1925-ല്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകൃതമായ കൂട്ടായ്മ നാട്ടിലുടനീളം സഞ്ചരിച്ച് പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ ദീനിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യപ്പെടുത്തി സംഘടിതമായി പ്രവര്‍ത്തിക്കുന്നതിനായി ക്ഷണിച്ചു. വാഹനസൗകര്യവും വാര്‍ത്താ വിനിമയ സംവിധാനവും വളരെ പരിമിതമായിരുന്ന ആ കാലത്ത് ഓരോ പണ്ഡിതനെയും സമീപിക്കുന്നതിന് അവരനുഭവിച്ച ത്യാഗവും പ്രയാസങ്ങളും വളരെ വലുതായിരുന്നു.

അങ്ങനെ 1926 ജൂണ്‍ 26-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് വിപുമായ പണ്ഡിത സമ്മേളനം നടന്നു. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സഹോദരി പുത്രനായ സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു യോഗാധ്യക്ഷന്‍. വരക്കല്‍ തങ്ങളുടെ പരിചരണത്തില്‍ വളര്‍ന്ന അനുഗ്രഹീത പണ്ഡിതനും സയ്യിദുമായിരുന്നു അദ്ദേഹം.

നിലവിലുണ്ടായിരുന്ന പണ്ഡിത കൂട്ടായ്മക്ക് കൃത്യമായ രൂപവും ഭാവവും കൈവന്നത് ഈ യോഗത്തിലാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ പുനക്രമീകരിച്ച സംഘടനയുടെ പ്രസിഡന്‍റായി വരക്കല്‍ തങ്ങളെ തന്നെയാണ് യോഗം തെരഞ്ഞെടുത്തത്. കര്‍ണാടകത്തിലെ ഫാക്കന്നൂര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിശാലമായ ഭൂപ്രദേശമായിരുന്നു സംഘടനയുടെ പ്രവര്‍ത്തന മണ്ഡലം. ആ നാടുകളെയെല്ലാം പരിഗണിച്ചാണ് പണ്ഡിതര്‍ സമസ്ത കേരളം എന്നു പ്രയോഗിച്ചത്. അറബിക് മലബാര്‍ എന്നു വിളിച്ചതും ഈ വിശാല ദേശത്തെയാണ്. ഉള്ളാള്‍, മംഗലാപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുമെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. വൈസ് പ്രസിഡന്‍റുമാരായി പ്രഗത്ഭരായ നാലു പണ്ഡിത പ്രമുഖരെയും തെരഞ്ഞെടുത്തു. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കെ മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍ വാളക്കുളം, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, കെപി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു അവര്‍. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട്ടെ പ്രശസ്ത സ്ഥാപനത്തിലെ അറബി-മതകാര്യ വിഭാഗം തലവനുമായ പിപി മുഹമ്മദ് മുസ്‌ലിയാരെയാണ്. സഹ സെക്രട്ടറിയായി പികെ മുഹമ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. ദീനീ സേവന രംഗത്തും ദര്‍സീ രംഗത്തും നിറസാന്നിധ്യമായിരുന്ന 40 പണ്ഡിതരുള്‍ക്കൊള്ളുന്നതാണ് സമസ്തയുടെ തുടക്കം മുതലുള്ള കേന്ദ്രമുശാവറ.

ഉദ്ദേശ്യലക്ഷ്യങ്ങള്‍

സമസ്തയുടെ ലക്ഷ്യങ്ങളും പരിപാടികളും അത് രൂപീകൃതമായ പശ്ചാത്തലവും സമുദായത്തിന്‍റെ ഭാവിയും പരിഗണിച്ചാണ് നിര്‍ണയിച്ചത്. തൊട്ടു മുന്നിലുള്ളതില്‍ മാത്രം ഒതുങ്ങാതെ ഭാവിയെ കൂടി പരിഗണിച്ചായിരുന്നു അത്. ഇക്കാര്യത്തില്‍ നമ്മുടെ പൂര്‍വികരുടെ ദീര്‍ഘദൃഷ്ടി അത്ഭുതപ്പെടുത്തുന്നതാണ്. സമസ്തയുടെ ഭരണഘടന അതിനു വ്യക്തമായ ഉദാഹരണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയതിങ്ങനെ:

(എ) പരിശുദ്ധ ഇസ്ലാം മതത്തിന്‍റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

(ബി) അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധമുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക.

(സി) മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.

(ഡി) മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക.

