swahih bukhari - malayalam

മതപ്രമാണങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇമാം ബുഖാരി(റ) ക്രോഡീകരിച്ച സ്വഹീഹായ ഹദീസുകളുടെ സമാഹാരമായ അല്‍ജാമിഉസ്വഹീഹ് എന്ന സ്വഹീഹുല്‍ ബുഖാരിക്കുള്ളത്. ഇമാം ശേഖരിച്ച എല്ലാ സ്വഹീഹായ ഹദീസുകളും പ്രസ്തുത ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്വഹീഹല്ലാത്ത ഒന്നും അതില്‍ ചേര്‍ത്തിട്ടുമില്ല. ബുഖാരി(റ) തന്നെ വിവരിച്ചതു പ്രകാരം മക്ക, മദീന, ബസ്വറ, കൂഫ, ബഗ്ദാദ്, വാസത്വ്, ശാം, മിസ്‌റ്, ബല്‍ഖ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ശേഖരിച്ച ഹദീസുകളുടെയും ഗുരുപരമ്പരയിലെ കണ്ണികളുടെയും ചരിത്രങ്ങളുടെയും ഭണ്ഡാരമായിരുന്നു ഇമാമവര്‍കള്‍. 18 വയസ്സുള്ളപ്പോള്‍ മദീന മുനവ്വറയിലെ റൗളാ ശരീഫില്‍ വെച്ച് ആദ്യ രചനയായ ഖളായസ്വഹാബത്തി വത്താബിഈന്‍ രചിച്ചു തുടങ്ങി. തുടര്‍ന്ന് ഹദീസ് നിവേദക ചരിത്രവിജ്ഞാന ശാഖയിലെ ശ്രദ്ധേയമായ താരീഖുല്‍ കബീറും മദീനയില്‍ നിന്നു തന്നെ രചിച്ചു.

ശേഖിച്ചതെല്ലാം രേഖപ്പെടുത്തുന്ന രീതിയല്ലായിരുന്നു ഇമാമിന്റേത്. പൂര്‍ണമായും കൃത്യമായും ചരിത്രം ലഭിക്കുകയും സത്യസന്ധതയും വിശ്വാസ്യതയും ബോധ്യപ്പെടുകയും ചെയ്തവരുടേത് മാത്രമാണ് രേഖപ്പെടുത്തിയത്. ആയിരക്കണക്കിന് ഹദീസുകള്‍ അതിന്റെ നിവേദകരില്‍ ചെറിയ സംശയം തോന്നിയതിന്റെ പേരില്‍ ഞാനൊഴിവാക്കിയിട്ടുണ്ടെന്ന് ഇമാം പറഞ്ഞിട്ടുണ്ട് (താരീഖു ബഗ്ദാദ്). ആയിരത്തിലധികം ഹദീസ് പണ്ഡിതരായ ഗുരുനാഥന്മാരില്‍ നിന്ന് ശേഖരിച്ചു രേഖപ്പെടുത്തിയതാണ് തന്റെ ഗ്രന്ഥങ്ങളെല്ലാം. ഹദീസ് പണ്ഡിതരല്ലാത്ത ആയിരിത്തിലധികം പണ്ഡിതരന്മാരില്‍ നിന്നും ശേഖരിച്ച് എഴുതിയിട്ടുണ്ട് (തഗ്‌ലീഖുത്തഅ്‌ലീഖ്).

ഹദീസ് വിജ്ഞാനീയത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇമാമവര്‍കള്‍, മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിച്ചുകൊണ്ടാണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചത്. പൂര്‍വികര്‍ സംഭാവന ചെയ്ത ഹദീസ് സമാഹാരങ്ങളേക്കാള്‍ സ്വഹീഹുല്‍ ബുഖാരി മികച്ചതാകാന്‍ അതാണ് കാരണം. ശിഷ്യന്മാര്‍ പലരും ഉസ്താദിനെ പിന്തുടരുന്നതില്‍ കൃത്യത പുലര്‍ത്തിയപ്പോള്‍ തൊട്ടടുത്ത സ്ഥാനങ്ങള്‍ അവരുടെ രചനകള്‍ക്കും നേടാനായി. നബി(സ്വ)യുടെ ഹദീസ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും സ്വഹീഹ് എന്ന ഖ്യാതി ബുഖാരിക്കുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യവും സ്വീകാരവും അതിനാണ്. എന്നാല്‍ ഇതിനു ശേഷം ഉത്തമമായ ഗ്രന്ഥമെന്ന് സര്‍വാംഗീകാരമുള്ളത് ഇമാമിന്റെ ശിഷ്യനായ മുസ്‌ലിം(റ) ക്രോഡീകരിച്ച സ്വഹീഹു മുസ്‌ലിമിനാണ്. ഇബ്‌നുസ്വലാഹ് എഴുതി: ഇവ രണ്ടില്‍ നിന്നും ഏറ്റവും സ്വഹീഹായത് ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമാണ്. അവ രണ്ടിലും ഏറെ ഗുണദായകവും അതു തന്നെ (മുഖദ്ദിമതുബ്‌നിസ്വലാഹ്).

