അഅ്‌ലാ ഹസ്രത്തിന്റെ ഹദീസ് ജ്ഞാനവും വിമർശകരുടെ അൽപത്തവും

നൂറിലധികം ശാസ്ത്ര ശാഖകളിൽ അവഗാഹം നേടുകയും അറുപതോളം വിഷയങ്ങളിലായി ആയിരത്തിലേറെ ഗ്രന്ഥങ്ങൾ രചിച്ച് ഇന്ത്യൻ സുയൂത്വി എന്ന പേരിൽ ആഗോളതലത്തിൽ അറിയപ്പെടുകയും ചെയ്ത മഹാപണ്ഡിതനാണ് അഅ്‌ലാ ഹസ്രത്ത് അഹ്‌മദ് റളാഖാൻ ബറേൽവി(റ). അൽഇമാം അൽമുഹദ്ദിസ് അൽഫഖീഹ് അൽമുഫസ്സിർ അൽമുജദ്ദിദ് എന്നെല്ലാം അദ്ദേഹം വിവിധ ജ്ഞാനശാഖകളിലേക്കു ചേർത്തു വിളിക്കപ്പെടുകയുണ്ടായി. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ്, തജ്ദീദ്, സമയനിർണയം, ദിശാനിർണയം എന്നിവ മഹാൻ സ്വായത്തമാക്കിയ വിജ്ഞാന ശാഖകളിൽ ചിലതുമാത്രമാണ്. ഹിജ്‌റ 1272 ശവ്വാൽ 10-ന് (1853 ജൂൺ 14) ഉത്തർ പ്രദേശിലെ ബറേലിയിലാണ് ജനനം. പതിമൂന്നാം വയസ്സിൽ തന്നെ ഔദ്യോഗിക പഠനം പൂർത്തിയാക്കുകയും ഫത്വ്‌വ നൽകാനുളള കഴിവ് ആർജിക്കുകയും ചെയ്തു. പിതാവ് നഖീ അലീ ഖാൻ(റ) തന്നെയായിരുന്നു പ്രാഥമിക ഗുരു. ഇസ്‌ലാമിക വിശ്വാസധാരയുടെ അടിത്തറയിളക്കാൻ പുത്തനാശയക്കാർ വേരുറപ്പിക്കുന്ന കാലത്ത് സുന്നത്ത് ജമാഅത്തിൽ ഇന്ത്യൻ ജനതയെ ചേർത്തുനിർത്താനും സമൂഹ സമുദ്ധാരണത്തിനുമായി നിയോഗമുണ്ടായ മുജദ്ദിദായിരുന്നു അഅ്‌ലാ ഹസ്രത്ത്(റ).
നവീനവാദങ്ങളെ ഖണ്ഡിച്ചുകൊണ്ടു മാത്രം നാനൂറിലധികം ഗ്രന്ഥങ്ങൾ മഹാൻ രചിക്കുകയും പുത്തനാശയക്കാരുടെ മുനയൊടിക്കുകയും ചെയ്തു. തിരുനബി(സ്വ)യോടുളള സ്‌നേഹവും പ്രവാചക സ്‌നേഹത്തിലലിഞ്ഞ മഹാനവർകളുടെ ജീവിതത്തെക്കുറിച്ചും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. ഹനഫീ കർമശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന നൈപുണ്യം കടുത്ത ശത്രുക്കൾ പോലും അംഗീകരിച്ചിട്ടുണ്ട്. അഅ്‌ലാ ഹസ്രത്തിന്റെ ഫത്‌വകൾ അതേപടി ഉദ്ധരിച്ച് റശീദ് അഹ്‌മദ് ഗംഗോഹി ഫത്‌വകൾ നൽകിയിട്ടുണ്ട്. നുസ്ഹതുൽ ഖവാതിറിൽ പറയുന്നു: പരന്ന മുത്വാലഅയും ഗ്രന്ഥങ്ങളിലുള്ള വിശാലമായ അവഗാഹവും രചനയിൽ ഉയർന്ന ചിന്താഗതിയുമുളള സമുദ്ര സമാനമായ പണ്ഡിതനാണ് അഅ്‌ലാ ഹസ്രത്ത്. തന്റെ കാലഘട്ടത്തിൽ ഹനഫീ ഫിഖ്ഹിൽ അദ്ദേഹത്തോട് സമാനമായവർ വിരളമാണ്. അദ്ദേഹത്തിന്റെ ഫതാവയും കിഫ്‌ലുൽ ഫഖീഹിൽ ഫാഹിം എന്ന ഗ്രന്ഥവും അതിന് തെളിവാണ് (8/1182).
എന്നാൽ അഅ്‌ലാ ഹസ്രത്ത് ഹദീസ് രംഗത്ത് ചെയ്ത സേവനങ്ങളെ മന:പൂർവം മറച്ചുവെച്ച് ഹദീസ് തങ്ങളുടെ കുത്തകാവകാശമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു ചിലർ. രിളാഖാനെ ഫിഖ്ഹിൽ ഒതുക്കുകയും ഹദീസിന്റെ വിഷയത്തിൽ അദ്ദേഹത്തെ താഴ്ത്തിക്കെട്ടാനുമായിരുന്നു അവരുടെ ശ്രമം. അബുൽ ഹസൻ അലി നദ്‌വിയുടെ പിതാവ് അബ്ദുൽ ഹയ്യ് ലക്‌നവി നുസ്ഹതുൽ ഖവാതിറിൽ കുറിച്ചത്, അഅ്‌ലാ ഹസ്രത്തിന് ഹദീസിൽ രചനകൾ കുറവാണെന്നാണ്. ഇതിന്റെ ചുവട് പിടിച്ച് മഹാന് ഹദീസിൽ സേവനങ്ങളൊന്നുമില്ലെന്ന് തെറ്റിദ്ധരിച്ച് ഹദീസിന്റെ സനദുകളും സേവനങ്ങളും ബിദ്അത്തുകാർക്ക് ചാർത്തിക്കൊടുത്തും അവരെ വെള്ളപൂശിയും ചിലർ രംഗത്തുവരികയുണ്ടായി.
സമാനമായ ആരോപണം അൻവർ ഷാ കശ്മീരിയുടെ ശിഷ്യൻ അഹ്‌മദ് റലാ ബജ്‌നൂരിയും നടത്തിയതായി കാണാം.

