hajj-manavika moolyam-malayalam

അയിത്തവും തൊട്ടുകൂടായ്മയും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതിനു തെളിവു നൽകുന്ന നിരവധി സംഭവങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന കാലമാണിത്. സാംസ്‌കാരിക പ്രദേശത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ മുഖംമൂടിയുരിച്ചുകളയുന്നവയാണ് അവയെല്ലാം. ദളിത് വിദ്യാർത്ഥികൾ പഠിക്കുന്നുവെന്ന കാരണം കൊണ്ടുമാത്രം കോഴിക്കോട്ടെ ഒരു സർക്കാർ സ്‌കൂളിനോട് പ്രദേശവാസികൾ അയിത്തം കാണിക്കുന്ന വാർത്ത അതിലൊന്നാണ്. സ്മാർട്ട് ക്ലാസ് റൂമും കളിച്ചുല്ലസിക്കാൻ പാർക്കും വൈദ്യുതീകരിച്ച് നിലം ടൈൽ പാകി മനോഹരമാക്കിയ നാല് ക്ലാസ് മുറികളും നിറയെ പഠനോപകരണങ്ങളുമുൾപ്പെടെ ആധുനിക സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ഈ സ്‌കൂളിൽ ആകെയുള്ളത് പതിനാല് കുട്ടികൾ! പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാർ തന്നെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് അയിത്തത്തിന്റെ പേരിൽ ഒരു വിദ്യാലയത്തെ ജനങ്ങൾ മാറ്റിനിർത്തുന്നതെന്ന കാര്യം കൂടുതൽ ആലോചനക്കു വിധേയമാക്കേണ്ടതാണ്.

അരികുകളിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട പാലക്കാട്ടെ അംബേദ്കർ കോളനിക്കാരെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടതും ഈയിടെയാണ്. അയിത്തത്തിന്റെയും തൊട്ടുകൂടായ്മ യുടെയും ഇരകളായി കഴിയാനാണ് അംബേദ്കർ കോളനിയിലെ മനുഷ്യരുടെ വിധി. ഒരു സമുദായത്തിൽ ജനിച്ചതു കൊണ്ടുമാത്രം പ്രത്യേകം പലചരക്കുകടയും കുടിവെള്ള ടാപ്പും ബാർബർ ഷോപ്പും വരെയുള്ള വരാണവർ. ചായക്കടകളിൽ അവർക്കു പ്രത്യേക ഗ്ലാസും പാത്രങ്ങളുമാണത്രെ. ഓലയും ഷീറ്റും മറച്ച കൂരകളിൽ കഴിയുന്ന ഇവർക്ക്, വീടിനും അറ്റകുറ്റപ്പണിക്കും പഞ്ചായത്തുപോലും ഫണ്ട് നൽകുന്നി ല്ലെന്നും പരാതിയുണ്ടായിരുന്നു. ചുമർ ഇടിഞ്ഞ, മേൽക്കൂര പൊളിഞ്ഞ ഓലയും ഷീറ്റും മേഞ്ഞ നൂറ്റിയമ്പത് പുരകളിൽ കുഞ്ഞുങ്ങളെയും കൊണ്ട് കഴിയുന്ന ഇവർ പഞ്ചായത്ത് ഫണ്ട് ലഭിക്കുന്നതിൽ വരെ ജാതീയമായ അയിത്തമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അവസാനം അംബേദ്കർ കോളനിയിൽ സി സി ടി വി സ്ഥാപിക്കാനാണ് പോലീസ് തീരുമാനം.

സാമൂഹിക സമത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം സ്ഥാനത്തും അസ്ഥാനത്തും ഏറ്റെടുക്കുകയും ചെയ്യുന്നവർ നാടു നിറഞ്ഞു നിൽക്കുന്ന കാലത്താണ് അയിത്തമുൾപ്പെടെയുള്ള ക്രൂരമായ ആചാരങ്ങൾ  ദളിതർക്കുമേൽ അടിച്ചേൽപ്പിക്കുന്നതും അവർക്കു സാമൂഹികമായി ഭ്രഷ്ട് കൽപ്പിക്കുന്നതും. സവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ നിലനിന്നിരുന്ന അയിത്താചരണത്തിന്റെ പുതിയ പതിപ്പുകളാണിവയെല്ലാം.

