പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ കാലം സാക്ഷി. മനുഷ്യന്‍ തീര്‍ച്ചയായും മഹാ നഷ്ടത്തിലാകുന്നു. സത്യം വിശ്വസിക്കുകയും സുകര്‍മങ്ങള്‍ ആചരിക്കുകയും പരസ്പരം സദുപദേശിക്കുകയും ക്ഷമ ഉദ്ബോധിപ്പിക്കുകയും ചെയ്തവരൊഴികെ.
വിശുദ്ധ ഖുര്‍ആന്‍ 103ാം അധ്യായം അല്‍ അസ്വ്റിന്റെ സാരാംശമാണ് മുകളില്‍ ഉദ്ധരിച്ചത്. മൂന്നു സൂക്തങ്ങളുള്ള ഈ ചെറിയ അധ്യായത്തില്‍ മനുഷ്യഭാഗധേയത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പരമ ദയാലുവായ അല്ലാഹുവിന്റെ നാമത്തില്‍ ഒരാള്‍ വായിച്ചെടുക്കുന്നത് ഗഹനമായ ഒരു ചരിത്രാനുഭവത്തെയാണ്. ആ ചരിത്രാനുഭവം കാലത്തെ സാക്ഷിനിറുത്തി നമ്മെ ഉദ്ബോധിപ്പിച്ചിരിക്കുന്നു. ഇതാണത്:
സത്യം വിശ്വസിച്ച്, സുകര്‍മങ്ങളാചരിച്ച്, നന്മ പരസ്പരം ഉപദേശിച്ച്, ക്ഷമ ഉദ്ബോധിപ്പിക്കുന്നവരൊഴികെ മറ്റെല്ലാ മനുഷ്യരും മഹാ നഷ്ടത്തില്‍ ആപതിച്ചവരത്രെ.
എങ്കില്‍ ആ മഹാ നഷ്ടത്തിന്റെ കാരണമെന്തായിരിക്കും? ഇപ്പറഞ്ഞ മൂല്യങ്ങള്‍ തിരസ്കരിക്കുന്നതാണ് അതിന്റെ കാരണം. സത്യം വിശ്വസിക്കാതെയും സുകര്‍മങ്ങള്‍ ആചരിക്കാതെയും പരസ്പരം സത്യവും ക്ഷമയും ഉപദേശിക്കാതെയും കടന്നുപോകുന്നവര്‍ നഷ്ടത്തിലകപ്പെടും; ഐഹികവും പാരത്രികവുമായ നഷ്ടമാണതുകൊണ്ടുണ്ടാവുക.
വിശ്വാസരാഹിത്യം മാത്രം ആലോചനക്കെടുക്കുക. എന്തൊക്കെ വിശ്വസിക്കണം? തൗഹീദ് രിസാലത്ത്, ആഖിറത്ത് അഥവാ ഇലാഹീ ഏകത്വം, പ്രവാചകത്വം, പരലോകം ഈ മൂന്നു കാര്യങ്ങളാണ് സത്യവിശ്വാസത്തിന്റെ കാതല്‍. ബഹുദൈവത്വമോ പ്രവാചകത്വ നിരാസമോ പരലോക നിഷേധമോ അതല്ലെങ്കില്‍ നാസ്തികവാദമോ ഒക്കെയും വിശ്വാസരാഹിത്യമത്രെ. ഈ കാര്യങ്ങളില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഐഹികപാരത്രിക ലോകങ്ങളില്‍ രണ്ടു തരം പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്.
