hajj malayalam

ഹജ്ജ് ഇസ്‌ലാമിലെ പ്രധാനമായ ഒരനുഷ്ഠാനമാണ്. മറ്റു ഇബാദത്തുകളിൽ നിന്ന് ഭിന്നമായി ഇതിന് നിശ്ചിത സ്ഥല നിബന്ധനകൂടിയുണ്ട്. ഹജ്ജ് എന്ന പദത്തിന്റെ അർത്ഥം തന്നെ അത് സൂചിപ്പിക്കുന്നു. ഏതെങ്കിലുമൊരു വിശിഷ്ട വസ്തുവിനെ കരുതുക, ലക്ഷ്യമാക്കുക എന്നൊക്കെയാണതിന്റെ അർത്ഥം. വിശുദ്ധ കഅ്ബയും അനുബന്ധമായി ചില സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന ഒരനുഷ്ഠാനമാണത്. അതിനാൽ യാത്രയെ ചുറ്റിപ്പറ്റി വരാവുന്ന ഭൗതികവും സാമ്പത്തികവുമായ സൗകര്യപ്പൊരുത്തങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് ഹജ്ജിന്റെ ബാധ്യതയെക്കുറിച്ചുള്ള പരാമർശത്തോടൊപ്പം ‘ഇസ്തിത്വാഅത്ത്’ (കഴിയുക, സാധിക്കുക) ചേർത്തിപ്പറഞ്ഞത്. നിശ്ചിത സമയത്തും  സ്ഥലത്തും സാന്നിധ്യവും നിർവഹണ ശേഷിയും സാധിക്കുക എന്നാണതിന്റെ താൽപര്യം. ഇസ്‌ലാമിക കർമശാസ്ത്രം ഇത് സംബന്ധമായി വിവരിച്ചു കാണാം.

ഹജ്ജനുഷ്ഠാനം തനിക്കു ബാധകമാണോ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്. ശരീരത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ അനാവശ്യവും അതിരു കടന്നതുമായ ആശങ്കകൾ പുലർത്തി അത് മാറ്റിവെക്കാൻ ന്യായമില്ല. വിദൂര സ്വപ്നങ്ങളോ മോഹങ്ങളോ ആവശ്യങ്ങളോ മുൻനിറുത്തിയുള്ള സാമ്പത്തിക മുൻകരുതലിന്റെ പേരിൽ ഹജ്ജ് നീട്ടിവെക്കാതെ വേഗത്തിൽ തന്നെ നിർവഹിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിർബന്ധമാകുന്നതിനുള്ള ഉപാധികളൊത്ത ഉടൻ തന്നെ നിർവഹിക്കണമെന്നത് ശാഫിഈ മദ്ഹബനുസരിച്ച് നിർബന്ധമല്ല. പക്ഷേ ഈ അവസരപ്പൊരുത്തവും സൗകര്യവും നിലനിൽക്കുമെന്നുറപ്പിക്കാൻ നമുക്കാവില്ലല്ലോ. അതിനാൽ സാധ്യമായ ഉടൻ നിർവഹിക്കുന്നതാണുത്തമം. പിന്തിക്കുന്നത് അടിസ്ഥാനപരമായി പാപമല്ലെങ്കിലും കുറ്റകരമായിത്തീരുന്ന സാഹചര്യവുമുണ്ട്. അടുത്ത അവസരങ്ങളിൽ തന്നെ അതു നിർവഹിക്കുമെന്ന തീരുമാനത്തോടെ മാത്രമേ പിന്തിക്കാവൂ. അടുത്ത വർഷം സാധിച്ചാൽ ചെയ്യാം എന്ന അയഞ്ഞ നിലപാട് ശരിയല്ല. ഭാവിയിൽ നിർവഹിക്കാൻ ശാരീരികമായി കഴിയാതെ വന്നേക്കുമെന്നോ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാതാകുമെന്നോ ആശങ്കയുണ്ടെങ്കിൽ പിന്തിക്കൽ ഹറാമാണ്. പിന്തിക്കാൻ അനുവാദമുള്ളപ്പോൾ തന്നെ നേരത്തെ നിർവഹിക്കുന്നതാണ് സുന്നത്ത്. നിർബന്ധം സ്ഥിരമായ ശേഷം പിന്തിച്ചവൻ ഹജ്ജ് നിർവഹിക്കുന്നതിന് മുമ്പായി മരണപ്പെട്ടാൽ കുറ്റക്കാരനായിത്തീരും. സൗകര്യപ്പെട്ടിട്ടും നീട്ടിവെച്ചാൽ  സംഭവിക്കാവുന്നത് മൂന്ന് അവസ്ഥകളായിരിക്കും. ഒന്ന്, ഹജ്ജ് നിർവഹിക്കാൻ ഒരുപക്ഷേ പിൽക്കാലത്തും സാധിക്കുക. രണ്ട്, ശാരീരികമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ ഹജ്ജിന് സാധിക്കാതെ വരിക. മൂന്ന്, ഹജ്ജ് ചെയ്യും മുമ്പ് മരണപ്പെടുക. ഈ മൂന്ന് അവസ്ഥകളെ സംബന്ധിച്ചും കൂടുതൽ ഗുണങ്ങളൊന്നും പറയാനില്ല. രണ്ടും മൂന്നും അവസ്ഥ പരിഹരിക്കാൻ നിർദേശമുള്ളവയാണ്. ഒന്നാം അവസ്ഥയിൽ നഷ്ടവും പരിഹാരവും തേടുന്നില്ലെങ്കിലും നിർബന്ധമായ ഒരു കർമം, അതുതന്നെ സാർവത്രികമായി ശുദ്ധീകരിക്കുന്ന ഒരാരാധന ഒരു വർഷത്തേക്കെങ്കിലും പിന്തള്ളിയവനാണവൻ. ഇത് കുറ്റകരമല്ലെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഹജ്ജിൽ നിന്നു ലഭിക്കുന്ന ആത്മീയ ഗുണങ്ങളുള്ളവരായി സുകൃതങ്ങളോ ബാധ്യതകളോ നിർവഹിക്കാൻ കഴിയാതെ വരുന്നു. ഹജ്ജ് ചെയ്തതിനു ശേഷം ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടായ നിരവധിയാളുകളെ നമുക്ക് കാണാം.