വംശീയ വിവേചനമാണ് പുതിയ കാലം നേരിടുന്ന പ്രധാന ഭീഷണി. അതിനുള്ള ദൈവികമായ ചികിത്സയാണ് ഇസ്‌ലാമിലെ ഹജ്ജ്.  ഇസ്‌ലാമിലെ അതിശ്രേഷ്ഠവും മാനവികത വിളിച്ചോതുന്നതുമായ ആരാധനാ കർമമാണത്. ധനികനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ പ്രജയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വേർതിരിവില്ലാതെ  ലോകത്തിന്റ മുഴുവൻ ഭാഗങ്ങളിൽ നിന്നും എല്ലാ ഭാഷക്കാരും ദേശക്കാരുമായ ദശലക്ഷക്കണക്കിന് ജനങ്ങൾ ഒരേ മന്ത്രം ഉരുവിട്ടും ഒരേ വേഷം ധരിച്ചും  ഏക ഇലാഹിനെ ലക്ഷ്യമാക്കി പ്രാർത്ഥനയിൽ മുഴുകുന്ന മാനവിക ഐക്യത്തിന്റ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ആരാധനയാണ് ഹജ്ജ്. അറഫാ മൈതാനത്ത് ഒഴുകിയെത്തി  മനുഷ്യ സാഗരം തീർക്കുന്ന വിശ്വാസികൾ വംശീയ ദുരഭിമാനമാനത്തിനെതിരായ ആത്മീയ കലാപമാണ് ഉയർത്തുന്നത്. എല്ലാ തരത്തിലുമുള്ള പൈശാചികതകൾക്കു മേൽ മാനവികതയുടെ വിജയക്കൊടി പറക്കുന്ന ദിവസമാണ് അറഫാ ദിനം. ജന്മമോ കുലമഹിമയോ അല്ല, ആദർശവും കർമവുമാണ് മനുഷ്യ മഹത്ത്വത്തിന്റെ അടിത്തറയെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച മതമാണല്ലോ ഇസ്‌ലാം.

സ്രഷ്ടാവിന്റെ മുമ്പിൽ മനുഷ്യരെല്ലാം തുല്യരാണെന്നും ദൈവഭക്തി മാത്രമാണ് അവരെ ആദരണീയരാക്കി മാറ്റുന്നതെന്നുമാണ് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നത്. വർഗവേർതിരിവോ  ജാതിവിവേചനമോ ഖുർആൻ ഒരിക്കലും അംഗീകരിക്കുന്നില്ല. മനുഷ്യരുടെയെല്ലാം സ്രഷ്ടാവ് ഒന്നു മാത്രമാണെന്നും മനുഷ്യരെല്ലാം തുല്യരാണെന്നും ഖുർആൻ പലയിടത്തും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.  ‘നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. മഹാ കാരുണികനും കരുണാനിധിയുമാണവൻ’ (2/163), ‘പറയുക, നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യൻ തന്നെയാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ അവനെ അനുസരിക്കുന്നുണ്ടോ?'(21/108), ‘നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്'(16/22), ‘എല്ലാ ഓരോ സമുദായത്തിനും നാം ബലി കർമം നിശ്ചയിച്ചിട്ടുണ്ട്. നാൽക്കാലി മൃഗങ്ങളെ നൽകിയതിന്റെ പേരിൽ അല്ലാഹുവിന്റെ നാമം പ്രകീർത്തിക്കാനാണത്. നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്. അതിനാൽ അവനെ നിങ്ങൾ അനുസരിക്കുവീൻ’ (22/34). മുഴുവൻ മനുഷ്യരും തുല്യരാണെങ്കിലും അവർ വിവിധ വിഭാഗങ്ങളാകാനുള്ള കാരണവും ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘അല്ലയോ മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ ഗോത്രങ്ങളും വർഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവനാണ് അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ശ്രേഷ്ഠൻ'(49:13).

വിശ്വാസികൾ പരസ്പരം സഹോദരന്മാരാണെന്നാണ് ഖുർആനിന്റെ പ്രഖ്യാപനം: ‘സത്യവിശ്വാ സികൾ സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ യോജിപ്പുണ്ടാക്കുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം'(49/10). നബി(സ്വ) പറയുന്നു: ‘ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ അക്രമിക്കുകയോ അക്രമിയുടെ കൂടെ അവനെ വിട്ടുകൊടുക്കുകയോ ചെയ്യരുത്. തന്റെ സഹോദരന്റെ ആവശ്യനിർവഹണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ അല്ലാഹു നിറവേറ്റിക്കൊടുക്കും. മുസ്‌ലിമിന്റെ പ്രയാസം മാറ്റുന്നവർക്ക് അന്ത്യദിനത്തിലെ പ്രയാസങ്ങളിൽ നിന്നുള്ള ഒന്ന് അല്ലാഹു മാറ്റിക്കൊടുക്കും. ഒരു മുസ്‌ലിമിന്റെ ന്യൂനത വല്ലവനും മറച്ചുവെച്ചാൽ അല്ലാഹു അവന്റെ ന്യൂനതയും അന്ത്യദിനത്തിൽ മറച്ചുവെക്കും'(ബുഖാരി).

