സ്ത്രീ വിമോചന വാദികളുടെയും സ്വശരീരം ആഘോഷിക്കാനുള്ളതാണെന്ന് പുരോഗമനം പ്രസംഗിക്കുന്നവരുടെയും ഉള്ളിലിരിപ്പും നടപടികളും ചുംബന സമര നേതാക്കളെ ഓൺലൈൻ പെൺ വാണിഭത്തിന് പിടികൂടിയപ്പോൾ കേരള ജനതക്കു ബോധ്യപ്പെട്ടതാണ്
ഇസ്‌ലാമും സ്ത്രീകളും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. വർത്തമാനത്തിൽ മാത്രമല്ല, ചരിത്രത്തിലും അതേ. രണ്ടു തലങ്ങളിലായാണ് ഇസ്‌ലാമിലെ സ്ത്രീ വിവാദ വിഷയമാക്കപ്പെട്ടത്. ഇസ്‌ലാം ഹിജാബ് നിർദേശിക്കുന്നതിനാലും പൊതുരംഗ പ്രവേശം തടയുന്നതിനാലും മുസ്‌ലിം സ്ത്രീ പീഡിതയാണെന്ന് ഒരു വിഭാഗം. ഇസ്‌ലാം വിരുദ്ധരും ഫെമിനിസ്റ്റുകളും പുരോഗമന ചിന്തകരെന്ന് അവകാശപ്പെടുന്നവരുമാണ് ഈ വാദമുന്നയിച്ചത്. ജുമുഅ-ജമാഅത്തുകളിൽ അവളെ പങ്കെടുപ്പിക്കണമെന്നും മഹല്ല് നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണമെന്നും വാദിച്ചു രണ്ടാം വിഭാഗം. ജമാഅത്ത്, മുജാഹിദ് തുടങ്ങിയ നവീന വാദികളാണ് ഇവർ.
എന്നാൽ ഇസ്‌ലാം സ്ത്രീയെ പരിഗണിക്കുന്നത് ഇങ്ങനെയൊന്നുമല്ല. കുടുംബിനി എന്ന നിലയിൽ അവൾ അധികാരിയാണ്. ജീവിക്കാൻ സ്വാതന്ത്ര്യമില്ലാതെ കുഴിച്ചുമൂടപ്പെട്ട ഒരു കാലത്തുനിന്ന് വിശ്വവിമോചകൻ നബി(സ്വ) അവളെ സ്വത്തവകാശമുള്ള പൗരയാക്കി ഉയർത്തിക്കൊണ്ടുവന്നു. ഒപ്പം പല നിയന്ത്രണങ്ങളും വെച്ചു. അത് അവളുടെ സുരക്ഷയെ കരുതിയായിരുന്നു. യൂറോപ്പിൽ പോലും സ്ത്രീ സ്വത്തവകാശ നിയമം വന്നിട്ട് ഏറെ കാലമായിട്ടില്ലെന്ന് ചരിത്രം.
ഈ പക്ഷദ്വയങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി സുന്നി പ്രസിദ്ധീകരണങ്ങൾ ഏറെ എഴുതിയിട്ടുണ്ട്. അതിൽ പ്രധാനമാണ് 1973 ഫെബ്രുവരി 24-ന് സ്ത്രീകളെ പ്രദർശന വസ്തുക്കളാക്കുന്നതിനെതിരെ സമസ്ത പാസാക്കിയ പ്രമേയം. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തു ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, വിദ്യാഭ്യാസ ബോർഡ് സംയുക്ത യോഗം അംഗീകരിച്ച പ്രമേയം 73 മാർച്ച് 9-ലെ സുന്നിടൈംസ് പ്രസിദ്ധപ്പെടുത്തിയതിങ്ങനെ:
‘കേരളത്തിന്റെ പൗരാണിക കാലം മുതൽക്കേ ഇസ്‌ലാമിക നിഷ്ഠയോടും പൂർണ പർദയോടും കൂടി ജീവിച്ചുവന്ന മുസ്‌ലിം വനിതകളെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ വയറും മാറും കാണിക്കുന്ന വിധം പർദകളഴിപ്പിച്ച് നഗ്നകളാക്കി അവരെ പൊതുരംഗങ്ങളിൽ കൊണ്ടുവരുന്ന ചില മുസ്‌ലിം നാമധാരികളുടെ അനിസ്‌ലാമിക പ്രവണതയിൽ ഈ യോഗം കഠിനമായി പ്രതിഷേധിക്കുകയും നാശകരമായ ഈ പ്രയാണത്തിനെതിരെ സമുദായം ബോധവാന്മാരായിരിക്കണമെന്നപേക്ഷിക്കുകയും ചെയ്യുന്നു.’