തിരുനബി(സ്വ) ഹജ്ജ് നിർവഹിച്ചത് ഹജ്ജത്തുൽ വിദാഇലാണെന്നത് സുവിദിതമാണല്ലോ. പക്ഷേ അത് പ്രവാചകർ(സ്വ)യെ സംബന്ധിച്ചിടത്തോളം ഒരു നൻമയെ പിന്തിക്കലായിരുന്നില്ല. അവിടുത്തെ പോലെ വിശിഷ്ടമായൊരു ദൗത്യമോ കൃത്യനിർവഹണമോ നമ്മെ ബാധിക്കുന്നില്ലല്ലോ. തിരുനബി(സ്വ)യുടെ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഹജ്ജ് പിന്തിക്കാമെന്ന് ഇമാം ശാഫിഈ(റ) പഠിപ്പിച്ചത്. മക്കാവിജയത്തിനു ശേഷം ഹജ്ജിനു സൗകര്യമുണ്ടായിരുന്നിട്ടും നബി(സ്വ) ഹജ്ജ് ചെയ്തത് പതിനൊന്നാം വർഷത്തിലാണ്. പത്താം വർഷം അബൂബക്കർ(റ)വിന്റെ നേതൃത്വത്തിൽ ഹജ്ജ് സംഘത്തെ അയക്കുകയായിരുന്നു.