മുസ്‌ലിംകൾ മുഴുവൻ ഒറ്റശരീരം പോലെ വർത്തിക്കണമെന്നും തനിക്കിഷ്ടപ്പെടുന്നതെല്ലാം തന്റെ സുഹൃത്തിനുമിഷ്ടപ്പെടണമെന്നുമാണ് പ്രവാചകാധ്യാപനം. ‘മുസ്‌ലിംകൾ പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരം മുഴുവൻ ഉറക്കമൊഴിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം പ്രകടിപ്പിക്കും’ (സ്വഹീഹ് മുസ്‌ലിം). ‘ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്. കെട്ടിടത്തിന്റെ  ചില ഭാഗങ്ങൾ മറ്റു ഭാഗങ്ങൾക്കു ശക്തി പകരുന്നതു പോലെയാണ് വിശ്വാസികൾ. ശേഷം നബി(സ്വ) വിരലുകൾ പരസ്പരം കോർത്തു പിടിച്ചു'(മുസ്‌ലിം/2586), ‘സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് തന്റെ  സഹോദര നും ഇഷ്ടപ്പെടുന്നതു വരെ ഒരാളും യഥാർത്ഥ വിശ്വാസിയാവുകയില്ല'(ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിക ആദർശത്തെ നെഞ്ചേറ്റുമ്പോൾ ആവിർഭവിക്കുന്ന യഥാർത്ഥ സ്‌നേഹം സ്രഷ്ടാവിന്റെ അനുഗ്രഹമാണെന്നും മറ്റൊരു പ്രത്യയശാസ്ത്രത്തിനും സാധിക്കാത്ത സൗഹൃദബന്ധമാണ് മുസ്‌ലിംകളുടേതെന്നും ഖുർആൻ തന്നെ അടിവരയിട്ടു പറയുന്നുണ്ട്. ‘നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്കു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ കൂട്ടിയിണക്കി. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരന്മാരായിത്തീർന്നു’ (3/103), ‘അവരുടെ ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കി. ഭൂമിയിലുള്ളതു മുഴുവൻ താങ്കൾ ചെലവഴിച്ചാൽ പോലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ഇണക്കാൻ താങ്കൾക്കു സാധിക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവരെ പരസ്പരം ഇണക്കിയിരിക്കുന്നു. നിശ്ചയം, അവൻ പ്രതാപിയും ബുദ്ധിമാനുമത്രെ’ (8/63).

സത്യസരണിയിൽ നിലകൊള്ളുമ്പോഴുണ്ടാകുന്ന പരസ്പര സ്‌നേഹവും സൗഹൃദവും അതിൽ  നിന്നു വ്യതിചലിക്കുമ്പോൾ നഷ്ടപ്പെടുമെന്ന് ജൂത-ക്രൈസ്തവ ചരിത്രം വിവരിച്ചുകൊണ്ട് അല്ലാഹു  പറയുന്നുണ്ട്.  ജൂതന്മാർ അല്ലാഹുവിന്റെ നിയമങ്ങളെ കാറ്റിൽ പറത്തിയപ്പോൾ  അവർക്കുണ്ടായ ദുരവസ്ഥ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നതിങ്ങനെ: ‘അവർക്കിടയിൽ അന്ത്യനാൾ വരെ നാം ശത്രുതയും വിദ്വേഷവും  ഇട്ടു കൊടുത്തിരിക്കുന്നു’ (3/64). ‘അവർ തമ്മിലുള്ള പോരാട്ടം ശക്തമാണ്. അവർ യോജിപ്പി ലാണെന്ന് താങ്കൾ വിചാരിക്കുന്നോ? അവരുടെ ഹൃദയങ്ങൾ ഭിന്നിച്ചവയാകുന്നു’ (59/14). ക്രിസ്ത്യാ നികളുടെ അവസ്ഥയും ഇതുപോലെത്തന്നെയായിരുന്നു. ‘ഞങ്ങൾ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ വരിൽ നിന്നും ഞാൻ കരാർ വാങ്ങുകയുണ്ടായി. എന്നിട്ട് അവരോട് ഉപദേശിക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് ഒരു കാര്യം അവർ വിസ്മരിച്ചു കളഞ്ഞു.  തത്ഫലമായി അന്ത്യനാൾ വരെ അവർക്കിടയിൽ നാം ശത്രുതയും വിദ്വേഷവും ഇളക്കിവിടുകയുണ്ടായി’ (വിശുദ്ധ ഖുർആൻ 5/14). മുസ്‌ലിംകൾ അല്ലാഹുവിന്റെ വിധിവിലക്കുകളെ തിരസ്‌കരിക്കുമ്പോൾ അവരുടെ ഹൃദയങ്ങളും അകലുമെന്നും സുകൃതങ്ങൾ ചെയ്ത് നാഥന്റെ സ്‌നേഹം സമ്പാദിക്കുമ്പോഴാണ് പരസ്പര സ്‌നേഹം വർധിക്കുന്നതെന്നും ഖുർആനിലുണ്ട്. ‘സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് കാരുണ്യവാനായ അല്ലാഹു സ്‌നേഹം സ്ഥാപിച്ചുകൊടുക്കുന്നതാണ്’ (19/96).

