thaqwa-malayalam

ത്യവിശ്വാസികളേ, പൂര്‍വികരെ പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്- നിങ്ങള്‍ ഭക്തരാവുന്നതിനു വേണ്ടിയാണിത് (2/183). റമളാന്‍ മാസത്തിലെ വൃതാനുഷ്ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിങ്ങനെയാണ്. തഖ്‌വ എന്ന വിജയ മാര്‍ഗം പഠിക്കുക മാത്രമല്ല, അത് പരിശീലിച്ചെടുത്ത് പരലോക വിജയം നേടിയെടുക്കുകയാണ് മനുഷ്യ ധര്‍മം. അതിന് ഏറെ ഉചിതമാണ് വിശുദ്ധിയുടെ പത്രാസുകാലമായ റമളാന്‍. അല്ലാഹുവിന്റെ വിനീതരായ അടിയാറുകള്‍ അത് വേണ്ടവിധം മുതലെടുക്കുമ്പോള്‍ അശ്രദ്ധയുടെ ആലസ്യത്തിലകപ്പെട്ടവര്‍ പതിവിന്‍പടി, അല്ലെങ്കില്‍ വൈകുന്നേരം വരെയുള്ള ചൈതന്യരഹിതമായ പട്ടിണിയുമായി കഷ്ടിച്ചു അവസാനിപ്പിച്ചെടുക്കുകയാണ് ഈ മാസം. അനുഗ്രഹത്തിന്റെ തുടര്‍ വര്‍ഷവുമായി കാരുണ്യവാനായ റബ്ബ് മാനവ വിജയത്തിന് വഴിയൊരുക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അത് ഉപകാരപ്പെടാതിരിക്കാന്‍ വര്‍ഗശത്രുവായ ഇബ്‌ലീസ് ആദ്യമേ തന്ത്രങ്ങള്‍ മെനഞ്ഞുവെച്ചിട്ടുണ്ടാകും. അത് തിരിച്ചറിയാനും പക്വതയോടെ എതിര്‍ത്തു തോല്‍പിക്കാനും നമുക്കാവണം. അതിന് തഖ്‌വയാകുന്ന ആയുധം കൃത്യമായി പ്രയോഗിക്കുകയാണ് വേണ്ടത്.