പ്രവാചകർ(സ്വ) ഹജ്ജ് പിന്തിച്ചതിൽ നിന്ന് പണ്ഡിതന്മാർ ധാരാളം മതനിയമങ്ങൾ നിർധാരണം ചെയ്തിട്ടുണ്ട്. ഹജ്ജ് ഉടൻ തന്നെ ചെയ്യൽ നിർബന്ധമില്ലെന്നത് അതിലൊന്നാണ്. ഇസ്‌ലാം കൂടുതൽ പ്രചരിക്കുകയും മുസ്‌ലിം ജനസംഖ്യ അധികരിക്കുകയും ചെയ്ത ശേഷം കൂടുതലാളുകളോടൊപ്പം ഹജ്ജ് നിർവഹിച്ച് സുപ്രധാനമായ അറിയിപ്പുകൾ നൽകാനും ഹജ്ജിന്റെ രൂപം നേരിട്ട് കാണിച്ചുകൊടുക്കാനും വേണ്ടിയായിരുന്നു ഇത്. ഹജ്ജത്തുൽ വിദാഇൽ നബി(സ്വ) ഇസ്‌ലാമിന്റെ പൂർണത പ്രഖ്യാപിച്ചു. സന്നിഹിതരാകാത്തവർക്ക് എത്തിച്ചുകൊടുക്കാൻ നിർദേശിച്ചു. ഹജ്ജിന്റെ അനുഷ്ഠാനങ്ങൾ എന്നിൽ നിന്നു പഠിക്കുക എന്നുണർത്തി. ഇത്തരം സുപ്രധാന  ദൗത്യങ്ങളൊന്നും സാധാരണക്കാരായ നമുക്കില്ലാത്തതിനാൽ ഉടൻ ഹജ്ജ് പൂർത്തിയാക്കുകയാണ് വേണ്ടത്. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ ഇമാം അബൂസുർഅതുർറാസി(റ) പറഞ്ഞത്, 114000 സ്വഹാബിമാർ ഹജ്ജത്തുൽ വിദാഇൽ സംഗമിച്ചിരുന്നുവെന്നാണ് (മജ്മൂഅ്).

നബി(സ്വ)യുടെ ദഅ്‌വത്തിന്റെ സാക്ഷീകരണവും അവിടെ വെച്ച് നടന്നു. ഒരു സമ്പൂർണ സംഘമത്തിന്റെ സാഹചര്യമുറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു തിരുനബി(സ്വ)യുടെ ഹജ്ജ് പിന്തിപ്പിക്കലെന്നു ചുരുക്കം. അതിനാൽ അകാരണമായി ഹജ്ജ് നീട്ടിവെക്കുന്നവന് ഇത് തെളിവാകുന്നില്ല.

ഹജ്ജ് നിർബന്ധമായിക്കഴിഞ്ഞാൽ പിന്തിപ്പിക്കുന്നതിനെതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാതിരിക്കുന്നതിനെതിരെ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ റസൂൽ(സ്വ) പിന്തിച്ചത് ചില സാഹചര്യങ്ങളിൽ പിന്തിക്കാമെന്നറിയിക്കാനാണ്. നബി(സ്വ) പറയുന്നു: ‘ഹജ്ജ് ഉദ്ദേശിക്കുന്നവർ അത് വേഗത്തിൽ ചെയ്തുകൊള്ളട്ടെ. കാരണം ചിലപ്പോൾ രോഗമുണ്ടാവുകയോ പുതിയ ആവശ്യങ്ങളുണ്ടാവുകയോ ചെയ്‌തേക്കാം’ (ഇബ്‌നു മാജ).

‘ഹജ്ജ് നിർവഹണത്തിലേക്ക് നിങ്ങൾ ഉളരുക. കാരണം തനിക്കെന്തെങ്കിലും പുതിയതുണ്ടായിത്തീരുമോ എന്നു നിങ്ങൾക്കാർക്കും അറിയുകയില്ല’ (അഹ്മദ്). ഹജ്ജ് വേഗത്തിൽ നിർവഹിക്കേണ്ടതാണെന്നാണ് ഇതെല്ലാം അറിയിക്കുന്നത്. ഹജ്ജ് ചെയ്യാതിരിക്കുന്നതിനെതിരെ തിരുനബി(സ്വ) ഗൗരവ മുന്നറിയിപ്പ് നൽകി. ഹജ്ജിനോടുള്ള സമീപനമനുസരിച്ച് ഈമാൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. ഹജ്ജ് നിർബന്ധമാണെന്നറിയിക്കുന്ന ഖുർആൻ സൂക്തത്തിൽ നിന്ന് ഇതു വ്യക്തമാണ്: ‘കഅ്ബത്തിങ്കൽ ചെന്ന് ഹജ്ജ് ചെയ്യുക എന്നതു മനുഷ്യരുടെ മേൽ അല്ലാഹുവിനുള്ള ബാധ്യതയാണ്. ഇനി ഒരാൾ അവിശ്വസിക്കുന്നുവെങ്കിൽ അല്ലാഹു സർവലോകരിൽ നിന്നും ഐശ്വര്യവാനാണ്’ (ആലു ഇംറാൻ 97).

