Shabari Mala -malayalam

ടുവിൽ സുപ്രീം കോടതി ശബരിമല വിധിയിൽ പുനഃപരിശോധനാ ഹരജി അനുവദിച്ചിരിക്കുന്നു. വിധി സ്റ്റേ ചെയ്യാതെയാണ് ഹരജികളിൽ വാദം കേൾക്കുക. രണ്ട് സാധ്യതകളാണ് ഉള്ളത്. പുനഃപരിശോധനാ ഹരജികൾ തുറന്ന കോടതിയിൽ വാദം കേട്ട്  തള്ളുകയാണ് ആദ്യത്തേത്. വിശദമായി വാദം കേട്ട് പുനഃപരിശോധനക്ക് തയ്യാറാകുകയെന്നതാണ് രണ്ടാമത്തേത്. വിധി സ്റ്റേ ചെയ്യാത്തതിനാൽ ഇപ്പോഴത്തെ നിലയിൽ യുവതികൾക്ക് മല ചവിട്ടാം. സ്വാഭാവികമായും പ്രതിഷേധക്കാർ തടയും. മണ്ഡലകാലവും സംഘർഷഭരിതമാകും. കേരളം മുൾമുനയിൽ തന്നെ തുടരും. ഈ സമരകാലത്ത് യഥാർത്ഥ മതവിശ്വാസികളും ജനാധിപത്യവാദികളും എവിടെ നിൽക്കണം?

ശബരിമലയിലെ സമര മന്ത്രങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. അത് ഏതൊരാൾക്കും ഉരുവിടാവുന്നത്ര വൈകാരികവും ലളിതവുമാണ്. സ്വന്തം വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് ഉത്കണ്ഠകളുള്ള ഏവരെയും അണിനിരത്താവുന്ന ശക്തിയും ആ മന്ത്രങ്ങൾക്കുണ്ടായിരുന്നു. നാമജപവുമായി കടന്നുപോകുന്ന സ്ത്രീ പുരുഷൻമാരുടെ എണ്ണം ഏറിയേറി വരികയായിരുന്നു. അവർക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയേകാനും അഭിവാദ്യമർപ്പിക്കാനും ഏത് കൊടി പിടിച്ചവനും സാധിക്കുന്ന നിലയുണ്ടായി. കൊടി പിടിച്ചവരും പിടിക്കാത്തവും വിശ്വാസ സംരക്ഷണത്തിന്റെ ഒറ്റയജൻഡയിൽ കൈകോർക്കുന്നുവെന്ന്തന്നെ തോന്നിപ്പിച്ചു. കോടതികളുടെ തീർപ്പുകൾ മനുഷ്യരുടെ അഭിവാഞ്ജകളും ആശങ്കകളും പ്രതിഫലിപ്പിക്കുന്നില്ലെന്നതും ആ വിധികൾ നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാറിന് പ്രത്യയശാസ്ത്ര തിടുക്കമുണ്ടെന്നതും ഒരു വിശദീകരണവുമില്ലാതെ തലക്കകത്തേക്ക് ഇരച്ചുകയറുന്ന ആരോപണ ശരമായിരുന്നു.

എന്നാൽ മറുവശത്ത് ഈ സമരത്തിന്റെ രാഷ്ട്രീയം പറഞ്ഞുഫലിപ്പിക്കുകയെന്നത് ദുഷ്‌കരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അതിശക്തമായ ഭാഷയിൽ പലയിടങ്ങളിൽ വിശദീകരിച്ചിട്ടും ചോദ്യങ്ങളുടെ പത്തി താഴാതെതന്നെ നിന്നു. നവോത്ഥാനം  ഉഴുതുമറിച്ചിട്ട മണ്ണാണ് കേരളത്തിലേതെന്ന് എത്ര ആവർത്തിച്ചിട്ടും വകവച്ചുകൊടുക്കാൻ സാമാന്യ ജനം തയ്യാറായില്ല. എന്തിനാണിത്ര തിടുക്കമെന്ന ചോദ്യം ഉയർന്നുനിന്നു. ഇന്ന് ക്ഷേത്രം;  നാളെ പള്ളിയിലേക്ക് വരില്ലേ എന്ന ആശങ്ക കത്തിപ്പടർന്നു. പക്ഷേ മുഖ്യമന്ത്രിയുടെ  വിശദീകരണങ്ങൾക്ക് വല്ലാത്ത കരുത്തും വിശ്വാസ്യതയുമുണ്ടായിരുന്നു. അതിനാൽ ആദ്യം അദ്ദേഹത്തിന്റെ അണികളെയും പിന്നെ ആ വലയത്തിന് പുറത്തുള്ളവരെയും ചെറിയ നിലയിലെങ്കിലും സ്വാധീനിക്കാനായി. വിശ്വാസികളും വിശ്വാസരഹിതരുമെന്ന പിളർപ്പ് സമ്പൂർണമായി നടക്കുന്നത് ആ ഇടപെടൽ തടയുകതന്നെ ചെയ്തു. പൊതുമണ്ഡലത്തിൽ നിലയും വിലയുമുള്ള ഏതാനും എഴുത്തുകാരും പ്രഭാഷകരും സാംസ്‌കാരിക പ്രവർത്തകരും അദ്ദേഹത്തിന് പിന്തുണയർപ്പിച്ചപ്പോൾ വിശ്വാസത്തിന്റെ ഹിസ്റ്റീരിയക്ക് അൽപ്പം ശമനമുണ്ടായി. അപ്പോഴാണ് സംഘ്പരിവാറിന്റെ കൗശലങ്ങൾ മെല്ലെ ദൃശ്യമാകാൻ തുടങ്ങിയത്. അപ്പോഴാണ് കോൺഗ്രസിന്റെ നയമില്ലായ്മ തെളിഞ്ഞു വരാൻ തുടങ്ങിയത്. അപ്പോൾ മാത്രമാണ് ഓരോരുത്തരുടെയും തനിനിറം പുറത്തു കാണാനായത്.