(ഇ) മുസ്‌ലിം സമുദായത്തിന്‍റെ പൊതുവായ ഗുണത്തിനും സമുദായമധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാദി കാര്യങ്ങളെ നശിപ്പിച്ച് സമുദായത്തിന്‍റെയും മതത്തിന്‍റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക, മേല്‍പറഞ്ഞ സംഗതികള്‍ സമാധാനമായും ശറഇന്നും നിയമത്തിനും അധീനമായും നടപ്പില്‍ വരുത്തുക എന്നുള്ളതാകുന്നു ഈ സഭയുടെ ഉദ്ദേശ്യങ്ങള്‍.

ആദര്‍ശവും ആത്മീയതയും സംരക്ഷിക്കപ്പെട്ട് ഭൗതികലോക ജീവിതം നയിക്കേണ്ട മുസ്‌ലിമിന് ആവശ്യമായി വരുന്ന മാര്‍ഗദര്‍ശനവും നേതൃത്വവുമാണ് സമസ്ത നിര്‍വഹിക്കുക എന്നാണിതില്‍നിന്നും മനസ്സിലാവുന്നത്. മതബന്ധിത സംഘടന എന്ന നിലയില്‍ മതകാര്യങ്ങള്‍ക്ക് മാത്രം പരിഗണന നല്‍കി ഭൗതിക കാര്യങ്ങളെ അവഗണിക്കുകയായിരുന്നില്ല സമസ്ത. സാംസ്കാരികവും സാമൂഹികവുമായ എല്ലാ അരുതായ്മകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുമെന്ന് സംഘടന പ്രഖ്യാപിക്കുന്നതാണിവിടെ കാണുന്നത്.

പ്രവര്‍ത്തന രീതി

വരക്കല്‍ തങ്ങളുടെ മഹനീയ നേതൃത്വവും ഉപദേശ നിര്‍ദേശങ്ങളുമനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിവന്നത്. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ വൈസ് പ്രസിഡന്‍റെന്ന നിലയില്‍ വരക്കല്‍ തങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മഹാനവര്‍കള്‍ എല്ലാ അര്‍ത്ഥത്തിലും നേതൃഗുണങ്ങളുള്ളവരായിരുന്നു. പണ്ഡിത പ്രതിഭ, മുഫ്തി, കവി, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, സംഘാടകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് മതവിഷയങ്ങളില്‍ സമുദായത്തിന് അവലംബമായിരുന്നു അദ്ദേഹം. താനൂരില്‍ സ്ഥാപിച്ച മദ്റസ ഇന്നത്തെ ഒരു ദഅ്വാ കോളേജിന് സമാനമായ സ്ഥാപനമായിരുന്നു. അതു കേന്ദ്രീകരിച്ചാണ് അദ്ദേഹം ആദര്‍ശ വിജ്ഞാന പ്രചാരണങ്ങള്‍ നടത്തിയത്.

സമസ്തയുടെ ആദ്യകാല പ്രവര്‍ത്തന രീതി മുശാവറ കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത കാര്യങ്ങള്‍ നടപ്പാക്കലായിരുന്നു. മുശാവറ തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പണ്ഡിതരെയും സാധാരണക്കാരെയും ഒരുമിച്ചുകൂട്ടി ദീനീവിഷയങ്ങള്‍ കൈമാറുന്നതിനും വളരെ ഉപകാരപ്പെട്ടു അന്നത്തെ വാര്‍ഷിക സമ്മേളനങ്ങള്‍. വര്‍ഷത്തിലൊരിക്കല്‍ മുശാവറ ചേര്‍ന്ന് ശേഷം ജനറല്‍ബോഡി കൂടി പൊതുസമ്മേളനത്തോടെ പിരിയുന്ന രീതി ജനകീയമായി. പ്രമേയങ്ങളും തീരുമാനങ്ങളും വിശദീകരിച്ചും അവതരിപ്പിച്ചും വിഷയാധിഷ്ഠിത പ്രഭാഷണങ്ങള്‍ സമൂഹത്തിന് വിജ്ഞാന വിരുന്നൊരുക്കുകയും ചെയ്തു.

