ഖിറാഅത്ത്, തിലാവത് എന്നൊക്കെയാണ് വായനക്ക് ഖുർആനിൽ ഉപയോഗിക്കുന്ന പദങ്ങൾ. രണ്ടിനും കേവലം വായന എന്ന് മാത്രം പറയാനൊക്കില്ല. ഗ്രഹിക്കാനുള്ള വിദ്യയാണ് വായന. എന്നാൽ ഖിറാഅത് എന്ന പദത്തിനർഥം ഗ്രഹിക്കുകയും ഗ്രഹിച്ചത് ഉൾക്കൊള്ളുകയും ചെയ്യുകയെന്നാണ്. ഒരു കാര്യം വായിച്ചു മനസ്സിലാക്കിയാൽ പോരാ; അതിലെ നിഗൂഢത ഗ്രഹിച്ചെടുക്കുകയും വേണം. ഇങ്ങനെയുള്ള വായന ഒരു പ്രഖ്യാപനമാണ്. ഖുർആനിലെ ആദ്യ വചനമായ ഇഖ്‌റഅ് എന്ന പദത്തിന് ആ നിലക്ക് ‘പ്രഖ്യാപിക്കുക’ എന്നുകൂടി അർഥമുണ്ട.് വായിച്ച് കൊണ്ട് സ്രഷ്ടാവിന്റെ അപാരതകളെ പ്രഖ്യാപിക്കൽ കൂടിയാണത്. തിലാവത് എന്നതും മനസ്സിലാക്കിയുള്ള വായനയാണ്. മനസ്സിലാക്കുമ്പോഴാണ് അത് ജീവിതത്തിൽ പകർത്താനാവുക. ‘സ്രഷ്ടാവായ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക (ഖുർആൻ/96) എന്ന് പറയുമ്പോൾ തന്റൈ സൃഷ്ടിപ്പിലെ അഗാധ രഹസ്യങ്ങളെ പഠിക്കാനാണ് അല്ലാഹു പ്രേരിപ്പിക്കുന്നത്. ഇത് ദൈവീകമായ അനുഭൂതിയാണ്. കേവലം വായനയല്ല. മുഹമ്മദ് റസൂലിന് വായിക്കാനായത് എഴുതാനോ വായിക്കാനോ പഠിച്ചത് കൊണ്ടല്ല. ആ വായന ഒരനുഭവമാണ്. ഹിറാ ഗുഹയിലെ ധ്യാനത്തിൽ നിന്നുദ്ഭൂതമായ വായനയാണത്. അതിനാൽ ഇവിടെ വായന വെളിപാടാണ്. അകം മനസ്സിൽ തെളിഞ്ഞു വന്ന ജ്ഞാനത്തിന്റെ പ്രഘോഷണമാണത്.

മുസ്‌ലിം എങ്ങനെ വായിക്കണമെന്ന് കൂടി ആദ്യ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. സ്രഷ്ടാവായ നാഥന്റെ നാമത്തിൽ വായിക്കാനാണ് നിർദേശം. സ്വന്തത്തിലേക്ക് നോക്കി ഇലാഹിന്റെ മഹത്ത്വം അറിയാനാണ് മനുഷ്യനോട് പറയുന്നത്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് അട്ടയെപ്പോലെ ഗർഭ പാത്രത്തിൽ കടിച്ച്  തൂങ്ങിയിരിക്കുന്ന ഒരു മാംസ പിണ്ഡത്തിൽ നിന്നാണെന്ന് അല്ലാഹു പറയുന്നു. ഈ മാംസ പിണ്ഡത്തെക്കുറിച്ചും അതിന്റെ വളർച്ചയെകുറിച്ചും പഠിക്കാൻ അതോടെ മനുഷ്യൻ ബാധ്യസ്ഥനാവുകയാണ്.