ഭക്തി, സൂക്ഷ്മത എന്നൊക്കെ പൊതുവെ വിവക്ഷിക്കപ്പെടുന്ന തഖ്‌വയുടെ ഭാഷാപരമായ മാനങ്ങളില്‍ ശ്രദ്ധേയമാണ് ‘ഖില്ലത്തുല്‍ കലാം’ എന്നത്. അതായത് സംസാരം കുറക്കല്‍. അത്യാവശ്യത്തിനു മാത്രമായി സൂക്ഷ്മതയോടെ സ്വരസിദ്ധി ഉപയോഗിക്കുകയാണ് വേണ്ടത്. പരസ്പര ആശയ വിനിമയത്തിന്റെ സുതാര്യോപാധിയാണ് സംസാരം. ലോക നാഗരികതയുടെ സര്‍വ പുരോഗതിക്കും ഉത്ഥാനത്തിനും ഇതു കാരണമായതു ചരിത്രം. ഇന്നോളമുള്ള വൈജ്ഞാനിക കൈമാറ്റത്തിനു മുന്നില്‍ നിന്നതും നാവും സംസാരവുമാണ്. എന്നാല്‍ എല്ലാ അധോഗതിക്കും അധര്‍മങ്ങള്‍ക്കും ഇതേ അവയവം തന്നെ കാരണമായിത്തീര്‍ന്നു. അതുകൊണ്ടാണ് സംസാരത്തെ സസൂക്ഷ്മം വിനിയോഗിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചത്. ‘മിണ്ടാതിരുന്നാല്‍ വിജയം നേടാം, സംസാരം വര്‍ധിച്ചാല്‍ ദോഷം പെരുക്കും. ദോഷം കൂടിയാല്‍ ഹൃദയത്തില്‍ അന്ധകാരം നിറയും. അതോടെ നരകത്തിലെത്തുകയും ചെയ്യും, അല്ലാഹുവിനെയും പരലോകത്തെയും വിശ്വസിക്കുന്നവര്‍ നല്ലതു മാത്രം പറയുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക’- തിരുനബി(സ്വ)യുടെ സാരസമ്പൂര്‍ണ വചനപ്രസാദത്തില്‍ ഇങ്ങനെയുള്ള എത്ര തത്ത്വദ്വുതികള്‍ ലോകത്തിന് കാണാനാകും. അവിടുന്ന് ഇത്രകൂടി പറഞ്ഞു: എല്ലുകളില്ലാത്ത രണ്ട് അവയവങ്ങള്‍-നാവ്, ലൈംഗിക ഭാഗം- കൊണ്ട് അധര്‍മം ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുനല്‍കുന്നവര്‍ക്ക് സ്വര്‍ഗം നല്‍കാമെന്ന് ഞാന്‍ ജാമ്യം നില്‍ക്കുന്നു. തഖ്‌വയുടെ അടിസ്ഥാനാശയമാകുന്ന നാവു നിയന്ത്രണത്തിന്റെ പ്രാധാന്യം ഇവയില്‍ നിന്നു വ്യക്തം. അതുകൊണ്ടു തന്നെ നോമ്പ് ഭക്ഷണ-പാനീയ-ലൈംഗിക നിയന്ത്രണം മാത്രമല്ല. നടപ്പു ശീലങ്ങളെ കഠിനമായി നിയന്ത്രിച്ചു നിര്‍ത്തല്‍ അതിന്റെ പ്രധാന ഭാഗം തന്നെയാണ്. ചീത്ത വാക്കുകളും തദനുസൃതമായ കര്‍മങ്ങളും ഉപേക്ഷിക്കാതെ ഭക്ഷണ പാനീയങ്ങള്‍ വര്‍ജിക്കുന്നതില്‍ അല്ലാഹുവിന് ഒരാവശ്യവുമില്ലെന്ന തിരുനബി(സ്വ)യുടെ താക്കീത് മറന്നുപോകരുത്. ഉപരി സൂചിപ്പിച്ചതു പോലെ ഇത് ധര്‍മ നിഷ്ഠമായ ജീവിതത്തിന്റെ പരിശീലനക്കാലമാണല്ലോ.

തഖ്‌വ എന്ന മൂലധാതുവില്‍ നിന്ന് നിഷ്പന്നമായ നിരവധി ക്രിയാ പ്രയോഗങ്ങള്‍ പരിഗണിക്കാതെ ചിന്തിച്ചാല്‍ ഈ പദം നേര്‍ക്കുനേര്‍ പതിനഞ്ചിടത്താണ് വിശുദ്ധ വേദത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. അവയോരോന്നും മാനവന്റെ ഇരുലോക വിജയത്തിനുള്ള നിര്‍ദേശങ്ങളാണെന്നു കാണാം. തഖ്‌വയിലധിഷ്ഠിതമാണ് ജീവിതത്തിലെ ഓരോ തന്തുക്കളുമെന്ന് അവ വലിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നു. ചിലത് പരിശോധിക്കാം. ഹജ്ജിനെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് അതിനാവശ്യമായ ഭക്ഷണം തയ്യാറാക്കാന്‍ കല്‍പിച്ച ശേഷം ഏറ്റവും ശ്രേഷ്ഠമായ അന്നം തഖ്‌വയാണെന്ന് വിശദീകരിച്ചപ്പോള്‍ (2/197) ജീവിതത്തില്‍ മുഴുവന്‍ സ്വീകരിക്കേണ്ട അതിസൂക്ഷ്മത കൂടിയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. വിഭവങ്ങള്‍ ഏതു യാത്രക്കും കൂടിയേതീരൂ. അതില്‍ ഏറ്റവും ഉന്നത വിഭവം സൂക്ഷ്മതയാണെന്ന് പറയുന്നത് പരലോകത്തേക്കുള്ള യാത്രയിലും പാലിക്കാനാകണം.

ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ത്വലാഖ് സംഭവിക്കുന്നിടത്താണ് മറ്റൊരു പരാമര്‍ശം. രണ്ടു വിഭാഗം അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണല്ലോ തര്‍ക്കങ്ങളുടെ മര്‍മം. ഒരാള്‍ വിടുതല്‍ നല്‍കിയാല്‍ പ്രശ്‌നം തീരും. ഒരു രക്ഷയുമില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തേണ്ടിവരുമെങ്കിലും ക്ഷമിച്ച് പൊറുത്തുകൊടുക്കുകയാണ് ഏറെ നല്ലത് എന്ന് പറയുമ്പോള്‍ ‘വിട്ടുവീഴ്ചയാണ് തഖ്‌വ-സൂക്ഷ്മത-ക്ക് ഏറെ അടുപ്പം’ (2/237) എന്നാണ് അല്ലാഹു പ്രയോഗിക്കുന്നത്. ഗുണത്തിലും തഖ്‌വയിലും പരസ്പരം സഹായിക്കുക (5/2), നീതി കാണിക്കുക; അതാണ് തഖ്‌വ നേടാന്‍ ഏറെ അടുപ്പം (5/8), സൂക്ഷ്മതയുടെ വസ്ത്രമാണ് ഏറെ ഗുണപ്രദം (7/26), തഖ്‌വയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളിയാണ് നിസ്‌കാരത്തിന് യോജിച്ചത് (9/108), അന്ത്യവിജയം തഖ്‌വക്കാണ് (20/132) ഇങ്ങനെ തുടങ്ങി രഹസ്യ സംസാരത്തില്‍ വരെയും തഖ്‌വ പാലിക്കാനുള്ള ഉപദേശമാണ് അല്ലാഹു നല്‍കുന്നത് (58/9). മനുഷ്യ പ്രയത്‌നത്തിന്റെ മേഖലകളിലാകമാനം തഖ്‌വ ഊട്ടിയുറപ്പിക്കണമെന്നു സാരം.

തഖ്‌വയെ വ്യത്യസ്ത രീതില്‍ പൂര്‍വിക മഹാന്മാര്‍ നിര്‍വചിച്ചതു കാണാം. സദ്‌വൃത്തികൊണ്ടും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകൊണ്ടും അല്ലാഹുവിന്റെ കഠോര ശിക്ഷയില്‍ നിന്ന് മോചനം നേടലെന്നാണ് അതിലൊന്ന്. അബൂയസീദുല്‍ ബിസ്താമി(റ) പറഞ്ഞതിങ്ങനെ: ‘മുത്തഖി സംസാരിക്കുമെങ്കില്‍ ചിന്തിച്ചായിരിക്കും. പ്രവര്‍ത്തിക്കുന്നത് അല്ലാഹുവിന് വേണ്ടിയുമായിരിക്കും.’ ഭൗതികമായ കെട്ടുപാടുകളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിച്ചവരാണ് മുത്തഖീങ്ങളെന്ന് അബൂസുലൈമാനുദ്ദാറാനി(റ). ഉമര്‍(റ) തഖ്‌വയെക്കുറിച്ചന്വേഷിച്ചപ്പോള്‍ ഉബയ്യ്(റ) പറഞ്ഞു: താങ്കള്‍ ഏറെ മുള്‍ച്ചെടികള്‍ നിറഞ്ഞ ഒരു ദുര്‍ഘട പാതയിലെത്തിയാല്‍ എന്തു ചെയ്യും? ഉമര്‍(റ): അവയേല്‍ക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ നടക്കുകയും ചെയ്യും. അപ്പോള്‍ ഉബയ്യ്(റ) വിശദീകരിച്ചു: അതാണ് തഖ്‌വ. എന്നുവെച്ചാല്‍, ജീവിതത്തിലുടനീളം ആത്മീയ ശോഷണത്തിനു കാരണമാകുന്ന ബന്ധങ്ങള്‍, ബന്ധനങ്ങള്‍, ദുഷ് ചിന്തകളും വൃത്തികളും, അതിമോഹങ്ങള്‍, ഭൗതിക പ്രമത്തത എന്നിവയില്‍ നിന്നൊക്കെയും ശ്രദ്ധാപൂര്‍വം മാറി സഞ്ചരിക്കലാണത്. ചെറുതും വലുതുമായ ദോഷങ്ങള്‍ ഉപേക്ഷിച്ച് മുള്ള് നിറഞ്ഞ ഭൂമിയിലൂടെ നടക്കുന്നവനെ പോലെ ജീവിക്കുക. ചെറിയവരെയും വലിയവരെയും അപമാനിക്കാതിരിക്കുക. ഈ വിധത്തില്‍ സൂക്ഷ്മതയെ വിശദീകരിച്ചവരുമുണ്ട് (ഖുര്‍തുബി).