ഹദീസ് പഠനം, അധ്യാപനം

പതിമൂന്നാം വയസ്സ് വരെയുള്ള ഔദ്യോഗിക പഠന കാലത്ത് വ്യത്യസ്ത വിഷയങ്ങളിലായി നിരവധി ഉസ്താദുമാരിൽ നിന്ന് വിദ്യയഭ്യസിച്ചിട്ടുണ്ടെങ്കിലും പ്രധാന ഗുരുവര്യർ പിതാവ് തന്നെയായിരുന്നു. പിന്നീട് നിരവധി പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അവരിൽ നിന്ന് ഹദീസിന്റെയും മറ്റും ഇജാസതുകൾ കരസ്ഥമാക്കുകയും ചെയ്തു. അവരിൽ ഏറ്റവും പ്രമുഖരെ ഹ്രസ്വമായി പരിചയപ്പെടാം:
1. ശാഹ് ആലെ റസൂൽ മാറഹർവി(റ). (1795 ഫെബ്രുവരി – 1879 ഡിസംബർ. 1209 റജബ്- ഹിജ്‌റ 1296 ദുൽഹിജ്ജ). ശാഹ് അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ്‌ലവിയുടെ പ്രധാന ശിഷ്യനും മഹാനിൽ നിന്ന് ഹദീസിന്റെയും മറ്റും ഇജാസതുകൾ കരസ്ഥമാക്കുകയും ചെയ്തയാളാണ് ശാഹ് ആലെ റസൂൽ മാറഹർവി(റ). മഹാനായ ശാഹ് വലിയ്യുല്ലാഹ് മുഹദ്ദിസ് ദഹ്‌ലവി(റ)ലേക്കുള്ള കളങ്കരഹിത പാതയാണ് ആലെ റസൂൽ മാറഹർവി(റ)ടേത്.
2. അഹ്‌മദ് സൈനീ ദഹ്‌ലാൻ(റ). ഹി: 1232 മക്കയിൽ ജനിച്ച് ഹി: 1304 മദീനയിൽ വഫാതായി. ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവ്. വഹാബിസത്തിനെതിരെ ‘അദ്ദുററുസ്സനിയ്യ ഫീ റദ്ദീ അലൽ വഹാബിയ്യ’ എന്ന ഗ്രന്ഥമെഴുതിയ ശാഫിഈ മദ്ഹബിലെ മഹാപണ്ഡിതനാണിദ്ദേഹം. അഅ്‌ലാ ഹസ്രത്ത്(റ) ഹി: 1295-ൽ പിതാവിന്റെ കൂടെ ആദ്യത്തെ ഹജ്ജ് വേളയിലാണ് സൈനീ ദഹ്‌ലാനി(റ)ൽ നിന്ന് ഹദീസിന്റെയും മറ്റും ഇജാസത്ത് സ്വീകരിക്കുന്നത്.
3. ശൈഖ് അബ്ദുറഹ്‌മാൻ സിറാജ്(റ). മക്കയിലെ ഹനഫീ മുഫ്തിയായിരുന്നു ഈ വിശ്രുത പണ്ഡിതൻ. ഹി: 1295-ലെ ഹജ്ജ് വേളയിൽ മഹാനിൽ നിന്ന് അഅ്‌ലാ ഹസ്രത്ത്(റ) ഹദീസ്, ഫിഖ്ഹ്, തഫ്‌സീർ തുടങ്ങിയവയിൽ ഇജാസത് കരസ്ഥമാക്കി.
4. ഹുസൈൻ ബിൻ സ്വാലിഹ് ജമലുല്ലൈൽ(റ). മക്കയിലെ ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായിരുന്നു. അഅ്‌ലാ ഹസ്രത്ത്(റ) ഹി: 1295-ലെ ഹജ്ജ് വേളയിൽ മഹാനിൽ നിന്നു ഹദീസുകളുടെ ഇജാസത് കരസ്ഥമാക്കി. ഹുസൈൻ ബിൻ സ്വാലിഹ്(റ) അഅ്‌ലാ ഹസ്രത്ത്(റ)നെ മഗ്‌രിബ് നിസ്‌കാരാനന്തരം മഖാമു ഇബ്‌റാഹീമിനരികിൽ വെച്ചു കണ്ടുമുട്ടുകയും പരിചയപ്പെടലുകളൊന്നുമില്ലാതെ രിളാഖാനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുപോവുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ അഅ്‌ലാ ഹസ്രത്ത്(റ)ന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞു: ‘ഈ നെറ്റിയിൽ അല്ലാഹുവിന്റെ നൂറ് ഞാൻ കാണുന്നു’. ഹുസൈൻ ബിൻ സ്വാലിഹ്(റ) എഴുതിയ ‘അൽജൗഹറതുൽ മളീഅ’ എന്ന ഹജ്ജുമായി ബന്ധപ്പെട്ട ശാഫിഈ കർമശാസ്ത്ര ഗ്രന്ഥത്തിന് അഅ്‌ലാ ഹസ്രത്ത്(റ) കേവലം രണ്ടു ദിവസം കൊണ്ട് അവിടെ വച്ച് ‘അന്നൈറതുൽ വളീഅ അലൽ ജൗഹറതുൽ മുളീഅ’ എന്ന പേരിൽ വ്യാഖ്യാനമെഴുതുകയുണ്ടായി. പിന്നീട് ‘അത്തുറത്തു റളീഅ അലനൈറതുൽ വളീഅ’ എന്ന പേരിലൊരു ഹാശിയയും രചിച്ചു.