ഈ ലക്കം പത്രാധിപക്കുറിപ്പിൽ നിന്ന്: സ്ത്രീ വിഭാഗത്തെ ആകമാനം ഇന്ന് അടിമകളാക്കി വെച്ചിരിക്കുകയാണെന്നാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളുടെ പ്രസംഗം കേട്ടാൽ തോന്നുക. അങ്ങനെയൊരു ഘട്ടം സ്ത്രീകൾക്കുണ്ടായിരുന്നുവെന്നത് നേരാണ്. സ്ത്രീകൾക്ക് ആത്മാവുണ്ടെന്ന് വകവെച്ചു കൊടുക്കാൻ പോലും പൗരാണിക അറബികൾ തയ്യാറായിരുന്നില്ല. സ്വത്തവകാശം അവർക്കു നിഷേധിക്കപ്പെട്ടിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യ, പിതാവു മരിച്ചാൽ ആദ്യ ഭാര്യയിലുള്ള മകന്റെ ഉടമാവകാശത്തിൽ വരുമായിരുന്നു. സ്ത്രീയുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച് ദൈവത്തിന് പറ്റിയ അമളി എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. അവൾ ഭർത്താവിന്റെ ചിതയിൽ ചാടി ചാവണമായിരുന്നു. നാലും അഞ്ചും ഭർത്താക്കന്മാരെ ഒരേ സമയം സ്വീകരിക്കാൻ അവൾ ബാധ്യസ്ഥയായിരുന്നു. ഈ അധഃസ്ഥിതിയിൽ നിന്നും അവരെ കൈപ്പിടിച്ചു കയറ്റിയത് ഇസ്‌ലാമായിരുന്നു. അവരും അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും അവരുടെ ആരാധനക്കും പ്രതിഫലമുണ്ടെന്നും ഇസ്‌ലാം പഠിപ്പിച്ചു.
ഈ വിഷയത്തിൽ ഒരു വിഭാഗം മതപണ്ഡിതരുടെ നിലപാടാണ് കൂടുതൽ ശോചനീയം. അവർക്കിപ്പോൾ വനിതാ കേമ്പുകൾ നടത്താതെ പ്രസ്ഥാനം വളർത്തിയെടുക്കാൻ സാധ്യമല്ലാതെ വന്നിരിക്കുന്നു. സമസ്തയുടെ ഉദ്‌ബോധനം ഓരോ വീട്ടിലുമെത്തിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്’ – കുറിപ്പ് തുടരുകയാണ്.
73 മാർച്ച് 23 ലക്കത്തിൽ ലീഗ് മുഖപത്രം ചന്ദ്രിക പ്രസിദ്ധപ്പെടുത്തിയ സ്ത്രീകൾക്കും ജുമുഅയിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന ടിപി കുട്ട്യാമുവിന്റെ പ്രസ്താവന തള്ളിക്കളയാനുള്ള ആഹ്വാനമുണ്ട്. അതിങ്ങനെ: ‘പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും ജുമുഅയിൽ പങ്കെടുക്കാൻ ശറഅ് അനുവദിച്ചിട്ടുണ്ടെന്നും അതിന് നാം പരമാവധി ശ്രമിക്കണമെന്നുള്ള ജ. ടിപി കുട്ട്യാമു സാഹിബിന്റെ പ്രസ്താവന അവജ്ഞാപൂർവം തള്ളിക്കളയാൻ സമസ്ത കോഴിക്കോട് ജില്ലാഘടകം അംഗീകരിച്ച ഒരു പ്രമേയത്തിൽ മുസ്‌ലിംകളോടാഹ്വാനം ചെയ്തിരിക്കുന്നു.’