ഇതേ അധ്യായത്തിൽ തന്നെ വായിക്കുക എന്നത് ആവർത്തിക്കുന്നുണ്ട്; അത്യുദാരനായ നിന്റെ നാഥന്റെ നാമത്തിൽ ‘വായിക്കുക’ എന്ന്. എന്താണ് നാഥന്റെ അത്യുദാരത? മനുഷ്യന് അറിവില്ലാത്തത് പഠിപ്പിച്ച് കൊടുത്തു എന്നത് തന്നെ പ്രധാനം. അല്ലാഹു മനുഷ്യ സമൂഹത്തെ ആദരണീയരാക്കിയത് (17/70) അവർക്ക് സർവ നാമങ്ങളും പഠിപ്പിച്ച് കൊടുത്തു(2/31) കൊണ്ടാണ്. ഒപ്പം ലോകത്തെ മുഴുവൻ മനുഷ്യന് വേണ്ടി അല്ലാഹു സൃഷ്ടിച്ചു കൊടുത്തു. മനുഷ്യനോടുള്ള അല്ലാഹുവിന്റെ പരിപാലനത്തിന്  (റുബൂബിയ്യത്ത്) രണ്ട് മേഖലകളുണ്ട്. ഒന്ന് റഹ്മാനിയ്യത്ത്; രണ്ടാമത്തേത് റഹീമിയ്യത്ത്.

അല്ലാഹു മനുഷ്യന് വേണ്ടി സൃഷ്ടിച്ച സൗകര്യങ്ങൾ, അവന്റെ മാതാ-പിതാക്കൾ, ഗർഭ പാത്രം. അവന്റെ വളർച്ച, പക്ഷി മൃഗാദികൾ, വൃക്ഷ ലതാദികൾ എന്നിവയെല്ലാം അവന്റെ റഹ്മാനിയ്യത്തിന്റെ ഭാഗമാണ്. ഈ സൃഷ്ടി ജാലങ്ങളെയെല്ലാം അവർ യഥാവിധി പഠിക്കുകയും ഉപയോഗപ്പെടുത്തുകയും നാഥനോട് നന്ദികാണിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്തിന് മനുഷ്യൻ പാത്രീഭൂതനാവും. ഇതാണ് അവന്റെ റഹീമിയ്യത്ത്. റഹീമിയ്യത്തിൽ മനുഷ്യന് കൂടി പങ്കുണ്ട്. എല്ലാം സൗകര്യങ്ങളും അല്ലാഹു ചെയ്തു കൊടുത്തു. ചുണ്ടുകൾ തന്നു. കണ്ണുകൾ തന്നു. രണ്ട് മാർഗങ്ങളും കാണിച്ചു കൊടുത്തു. എന്നിട്ടും മനുഷ്യൻ എന്തുകൊണ്ട് സമൂഹത്തിന് വേണ്ടി ത്യാഗം സഹിക്കുന്നില്ല എന്ന് ഖുർആൻ ചോദിക്കുന്നുണ്ട് (ഖുർആൻ/90). ത്യാഗം ചെയ്യാൻ തയ്യാറാവുമ്പോൾ അല്ലാഹു മനുഷ്യന് അനുഗ്രഹം (റഹീമിയ്യത്ത്) നൽകും.

മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയെന്ന് പഠിച്ച് അല്ലാഹുവിന്റെ മഹത്ത്വം അറിയാൻ കൽപിക്കുമ്പോൾ തന്നെ എങ്ങനെയാണ് മൃഗങ്ങളെ സൃഷ്ടിച്ചത്; ആകാശങ്ങളെ ഉയർത്തിയത്; ഭൂമിയെ സൗകര്യപ്രദമാക്കിയത്; പർവതങ്ങളെ ഉറപ്പിച്ചത് എന്നു പഠിക്കാനും മനുഷ്യനോട് അല്ലാഹു ആവശ്യപ്പെടുന്നു (ഖുർആൻ/88). ഒരേ വെള്ളം, ഒരേ മണ്ണ്. പക്ഷേ, അതിൽനിന്ന് വരുന്നതോ വിവിധ തരം പഴങ്ങൾ, വിവിധ വർണ പുഷ്പങ്ങൾ (13-ാം അധ്യായം). ഇതെങ്ങനെ വന്നുവെന്ന വിസ്മയം കണ്ടെത്താൻ അല്ലാഹു പറയുന്നു. ഭൂമിയിൽ സഞ്ചരിച്ച് എങ്ങനെയാണ് വിവിധ ജനതതികളുടെ വിധി എന്ന് പഠിക്കാൻ പറയുന്നു. സൂര്യ-ചന്ദ്രാദികളുടെ ചലനത്തെക്കുറിച്ചും രാവും പകലും ഉണ്ടാവുന്നതിനെക്കുറിച്ചും ചിന്തിക്കാനും പഠിക്കാനുമാണ് ഖുർആൻ ആഹ്വാനം ചെയ്യുന്നത്.