സമസ്തയുടെ രൂപീകരണം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ ഒന്നാം സമ്മേളനം നടത്തി. 1927 ഫെബ്രുവരി 7-ന് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ ആസ്ഥാനമായിരുന്ന താനൂരില്‍ വെച്ചാണിത് നടന്നത്. പ്രശസ്ത പണ്ഡിതന്‍ ളിയാഉദ്ദീന്‍ ഹസ്രത്തായിരുന്നു ഉദ്ഘാടകന്‍. ആയിരങ്ങള്‍ സമ്മേളിച്ചു. ഈ സമ്മേളനത്തില്‍ ഖാദിയാനിസത്തിനും വ്യാജത്വരീഖത്തിനും എതിരെയുള്ള തീരുമാനങ്ങളും പ്രഭാഷണങ്ങളുമായിരുന്നു പ്രധാനമായും നടന്നത്. കണ്ണൂരും കോഴിക്കോടുമൊക്കെ ഖാദിയാനികള്‍ക്ക് പ്രചാരം ലഭിച്ചുതുടങ്ങിയ കാലമായിരുന്നു അത്. അപ്രകാരം ജനങ്ങളെ വഴിതെറ്റിച്ചിരുന്ന വ്യാജ ത്വരീഖത്തുകാര്‍ക്കെതിരെയും ബോധവത്കരണം നടത്തി. സുന്നത്ത് ജമാഅത്തിനും അതിന്‍റെ ആദര്‍ശങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവരുന്ന ഏതു വെല്ലുവിളികളെയും ഫലപ്രദമായി ചെറുത്തുകൊണ്ടാണ് സമസ്ത പ്രവര്‍ത്തനം തുടര്‍ന്നതെന്നര്‍ത്ഥം. സാധ്യമായ എല്ലാ മാര്‍ഗങ്ങളും അതിനായി അവലംബിച്ചു. സമ്മേളനങ്ങളും പ്രഭാഷണങ്ങളും സമൂഹത്തില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. ഈ പടയോട്ടത്തിനിടയില്‍ ചുവടുതെറ്റിയ പുത്തന്‍വാദികള്‍ക്ക് മുന്നേറ്റത്തിന് സാധിക്കാതെ വന്നു.

സമസ്ത അക്കാലത്തേ പത്രമിറക്കി. പരിമിതികളെമ്പാടുമുണ്ടായിട്ടും പത്ര പ്രവര്‍ത്തന രംഗത്തേക്ക് പാങ്ങില്‍ ഉസ്താദ് കടന്നുവന്നു. 1929 ഡിസംബര്‍ മാസത്തില്‍ കോഴിക്കോട് നിന്നും ‘അല്‍ബയാന്‍’ പ്രസിദ്ധീകരണമാരംഭിക്കുകയുണ്ടായി. പാങ്ങിലായിരുന്നു പത്രാധിപര്‍. അറബി മലയാളത്തില്‍ പുറത്തിറങ്ങിയ അല്‍ബയാന്‍ വളരെ ത്യാഗം സഹിച്ചുകൊണ്ടാണ് നടത്തിയിരുന്നത്. പ്രഭാഷണ രംഗത്തെന്ന പോലെ ലേഖനങ്ങളെഴുതിയും അദ്ദേഹം പുത്തന്‍ വാദങ്ങളെയും സാംസ്കാരിക വെല്ലുവിളികളെയും പ്രതിരോധിച്ചു.

1930-ല്‍ നടന്ന നാലാം സമ്മേളനം ചരിത്രപ്രസിദ്ധമായിരുന്നു. പ്രഗത്ഭ പണ്ഡിതനായിരുന്ന മര്‍ഹൂം വെള്ളേങ്ങര മുഹമ്മദലി മുസ്‌ലിയാരായിരുന്നു യോഗാധ്യക്ഷന്‍. 1930 മാര്‍ച്ച് മുപ്പതിനു നടന്ന  സമ്മേളനം സമസ്തയുടെ ചരിത്രത്തിലും അതിന്‍റെ ആദര്‍ശ പ്രതിബദ്ധതയിലും ശ്രദ്ധേയമായ അധ്യായമായി. എട്ട് പ്രമേയങ്ങല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. അതില്‍ പ്രധാനമായിരുന്നു നാലാം പ്രമേയം:

‘ചേറൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍, മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ സുന്ദര വിശ്വാസങ്ങളോട് കേവലം മാറാകക്കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.’