കേരളത്തെ സർവ നാശത്തിൽ നിന്ന് രക്ഷിച്ച തിരിച്ചറിവ്  സൃഷ്ടിച്ചത് പക്ഷേ, പിണറായിയോ സുനിൽ പി ഇളയിടമോ സ്വാമി സന്ദീപാനന്ദ ഗിരിയോ അല്ല. മറിച്ച് ബിജെപി പ്രസിഡന്റ് സാക്ഷാൽ ശ്രീധരൻ പിള്ളയാണ്. അദ്ദേഹം കോഴിക്കോട്ടെ യുവമോർച്ച നേതൃയോഗത്തിൽ നടത്തിയ പ്രസംഗം ലൈവായി പുറത്തുവിടാൻ തയ്യാറായ പ്രവർത്തകനോട് കേരളം കടപ്പെട്ടിരിക്കുന്നു. അത് ഒരുദിവസം പഴകിയിട്ടും പുതുമ നൽകി അവതരിപ്പിക്കാൻ മിടുക്കു കാട്ടിയ മാധ്യപ്രവർത്തകരോടും. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നടന്ന കൊടുംക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും പച്ചത്തെറികളും പെരുംനുണകളും ചട്ടമ്പിത്തരവും കണ്ടിട്ടും സംശയം തീരാതിരുന്ന മുഴുവൻ പേരെയും ഒറ്റയടിക്ക് ശ്രീധരൻ പിള്ളയുടെ പ്രസംഗം ജ്ഞാനികളാക്കി. മറുപക്ഷം നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്ന എല്ലാ വാദഗതികളെയും ശക്തിയുക്തം ജയിപ്പിക്കാൻ പിള്ളവാക്യങ്ങൾ മതിയായിരുന്നു. പിണറായിക്ക് വിശദീകരണ പ്രസംഗം നിർത്താമെന്നാവുകയും ചെയ്തു. പിള്ള നല്ല അഭിഭാഷകൻ തന്നെ. വാദങ്ങൾ സബ്സ്റ്റാൻഷ്യേറ്റ് ചെയ്യുന്നത് ഇങ്ങനെയായിരിക്കണം. ഹാ കേരളത്തിലെ ജനങ്ങൾ എത്ര ഭാഗ്യവാൻമാർ!

എന്താണ് അദ്ദേഹം പറഞ്ഞത്? ‘ശബരിമല ഒരു സമസ്യയാണ്. ആ  സമസ്യ നാം പൂരിപ്പിക്കണം. ശബരിമല ഒരു സുവർണാവസരമാണ്. അവിടെ നമ്മൾ ഒരു അജൻഡ വച്ചു. എല്ലാവരും അതിൽ വീണു. അവശേഷിക്കുന്നത് സർക്കാറും അവരുടെ പാർട്ടികളും മാത്രം’. ഇതിലപ്പുറം എങ്ങനെ നിർവ്യാജം സംസാരിക്കാനാകും. വിശ്വാസത്തിന്റെ പ്രശ്‌നമേയല്ല ശബരിമല. അത് ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടത്തിന്റെ ഭൂമിയാണ്. എല്ലാ വിശ്വാസികളെയും നമ്മൾ പറ്റിക്കും. കലാപം വിതക്കും.  ആളുകളെ പല തട്ടായി വിഭജിക്കും. സംശയം ജനിപ്പിക്കും. ഇതാണ് തന്ത്രം. സംഘ്പരിവാറിന് ഒരു അജൻഡയും വേറെയില്ല. ബ്രിട്ടീഷുകാരോട് അരുനിന്ന ഹിന്ദു മഹാസഭയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നത് യുവത്വം പാഴാക്കലാണെന്ന് ചെറുപ്പക്കാരെ ഉപദേശിച്ച ആർഎസ്എസും അത്‌കേട്ട് ഗാന്ധിജിയെ കൊന്ന നാഥുറാം വിനായക് ഗോഡ്‌സേയും ഇതേ അജൻഡയാണ് നടപ്പാക്കിയത്. എണ്ണമറ്റ കലാപങ്ങൾ, ബാബരി പള്ളി ധ്വംസനം, ഗുജറാത്ത് വംശഹത്യ, പശുവിന്റെ പേരിലുള്ള മനുഷ്യഹത്യകൾ… എല്ലാം ഒറ്റ അജൻഡയിൽ. കാസർകോട്ടെ ഉസ്താദിനെ പള്ളിയിലിട്ട് വെട്ടിക്കൊന്നിട്ടും ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരിൽ ഒരു മനുഷ്യനെ പച്ചക്ക് കൊന്നിട്ടും സാധ്യമാകാത്തത് നടപ്പാക്കാനുള്ള ഗോൾഡൻ ഓപർച്ച്യൂണിറ്റിയായിരുന്നു ശബരിമല. അത് ശ്രീധരൻ പിള്ളയുടെ പുഞ്ചിരിപ്പൂമുഖത്ത് നിന്ന് തന്നെ കേൾക്കാനുള്ള ഭാഗ്യം കേരളത്തിനുണ്ടായി. മതനേതാവിനെ എങ്ങനെയാണ് രാഷ്ട്രീയക്കാർ കരുവാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണവും കണ്ടു. ആചാര ലംഘനമുണ്ടായാൽ നടയടച്ചുകൊള്ളാൻ തന്ത്രി രാജീവരെ താൻ ഉപദേശിച്ചുവെന്നാണ് പിള്ള പറഞ്ഞത്. കെണിയിൽ കുടുങ്ങാൻ പോകുന്നുവെന്നറിഞ്ഞ തന്ത്രി നിഷേധിച്ചു. പിള്ള മറവി അഭിനയിച്ചു.

