സര്‍വനന്മകളും കുടികൊള്ളുന്നത് രണ്ടു കാര്യങ്ങളിലാണെന്നാണ് ആത്മജ്ഞാനികള്‍ പറയുക. ഒന്ന്, അല്ലാഹു അല്ലാത്ത മുഴുവന്‍ കാര്യങ്ങളില്‍ നിന്നും മുക്തമായ മനസ്സ്. രണ്ടാമത്തേത് പ്രപഞ്ച സൃഷ്ടിപ്പിന്‍റെയും പ്രവാചക നിയോഗത്തിന്‍റെയും പരമലക്ഷ്യമായ മഅ്രിഫതി(ആത്മജ്ഞാനം)നാല്‍ അന്തരംഗം നിറയുക. ഇവ രണ്ടും സാര്‍ത്ഥകമാകണമെങ്കില്‍ സദ്സ്വഭാവം അനിവാര്യമത്രെ. സദ്സ്വഭാവത്തെ വെല്ലുന്ന ഒരു മഹദ്ഗുണവുമില്ല. “നബിയേ അവിടുന്ന് മഹത്തായ സ്വഭാവത്തിന്‍റെയുടമയാകുന്നു’ എന്ന ഖുര്‍ആന്‍ പ്രഖ്യാപനം പ്രസ്താവ്യമാണ്.

ഉയര്‍ച്ചയുടെ പൊരുള്‍ തൗഹീദും മഅ്രിഫതും മനസ്സാന്നിധ്യത്തോടെ സ്വീകരിക്കലാണ്. ഭക്തിയും വണക്കവും ഉള്‍ക്കൊണ്ട് അല്ലാഹുവിലേക്കടുക്കാന്‍ ഇത് കളമൊരുക്കും. മനുഷ്യനെ നന്നാക്കിയെടുക്കാനും സംസ്കരിക്കാനുമാണ് നബിമാരെ നിയോഗിക്കുന്നത്. ആന്തരികം പൂര്‍ണാര്‍ത്ഥത്തില്‍ നന്മയായി മാറുമ്പോള്‍ ഉല്‍ഭൂതമാകുന്ന സവിശേഷ ഗുണമാണ് സദ്സ്വഭാവം. അതിന്‍റെ വിരുദ്ധഗുണം ദുസ്വഭാവവും.

സദ്സ്വഭാവവും ദുസ്വഭാവവും ഉടലെടുക്കുന്നത് മൂന്ന് മാതൃവികാരങ്ങളില്‍ നിന്നാണ്. ബുദ്ധിശക്തിയാണ് അതിലൊന്ന്. ബുദ്ധിയെ ചൊല്‍പടിക്കു നിര്‍ത്തുന്ന കാര്യങ്ങള്‍ ഇല്‍മും ഹിക്മതുമാണ്. വിശ്വാസപരമായി അസത്യത്തില്‍ നിന്ന് സത്യത്തെയും, വാചാപരമായി കളവില്‍ നിന്ന് നേരിനെയും, കര്‍മപരമായി തിയ്യതില്‍ നിന്ന് നല്ലതിനെയും വേര്‍തിരിച്ചറിയലാണ് ഹിക്മത്. മാതൃവികാരങ്ങളില്‍ നിന്ന് രണ്ടാമത്തേത് ഉപദ്രവങ്ങളെ പ്രതിരോധിക്കാന്‍ നിക്ഷിപ്തമായ വിദ്വേഷ വികാരമാണ്. വിദ്വേഷത്തില്‍ പക്വത കുടികൊള്ളുന്നത് ഹിക്മതിന് പൂര്‍ണാനുസാരിയാകുമ്പോഴാണ്. അഥവാ സത്യാസത്യ വിവേചന ബുദ്ധിയായ ഹിക്മത് സൂചന കൊടുത്താല്‍ ചലന നിശ്ചലനങ്ങള്‍ക്ക് ഉപയുക്തമാം വിധത്തില്‍ വിദ്വേഷം വിധേയപ്പെടണം.

മൂന്നാമത്തെ വികാരം ഇച്ഛാശക്തിയാകുന്നു. ബുദ്ധിയുടെ വെളിച്ചത്തില്‍ ഉപകാരപ്രദമായ വിധം പ്രകടിതമാകേണ്ട വികാരമാണിത്. ഹിക്മതിന് അനുസരിക്കുന്നതിലാണ് ഇതിന്‍റെയും പക്വതയും പാകതയും കുടികൊള്ളുക.

ഈ മൂന്ന് വികാരങ്ങളും മിതത്വം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനക്ഷമമാകുന്നതിലാണ് എല്ലാ നന്മയും നിലീനമായിരിക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞു: “നിന്‍റെ കൈ പറ്റെ പിരടിയിലേക്കു ബന്ധിച്ചുകളയരുത്. എന്നാല്‍ അതിരില്ലാതെ വിടര്‍ത്തിക്കളയുകയുമരുത്.’ മിതത്വമാണ് വിജയത്തിന്‍റെ കാതലെന്നാണീ വാക്യം സൂചിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞ മൂന്ന് നൈസര്‍ഗിക ശക്തികളെയും വിലയിരുത്തിയാല്‍ മിതത്വത്തെ നാലായി വിഭജിക്കാനാവും.