വരക്കല്‍ തങ്ങളുടെ ജീവിതകാലത്ത് സ്ഥാപക നേതാക്കളില്‍ പ്രമുഖരായ പാങ്ങില്‍ അവര്‍കളും മറ്റും സ്ഥാപിത കാലത്തെ വലിയ പണ്ഡിത മഹത്തുക്കളും ചേര്‍ന്നെടുക്കുന്ന തീരുമാനമാണിത്. വഹാബികളും കള്ളത്വരീഖത്തുകാരുമടക്കമുള്ളവരെ അകറ്റിനിര്‍ത്താനും യാതൊരു നിലയിലും അവരോടടുക്കാതിരിക്കാനും തീരുമാനിച്ചു. ഇതിനെതിരു നില്‍ക്കുന്നവര്‍ക്ക് സമസ്തയുടെ നാമമുപയോഗിക്കാന്‍ അര്‍ഹതയില്ലെന്നു വ്യക്തം. എന്നാല്‍ സമസ്തയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ചിലയാളുകള്‍ ഈയിടെ സമ്മേളനം നടത്തിയപ്പോള്‍ പാവനമായ പ്രസ്ഥാനത്തിന്‍റെ നയങ്ങളെയും ആദര്‍ശങ്ങളെയും കാറ്റില്‍പറത്തി പുത്തന്‍ പ്രസ്ഥാന നേതാക്കളെ സ്വീകരിച്ചാനയിച്ചത് പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാത്രമല്ല ഈയിടെ മറുവിഭാഗം മുശാവറയുടെ മെമ്പറായിരിക്കെ മരണപ്പെട്ട പണ്ഡിതന്‍റെ ആണ്ടിനോടനുബന്ധിച്ച് ആണ്ടുവിരോധികളായ വഹാബികളെ അതില്‍ സംബന്ധിപ്പിച്ച് രണ്ടു വിഭാഗവും സ്വന്തം ആദര്‍ശം ബലികഴിച്ചു. സമസ്തയുടെ പരിപാടിയില്‍ പുത്തന്‍വാദികളെ വിളിച്ചു ചേര്‍ക്കുന്നതെങ്ങനെ? വരക്കല്‍ തങ്ങളും പാങ്ങിലും അബ്ദുല്‍ബാരിയും അഹ്മദ്കോയ ശാലിയാത്തിയുമടക്കം കഠിനാധ്വാനത്തിലൂടെ സംരക്ഷിച്ച മഹത്തായ ആദര്‍ശത്തെ ബലി കഴിക്കാനിക്കൂട്ടര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല എന്നതിലാണത്ഭുതം. മഖ്ബറകള്‍ തകര്‍ക്കുകയും ദര്‍സുകള്‍ ഇല്ലാതാക്കുകയും ചെയ്ത സുന്നീവിരുദ്ധരായ ഒരു വിഭാഗം കുറ്റ്യാടിയില്‍ സമ്മേളനം നടത്തിയപ്പോള്‍ അതില്‍ സംബന്ധിച്ച് സൗഹാര്‍ദം പങ്കിട്ടതും ഇതോടൊപ്പം ഓര്‍ക്കുക.

പ്രാസ്ഥാനികാദര്‍ശം കാറ്റില്‍ പറത്തുകയും പുറംകാല്‍ കൊണ്ട് തട്ടിമാറ്റുകയും ചെയ്യുന്നവര്‍ തന്നെ ഞങ്ങളാണ് സമസ്തക്കാര്‍ എന്നു പ്രഘോഷിക്കുന്നത് അപഹാസ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സമസ്തയുടെ സ്ഥാപകരായ പൂര്‍വിക നേതാക്കളില്‍ നിന്നും അവര്‍ നയിച്ച ജീവിതത്തില്‍ നിന്നും രചിച്ച ചരിത്രത്തില്‍ നിന്നും ആദര്‍ശവും ചരിത്രവും പഠിക്കേണ്ടതുണ്ട്. അതോടൊപ്പം അതിന്‍റെ സംരക്ഷണം നമ്മുടെ ബാധ്യതയാണെന്നും അതു നിര്‍വഹിക്കാനിവിടെ മറ്റാരുമില്ലെന്നും നാം തിരിച്ചറിയണം.

മഹാന്മാരായ പണ്ഡിതന്മാര്‍ സമസ്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വന്ന ഘട്ടത്തിലേ ആദര്‍ശത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനത്തെ തടയിടാന്‍ ശത്രുക്കള്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി. പാങ്ങില്‍ അവര്‍കളുടെ മേല്‍ ആരോപണങ്ങളുന്നയിക്കാനും കള്ളക്കേസുകളില്‍ കുടുക്കാനും വരെ അവര്‍ ശ്രമിച്ചു.