ഈ സൂക്തത്തിൽ ഹജ്ജ് ചെയ്യണമെന്ന് കൽപിച്ച ശേഷം, ഹജ്ജ് ചെയ്തില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്നതിനെ കുറിച്ചു സൂചിപ്പിക്കാൻ ‘കഫറ’ (നിഷേധിയായി) എന്ന പദമാണുപയോഗിച്ചിരിക്കുന്നത്. അഥവാ ഹജ്ജിനോടുള്ള സമീപനത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ കുഫ്‌റിനു (അവിശ്വാസം)തന്നെ കാരണമാകും. ഇമാം ഹിഖ്ഖീ(റ) എഴുതുന്നു: ‘ഹജ്ജ് ചെയ്തില്ലെങ്കിൽ എന്നതിനു പകരം ഈ സൂക്തത്തിൽ കഫറ എന്നു പ്രയോഗിച്ചത് ഹജ്ജിന്റെ നിർബന്ധത്തിന്റെ ഗൗരവവും അതുപേക്ഷിക്കുന്നതിന്റെ കാഠിന്യവുമറിയിക്കാനാണ്. ശേഷിയുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവൻ സത്യനിഷേധത്തോടടുത്തവനാവുകയും ഹജ്ജ് നിർബന്ധമില്ലെന്ന് വിശ്വസിക്കുന്നവൻ ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവനായിത്തീരുന്നതുമാണ്’ (തഫ്‌സീറു റൂഹുൽ ബയാൻ).

ഈ സൂക്തത്തിന്റെ വിശദീകരണമായി ഗ്രഹിക്കാവുന്ന പ്രവാചക വചനങ്ങളുണ്ട്. അവിടുന്ന് പറഞ്ഞു: ‘ആവശ്യം, യാത്രക്ക് സാധിക്കാത്ത രോഗം, അക്രമിയായ ഭരണാധികാരി ഇവയൊന്നു തടസ്സമാകാതിരുന്നിട്ടും ഹജ്ജ് ചെയ്യാത്തവൻ ജൂതനോ നസ്രാണിയോ ആയി മരിക്കട്ടെ’ (ദാരിമി).

ഈ ഹദീസ് ഹജ്ജ് ചെയ്യാത്തവൻ അവന്റെ നിലപാടിനനുസരിച്ച് കാഫിറായിപ്പോകുമെന്നറിയിക്കുന്നു. അവൻ അവിശ്വാസിയായേ മരിക്കൂ എന്ന് ഇതിനർത്ഥമില്ല. ഹജ്ജിന്റെ നിർബന്ധവുമായി ബന്ധപ്പെട്ട വിശ്വാസത്തിൽ സംഭവിക്കുന്ന ന്യൂനതയാണത് കാണിക്കുന്നത്. അത് കൂടുതൽ കരുത്ത് നേടുമ്പോൾ വിശ്വാസം തന്നെ മാറിപ്പോകാൻ സാധ്യതയുണ്ട്.