 

ക്രോഡീകരണത്തിന്റെ പ്രചോദനം

ബുഖാരി രചിക്കാന്‍ പ്രചോദനമായ കാര്യങ്ങള്‍ പലതാണ്. ഇബ്‌നു ഹജറിനില്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കിയതു കാണാം. താബിഉകളുടെ കാലം മുതല്‍ ഹദീസ് ഗ്രന്ഥവല്‍കരണം ആരംഭിച്ചിരുന്നു. ധാരാളം മഹത്തുക്കള്‍ ഹദീസ് മേഖലയില്‍ വലിയ സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. റബീഉബ്‌നു സ്വബീഹ്(റ)വാണ് ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത്. തുടര്‍ന്ന് ഭാഗങ്ങളായും അധ്യായങ്ങളായും പലരും രചന നിര്‍വഹിച്ചു. ആദ്യ കാലങ്ങളില്‍ സ്വഹാബികളുടെയും താബിഉകളുടെയും വാചകങ്ങളും വചനങ്ങളും ഫത്‌വകളും കലര്‍ന്ന വിധത്തിലായിരുന്നു രചന. പിന്നീട് ഹദീസുകള്‍ മാത്രം ക്രോഡീകരിക്കുന്ന രീതി ആരംഭിച്ചു. ഹാഫിളുകളായ മുഹദ്ദിസുകളില്‍ സ്വന്തമായി മുസ്‌നദുകളില്ലാത്തവര്‍ കുറവായിരുന്നു. ഇമാം ബുഖാരി(റ) അവ കാണുകയും പഠിക്കുകയും ചെയ്തു. അപ്പോള്‍ അവയുടെ ക്രോഡീകരണ രീതി സ്വഹീഹും ഹസനും ളഈഫുമെല്ലാം കലര്‍ന്ന അവസ്ഥയിലാണെന്നു ഗ്രഹിച്ചു. അങ്ങനെ പ്രബലവും ദുര്‍ബലവും അല്ലാത്തവ തമ്മില്‍ കലരാത്ത രീതിയില്‍ സ്വഹീഹ് മാത്രം ക്രോഡീകരിക്കുന്നതിന് ഇമാം തീരുമാനിച്ചു. ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ഒരു സത്യസന്ധനും സംശയലേശമില്ലാത്ത സ്വഹീഹായ ഹദീസുകള്‍ ക്രോഡീകരിക്കുന്നതിനായി ഇമാം സന്നദ്ധനായി (മുഖദ്ദിമതു ഫത്ഹില്‍ബാരി).

ഈ തീരുമാനത്തിന് ശക്തി പകരുന്നതായിരുന്നു ഉസ്താദായ പ്രമുഖ ഹദീസ് പണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായ ഇസ്ഹാഖ്‌നു റാഹ്‌വൈഹി(റ)യുടെ നിര്‍ദേശം. ഇമാം ബുഖാരി(റ) അതിനെ കുറിച്ച് പറഞ്ഞു: ഞങ്ങള്‍ ഇസ്ഹാഖ്ബ്‌നു റാഹ്‌വൈഹി(റ)യുടെ അടുത്തിരിക്കുമ്പോള്‍ അവിടുന്നെന്നോട് പറഞ്ഞു: നബി(സ്വ)യുടെ സുന്നത്തിലെ സ്വഹീഹിന്റെ ഒരു സംക്ഷിപ്തം അങ്ങ് ക്രോഡീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ആ അഭിപ്രായം എന്റെ മനസ്സില്‍ ഇടം നേടി. അങ്ങനെയാണ് ജാമിഉസ്വഹീഹ് ക്രോഡീകരിക്കാന്‍ തുടങ്ങിയത് (മുഖദ്ദിമതു ഫത്ഹില്‍ബാരി).

മറ്റൊന്ന് ഇമാം കാണാനിടയായ ഒരു സ്വപ്നമായിരുന്നു. ഇബ്‌നുഹജര്‍(റ)വും മറ്റും ഉദ്ധരിക്കുന്നു: ഇമാം പറയുകയുണ്ടായി; നബി(സ്വ)യെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. ഞാന്‍ പ്രവാചകരുടെ മുന്നില്‍ നില്‍ക്കുകയാണ്. എന്റെ കയ്യില്‍ ഒരു വിശറിയുണ്ട്. അതുകൊണ്ട് ഞാന്‍ റസൂല്‍(സ്വ)യെ തൊട്ട് എന്തിനെയോ ആട്ടിയകറ്റുന്നു. ഈ സ്വപ്നത്തെക്കുറിച്ച് സ്വപ്നവ്യാഖ്യാതാക്കളോട് ആരാഞ്ഞപ്പോള്‍ പറഞ്ഞത്, തിരുനബിയെ തൊട്ട് താങ്കള്‍ വ്യാജനിര്‍മിതികളെ തട്ടിമാറ്റുമെന്നാണ്. ജാമിഉസ്വഹീഹിന്റെ രചനക്ക് പ്രചോദനമായതിതാണ് (മുഖദ്ദിമതു ഫത്ഹുല്‍ബാരി).