എല്ലാവരും അയ്യപ്പൻമാരായി മാറുന്ന, പരസ്പരം സ്വാമിയെന്ന് മാത്രം സംബോധന ചെയ്യുന്ന സന്നിധാനത്ത് തെരുവു ഗുണ്ടകൾ അഴിഞ്ഞാടി. മാധ്യമ പ്രവർത്തകരെ തല്ലിച്ചതച്ചു. ഭക്തരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. ആർഎസ്എസിന്റെ നേതാവ് എല്ലാ ആചാരങ്ങളും ലംഘിച്ച് പതിനെട്ടാം പടി ലുലു മാളിലെ എസ്‌കലേറ്ററാക്കി മാറ്റി. പോലീസിനെ പ്രകോപിപ്പിക്കുക തന്നെയായിരുന്നു ലക്ഷ്യം. പോലീസ് മുറ പുറത്തെടുപ്പിക്കണം. അപ്പോൾ സന്നിധാനം കത്തും. ഒപ്പം കേരളവും. എന്നുവച്ചാൽ കേരളത്തിലെ എല്ലാ മതസ്ഥരുടെയും ജാതിവിഭാഗങ്ങളുടെയും പ്രായഭേദമന്യേ എല്ലാവരുടെയും ജീവിതം നിശ്ചലമാകും. സ്വത്തുവകകൾ കൊള്ളയടിക്കപ്പെടും. മാനം പിച്ചിച്ചീന്തപ്പെടും. അമിത് ഷാ പറഞ്ഞേൽപ്പിച്ചത് അതാണ്. അത്‌കൊണ്ട് ശബരിമല പ്രശ്‌നം അയ്യപ്പഭക്തരുടെ മാത്രം വിഷയമല്ല. കോടതി വിധിയുടെ ന്യായാന്യായങ്ങളുടെ വിഷയവുമല്ല. അങ്ങനെ തെറ്റിദ്ധരിച്ച് മാനസിക പിന്തുണ നൽകാൻ പോയ എല്ലാവരും ഇപ്പോഴെങ്കിലും പ്രായശ്ചിത്തം ചെയ്ത് മടങ്ങേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയമാണ്. നല്ല കട്ടക്കാവി നിറമുള്ള ഹിന്ദുത്വ രാഷ്ട്രീയം.

 