അല്ലാഹുവിന്റെ വിസ്മയങ്ങളെ നന്നായി വിലയിരുത്താനും ഗവേഷണം നടത്താനും  അങ്ങനെ ദൈവീക മഹത്ത്വത്തെക്കുറിച്ചറിയാനും ഖുർആൻ അടിക്കടി ഓർമിപ്പിക്കുമ്പോൾ നമ്മളെന്താണ് ചെയ്യുന്നത്? വിജ്ഞാനത്തിന് വേണ്ടി യൂറോപ്യരുടെ മുമ്പിൽ പഞ്ച പുഛമടക്കി നിൽക്കുന്നു! വിദ്യാഭ്യാസത്തെ മതപരമെന്നും ഭൗതികമെന്നും വേർതിരിച്ച് ശാസ്ത്രവും ഭൗതിക പഠനങ്ങളും നാം യൂറോപ്യർക്ക് തീരെഴുതിക്കൊടുത്തു. എങ്ങനെയാണ് മതപരമെന്നും മതേതരമെന്നുമുള്ള രണ്ടു വിദ്യാഭ്യാസമുണ്ടാവുക? ഏത് വിദ്യയും അല്ലാഹുവിന്റെ മഹാത്മ്യത്തെ ക്കുറിച്ചറിയാനുള്ളതാണ്. പിശാചടക്കമുള്ള ലോകത്തെ സർവ ചരാചരങ്ങളെകുറിച്ചും പ്രതിഭാസങ്ങളെകുറിച്ചും പഠിക്കുമ്പോഴാണ് അല്ലാഹുവിന്റെ മാഹാത്മ്യം ശരിക്കറിയുക. ഒരു കാര്യവും ഖുർആൻ പറയാതിരുന്നിട്ടില്ലല്ലോ? മുൻ കാലങ്ങളിൽ മതജ്ഞാനികൾ തന്നെയായിരുന്നല്ലോ ശാസ്ത്രജ്ഞരും രാഷ്ട്ര മീമാംസകരും കർമശാസ്ത്ര വിദഗ്ധരും ചരിത്രകാരൻമാരുമെല്ലാം. എല്ലാവരും കൂടിയുള്ള കൂട്ടായ്മയായിരുന്നു ഇസ്‌ലാമിന്റെ വിജ്ഞാന സാഗരം. ഇവിടെ നിന്ന് മുത്തും രത്‌നവും എപ്പോഴോ പടിഞ്ഞാറുള്ളവർ കട്ടെടുത്ത് പോയി.

സാഗരത്തിന്റെ ആരവങ്ങളൊക്കെ എന്നോ കെട്ടടങ്ങി. സമുദായത്തിന്റെ ചാലകശക്തിക്ക് ഭംഗം സംഭവിച്ചു. പൂർവികരെ പിന്തുടരാത്തതിന്റെ പേരിൽ മുസ്‌ലിംകൾ പ്രതികരണശേഷിയറ്റ സമൂഹമായി. പ്രതിരോധ ശക്തിയാവട്ടെ തീവ്രവാദങ്ങൾക്ക് വഴിമാറുകയും ചെയ്തു. കൊല്ലും കൊലയും ഖുർആനിന്റെ തലയിലിട്ടു. ചില ആചാരങ്ങളെ മാത്രം സമുദായം മുറുക്കിപ്പിടിച്ചു. ഖുർആൻ തന്ന ബുദ്ധി വൈഭവം ശത്രുക്കൾ കൊണ്ടു പോയി.  ശാസ്ത്രത്തെ ശത്രുവിന് സൗജന്യമായി തന്നെ കൊടുത്തു. ഇമാം ഗസ്സാലി(റ)യുടെ വിശകലന പ്രകാരം വിദ്യാഭ്യാസം രണ്ടു തരമാണ്. ഫർള് ഐൻ (സ്വയം ബാധ്യതയുള്ളത്), ഫർള് കിഫാ  (സാമൂഹിക പരമായുള്ളത്) എന്നിവ. രണ്ടും നിർബന്ധമാണ്. ഇതിനിടയിൽ മതിൽ കെട്ട് സൃഷ്ടിച്ചവർ ഇസ്‌ലാമിന്റെ വിജ്ഞാന പ്രഭക്ക് മങ്ങലേൽപിക്കുകയാണ് ചെയ്തത്.