ഈ മൂന്ന് കാരണങ്ങള്‍ മൂന്ന് തലങ്ങളിലുള്ളതാണ്. ഒന്നാമത്തേത് ഇമാം ശേഖരിച്ചതും നേടിയതുമായ ഹദീസുകളും ഹദീസ് വിജ്ഞാനീയവും അദ്ദേഹത്തില്‍ തന്റെ ദൗത്യത്തെ കുറിച്ചു ബോധമുണ്ടാക്കി എന്നതാണ്. ഹദീസ് ക്രോഡീകരണ മേഖലയില്‍ അനിവാര്യമായ ഒരു ചുവടുവെയ്പിനുള്ള നിയോഗഭാഗ്യം ഇതിലൂടെ ഇമാമിനു സിദ്ധിച്ചു. അദ്ദേഹത്തിന്റെ യോഗ്യതയും വിഷയത്തിന്റെ ആവശ്യകതയും ചേര്‍ന്ന് സ്വഹീഹുല്‍ ബുഖാരിയെ യാഥാര്‍ത്ഥ്യമാക്കി. അതുകൊണ്ടാണത് ഒന്നാമതായത്.

രണ്ടാമത്തേത്, ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ് തുടങ്ങിയവയില്‍ പ്രസിദ്ധനായ മുഹദ്ദിസും ഇമാമിന്റെ ഗുരുനാഥനുമായ ഇസ്ഹാഖുബ്‌നു റാഹ്‌വൈഹി(റ) യോഗ്യതയൊത്ത തന്റെ ശിഷ്യനെ അനിവാര്യമായൊരു ചരിത്ര സൃഷ്ടിക്കു പ്രേരിപ്പിച്ചുവെന്നതാണ്. മൂന്നാമത്തേത്, ഇങ്ങനെയൊരു ക്രോഡീകരണം നടക്കേണ്ടതുണ്ടെന്നും നടന്നാല്‍ അതിന്റെ ഗുണഫലമെന്തായിരിക്കുമെന്നും അതെത്രമാത്രം ആവശ്യമായിരിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നു. പ്രവിശാലമായ ഹദീസ് ലോകത്തെ പ്രാപിക്കാന്‍ സ്വാഭാവികമായും നേരിടുന്ന അസൗകര്യവും അപ്രായോഗികതയും ഇതുവഴി ഒഴിവാകുന്നുണ്ട്. പ്രബലവും സര്‍വസ്വീകാര്യവുമായ ഹദീസുകളെ അല്‍പമെങ്കിലും കൃത്യമായി കാണാനും കേള്‍ക്കാനും പഠിക്കാനും മനഃപാഠമാക്കാനും എല്ലാവര്‍ക്കും ഇത് അവസരമൊരുക്കിയിരിക്കുന്നു.

നാമവും പൊരുളും

അല്‍ജാമിഉല്‍ മുസ്‌നദുസ്വഹീഹുല്‍ മുഖ്തസ്വറു മിന്‍ ഉമുരിറസൂലില്ലാഹി(സ്വ) വസുനനിഹി വഅയ്യാമിഹി എന്നാണ് സ്വഹീഹുല്‍ ബുഖാരിയുടെ പൂര്‍ണനാമം. ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കമെന്തെന്നു കൂടി ഈ നാമം വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തന്റെ ക്രോഡീകരണത്തിന് സ്വന്തമായ ഒരു പേര് നല്‍കിയെന്ന് പറയാനാവില്ല. കാരണം ഹദീസ് ഗ്രന്ഥശാഖയിലും ഹദീസ് വിജ്ഞാനത്തിലും തന്റെ ഗ്രന്ഥം ഏതു വിധമാണെന്നറിയിക്കുന്ന സാങ്കേതിക നാമങ്ങള്‍ കോര്‍ത്തിണക്കിയതാണത്. അതുകൊണ്ടാണ് ഉള്ളടക്കത്തിന്റെ വ്യാപ്തിയും സ്വഭാവവും പേര് തന്നെ വ്യക്തമാക്കുന്നത്.