നുണകൾ, പെരുംനുണകൾ

നുണകളായിരുന്നുവല്ലോ ഈ അടുക്കളയിലെ പ്രധാന ചേരുവ. സത്യം ചെരിപ്പിടുമ്പോഴേക്കും ഉലകം ചുറ്റിയ എത്രയെത്ര നുണകൾ. അതിൽ ഏറ്റവും മാരകമായത് ശബരിമലയിൽ യുവതീ പ്രവേശത്തിന് ഹരജിയുമായി പോയത് മുസ്‌ലിം അഭിഭാഷകരായിരുന്നുവെന്നതാണ്. എന്തായിരുന്നു ആ നുണയുടെ ദൗത്യം. അവിശ്വാസികളെന്ന് മുദ്രയടിച്ച കമ്യൂണിസ്റ്റുകളെ അപ്പുറത്ത് നിർത്തുന്നതിനേക്കാൾ വർഗീയ വിഭജനം സാധ്യമാകുക ഈ നുണയിലൂടെയാണല്ലോ. 2006-ലാണ് ഹരജികൾ സമർപ്പിക്കപ്പെടുന്നത്. പഴയ കഥയെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഓർക്കേണ്ടത് നാടിന്റെ അനിവാര്യതയായതിനാൽ വ്യക്തതയോടെതന്നെ മതേതര മലയാളം ഓർത്തു. ഹരജിയുമായി പോയ എല്ലാവർക്കും സംഘ്പരിവാർ ബന്ധമുണ്ട്. ഇതാണ് സത്യമെന്നിരിക്കെയാണ് മുസ്‌ലിം ഹരജിക്കാരെന്ന നുണ അതിവേഗം പരന്നത്. കൃത്യമായ എതിർ പ്രചാരണം നടന്നതോടെ ആ നുണയുടെ കാറ്റ് പോയി. കേരളത്തിലെ സർക്കാർ സൃഷ്ടിച്ചെടുത്ത വിധിയാണിതെന്ന നിയമപരമായ വിഡ്ഢിത്തവും പ്രചരിച്ചു. സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് ഇടതുപക്ഷ സർക്കാറിന് കോൺഗ്രസ് സർക്കാറിൽ നിന്ന് വ്യത്യസ്തമായ നിലപാടുണ്ടായിരുന്നുവെന്നത് നേരാണ്. എന്നാൽ ശബരിമല വിഷയത്തിൽ അതുമായി ബന്ധമുള്ള തന്ത്രവിധിയറിയുന്നവരും നിഷ്പക്ഷമതികളുമായ വിധഗ്ധരുടെ സമിതിയുണ്ടാക്കി അവരുടെ അഭിപ്രായം കണക്കിലെടുത്തുവേണം വിധി പുറപ്പെടുവിക്കാനെന്ന നിർദേശമാണ് സർക്കാർ വച്ചത്. കോടതി എല്ലാവരുടെയും വാദം കേട്ടു. തന്ത്രി, പന്തളം കുടുംബം, ദേവസ്വം ബോർഡ് തുടങ്ങി കക്ഷി ചേർന്ന എല്ലാവരും വാദങ്ങൾ നിരത്തി. അമിക്കസ് ക്യൂറിയെ വച്ചും കോടതി വിഷയങ്ങൾ ആരാഞ്ഞു. ഒടുവിൽ തുല്യാവകാശമെന്ന ഭരണഘടനാ തത്ത്വത്തിന്റെ അടിസ്ഥാനത്തിലും അയ്യപ്പ ഭക്തർ പ്രത്യേക മതമല്ലെന്ന നിഗമനത്തിലും കോടതി വിധി പുറപ്പെടുവിച്ചു. ഈ നീതിന്യായ പരിശോധനകളുടെ ഒരുഘട്ടത്തിലും തങ്ങളുടെ വാദം അവതരിപ്പിക്കാത്ത സംഘ് പരിവാറാണ് ഇപ്പോൾ പിണറായി വിജയൻ എഴുതിച്ച വിധിയെന്ന് പച്ചക്കള്ളം ആവർത്തിക്കുന്നത്.  സംഘ്പരിവാറിന് എതിരഭിപ്രായമൊന്നും രേഖപ്പെടുത്താനുണ്ടായിരുന്നില്ല എന്നതാണ് സത്യം. അത് സ്ത്രീകളുടെ തുല്യാവകാശത്തിൽ വിശ്വസിക്കുന്നത് കൊണ്ടൊന്നുമല്ല. എല്ലായിടത്തും ഒരേ ആചാരം. ഒരേ ദൈവം. ഒറ്റ മതം എന്ന ഏകശിലാവാദത്തിന്റെ ഭാഗമാണ് ആ നിലപാട്. അത്‌കൊണ്ട്, വിധി വന്നപ്പോൾ ഭയ്യാജി ജോഷിയടക്കമുള്ള മുഴുവൻ ആർഎസ്എസുകാരും ഹിസ്റ്റോറിക്കൽ ജഡ്ജ്‌മെന്റ് എന്ന് ആഘോഷിക്കുകയാണ് ചെയ്തത്. അവരുടെ നിയന്ത്രണത്തിലൊക്കെയും പിറ്റേന്നത്തെ ആഘോഷവാർത്ത ഇതാവുകയും ചെയ്തു. പിന്നെയാണ് അജൻഡ ഓർമ വന്നത്.

സമരം തുടങ്ങിയപ്പോൾ പിന്നെയും വന്നു നുണകൾ. രഹ്‌ന ഫാത്തിമയെന്ന പേരിൽ പിടിച്ചാണ് മുസ്‌ലിം ഗൂഢാലോചനയുടെ കഥ മെനഞ്ഞത്. ആരാണ് ഈ ചുംബന സമരനായികയെന്ന് ഏറ്റവും നന്നായി അറിയുന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. അത്‌കൊണ്ട് നുണ നന്നായി പ്രചരിപ്പിക്കാനും അവർക്കാണ് സാധിക്കുക. ആ നുണയും പക്ഷേ കാറ്റു പിടിച്ചില്ല. ന്യൂനപക്ഷ- ഭൂരിപക്ഷ എലമെന്റ് കൊണ്ടുവരാൻ ഏറ്റവും ഹീനമായ പ്രസ്താവന നടത്തുന്ന ശ്രീധരൻ പിള്ളയെയാണ് പിന്നെ കണ്ടത്. ഐജി മനോജ് എബ്രഹാമിന്റെ പേരിലെ എബ്രഹാമിൽ പിടിച്ചായിരുന്നു കളി. മലയിലെ എല്ലാ പ്രശ്‌നത്തിനും കാരണം മനോജ് എബ്രഹാമാണത്രെ. അദ്ദേഹത്തെ നായയെന്ന് വരെ വിളിച്ചു ബിജെപി നേതാക്കൾ. പോലീസുകാരന്റെ മതം ചികയൽ മുസ്‌ലിം പേരിലുമെത്തിയിരുന്നു. എത്ര നെറികെട്ട വാദമാണ് അത്. വാർക്ക പണിക്ക് വരുന്ന സത്യൻ കമ്പി വളച്ച് വച്ച് വീട് വീഴ്ത്താൻ ശ്രമിക്കുമെന്ന് ഇതര മതസ്ഥനായ ഉടമ സംശയിച്ചാൽ എങ്ങനെയിരിക്കും. കാവി കട്ടപിടിച്ച ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചിലയിടങ്ങളിൽ അങ്ങനെയുണ്ട്. ഈയിടെ ഭോപ്പാലിൽ ഒരാൾ ആശുപത്രിയിൽ നിന്ന് ബഹളം വച്ചു. അയാളെ ചികിത്സിക്കാൻ ഹിന്ദു സവർണ ഡോക്ടർ തന്നെ വരണം പോലും.  അങ്ങോട്ടാണ് ഇവർ ഈ നാടിനെ കൊണ്ടുപോകാൻ ശ്രമിച്ചത്. ഇങ്ങനെ പേര് നോക്കാൻ തുടങ്ങിയാൽ ഈ നാട് എവിടെയെത്തും? എങ്ങനെ സമാധാനമായി ജീവിക്കും?