എല്ലാവിധത്തിലുമുള്ള വംശീയാഹങ്കാരത്തിന്റെയും അടിവേരറുക്കുന്ന പ്രസ്താവനകളാണ് തിരുനബി(സ്വ) ജീവിതത്തിലുടനീളം നടത്തിയിട്ടുള്ളത്. വംശീയമായ പൈതൃക സ്മരണകൾക്കു പകരം ആദർശ സ്മരണകൾക്ക് പ്രാധാന്യം നൽകുമ്പോഴാണ് മനുഷ്യരാശിക്ക് ഗുണം ലഭിക്കുക. മക്കാ വിജയ വേളയിൽ ഹറമിൽ തടിച്ചുകൂടിയ ജനങ്ങളോട് തിരുനബി(സ്വ) നടത്തിയ പ്രഭാഷണത്തിലെ പ്രധാന പ്രമേയം മനുഷ്യസമത്വവും പരസ്പര സ്‌നേഹത്തിന്റെ അനിവാര്യതയുമായിരുന്നു. അവിടുത്തെ പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം നമുക്ക് ഇങ്ങനെ വായിക്കാം: ‘മനുഷ്യരേ, ഈ സുദിനം നിങ്ങൾക്ക് എത്രയേറെ പരിശുദ്ധമാണോ, ഈ മാസം (ഹജ്ജ് മാസം) നിങ്ങൾക്ക് എത്രമാത്രം പവിത്രമാണോ, ഈ നാട് (മക്ക) നിങ്ങൾക്ക് എത്രയധികം ആദരണീയമാണോ അതുപോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും അതീവ പരിശുദ്ധവും പവിത്രവും ആദരണീയവുമാണ്. പരസ്പരം രക്തം ചിന്തലും ധനാപഹരണം നടത്തലും ദുരഭിമാനം പ്രകടിപ്പിക്കലുമെല്ലാം ഓരോരുത്തർക്കും നിഷിദ്ധമാണ്.  ജനങ്ങളേ, അല്ലാഹു നിങ്ങളിൽ നിന്ന് അജ്ഞാനകാലത്തെ ദുരഭിമാനങ്ങളൊക്കെയും നീക്കിയിരിക്കുന്നു.

നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. ആരും അക്രമം ചെയ്യരുത്. കാലം കറങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ നാഥനെ ആരാധിക്കുക. അഞ്ചു നേരം നിസ്‌കരിക്കുക. റമളാൻ മാസം നോമ്പനുഷ്ഠിക്കുക. നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ അനുസരിക്കുക. എന്നാൽ നിങ്ങൾ നാഥന്റെ സ്വർഗത്തിൽ പ്രവേശിക്കും. സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അവരോട് നിങ്ങൾ നല്ലനിലയിൽ മാത്രം വർത്തിക്കുക. സ്ത്രീകളോട് നിങ്ങൾക്ക് അനേകം ബാധ്യതകളുണ്ട്. അവർക്ക് നിങ്ങളോടുമുണ്ട് ബാധ്യതകൾ. മാന്യമായ നിലയിൽ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങളുടെ ബാധ്യതയാണ്. നിശ്ചയം നിങ്ങൾ അവരെ വിവാഹം ചെയ്തവരാണ്. അവരുടെ സുരക്ഷിതത്വം അല്ലാഹു നിങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ദുർവൃത്തികളിൽ നിന്ന് അവർ പൂർണമായും ഒഴിഞ്ഞു നിൽക്കുകയും വേണം’ (അൽബിദായതു വന്നിഹായ 5/225-233).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