വസ്തുതാപരമായ സത്യം ഏകദൈവത്വമാകുന്നു. ബഹുത്വം കടുത്ത ബുദ്ധിശൂന്യതയാണ്. ഈ പ്രപഞ്ചമഖിലം പടച്ചുപോറ്റുന്നവന്‍ ഏകനായവന്‍ മാത്രമാണ്. ഇന്നോ ഇന്നലെയോ പിറന്ന മനുഷ്യരോ മറ്റോ അല്ല. സ്രഷ്ടാവിന് ബഹുത്വമില്ല. ഈ ശരിയെ നിരാകരിക്കുമ്പോള്‍ മനുഷ്യന്റെ ഭാഗത്തുനിന്ന് അതൊരു ധാര്‍മിക വീഴ്ചയാണ്. ഒരു നാട്ടുരാജ്യത്തെ സങ്കല്‍പിച്ചുനോക്കൂ. അവിടുത്തെ രാജാവ് പ്രജാവത്സലനാണ്. അദ്ദേഹം പ്രജകള്‍ക്ക് ഭൂമി കൊടുത്തു. കൃഷിയിറക്കാന്‍ വിത്തുകൊടുത്തു. ജലസേചനത്തിനുവേണ്ട സൗകര്യങ്ങളൊരുക്കി. അങ്ങനെ നൂനുനൂറു കാര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നിരിക്കട്ടെ. പ്രജകള്‍ എന്താണു വിശ്വസിക്കേണ്ടത്? ആ നാട്ടുരാജ്യം പ്രസ്തുത രാജാവിന്റെതാണെന്നും അത് മറ്റാരുടേതല്ലെന്നും അതിന്റെയെല്ലാം ഉടമസ്ഥതയും അദ്ദേഹത്തിനാണെന്നുമാണല്ലോ. എന്നാല്‍ പ്രജകളിലൊരാള്‍ അതിന്റെ ഉടമസ്ഥത ആ രാജാവിനല്ലെന്നോ അതല്ലെങ്കില്‍ അദ്ദേഹമല്ലാത്ത മറ്റാര്‍ക്കോ ആണെന്നോ അതുമല്ലെങ്കില്‍ അദ്ദേഹത്തോടൊപ്പം മറ്റു പലര്‍ക്കുമാണെന്നോ വിശ്വസിക്കുകയും വാദിക്കുകയും ചെയ്താലോ? ആ പ്രജയെപ്പറ്റി എന്തു പറയണം? അയാള്‍ ബുദ്ധിശൂന്യനാണ്. വിഡ്ഢിയാണ്. അയാള്‍ക്ക് ആ നാട്ടുരാജ്യത്ത് ജീവിക്കാനുള്ള അവകാശമെന്തിരിക്കുന്നു? സ്വയം കുഴിതോണ്ടുന്ന ചിന്തയാണതെന്ന് നമുക്കറിയാം. ഇതൊരു ദൃഷ്ടാന്തം മാത്രം. ഇതിലേറെ പ്രധാനമുള്ളതാണ് ശരിയായ വിശ്വാസത്തിന്റെ കാര്യം. അതുള്ളവര്‍ക്ക് വിജയിക്കാം. ഇല്ലെങ്കിലോ അയാളുടെ ജീവിതം വൃഥാവിലത്രെ. ഐഹികമോ പാരത്രികമോ ആയ ശുഭപ്രതീക്ഷയില്ലാത്തവനാണ് അയാള്‍. മനുഷ്യന്റെ സര്‍വനിലക്കുമുള്ള നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള പ്രാഥമിക മൂല്യമായി സത്യവിശ്വാസത്തെ എണ്ണിയത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്.