ഹദീസധ്യാപനം

ഹദീസ് അധ്യാപനം വളരെ പ്രാധാന്യത്തോടെയാണ് മഹാൻ കണ്ടത്. പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ‘സ്വഹീഹുൽ ബിഹാരി’ രചിച്ച അല്ലാമ ളഫ്‌റുദ്ദീൻ ബിഹാരി(റ), അല്ലാമാ അംജദ് അലി അഅ്‌ളമി(റ) തുടങ്ങി ഇന്ത്യക്കകത്തും പുറത്തും ഖ്യാതി പരത്തിയ ധാരാളം ഹദീസ് പണ്ഡിതന്മാരെ വാർത്തെടുക്കാൻ മഹാന് സാധിച്ചു. നബി(സ്വ)യുടെ ഹദീസുകളോട് അഅ്‌ലാ ഹസ്രത്ത്(റ) കാണിച്ചിരുന്ന ആദരവും ബഹുമാനവും മുൻഗാമികളായ അഇമ്മത്തുകളെ ഓർമിപ്പിക്കുന്നതാണ്. ഹദീസ് കിതാബുകളോടും ഹദീസ് അധ്യാപന ഗ്രന്ഥങ്ങളോടും ഹദീസധ്യാപന സമയത്തും അദ്ദേഹം പാലിച്ചിരുന്ന മര്യാദകൾ മഹാനവർകളുടെ ചരിത്രത്തിൽ വിശദീകരിക്കുന്നത് കാണാം.
നബി(സ്വ)യുടെ ഹദീസുകളോട് അദ്ദേഹം കാണിച്ച അങ്ങേയറ്റത്തെ ബഹുമാനവും സ്‌നേഹവും ഹദീസ് അധ്യാപന സമയത്തെ ഗാംഭീര്യവും അദബും നേരിൽ കണ്ട അല്ലാമാ പീർമഹർ മെഹർ അലിഷായുടെ ഒരു സംഭവം ഗുലാം റസൂൽ ഖാദിരി ഉദ്ധരിക്കുന്നത് കാണാം: അഅ്‌ലാ ഹസ്രത്തിനെ സന്ദർശിക്കാൻ വേണ്ടി ഞാൻ ബറേലിയിൽ പോയപ്പോൾ മഹാൻ ഹദീസ് ദർസ് നടത്തുകയായിരുന്നു. ആ ഹദീസ് അധ്യാപനം കണ്ടപ്പോൾ ഹസ്രത്ത് നബി(സ്വ) തങ്ങളെ നേരിൽ കണ്ടുകൊണ്ടും റസൂലിനെ നേരിൽ സന്ദർശിച്ച പ്രഭ കൊണ്ടുമാണ് ഹദീസധ്യാപനം നടത്തുന്നതെന്ന് എനിക്ക് തോന്നിപ്പോയി (ശാഹ് അഹ്‌മദ് റളാ).
മുഹമ്മദ് അഹ്‌മദ് മിസ്ബാഹി എഴുതി: അഅ്‌ലാ ഹസ്രത്ത്(റ)ന്റെ മുത്വാലഅ വളരെ വിശാലമായിരുന്നു. ഹദീസിന്റെ ഏതെല്ലാം ഗ്രന്ഥങ്ങൾ നിങ്ങൾ പഠിച്ചു, ഏതെല്ലാം പഠിപ്പിക്കുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി, അമ്പതിലേറെ ഹദീസ് ഗ്രന്ഥങ്ങൾ എന്റെ പഠനത്തിലും അധ്യാപനത്തിലും മുത്വാലഅയിലും ഉണ്ടാകാറുണ്ട് എന്നത്രെ (ഇമാം അഹ്‌മദ് റളാ കി ഫിഖ്ഹീ ബസ്വീറത്). തുടർന്ന് ഹസ്രത്ത് അമ്പതിലേറെ ഗ്രന്ഥങ്ങളുടെ പേര് പറയുന്നു. അതിൽ പത്തു മുതൽ ഇരുപത് വരെ വാല്യങ്ങൾ വരുന്ന ഗ്രന്ഥങ്ങൾ ഉൾപ്പെടും.
മൗലാന ഹനീഫ് ഖാൻ റസ്‌വി അഅ്‌ലാ ഹസ്രത്തി(റ)ന്റെ മുന്നൂറിലധികം ഗ്രന്ഥങ്ങൾ പരിശോധിക്കുകയും അതിൽ ഉദ്ധരിച്ച ഹദീസുകളും (ഉദ്ധരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളുടെ പേരുകൾ സഹിതം) ചില ഹദീസുകൾ വിശദീകരിച്ചുകൊണ്ടുള്ള മഹാന്റെ തഹ്ഖീഖാതുകളും ചേർത്ത് 10 വാല്യങ്ങളായി ‘മുഖ്താറാതു റളവിയ്യ മിനൽ അഹാദീസിന്നബവിയ്യ’ എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്. ‘ജാമിഉൽ അഹാദീസ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതിന്റെ ആമുഖത്തിൽ ഹനീഫ് ഖാൻ റസ്‌വി ‘അമ്പതിലേറെ ഹദീസ് ഗ്രന്ഥങ്ങൾ എന്റെ പഠനത്തിലും അധ്യാപനത്തിലും മുത്വാലഅയിലും ഉണ്ടാകാറുണ്ട്’ എന്ന് അഅ്‌ലാ ഹസ്രത്ത്(റ) പറഞ്ഞതിനെ കുറിച്ച് എഴുതി:

ഇമാം അഹ്‌മദ് റളാ(റ) ചില ഗ്രന്ഥങ്ങൾ എണ്ണിക്കൊണ്ട് അമ്പതിലേറെ ഗ്രന്ഥങ്ങൾ എന്ന് മൊത്തത്തിൽ പറഞ്ഞതാണ്. കാരണം ഞാൻ ഹസ്രത്തിന്റെ ചെറുതും വലുതുമായ ഏകദേശം 350 ഗ്രന്ഥങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ ഏകദേശം 400 ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതായി കാണാൻ കഴിഞ്ഞു. ഈ ഗ്രന്ഥങ്ങളുടെയെല്ലാം വിശദമായ പട്ടിക ആറാം വാല്യത്തിൽ നോക്കുക (മുഖദ്ദിമത്തു ജാമിഉൽ അഹാദീസ്).
മുഹമ്മദ് ഈസ റസ്‌വി അഅ്‌ലാ ഹസ്രത്തി(റ)ന്റെ ഫതാവ ‘അൽഅത്വായന്നബവിയ്യ ഫിൽ ഫതാവ റളവിയ്യ’യിൽ നിന്ന് മാത്രം 3500-ൽ പരം ഹദീസുകൾ മൂന്നു വാല്യങ്ങളായി ‘അൽ അഹാദീസുന്നബവിയ്യ മിനത്തസാനീഫി റളവിയ്യ’ ക്രോഡീകരിച്ചിട്ടുണ്ടെന്ന് സാന്ദർഭികമായി ഉണർത്തുന്നു.
അഅ്‌ലാ ഹസ്രത്തി(റ)ന്റെ ശിഷ്യനായ സയ്യിദ് മുഹമ്മദ് മുഹദ്ദിസ് കച്ചൗച്ചവി(റ) പറയുന്നു:

ഇൽമു അസ്മാഉ റിജാൽ ഇൽമുൽ ഹദീസിലെ വളരെ സൂക്ഷ്മമായ ശാഖയാണ്. അഅ്‌ലാ ഹസ്രത്തി(റ)ന് മുമ്പിൽ ഹദീസിന്റെ പരമ്പര വായിക്കുകയോ ഹദീസ് നിവേദകരെ കുറിച്ച് അന്വേഷിക്കുകയോ ചെയ്താൽ എല്ലാ നിവേദകരെ കുറിച്ചും ജറഹ് തഅ്ദീലിന്റെ സാങ്കേതിക പദങ്ങൾ പറയും, പിന്നീട് ഞങ്ങൾ തഖ്‌റീബ്, തഹ്ദീബ്, തദ്ഹീബ് എന്നീ ഗ്രന്ഥങ്ങൾ നോക്കിയാൽ അഅ്‌ലാ ഹസ്രത്ത്(റ) പറഞ്ഞത് പോലെ തന്നെയുണ്ടാകും (ഖുത്ബയെ സ്വദാറത് പാക്പുർ).