ഹജ്ജ് പിന്തിക്കുന്നതിനാൽ സംഭവിക്കുന്ന രണ്ടാമത്തെ അവസ്ഥ പിന്നീട് നിർവഹിക്കാൻ സൗകര്യപ്പെടാതിരിക്കുകയെന്നതാണ്. സാമ്പത്തിക ശേഷി നഷ്ടപ്പെട്ടാലും ഹജ്ജിന്റെ നിർബന്ധാവസ്ഥ തുടരുന്നതാണ്. ഇനി ഹജ്ജ് നിർവഹിക്കുന്നതിനാവശ്യമായ  പണം കണ്ടെത്തി നിർവഹിക്കുകയാണ് വേണ്ടത്. അതിനായി ഹലാലായ ധനാഗമന മാർഗങ്ങളേതും അവലംബിക്കാം. ഇമാം ഗസ്സാലി(റ)യെ ഖതീബുശ്ശിർബീനി(റ) ഉദ്ധരിക്കുന്നു: ‘ഒരാൾക്ക് ഹജ്ജിനു ഇസ്തിത്വാഅത്തുണ്ടായി. പക്ഷേ അവൻ ഹജ്ജ് ചെയ്തില്ല. പിന്നീടവൻ സമ്പത്തില്ലാത്തവനായിമാറിയാലും ഹജ്ജിനായി പുറപ്പെടേണ്ടതാണ്. സാമ്പത്തികമില്ലാത്തതിനാൽ കഴിയാതെ വന്നാൽ വഴിച്ചെലവിനാവശ്യമായത് അവൻ സമ്പാദിക്കണം. ഇനിയും കഴിയില്ലെങ്കിൽ സകാത്തോ ദാനമോ ജനങ്ങളോട് ചോദിച്ചുവാങ്ങണം. എന്നിട്ടതു കൊണ്ട് ഹജ്ജു ചെയ്യണം. അങ്ങനെയെങ്കിലും ഹജ്ജ് നിർവഹിക്കാതെ മരണപ്പെട്ടാൽ തെറ്റുകാരനായാണ് അവൻ മരണപ്പെട്ടത്’ (മുഗ്‌നിൽ മുഹ്താജ്).

തൗബയുടെ വിശദീകരണത്തിൽ, നിർവഹിക്കാത്ത ബാധ്യതകൾ പരിചയപ്പെടുത്തിയേടത്ത് ഹജ്ജിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഇമാം ഗസ്സാലി(റ) ഉണർത്തിയതായി കാണാം. ജീവിതത്തിൽ ഹജ്ജ് നിർബന്ധമായിരുന്ന ഒരു ഘട്ടം കഴിഞ്ഞുപോയിട്ടുണ്ടോ എന്നു വിലയിരുത്തി പരിഹാരം കാണേണ്ടത് തൗബയുടെ ഭാഗമാണ്. അതിന് സാമ്പത്തികം തടസ്സമാകുന്നുവെങ്കിൽ സാധ്യമായ മാർഗങ്ങളവലംബിക്കണമെന്നു ചുരുക്കം.

ശാരീരികമായ പ്രയാസം കാരണമായി ഹജ്ജ് നിർവഹിക്കാനാവാതെ വന്നാലും നിർബന്ധം ഒഴിവാകുകയില്ല. ഇമാം നവവി(റ) കുറിച്ചു: ‘ശാരീരികമായി ആരോഗ്യമുള്ളവൻ ഹജ്ജ് ചെയ്യാതിരിക്കുകയും പിന്നീടവൻ ശരീരം തളർന്നവനാവുകയും ചെയ്താൽ അതും കുറ്റകരം തന്നെയാണെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. കാരണം ഇത്തരം അവസ്ഥയിലും പിന്തിച്ചവൻ മരിച്ചാലുള്ള പരിഹാരം അനിവര്യമത്രെ’ (ശറഹുൽ മുഹദ്ദബ്). ഇത്തരക്കാർ പകരം ഹജ്ജ് ചെയ്യിപ്പിക്കണമെന്നും അത് ഉടനെ വേണമെന്നും നവവി(റ) തുടർന്നു വിവരിക്കുന്നു.