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവവുമായി വന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) സമകാലത്തെ ഏറ്റവും ആധുനികമായ സംവിധാനമാണ് കൊണ്ടു വന്നത്. അൽ അസ്ഹറിനെ വെല്ലുന്ന വിദ്യാഭ്യാസ രീതി. ശാസ്ത്രവും കർമ ശാസ്ത്രവും ഒരേ ക്ലാസ് റൂമിൽ. അവിടെത്തന്നെ വ്യാപാരത്തിന്റെ സൂത്രങ്ങളടങ്ങിയ കണക്കു പുസ്തകങ്ങളും. ഒപ്പം മലബാറിന്റെ രാഷ്ട്രീയക്കളരിയും അവിടെത്തന്നെ. ഇവയിലെല്ലാം ശ്രദ്ധ പതിപ്പിച്ചു അധ്യാപകരും വിദ്യാർഥികളും. അവർ മതം പഠിക്കുന്നു. പഠിപ്പിക്കുന്നു. വ്യാപാരം നടത്തുന്നു. നാടിന്റെ മാനം കാക്കാനുള്ള യുദ്ധങ്ങളിലും പങ്കെടുക്കുന്നു. പക്ഷേ മഖ്ദൂമിന് തന്റെ ദൗത്യം പൂർത്തിയാക്കാനായില്ല. അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങൾ അതേ പടി നില നിറുത്തിയെന്നതല്ലാതെ കൂടുതലൊന്നും മുന്നോട്ടു കൊണ്ടു പോവാൻ പിൻഗാമികൾക്കായില്ല. പൊന്നാനിയിലെ വിശ്വ വിദ്യാലയം അങ്ങനെ മലബാറിലേക്ക് ചുരുങ്ങി. വിദ്യ തേടി വിദേശികൾ ഈ നാട്ടിലേക്ക് വരാതായി. ശാസ്ത്ര പഠനത്തോട് അനുഭാവം കുറഞ്ഞു വന്നു. പഴയ കിതാബുകളിൽ മാത്രം ഒതുങ്ങിക്കൂടി. പുതിയതൊന്നും വന്നതുമില്ല. അധിനിവേശ വിരുദ്ധ സമരങ്ങളിൽ മുഴുകിയത് കൊണ്ടാവാം പിൽക്കാല മഖ്ദൂമുമാർക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയാതെ വന്നത് എന്ന് നമുക്ക് സമാധാനിക്കാം.