ഹദീസ് മേഖലയിലെ സേവനങ്ങൾ

അഅ്‌ലാ ഹസ്രത്തി(റ)ന്റെ ഹദീസ് സേവനങ്ങൾ കേവലം ഹദീസ് വ്യാഖ്യാനത്തിൽ ഒതുങ്ങുന്നതല്ല. ശുറൂഹുൽ അഹാദീസ്, അസ്മാഉ റിജാൽ, ജറഹ് വ തഅ്ദീൽ, ഉലൂമുൽ ഹദീസ്, തുറുഖുൽ അസാനീദ്, തഖ്‌റീജുൽ അഹാദീസ്, അഹാദീസുൽ മൗളൂഅ തുടങ്ങിയ ഹദീസിന്റെ എല്ലാ മേഖലയും സ്പർശിക്കുന്നതാണത്.
ശുറൂഹുൽ അഹാദീസ്
ഹദീസ് വിശദീകരണശാഖയിൽ സ്വഹീഹ് ബുഖാരി, മുസ്‌ലിം എന്നിവയുടെ ശറഹ് അടക്കം ഇരുപത്തി അഞ്ചിലധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

തഖ്‌റീജുൽ അഹാദീസ്:
ഈ ജ്ഞാനശാഖ ഒരു സ്വതന്ത്രമേഖലയായി ഗണിച്ച് ആദ്യരചന നടത്തിയത് പോലും അഅ#്‌ലാ ഹസ്രത്താണെന്ന് കാണാം. ഇതു സംബന്ധിയായ ചില ഗ്രന്ഥങ്ങൾ ഇവയാണ്. (2)

النجوم الثواقب لتخريج احاديث الكواكب

حاشيت نصب الرايت في تخريج احاديث الهداي لللزيلغي

(الروض البهيج في اداب التخريج(عربي

അവസാനം പരാമർശിക്കപ്പെട്ട ഗ്രന്ഥം അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചനകളിലൊന്നാണ്. ഇതേക്കുറിച്ച് ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ)യുടെ ഖലീഫ മൗലാനാ റഹ്‌മാൻ അലി പറയുന്നു:

ഇമാം അഹ്‌മദ് റളാ(റ) തഖ്‌രീജുൽ ഹദീസ് വിജ്ഞാനത്തിൽ ഉയർന്ന സ്ഥാനത്തിനുടമയാണ്. ആ വിജ്ഞാനത്തിൽ ‘അറൗളുൽ ബഹീജ് ഫീ ആദാബി തഖ്‌രീജ്’ എന്ന രചന ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന് മുമ്പ് ആ വിജ്ഞാനത്തിൽ ഗ്രന്ഥരചന നടന്നിട്ടില്ലെങ്കിൽ അദ്ദേഹത്തെ ആ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവെന്ന് അംഗീകരിക്കണം (തസ്‌കിറ ഉലമാഎ ഹിന്ദ്).
ഹദീസുകളെ തഖ്‌റീജ് ചെയ്തുകൊണ്ടുള്ള രചന അഅ്‌ലാ ഹസ്രത്തി(റ)ന് മുമ്പ് തന്നെ ഇമാമുമാർ നടത്തിയിട്ടുണ്ടെങ്കിലും തഖ്‌റീജുൽ ഹദീസിനെ പ്രത്യേക ശാഖയായി കണ്ട് അതിന് ചില നിയമങ്ങളും ചട്ടങ്ങളും വിവരിക്കുന്ന ഗ്രന്ഥരചന നടന്നിട്ടില്ല. അതുകൊണ്ടുതന്നെ തഖ്‌റീജുൽ ഹദീസിന്റെ പിതാവ് അഅ്‌ലാ ഹസ്രത്താണെന്നു പറയാം. എന്നാൽ ഇന്ന് അധികമാളുകളും തഖ്‌റീജുൽ ഹദീസിലെ ആദ്യത്തെ രചനയായി പരിചയപ്പെടുത്തുന്നത് ഹാഫിസ് അഹ്‌മദ് ബിൻ സിദ്ദീഖ് ഗിമാരിയുടെ (1320-1380) ‘ഹുസൂലുത്തഫ്‌റീജ് ബി ഉസൂലി ത്തഖ്‌റീജ്’ എന്ന ഗ്രന്ഥമാണ്.
ഹിജ്‌റ 1300-ൽ, അഥവാ ഗിമാരിയുടെ ജനനത്തിനു മുമ്പ് തന്നെ മൗലാനാ റഹ്‌മാൻ അലി തസ്‌കിറ ഉലമാഎ ഹിന്ദിൽ അഅ്‌ലാ ഹസ്രത്തി(റ)ന്റെ ‘അറൗളുൽ ബഹീജ് ഫീ ആദാബി തഖ്‌രീജ്’ എന്ന രചനയെ പരിചയപ്പെടുത്തുന്നുണ്ടെന്ന് ഓർക്കുക!
മുമ്പ് സൂചിപ്പിച്ച ഹദീസ് വിജ്ഞാനീയങ്ങളിലൊക്കെയും വ്യത്യസ്തങ്ങളായ അനേകം ഗ്രന്ഥങ്ങൾ അഅ്‌ലാ ഹസ്രത്ത് രചിച്ചിട്ടുണ്ട്. വിസ്താരഭയത്താൽ അവ ഓരോന്നായി പരിചയപ്പെടുത്തുന്നില്ല.