ഹജ്ജ് നിർബന്ധമായവൻ നിർവഹിക്കും മുമ്പ് മരണപ്പെടുന്ന അവസ്ഥയിൽ രണ്ട് സാധ്യതകളുണ്ട്. ഒന്ന്, ഹജ്ജ് ചെയ്യാൻ കഴിയും മുമ്പ് മരണപ്പെടുക. ‘തനിക്ക് ഹജ്ജ് നിർബന്ധമായ വർഷത്തിൽ ഹജ്ജിന്റെ സമയത്തിനു മുമ്പ് മരണപ്പെട്ടാൽ ബാധ്യത നിലനിൽക്കുന്നതല്ല. അതിനാൽ അവന്റെ അനന്തര സ്വത്തിൽ നിന്ന് ഹജ്ജ് നിർവഹിക്കേണ്ടതുമില്ല’ (ശർഹുൽ മുഹദ്ദബ്).

രണ്ട്, ഹജ്ജിന് സൗകര്യപ്പെട്ടിട്ടും നിർവഹിക്കാതെ മരിക്കുക. ഇമാം നവവി(റ) വിവരിക്കുന്നു: ‘സൗകര്യപ്പെട്ടതിനു ശേഷവും ഹജ്ജ് ചെയ്യാതെ മരിച്ചത് ജനങ്ങൾ ആ വർഷത്തെ ഹജ്ജ് നിർവഹിച്ച ശേഷമാണെങ്കിൽ ഹജ്ജിന്റെ നിർബന്ധാവസ്ഥ സ്ഥിരപ്പെടുന്നതും അനന്തര സ്വത്തിൽ നിന്ന് അവനു പകരമായി ഒരാളെ  ഹജ്ജ് ചെയ്യിപ്പിക്കേണ്ടതുമാണ്'(ശറഹുൽ മുഹദ്ദബ്).

കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും നിർവഹിച്ചതിനു ശേഷം ഒഴിവും ആരോഗ്യവും പണവുമുണ്ടെങ്കിൽ ചെയ്യേണ്ട ഒന്നാണ് ഹജ്ജെന്ന ധാരണ തെറ്റാണ്. സൗകര്യപ്പെടുന്ന ആദ്യ അവസരത്തിൽ തന്നെ നിർവഹിച്ച് ബാധ്യതയൊഴിവാക്കി പുണ്യം നേടുകയാണ് വേണ്ടത്. ആരോഗ്യവും സമ്പത്തും നഷ്ടപ്പെടാനെളുപ്പമാണെന്നോർക്കുക. ജീവിത കാലത്ത് നാം നിർവഹിക്കാതെ മരണപ്പെടുകയും അനന്തരാവകാശികൾ ഖളാഅ് വീട്ടുന്നതിൽ വീഴ്ച വരുത്തുകയും ചെയ്താൽ വലിയ നഷ്ടമാണ് സംഭവിക്കുക. നമ്മുടെ കുറ്റകരമായ അവസ്ഥാവിശേഷവും പാപവും നിലനിൽക്കുകയാവും ഫലം. അനന്തരാവകാശികൾ അവിഹിതമായ സാമ്പത്തികാംശം പങ്കിട്ടെടുക്കുകയും ചെയ്യും. ഹജ്ജിനു വേണ്ടി ചെലവഴിക്കുന്ന പണം നഷ്ടമല്ല വരുത്തുക. ‘അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമയുദ്ധങ്ങളിൽ പണം ചെലവാക്കുന്നതിനു സമാനമാണിത്. 700 ഇരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്യും'(ത്വബ്‌റാനി). സമ്പത്തിൽ പ്രഥമ ദൃഷ്ട്യാ കുറവു കാണുമെങ്കിലും ഇതുമൂലം ദാരിദ്രാവസ്ഥ നീങ്ങി ഐശ്വര്യത്തിന്റെ മാർഗം കൈവരും. ഹജ്ജിനായി ചെലവാക്കിയതിനു പകരം ലഭിക്കുമെന്ന് ഹദീസിൽ കാണാം. ഒരു ദിർഹമിന് ആയിരക്കണക്കിന് ഇരട്ടി വർധനവു ലഭിക്കുമെന്ന് ബൈഹഖിയുടെ ഹദീസിലുണ്ട്.

