ദഅ്.വതും ദഅ്.വാകോളേജും: ചില ശ്ലഥചിന്തകളുടെ പ്രസക്തി

ഭൗതിക പ്രമത്തതയും ആധുനിക സാഹചര്യങ്ങളുടെ സജീവ സമ്മര്‍ദവും ആത്മീയ പഠനത്തിനു തികച്ചും പ്രതിലോമകരമായിരുന്നു. വ്യവസ്ഥാപിതവും നീണ്ടുനില്‍ക്കുന്നതുമായ മതപഠനത്തെ ഇവ ബാധിച്ചത് വിവിധ രൂപത്തിലാണ്. പ്രധാനമായും സമൂഹത്തിനുണ്ടായിരുന്ന മനോഭാവത്തെ അതു ശിഥിലീകരിച്ചു. പുതിയ ലോകത്ത് ജീവിക്കണമെങ്കില്‍ ധാരാളം സമ്പത്ത് ആവശ്യമാണെന്നും അതിന് മതപഠനം സഹായകമല്ലെന്നുമുള്ള ധാരണ വലിയൊരു വിഭാഗത്തെ ദര്‍സ് രംഗത്ത് നിന്നു വിട്ടുനിര്‍ത്തി.
മതപഠനത്തെ മാത്രമല്ല, ഭൗതിക പഠന മേഖലകളിലെ തന്നെ മാനവ വിഷയങ്ങളെയും ഇതു പിടിച്ചുലച്ചിട്ടുണ്ട്. സയന്‍സ് ഗ്രൂപ്പെടുത്ത് ഡോക്ടറാവാനായില്ലെങ്കില്‍, ചുരുങ്ങിയപക്ഷം ഒരു എഞ്ചിനീയെറങ്കിലുമായില്ലെങ്കിലെങ്ങനെ ജീവിക്കാനാണ് എന്നാണ് ന്യൂ ജനറേഷന്‍ ചിന്ത. വല്ലാതെ പിറകോട്ടുനിന്നാല്‍ കൊമേഴ്സ് ഗ്രൂപ്പ് എങ്കിലും വേണം. അല്ലാതെ, രണ്ടു കൊല്ലം പ്ലസ്ടു, 3 വര്‍ഷത്തെ ഡിഗ്രി, പിന്നെ പിജിയുമൊക്കെ നേടി സെറ്റിന്റെയും നെറ്റിന്റെയും കടമ്പ കടന്ന് ഒരു വാധ്യാര്‍ ജോലി നേടാനൊന്നും പുതുതലമുറക്ക് താല്‍പര്യമില്ല. പകരം ആറുമാസം മള്‍ട്ടിമീഡിയ കോഴ്സ് കഴിഞ്ഞ് 30,000 ശമ്പളം വാങ്ങുന്നതിനുള്ള കുറുക്കുവഴികളെക്കുറിച്ച് അവര്‍ ചിന്തിക്കുകയാണുണ്ടാവുക. കാരണമെന്തായാലും നമ്മുടെ ജീവിതസാഹചര്യം മാറിവരികയും നഗരവല്‍കരണം മനസ്സിലും മണ്ണിലും വേരോടുകയും ചെയ്തപ്പോള്‍, പണം തന്നെയായി ജീവിതത്തിന്റെ ആത്മാവ്. ഇതിനപ്പുറം മതപരമായ യാതൊരു മാനവും ദര്‍സ് ശോഷണത്തിനില്ല. ഇങ്ങനെ ഒരു വിഭാഗം അതില്‍നിന്നു വിരക്തരായപ്പോള്‍ അനിവാര്യമായ പ്രതിപ്രവര്‍ത്തനവുംഅത് ഒന്നാമത്തേതിനെ അപേക്ഷിച്ച് ലോലമാണെങ്കില്‍ തന്നെയുംകാണാനായി.