പക്ഷേ ഈ സമരങ്ങളൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി. പരിഷ്‌കരണങ്ങൾ കുറേ വന്നുവെങ്കിലും കാലത്തിനനുസരിച്ചുള്ള പഠന രീതികളാന്നും (ാലവേീറീഹീഴ്യ) നാം കണ്ടു പിടിച്ചില്ല.   മഖ്ദൂമുമാർ അന്ന് കുറേ പാഠ പുസ്തകങ്ങളുണ്ടാക്കി. പലരും ആധ്യാത്മ ജ്ഞാനത്തിൽ ആകൃഷ്ടരായി. അല്ലാഹുവിന്റെ അപാരത പ്രഖ്യാപിക്കുന്ന ശാസ്ത്ര പഠനങ്ങളോട് സമുദായം വിട പറഞ്ഞു. മുസ്‌ലിം ലോകത്ത് മൊത്തം ഈ ജ്വരം പടർന്നു പിടിച്ചുവെന്നു പറയണം. അറബി ഭാഷയിലുള്ള ശാസ്ത്ര കൃതികളെല്ലാം യൂറാപ്യർ കൈക്കലാക്കി. മുസ്‌ലിംകൾക്കത് ആവശ്യമില്ലാതെ വന്നു. യൂറോപ്യർ സ്‌പെയിനിലും ജർമനിയിലും വലിയ വിവർത്തന കേന്ദ്രങ്ങൾ തന്നെ തുറന്നു. അറബി ശാസ്ത്രം ലത്തീനിലേക്കും മറ്റു യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റി. അങ്ങനെ മുസ്‌ലിംകൾ വികസിപ്പിച്ചെടുത്ത ശാസ്ത്രം യൂറോപ്യർ സ്വന്തമാക്കി. മുസ്‌ലിംകൾ മത പഠനങ്ങളിൽ മാത്രം മുഴുകി. ലോക രക്ഷിതാവിന്റെ സൃഷ്ടി വിസ്മയങ്ങളിലേക്ക് കൂടുതലായി കണ്ണ് തുറന്നുനോക്കിയില്ല. യൂറോപ്യരാവട്ടെ, ഇസ്‌ലാമിന്റെ സയൻസ് കൊണ്ട് തന്നെ മുസ്‌ലിംകളെ ആക്രമിച്ചു.

ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് പഴയത് പോലെ സമന്വയമായ കാഴ്ചപ്പാടുകൾക്ക് ഇക്കാലത്ത് ആവേശം കൂടി വരുന്നുണ്ട്. എങ്കിലും ശാസ്ത്ര രംഗത്തെ പരിചിന്തനങ്ങൾക്ക് വഴി തുറക്കുന്നില്ലെന്നത് ദുഃഖകരമാണ്. സമന്വയ രംഗത്ത് ഒരു രീതി ശാസ്ത്രം ഇനിയും രൂപപ്പെട്ടു വന്നിട്ടുമില്ല. കേരളീയ മതരംഗം ഇന്ന് കൂടു പൊളിച്ച് ലോകത്തെങ്ങും പാറി നടക്കുന്നുണ്ടെങ്കിലും കുഞ്ചിക സ്ഥാനങ്ങളിലെത്താൻ കഴിയാത്തത് ശാസ്ത്രീയവും ഗവേഷണ പരവുമായ  രചനകളുടെ അഭാവം കൊണ്ടാണ്. പണ്ഡിതന്മാരിൽ  ഗവേഷണാത്മകമായ ചിന്തകൾ രൂപപ്പെടണം. ഗവേഷണങ്ങൾക്കുള്ള സംവിധാനങ്ങളും വേണം. ശാസ്ത്രവും ചരിത്രവും ഇസ്‌ലാമിന്റെ ഭാഗമാക്കുന്ന പുതിയ പാഠപുസ്തകങ്ങൾ അതിനനിവാര്യമാണ്. എല്ലാം ഖുർആനിൽ നിന്ന് തുടങ്ങണം. എന്നിട്ടത് ഇന്നത്തെ അതിനൂതന വിജ്ഞാനീയ വികാസം വരെ എത്തണം. ഒന്നുകിൽ യൂറോപ്യൻ ഭാഷകൾ പഠിച്ച് അവരുടെ ശാസ്ത്രങ്ങളിൽ പ്രവീണരാവുക. അല്ലെങ്കിൽ പുതിയ ശാസ്ത്ര പഠനങ്ങൾ മുസ്‌ലിം ഭാഷകളിലേക്ക് മൊഴിമാറ്റുക. ഇതിനുള്ള  പ്രൊജക്റ്റുകളാണ് മതപഠന കേന്ദ്രളിൽ നിന്നു പുതുതായി വരേണ്ടത്. ലോകഭാഷകളിൽ പുതിയ ഗ്രന്ഥങ്ങൾ രചിക്കാനുള്ള കഴിവ് നവതലമുറ വളർത്തിയെടുക്കണം. മലയാളത്തിൽ മാത്രം പുസ്തകമെഴുതിയാൽ പോര, ഇംഗ്ലീഷിലും സ്പാനിഷിലും ജർമൻ ഭാഷയിലും കേരളീയർക്ക് പുസ്തകമെഴുതാൻ കഴിയണം. ലോകത്തിന്റെ നെറുകയിലേക്ക് പറന്ന് മഖ്ദൂമിന്റെ ലക്ഷ്യത്തിലേക്കെത്താൻ അപ്പോഴേ കഴിയൂ. അതിന് സൈനുദ്ദീൻ മഖ്ദൂം തന്നെയാണ് നമുക്ക് മാതൃക.