ഹദീസ് വിജ്ഞാനീയത്തിലെ ഗ്രന്ഥ വിഭാഗങ്ങള്‍ രണ്ട് ഡസനിലധികം വരും. ഉള്ളടക്കവും ലക്ഷ്യവും പരിഗണിച്ചാണ് ഇനങ്ങള്‍ വ്യത്യസ്തമാകുന്നത്. അതില്‍ ഒന്നാമത്തെ ഇനമാണ് അല്‍ജാമിഅ്. എട്ട് ഇനം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതിനാണ് അല്‍ജാമിഅ് എന്നു പ്രയോഗിക്കുന്നത്. വിശ്വാസ കാര്യങ്ങള്‍, മതവിധികള്‍, ഹൃദയ സംസ്‌കരണ കാര്യങ്ങള്‍, കുഴപ്പങ്ങള്‍, നബി(സ്വ)യുടെ വിശേഷങ്ങള്‍, മര്യാദകള്‍, വ്യക്തിഗുണങ്ങള്‍, ഖുര്‍ആന്‍ വിവരണം എന്നിവയാണ് ആ എട്ട് ഗുണങ്ങള്‍. ഇവയുടെ അനുബന്ധങ്ങളായ ചരിത്രവും സമര മുന്നേറ്റ വിവരങ്ങളും ജാമിഇലുണ്ടാകും. ഇമാം ബുഖാരി(റ)യുടെ സ്വഹീഹില്‍ ഈ പത്തിനങ്ങളും വന്നിട്ടുണ്ട്.

അല്‍മുസ്‌നദ് എന്നാണ് രണ്ടാം പദം. സഹീസ് വിജ്ഞാനീയത്തിലെ മറ്റൊരു സാങ്കേതിക പദമാണിത്. നിവേദക പരമ്പരയില്‍ ഒരു തരത്തിലുള്ള വിഘ്‌നവും വരാത്തതെന്നാണ് ഉദ്ദേശ്യം. മുസ്‌നദ് എന്ന ഹദീസ് വിഭാഗവുമുണ്ട്. ഇവിടെ അതല്ല ഉദ്ദേശിക്കപ്പെടുന്നത്. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളുടെ പരമ്പരക്ക് വിഘ്‌നം സംഭവിച്ചിട്ടില്ല എന്നാണ് ഈ പദം സൂചിപ്പിക്കുന്നത്.

അസ്വഹീഹ് എന്ന പദം ഹദീസുകളുടെ ഇനങ്ങളില്‍ പ്രബലവും സ്വീകാര്യവുമായതിനെ സൂചിപ്പിക്കുന്നു. നിവേദക പരമ്പരയില്‍ വരുന്ന മുഴുവനാളുകളും ക്രമപ്രകാരം നേരിട്ട് കേട്ടവരായിരിക്കണം. അവരെല്ലാവരും നീതിമാന്‍മാരും സത്യസന്ധരുമായിരിക്കണം. ഒറ്റപ്പെട്ടതോ ന്യൂനതയുള്ളതോ ആവാതിരിക്കണം. ബുഖാരി(റ) സ്വഹീഹില്‍ പരമ്പര സഹിതമാണ് ഹദീസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വഹീഹായ ഹദീസുകള്‍ മുസ്‌നദായിരിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നിവേദക പരമ്പരയിലുള്ളവരുടെ സത്യസന്ധതയും സ്വീകാര്യതയും ഹദീസിന് പ്രാമാണികത നല്‍കുന്നു. അത് കൊണ്ടാണ് ഇമാം ശാഫിഈ(റ) ഇങ്ങനെ പറഞ്ഞത്: ഒരു സത്യസന്ധന്‍ മറ്റൊരു സത്യസന്ധനില്‍ നിന്ന് എന്ന വിധം നബിയിലേക്കെത്തുന്ന തരത്തില്‍ ഹദീസ് പറഞ്ഞാല്‍ അത് റസൂല്‍(സ്വ)യെ തൊട്ട് സ്ഥിരപ്പെട്ടതാണ് (അല്‍മദ്ഖല്‍ ഇലസ്സുനനില്‍ കുബ്‌റ- ബൈഹഖി).

അല്‍മുഖ്തസ്വര്‍ എന്ന പദം ഇത് സമ്പൂര്‍ണമായൊരു ഗ്രന്ഥമല്ലെന്നും നബി(സ്വ)യുടെ ഹദീസുകള്‍ മുഴുവനായോ ഉപരി വിവരിച്ച മാനദണ്ഡങ്ങളൊത്തവ തന്നെ പൂര്‍ണമായോ ഇതിലില്ലെന്നു സൂചിപ്പിക്കുന്നു. ലഭ്യമായതില്‍ നിന്ന് അല്‍പം ഹദീസുകള്‍ മാത്രമാണിതില്‍ ക്രോഡീകരിച്ചിരിക്കുന്നത്. മിന്‍ ഉമൂരിറസൂലില്ലാഹി(സ്വ) വസുനനിഹി വ അയ്യാമിഹി എന്നാല്‍ നബി(സ്വ)യുമായി ബന്ധപ്പെട്ട കാര്യങ്ങളും തിരുചര്യകളും ദൈനംദിന ജീവിത വിഷയങ്ങളും ആണിതിലെ ഉള്ളടക്കം. നബി(സ്വ)യുടെ ജീവിതവും ദര്‍ശനവും പാഠങ്ങളും ഉപരി മാനദണ്ഡങ്ങള്‍ക്കു വിധേയമായി അല്‍പം ചേര്‍ത്തുവെച്ചതാണീ ഗ്രന്ഥമെന്ന് ചുരുക്കം.

