നിങ്ങള്‍ ഒരു വിത്ത് നടുന്നു. അതില്‍ നിന്നും ഉടനെത്തന്നെ ഫലം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. സാധ്യമാണോ ഇത്? അല്ല. ചില കാത്തിരിപ്പ് അവിടെ ആവശ്യമാണ്. ഭൗതിക ലോകത്തെ സര്‍വതിനും ചില കാത്തിരിപ്പുകള്‍ വേണ്ടിവരും. തെങ്ങില്‍ നിന്ന് തേങ്ങ ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. കോഴിമുട്ട വിരിഞ്ഞ് കുഞ്ഞിനെ ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. മനുഷ്യ ജന്മം തന്നെ പത്ത് മാസത്തെ കാത്തിരിപ്പിനൊടുവിലാണല്ലോ.

ഭൗതികവും ആത്മീയവുമായ ഉന്നതികള്‍ കീഴടക്കാനും വ്യക്തിപരവും സാമൂഹികവുമായ ഐശ്വര്യം കൈവരിക്കാനും ക്ഷമ അനിവാര്യമാണ്. കര്‍ഷകന് വിത്ത് വിതക്കാന്‍ സമയമില്ലെങ്കില്‍ വിളവ് കൊയ്യാന്‍ കഴിയില്ല. മരം നടാന്‍ ക്ഷമയില്ലെങ്കില്‍ ഫലം പറിച്ചെടുക്കാന്‍ സാധിക്കുകയില്ല. വിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള ക്ഷമയില്ലെങ്കില്‍ വിജയിക്കാനാവില്ല. യോദ്ധാവിന് യുദ്ധക്കളത്തില്‍ ഉറച്ചുനില്‍ക്കാന്‍ ക്ഷമയില്ലെങ്കില്‍ പരാജയപ്പെടും.

ഏതു ജേതാവും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചത് ക്ഷമയിലൂടെയാണ്. അവര്‍ പ്രയാസങ്ങളുടെ കൈപ്പുനീര്‍ കുടിച്ചു. പീഡനങ്ങളനുഭവിച്ചു. ക്ലേശങ്ങളെ അവഗണിച്ചു. മുള്ളിനു മുകളിലൂടെ നടന്നു. മുന്നോട്ടുള്ള ഗമനങ്ങളില്‍ തടസ്സമായി നിന്നവയെ പ്രശ്നമാക്കിയില്ല. ചുറ്റുഭാഗത്തുനിന്നും കാരിരുമ്പുകളും ദണ്ഡുകളും കല്ലുകളും വന്നു. പക്ഷേ, അവയെ തട്ടിമാറ്റി മുന്നോട്ടു നീങ്ങി.

മഹത്ത്വവും പദവിയും ഈ ലോകത്ത് ലഭിക്കുന്നത് കഠിന പ്രയത്നത്തിലൂടെയും ക്ഷമയിലൂടെയുമാണ്. എങ്കില്‍ പരലോക വിജയം അതിനേക്കാള്‍ പ്രയാസപ്പെടേണ്ടിയും ക്ഷമ കൈക്കൊള്ളേണ്ടിയും വരും.

ഖുര്‍ആന്‍ പറയുന്നു: “വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുക. ക്ഷമയില്‍ മികവ് പുലര്‍ത്തുക. സത്യസേവനത്തിന് സജ്ജരാവുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം’ (ആലുഇംറാന്‍).

സഹനത്തിന്റെ ഉദാഹരണങ്ങള്‍

ചരിത്രത്തില്‍ ജീവിത പ്രാരാബ്ധങ്ങളും പ്രയാസങ്ങളും കൊണ്ട് കഷ്ടപ്പെട്ടവരുടെ ചിത്രം കാണാന്‍ കഴിയും. അവ വായിക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങളെല്ലാം പുല്‍ക്കൊടി മാത്രമാണെന്ന് ബോധ്യപ്പെടും. ഖുര്‍ആന്‍ ചരിത്രവീഥിയിലൂടെ പോകുമ്പോള്‍ ക്ഷമയുടെയും സഹനത്തിന്റെയും പേരില്‍ ഏറ്റവും പ്രസിദ്ധമായ നാമങ്ങളിലൊന്ന് അയ്യൂബ് നബി(അ)യുടേതാണെന്നു കാണാം. തന്റെ ശരീരത്തെ ബാധിച്ച രോഗത്തിന്റെയും നഷ്ടപ്പെട്ട കുടുംബത്തിന്റെയും പേരില്‍ അദ്ദേഹം സഹനമവലംബിച്ചു.

ഖുര്‍ആനില്‍ ഇങ്ങനെ കാണാം: “അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ത്ഥിച്ചത് ഓര്‍ക്കുക, എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റം കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരമേകി. ദുരിതം ദുരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമാണത്. ആരാധനയില്‍ മുഴുകുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലും’ (അല്‍അന്പിയാഅ്/8385).

