saidul wair R - malayalam

‘തിരുപ്രവാചകരുടെ മദീനയിലേക്കുള്ള ആഗമനത്തെ പറ്റി കേട്ടപ്പോൾ തന്നെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ ഇതുവരെ സാധിച്ചില്ല. ഇന്ന് ഒന്ന് പോയി നോക്കിയാലോ. എല്ലാം സുവ്യക്തമായി അറിയാമല്ലോ.’ സൈദ് കൂട്ടുകാർക്ക് മുമ്പിൽ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ സുർറുബ്‌നു സദൂസ്, മാലിക്ബ്‌നു ജുബൈർ, ആമിറുബ്‌നു ജുവൈൻ തുടങ്ങിയവർ നജ്ദിൽ നിന്നും മദീനയിലേക്ക് യാത്ര തിരിച്ചു.

മസ്ജിദുന്നബവിയുടെ കവാടത്തിനരികെ ഒട്ടകത്തെ കെട്ടി. പള്ളിയിലേക്ക് കയറി. തിരുദൂതർ മിമ്പറിൽ കയറി പ്രസംഗിക്കുകയായിരുന്നു അപ്പോൾ. ആഗതർ സദസ്സും പ്രസംഗവും ശ്രദ്ധിച്ചു. തിരുദൂതരോട് അനുയായികൾ പ്രകടിപ്പിക്കുന്ന ബഹുമാനാദരവുകളും അനുസരണയും നജ്ദുകാരെ അത്ഭുതപ്പെടുത്തി. ‘നിങ്ങൾ പ്രണാമമർപ്പിക്കുന്ന ഉസ്സയെക്കാളും മറ്റ് ആരാധനാമൂർത്തികളെക്കാളും ഞാൻ നിങ്ങൾക്ക് ഉത്തമമാണ്. നിങ്ങൾ ഇഷ്ട സമ്പത്തായി മോഹിക്കുന്ന കറുത്ത ഒട്ടകങ്ങളെക്കാളും ഞാൻ നിങ്ങൾക്ക് അനുഗ്രഹമാകുന്നു.’ പ്രസംഗ മധ്യേ റസൂൽ(സ്വ) പറഞ്ഞു.

നജ്ദീ സംഘത്തിൽ ചിലർക്ക് പ്രവാചകരുടെ പ്രസംഗം ബോധിച്ചു. എന്നാൽ ചിലർക്ക് പിടിച്ചില്ല. ഉൾക്കൊണ്ടവർ സത്യസാക്ഷികളായപ്പോൾ മറ്റുള്ളവർ അഹങ്കാരത്തോടെ പിന്മാറി. ‘ഈ മനുഷ്യൻ അറബികളെ മുഴുവൻ അടക്കി വാഴാനിറങ്ങിയതാണ്. തൽക്കാലം എന്റെ ചുമൽ ഞാനദ്ദേഹത്തിന് താഴ്ത്തിക്കൊടുക്കില്ല.’ ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷയിൽ പ്രതികരിച്ചത് സുർറുബ്‌നു സദൂസ് എന്നയാളാണ്. ഇയാൾക്ക് സത്യമതം പ്രാപിക്കാനായില്ല. അയാൾ സിറിയയിൽ ചെന്ന് തല മുണ്ഡനം ചെയ്ത് ക്രിസ്ത്യാനിയായി.

സൈദും മറ്റു ചിലരും റസൂലിന്റെ ഉപദേശം തീരുന്നത് വരെ ക്ഷമാപൂർവം കാത്തിരുന്നു. പിന്നെ റസൂലിനടുത്തേക്ക് ചെന്നു. സദസ്യർ ഈ കാഴ്ച കണ്ടു നിന്നു. ആരെയും ആകർഷിക്കുന്ന സുന്ദരനും ആജാനുബാഹുവുമായിരുന്നു സൈദ്. ‘യാ റസൂലല്ലാഹ്, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അങ്ങ് അല്ലാഹുവിന്റെ പ്രവാചകരാണെന്നും ഞാൻ വിശ്വസിച്ചിരിക്കുന്നു.’ ഗംഭീര സ്വരത്തിൽ മന്ദസ്മിതത്തോടെ സൈദ്(റ) വിളിച്ചുപറഞ്ഞു.