അതിന്റെ ഭാഗമായാണ് മതത്തിനു മറ്റന്തിനെക്കാളും പ്രാധാന്യം നല്‍കിയ ഒരു വിഭാഗം വിശ്വാസികള്‍ ദര്‍സ് സംരക്ഷണത്തിന് കഠിനതപം ചെയ്തത്. ചിലര്‍ പള്ളികളില്‍ ദര്‍സ് നിലനിര്‍ത്താന്‍ ജിഹാദിലേര്‍പ്പെട്ടു. അത് അവരുടെ അഭിമാനത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കുകയും ചെയ്തു. പള്ളിയില്‍ മതവിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയും ഭീമമായ ചെലവ് പരിഗണിക്കാതെ കാന്‍റീന്‍ സംവിധാനമേര്‍പ്പെടുത്തിയുമെല്ലാം ഇത്തരമാളുകള്‍ മതജ്ഞാനത്തിനു കാവല്‍നിന്നു. മറ്റു ചിലര്‍ ദര്‍സ് മേഖലയില്‍ ‘രക്തസാക്ഷികളാവാന്‍’ മക്കളെ അയച്ചുകൊടുത്താണ് ഈ ഉദ്യമത്തോടു സഹകരിച്ചത്.
കുടുംബത്തില്‍ നിന്നുതന്നെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഈ സാഹസത്തിന് വിഭാഗം തയ്യാറെടുത്തത്. കന്പ്യൂട്ടര്‍ പഠനം, വിവിധ ഭാഷാ പഠനം, ഭൗതിക പഠനസൗകര്യം ഇങ്ങനെയുള്ള പരിഷ്കരണങ്ങള്‍ ഉപരിസൂചിത അതിജീവന ശ്രമത്തിന്റെ ഭാഗമായിരുന്നു. ‘ദര്‍സ് കം ഡിഗ്രി’ പോലുള്ള തലവാചകങ്ങളില്‍ വര്‍ത്തമാന പത്രങ്ങളിലെ പരസ്യങ്ങള്‍ ഓര്‍ക്കുക. വിരുദ്ധ ശ്രമങ്ങള്‍ സക്രിയമായിട്ടും പലരും സ്വപ്നം കണ്ടുറങ്ങിയിരുന്ന ദര്‍സിന്റെ പതനം പുലരാതിരുന്നത് എടുത്തുപറയേണ്ടതാണ്. ദീനീ സ്നേഹികളുടെ വ്യവസ്ഥാപിതമല്ലാത്ത മുന്നേറ്റമാണ് ഇതിനു സഹായകമായത്. അതോടൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. കാലപ്രവാഹത്തെ എല്ലാ ദര്‍സുകളും ഒരുപോലെ അതിജീവിച്ചില്ലെന്നതാണത്.
പണ്ട് ദര്‍സ് ഉണ്ടായിരുന്ന പലയിടങ്ങളില്‍ അത് ഇല്ലാതെയായി. കിതാബ് പഠിക്കുക എന്നതിനപ്പുറം പ്രസംഗം, ആദര്‍ശം പോലെ മതപരമായെങ്കിലും നന്മ ലഭിക്കുമെന്ന് തോന്നുന്ന ദര്‍സുകള്‍ പഴയതിനെക്കാള്‍ ശക്തി പ്രാപിച്ചതാണ് ഇതിന്റെ മറുവശക്കാഴ്ച. 275ലധികം കുട്ടികള്‍ പഠിക്കുന്ന ദര്‍സുകള്‍ വരെ ഇപ്പോഴും നിലനില്‍ക്കുന്നത് അങ്ങനെയാണ്. നൂറിലധികം മുതഅല്ലിംകളുള്ള നിരവധി ദര്‍സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതും പ്രസിദ്ധമായ പല ദര്‍സുകളും വിദ്യാര്‍ത്ഥികളുടെ ആധിക്യം കാരണം ബുദ്ധിമുട്ടുന്നതും ആര്‍ക്കും കാണാവുന്നതാണല്ലോ.
