരിയായ ഇബാദത്തായിരുന്നു. വിശുദ്ധ റമളാനില്‍ പ്രത്യേകിച്ചും. സാഇബുബ്‌നു യസീദ്(റ) പറയുന്നു: ഉബയ്യ്ബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും റമളാനില്‍ ജനങ്ങള്‍ക്ക് ഇമാമത്ത് നിന്ന് നിസ്‌കരിക്കാന്‍ ഉമര്‍(റ) പ്രത്യേകം നിര്‍ദേശിച്ചിരുന്നു. വല്ലാത്ത ഹൃദയാനന്ദമായിരുന്നു ആ നിസ്‌കാരത്തിന്. ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം, നീണ്ട സുജൂദ്, മനസ്സില്‍ തട്ടുന്ന പ്രാര്‍ത്ഥന, ഇരുന്നൂറും അതില്‍ കൂടുതലും ആയത്തുകള്‍ ഓതിയുള്ള നിസ്‌കാരം, വടിയില്‍ ചാരിനിന്നും ചുമരില്‍ പിടിച്ചുനിന്നുമായിരുന്നു സ്വഹാബത്ത് നിസ്‌കാരം പൂര്‍ത്തിയാക്കിയിരുന്നത് (ബൈഹഖി). നിശാ നിസ്‌കാരത്തിന്റെ മഹത്ത്വം ഖുര്‍ആന്‍ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. സഈദുബ്‌നു മുസയ്യബ്(റ) പറഞ്ഞു: ‘നിശാ നിസ്‌കാരം നിര്‍വഹിക്കുന്നവന്റെ മുഖത്ത് പ്രത്യേക പ്രഭയുണ്ടാകും. എല്ലാ മുസ്‌ലിമും അവനെ സ്‌നേഹിക്കും. പരിചയമില്ലാത്തവര്‍ പോലും ഇയാളെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറയും.’ ഫുളൈലുബ്‌നു അബൂ ഉസ്മാനുന്നഹ്ദി(റ)യുടെ അനുഭവ സാക്ഷ്യം: ‘ഞാന്‍ അബൂഹുറൈറ(റ)വിനെ ഏഴ് പ്രാവശ്യം സല്‍ക്കരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹവും ഭാര്യയും സേവകനും രാത്രിയെ മൂന്നായി ഭാഗിച്ച് കുറച്ച് സമയം ഉറങ്ങുകയും ബാക്കി നിസ്‌കരിക്കുകയുമാണ് പതിവ്.’

റമളാനിന്റെ പ്രധാന കര്‍മങ്ങളില്‍ സലഫ് ശ്രദ്ധിച്ചിരുന്ന ഒന്നാണ് ഭക്ഷണം നല്‍കല്‍. വീട്ടില്‍ തയ്യാര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ പള്ളിയില്‍ കൊണ്ടുവന്ന് എല്ലാവരും ഒന്നിച്ച് ഭിന്നഭക്ഷണങ്ങള്‍ കഴിച്ച് നോമ്പ് തുറക്കലായിരുന്നു അവരുടെ രീതി. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരുപാട് പേരെ നോമ്പ് തുറപ്പിക്കാന്‍ കഴിയുമെന്നും ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ഒരാളും അവിടെയുണ്ടാവുകയില്ലെന്നുമൊക്കെയുള്ള സാമൂഹിക ഗുണങ്ങളുണ്ട്. മാത്രമല്ല, ഇവിടെ പങ്കുവെക്കപ്പെടുന്ന വിശപ്പ് സാമ്പത്തിക വര്‍ഗങ്ങള്‍ തമ്മിലുള്ള അന്തരങ്ങളെ മായ്ച്ച് കളയുന്നു. ‘ശഹ്‌റുല്‍ മുവാസാത്ത്’ എന്ന് തിരുനബി(സ്വ) റമളാനിനെ വിശേഷിപ്പിച്ചതിന്റെ പൊരുളും ഇതാണ്.

ഇബ്‌നു ഉമര്‍(റ) സാധുക്കളോടൊപ്പമായിരുന്നു നോമ്പ് തുറന്നിരുന്നത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോവുമ്പോള്‍ നിരവധി പാവങ്ങള്‍ കൂടെയുണ്ടാകും. എല്ലാവര്‍ക്കും തികയുന്ന ഭക്ഷണം വീട്ടിലില്ലെങ്കില്‍ അദ്ദേഹം ഭക്ഷണമൊന്നും കഴിക്കില്ല. അദ്ദേഹം ഭക്ഷണം കഴിക്കാനിരിക്കെ കയറി വരുന്ന സാധുക്കള്‍ക്ക് തന്റെ മുന്നിലുള്ളത് നീക്കിവെച്ചുകൊടുക്കും. ഒന്നും കഴിക്കാതെ അടുത്ത ദിവസത്തേക്ക് കടക്കും. ഉസ്മാനുബ്‌നു മുഗീറ(റ) പറയുന്നു: റമളാന്‍ മാസമെത്തിയാല്‍ ഹസന്‍, ഹുസൈന്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) എന്നിവരുടെ അടുത്തായിരുന്നു അലി(റ) ഓരോ ദിവസവും ഭക്ഷണം കഴിച്ചിരുന്നത്. മൂന്ന് ഉരുള ഭക്ഷണം മാത്രമായിരുന്നു അലി(റ)വിന്റെ ശീലം. സാധുക്കളെയും പാവപ്പെട്ടവരെയും ശ്രദ്ധിക്കണമെന്ന് അലി(റ) പ്രത്യേകം നിര്‍ദേശിച്ചിരുന്നു (ഉസ്ദുല്‍ഗാബ: 304/2). ദാനധര്‍മങ്ങള്‍ക്ക് റമളാനില്‍ മുന്‍ഗാമികള്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. റമളാന്‍ തന്നെ സ്വദഖയുടെയും ദാനധര്‍മങ്ങളുടേയും മാസമാണെന്ന് അനസ്(റ) വില്‍ നിന്ന് ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്ത നബിവചനത്തിലുണ്ട്. അടിച്ച് വീശുന്ന മാരുതന്‍ പ്രകൃതിക്ക് നല്‍കുന്ന കുളിര്‍മയേക്കാള്‍ ശക്തമായിരുന്നു റമളാനില്‍ തിരുനബിയുടെ ദാനധര്‍മങ്ങളെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. സ്വദഖയുടെ വചനം അവതരിച്ചപ്പോള്‍ മുതുകുകളില്‍ ചുമടായി സമ്പത്ത് വഹിച്ച് ദാനധര്‍മങ്ങള്‍ നടത്തിയ ചരിത്രമാണ് സ്വഹാബികളുടേത്. മര്‍സദുബ്‌നു അബ്ദുല്ല(റ) പള്ളിയിലേക്ക് പോവുമ്പോള്‍ ധരിച്ച വസ്ത്രത്തിന്റെയുള്ളില്‍ എന്തെങ്കിലും ഒന്നില്ലാതെ പോവാറില്ലായിരുന്നു. അത് പണമോ റൊട്ടിയോ ചോളമോ ചിലപ്പോള്‍ ഉള്ളി വരെ ഉണ്ടാകും. ഇത് കണ്ട യസീദുബ്‌നു അബൂഹബീബ് ചോദിച്ചു: ഉള്ളിയൊക്കെ വസ്ത്രത്തില്‍ പൊതിഞ്ഞ് കൊണ്ട് വന്നാല്‍ വസ്ത്രം ദുര്‍ഗന്ധമാവില്ലേ? മര്‍സദിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇതല്ലാതെ വീട്ടില്‍ സ്വദഖ നല്‍കാന്‍ വേറെയൊന്നും കണ്ടില്ല. തിരുനബി(സ്വ) പറയുന്നതായി അവിടുത്തെ ഒരനുയായി ഉദ്ധരിച്ചു: ‘അന്ത്യനാളില്‍ സത്യവിശ്വാസിയുടെ നിഴല്‍ അവന്റെ സ്വദഖയായിരിക്കും’ (അഹ്മദ്). സുഫ്‌യാനുസ്സൗരി(റ)ക്ക് തന്റെയടുക്കല്‍ സ്വദഖ ചോദിച്ച് വരുന്നവരോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം പറയും: ‘എന്റെ ദോഷങ്ങള്‍ കഴുകിക്കളയാനെത്തിയ മാന്യ അതിഥിക്ക് സ്വാഗതം’.

നാവിനെ അടക്കിയിരുത്താന്‍ നോമ്പുകാരനോട് പ്രത്യേകം നിര്‍ദേശമുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും തല്‍സംബന്ധിയായ ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്: മുന്‍ഗാമികളുടെ ജീവിതത്തില്‍ പ്രത്യേകം ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. ഉമര്‍(റ) പറയുന്നു: ‘ഭക്ഷണവും വെള്ളവും ഒഴിവാക്കലല്ല ശരിയായ നോമ്പ്. കളവും അനാവശ്യവും കള്ളസത്യവും ഒഴിവാക്കലാണത്’ (ഇബ്‌നു അബീ ശൈബ). ത്വല്‍ഖുബ്‌നുല്‍ ഖൈസ്(റ) റമളാനായാല്‍ നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങാറില്ലായിരുന്നു. നോമ്പ് എടുത്താല്‍ നാവ് നന്നായി ശ്രദ്ധിക്കണമെന്ന് അബൂദര്‍റ് പറയാറുണ്ടായിരുന്നു. ജാബിറുബ്‌നു അബ്ദില്ലാഹ്(റ) പറഞ്ഞു: നീ നോമ്പ് അനുഷ്ഠിച്ചാല്‍ ചെവിയും കണ്ണും നാവുമെല്ലാം തെറ്റുകളില്‍ നിന്ന് മാറ്റിനിറുത്തണം. നല്ലൊരു പ്രകൃതിയും മനോഭാവവും നിനക്ക് ഉണ്ടാവണം. ഉന്നതമായ ഒരു ഇബാദത്താണ് ഞാന്‍ നിര്‍വഹിക്കുന്നത് എന്ന് ഓര്‍മ വേണം. നിന്റെ നോമ്പും പെരുന്നാളും ഒരുപോലെയാവരുത് (ഇബ്‌നു അബീ ശൈബ: കിതാബുസ്സ്വിയാം 422/2). റമളാനില്‍ പള്ളികള്‍ മോടി പിടിപ്പിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതില്‍ സ്വഹാബത്തിന്റെ ഉദാത്ത മാതൃകകളുണ്ട്. നിശാ നിസ്‌കാര സൗകര്യത്തിനായി മുസ്‌ലിംകള്‍ സൗകര്യപ്പെടുന്ന രൂപത്തില്‍ മദീന പള്ളി വികസിപ്പിച്ചതും ദീപാലങ്കാരങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ചതും ഉമര്‍(റ) ആയിരുന്നു. അലി(റ)വിന്റെ ഭരണകാലത്ത് ജനങ്ങള്‍ തിങ്ങിനിറഞ്ഞ് ദീപാലംകൃതമായ പള്ളി കണ്ടപ്പോള്‍ അലി(റ) ദുആ ചെയ്തു. ‘ഞങ്ങളുടെ പള്ളികള്‍ക്ക് പ്രകാശം പരത്തിയ ഉമര്‍(റ) വിന്റെ ഖബര്‍ നീ പ്രകാശിപ്പിക്കേണമേ’ (ഉസ്ദുല്‍ ഗാബ 325/2).

റമളാന്‍ ഒരു വരവേല്‍പ്പാണ്. വിശ്വാസിയെ മുച്ചൂടും നന്നാക്കാനെത്തിയ മാന്യ അതിഥിക്കുള്ള വരവേല്‍പ്പ്. ആ അതിഥിക്ക് വേണ്ട ഉചിതമായ വിരുന്നൊരുക്കണം. വിശുദ്ധിയുടെ വിരുന്നിനായിരിക്കണം സുപ്ര വിരിക്കേണ്ടത്. ഹൃദയം നിറഞ്ഞ കൃതജ്ഞതയില്‍ നിന്നുണ്ടാകുന്ന വിരുന്നൊരുക്കിയാണത് നടത്തേണ്ടത്. സച്ചരിതര്‍ അടയാളപ്പെടുത്തിയ മേല്‍വിലാസത്തില്‍ അതിഥിയെ തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ ഒരുക്കി നമുക്കും സല്‍ക്കരിക്കാം. ധന്യപൂര്‍ണമായ വരവേല്‍പ്പാണല്ലോ ആ അതിഥി പ്രതീക്ഷിക്കുന്നത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