പുഞ്ചിരി തൂകി റസൂൽ: ആരാണിദ്ദേഹം?

‘ഞാൻ മുഹൽഹിലിന്റെ പുത്രൻ സൈദുൽ ഖൈൽ(കുതിരക്കാരൻ സൈദ്)’

ഉടൻ തിരുദൂതരുടെ തിരുത്ത്: ‘ഇനി മുതൽ താങ്കൾ സൈദുൽ ഖൈൽ അല്ല. സൈദുൽ ഖൈർ-ഗുണവാനായ സൈദ്-ആണ്.’

സൈദ് എങ്ങനെയാണ് ‘ഖൈൽ’ അഥവാ കുതിരക്കാരനായത്? അതൊരു കഥയാണ്. സൈദിന്റെ സഹനശീലം വായിച്ചെടുക്കാനാവുന്ന ആ സംഭവം ബനൂ ആമിർ ഗോത്രത്തിലെ കാരണവരിൽ നിന്ന് ശൈബാനി ഉദ്ധരിക്കുന്നു: ജാഹിലിയ്യാ കാലം. ബനൂ ആമിർ കൊടിയ ദാരിദ്ര്യത്തിൽ ആപതിച്ച സന്ദർഭം. അവരിലൊരാൾ പുത്രകളത്രാദികളുമായി നാടുവിട്ടു. ഇറാഖിലെ ഹീറ പട്ടണത്തിലാണവരെത്തിച്ചേർന്നത്. കുടുംബത്തെ അവിടെ പാർപ്പിച്ചു. താൻ തിരിച്ചുവരുന്നതു വരെ ഇവിടെതന്നെ കാത്തിരിക്കണമെന്നു കൽപിച്ചാണദ്ദേഹം പോയത്. കുടുംബത്തിന് ജീവക്കാനാവശ്യമായ സമ്പാദ്യം നേടിയല്ലാതെ തിരിച്ചുവരില്ലെന്നായിരുന്നു ശപഥം. യാത്രാ മധ്യേ ഒരു ചെറ്റക്കുടിലിനടുത്ത് കുതിരയെ കെട്ടിയിട്ടത് അദ്ദേഹം കണ്ടു. പരിസരം വീക്ഷിച്ച് ആളനക്കമൊന്നുമില്ലെന്നുറപ്പു വരുത്തി. അയാൾ മെല്ലെ കുതിരക്കടുത്ത് ചെന്ന് അതിന്റെ കയറഴിച്ചെടുത്തു. കുതിരയുടെ ഇളക്കം കണ്ട് വീട്ടുകാർ പുറത്തുവന്നപ്പോൾ ഈ കാഴ്ചയാണ് കാണുന്നത്. അവർ തസ്‌കരനെ ഓടിച്ചുവിട്ടു.