വിശ്വാസം മാത്രം പോരാ. സുകൃതങ്ങള്‍ ആചരിക്കുക കൂടി വേണം. നല്ല കര്‍മങ്ങള്‍ അതായത് കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അനുസരിക്കുകയും നിരോധിത കാര്യങ്ങള്‍ വര്‍ജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ വിജയത്തിനു നിദാനമാണ്. വലിയ ചിന്ത കൂടാതെത്തന്നെ ഇതു മനസ്സിലാക്കാവുന്നതേയുള്ളൂ. ദൈവിക വെളിപാടുകളിലൂടെ നമുക്ക് കിട്ടിയ കാര്യങ്ങളെ അഗണ്യമാക്കുന്നത് കനത്ത തിരിച്ചടി നല്‍കുമെന്നതിന് നമ്മുടെ മുന്പിലുള്ളതു തന്നെ തെളിവായി മതി. ലോകത്ത് ആരും സമ്മതിക്കാത്ത ദുഷ്കൃത്യങ്ങളാണല്ലോ മദ്യവും കൊലയും വ്യഭിചാരവുമെല്ലാം. എന്തിന്റെ പേരിലായാലും ഇത്തരം ദുഷ്ചെയ്തികളെ ന്യായീകരിക്കുന്ന ഒരു സംസ്കാരം ഇന്നു വര്‍ധിച്ചുവന്നിട്ടുണ്ട്. എന്നാല്‍ അതിന്റെയൊക്കെ ഫലമെന്താണെന്ന് കണ്‍മുന്പില്‍ തന്നെ നാം കാണുന്നുണ്ട്. വ്യഭിചാരം തന്നെയെടുക്കുക. അവിഹിത ലൈംഗിക ബന്ധങ്ങളെ വിലക്കുന്നതെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ അത് അഭംഗുരം നടക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നമ്മെയിപ്പോള്‍ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നയം മുമ്പുകാലത്ത് അപരിചിതരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക എന്നതായിരുന്നു. അതിനര്‍ത്ഥം പരിചിതരുമായി ആകാം എന്നല്ലേ? പരിചയത്തിലാകാന്‍ എത്ര ദിവസം, എത്ര സമയം മതി!? കാര്യങ്ങളുടെ പോക്ക് അവിടം കൊണ്ട് തീരുന്നില്ലെന്നു വന്നപ്പോള്‍ ഉദ്ബോധനത്തിന്റെ മട്ടുമാറി. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഒഴിവാക്കുക. നോക്കൂ, സുകൃതങ്ങള്‍ ആചരിക്കുമ്പോള്‍ അതു വൈയക്തികവും സാമൂഹികവുമായ സുസ്ഥിതി നല്‍കുമെന്നും ഇല്ലെങ്കില്‍ അതു നമ്മുടെ അസ്തിത്വത്തെ തന്നെ ബാധിക്കുമെന്നും ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം. ദുഷ്ചെയ്തികളുമായി ദീര്‍ഘകാലം മുന്നോട്ടു പോകാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതല്ല. തിരിച്ചറിവും തിരിച്ചുപോക്കും ഒരനിവാര്യതയായി നമ്മോടൊപ്പമുണ്ടാകും. അതത്രെ ഖുര്‍ആന്‍ പറഞ്ഞത്, സുകൃതങ്ങള്‍ ആചരിച്ചവര്‍ രക്ഷപ്പെടുമെന്ന്, അല്ലാത്തവര്‍ നഷ്ടത്തിലാണെന്ന്.