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. അയ്യൂബ് നബി(അ) തന്റെ നാഥനോട് രോഗം ശമിപ്പിക്കണമെന്നോ സൗഖ്യം നല്‍കണമെന്നോ കുടുംബത്തെ മടക്കിത്തരണമെന്നോ തുടങ്ങിയ നിര്‍ണിതമായ ഒരാവശ്യവും അഭ്യര്‍ത്ഥിക്കുന്നില്ല. മറിച്ച് തന്റെ ദൗര്‍ബല്യവും നിസ്സഹായാവസ്ഥയും സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മറ്റൊരു വാക്യത്തില്‍ ഇങ്ങനെ കാണാം: “നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ. തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു’ (സ്വാദ്/4144).

അല്ലാഹു അയ്യൂബ് നബിയെ അനുകരണീയ മാതൃകയായി അവതരിപ്പിച്ചിരിക്കുകയാണ്. ക്ഷമയിലൂടെയും സഹനത്തിലൂടെയും വിജയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അയ്യൂബ് നബി(അ)യെ മാതൃകയാക്കാം. “നമ്മുടെ ദാസന്‍’ എന്ന പ്രയോഗം അല്ലാഹുവുമായുള്ള അടുപ്പത്തെയും ശ്രേഷ്ഠതയെയും അറിയിക്കുന്നു. ഭൗതിക ലോകത്തെ താഴെ പറയുന്ന രണ്ടു സംഭവങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ വിജയം ഇസ്‌ലാമിക മനഃശാസ്ത്രത്തിലൂടെയാണ് എന്നു മനസ്സിലാകും.

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനഃശാസ്ത്രജ്ഞനെന്നു വിശേഷിപ്പിക്കുന്ന വ്യക്തിയാണ് സിഗ്മണ്ട് ഫ്രോയിഡ്. തൊണ്ടക്ക് ക്യാന്‍സര്‍ ബാധിച്ച് അത്യാസന്ന നിലയിലായ ഫ്രോയ്ഡ് അദ്ദേഹത്തിന്റെ ഡോക്ടര്‍ മാക്സ് ഷ്യൂറിനോട് ദയാവധത്തിന് യാചിച്ചു. ശരീരവും മനസ്സും കാര്‍ന്നുതിന്ന അര്‍ബുദത്തിന്റെ പിടിയില്‍ കിടന്ന് പിടഞ്ഞപ്പോള്‍ 1939 സെപ്തംബര്‍ 23ന് മോര്‍ഫിന്‍ ദേഹത്ത് കുത്തിവെച്ച് ഫ്രോയ്ഡ് ആത്മാഹുതി ചെയ്യുകയായിരുന്നു.

മാനസിക സമ്മര്‍ദങ്ങളും ആശങ്കകളും ഉത്കണ്ഠകളുമകറ്റി ഉന്മേഷം വീണ്ടെടുത്ത് വിജയ സോപാനങ്ങളിലേക്ക് കുതിക്കാന്‍ മറ്റുള്ളവരെ പ്രാപ്തരാക്കാന്‍ ഗ്രന്ഥങ്ങള്‍ എഴുതിയ ആളാണ് ഡേല്‍ കാര്‍നശി. പക്ഷേ, രോഗപീഡയും ഒറ്റപ്പെടലും വേട്ടയാടിയപ്പോള്‍ 1955 നവംബര്‍ ഒന്നിന് ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍ഡില്‍ വെച്ച് 67ാം വയസ്സില്‍ അദ്ദേഹം ജീവനൊടുക്കി. ഭൗതിക ലോകത്ത് വിജയം നേടിയവരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തുമ്പോള്‍ അവരുടെ ജീവിതാന്ത്യം എന്തായിരുന്നുവെന്ന അന്വേഷണം നടക്കുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്യാനും പ്രയാസങ്ങളില്‍ സഹനം സ്വീകരിക്കാനും ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് വ്യത്യസ്തമായ വഴികളാണ്.

ചരിത്രം വീണ്ടും വായിക്കുമ്പോള്‍ സഹനം സ്വീകരിച്ച് വിജയിച്ച മറ്റൊരു വ്യക്തിത്വത്തെയും കാണാം. അത് യഅ്ഖൂബ് നബി(അ)യാണ്. തന്റെ പ്രിയപ്പെട്ട മക്കളായ യൂസുഫ്(അ)ന്റെയും ബിന്‍യാമിന്റെയും വേര്‍പാടുകൊണ്ടാണ് യഅ്ഖൂബ് നബി പരീക്ഷിക്കപ്പെട്ടത്. യൂസുഫ് നബിയുടെ വേര്‍പാടിനു ശേഷം അദ്ദേഹം പറഞ്ഞു: “ഇനി നന്നായി ക്ഷമിക്കുക തന്നെ’ (യൂസുഫ്/18). രണ്ടാമത്തെ മകന്‍ ബിന്‍യാമിന്റെ വിരഹത്തെ തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ’ (യൂസുഫ്/83).

മകന്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തെ ക്ഷമയിലൂടെ പരിഹരിക്കുകയാണ്. ചരിത്രം വായിക്കുമ്പോള്‍ വീണ്ടും നിരവധി മഹദ് വ്യക്തികളെ ഇത്തരം സ്വഭാവഗുണങ്ങള്‍ കൊണ്ട് പരിചയപ്പെടാന്‍ കഴിയും.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