ഭൗതിക പഠനം, കന്പ്യൂട്ടര്‍ പരിശീലനം ഇത്യാദി എന്തെങ്കിലും ചെപ്പടികളല്ല; ഈ സജീവതയുടെ കാരണമെന്നു വ്യക്തം. ഏറെ കുട്ടികളുള്ള ദര്‍സുകള്‍ ഇങ്ങനെയൊന്നും ചെയ്യുന്നില്ലെന്നതും, അത്തരം മോഹന വാഗ്ദാനങ്ങള്‍ പരസ്യം ചെയ്ത പലയിടങ്ങളിലും വിദ്യാര്‍ത്ഥികളില്ലെന്നതും കാണാവുന്ന കാഴ്ച. ഇങ്ങനെ പല വിധത്തിലുള്ള ശ്ലഥചിത്രമായി ദര്‍സ് രംഗംമാറുകയും അഭിമാനപൂര്‍വം ദര്‍സ് ശൃംഖല നിലനില്‍ക്കുമ്പോള്‍ തന്നെയും അതിന്റെ സര്‍വവ്യാപിത്വം ഇല്ലാതായ സാഹചര്യത്തിലാണ് സമുദായ നേതൃത്വം വ്യവസ്ഥാപിതമായ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ആരായുന്നതും ദഅ്.വാ കോളേജുകള്‍ എന്ന ശ്രദ്ധേയ സംവിധാനം രൂപപ്പെടുന്നതും.
ദഅ്.വാ കോളേജുകള്‍
എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ പരീക്ഷണങ്ങള്‍ നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്ലസ്ടു, ഡിഗ്രി, പിജി പഠനവും ഒപ്പം ഒന്നുപോലും കുറയാതെ ദര്‍സ് വിദ്യാര്‍ത്ഥി അഭ്യസിക്കുന്ന കിതാബുകള്‍ മുഴുവനും പഠിപ്പിച്ച് മതരംഗത്ത് മുത്വവ്വല്‍ ബിരുദം നല്‍കുന്ന സംവിധാനമെന്ന് ദഅ്.വാ കോളേജുകളെ പൊതുവില്‍ നിര്‍വചിക്കാം. മുമ്പു സൂചിപ്പിച്ചതുപോലെ, ഭൗതിക വിദ്യയുള്ളവര്‍ക്ക് ഏതാനും മത ഗ്രന്ഥങ്ങളും പാഠങ്ങളും പരിശീലിപ്പിക്കുകയല്ല ഇതിന്റെ ലക്ഷ്യം. നല്ല മതപണ്ഡിതരെ വാര്‍ത്തെടുക്കുക തന്നെയാണ്. കൂടെ ഭൗതികജ്ഞാനം നല്‍കുന്നതിന് പുതിയ പണ്ഡിതര്‍ക്ക് ആധുനിക കാര്യങ്ങളെ യഥാവിധി വ്യവഛേദിച്ചറിയുക എന്നതിനൊപ്പം ദര്‍സ് രംഗത്ത് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു.
ഇന്ന് മതഭൗതിക പഠനം എന്ന മോഹവാഗ്ദാനവുമായി ഇതര സംഘടനകള്‍ക്കു കീഴില്‍ വിപുലമായ സൗകര്യങ്ങളുണ്ട്. വസ്തുത പറഞ്ഞാല്‍, അവ ഭൗതിക ബിരുദധാരികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുറച്ചൊക്കെ മതഗ്രന്ഥങ്ങള്‍ പരിചയിക്കുകയും ചെയ്യുന്നു. അവരുടെ വേഷമോ സംസ്കാരമോ ഒന്നും ഒരു ദര്‍സ് വിദ്യാര്‍ത്ഥിയുടേതാകുന്നില്ല. കാമ്പസുകളിലെ യൂണിഫോം വരെ അത്തരത്തിലായിരിക്കണമെന്ന് നിഷ്കര്‍ശയുമില്ല. ഈ അഴകൊഴമ്പന്‍ സമീപനത്തിന്റെ ഫലമാണ് ഫുള്‍ഷേവുകാരും ടൈറ്റ്ഫിറ്റ് ജീന്‍സുകാരുമായ ‘മതബിരുദ’ക്കാര്‍!