ബലിദാനിയെ സൃഷ്ടിക്കാൻ, 19-ന് മകനെ വിളിച്ച് സംസാരിച്ചയാളെ അതിനു രണ്ടു ദിവസം മുമ്പ് 17-ന് തന്നെ ‘കൊന്നു’ ബിജെപി പ്രസിഡന്റ്.  പത്തനം തിട്ടയിൽ ഹർത്താലും നടത്തി. പോലീസ് ലാത്തിച്ചാർജിന്റെ പടമായി ഉപയോഗിച്ചത് വർഷങ്ങൾക്ക് മുമ്പ് സമരത്തിനിടെ പോലീസ് വളഞ്ഞിട്ട് തല്ലുന്ന എസ്എഫ്‌ഐ പ്രവർത്തകയുടെ പടം. സോഷ്യൽ മീഡിയ പൊളിച്ചടക്കിയിട്ടും ‘പോലീസ് മർദന’ത്തിന്റെ ഫോട്ടോഷൂട്ട് പടം പ്രചരിപ്പിക്കുകയാണ് ആർഎസ്എസുകാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ വലിയൊരളവ് ശബരിമലയിൽ നിന്നാണ്. ഈ വരുമാനം സർക്കാർ എടുത്ത്, മറ്റ് വിഭാഗങ്ങളുടെ കൂടി ക്ഷേമത്തിനായി ചെലവിടുന്നുവെന്നതാണ് കാലങ്ങളായി സംഘ്പരിവാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണ. കെഎസ്ആർടിസി ലാഭത്തിൽ പ്രവർത്തിക്കുന്നത് അയ്യപ്പ ഭക്തരുള്ളതുകൊണ്ടാണെന്നാണ് മറ്റൊന്ന്. കെഎസ്ആർടിസി സമീപകാല ചരിത്രത്തിലൊന്നും ലാഭത്തിലായിട്ടില്ല. സംസ്ഥാന സർക്കാറിന് നിയമനിർമാണത്തിലൂടെ സുപ്രീംകോടതി വിധി മറികടക്കാനാകുമെന്നതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കളവ്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശം ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധി മറികടന്ന് നിയമ നിർമാണം സാധ്യമേയല്ല. ഒന്നു പൊളിയുമ്പോൾ മറ്റൊരു നുണ. സംഘ്പരിവാർ വിതച്ച കലാപങ്ങളും വംശഹത്യകളും പരിശോധിച്ചാൽ ഈ നുണപ്പെരുപ്പം  കാണാനാകും. അത് ശബരിമലയിലും നടന്നുവെന്ന് വ്യക്തമാകാൻ ഈ നുണകൾ അക്കമിട്ട് വെക്കുന്നത് നല്ലതാണ്. ആർഎസ്എസ് രൂപവത്കരണത്തിന് പ്രായോഗിക പാഠങ്ങൾ പഠിക്കാൻ ജർമനിയിലും ഇറ്റലിയിലും പോയിരുന്നു ഡോ. ബിഎസ് മൂഞ്ചേ. അന്നേ പഠിച്ചുറപ്പിച്ചതാണ് ഗീബൽസിയൻ തന്ത്രം. ഇന്ന് ഇങ്ങേത്തലക്കലെ സംഘ്പരിവാറുകാരിലൂടെ ആ ജനിതക ഗുണം അതേ പടി ആവർത്തിക്കുന്നു. വിത്തു ഗുണം പത്തു ഗുണം.

 