വിശദവിവരങ്ങൾക്ക് അല്ലാമാ ളഫ്‌റുദ്ദീൻ ബിഹാരി(റ)യുടെ അൽമുജ്മലുൽ മുഅദ്ദദ് ലി തഅ്‌ലീഫാതിൽ മുജദ്ദിദ്, അല്ലാമാ മുഫ്തി ബദ്‌റുദ്ദീൻ അഹ്‌മദ് ഖാദിരിയുടെ സവാനിഹേ അഅ്‌ലാ ഹസ്രത്ത്, അല്ലാമാ ഫൈള് അഹ്‌മദ് ഉവൈസിയുടെ ഇമാം അൽഅഹ്‌മദ് റളാ ഔർ ഇൽമേ ഹദീസ് എന്ന ഗ്രന്ഥങ്ങൾ കാണുക.

അഅ്‌ലാ ഹസ്രത്തിനെ അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്ന് അല്ലാമാ മുഹദ്ദിസ് സൂർതിയും ഇമാമുൽ മുഹദ്ദിസീൻ എന്ന് മദീനയിലെ പണ്ഡിതനായ ശൈഖ് യാസീൻ അഹ്‌മദ് അൽഖയാരിയും സ്ഥാനപ്പേര് നൽകി ആദരിച്ചതിൽനിന്നു തന്നെ അദ്ദേഹത്തിന് ഹദീസ് വിജ്ഞാനത്തിലുണ്ടായിരുന്ന ആഴം വ്യക്തമാകുന്നുണ്ട്.
അഅ്‌ലാ ഹസ്രത്തി(റ)ന്റെ പ്രധാന ശിഷ്യരിൽ ഒരാളും ലോകപ്രശസ്ത ഹദീസ് ഗ്രന്ഥം അൽജാമിഉ റള്വിയ്യ് (ത്വഹാറത്, നിസ്‌കാരത്തിന്റെ അധ്യായങ്ങളിൽ മാത്രം പതിനായിരത്തോളം ഹദീസുകൾ ഇതിൽകാണാം!) രചിച്ച മഹാപണ്ഡിതനുമായ ളഫ്‌റുദ്ദീൻ അൽബിഹാരി(റ) സ്വഹീഹുൽ ബിഹാരിയുടെ ആമുഖത്തിൽ ഇൽമുൽ ഹദീസുമായി ബന്ധപ്പെട്ട ചില ഗുണങ്ങൾ ഉദ്ധരിച്ചതിന് ശേഷം പറയുന്നു:
‘ഇത് എന്റെ ശൈഖായ അഅ്‌ലാ ഹസ്രത്തി(റ)ന്റെ വിജ്ഞാനമാകുന്ന സമുദ്രങ്ങളിൽ നിന്നുള്ള ചെറിയൊരു നദി മാത്രമാണ്’. എന്നിട്ടും ദേവ്ബന്ദികൾക്ക് മഹാൻ ഹദീസ് അറിയാത്ത ആളായിപോകുന്നതിന്റെ താൽപര്യം വ്യക്തമാണല്ലോ.
ഹദീസിൽ അഅ്‌ലാ ഹസ്രത്തി(റ)ന്റെ സ്ഥാനം മനസ്സിലാക്കിയ മക്കയിലെയും മദീനയിലെയും നിരവധി പണ്ഡിതന്മാർ മഹാനിൽ നിന്ന് ഹദീസിന്റെ സനദുകളുടെ ഇജാസത് നേടുകയും തദാവശ്യാർഥം കത്തിടപാടുകൾ നടത്തുകയും ചെയ്തിരുന്നു.
മഹാനവർകൾ അവർക്ക് അയച്ചു കൊടുത്ത ഇജാസതുകൾ ‘ഇജാസാതുൽ മത്തീന ലി ഉലമാഇ ബക്കത്ത വൽ മദീന’ എന്ന പേരിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

