സാഷ്ടാംഗം നമിക്കുക, സാമീപ്യം നേടുക (ഖുര്‍ആന്‍).
ഒരു അടിമ അല്ലാഹുവിലേക്കേറ്റവും അടുക്കുക സുജൂദിന്റെ സന്ദര്‍ഭത്തിലാണ് (ഹദീസ്).
സുജൂദിന്റെ മധുവറിഞ്ഞാല്‍ മാത്രമേ അടുപ്പം അനുഭവവേദ്യമാകൂ. ഈ വിധം സുജൂദില്‍ വീഴുന്നവനോട് കൂടെ പ്രപഞ്ചം ഒന്നാകെ സാഷ്ടാംഗത്തിലായി വീഴും. അല്ലാഹുവിന്റെ പ്രതാപത്തിന്റെ പൂര്‍ണാംഗീകാരമാവും അവന്റെ സുജൂദ്.
ഒരു ആത്മജ്ഞാനി പറഞ്ഞു: എനിക്കു സാമീപ്യം സിദ്ധമാകാതെയിരുന്ന കാലത്ത് യാ അല്ലാഹ്, യാ റബ്ബീ എന്നു ഞാന്‍ പതിവാക്കി. പക്ഷേ, അത് പര്‍വതത്തേക്കാള്‍ ഭാരമുള്ളതായിട്ടാണെനിക്കനുഭവപ്പെട്ടത്. ഇതിന്റെ കാരണമെന്തന്നന്വേഷിച്ചപ്പോള്‍ മഹാന്‍ പറഞ്ഞു: എന്റെ വിളിയാളങ്ങള്‍ അന്ന് മറക്കിപ്പുറത്ത് നിന്നായിരുന്നു. സമീപസ്ഥനെ നാമാരും നീട്ടിവിളിക്കുക പതിവില്ല. മറിച്ച് അവനോട് സൂചനകള്‍ ഉപയോഗിക്കുകയായിരിക്കുമല്ലോ. ഇലാഹീ സാമീപ്യത്തിന്റെയും കഥ ഇതുതന്നെ. സ്വന്തത്തെ ആത്മാവിന്റെ പ്രകാശത്തില്‍ മുക്കിയും ആസ്വദിച്ചുമുള്ള ഒരു അവസ്ഥയാകും അത്. അങ്ങനെ ശരീരം ആത്മാവില്‍ നിന്നും ആത്മാവ് ശരീരത്തില്‍ നിന്നും മുക്തി പ്രാപിക്കും. അതോടെ അടിമയുടെ സര്‍വവും അവന്റെ സാമീപ്യത്തിലേക്ക് മടങ്ങും. അപ്പോള്‍ ആത്മാവിന്റെ നാവുകൊണ്ട് യാ അല്ലാഹ്, യാ റബ്ബ് എന്നു അവന്‍ മൊഴിയുന്ന സ്ഥിതി വരും. അങ്ങനെ അവന്റെ റൂഹ് വാക്കുകളില്‍ നിന്ന് പൂര്‍ണമായി സ്വതന്ത്രമാകുന്നതാണ്. അതോടെ സാമീപ്യത്തിന്റെ പൂര്‍ണത കൈവരും. ചുരുക്കത്തില്‍ ആത്മാവ് സ്വതന്ത്രമാവുകയും ഇലാഹീ അടിമത്വത്തിന്റെ ആവശ്യകതയില്‍ ഇച്ഛ രൂഢമൂലമാവുകയും ചെയ്യും. ഇതാണ് ആത്മീയമായ സാമീപ്യം.
ജുനൈദ്(റ) പറഞ്ഞു: അല്ലാഹു അടിമകളുടെ മനസ്സുകളോടടുക്കുക അടിമകള്‍ അവനോടടുക്കുന്നതിനനുസരിച്ചാണ്. അതുകൊണ്ട് അവന് നിന്നോടുള്ള സാമീപ്യത്തെക്കുറിച്ച് നീ ബോധവാനാവുക.
ദുന്നൂന്‍(റ) പറഞ്ഞു: അല്ലാഹുവിനോടുള്ള സാമീപ്യം അവനോടുള്ള ദയാദരവിനെ വര്‍ധിപ്പിക്കാതിരിക്കില്ല.
സഹ്ല്‍(റ) പറഞ്ഞു: ഇലാഹീ സാമീപ്യത്തില്‍ നിന്നുള്ള ഏറ്റവും താഴ്ന്ന പടി ലജ്ജയാകുന്നു.
നസ്റാബാദി പറഞ്ഞു: തിരുചര്യ പിമ്പറ്റിയാല്‍ ആത്മജ്ഞാനം നേടാം. നിര്‍ബന്ധ ബാധ്യത വീട്ടിയാല്‍ സാമീപ്യം സ്വായത്തമാക്കാം. ഐഛിക വിഷയങ്ങള്‍ പതിവാക്കിയാല്‍ ഇലാഹീ പ്രേമം സ്വന്തമാക്കാം.