ഇവയൊക്കെയും പദങ്ങള്‍ വ്യത്യസ്തമെങ്കിലും സമാനാശയം തന്നെയാണ് പ്രസരിപ്പിക്കുന്നത്. അതായത് പരമ ലക്ഷ്യമായ പരലോക വിജയത്തിന് വിഘാതമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കുന്നതിനാണ് തഖ്‌വ പാലിക്കുക എന്നു പറയുന്നത്. അതുകൊണ്ടു തന്നെയാണ് തഖ്‌വയുടെ താഴ്ന്ന രൂപം വിശദീകരിച്ച് ‘അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുകയും വിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക’ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇത് തഖ്‌വയുടെ പ്രഥമ പടിയാണ്. ഇങ്ങനെ ജീവിച്ച് സുന്നത്തുകള്‍ വര്‍ധിപ്പിച്ച് അല്ലാഹുവിലേക്ക് അടുത്ത് ശ്വാസോച്ഛ്വാസം പോലും റബ്ബിനുള്ള കീര്‍ത്തനങ്ങളായി പാകപ്പെടുത്തിയെടുക്കുന്നത് തഖ്‌വയുടെ ഉയര്‍ന്ന രൂപവും. ഇത്തരം ശ്രേഷ്ഠ തഖ്‌വ പാലിക്കുന്നവരെ കുറിച്ചാണ് ‘അല്ലാഹുവിന്റെ ഔലിയാക്കള്‍ മുത്തഖീങ്ങള്‍ മാത്രമാണ്’ എന്ന് ഖുര്‍ആന്‍ (8/34) പറയുന്നത്. ശ്രദ്ധാപൂര്‍ണവും പുരോഗതിക്കു കാരണമാകുന്നതുമായ ഇത്തരം സൂക്ഷ്മ ജീവിതം പരിശീലിക്കാനാണ് റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കേവലം പട്ടിണി കിടക്കലും ഏതാനും സുന്നത്തു നിസ്‌കാരങ്ങളുമാണ് റമളാനെന്ന ധാരണ തിരുത്തുക. ആഖിറ വിജയത്തിന് അനിവാര്യമായ സൂക്ഷ്മ ജീവിതത്തിനുള്ള പരിശീലനങ്ങള്‍ മാത്രമാണവ. അവ ലക്ഷ്യങ്ങളല്ല, പരമ ലക്ഷ്യമാകുന്ന തഖ്‌വ സ്വായത്തമാക്കാനുള്ള ഉപാധികള്‍ മാത്രമാണ്. തീര്‍ന്നുകൊണ്ടിരിക്കുന്ന റമളാന്‍ ദിനങ്ങളില്‍ ഈ തഖ്‌വാ വിചാരം നമ്മെ പ്രചോദിപ്പിച്ചെങ്കില്‍.

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