ഇതു പറയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍ത്തുവെക്കണം. ഇവിടെ ചൂണ്ടിക്കാണിച്ചതത്രയും ഭൗതികമായ കാര്യങ്ങളാണ്. യഥാര്‍ത്ഥ പരാജയവും നഷ്ടവുമൊക്കെ പരലോകത്താണ്. വിശ്വാസവും കര്‍മങ്ങളുമില്ലാത്തവര്‍ പരലോകത്ത് കനത്ത തിരിച്ചടി നേരിടുമെന്നാണ് ഖുര്‍ആന്റെ മുന്നറിയിപ്പ്. ബൗദ്ധികമായി അതിനെ മനസ്സിലാക്കാം. ഓരോ കുഞ്ഞും ഗര്‍ഭാശയത്തില്‍ ജനിച്ചുവളരുന്നു. ഇതാണ് മനുഷ്യന്റെ പ്രാഥമിക ഘട്ടം. അവിടെയുള്ള ജീവിതം ശരീര പ്രധാനമല്ല. ഉമ്മയില്‍ നിന്ന് പൊക്കിള്‍കൊടി വഴി ഭക്ഷണം വേണ്ടുന്ന പാകത്തിലെത്തിക്കൊണ്ടിരിക്കും. എന്നാലും കുഞ്ഞിന് കൈയും കാലും കണ്ണും മൂക്കും എന്നുവേണ്ട എല്ലാ അവയവങ്ങളും വളര്‍ന്നുവരുന്നുണ്ട്. ഈ അവയവങ്ങളൊന്നും ഗര്‍ഭാശയത്തിന്റെയുള്ളില്‍ ഉപയോഗിക്കാനുള്ളതല്ല; അതുവിട്ട് പുറത്തുപോന്ന് ഐഹിക ലോകത്തെത്തുമ്പോള്‍ ഉപയോഗിക്കാനുള്ളതാണ്. ഇതു കാണിക്കുന്നത് വരാനുള്ള ലോകത്തേക്ക് വേണ്ടുന്നത് മുന്‍കൂട്ടി നല്‍കപ്പെടുന്നുവെന്നതാണ്. ഈ ലോകം ശരീര പ്രധാനമാണ്. അതിനുവേണ്ടത് ഈ ലോകത്തെത്തും മുമ്പ് ഗര്‍ഭാശയത്തു നിന്നുതന്നെ നല്‍കപ്പെടുകയാണ്. ഇനി വരാനിരിക്കുന്നതാണ് പാരത്രികം. അത് ആത്മപ്രധാനമാണ്. ആത്മാവിനാണ് അവിടെ മുന്‍ഗണന. ഈ ലോകത്തിന് ഗര്‍ഭാശയം മുഖവുരയെന്നപോലെ ആത്മനിഷ്ഠമായ പാരത്രിക ജീവിതത്തിന്റെ മുഖവുരയത്രെ ഈ ലോകം. ഇവിടെവെച്ച് ആത്മാവിനെ വിമലീകരിക്കണം. ശുദ്ധീകരിക്കണം. ഗര്‍ഭാശയത്തിനകത്ത് ഈ ലോകത്തേക്കു വേണ്ടത് നമ്മുടെ പ്രയത്നമന്യേ നടന്നതാണ്. എന്നാല്‍ പാരത്രിക ലോകത്തേക്കുള്ള ആത്മീയ വികാസം നമ്മുടെ പ്രയത്നത്തോടെയാണ് ഉണ്ടാകേണ്ടത്. ഇതുമാത്രമാണ് അന്തരം. ഭക്ഷണം ശരീരത്തിനെന്നപോലെ ആത്മാവിന്റെ വളര്‍ച്ചാവികാസത്തിന്റെ സ്രോതസ്സ് വിശ്വാസവും സുകര്‍മങ്ങളുമാണ്. വിശ്വസിച്ച് സുകര്‍മങ്ങള്‍ ആചരിക്കുമ്പോള്‍ ആത്മാവ് മറ്റൊരു ലോകത്തേക്ക് കുടിയേറാനും സുഖമനുഭവിക്കാനും പര്യാപ്തമാകുന്നു. ഇല്ലെങ്കിലോ നഷ്ടം സംഭവിക്കുന്നു. ഇതത്രെ ഖുര്‍ആന്‍ പറഞ്ഞത്വിശ്വസിച്ച് സുകര്‍മങ്ങള്‍ ആചരിച്ചവരൊഴികെ മനുഷ്യരെല്ലാം മഹാനഷ്ടത്തിലാണെന്ന്.