പുണ്യസ്ഥലങ്ങളിലെത്തി നേട്ടങ്ങൾ വാരിക്കൂട്ടാനും തിരുനബി(സ്വ)യുടെ സവിധത്തിലെത്തി സലാം പറയാനും അല്ലാഹുവിന്റെ ഭവനത്തിങ്കലെത്തി സായൂജ്യമടയാനും ഹജ്ജനുഷ്ഠാനം വഴി പാരത്രികമായ വിജയം ഉറപ്പിക്കാനും ഉപകരിക്കാത്ത അവസ്ഥയാണ് നമുക്കുള്ളതെങ്കിൽ നാമെത്ര ഭാഗ്യംകെട്ടവരായിരിക്കുമെന്നോർക്കുക. ഹജ്ജിന് വേണ്ടി ചെലവിടുന്ന പണത്തിന്റെ സംഖ്യ എത്രയായാലും വിശ്വാസിക്കതിൽ യാതൊരു നഷ്ടവും വരാനില്ല. ഒരു പ്രാവശ്യം മാത്രം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഒരു മഹാസദ്കർമം അനുഷ്ഠിച്ച് വിജയിക്കാൻ വിശ്വാസിക്ക് ഹജ്ജിലൂടെ കഴിയുന്നു. മറ്റേത് കർമങ്ങൾക്കും ആവർത്തിത സ്വഭാവമുണ്ട്. നിസ്‌കാരം ഒരുദിനം തന്നെ അഞ്ച് നേരം, നോമ്പ് വർഷത്തിന്റെ 12-ൽ ഒരു ഭാഗം, സകാത്ത് വർഷത്തിലൊരിക്കൽ, ശഹാദത്തിന്റെ പൊരുളും ചൈതന്യവും ഒരിക്കലും കെടാതെ സൂക്ഷിക്കണം, എന്നാൽ ഹജ്ജ് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരിക്കൽ മാത്രം നിർവഹിച്ചാൽ തന്നെ ബാധ്യത  വീടുന്നു.

സത്യവിശ്വാസികൾക്ക്  മാത്രമല്ല, തത്ത്വത്തിൽ എല്ലാവർക്കും ഹജ്ജ് നിർബന്ധം തന്നെയാണ്. കാരണം ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തേതാണ് ഹജ്ജ്. ഫൈറൂസാബാദി(റ) എഴുതുന്നു: ‘ആവതുള്ള എല്ലാ മനുഷ്യർക്കും ഹജ്ജ് നിർബന്ധമാണെന്നാണ് ഖുർആൻ പറയുന്നത്. അതിനാൽ തന്നെ കുട്ടികൾ, മുതിർന്നവർ. പുരുഷൻ, സ്ത്രീ, സ്വതന്ത്രൻ, അടിമ, മുസ്‌ലിം, അമുസ്‌ലിം എന്നിവർക്കെല്ലാം ഹജ്ജനുഷ്ഠാനം നിർബന്ധമായിത്തീരും. എന്നാൽ നിശ്ചിതമായ ചില ഉപാധികൾ ഒത്തിണങ്ങിയാലല്ലാതെ അത് നടക്കില്ല. കാരണം ഈമാനും ഇസ്‌ലാമും എല്ലാ മനുഷ്യർക്കും നിർബന്ധമാണ്. അതിനാൽ വിശ്വസിക്കുകയും ഹജ്ജ് അനുഷ്ഠിക്കുകയും ചെയ്യൽ അമുസ്‌ലിമിനും നിർബന്ധമാകും. അല്ലാത്തപക്ഷം രണ്ട് നിർബന്ധ കാര്യങ്ങളിൽ വീഴ്ച വരുത്തിയവനായിത്തീരും’ (ഇത്ഹാഫുസ്സാദാത്തിൽ മുത്തഖീൻ).

ഹജ്ജിന്റെ പുണ്യങ്ങളും മക്കയും കഅ്ബയും മഖാമു ഇബ്‌റാഹീമും സംസമും ഹജറുൽ അസ്‌വദും അറഫയും മിനയും റൗളയും ഹുജ്‌റയും തിരുനബിയുടെ സാമീപ്യാവസരവും ഹജ്ജനുഷ്ഠാനമോഹത്തെ വളർത്താനും പൂവണിയിക്കാനും എമ്പാടും മതിയായതാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