പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ അസുലഭാവസരം. വര്‍ഷത്തിന്റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ട് സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റമളാന്‍ പകര്‍ന്നു നല്‍കുന്നു. അതിനാല്‍ തന്നെ എണ്ണിത്തിട്ടപ്പെടുന്നതിനപ്പുറത്താണ് റമളാന്റെ സമയപ്രാധാന്യം. എണ്ണത്തെ വെല്ലുന്ന വണ്ണം നേടിയാണ് റമളാനില്‍ മനുഷ്യന്‍ കര്‍മങ്ങള്‍കൊണ്ട് ഉജ്ജ്വലമാക്കുന്നത്.

റമളാന് ഇത്രയേറെ മഹത്ത്വം കിട്ടിയതിന്റെ കാരണങ്ങള്‍ പലതാണ്. വിശുദ്ധ ഖുര്‍ആന്റെ അവതരണമാണതില്‍ പ്രധാനം. മറ്റൊന്നാണ് വ്രതാനുഷ്ഠാനം. റമളാനിലെ സുപ്രധാനവും സമയബന്ധിതവുമായ ഇബാദത്താണത്.

നോമ്പ് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. നോമ്പനുഷ്ഠിക്കുന്നതിനുള്ള കാലം നിര്‍ണയിച്ചപ്പോള്‍, അതിന്റെ പ്രത്യേകത കൂടി അല്ലാഹു എടുത്തുപറയുന്നു: “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിനും സത്യാസത്യ വിവേചനത്തിനുമുള്ള തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമളാന്‍. അതിനാല്‍ അതില്‍ സാന്നിധ്യമുള്ളവര്‍ നോമ്പനുഷ്ഠിക്കട്ടെ’ (അല്‍ബഖറ/185).

മനുഷ്യന് സത്യമാര്‍ഗദര്‍ശനം നല്‍കുന്നതിനായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നതിന് തെരഞ്ഞെടുത്ത മാസമായ റമളാന്‍ മറ്റൊരു വിശിഷ്ഠ കര്‍മത്തിനുള്ള കാലമായും നിശ്ചയിക്കപ്പെട്ടു. അതാണ് നോമ്പ്. ഖുര്‍ആന്‍ കൊണ്ട് റമളാന്‍ മാസത്തിന് മഹത്ത്വം ലഭിച്ച പോലെ റമളാന്‍ കൊണ്ട് മനുഷ്യനും മഹത്ത്വം ലഭിക്കുന്നു. ഏറെ അധിക സൗഭാഗ്യങ്ങളുമതിലുണ്ട്.

റമളാന്‍ മാസത്തില്‍ തന്നെയാണ് പൂര്‍വവേദങ്ങളും അവതരിപ്പിക്കപ്പെട്ടതെന്നു കാണാം. റമളാനിലെ ആദ്യരാത്രിയില്‍ ഇബ്റാഹിം നബി(അ)ന് ഏടുകള്‍ ഇറക്കപ്പെട്ടു. റമളാനില്‍ നിന്ന് ആറു ദിവസം കഴിഞ്ഞ് മൂസാനബി(അ)ന് തൗറാത്ത് അവതരിപ്പിക്കപ്പെട്ടു, പതിമൂന്നു നാള്‍ കഴിഞ്ഞ് ഈസാ നബി(അ)ന് ഇഞ്ചീല്‍ നല്‍കപ്പെട്ടു. റമളാനില്‍ നിന്ന് 18 നാള്‍ കഴിഞ്ഞ് ദാവൂദ് നബി(അ)ന് സബൂറും ഇറക്കപ്പെട്ടു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഖുര്‍ആനിതര പൂര്‍വഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് തന്നെ ഈ മാസത്തിന്റെ സവിശേഷതയാണെങ്കില്‍ സത്യാസത്യ വിവേചനത്തിനും സന്മാര്‍ഗത്തിനുമുള്ള വ്യക്ത പ്രമാണമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതോടെ റമളാനിന്റെ പവിത്രതയും പ്രധാന്യവുമേറി. പൂര്‍വവേദങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്നതോടൊപ്പം അവ നിര്‍വഹിച്ച ദൗത്യത്തിന് തുടര്‍ച്ചയും അന്തിമവേദവുമായി വിശുദ്ധ ഖുര്‍ആന്‍.

അല്ലാഹുവിനോട് ആരാധനകള്‍ കൊണ്ട് അടുക്കുക എന്ന നിലക്ക് രാത്രിക്ക് പകലിനെക്കാള്‍ പൊതുവെ മാഹാത്മ്യമുണ്ട്. എന്നാല്‍ അത് റമളാനിലാവുള്‍ കൂടുതല്‍ ഔന്നത്യം നേടുന്നു. റമളാനില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമായ തറാവീഹ് ഖിയാമു റമളാന്‍ (റമളാനിലെ നിസ്കാരം) ആണ്. സിദ്ദീഖീങ്ങളോടും ശുഹദാക്കളോടുമൊപ്പമെത്താന്‍ റമളാനിലെ രാത്രി നിസ്കാരം കാരണമാകുന്നു. നബി(സ്വ)യോടൊരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ സത്യം വിശ്വസിക്കുകയും അഞ്ചുനേരം നിസ്കരിക്കുകയും സകാത്ത് നല്‍കുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും റമളാനിലെ നിസ്കാരം നിര്‍വഹിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍പെട്ടവനാണാവുക?