രചനാരീതിയും ഉള്ളടക്കവും

സ്വഹീഹായ ഹദീസുകള്‍ മാത്രമുള്ള ഒരു കൃതിയാണ് ഇമാം രചിക്കാന്‍ തീരുമാനിച്ചത്. ലക്ഷക്കണക്കായ നബിവചനങ്ങളില്‍ നിന്ന്, മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്വഹീഹ് എന്ന് അംഗീകരിക്കപ്പെട്ട ഹദീസുകള്‍ തന്നെ ധാരാളമുണ്ട്. അവയില്‍ ഇമാം ബുഖാരി(റ) ശേഖരിച്ചതും രേഖപ്പെടുത്തിയതും നിരവധി. അവയില്‍ നിന്നു ചുരുക്കം ചില ഹദീസുകള്‍ മാത്രം സ്വഹീഹുല്‍ ബുഖാരിയില്‍ ക്രോഡീകരിച്ചപ്പോള്‍ അതിന് സ്വീകരിച്ച രീതിയില്‍ ചില കണിശതകള്‍ ഉണ്ടാകുമെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. അതെന്തെല്ലാമായിരുന്നുവെന്ന് ഇമാമിനെയും ശിഷ്യന്മാരെയും ഉദ്ധരിച്ച് ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബുഖാരി(റ) പറഞ്ഞു: ജാമിഅ് എന്ന ഈ കിതാബില്‍ സ്വഹീഹ് അല്ലാതെ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കിതാബ് ദീര്‍ഘമേറിയതാവാതിരിക്കാന്‍ സ്വഹീഹുകള്‍ അനേകം ഇതില്‍ ചേര്‍ക്കാതെ വിട്ടിട്ടുണ്ട് (തഗ്‌ലീഖുത്തഅ്‌ലീഖ്).

സഹീഹും മുസ്‌നദുമായ ഹദീസുകള്‍ അവയുടെ പ്രാബല്യം വ്യക്തമാവും വിധം പരമ്പര സഹിതമാണ് ഉദ്ധരിച്ചിരിക്കുന്നതെന്ന് സ്വഹീഹ് തുറന്നുനോക്കിയാല്‍ തന്നെ കാണുന്നതാണ്. ഹദീസുകള്‍ മാത്രമല്ല സ്വഹീഹില്‍ കാണുക. വളരെ ഫലപ്രദവും ആകര്‍ഷകവുമായ വിവരണങ്ങളും അതില്‍ കാണാം. കര്‍മശാസ്ത്രപരവും തത്ത്വജ്ഞാന നുറുങ്ങുകളും അതില്‍ ഉള്‍പ്പെടുത്തി. തന്റെ അഗാധജ്ഞാനവും ക്രാന്തദര്‍ശിത്വവും വഴി ഹദീസുകളില്‍ നിന്നും നിര്‍ധാരണം ചെയ്‌തെടുത്ത ആശയങ്ങളെ അവസരോചിതം വ്യത്യസ്ത അധ്യായങ്ങളില്‍ ഉള്‍പ്പെടുത്തി. മതവിധികള്‍ക്കവലംബമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചേര്‍ത്തുവെച്ച് അതിന്റെ വ്യാഖ്യാനത്തിലേക്ക് വിശാലമായി കടന്നുചെന്നു. പൂര്‍വികരുടെ മഹദ്വചനങ്ങളും ചര്യകളും ഉദ്ധരിച്ചു.

സ്വഹീഹില്‍ ഹദീസിനെപ്പോലെ തന്നെ അതിന്റെ ആശയങ്ങള്‍ക്കും പ്രാധാന്യം നല്‍കപ്പെടുന്നുവെന്നതിനാല്‍ വ്യത്യസ്ത തലവാചകങ്ങളില്‍ ഒരേ ഹദീസ് ആവര്‍ത്തിക്കപ്പെട്ടതായി കാണാം. ചിലപ്പോള്‍ വ്യത്യസ്ത സ്വഹാബികളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതായിരിക്കും. സ്വഹീഹുല്‍ ബുഖാരിയുടെ ഉള്ളടക്കം ഹദീസും അനുബന്ധ മതവിധികളും മഹദ് വചനങ്ങളും തത്ത്വോപദേശങ്ങളും ചേര്‍ത്തതാണ്. എന്നാല്‍ ഹദീസുകള്‍ കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്നു അത്. അവ്യക്തതയുടെ പ്രശ്‌നം വരുന്നുമില്ല. ഹദീസും മസ്അലകളും ഉപമകളും പദപരിചയവും ആശയപ്രകാശനവും വേറെ വ്യക്തമായി മനസ്സിലാക്കാന്‍ പ്രയാസമില്ല. ഹദീസ് ക്രോഡീകരണത്തിലും സ്വഹീഹുല്‍ ബുഖാരി വ്യതിരിക്തത പുലര്‍ത്തുന്നുണ്ട്.