ഒന്നാമത് പറഞ്ഞ ഹിക്മതിന്ന് അമിതത്വം, മിതത്വം, അധമത്വം എന്നിങ്ങനെ മൂന്ന് അവസ്ഥകള്‍ ഉണ്ട്. ഇതില്‍ മിതത്വമാണ് പ്രശംസാര്‍ഹമായത്. ഹിക്മത് എന്ന വിശേഷണത്തെ സാര്‍ത്ഥകമാക്കുന്നതും മിതത്വം തന്നെ. ഹിക്മത്തിന്‍റെ മധ്യനില മാനസികവും ബുദ്ധിപരവുമായ സമനിലയും സൂക്ഷ്മജ്ഞാന ദര്‍ശനവും മനുഷ്യന് നല്‍കുന്നു. അതേ സമയം ഹിക്മതിന്‍റെ അമിതത്വം ചതിയും വഞ്ചനയും കാലക്കേടുമാണ് വരുത്തുക. മൂഢത്തം, ഭ്രാന്ത്, അല്‍പത്തം തുടങ്ങിയ ആപത്തുകള്‍ വിളിച്ച് വരുത്തുന്നത് ഹിക്മത്തിന്‍റെ അധമത്വമാകുന്നു. മൂഢത്വം പരിചയക്കുറവിനെയാണ് അര്‍ത്ഥമാക്കുന്നത്, അല്‍പത്തം നല്ല ലക്ഷ്യം വെച്ച് തെറ്റായ വഴി തേടുന്നതിനെയും. ലക്ഷ്യവും മാര്‍ഗവും തെറ്റായിത്തീരുമ്പോഴാണ് മാനസിക വക്രത, ഭ്രാന്ത് തുടങ്ങിയവ ജനിക്കുന്നത്.

ദ്യേത്തിനുമുണ്ട് മേല്‍പറഞ്ഞ മൂന്ന് നിലകള്‍. ദ്യേത്തിന്‍റെ മിതത്വം സ്ഥ്യൈം എന്ന വിശേഷണമര്‍ഹിക്കുന്നു. മാന്യത, കര്‍മകുശലത, കരാര്‍പാലനം, ദ്യേം കടിച്ചിറക്കാനുള്ള കഴിവ് തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. അഹന്ത, ഉള്‍നാട്യം, അതിക്രമം തുടങ്ങിയവ ദ്യേത്തിന്‍റെ അമിതത്വ ലക്ഷണങ്ങളാകുന്നു. നിസ്സാരത, ഷണ്ഡത്വം, നല്ല കാര്യങ്ങളില്‍ നിന്നുള്ള ഉള്‍വലിവ്, വിമുഖത തുടങ്ങിയവ ദ്യേത്തിന്‍റെ അധമത്വത്താല്‍ വന്നുചേരുന്നവയാണ്.

ഇച്ഛാശക്തിയുടെ മിതനിലയെ പക്വതയെന്ന് വിശേഷിപ്പിക്കാം. ക്ഷമ, സൂക്ഷ്മത, ധര്‍മനിഷ്ഠ, പ്രയത്നം, കാമലോപം തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. അത്യാര്‍ത്തി അത്യാഗ്രഹം തുടങ്ങിയവ ഇതിന്‍റെ അമിതത്വ ലക്ഷണങ്ങളും അസൂയ, അധിക്ഷേപം, വിമര്‍ശനം തുടങ്ങിയവ അധമത്വ ലക്ഷണങ്ങളുമാകുന്നു.

ചുരുക്കത്തില്‍ ഉത്തമ സ്വഭാവത്തിന്‍റെ മാതൃഗുണങ്ങള്‍ ഹിക്മത്, സ്ഥ്യൈം, പക്വത എന്നിവയും ഇവയ്ക്ക് പരിപാവനത്വം നല്‍കുന്ന നീതിനിഷ്ഠയുമാണ്. ബാക്കി വരുന്നതൊക്കെ ഈ ചതുര്‍ഗുണങ്ങളുടെ ശാഖകളും ശാഖോപശാഖകളുമാകുന്നു. ഈ നാല് സദ്ഗുണങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാപിച്ചത് മുഹമ്മദ് നബി(സ്വ) മാത്രമാണെന്നതാണ് നേര്.