അയാൾ യാത്ര തുടർന്നു. അലക്ഷ്യമായ പ്രയാണം ഏഴു നാൾ പിന്നിട്ടു. പുൽമേട്ടിൽ മേഞ്ഞുനടക്കുന്ന ഒട്ടക കൂട്ടത്തെ കണ്ടു. ചുറ്റുവട്ടത്ത് ഏതാനും കുടിലുകൾ മാത്രം. അതിൽ ഐശ്വര്യം തോന്നിയ ഒരു കുടിലിനടുത്തേക്ക് അദ്ദേഹം ചെന്നു. അകത്തേക്കു പാളി നോക്കിയപ്പോൾ ഒരു വൃദ്ധനെ മാത്രമേ കണ്ടുള്ളൂ. വൃദ്ധൻ മയക്കത്തിലായിരുന്നു. അടുത്തെങ്ങും ആരുമില്ലെന്നുറപ്പാക്കി അയാൾ അകത്തു കയറി പമ്മിയിരുന്നു. വിശപ്പും ദാഹവും അയാളെ പിടികൂടിയിരുന്നു. നേരം സന്ധ്യ മയങ്ങിയപ്പോൾ ശക്തനായൊരു കുതിരപ്പടയാളി കുടിലിലെത്തി. കൂടെ ഭൃത്യരെന്നു തോന്നിച്ച രണ്ടു പേരും. ഒരാൾ വൃദ്ധന് ഒരു പാത്രം പാൽ നൽകി. അദ്ദേഹം അതിൽ നിന്ന് അൽപം കുടിച്ച് പാത്രം നിലത്തുവച്ചു. എല്ലാം ഒളിഞ്ഞിരുന്ന് ശ്രദ്ധിക്കുകയായിരുന്നു യാത്രികൻ. അവർ പുറത്തിറങ്ങിയപ്പോൾ അയാൾ മെല്ലെ പാൽപാത്രം കൈക്കലാക്കി. മുഴുവൻ കുടിച്ചു തീർത്തു. ശേഷം മറവിലേക്കു നീങ്ങിയിരുന്നു. അൽപ നേരം കഴിഞ്ഞ് ഭൃത്യൻ വന്നു നോക്കിയപ്പോൾ പാത്രം കാലിയായിരുന്നു. വൃദ്ധൻ കുടിച്ചു തീർത്തതായിരിക്കുമെന്ന ധാരണയിൽ കുറച്ചു കൂടി പാലെടുത്ത് പാത്രത്തിലേക്കു പകർന്ന് വൃദ്ധനരികിൽ വച്ചു. അദ്ദേഹം അൽപം കൂടി വായിലേക്കൊഴിച്ച് ബാക്കി നിലത്ത് വച്ചു. ഉടൻ പഥികൻ ഇരുളിൽ നിന്ന് പുറത്ത് വന്ന് പാത്രം കാലിയാക്കി.

സമയം അർധ രാത്രി പിന്നിട്ടിരിക്കണം. കുടിലിൽ എല്ലാവരും ഉറക്കിലേക്ക് വഴുതിവീണു. അപ്പോൾ യാത്രക്കാരൻ ഒളിയിടത്തു നിന്ന് പുറത്തുവന്നു. അയാൾ കൂട്ടത്തിൽ മെച്ചമെന്നു തോന്നിച്ച ഒരു ഒട്ടകത്തിന്റെ കയർ അഴിച്ചെടുത്ത് ശബ്ദമുണ്ടാക്കാതെ സ്ഥലം വിട്ടു. അൽപം പിന്നിട്ടപ്പോൾ ഒട്ടകപ്പുറത്ത് കയറിയായി യാത്ര. രാത്രി മുഴുവൻ യാത്രതന്നെയായിരുന്നു. നേരം പുലർന്നപ്പോൾ അയാൾ പിറകിലേക്ക് നോക്കി. തന്നെ ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്തി. അയാൾക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. താൻ രക്ഷപ്പെട്ടിരിക്കുന്നു. തന്റെ കുടുംബത്തിന് വലിയൊരു സമ്പാദ്യമായിരിക്കുന്നു.

പക്ഷേ ആ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. വളരെ അകലെ നിന്ന് കറുത്തൊരു പൊട്ടു പോലെ ആരോ വരുന്നതായി അയാൾക്ക് തോന്നി. അതിവേഗത്തിൽ അത് തന്നെ സമീപിക്കുകയാണ്. കുറെ കഴിഞ്ഞപ്പോഴാണ് അതൊരു കുതിരപ്പടയാളിയാണെന്ന് മനസ്സിലായത്. അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി; ഇന്നലെ വൃദ്ധനരികിൽ വന്ന അശ്വാരൂഢൻ! താൻ മോഷ്ടിച്ച ഒട്ടകത്തിന്റെ ഉടമ!