ഒറ്റ വിഷയത്തിൽ നിരവധി ഹദീസുകൾ ഉദ്ധരിക്കുക, ഒരു ഹദീസ് ഉദ്ധരിക്കുമ്പോൾ തന്നെ അതേ ഹദീസ് വ്യത്യസ്ത നിവേദകരിൽ നിന്നും നിരവധി ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ധരിക്കുക എന്നത് അദ്ദേഹത്തിന്റെ ശൈലിയാണ്. ഫിഖ്ഹിയ്യായ മസ്അലയാണെങ്കിലും ഫുഖാഹാക്കൾ പറഞ്ഞതിനെ ശക്തിപ്പെടുത്തുന്ന നിരവധി ഹദീസുകൾ മഹാനവർകൾ കൊണ്ടുവരും. ഉദാഹരണം;

1) ഹാജി ഇംദാദുല്ലാഹ് മുജാഹിർ മക്കി(റ)യുടെ മുരീദുമാരാണെന്നവകാശപ്പെടുന്ന റശീദ് ഗംഗോഹി ഉൾപ്പെടെ ചിലർ സ്വലാതുത്താജിലെ ‘ദാഫിഉൽ ബലാഅ്’ എന്നത് ശിർക്കിയ്യായ പദമാണെന്നും അത് ചൊല്ലാൻ പാടില്ലെന്നും ഫത്‌വ നൽകിയപ്പോൾ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ)യുടെ തന്നെ ഖലീഫയായ മൗലാനാ കറാമതുല്ല ആ വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ ഫത്‌വയാണ് ‘അൽഅംനു വൽ ഉലാ ലി നാഇതിൽ മുസ്ത്വഫാ ബി ദാഫിഇൽ ബലാഅ്’ എന്ന കൃതി.
ഖുർആനിലെ ആയത്തുകൾ, പണ്ഡിതന്മാരുടെ ഉദ്ധരണങ്ങൾ എന്നിവയോടൊപ്പം ഏകദേശം മുന്നൂറോളം ഹദീസുകൾ കൊണ്ടാണ് നബി(സ്വ) തങ്ങൾ ദാഫിഉൽ ബലാഅ് ആണ് എന്നു മഹാൻ സമർത്ഥിച്ചത്!
2) നബി(സ്വ) സയ്യിദുൽ മുർസലീൻ ആണെന്നു സ്ഥാപിച്ചുകൊണ്ട് 100 ഹദീസുകൾ ഉൾപ്പെടുത്തി ‘തജല്ലിഉൽ യഖീൻ ബിഅന്ന നബിയ്യനാ സയ്യിദുൽ മുർസലീൻ’ എന്ന കൃതി രചിച്ചത്.
3) മരണപ്പെട്ടവർ കേൾക്കുമെന്ന വിഷയത്തിൽ മറ്റുള്ള തെളിവോടു കൂടി 77 ഹദീസുകൾ കൊണ്ടാണ് ‘ഹയാതുൽ മവാത്ത് ഫീ ബയാനി സിമാഇൽ അംവാത്ത്’ എന്ന കൃതി രചിച്ചത്. മരിച്ചവർ കേൾക്കുമെന്ന വിഷയത്തിൽ വേറെയും കൃതികൾ അഅ്‌ലാ ഹസ്രത്തിനുണ്ട്.
4) ഖത്മു നുബുവ്വത് സ്ഥിരപ്പെടുത്തിക്കൊണ്ട് ‘ജസാഉല്ലാഹി അദുവ്വഹു ബി ഇബാഇഹി ഖത്മുന്നുബുവ്വ’ എന്ന കൃതിയിൽ മറ്റുള്ള തെളിവുകളോടൊപ്പം 121 ഹദീസുകൾ കാണാം.
5) ജുമുഅയുടെ രണ്ടാം വാങ്കുമായി ബന്ധപ്പെട്ട് ‘ശമാഇമുൽ അൻബർ’ എന്ന കൃതിയിൽ മറ്റു തെളിവുകളോടൊപ്പം 45 ഹദീസുകൾ.
6) മലക്കുകളുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് എഴുതിയ ‘അൽഹിദായതുൽ മുബാറക ഫീ ഖൽഖിൽ മലാഇക’ എന്ന കൃതിയിൽ 24 ഹദീസുകൾ.
7) നബി(സ്വ)യുടെ ശഫാഅത്തുമായി ബന്ധപ്പെട്ട ‘ഇസ്മാഉൽ അർബഈന ഫീ ശഫാഅതി സയ്യിദിൽ മുർസലീൻ’ എന്ന കൃതിയിൽ 40 ഹദീസുകൾ.
8) മഖ്ബറയിലും മറ്റും ചില അറിവില്ലാത്ത സാധാരണക്കാർ ചെയ്യുന്ന സുജൂദിനെ എതിർത്തുകൊണ്ടെഴുതിയതാണ് ‘അസ്സുബ്ദതു സക്കിയ്യ ലി തഹ്‌രീമി സുജൂദിത്തഹിയ്യ.’ ഈ കൃതിയിൽ അഅ്‌ലാ ഹസ്രത്ത്(റ) ആറ് അധ്യായങ്ങൾ ക്രമീകരിക്കുകയും ഒന്നാമത്തെ അധ്യായത്തിൽ ഖുർആൻ ആയത്തുകൾ കൊണ്ടും രണ്ടാമത്തെ അധ്യായത്തിൽ 40 ഹദീസുകൾ കൊണ്ടും മൂന്നാമത്തേതിൽ ഫുഖഹാക്കളുടെ 150 ഉദ്ധരണങ്ങൾ കൊണ്ടും നാലാം അധ്യായത്തിൽ വീണ്ടും ആയത്തുകളും ഹദീസുകളും കൊണ്ടും സുജൂദ് ഹറാമാണെന്ന് സമർത്ഥിച്ചു. മൊത്തം 70 ഹദീസുകൾ കൊണ്ടാണ് മഹാൻ ഗ്രന്ഥം പൂർത്തീകരിച്ചത്.
9) താടി വെക്കുന്നതുമായി ബന്ധപ്പെട്ട ‘ലംഅതുള്ളുഹാ ഫീ ഇഅ്ഫാഇല്ലുഹാ’യിൽ മറ്റുള്ള തെളിവുകളോടു കൂടെ 56 ഹദീസുകൾ.
ഇവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്. അഅ്‌ലാ ഹസ്രത്തി(റ)ന്റെ ഏകദേശം എല്ലാ ഗ്രന്ഥങ്ങളും ഇവ്വിധമാണ്. ഒരു ഹദീസ് വ്യത്യസ്ത റിവായതുകളോടെ ധാരാളം ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കും. ഏതാനും ഉദാഹരണങ്ങൾ പരിശോധിക്കാം.
1) അൽഅംനു വൽ ഉലാ എന്ന കൃതിയിൽ
اطلبوا الخير والحواؤج من حسان الوجوه
എന്ന ഹദീസ് ഉദ്ധരിച്ചത് 9 സ്വഹാബിമാരിൽ നിന്നായി 34 ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നാണ്.