മക്കയിലും മറ്റും അധ്യാപകനാവുകയും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മഖ്ദൂമുമാർ പൊതു മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നു. ഈജിപ്തിലേക്കും തെന്നിന്ത്യയിലേക്കും അവരുടെ സാന്നിധ്യം വേണ്ടിവന്നു. ഭരണ രംഗത്തും പോരാട്ട രംഗത്തും രാജ്യത്തിന് അഭിമാനമാവാൻ അവർക്ക് സാധിച്ചു. ലോക രാജ്യങ്ങളിലേക്ക് ഇന്ന് മത പണ്ഡിതൻമാരെ ധാരാളമായി ആവശ്യമുണ്ട്. തസ്വവ്വുഫും ഭക്തിയുമുള്ള സുന്നീ പണ്ഡിതൻമാരെയാണ് ആവശ്യം. തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന സലഫികളെ അവർക്ക് മടുത്തിരിക്കുന്നു. ഇതൊരു സുവർണാവസരമാണ്. അവിടങ്ങളിലെ വിടവ് നികത്താൻ കേരളത്തിലെ മത വിദ്യാർഥികൾക്ക് കഴിയും. യൂറോപ്യൻ ഭാഷകളിൽ പ്രവീണരാവാനുള്ള ശ്രമം നല്ലത് തന്നെ. അതോടൊപ്പം ശാസ്ത്ര രംഗത്തും ചരിത്ര പഠനത്തിലും മത ബഹുസ്വരതയിലും മതവിദ്യാർത്ഥികൾ മികവ് നേടണം. മത കലാലയങ്ങളിൽ തന്നെ പരീക്ഷണ ശാലകൾ സ്ഥാപിച്ച് ശാസ്ത്ര പഠനത്തിന് സൗകര്യമൊരുക്കണം.  മറ്റു മതങ്ങളെ എതിർക്കാൻ മാത്രം പഠിക്കുക എന്നതിലുപരി വിവിധ മതങ്ങളുമായി സൗഹൃദത്തിന്റെ പാതകൾ കണ്ടെത്താനും ശ്രമിക്കണം.

ഇസ്‌ലാമിന്റെ സന്ദേശം സന്മനസ്സോടെ ലോകത്തിന് സമർപ്പിക്കണം. മറ്റുള്ളവർക്ക് നാം വഴി തുറന്നിട്ട് കൊടുക്കണം. അവരെ വാദിച്ചു തോൽപിക്കാനല്ല; നന്മയിലേക്ക് വഴിനടത്താൻ. സ്‌നേഹം തന്നെയാണ് പ്രബോധനത്തിന്റെ താക്കോൽ. അത് മനസ്സിൽ നിന്നുദ്ഭൂതമാവണമെങ്കിൽ മറ്റുള്ളവരെയും അവരുടെ പ്രത്യയ ശാസ്ത്രങ്ങളെയും സ്‌നേഹത്തോടെ തന്നെ സമീപിക്കണം. അല്ലാഹുവിന്റെ റഹ്മത്തും റഹീമിയ്യത്തും വ്യക്തമാക്കാനുള്ള പക്വതയും പരിശീലനവും വിദ്യാർഥികൾ നേടിയിരിക്കണം.