വിശ്വാസവും സുകര്‍മാചരണവും കൊണ്ട് മനുഷ്യന്റെ ഐഹിക പാരാത്രികമോക്ഷം സുസാധ്യമാകുന്നില്ല. മറിച്ച് അത്തരമൊരവസ്ഥ പൂത്തുല്ലസിക്കുന്ന സാമൂഹ്യ സാഹചര്യം കൂടി സൃഷ്ടിക്കപ്പെടണം. അതിന് ഓരോ വ്യക്തിയും സത്യം ക്ഷമ എന്നീ ഗുണങ്ങള്‍ പരസ്പരം ഉപദേശിക്കുകയും വേണം. ആദര്‍ശാത്മകമോ കര്‍മപരമായോ ഉള്ള സത്യം, അതനുഷ്ഠിച്ച് മുന്നേറാനുള്ള ആത്മധ്യൈം ഇവ പരസ്പരം പങ്കുവെക്കുമ്പോള്‍ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു സമൂഹം പിറക്കുന്നു. ഇത് ഓരോ വ്യക്തിക്കും സുരക്ഷിതമായ ഒരു വലയമൊരുക്കും. സത്യം വിശ്വസിച്ച്, നല്ലതു ചെയ്ത്, അതു പ്രബോധനം ചെയ്ത് ക്ഷമിച്ചു കഴിയാന്‍ പരസ്പരം പങ്കുവെക്കുന്ന ഒരു സമൂഹത്തില്‍ ഓരോ വ്യക്തിയും സുരക്ഷിതനാണെന്നതിനു പുറമെ സദ്ഗുണ കാംക്ഷിയുമായിരിക്കും. നന്മയുള്ള ഒരു ഉമ്മത്തി(സമുദായം)ന്റെ നിലനില്‍പ് ഉറപ്പുവരുത്തലാണിത്. ചുറ്റുപാടുകളും ഇടപഴകുന്ന മറ്റു മനുഷ്യരും നന്നാകുന്നതിലൂടെ ആത്മികമായ കെട്ടുറപ്പും സഹബന്ധവും കാത്തുസൂക്ഷിക്കാന്‍ കഴിയുമല്ലോ.
ഒരു കൂട്ടം ജനങ്ങള്‍ ഒരു കപ്പലില്‍ സഞ്ചരിക്കുന്നുവെന്നിരിക്കട്ടെ. അതിലൊരാള്‍ കപ്പലിനടിയില്‍ ഒരു ദ്വാരമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്തു ചെയ്യണം? അയാളെ പാട്ടിനു വിടുന്നപക്ഷം കുറച്ചു കഴിയുമ്പോള്‍ കപ്പലിന് ദ്വാരം വീഴും. കടല്‍ വെള്ളം ഉള്ളില്‍ കടന്ന് കപ്പല്‍ മുങ്ങും. അയാളും യാത്ര ചെയ്യുന്ന മറ്റെല്ലാവരും മുങ്ങി മരിക്കും. അയാളെ അപ്പണിയില്‍ നിന്ന് തടഞ്ഞാലോ അയാളും കപ്പലിലെ മുഴുവന്‍ യാത്രികരും രക്ഷപ്പെടും. ദാരുണമായ ഈ അന്ത്യത്തില്‍ നിന്ന് ഈ കൂട്ടായ്മയെ രക്ഷിച്ചത് അവസരോചിതമായ ഇടപെടലാണല്ലോ. അതുപോലെ തന്നെയാണ് മനുഷ്യസമൂഹവും. സത്യവും നീതിയും ക്ഷമയും പരസ്പരം ഉപദേശിച്ച് ഒന്നിച്ച് മുന്നേറുന്നത് ഓരോ വ്യക്തിയുടെയും സൗഭാഗ്യത്തിന് നിദാനമത്രെ.
മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ സുസ്ഥിതിക്ക് ഏതുതരം നിലപാടാണ് വേണ്ടതെന്നതിന് ഹ്രസ്വവും എന്നാല്‍ ആശയ ഗര്‍ഭവുമായ ഒരു ഉത്തരമാണ് അല്‍ അസ്വ്ര്‍ അധ്യായം. കാലം/സമയം തീരുന്തോറും നേടിയെടുത്തുവെന്ന് പുളകം കൊള്ളുന്നവന്റെ മുന്പില്‍ കാലത്തെ മുന്‍നിറുത്തിക്കൊണ്ടൊരു താക്കീതാണിത്. ഇല്ല കാലം സാക്ഷി, കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമയവും തിരമാലയും ആരെയും കാത്തുനില്‍ക്കാറില്ല എന്നാണല്ലോ പഴമൊഴി. അതുതന്നെ. ഈ അമൂല്യമായ സമയത്തെ രക്ഷിച്ചെടുക്കാനെന്തു വഴി? അതാണ് വിശ്വാസം, സുകര്‍മങ്ങളുടെ ആചരണം. സത്യം, ക്ഷമ എന്നീ മൂല്യങ്ങളുടെ പരസ്പര പ്രബോധനം.
ഇഎംഎ ആരിഫ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