അയാൾ വേഗം ഒട്ടകപ്പുറത്ത് നിന്ന് താഴെയിറങ്ങി അതിനെ ഒരു കുറ്റിയിൽ തളച്ചു. ശേഷം അമ്പും വില്ലുമെടുത്തു കുലച്ചു. തിരിച്ചടിക്കുക തന്നെ. അയാൾ ഉറപ്പിച്ചു. അശ്വഭടൻ പക്ഷേ സംയമനം പാലിച്ച് അകന്നു നിന്നു. അയാൾ വിളിച്ചു പറഞ്ഞു: ‘എന്റെ ഒട്ടകത്തെ തിരിച്ചേൽപിക്കുക. അല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും.’

‘ഇല്ല. ഞാനിത് തിരിച്ചു തരില്ല. ഹീറ പട്ടണത്തിൽ ഇട്ടേച്ചു പോന്ന എന്റെ കുടുംബത്തിന് ഉപജീവനമാർഗമൊപ്പിക്കാതെ തിരിച്ചുചെല്ലുകയില്ലെന്ന് ഞാൻ ശപഥം ചെയ്തിരിക്കുകയാണ്. താങ്കൾ വേറെ വഴി നോക്കണം.’ പടയാളി പിന്നെയൊന്നും പറഞ്ഞില്ല. ഒട്ടകത്തിന്റെ കെട്ടുകയർ ലക്ഷ്യമാക്കി അദ്ദേഹം അമ്പു തൊടുത്തുവിട്ടു. രണ്ടു മൂന്ന് കയറുകൊണ്ടാണ് തസ്‌കരൻ ഒട്ടകക്കൂറ്റനെ തളച്ചിരുന്നത്. ഓരോ കയറും ഭേദിച്ച് ശരം പാഞ്ഞുപോയി.

കുതിരക്കാരന്റെ അസ്ത്ര വൈദഗ്ധ്യം ബോധ്യപ്പെട്ട മോഷ്ടാവ് പേടിച്ചു വിറച്ചു. അടുത്ത അമ്പ് തന്റെ നെഞ്ചിൻ കൂട് തകർത്തേക്കുമെന്ന് അയാളുറപ്പിച്ചു. വേഗം തന്റെ അമ്പ് ആവനാഴിയിലേക്ക് തിരിച്ചുവച്ചു. താൻ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. മോഷ്ടാവിന്റെ കൈകൾ ബന്ധിച്ച് ഭടൻ കുടിലിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ കുതിരക്കാരൻ ആക്രോശിച്ചു: എന്റെ കൂരയിൽ കയറി ഒളിച്ചിരിക്കുകയും എന്റെ പിതാവായ മുഹൽഹിലിന്റെ പാൽ കട്ട് കുടിക്കുകയും എന്റെ ഒട്ടകവുമായി കടന്നുകളയുകയും ചെയ്ത നിന്നെ ഞാൻ എന്തു ചെയ്യുമെന്നാണ് നീ പ്രതീക്ഷിക്കുന്നത്?

അത് കേട്ടപ്പോൾ തസ്‌കരൻ അന്ധാളിപ്പോടെ ചോദിച്ചു: താങ്കൾ ആരാണെന്നാണ് പറഞ്ഞത്? മുഹൽഹിലിന്റെ പുത്രനോ? അപ്പോൾ താങ്കളാണോ സൈദുൽ ഖൈൽ?

‘അതേ, ഞാൻ തന്നെ’

പേരു കേട്ട കുതിരപ്പടയാളിയുടെയും അശ്വഭടന്റെയും തടങ്കലിലാണ് താനെന്ന് മനസ്സിലായപ്പോൾ അയാൾ തന്റെ കഷ്ടപ്പാട് വിവരിച്ചു. നിർവാഹമില്ലാതെയാണ് മോഷ്ടിച്ചതെന്നും പറഞ്ഞു. അപ്പോൾ സൈദ് പറഞ്ഞു: ‘നീ മോഷ്ടിച്ച ഒട്ടകം എന്റെ സഹോദരിയുടേതാണ്. അതെന്റേതായിരുന്നെങ്കിൽ നിനക്കു തന്നേനെ. ഏതായാലും നീ വെറും കയ്യോടെ പോകേണ്ട. കുറച്ചു നാൾ ഇവിടെ തങ്ങ്. നമുക്ക് എന്തെങ്കിലുമൊരു പരിഹാരം കാണാം.’

ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബനൂഉമൈർ ഗോത്രവുമായി ഒരു സംഘട്ടനം നടക്കുകയുണ്ടായി. ഖൈലിന് നൂറോളം ഒട്ടകങ്ങൾ അതിലൂടെ ലഭിച്ചു. അവ മുഴുവൻ അദ്ദേഹം പഥികന് സമ്മാനിച്ചു. മാത്രമല്ല സുരക്ഷിതമായി ഹീറയിൽ എത്തിച്ചുകൊടുക്കുകയും ചെയ്തു.

ജാഹിലിയ്യത്തിലെ ആ ധീരനും സഹനശീലനുമാണ് ഇപ്പോൾ സത്യവാചകം ചൊല്ലി പ്രവാചകർക്കു മു മ്പാകെ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്. അനന്തരം അദ്ദേഹത്തെ പ്രവാചകർ(സ്വ) വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഉമർ(റ)വും മറ്റും കൂടെ ചെന്നു. തിരുദൂതർ അദ്ദേഹത്തിനു ചാരിയിരിക്കാൻ ഒരു തലയണ നൽകി. പക്ഷേ വിനയാന്വിതനായ അദ്ദേഹം അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. റസൂലിന് മുമ്പിൽ പതിഞ്ഞിരിക്കാൻ പോലും അദ്ദേഹത്തിനു മനസ്സുവന്നില്ല. മസ്ജിദുന്നബവിയിൽ സ്വഹാബത്തിൽ നിന്നു കണ്ടുപഠിച്ച അദബും വിനയവും അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.

സംഭാഷണ വേളയിൽ നബി(സ്വ) പറയുകയുണ്ടായി: ‘സൈദുൽ ഖൈർ, ഏതൊരാളെക്കുറിച്ചുമുള്ള കേട്ടുകേൾവി യാഥാർത്ഥ്യത്തെക്കാൾ കൂടുതലായിരിക്കും. എന്നാൽ താങ്കൾ അതിനപവാദമാണ്. സൈദിനെ പറ്റി ഞാൻ കേട്ടത് നേരിൽ കണ്ടതിനേക്കാൾ കുറവായിരുന്നു. അല്ലാഹുവും അവന്റെ ദൂതരും തൃപ്തിപ്പെടുന്ന രണ്ടു ഗുണങ്ങൾ താങ്കളിൽ മേളിച്ചിട്ടുണ്ട്.’

‘അതെന്താണ് റസൂലേ?’ അദ്ദേഹത്തിന് അറിയാൻ തിടുക്കമായി.

തിരുനബി: ‘ഗാംഭീര്യവും സഹനശീലവും’

അത് കേട്ട് അദ്ദേഹം നാഥനെ സ്തുതിച്ചു. തിരുദൂതർ(സ്വ) തുടർന്നു ചോദിച്ചു: താങ്കൾ ഇന്നെങ്ങനെയാണ് നേരം പുലർന്നത്?

‘ഞാൻ നന്മയെയും അതിന്റെ ആളുകളെയും സ്‌നേഹിക്കുന്നു. ഞാനത് പ്രവർത്തിച്ചാൽ എനിക്കു പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പിക്കുന്നു. അത് നഷ്ടപ്പെട്ടാൽ ഞാൻ ദുഃഖിതനാവുകയും ചെയ്യും.’

അപ്പോൾ റസൂൽ മൊഴിഞ്ഞു: അല്ലാഹു നന്മ ഉദ്ദേശിക്കുന്നവരുടെ ലക്ഷണമാണിത്.

അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് സൈദ് ആരാഞ്ഞു: ‘യാ റസൂലല്ലാഹ്, എനിക്ക് മുന്നൂറ് കുതിരപ്പടയാളികളെ അയച്ചുതന്നാലും. ഞങ്ങൾ റോമാ സാമ്രാജ്യം കീഴ്‌പ്പെടുത്തി തിരിച്ചുവരാം…’

തിരുനബി(സ്വ) അദ്ദേഹത്തിന്റെ ആത്മധൈര്യം വാഴ്ത്തുകയും അത്ഭുതം കൂറുകയും ചെയ്തു. സൈദുൽ ഖൈർ(റ)ന്റെ സഹചാരികളെല്ലാം ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. നാട്ടിലേക്കു മടങ്ങാനും അവിടെ ദീൻ പ്രബോധനം ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ റസൂൽ(സ്വ) സസന്തോഷം അവരെ യാത്രയാക്കി. പക്ഷേ മദീനയിൽ പടർന്നു പിടിച്ച രോഗത്തിന്റെ അണുക്കൾ അദ്ദേഹത്തെയും ബാധിച്ചു. മടക്ക യാത്രയിൽ രോഗ ലക്ഷണങ്ങൾ പ്രകടമായ അദ്ദേഹം യാത്രാ മധ്യേ തന്നെ അന്ത്യശ്വാസം വലിക്കുകയുണ്ടായി. ജന്മനാട്ടിൽ മതപ്രബോധനം നടത്തുകയെന്ന മഹാന്റെ ആഗ്രഹം സഫലമായില്ല. സഹയാത്രികർ ആ ധീരകേസരിയെ ആറടി മണ്ണിൽ അടക്കി കദന ഭാരത്തോടെ നജ്ദിലേക്ക് പുറപ്പെട്ടു.

(അൽഇസ്വാബ: 1/572, അൽഇസ്തീആബ്: 1/536, ഹിൽയതുൽ ഔലിയാഅ്: 1/376, സുവറുൻ മിൻ ഹയാതിസ്വഹാബ: 127-134).

You May Also Like
Islam - malayalam

ഫത്‌വകളെ ഒന്നും ചെയ്തില്ല, എന്തുകൊണ്ടെന്നാൽ…       

പുത്തൻവാദികളോടുള്ള സമീപനത്തിൽ കൃത്യവും വ്യക്തവുമായ നയനിലപാടുകൾ പ്രാമാണികമായിതന്നെ സ്വീകരിച്ചവരാണ് നമ്മുടെ മഹാന്മാരായ മുൻഗാമികൾ. പറഞ്ഞും പഠിപ്പിച്ചും…

● സീഫോർത്ത് അബ്ദുറഹ്മാൻ ദാരിമി
islam - malayalam

ഇസ്‌ലാമികാദർശത്തിൽ സ്ഥാപിതമായ മനുഷ്യാവകാശങ്ങൾ

മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള മുറവിളിയുടെ കാലമാണിത്. നിഷേധം അരങ്ങേറുകയും പ്രതിഷേധം വനരോദനമാവുകയും ചെയ്യുന്നുവെന്നതാണ് ഇന്നത്തെ മനുഷ്യാവകാശങ്ങളുടെ പൊതുരീതി.…

● അലവിക്കുട്ടി ഫൈസി എടക്കര
JAMATHE ISLAMEE - MALAYALAM

മൗദൂദികളേ, കാക്ക കുളിച്ചാൽ കൊക്കാകുമോ?

ഇസ്‌ലാമിന്റെ ആത്യന്തിക ലക്ഷ്യം രാഷ്ട്ര ഭരണം നേടിയെടുക്കലാണെന്നു പ്രഖ്യാപിച്ച് രംഗത്തുവന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. 1940കളുടെ തുടക്കത്തിൽ…

● റഹ്മത്തുല്ലാഹ് സഖാഫി എളമരം