വ്യത്യസ്തമാണ് നമ്മുടെ ദഅ്.വാകോളേജുകള്‍. അവിടെ വട്ടത്തിലിരുന്ന് വായിച്ചോതുന്ന മുതഅല്ലിമുകളാണുള്ളത്. മഗ്രിബിനു മുമ്പ് തസ്ബീഹും ഹദ്ദാദും കൃത്യമായ കിതാബ് പഠനവും നടത്തുന്നവര്‍. എന്‍എച്ച് റോഡുകളെ വെല്ലുന്ന കളര്‍ഫുള്‍ കര പോവട്ടെ, ഒരു നൂല്‍പാകത്തിന് കരയുള്ള മുണ്ടുപോലും ഉപയോഗിക്കാത്ത നീളന്‍ ‘വലള്വാലീന്‍’ കുപ്പായം മാത്രം ധരിക്കുന്ന മുതഅല്ലിമുകളാല്‍ സക്രിയമാണ് ദഅ്.വാ കോളേജുകള്‍. പള്ളിദര്‍സുകളുമായി ആകെയുള്ള വ്യത്യാസം വ്യവസ്ഥാപിതമായ ഭൗതിക പഠനം ലഭിക്കുന്നു എന്നതു മാത്രം.
ആധുനിക കാലത്ത് ആവശ്യമായേക്കാവുന്ന ഭൗതിക ജ്ഞാനമുള്ള മതപണ്ഡിതരെ വാര്‍ത്തെടുക്കുക എന്നതാണ് ദഅ്.വാകോളേജുകളുടെ താല്‍പര്യമെങ്കില്‍, അവ മുന്നോട്ടുവെക്കുന്ന ദഅ്.വത്ത് അവ്വിധമെന്നാണെന്നു വരികില്‍ ദഅ്.വാ കോളേജുകള്‍ നൂറുശതമാനം വിജയകരമാണെന്നതില്‍ രണ്ടഭിപ്രായമില്ല.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മതപഠന രംഗത്ത് മുന്പെങ്ങുമില്ലാത്ത ജനസാഗരം ഈ പുതുയുഗത്തില്‍ സൃഷ്ടിക്കപ്പെട്ടതില്‍ ദഅ്.വാ കോളേജുകളുടെ പങ്ക് ഏറെ വലുതാണ്. സുന്നി വിദ്യാര്‍ത്ഥി സംഘടന മുമ്പ് നടത്തിയ മുതഅല്ലിം സമ്മേളനം കേരളത്തിന് ബോധിപ്പിച്ച മഹത്തായ സന്ദേശം മുതഅല്ലിമുകളുടെ വംശവര്‍ധനവായിരുന്നു. അസ്വറിനുശേഷം ആരംഭിച്ച തൂവെള്ള പ്രകടനം മഗ്രിബ് വാങ്കിനോടനുബന്ധിച്ച് പിരിച്ചുവിടേണ്ടി വന്നപ്പോഴും സ്റ്റാര്‍ട്ടിംഗ് പോയിന്‍റില്‍ അവസരം കാത്തിരുന്ന മതവിദ്യാര്‍ത്ഥികള്‍ ഏറെയുണ്ടായിരുന്നല്ലോ. ആ മഹാപ്രവാഹത്തില്‍ ഒന്നുപോലും താല്‍ക്കാലിക തലയില്‍കെട്ടുകാരല്ലായിരുന്നു. വെള്ളക്കുപ്പായം കടം വാങ്ങിയവരുമില്ലായിരുന്നു. മുഴുവനും പവന്‍ മാര്‍ക്ക് മുതഅല്ലിമുകള്‍!