നബി(സ്വ) പറഞ്ഞു: “സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും’ (ബസ്സാര്‍).

വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് പാപമോചനം. പാപക്കറ പുരളാനേറെ സാധ്യതയുള്ള സാഹചര്യമാണിന്നുള്ളത്. അങ്ങനെ സംഭവിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനും ശുദ്ധീകരിക്കാനുമുള്ള അവസരം വേണം. റമളാന്‍ മാസത്തില്‍ പാപം പൊറുക്കപ്പെടുമെന്ന് മാത്രമല്ല, ആ അവസരം നഷ്ടപ്പെടുത്തുന്നതിനെകുറിച്ച് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുമുണ്ട്.

റമളാനിനെ സഹകരണത്തിന്റെ മാസമെന്ന് നബി(സ്വ) വിശേഷിപ്പിച്ചു കാണാം. അതിന്റെ പ്രകടമായ അടയാളങ്ങള്‍ ഈ മാസത്തില്‍ നമുക്ക് കാണാനാവുന്നു. ഉദാരമതികള്‍ കൂടുതല്‍ ദാനസന്നദ്ധത കാണിക്കുന്ന മാസമാണിത്. പിശുക്കന്മാരും അല്‍പമൊക്കെ ചെലവഴിച്ചെന്നിരിക്കും. നോമ്പ് തുറപ്പിച്ചും അല്ലാതെയും ഭക്ഷണം നല്‍കുന്നു. ജീവിതാവശ്യങ്ങള്‍ പരസ്പരം പൂര്‍ത്തീകരിക്കുന്നു. പാവപ്പെട്ടവന് സഹായമെത്തിക്കുന്ന റിലീഫുകളും സാന്ത്വന സേവന പ്രവര്‍ത്തനങ്ങളും സജീവമാകുന്നു. ഇങ്ങനെയെല്ലാം ഇസ്‌ലാമിക സമൂഹത്തിന്റെ എപ്പോഴത്തെയും ജീവിത സംസ്കാരത്തെ പുനഃസൃഷ്ടിക്കുന്ന കാലമായിരിക്കുന്നു റമളാന്‍. നബി(സ്വ) എല്ലായ്പ്പോഴും അത്യുദാരനായിരുന്നു. എന്നാല്‍ റമളാന്‍ മാസത്തില്‍ അവിടുന്ന് ധാരാളമായി ദാനം ചെയ്തിരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇത്തരം നന്മകള്‍ റമളാന്‍ മാസത്തിലും നോമ്പുമായി ബന്ധപ്പെട്ടും ആകുള്‍ പുണ്യവര്‍ധനവുണ്ടാവുന്നു.

പ്രാര്‍ത്ഥന വിശ്വാസിയുടെ രക്ഷാമാര്‍ഗമാണ്. തന്റെ നാഥന്റെ മുന്നില്‍ വിധേയത്വം കൂടുതല്‍ പ്രകടിപ്പിക്കപ്പെടുന്ന രംഗമാണ് പ്രാര്‍ത്ഥനാവേള. കാരണം ഒരു കാര്യസാധ്യത്തെയോ ലക്ഷ്യപ്രാപ്തിയെയോ മുമ്പില്‍ കണ്ടാണ് നാം പ്രാര്‍ത്ഥന നടത്തുക. അതിനാല്‍ തന്നെ പരമാവധി ആത്മാര്‍ത്ഥമായിരിക്കുമത്. റമളാനിനെയും നോമ്പിനെയും കുറിച്ച് പറഞ്ഞ ഉടനെയാണ് പ്രാര്‍ത്ഥനക്കുത്തരം നല്‍കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്. പ്രാര്‍ത്ഥന പൊതുവില്‍ പുണ്യകര്‍മമാണ്. കാര്യങ്ങള്‍ സാധിക്കുക എന്നത് മറ്റൊരു ഫലം. റമളാന്‍ മാസത്തിലെ അനുകൂല സാഹചര്യം പ്രാര്‍ത്ഥനയില്‍ വര്‍ധനവുണ്ടാക്കുന്നു. പ്രാര്‍ത്ഥനക്കുത്തരമായും അതിന്റെ മുന്നുപാധികളായും പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും റമളാന്‍ മാസത്തില്‍ പ്രത്യേക പുണ്യങ്ങള്‍ നേടിത്തരുന്നവയാണ്. പാപം പൊറുക്കാനും നന്മകള്‍ക്ക് സൗകര്യമുണ്ടാവാനും തിന്മകളില്‍ നിന്ന് കാവലാവാനും തുടങ്ങി ആത്മീയവും ഐഹികവുമായ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥന നടത്തേണ്ട കാലമത്രെ ശഹ്റുറമളാന്‍.