ശരിയായ വിശ്വാസം
മറഞ്ഞ വസ്തുത മനസ്സാന്തരത്തില്‍ ഉറപ്പാക്കുന്നതിനാണ് വിശ്വാസം (ഇഅ്തിഖാദ്) എന്നു പറയുക. ജ്ഞാനം കൊണ്ടര്‍ത്ഥമാക്കുന്നത് യാഥാര്‍ത്ഥ്യത്തോട് ഒത്ത സുദൃഢ വിശ്വാസമത്രെ. ചില പ്രമുഖര്‍ പറയുന്നത് കണ്ണിലെ കിരണം ഒരു വസ്തുവുമായി ബന്ധിക്കും പ്രകാരം മനസ്സില്‍ രൂപപ്പെടുന്ന പ്രകാശരേണു അറിയേണ്ട കാര്യവുമായി പ്രത്യേക ബന്ധം പുലര്‍ത്തലാണ് ഇല്‍മ് എന്നാണ്. നിഷ്ക്രിയത്വം, അവതരണം, അദ്വൈതം, തത്തുല്യത, സ്ഥലകാല സ്വീകരണം തുടങ്ങിയവയില്‍ നിന്നെല്ലാം അല്ലാഹു മുക്തനാണെന്ന് ഉറപ്പിക്കല്‍ ശരിയായ വിശ്വാസമാകുന്നു. ഇതോടൊപ്പം പരിശുദ്ധതയും മഹോന്നതിയും അനന്യപ്രഭാവവും അല്ലാഹുവിനു വകവെച്ചു കൊടുക്കുകയും വേണം. സ്വഹാബത്തിന്റെ സ്വഭാവമിതായിരുന്നു.
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, പ്രമാണവല്‍ക്കരിക്കുന്നതും ഇതുതന്നെ. സ്വിഫാതിന്റെയും ദാതിന്റെയും കാര്യത്തില്‍ അല്ലാഹു ഏകനും നിരാശ്രയനും അതുല്യനും പങ്കാളിത്ത രഹിതനും ഉണ്‍മക്ക് തുടക്കവും ശേഷിപ്പിന് ഒടുക്കവും ഇല്ലാത്തവനും എന്നുമെന്നും അസ്തിത്വമുള്ളവനും മറ്റുള്ളവക്ക് അസ്തിത്വം കൊടുക്കുന്നവനും പ്രഭാവത്തിന്റെയും പ്രതാപത്തിന്റെയും ഗുണവിശേഷങ്ങള്‍ അനന്തവും അനവരതമായി നിലനില്‍ക്കുന്നവനും സ്ഥാനമഹത്ത്വത്തിന് അറ്റമില്ലാത്തവനും തടിയോ ആത്മാവോ അതിര്‍വരമ്പോ സ്ഥലകാല ഭാഗങ്ങളോ ആരോപിക്കാനാവാത്തവനും ജനിതനോ ജനകനോ അല്ലാത്തവനും സര്‍വം പടച്ചുപോറ്റുന്നവനാണെന്നും ഉറച്ചു വിശ്വസിക്കല്‍ ഏതൊരു അടിമയുടെയും അനിവാര്യ ബാധ്യതയാകുന്നു. പിരടിയിലെ ഞരമ്പിനേക്കാള്‍ പടപ്പുകളുമായി അടുത്തവനാണ് അല്ലാഹു. അവന്റെ അടുപ്പം പടപ്പുകള്‍ പരസ്പരം അടുക്കുന്ന രൂപത്തിലല്ല. അവന്റെ മഹത്ത്വത്തിന് അനുയോജ്യമായ രൂപത്തില്‍ ജ്ഞാനദര്‍ശന സാമീപ്യമാണ്.
അല്ലാഹുവിന്റെ സാമീപ്യത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ ജുനൈദുല്‍ ബഗ്ദാദി(റ) ഇങ്ങനെയാണ് മറുപടി പറഞ്ഞത്: അല്ലാഹു അടുത്തവനാണ്. പക്ഷേ, ചേര്‍ച്ചകൊണ്ടല്ല. അവന്‍ അകന്നവനാണ്, പക്ഷേ, വേര്‍പാട് കൊണ്ടല്ല. അവന്റെ സാമീപ്യത്തെ പ്രത്യേക രൂപഭാവങ്ങള്‍ വെച്ചുവിലയിരുത്താവതല്ല. “അവനോട് തുല്യമായി ഒന്നുമില്ല’ എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ പരിധിയില്‍ അവന്റെ സാമീപ്യവും ഉള്‍പെട്ടിരിക്കുന്നു. അവന്‍ മറ്റൊന്നോട് കൂടെയാണെന്ന് പറയുന്നത് പടപ്പുകളെ സംബന്ധിച്ച് ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലല്ല. അവന്‍ പരമോന്നതനാണ്. മറ്റൊന്നോട് കൂടെയല്ലാതെ നിലനില്‍ക്കുന്നവനും അതുപോലെ എന്നെന്നും തുടരുന്നവനുമാണ്.