ഏപ്രിൽ 27-ന്റെ സുന്നിടൈംസിൽ കെഎ ഖാദർ ഒരനുഭവ വിവരണത്തോടെയാണ് ‘സ്ത്രീ-പുരുഷ സമ്പർക്കം’ എന്ന ലേഖനം തുടങ്ങുന്നത്. അതിൽ നിന്ന്: ‘നിങ്ങളുടെ മതം സ്ത്രീയോട് വളരെ ക്രൂരതയാണ് കാണിക്കുന്നത്. അവൾക്ക് വെളിയിലിറങ്ങിക്കൂടാ. നാലുകെട്ടിനിടയിൽ ജീവിതം മുഴുവൻ കഴിച്ചുകൂട്ടണം. നിർബന്ധിതാവസ്ഥയിൽ പുറത്തിറങ്ങുകയാണെങ്കിലോ എന്തോ ഒരു സാധനം. അതേ, ഇസ്‌ലാം അവളെ ഭൂതമാക്കിയാണ് പുറത്തിറക്കുന്നത്. വാസ്തവത്തിൽ സ്ത്രീ ഒരു സുന്ദര വസ്തുവാണ്. പക്ഷേ, ഇസ്‌ലാമിൽ അവളുടെ സ്ഥിതി എത്ര ദയനീയം! കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുക്തിവാദിയായ ഒരു കോൺസ്റ്റബിൾ പറഞ്ഞതാണിത്.’ തുടർന്ന് കുടുംബാസൂത്രണം, ലൈംഗിക അരാജകത്വം, വിദേശങ്ങളിലെ ജാരസന്തതികളുടെ കാനേഷുമാരി, കൗമാര പ്രസവങ്ങൾ, മാരക ലൈംഗിക രോഗങ്ങൾ എന്നിവയിലൂടെ ലേഖനം പുരോഗമിക്കുന്നു.
ശേഷം പറയുന്നു: ‘ഇത്തരം ഒരവസ്ഥയിലേക്ക് യുവതീ യുവാക്കളെ പ്രചോദനം ചെയ്യുന്നതെന്താണ്? അവർക്കീ ദുരവസ്ഥ എങ്ങനെയുണ്ടായി? ഇസ്‌ലാം സ്ത്രീയോട് ക്രൂരതയാണ് കാണിക്കുന്നതെന്ന് പറഞ്ഞു ആക്ഷേപിക്കുന്ന മുൻ പറഞ്ഞ കോൺസ്റ്റബിളിനെ പോലുള്ളവരാണീ സംശയത്തിനു മറുപടി തരേണ്ടത്.’
മറുപടികളുണ്ടാവാറില്ലെന്നതു വേറെക്കാര്യം. സ്ത്രീ വിമോചന വാദികളുടെയും സ്വശരീരം ആഘോഷിക്കാനുള്ളതാണെന്ന് പുരോഗമനം പ്രസംഗിക്കുന്നവരുടെയും ഉള്ളിലിരിപ്പും നടപടികളും ചുംബന സമര നേതാക്കളെ ഓൺലൈൻ പെൺ വാണിഭത്തിന് പിടികൂടിയപ്പോൾ കേരള ജനതക്കു ബോധ്യപ്പെട്ടതാണ്. ബിദഇകളും ഈ പാപത്തിന്റെ പങ്കുപറ്റുകാരാണെന്ന യാഥാർത്ഥ്യവും വിസ്മരിക്കാവതല്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