ഔദാര്യം

ആത്മീയ സ്വഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദാരത (സഖാഅ്). ഇഹലോക സംബന്ധിയാകട്ടെ പരലോക സംബന്ധിയാകട്ടെ സ്വന്തത്തേക്കാള്‍ മറ്റുള്ളവരുടെ നന്മ തെരഞ്ഞെടുക്കലാണത്. ചോദിക്കുന്നന്നതിന് മുമ്പ് നല്‍കുക, കൊടുത്തത് എടുത്തുപറയാതിരിക്കുക, കൊടുക്കുന്നത് ധൃതിപിടിച്ചും രഹസ്യമായും ആവുക, കൊടുത്തതിനെ ചെറുതായി ഗണിക്കുക തുടങ്ങിയവയെല്ലാം സഖാഇന്‍റെ പരിധിയില്‍ വരുന്നവയാണ്. ശരീരവും ആത്മാവും സമ്പത്തുമെല്ലാം പരമലജ്ജയോടെ അല്ലാഹുവിനു സമര്‍പ്പിക്കലും മുസ്‌ലിം മുഖങ്ങളില്‍ യാചനയുടെ ജാള്യം കാണുന്നത് വെറുക്കലും സഖാഇല്‍ പെടുന്നു. ജനങ്ങളുടെ കൈകളിലുള്ളതില്‍ തനിക്കു മോഹമില്ലാതിരിക്കുക എന്നത് ദാനം ചെയ്ത് ഉദാരമതിയാകുന്നതിനെക്കാള്‍ മഹത്തായതാണ്. ഉള്ളതുകൊണ്ട് തൃപ്തിയും പൊരുത്തവുമടഞ്ഞ് മാന്യനാകല്‍ കൊടുത്തും ധര്‍മം ചെയ്തും മാന്യനാകുന്നതിനെക്കാള്‍ വലുതും. എന്നാല്‍ ഇതിനേക്കാളൊക്കെ ബൃഹത്തായ ഉദാരത തത്ത്വജ്ഞാനം കൊണ്ട് ഉദാരനാകലത്രെ.

ഉല്‍കൃഷ്ട സ്വഭാവങ്ങള്‍

അല്ലാഹു പറഞ്ഞു: വിട്ടുവീഴ്ച ശീലമാക്കുക, നല്ല കാര്യങ്ങള്‍ കല്‍പ്പിക്കുക. വിഡ്ഢികളില്‍ നിന്ന് അകലുക’ (ഖുര്‍ആന്‍). അക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുക, തടഞ്ഞവര്‍ക്ക് കൊടുക്കുക, ബന്ധം വിഛേദിച്ചവരോട് ബന്ധം പുലര്‍ത്തുക, അവിവേകം ചെയ്തവനോട് പ്രതികരിക്കാതിരിക്കുക, ഉപദ്രവമേല്‍പ്പിച്ചവന് ഉപകാരം ചെയ്യുക തുടങ്ങിയവയെല്ലാം ഈ വാക്യത്തിന്‍റെ പരിധിയില്‍ വരുന്നവയത്രെ. നബി(സ്വ) ഇത്തരം ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങള്‍ (മകാരിമുല്‍ അഖ്ലാഖ്) കൊണ്ട് നിയോഗിതനായവരാണ്. അല്ലാഹുവേ എന്‍റെ സമുദായത്തിനു നീ മാപ്പ് നല്‍കണേ. അവര്‍ വസ്തുതകള്‍ അറിയാത്തവരാണ്’ എന്ന നബിയുടെ പ്രാര്‍ത്ഥന ഇതിനു മതിയായ രേഖയാകുന്നു.

സലാം വ്യാപിപ്പിക്കുക, ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റു നിസ്കരിക്കുക, നിഷിദ്ധങ്ങള്‍ വെടിഞ്ഞ് മാന്യനാവുക തുടങ്ങിയവയെല്ലാം ഉല്‍കൃഷ്ട ഗുണങ്ങളില്‍ പ്രധാനമാകുന്നു. ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ സ്വര്‍ഗാവകാശികളുടെ ഗുണങ്ങളാണ്. നല്ല വാക്കും നല്ല പ്രവൃത്തിയുമാണ് ഉല്‍കൃഷ്ട സ്വഭാവത്തിന്‍റെ പൊരുള്‍, ഉപകാരം ചെയ്തവന് വര്‍ധിത തോതില്‍ പ്രത്യുപകാരം ചെയ്യുക എന്നതും അതിന്‍റെ ഭാഗമാണ്. അഹംഭാവിയായ എതിരാളിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കാതെ ഒഴിവുകള്‍ കണ്ടെത്തുകയും കൂട്ടുകാരുടെ അവിവേകങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അവരുടെ ആവശ്യങ്ങള്‍ വീട്ടാന്‍ ധൃതിപ്പെടുകയും ദുന്‍യാവിനെ അതിന്‍റെ വക്താക്കള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് സ്വയം ശുദ്ധനാവുകയും ചെയ്യുന്നതും മകാരിമുല്‍ അഖ്ലാഖിന്‍റെ പ്രയോഗം തന്നെ.

ഇമാം ഗസ്സാലിറ);പറുദീസ/12 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