ഒരിക്കല്‍ പാങ്ങില്‍ ഉസ്താദ് തിരൂരങ്ങാടിയില്‍ ഒരു പ്രഭാഷണത്തിന് വന്നു. കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ അദ്ദേഹത്തെ തടഞ്ഞു. വിവരമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ കാര്യമന്വേഷിച്ചപ്പോള്‍ ഉസ്താദ് മലബാര്‍ ലഹളയിലെ പ്രതിയാണെന്നും ഇനിയും ലഹള സൃഷ്ടിക്കാനാണ് പുറപ്പാടെന്നും അതിനാല്‍ തടയണമെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു. എന്നാല്‍ പരാതിയില്‍ ഒപ്പിട്ടവരോടന്വേഷിച്ചപ്പോള്‍ ശത്രുക്കള്‍ അവരില്‍ നിന്നും ഒപ്പ് വാങ്ങിയത് മമ്പുറത്തേക്ക് പാലം നിര്‍മിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടാനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്ന് ബോധ്യമായി. ഒപ്പ് വാങ്ങിയ ശേഷം അപേക്ഷ മാറ്റിയെഴുതുകയായിരുന്നു വഹാബികള്‍. സത്യാവസ്ഥ ബോധ്യപ്പെട്ട കലക്ടര്‍ പാങ്ങിലിന്‍റെ പ്രഭാഷണത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ഏതാനും ഉദ്യോഗസ്ഥര്‍ വഹാബികളായി മാറിയപ്പോള്‍ അവര്‍ക്ക് കൂടി കാര്യം മനസ്സിലാക്കാനാവും വിധം അവിടെ ഒരു പ്രഭാഷണ പരിപാടി നിശ്ചയിച്ചു. ഇബ്റാഹിം സാഹിബ് ബിഎസ്സെന്ന പൊതുപ്രവര്‍ത്തകനായിരുന്നു സംഘാടക സെക്രട്ടറി. ഉസ്താദെത്തിയപ്പോള്‍ പോലീസെത്തി. സെക്രട്ടറിയുടെ വീട്ടില്‍ ഉസ്താദിനെ തടഞ്ഞുവെച്ചു. പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തി. ഇബ്റാഹിം സാഹിബിന്‍റെ സ്വാധീനം കാരണമായി പെട്ടെന്ന് പാങ്ങിലിനെതിരെയുള്ള ഹരജി വിചാരണക്കെടുക്കുകയും മുജാഹിദുകള്‍ നല്‍കിയ ഹരജിയിലെ വാദങ്ങള്‍ പൊള്ളയും കള്ളവുമാണെന്ന് മനസ്സിലാക്കി അദ്ദേഹം നിരപരാധിയാണെന്ന് ജഡ്ജി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഹരജിയില്‍ പറഞ്ഞത് കളവാണെന്ന് പ്രഖ്യാപിച്ച് പ്രസംഗാനുമതി നല്‍കുകയും വീട്ടുതടങ്കല്‍ റദ്ദാക്കുകയുമുണ്ടായി. കേസ് കൊടുത്തവര്‍ സമ്മേളനം കഴിയുന്നതു വരെ തമ്മില്‍ കാണരുതെന്നു വിധിച്ചു. സമ്മേളനവും പ്രഭാഷണവും ഭംഗിയായി നടന്നു. ഇങ്ങനെ പാങ്ങില്‍ ഉസ്താദിനു നേരെ വ്യക്തിപരമായും സമസ്തക്കും അതിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പല ആരോപണങ്ങളും ശത്രുക്കള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, അതെല്ലാം തകരുകയും സമസ്തയുടെ പ്രവര്‍ത്തനം മുന്നോട്ടു പോവുകയുമുണ്ടായി. ഇന്നത്തെ അവസ്ഥയും മറ്റൊന്നല്ല. വരക്കല്‍ തങ്ങളുടെ അധ്യക്ഷ കാലഘട്ടത്തില്‍ പാങ്ങില്‍ ഉസ്താദാണ് സമസ്തയെ മുന്നില്‍ നിന്നു നയിച്ചത്. 1932-ല്‍ വരക്കല്‍ തങ്ങള്‍ വഫാത്തായപ്പോള്‍ പാങ്ങില്‍ പ്രസിഡന്‍റായി ചുമതലയേല്‍ക്കുകയുമുണ്ടായി. മരണം വരെ അതു തുടര്‍ന്നു.

വരക്കല്‍-2/റഹ്മതുല്ലാഹ് സഖാഫി എളമരം

അസ്വിറാതുല്‍ മുസ്തഖീം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