സ്വഹീഹിന്റെ രചനക്കായി അവലംബിച്ച സമാഹാരവും ക്രോഡീകരണം നടത്തിയ വിധവും ഹാഫിള് അബുല്‍ ഫള്‌ലിബ്‌നു ത്വാഹിര്‍(റ) നെ ഉദ്ധരിച്ച് ഇബ്‌നുഹജറിനില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു: സ്വഹീഹ് രചിക്കുന്നതിനു മുമ്പ് ഇമാം ബുഖാരി(റ) അല്‍മബസൂത്വ് എന്ന പേരില്‍ ഒരു ഹദീസ് സമാഹാരം തയ്യാറാക്കിയിരുന്നു. താന്‍ ശേഖരിച്ച ഹദീസുകളെല്ലാം അതില്‍ അധ്യായക്രമത്തില്‍ ചേര്‍ത്തിരുന്നു. പിന്നീട് അതില്‍ ഏറ്റവും പ്രബലവും സ്വീകാര്യവുമായ ഹദീസുകള്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ച് അവയെ എല്ലാ പരമ്പരകളിലൂടെയും പുറത്തെടുത്തുദ്ധരിച്ചു. ചിലത് മുഴുവന്‍ പരമ്പരകളിലൂടെയും സ്വഹീഹായിരിക്കും. അവയെ എല്ലാ പരമ്പരയിലൂടെയും തന്നെയാണ് പുറത്തുദ്ധരിച്ചത്. ഒരു പരമ്പരയില്‍ മാത്രം പുറത്തെടുത്തുദ്ധരിച്ചാല്‍ രണ്ടാമതൊന്നിനെ അതിന് അനുകൂലമായി വീണ്ടെടുക്കും. അവയെല്ലാം കൂടി ഒരു വിഷയത്തില്‍ ഉദ്ധരിക്കുകയും, മറ്റൊരു അധ്യായത്തില്‍ അതിന്റെ ആശയ സമാനതയുള്ള ഹദീസ് ആവശ്യമായി വരികയും ചെയ്താല്‍ നേരത്തെ ഉദ്ധരിച്ച ഹദീസിനെ തന്നെ വീണ്ടും കൊണ്ടുവരും. ഇങ്ങനെ ഹദീസുകള്‍ ആവര്‍ത്തിച്ച് കൊണ്ടുവരാന്‍ തയ്യാറാവുന്നത് അവിടുത്തെ മഹത്ത്വവും കര്‍മശാസ്ത്ര പാണ്ഡിത്യവും ഹദീസ് വൈപുല്യത്തെയുമാണ് യഥാര്‍ത്ഥത്തില്‍ പ്രകടമാക്കുന്നത്. കാരണം ഒരു ഹദീസില്‍ നിന്ന് തന്നെ കര്‍മശാസ്ത്രപരമായ വ്യത്യസ്ത മസ്അലകള്‍ നിര്‍ദ്ധാരണം നടത്തുകയും പൂര്‍ണാര്‍ത്ഥത്തില്‍ വേറൊരധ്യായത്തില്‍ വ്യത്യസ്ത പരമ്പരയിലൂടെ, ആദ്യ അധ്യായത്തില്‍ ഉദ്ധരിച്ച ഗുരു അല്ലാത്തൊരു ഉസ്താദില്‍ നിന്ന് ഉദ്ധരിക്കുന്നു. ഒരു ഹദീസിനെ രണ്ടു സ്ഥലങ്ങളില്‍ ഒരു പരമ്പരയില്‍ നിന്ന് തന്നെയും ഒരേ പദത്തിലും ഉദ്ധരിച്ചത് വളരെ അപൂര്‍വമാണ് (തഗ്‌ലീഖുത്തഅ്‌ലീഖ്).