പ്രതിഫലങ്ങള്‍ ഗുണീഭവിക്കുന്ന കാലവുമാണിത്. സുന്നത്തായ കര്‍മത്തിന് ഫര്‍ളിന്റെ പ്രതിഫലം നല്‍കപ്പെടുന്നു. ഫര്‍ളിനാകട്ടെ എഴുപതിരട്ടിയാണു പ്രതിഫലം. റമളാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെന്നും നബി(സ്വ)യോടൊപ്പം ഹജ്ജ് ചെയ്ത പ്രതിഫലമുണ്ടെന്നും ഹദീസില്‍ വന്നിട്ടുണ്ട്. പ്രതിഫലത്തില്‍ ഹജ്ജിനോളമെത്തുമെങ്കിലും ഹജ്ജിനു പകരമാവില്ലെന്ന് ഓര്‍ക്കുക. ഫര്‍ള് വീടണമെങ്കില്‍ ഹജ്ജ് ചെയ്യുകതന്നെ വേണം. റമളാന്‍ മാസത്തില്‍ ഒരു തസ്ബീഹ് ചൊല്ലിയാല്‍ ആയിരം തസ്ബീഹിന് സമാനമായ പ്രതിഫലം നേടിത്തരുമെന്നും മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.

റമളാന്‍ മാസമെത്തിയാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കുകയും നരകവാതിലുകള്‍ അടക്കുകയും പിശാചിനെ ബന്ധിക്കുകയും ചെയ്യുന്നു’ (ബുഖാരി, മുസ്‌ലിം) എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിനെയനുസരിച്ച് ജീവിച്ച സജ്ജനങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലമാണല്ലോ സ്വര്‍ഗം. സുഖലോലുപതയുടെ ഭവനമാണത്. അതിന് പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്. അവ മലര്‍ക്കെ തുറന്നുകിടക്കുകയായിരിക്കില്ല. അതു തുറക്കാന്‍ ഉതകുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ സ്വര്‍ഗവാതില്‍ തുറന്നുകിടക്കുന്ന കാലമാണ് ഈ മാസം.

തിന്മകളോട് അകല്‍ച്ചയും വന്നുപോയ തിന്മകളില്‍ നിന്ന് മോചനവും നേടാനുള്ള മോഹവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും റമളാന്‍ മാസത്തില്‍ ഏറെ നടക്കുന്നു. അടഞ്ഞുകിടക്കുന്ന നരകവാതിലുകള്‍ തിന്മകള്‍ കൊണ്ട് തട്ടിത്തുറക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. പിശാച് മനുഷ്യവര്‍ഗത്തിന്റെ ശത്രുവാണ്. അവന് തന്റെ ഈര്‍ഷ്യതയും അസൂയയും വിശ്വാസികള്‍ക്കെതിരെ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ റമളാനിലുണ്ടാവുന്നു. പിശാചിനെ തടയിട്ടാല്‍ വിശ്വാസിയുടെ വിജയം സുനിശ്ചിതമായി.

മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലമാണ് റമളാന്‍ മാസം. തന്റെ വ്യക്തമായ ശത്രുവിനെ തളച്ചിടുകമൂലം നന്മകള്‍ക്ക് പ്രോത്സാഹനവും ആനുകൂല്യവും കരസ്ഥമാവുന്നു, പുറമെ അധികപ്രതിഫലവും ലഭിക്കുന്നു. പാപങ്ങള്‍ പൊറുക്കപ്പെടുന്നു. പ്രാര്‍ത്ഥനകള്‍ക്കുത്തരമുണ്ടാവുന്നു. ഇവയത്രയും ഈ വിശുദ്ധ മാസത്തിന്റെ പൊതുവായ നേട്ടങ്ങളാണ്. ഇതിലുപരി ഉന്നതമായ ഒരു രാത്രിയുണ്ട്. ആയിരം മാസത്തേക്കാള്‍ പുണ്യകരവും ശ്രേഷ്ഠവുമായ അസുലഭമുഹൂര്‍ത്തംലൈലതുല്‍ ഖദ്ര്‍. ഇത് റമളാന്‍ മാസത്തിലാണ്. ഈ ദിനമുപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ കാലവും ആയുസ്സും നന്മവിചാരം കൊണ്ടും കര്‍മധന്യത കൊണ്ടും ശതഗുണീഭവിപ്പിക്കാം. പുണ്യവും പ്രതിഫലവും വര്‍ധിപ്പിക്കാം. റമളാന്‍ കാലത്തെ തുറന്ന മനസ്സോടെ, സൗഭാഗ്യം കൈവരുന്ന ആഹ്ലാദത്തോടെ, അതിനവസരം തന്ന നാഥനെ സ്തുതിച്ചും സ്മരിച്ചും സ്വീകരിക്കാന്‍ നമുക്ക് തയ്യാറെടുക്കാം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