സമരത്തിന്റെ ജാതി

ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണ് ശബരിമലയിലും തെരുവിലും കണ്ടത്. ശൂദ്രസ്വത്വം മറച്ച് വച്ചോ തിരിച്ചറിയാതെയോ നായർ സർവീസ് സൊസൈറ്റിയൊക്കെ അതിൽ പങ്കുചേരുന്നുവെന്ന് മാത്രം. പഴയതു പോലെ ബ്രാഹ്മണർ ഇപ്പോഴും ജാതിശൂദ്രരെ പറ്റിച്ചുകൊണ്ടിരിക്കുന്നുവെന്നർത്ഥം. കേരളത്തിൽ നടന്ന ക്ഷേത്ര പ്രവേശന സമരങ്ങളുടെയെല്ലാം ഉള്ളടക്കം ബ്രാഹ്മണിക്കൽ വിരുദ്ധമായിരുന്നു. അന്ന് ആ സമരത്തെ പിന്തുണച്ച പാരമ്പര്യമാണ് നായർ സംഘടനകൾക്കുള്ളത്. ‘ഉശിരൻ നായർ മണിയടിക്കും, ഇല നക്കി നായർ പുറത്തടിക്കും’ എന്ന് മുദ്യാവാക്യം മുഴക്കിയത് ഒരു നായരായിരുന്നു. അദ്ദേഹത്തിന്റെ പേര് പി കൃഷ്ണ പിള്ളയെന്നായിരുന്നു. ആദ്യം കോൺഗ്രസും പിന്നീട് കമ്യൂണിസ്റ്റുമായയാൾ. 1931 ഡിസംബറിൽ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി ക്ഷേത്ര വളപ്പിൽ കടന്നുകയറി മണിയടിച്ച കൃഷ്ണ പിള്ളയെ ബ്രാഹ്മണ മേലാളുടെ ചട്ടമ്പികളായ നായൻമാർ തല്ലിച്ചതച്ചപ്പോഴായിരുന്നു ഈ വാചകം പിറന്നത്. കേരളത്തിലെ ഹൈന്ദവ സമൂഹത്തിൽ നവോത്ഥാനം സാധ്യമാക്കിയെന്ന് പറയുന്ന എല്ലാ സമരങ്ങളും ബ്രാഹ്മണ്യത്തിന് എതിരായിരുന്നു. ചെരിപ്പിടാനും മാറു മറക്കാനും വഴി നടക്കാനും തൊഴാനും മിണ്ടാനും അക്ഷരം പഠിക്കാനുമൊക്കെ വലിയ സമരങ്ങൾ വേണ്ടിവന്നു. 1906-ൽ ആദ്യത്തെ കർഷക തൊഴിലാളി സമരം നടന്നത് കൂലിക്ക് വേണ്ടിയായിരുന്നില്ല. പഞ്ചമിയെന്ന പുലയക്കുട്ടിയെ പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്നത് തടഞ്ഞതിനെതിരെയായിരുന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാറിന്റെ ഉത്തരവുണ്ടായിരുന്നു അവർണരുടെ മക്കൾക്ക് സ്‌കൂൾ പ്രവേശനം നൽകണമെന്ന്. സമ്മതിച്ചില്ല സവർണ പ്രമാണിമാർ. ജാത്യാചാരം തന്നെയായിരുന്നു പ്രശ്‌നം. ഒടുവിൽ കൊയ്യില്ല, വിത്തു വിതക്കില്ല എന്ന സമര പ്രഖ്യാപനം നടത്തി അയ്യങ്കാളി. അധികാരം കൊയ്യണമാദ്യം; എന്നിട്ടാകാം പൊന്നാര്യൻ എന്നാണ് കവി പാടിയത്.

അതേ ബ്രാഹ്മണ്യം ഇന്ന് മറ്റൊരു നിലയിൽ അധികാര സംസ്ഥാപനം നടത്തുന്നതാണ് ശബരിമലയിൽ കാണുന്നത്. അവിടെ രക്തം ചിന്തിയും കാത്തു സൂക്ഷിക്കുമെന്ന് പറയുന്ന ആചരണം ശുദ്ധ ബ്രാഹ്മണ്യമാണ്. തന്ത്രിക്കും രാജ(?)കുടുംബത്തിനും അപ്രമാദിത്വം കൽപ്പിക്കുന്ന താന്ത്രിക വിധികളിൽ, താഴ്ന്നവരെന്ന് മുദ്ര കുത്തിയ ജനവിഭാഗങ്ങളുടെ ഒരു അവകാശവും സ്ഥാപിക്കപ്പെടുന്നില്ല. ക്ഷേത്രത്തിന്റെ  യഥാർത്ഥ ഉടമസ്ഥരായ മലയരയരുടെ പ്രാഥമിക അവകാശമായിരുന്ന തേനഭിഷേകം പോലുള്ള ചടങ്ങുകൾ എടുത്തുകളഞ്ഞപ്പോൾ ആചാര സംരക്ഷണ മുദ്രാവാക്യം എവിടെനിന്നുമുയർന്നില്ലല്ലോ. മകരവിളക്ക് കത്തിക്കാനുള്ള അവകാശം ആദിവാസി വിഭാഗങ്ങളിൽ നിന്നെടുത്തുമാറ്റിയപ്പോഴും ഒച്ചപ്പാടുണ്ടായില്ല. ഇത്തരത്തിലുള്ള വിഭാഗീയതകളെക്കുറിച്ച് നന്നായി അറിയുന്നത്‌കൊണ്ട് തന്നെയാണ് ദളിത് സംഘടനകൾ ഈ സമരത്തിനില്ലെന്ന് തീർത്ത് പ്രഖ്യാപിച്ചത്. മകനെ രഥയാത്ര നയിക്കാനയച്ച വെള്ളാപ്പള്ളി നടേശനുപോലും സമരത്തെ തള്ളിപ്പറയേണ്ടിവന്നു. എസ്എൻഡിപിയിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ അത്ര എളുപ്പത്തിൽ ആട്ടിയോടിക്കാൻ സാധിക്കില്ലല്ലോ. അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ ഗുരുവിനോട് പ്രമാണിമാർ ചോദിക്കുന്നു: ‘ആര് തന്നു പ്രതിഷ്ഠിക്കാൻ അധികാരം?’ ‘അതിന് ഞാൻ പ്രതിഷ്ഠിച്ചത് ഈഴവനെയാണല്ലോ’ എന്ന് ഗുരുവിന്റെ മറുപടി. കണ്ണാടി പ്രതിഷ്ഠയും നടത്തി അദ്ദേഹം. ടിജി മോഹൻദാസും തന്ത്രിയുമൊക്കെ ഇപ്പോൾ കോടതിയിൽ ഹാജരാക്കിയ താന്ത്രിക സമുച്ചയത്തിൽ ഒരിടത്തുമില്ലാത്ത പ്രതിഷ്ഠാ ക്രിയയായിരുന്നു അത്.    നേര് മെയ് തന്നെ ചൊൽകയാൽ ജാതി ചൊല്ലേണ്ട എന്നാണ് ഗുരുവിന്റെ പക്ഷം. ഗുരു ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ സൈബർ തെറി കേൾക്കേണ്ടിവരുമായിരുന്നു. വധഭീഷണിയുള്ളതിനാൽ പോലീസ് സംരക്ഷണയിൽ പുറത്തിറങ്ങേണ്ടിയും വരുമായിരുന്നു.

സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം  ജാതി ശ്രേണിയിൽ താഴ്ന്നവർ ഹിന്ദുക്കളേയല്ല. പാഴ്ജൻമങ്ങളാണ് അവർ.  കലാപത്തീയിൽ വിറകുകളാകാനും വോട്ട് കുത്താനും മാത്രമേ അവർക്ക് ഈ ദളിത് സമൂഹത്തെ വേണ്ടൂ. വോട്ടിന് ജാതിയില്ലല്ലോ. ഈ അജൻഡയിൽ അറിയാതെ കുടുങ്ങുന്ന മനുഷ്യരുണ്ട്. അത്തരക്കാരാണ് ശബരിമലയിൽ പോലീസിനെ വെല്ലുവിളിക്കുന്ന അവർണ വിഭാഗക്കാർ. പുലയ മഹാസഭയുടെ പുന്നല ശ്രീകുമാർ, ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപ്പിക്കാട് തുടങ്ങിയവർ ഈ അപകടം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഞാൻ ഹിന്ദുവല്ല എന്ന് കാഞ്ച ഐലയ്യ പ്രഖ്യാപിക്കുന്നത് ഈ അർത്ഥത്തിലാണ്.

 

ലക്ഷ്യം ഭരണഘടനയാണ്

മതേതര വിരുദ്ധം കൂടിയാണ് ശബരിമലയിലെ സമരമന്ത്രങ്ങൾ. മത സൗഹാർദം ഇരുമതസ്ഥർ തമ്മിലുള്ള ബന്ധമാണെങ്കിൽ മതേതരത്വം മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധമാണ്. ഒരു മതവുമായും രാഷ്ട്രത്തിന് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല. ഇന്ത്യ ഒരുഹിന്ദു രാഷ്ട്രമല്ല.  ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം മാത്രമാണ്. നിരവധിയായ മതങ്ങൾ ഇവിടെയുണ്ട്. അവക്ക് പ്രവർത്തന സ്വാതന്ത്ര്യവുമുണ്ട്. ഇതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അടിത്തറ. ഈ അടിത്തറ പണിതിരിക്കുന്നത് സാമൂഹികമായല്ല. രാഷ്ട്രീയമായാണ്. ഭരണഘടനയിലാണ് അത് കെട്ടിപ്പടുത്തിരിക്കുന്നത്. മനുഷ്യർക്ക് സങ്കടങ്ങൾ ഉള്ളിടത്തോളം കാലം മതസൗഹാർദം നിലനിൽക്കും. എന്നാൽ ഇന്ത്യൻ ഭരണഘടന പോയി മനുസ്മൃതി വന്നാൽ അന്ന് തീരും മതേതരത്വവും സമാധാനവും.

ആർട്ടിക്കിൾ 25 പ്രകാരം ഒരാൾക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് മൗലികാവകാശമാണ്. നിയമത്തിന് മുന്നിലെ സമത്വം ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 14, ലിംഗ, മത, ജാതി, ജൻമ, ദേശ വിവേചനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 15 തുടങ്ങിയ ഭരണഘടനാ വകുപ്പുകളെല്ലാം മതേതരത്വം ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ വകുപ്പുകൾ അനുസരിച്ചാണ് ശബരിമലയിലെ യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചത്. അതിൽ തെറ്റുകളുണ്ടാകാം. ആചാരത്തിലേക്കുള്ള കടന്നുകയറ്റവുമാകാം അത്. അപ്പോൾ എന്താണ് വേണ്ടത്? നിയമപരമായ പരിഹാരം തേടണം. പകരം കോടതി വിധി അക്രമംകൊണ്ടും ഭീഷണികൊണ്ടും മറികടക്കുമെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണ്. ആർഎസ്എസോ ബിജെപിയോ റിവ്യൂ ഹരജി നൽകിയില്ലെന്നോർക്കണം. കേന്ദ്ര സർക്കാറിന് ഓർഡിനൻസിറക്കി ആചാര സംരക്ഷണമാകാമായിരുന്നു. മുസ്‌ലിം സ്ത്രീകളെ രക്ഷിച്ചെടുക്കാൻ രാജ്യസഭ കാണിക്കാതെ മുത്വലാഖിൽ ഓർഡിനൻസിറക്കിയവരാണിവർ. പക്ഷേ ഈ വിഷയത്തിൽ അവരത് ചെയ്തില്ല. ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ഇപ്പോഴത്തെ ഭരണഘടന പൊളിച്ചെഴുതണമെന്നാണ്. അതവർ പലപ്പോഴായി പരസ്യമാക്കിയതാണ്. ന്യൂനപക്ഷ പരിരക്ഷയും മതേതരത്വവും നിയമപരമായി ഉറപ്പുവരുത്തുന്ന ഭരണഘടനക്കെതിരായ നീക്കത്തെയാണ് ഈ സമരത്തിൽ, വിശ്വാസത്തിന്റെ പേരിൽ പരോക്ഷമായും പ്രത്യക്ഷമായും അണിനിരക്കുന്നവർ പിന്തുണക്കുന്നത്. ബാബരി മസ്ജിദ് തകർത്തതും രാമക്ഷേത്രം പണിയാൻ പോകുന്നതും കോടതിയെ വെല്ലുവിളിച്ചാണെന്ന് ശബരിമല സമരത്തിന് പിന്തുണയുമായി ഇറങ്ങിയ കോൺഗ്രസും ലീഗുമടക്കം എല്ലാവരും ഓർക്കണം.