അല്‍ജാമിഉല്‍ കബീര്‍ എന്ന പേരില്‍ നടത്തിയ ക്രോഡീകരണത്തില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി രചിച്ചതെന്ന് അഭിപ്രായമുണ്ട്. അതും വിപുലമായ ഹദീസ് ശേഖരമാണ്. ഒന്ന് മറ്റേതിന്റെ പൂരണമോ സംസ്‌കൃത രൂപമോ ആവാം. ഇമാമവര്‍കള്‍ തന്നെ താന്‍ ക്രോഡീകരിച്ചതിനെ അധ്യായാനുസരണം ക്രമീകരിക്കുകയും അധികമായി പിന്നീട് ലഭിച്ചവ കൂടി അടുക്കിവെക്കുകയും ചെയ്തപ്പോള്‍ അത് മബ്‌സൂത്വ് എന്ന് വിളിക്കപ്പെട്ടതാവാനുള്ള സാധ്യതയുമുണ്ട്. അല്‍ജാമിഉസ്വഹീഹും അല്‍മബ്‌സ്വൂതും ഇന്ന് ലഭ്യമല്ലാത്ത സ്ഥിതിക്ക് ഒന്നും നമുക്കുറപ്പിച്ച് പറയാവതല്ല. മാത്രമല്ല തന്റെ രചനകളെ ആവര്‍ത്തിച്ച് മാറ്റി എഴുതിയിട്ടുണ്ടെന്ന് ഇമാമവര്‍കള്‍ തന്നെ വ്യക്തമാക്കിയതാണ്. തന്റെ എഴുത്തുകാരനും ഹദീസ് പണ്ഡിതനുമായ അബൂത്വാഹിറുല്‍ വര്‍റാഖ്, ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതെല്ലാം താങ്കള്‍ മനഃപാഠമാക്കിയത് തന്നെയാണോ എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഇമാം മറുപടി നല്‍കി: അവയിലുള്ളതൊന്നും എനിക്ക് അവ്യക്തമായതല്ല. ഞാനെന്റെ കിതാബുകളെല്ലാം മൂന്നു തവണ പരിഷ്‌കരിച്ചിട്ടുണ്ട് (മുഖദ്ദിമതു ഫത്ഹില്‍ബാരി).

രചനാരീതിയും കാലവും

ഇമാമവര്‍കള്‍ സ്വഹീഹിന്റെ രചനക്കു സ്വീകരിച്ച രീതി അദ്ദേഹത്തിന് സുന്നത്തിനോടും അതിന്റെ ഉടമയായ തിരുനബി(സ്വ)യോടുമുള്ള ആദരത്തിന്റെയും സമീപനത്തിന്റെയും കൂടി തെളിവാണ്. പത്തു വയസ്സായപ്പോള്‍ ഹദീസ് പഠനത്തിനൊരുങ്ങുകയും ഹദീസും ഇതര വിജ്ഞാനങ്ങളും സമ്പാദിച്ചും രേഖപ്പെടുത്തിയും സജീവമായ ഇമാമിന്റെ ജീവിതം കൂടുതല്‍ വൈശിഷ്ട്യവും ഔന്നത്യവുമുള്ളതായി. ഹദീസുമായുള്ള ഇടപഴക്കത്തിന്റെ പ്രതിഫലനവും സ്വാധീനവും അദ്ദേഹത്തെ കൂടുതല്‍ ആത്മീയധന്യനാക്കി.

പതിനാറു വര്‍ഷം കൊണ്ടാണ് സ്വഹീഹുല്‍ ബുഖാരിയുടെ രചന പൂര്‍ത്തിയാക്കിയതെന്നും ആറു ലക്ഷം ഹദീസുകളില്‍ നിന്നാണത് എടുത്തതെന്നും ഇമാം പറഞ്ഞിട്ടുണ്ട്. നീണ്ട 16 വര്‍ഷക്കാലം കൊണ്ട് സംക്ഷിപ്തപ്പെടുത്തിയത് തന്നെ അത് കുറ്റമറ്റതാക്കുന്നതിന് വേണ്ടിയാണ്. ലക്ഷ്യം മഹത്തായതിനാല്‍ അതിന് പറ്റിയ വിധത്തിലായിരുന്നു അതിന്റെ ക്രമവും ഉള്ളടക്കവും. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ എല്ലാം കൃത്യമായും വ്യവസ്ഥാപിതമായും ഇമാം നിര്‍വഹിച്ചു. എല്ലാ രചനകളില്‍ നിന്നും ഉന്നതവും നിരുപമവുമായ സ്ഥാനം ഈ ഗ്രന്ഥത്തിന് സിദ്ധിച്ചതിന് പിന്നിലെ കഠിനാധ്വാനം അനുപമമാണ്. ഇത് തനിക്ക് അല്ലാഹുവിങ്കല്‍ ഉത്തമ പ്രമാണമായിരിക്കണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം പറഞ്ഞു: എന്റെ സ്വഹീഹിനെ ഞാന്‍ എന്റെയും നാഥന്റെയും ഇടയിലൊരു പ്രമാണമാക്കിയിരിക്കുന്നു (തഹ്ദീബുത്തഹ്ദീബ്).

ന്യൂനതകളില്ലാത്തതും സാധ്യമാവുന്നത്ര ത്യാഗവും സമര്‍പ്പണവും നടത്തി തന്റെ പാരത്രിക വിജയത്തിന് നിദാനമായിത്തീരുന്ന ഒരു സുകൃതമായി ഇതിനെ നിശ്ചയിക്കുകയായിരുന്നു ഇമാം. മഹത്തായൊരു ലക്ഷ്യം മുന്നിലുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഏത് ത്യാഗം സഹിക്കാനും മഹാന്‍ തയ്യാറായിരുന്നു. ബുഖാരിയുടെ നിവേദകന്‍ മുഹമ്മദ്ബ്‌നു യൂസുഫുല്‍ ഫിറബ്‌റീ(റ) ഇമാമിനെ ഉദ്ധരിച്ചു ഇങ്ങനെ കുറിച്ചു: ഇമാം ബുഖാരി(റ) എന്നോട് പറഞ്ഞു; സ്വഹീഹ് എന്ന എന്റെ കിതാബില്‍ ഓരോ ഹദീസും ചേര്‍ക്കുമ്പോഴും അതിനു മുമ്പ് കുളിച്ച് രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കാതിരുന്നിട്ടില്ല (താരീഖു ബഗ്ദാദ്).