പാഠ്യപദ്ധതികൾ നിരന്തരമായ അവലോകനങ്ങൾക്ക് വിധേയമാക്കുന്നത് പ്രയോജനപ്രദമാണ്. അതിനുതകുന്ന അക്കാദമിക് കൗൺസിലുകളും ഗവേഷണ സഭകളും വേണ്ടതുണ്ട്. നോളജ് ബാങ്കുകളില്ലാതെ ഒരു മത സ്ഥാപനത്തിനും ഇനി മുന്നോട്ടു പോവാനാകില്ല. പുറത്തു നിന്ന് കുറേ പുസ്തകങ്ങൾ വാങ്ങി ലൈബ്രറിയും വിവര കേന്ദ്രങ്ങളും വികസിപ്പിച്ചത് കൊണ്ടു മാത്രമായില്ല; അവ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ ഫലം എത്രയാണെന്നും വിലയിരുത്തണം. അങ്ങനെ സ്വന്തം കൃതികളും ഗവേഷണ പഠനങ്ങളും വരട്ടെ.

ഗവേഷണ രംഗത്തെ വിവിധ പ്രശ്‌നങ്ങളെ വിലയിരുത്താനും അവ പരിഹരിക്കാനുമുതകുന്ന ഗവേഷണ കൗൺസിലും ഗവേഷണ കൗൺസിലിങ്ങും ഉണ്ടായാൽ കാര്യങ്ങൾ കുറേകൂടി എളുപ്പമാവും. ചില്ലറ പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് വലിയ മുന്നേറ്റങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു കൂടാ. ഇപ്രകാരം പരിഷ്‌കരിച്ചാലേ വൈജ്ഞാനിക രംഗത്ത് അഹ്‌ലുസ്സുന്നത്തിന്റെ മികവ് വിളങ്ങി നിൽക്കൂ.

മലയാളിയുടെ ജീവിത ശൈലിയൊക്കെ മാറി. ദാരിദ്ര്യം പോയി.  കാലഹരണപ്പെട്ട കാര്യങ്ങൾ മേനിക്കടലാസിലും വർണാക്ഷരങ്ങളിലും കുറിച്ചു വച്ചാൽ അതൊരു പരിവർത്തനമായി പരിഗണിച്ചു കൂടാ. മികവുറ്റ പഠനങ്ങൾ തന്നെ വരണം. ആ രംഗത്ത് കേരളീയർ തിരുനക്കര തന്നെയാണെന്ന് പറയാതെവയ്യ. വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഉത്തരവാദപ്പെട്ടവർ തുടക്കമിടുമെന്നാശിക്കാം. ഭൗതിക സംവിധാനങ്ങളിൽ നാം നേടിയെടുത്ത മാറ്റങ്ങൾ വൈജ്ഞാനിക രംഗത്തെത്തുമ്പോൾ ശുഷ്‌കിച്ചു പോവരുത്. അഹ്‌ലുസ്സുന്നത്തിന്റെ ഉന്നത കലാലയങ്ങളിൽ നിന്ന് പോലും പഠനാർഹമായ വിജ്ഞാനീയങ്ങളോ ജർണലുകളോ പുറത്ത് വരുന്നില്ല എന്നത് തന്നെയാണ് ഈ പിന്നാക്കത്തിന്റെ ഏറ്റവും വലിയ തെളിവ്. നമ്മുടെ സ്വകാര്യ ദുഃഖവും.

തിരുനബി(സ്വ) പറഞ്ഞു: വിദ്യാഭ്യാസം മുസ്‌ലിമിന് സ്ത്രീ പുരുഷ ഭേദമന്യേ നിർബന്ധമാക്കിയിരിക്കുന്നു. വിജ്ഞാനം തേടി നടക്കുന്നവരെ അല്ലാഹു സ്വർഗത്തിന്റെ വഴിയിലേക്ക് തിരിച്ചു വിടും. വിജ്ഞാനം തേടുന്നവർക്ക് മാലാഖമാർ സന്തോഷപൂർവം ചിറകുകൾ താഴ്ത്തിക്കൊടുക്കും. ആകാശ ഭൂമികളിലെ വാസികളും അഗാധമായ ആഴിയിലെ മത്സ്യങ്ങൾ പോലും ജ്ഞാനികൾക്കായി അല്ലാഹുവോട് മാപ്പിരന്ന് കൊണ്ടിരിക്കും.  നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രനെന്ന പോലെയാണ് ഭക്തൻമാർക്കിടയിൽ ജ്ഞാനിയുടെ സ്ഥാനം (അബൂദാവൂദ്).

ഡോ. ഹുസൈൻ രണ്ടത്താണി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