2) ജസാഉല്ലാഹു അദുവ്വഹു എന്ന കിതാബിൽ
اما ترضي ان تكون مني منزلة بارون من موسي غير انه لا نبي بعدي
എന്ന ഹദീസ് 14 റാവിമാരിൽ നിന്ന് 18 ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും.

3) അൽഅത്വായൽ ഖദീർ എന്ന കൃതിയിൽ
لا تدخل الملاؤكة بيتا فيه كلب ولا صورة
എന്ന ഹദീസ് 10 റാവിമാരിൽ നിന്ന് 43 ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ധരിച്ചതുകാണാം.
ഇത്തരം ഉദാഹരണങ്ങൾ ഏറെ പറയാനാവും. അഅ്‌ലാ ഹസ്രത്തുമായി ബന്ധപ്പെട്ട് മുപ്പതിലധികം പിഎച്ച്ഡി പഠനങ്ങൾ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിലായി നടന്നിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഹദീസുമായി ബന്ധപ്പെട്ടതാണ്.
1. ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി. ‘ഇമാം അഹ്‌മദ് റളാ കി മുഹദ്ദസാന ഹൈസിയത്ത്’ – ബിആർ അംബേദ്കർ യൂണിവേഴ്‌സിറ്റി ബറേലി. 2002
2. ഡോ. മൗലാന മൻസൂർ അഹ്‌മദ്. ‘ഇമാം അഹ്‌മദ് റളാ കി ഖിദ്മത്തെ ഉലൂമെ ഹദീസ് കീ തഹ്ഖീഖി ജാഇസ’ – യൂണിവേഴ്‌സിറ്റി ഓഫ് കറാച്ചി. 2008
ഇപ്പോഴും കയ്യെഴുത്തു പ്രതികളായി നിലകൊള്ളുന്ന അഅ്‌ലാ ഹസ്രത്തി(റ)ന്റെ കനപ്പെട്ട ഗ്രന്ഥങ്ങൾ വ്യവസ്ഥാപിതമായി പുറംലോകത്തെത്തിക്കാൻ ശ്രമമുണ്ടായാലേ ഹദീസിലും മറ്റു വൈജ്ഞാനിക ശാഖകളിലുമുള്ള മഹാന്റെ പ്രാഗത്ഭ്യം ലോക വിദ്വൽ ഭൂപടത്തിൽ കൂടുതൽ മുദ്രിതമാകൂ.

ഇബ്‌റാഹീം ഖലീൽ സഖാഫി പെരിയടുക്ക

Exit mobile version