അല്‍ ഇസ്തിവാഉ അലല്‍ അര്‍ശ് എന്നതിന്റെ ബാഹ്യാര്‍ത്ഥം “രാജകട്ടിലില്‍ ഉപവിഷ്ടനായി’ എന്നതാണെങ്കില്‍ അല്ലാഹുവിനെ സംബന്ധിച്ച് ഈ ബാഹ്യാര്‍ത്ഥം ശരിയേയല്ല. എന്നാല്‍ മുജസ്സിമതിന്റെ വാദം ഈ ബാഹ്യാര്‍ത്ഥം തന്നെ വേണമെന്നാണ്. അല്ലാഹുവിന് തടി ആരോപിക്കുന്ന വഴിപിഴച്ച വിഭാഗമാണ് മുജസ്സിമത്. ഇവരുടെ വിശ്വാസം ശരിയോ തെറ്റോ എന്ന് സംശയിക്കുന്നത് പോലും കുറ്റകരമത്രെ. അത്തരക്കാര്‍ തജ്സീം വാദികള്‍ക്കു പിന്തുണ പാടുന്നവരാണ്. മേല്‍പറഞ്ഞ ബാഹ്യാര്‍ത്ഥം അല്ലാഹുവിനെ സംബന്ധിച്ച് അസംഭവ്യവും അര്‍ത്ഥശൂന്യവുമാകുന്നു. പ്രസ്തുത അസംഭവ്യത അംഗീകരിച്ച് ഖുര്‍ആന്‍ വാക്യം പാരായണം ചെയ്യുന്നവനാണ് യഥാര്‍ത്ഥ സുന്നത്ത് ജമാഅത്തുകാരന്‍.
അല്ലാഹുവിനെ സംബന്ധിക്കുന്ന നുസൂല്‍ എന്ന പദത്തിന്റെ വിശദീകരണവും ഇതുതന്നെ. സ്ഥലംമാറ്റവും ചലനവുമാണ് നുസൂലിന്റെ ബാഹ്യാര്‍ത്ഥം. ഈ അര്‍ത്ഥം അല്ലാഹുവിനെ സംബന്ധിച്ച് തെറ്റും അസംഭവ്യവുമാണ്. ബാഹ്യമായ ഈ അര്‍ത്ഥത്തില്‍ അല്ലാഹുവിന് ഈ പദം ഉപയോഗിക്കല്‍ മുജസ്സിമതിന്റെ ശൈലിയാണ്. അല്ലാഹുവിന് ഈ അര്‍ത്ഥം അസംഭവ്യമാണെന്ന ഉറപ്പോടെ ഈ പദങ്ങള്‍ ഉള്ള വാക്യങ്ങള്‍ ഓതുക മാത്രം ചെയ്യുന്നു യഥാര്‍ത്ഥ മുസ്‌ലിം. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിലോ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളിലോ സാധാരണക്കാര്‍ സംശയിക്കുമെന്നും അബദ്ധം ധരിക്കുമെന്നും ഭയന്ന് മുതശാബിഹായ ഇത്തരം വാക്യങ്ങള്‍ വ്യാഖ്യാനിക്കാതെ ഒഴിച്ചിടലാണ് നല്ല മര്യാദ.
ചുരുക്കത്തില്‍, ഈ വിഷയത്തില്‍ മേല്‍പറഞ്ഞ വിശ്വാസമാണ് സത്യവും ശരിയും. ദേഹേഛയുടെയും പിശാചിന്റെയും പ്രേരണകളില്‍ നിന്നും പുത്തന്‍വാദ ചിന്താഗതികളില്‍ നിന്നും രക്ഷപ്രാപിച്ച ഒരു സൗഭാഗ്യവാന് വിശ്വാസമില്ലാതെ ജീവിതമില്ല. സന്മാര്‍ഗം കൊണ്ട് ഭക്തിയും സൂക്ഷ്മത കൊണ്ട് സംസ്കാരവും ദിക്ര്‍ കൊണ്ട് ഭക്ഷണവും സ്വായത്തമാക്കിയ ഒരാള്‍ക്ക് മേല്‍ വിശ്വാസധാരയില്‍ നിന്ന് തെന്നിമാറാനാവില്ല.
(തുടരും)

ഇമാം ഗസ്സാലിറ);പറുദീസ/3 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