ജനാധിപത്യവിരുദ്ധമാണ് ഈ സമരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇവിടെ ചർച്ചയാകേണ്ടത് നോട്ട് നിരോധനവും ജിഎസ്ടിയും റാഫേൽ അഴിമതിയുമാണ്. ആ ചർച്ചകളെ അപ്രസക്തമാക്കാനാണ് ഓരോ സംസ്ഥാനത്തും വൈകാരികമായ പ്രശ്‌നങ്ങൾ എടുത്തുകൊണ്ടുവരുന്നത്. ഇത് തീവ്രവലതുപക്ഷത്തിന്റെ സാർവ ലൗകികമായ തന്ത്രമാണ്. ട്രംപ് മുതൽ മോദി വരെ ഇത് പയറ്റുന്നു. രാമക്ഷേത്ര നിർമാണത്തിന് ചൂടുപടിച്ചിരിക്കുന്നു. ശബരിമലക്കും. ഇതൊന്നും മനസ്സിലാക്കാനും പ്രതിരോധിക്കാനും കോൺഗ്രസിന് സാധിക്കുന്നില്ലല്ലോ എന്നതാണ് ദുഃഖകരം. വ്യക്തിത്വത്തിലാണ് പാർട്ടികൾ നിലനിൽക്കുന്നത്. ശബരിമല സമരത്തിൽ കോൺഗ്രസിന്റെ വ്യക്തിത്വമെന്താണ്? അത് എത്രമാത്രം ബിജെപിയിൽ നിന്ന് വ്യത്യസ്തമാണ്? കൊടിയെടുക്കാതെ കോൺഗ്രസുകാർ അണിനിരന്ന നാമജപ ഘോഷയാത്രയുടെ മുന്നിൽ കാണുന്നത് കാവിക്കൊടിയാണ്. കോൺഗ്രസ്‌നിര എവിടെനിന്ന് തുടങ്ങുന്നു? ജാഥ കഴിഞ്ഞ് എല്ലാ കോൺഗ്രസുകാരും കോൺഗ്രസുകാരായി വീട്ടിൽ പോകുമോ? വിഡി സതീശനും വിടി ബൽറാമിനും ഈ നയം മനസ്സിലാകാത്തത് എന്താണ്? ഇത് കോൺഗ്രസിൽ എക്കാലത്തുമുള്ളതാണ്. 1949-ലാണ്.  ബാബരിപ്പള്ളിയിൽ രാമ-സീതാ വിഗ്രഹങ്ങൾ സ്വയംഭൂവായി പൊങ്ങിവന്നുവെന്ന് ആരോ നെഹ്‌റുവിനോട് പറഞ്ഞു. അദ്ദേഹം ഉടൻ മറുപടി നൽകി. എടുത്ത് സരയൂവിൽ എറിയുക. വലിയ കുഴപ്പത്തിന് അത് ഇടവരുത്തും. എന്നാൽ യുപിയിലെ കോൺഗ്രസ് നേതാവ് ജിവി പാന്ത് അതവിടെ തന്നെ സൂക്ഷിച്ചു. നെഹ്‌റുവും കോൺഗ്രസാണ്. ജി.വി പാന്തും!

ശ്രീധരൻ പിള്ളയുടെ ശബ്ദം മുഴങ്ങുന്നു: ‘നമ്മൾ ഒരു അജൻഡ നിശ്ചയിച്ചു. എല്ലാവരും അതിൽ വീണു’. വിശ്വാസ സംരക്ഷണത്തിനിറങ്ങിയ ഭക്തരെയാണ് ആദ്യം തെരുവിൽ കണ്ടത്. ഇപ്പോൾ കാണുന്നത് സംഘ്പരിവാറിനെയാണ്. ഭക്തരും സർക്കാറും തമ്മിലല്ല പോര്. ഭക്തരും കോടതിയും തമ്മിലല്ല നേർക്കുനേർ നിൽക്കുന്നത്. സംഘ്പരിവാറും മതേതര സമൂഹവുമാണ് ഏറ്റുമുട്ടുന്നത്. ഈ പ്രളയത്തെയും കേരളം അതിജീവിച്ചേ പറ്റൂ.

You May Also Like
natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര