roula ziyarath-malayalam

ദീന സന്ദർശനം സത്യവിശ്വാസിയുടെ ജീവിതാഭിലാഷങ്ങളിൽ അതിപ്രധാനപ്പെട്ടതാണ്. മക്കയിലെത്തിയ ഭക്തനായ വിശ്വാസിക്ക് തിരുനബി(സ്വ)യുടെ അന്ത്യവിശ്രമസ്ഥലമായ മദീനമുനവ്വറ സന്ദർശിക്കാതിരിക്കുക സാധ്യമല്ല. കാരണം വിശ്വാസി അനുഭവിക്കുന്ന സകലമാന ഗുണങ്ങൾക്കും കാരണക്കാരനാണ് തിരുനബി(സ്വ). അവന്റെ മാർഗദർശിയും ശിപാർശകരും രക്ഷകനും എല്ലാമെല്ലാം തിരുനബി(സ്വ) തന്നെയാണ്.

മദീനാ സിയാറത്തിനു അളവറ്റ ശ്രേഷ്ഠതകളും പുണ്യങ്ങളും മഹത്ത്വങ്ങളുമുണ്ട്. അത് അല്ലാഹുവിന് ചെയ്യുന്ന സുപ്രധാന ആരാധനകളിൽപെട്ടതാണ്. ലോക മുസ്‌ലിം പണ്ഡിതരുടെ ഏകാഭിപ്രായപ്രകാരം അത് വളരെ പ്രതിഫലാർഹമായ സുന്നത്താണ്. മാലികി മദ്ഹബിലെ ചില പണ്ഡിതരുടെ പക്ഷം അത് നിർബന്ധമാണെന്നും ഹനഫീ പണ്ഡിതരിൽ ചിലരുടെ വീക്ഷണത്തിൽ നിർബന്ധത്തോടടുത്ത ബാധ്യതയാണെന്നുമാണ്.

സ്ത്രീകൾക്കും ഈ സന്ദർശനം സുന്നത്ത് തന്നെയാണെന്ന് കർമ്മശാസ്ത്രപണ്ഡിതന്മാർ പറയുന്നുണ്ട്.

തിരുനബി(സ്വ)യെ നേരിൽ കാണാൻ സാധിക്കാത്ത സത്യവിശ്വാസി അവിടത്തെ അന്ത്യവിശ്രമസ്ഥലം സന്ദർശിച്ച് സായൂജ്യമടയുന്നു. സത്യവിശ്വാസത്തിന്റെ പ്രഭവകേന്ദ്രവും മടക്കസ്ഥാനവുമാണ് മദീന. ഈമാനും വിശ്വാസി ഹൃദയവും സദാ മദീനാ ശരീഫിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കും.

മദീനഹറമിന്റെ മഹത്ത്വവും വിശുദ്ധിയും വിവരിക്കുന്ന നിരവധി ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി(സ്വ)പറഞ്ഞു. നിശ്ചയം ഇബ്‌റാഹീം നബി(അ)യുടെ നാവിലൂടെ മക്കാപ്രദേശത്തെ അല്ലാഹു വിശുദ്ധനഗരമാക്കി. ഞാനിതാ മദീനയെ ഹറമാക്കി പ്രഖ്യാപിക്കുന്നു. അതിലെ വേട്ടമൃഗങ്ങളും മരങ്ങളും നശിപ്പിക്കപ്പെടരുത് (അഹ്മദ്).

അല്ലാഹു പറയുന്നു: ‘അവർ സ്വശരീരങ്ങളെ അക്രമിച്ച് താങ്കളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഏറെ തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ അവർ എത്തിക്കുമായിരുന്നു’ (അന്നിസാഅ്: 64)

പാപമോചനം ലഭിക്കാനുള്ള മാർഗമാണ് ഈ സൂക്തത്തിൽ അല്ലാഹു വിവരിക്കുന്നത്. കുറ്റവാളികൾ തിരുനബി(സ്വ)യുടെ അരികിൽ വരിക, മുത്തുനബി(സ്വ)യുടെ അനുഗ്രഹീത സന്നിധിയിൽ അവർ അല്ലാഹുവോട് പാപമോചനം തേടുക, നബി(സ്വ) അവർക്കുവേണ്ടി ശിപാർശ ചെയ്യുക. ഇങ്ങനെ മൂന്ന് നിബന്ധനകൾ പാലിച്ചാൽ അല്ലാഹു പൊറുക്കുമെന്നും വലിയ കാരുണ്യം ചൊരിയുമെന്നുമാണ് മേൽ ആയത്തിന്റെ സൂചന.

മഹാത്മക്കളെ അനുഭാവപൂർവ്വം സന്ദർശിക്കുക, അവരുടെ അനുഗ്രഹീത സന്നിധിയിൽ അല്ലാഹുവോട് പ്രാർത്ഥിക്കുക, അവരെ തവസ്സുലാക്കുക ഇവയെല്ലാം പ്രാർത്ഥന സ്വീകരിക്കുന്നതാവാൻ സഹായിക്കുന്നതാണെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം.

തിരുനബി(സ്വ)യുടെ ജീവിതകാലത്തും വഫാത്തിനുശേഷവും ഒരുപോലെ ഇത് ബാധകമാണെന്നാണ് പണ്ഡിതമതം. ഇമാം ഇബ്‌നു ഹജർ(റ)ന്റെ വിശദീകരണം കാണുക: ‘ജാഊക’ – അവർ തങ്ങളെ സമീപിച്ചാൽ എന്നപ്രയോഗം ജീവിതകാലത്തും വഫാത്തിനുശേഷവും വിദൂരസ്ഥലത്തുനിന്ന് യാത്രചെയ്തും അല്ലാതെയും അടുത്ത് നിന്നും അകലെനിന്നും എല്ലാം മുത്തുനബി(സ്വ)യെ സമീപിക്കാൻ ആവശ്യപ്പെടുന്നു. (അൽജൗഹറുൽ മുനള്ളം 48, ശിഫാഉസ്സഖാം 84)

ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന ജനപ്രതിനിധിയാണ് തിരുനബി(സ്വ) എന്നതിനാൽ ഇലാഹീരീതിപ്രകാരമുള്ള ഔദ്യോഗികവും ഔപചാരികവുമായ പ്രയോഗം കൂടിയാണിത്. (തഫ്‌സീർ കശ്ശാഫ് 1/528, നസഫി 1/233), റാസി 10/168).

അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഹിജ്‌റ പോകുന്നതിനെ കുറിച്ച് പരാമർശിക്കുന്ന സൂറത്തുന്നിസാഇലെ നൂറാമത്തെ ആയത്ത് വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജർ(റ) പറയുന്നു: നിശ്ചയം തിരുനബി(സ്വ)യെ അവിടുത്തെ വിയോഗശേഷം സിയാറത്ത് ചെയ്യുന്നത് ജീവിതകാലത്ത് സന്ദർശിക്കുന്നതുപോലെത്തന്നെയാണെന്ന് വ്യക്തമാകുന്നു (അൽജൗഹറുൽ മുനള്ളം പേജ് 48).

‘നിശ്ചയം ഈമാൻ മദീനയിൽ അഭയം തേടുന്നതാണ് സർപ്പം അതിന്റെ മാളത്തിൽ അഭയം തേടുന്നതുപോലെ’ എന്ന ഇമാം ബുഖാരി(റ)യുടെ 1743-ാം നമ്പർ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു. ”ഏതൊരു സത്യവിശ്വാസിയുടെയും മനസ്സ് തിരുനബിയോടുള്ള പ്രിയത്താൽ മദീനയിലെത്താൻ അഭിലഷിക്കുന്നു. ജീവിതകാലത്ത് നബിയിൽനിന്നും സ്വഹാബത്തിൽനിന്നും പഠിക്കാനും അവരുടെ ചര്യജീവിതത്തിൽ പകർത്താനും മദീനയിൽ വരുന്നു. അതിനുശേഷം തിരുനബി(സ്വ)യുടെ ഖബ്ർ ശരീഫ് സന്ദർശിക്കാനും മദീനപള്ളിയിൽ നിസ്‌കരിക്കാനും തിരുശേഷിപ്പുകൾകൊണ്ട് ബറകത്തെടുക്കാനും മദീനയിൽ വരുന്നു. അതിനാൽ മദീനാ സന്ദർശനം എക്കാലത്തും അനിവാര്യമായ പുണ്യകർമമാകുന്നു (ഫത്ഹുൽ ബാരി 5/551). ഇതേ വിശദീകരണം വിശ്വവിഖ്യാതപണ്ഡിതൻ ഇമാം നവവി(റ) ശറഹുമുസ്‌ലിമിലും നൽകുന്നുണ്ട് (വാള്യം 1 പേജ് 84).

പ്രവാചകന്റെ പാദസ്പർശമേറ്റില്ലായിരുന്നുവെങ്കിൽ ചരിത്രത്തിൽ അറിയാതെപോകുമായിരുന്ന വെറുമൊരു സാധാരണ പട്ടണമായിരുന്നു യസ്‌രിബ്. തിരുനബി(സ്വ)യുടെ ആഗമനത്തോടെ അത് നബിയുടെ നഗരമായി മാറി. നാശം എന്നർത്ഥമുള്ള യസ്‌രിബ് എന്നായിരുന്നു മദീനയുടെ ആദ്യത്തെ നാമം. മദീനത്തുൽ മുനവ്വറ പ്രശോഭിത പട്ടണം എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ത്വാബ, ത്വയ്യിബ, മുഖദ്ദസ എന്നിങ്ങനെ തൊണ്ണൂറ്റഞ്ച് അപരനാമങ്ങളുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

ഇസ്‌ലാമിന്റെ വളർച്ചയിലും വികാസത്തിലും അത്താണിയും ആസ്ഥാനവുമായി വർത്തിച്ച പുണ്യപ്രദേശമാണ് മദീന. വിശുദ്ധ ഇസ്‌ലാം പ്രശംസിച്ചു പറഞ്ഞ പല സ്ഥാപനങ്ങളും കേന്ദ്രങ്ങളും വ്യക്തിത്വങ്ങളും അവിടെയാണുള്ളത്. സത്യവിശ്വാസിക്ക് ഭൂമിയിലെ പറുദീസയാണ് മദീന മുനവ്വറ. ഭൂമിയിലെ സ്വർഗപൂന്തോപ്പ് മദീനയിലാണ്. നബി(സ്വ) പറഞ്ഞു. എന്റെ ഖബ്‌റിന്റെയും എന്റെ മിമ്പറിന്റെയും ഇടക്കുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽനിന്നുള്ള ഒരു പൂന്തോപ്പാകുന്നു. (ബുഖാരി, മുസ്‌ലിം).

മദീന സന്ദർശനത്തിന്റെ മഹത്ത്വവും പ്രാധാന്യവും വിശദീകരിക്കുന്ന ഒട്ടേറെ ഹദീസുകളുണ്ട്. അത്തരം സന്ദേശങ്ങളാണ് സത്യവിശ്വാസിയെ ആവേശഭരിതരാക്കുന്നത്. ചിലത് കാണാം:

മുത്തുനബി(സ്വ) പറയുന്നു: എന്റെ ഖബറിടം സന്ദർശിക്കുന്നവർക്ക് എന്റെ ശിപാർശ നിർബന്ധമായിക്കഴിഞ്ഞു (ദാറഖുത്‌നി 2727, വഫാഉൽ വഫാ 4/1333).

‘എന്റെ വഫാത്തിനുശേഷം ഹജ്ജ് നിർവ്വഹിച്ച് എന്റെ ഖബ്ർ സന്ദർശിച്ചാൽ എന്റെ ജീവിതകാലത്ത് എന്നെ സന്ദർശിച്ചതുപോലെയായി (അൽമുഅ്ജമുൽ കബീർ 13315, വഫാഉൽ വഫാ 4/1340).

വല്ലവനും എന്റെ ഖബർ സിയാറത്ത് ചെയ്താൽ ഞാനവന് ശിപാർശകനും സാക്ഷിയുമാകും (സുനനുൽകുബ്‌റ 5/545).

ഒരാൾ ഹജ്ജ് ചെയ്യാനെത്തിയിട്ട് എന്നെ സന്ദർശിക്കാതെ പോയാൽ അവൻ എന്നോട് പിണങ്ങിയവനാണ് (വഫാഉൽ വഫാ 4/1342).

കഴിവും സൗകര്യവുമുണ്ടായിട്ടും എന്നെ സന്ദർശിക്കാത്തവർക്ക് യാതൊരു കാരണവും ബോധിക്കാനില്ല (അദുർറത്തുസ്സമനിയ്യ ഫീ ഫളാഇലിൽ മദീന).

ആദ്യകാലംതൊട്ട് ഇന്നുവരെയുള്ള ലോക മുസ്‌ലിംകൾ ഹജ്ജിന് മുമ്പോ ശേഷമോ സന്ദർശനം നടത്തുന്നവരാണ്. പ്രമാണബന്ധമായി തെളിയിക്കപ്പെട്ട യാഥാർത്ഥ്യമാണിത്.

വിതണ്ഡവാദങ്ങളുടെ കാണാപ്പുറങ്ങൾ

മദീനാ സന്ദർശനം അത്രവലിയ കാര്യമൊന്നുമല്ല – ബിദ്അത്തുകാരുടെ പിഴച്ചവാദം ഇങ്ങനെയാണ്. ഇസ്‌ലാമുമായി ഇതിന് യാതൊരു ബന്ധവുമില്ല.

ഹജ്ജ് ചെയ്യാനെത്തുന്നവൻ മദീനാ സിയാറത്തിന് പോകണമെന്ന് ആഹ്വാനം ചെയ്യുന്ന ഹദീസുകളാണ് മുകളിലുദ്ധരിച്ചത്. ഹജ്ജ്, ഉംറയോട് ചേർന്നു നിൽക്കുന്ന വിശുദ്ധ കർമം തന്നെയാണ്. തിരുനബിയുടെ ഖബ്ർ സന്ദർശനമെന്ന് വ്യക്തം. ഹജ്ജിന് പോകുന്നവൻ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന മസ്ജിദുൽ ഹറാമിൽ തന്നെ ആരാധനകളിൽ മുഴുകി ഒതുങ്ങിക്കൂടുകയല്ല. ഹറമിനുപുറത്തുള്ള അറഫയിലും മദീനയിലും മുസ്ദലിഫയിലും മറ്റും ഇബാദത്തെടുക്കേണ്ടത്. ഹജ്ജിന്റെ അതിപ്രധാനപ്പെട്ട കർമമാണ് അറഫയിൽ നിൽക്കൽ. ഖുർആൻ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് കരുതി സുജൂദിലും റുകൂഇലും അത്തഹിയ്യാത്തിലും ഖുർആനോതുകയാണോ ചെയ്യേണ്ടത്? ഒരിക്കലുമല്ല. മക്കയിൽ ചെയ്യേണ്ടത് അവിടെയും മദീനയിൽ ചെയ്യേണ്ടത് അവിടെയും നിസ്‌കാരത്തിൽ ചൊല്ലേണ്ടത് അവിടെയും കൽപിക്കപ്പെട്ടതുപ്രകാരം ചൊല്ലുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് മതം.

മഹാന്മാരുടെ മഖ്ബറകളിലേക്ക് യാത്രചെയ്യാൻ പാടില്ലെന്നും മൂന്ന് പള്ളികളിലേക്ക് മാത്രമേ പ്രത്യേക യാത്ര സംഘടിപ്പിക്കാവൂ എന്നും മറ്റുമുള്ള വാദത്തിനും പ്രമാണങ്ങൾക്കുമുമ്പിൽ പിടിച്ചുനിൽക്കാനാകില്ല. കാരണം അവർ തങ്ങളുടെ അടുക്കൽവന്നാൽ (ജാഊക) എന്ന ഖുർആൻ പ്രയോഗം മദീനയിലുള്ളവർക്ക് മാത്രമോ ജീവിതകാലത്ത് മാത്രമോ അല്ല. എക്കാലത്തെയും ലോകത്തെങ്ങുമുള്ള മുഴുവൻ മുസ്‌ലിംകൾക്കും ബാധകമാണ്.

സിയാറത്ത് സുന്നത്താണെന്ന് വന്നാൽ പിന്നെ അതിനുള്ള യാത്രയും സുന്നത്ത് തന്നെയാണ്. നബി(സ്വ) ഉഹുദ് ശുഹദാഇന്റെയും ബഖീഅ് വാസികകളുടെയും ഖബ്‌റുകൾ നിരന്തരം സിയാറത്ത് ചെയ്തിരുന്നത് യാത്ര ചെയ്തിട്ടായിരുന്നു. അല്ലെങ്കിൽ ഖബ്‌റ് ഇങ്ങോട്ട് വരേണ്ടിവരുമല്ലോ. അങ്ങനെ വന്ന ചരിത്രവുമില്ല (വഫാഉൽ വഫാ നോക്കുക. 4/1364).

അടുത്ത സ്ഥലത്തേക്ക് യാത്രയാകാമെങ്കിൽ അകലെയുള്ള സ്ഥലങ്ങളിലേക്കും സന്ദർശനയാത്രകളാകാമെന്ന് തന്നെയാണ് പ്രസ്തുത സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഭൂലോകത്ത് വെച്ച് ഏറ്റവും കൂടുതൽ സന്ദർശകരെ സ്വീകരിക്കുന്ന തീർത്ഥാടന കേന്ദ്രമാണ് മദീനാ ശരീഫ്. തിരുനബിക്കും ആദ്യകാല വിശ്വാസികൾക്കും ആത്മാർത്ഥമായി ആതിഥ്യമരുളിയ പുണ്യഭൂമി. ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ ഹൃദയം നിറയേ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന വിശുദ്ധ നഗരം. വിശ്വാസികളുടെ സന്ദർശനം ഒരിക്കൽപോലും മുടങ്ങിയ ചരിത്രമില്ല. തീർത്ഥാടകരുടെ തിരക്കുമൂലം നീണ്ട മണിക്കൂറുകൾ വരിനിന്ന് വേണം തിരുനബിയുടെ റൗളയും ഖബ്‌റും സന്ദർശിക്കാൻ. പതിമൂന്ന് നൂറ്റാണ്ടിനു മുതലുള്ള ഒരു അംഗീകൃത പണ്ഡിതനും റൗള സന്ദർശനത്തെ വിമർശിച്ചിട്ടില്ലെന്നതാണ് വസ്തുത.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