അധ്യായങ്ങളുടെ തലക്കെട്ടുകള്‍ രേഖപ്പെടുത്തുമ്പോഴും സമാന രീതിയാണവലംബിച്ചത്. അബ്ദുല്‍ ഖുദ്ദൂസ്ബ്‌നുല്‍ ഹുമ്മാം(റ)നെ ഇമാം നവവി(റ) ഉദ്ധരിക്കുന്നു: നമ്മുടെ ഗുരുവര്യന്മാരില്‍ ഒന്നിലധികം ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; മുഹമ്മദ്ബ്‌നു ഇസ്മാഈല്‍ തന്റെ ജാമിഇലെ തലക്കെട്ടുകള്‍ റസൂല്‍(സ്വ)യുടെ ഖബ്‌റുശ്ശരീഫിന്റെയും മിമ്പറിന്റെയും ഇടയില്‍ വെച്ചാണ് രേഖപ്പെടുത്തിയത്. ഓരോ തലവാചകത്തിനും മുമ്പായി രണ്ട് റക്അത്തുകള്‍ അദ്ദേഹം നിസ്‌കരിക്കുമായിരുന്നു (തഹ്ദീബുല്‍ അസ്മാഇവല്ലുഗാത്ത്).

തലക്കെട്ടുകള്‍ മദീനയില്‍ നിന്നും ഹദീസുകള്‍ മക്കയില്‍ നിന്നും രേഖപ്പെടുത്തി എന്നാണിതില്‍ നിന്ന് വ്യക്തമാകുന്നത്. പതിനാറ് വര്‍ഷക്കാലത്തിനിടക്ക് മക്കയിലും മദീനയിലും വരുമ്പോള്‍ നിര്‍വഹിച്ചതാകാമെന്നു ഗ്രഹിക്കാം. മറ്റ് പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് കണ്ടെത്തിയ ഹദീസുകളും അധ്യായങ്ങളും മക്കയിലും മദീനയിലും വെച്ച് രേഖപ്പെടുത്താന്‍ സാഹചര്യങ്ങളുണ്ടല്ലോ. ഇമാമവര്‍കള്‍ പറയുന്നു: അഞ്ച് വര്‍ഷക്കാലം ഞാന്‍ എന്റെ കിതാബുകളുമായി ബസ്വറയില്‍ താമസിച്ചു ഗ്രന്ഥരചന നടത്തി. എല്ലാ കൊല്ലവും ഞാന്‍ ഹജ്ജിന് പോവുമായിരുന്നു. ശേഷം ബസ്വറയിലേക്ക് തന്നെ തിരിച്ചുവരും (മുഖദ്ദിമതു ഫത്ഹില്‍ബാരി).

ഹജ്ജ് ചെയ്തതിനു ശേഷം മദീനയില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം അവിടെ കഴിഞ്ഞു. അവിടെ വെച്ച് ഹദീസുകള്‍ രേഖപ്പെടുത്തുകയും ചെയ്തു (ഹദ്‌യുസ്സാരി).

മക്കയിലും മദീനയിലും വെച്ച് സ്വഹീഹിന്റെ രചന നടന്നുവെന്നത് തമ്മില്‍ പൊരുത്തക്കേടൊന്നുമില്ല. ഇമാം നവവി(റ) വിശദീകരിച്ചു: ഈ വിവരണങ്ങള്‍ക്കിടയില്‍ യോജിപ്പ് സാധ്യമാണ്. 16 കൊല്ലം കൊണ്ടാണല്ലോ അത് പൂര്‍ത്തീകരിച്ചത്. അതിനാല്‍ തന്നെ മക്കയില്‍ നിന്നും മദീനയില്‍ നിന്നും ബസ്വറയില്‍ നിന്നുമെല്ലാം രചനയുടെ പല ഘട്ടങ്ങള്‍ നടന്നിരിക്കണം (ശറഹുല്‍ ബുഖാരി).

ദീര്‍ഘകാലമെടുത്ത് വലിയ സാധനകള്‍ അനുഷ്ഠിച്ചാണ് ബുഖാരിയുടെ രചന പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ സ്വഹീഹുല്‍ ബുഖാരി നിസ്തുലവും മഹത്ത്വമേറിയതും കൂടുതല്‍ സ്വീകാര്യത നേടിയതുമായി.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