ഇങ്ങനെയൊരു മഹാ വിപ്ലവം കാഴ്ചവെച്ചത് ദഅ്.വാ കോളേജുകള്‍ തന്നെയാണ്. അവയില്‍ നിന്ന് പഠിച്ചിറങ്ങിയ പലരും മുദരിസുമാരായി സേവനം ചെയ്യുന്നു. മദ്റസകളില്‍ ജ്ഞാന പ്രസരണം നടത്തുന്നു. പ്രഭാഷണം, എഴുത്ത്, സംവാദം പോലുള്ള മതപ്രചാരണ രംഗങ്ങളില്‍ സജീവമായി നിലകൊള്ളുന്നു. ഇതൊക്കെ തന്നെയാണ് ദര്‍സ് ഉല്‍പന്നങ്ങളുടെ ദൗത്യവും എന്നു വരുമ്പോള്‍ ദഅ്.വ വിജയിച്ചു എന്നതു വീണ്ടും ആണയിടേണ്ടി വരികയാണ്.
ദഅ്.വത്തിന്റെ അനിവാര്യത
ഇത്രയും അംഗീകരിക്കേണ്ട വസ്തുതകള്‍. ജീവിക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ കണ്‍മുമ്പിലുണ്ടാകയാല്‍ വെറുതെ പോലും നിഷേധിക്കാനാവാത്ത വസ്തുതകള്‍. കാര്യങ്ങളുടെ ഈ വശം ശരിക്കും ബോധ്യമുണ്ടായിരിക്കെ മറ്റുചിലതു കൂടി വിലയിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു.
എന്താണ് ദഅ്.വാ പ്രവര്‍ത്തനം? മതപ്രചാരണവും എതിര്‍ ആരോപണങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കലുമെന്ന് ലളിതമായി പറയാം. ലോകം മുഴുവന്‍ സദാസമയം ആവശ്യമായൊരു വിശുദ്ധ കര്‍മമാണിത്. പ്രവാചകന്മാര്‍ വിജയിപ്പിച്ചെടുത്തതും അന്ത്യറസൂല്‍(സ്വ)ക്കു ശേഷം അവിടുന്ന് സമൂഹത്തെ പൊതുവെയും പണ്ഡിതരെ പ്രത്യേകമായും ഏല്‍പിച്ചതുമായ സാധന. വിശുദ്ധ വേദത്തില്‍, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന വിധത്തില്‍ വിവിധ ഭാഗങ്ങളിലും തന്ത്രപരമായും സദുപദേശം വഴിയും താങ്കളുടെ നാഥന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുക എന്ന് വിശദമായും (16/125) ഓര്‍മപ്പെടുത്തിയ പ്രധാന കര്‍മമാണിത്. നിങ്ങള്‍ മതപ്രബോധനം നടത്തുന്നില്ലെങ്കില്‍ അല്ലാഹു ഒരു വിലയും നല്‍കുകയില്ലെന്നു തന്നെയും ഖുര്‍ആന്‍ (25/77) പ്രഖ്യാപിച്ചതും കാണാം.
പൂര്‍വിക മഹത്തുക്കള്‍ ദഅ്.വാ രംഗത്ത് സജീവമായതു കൊണ്ടാണ് വിശുദ്ധ മതം ഇത്രമേല്‍ വ്യാപകമായത്. ബ്രഹ്മാണ്ഡകടാഹം മൊത്തം നേടുന്നതിനെക്കാള്‍ താങ്കള്‍ക്കു ഗുണപ്രദം ഒരാളെങ്കിലും താങ്കളെക്കൊണ്ട് സന്മാര്‍ഗം സ്വീകരിക്കുന്നതാണെന്ന് ലോകഗുരു(സ്വ) മുആദുബ്നു ജബല്‍(റ)നോട് പ്രഖ്യാപിച്ചത് ആര്‍ക്കാണ് മറക്കാനാവുക? ഭൗതിക പഠനം നടത്തി അഞ്ചക്ക ശമ്പളം നേടുന്നതൊന്നും ഈ പ്രതിഫലത്തിന്റെ നാലയലത്ത് എത്തില്ലല്ലോ.
കേരളീയ സാഹചര്യത്തില്‍ ചിന്തിച്ചാല്‍ തന്നെ ഇത്തരം പ്രബോധനപ്രവര്‍ത്തനം ഇവിടെ ഏറെ ആവശ്യമാണെന്ന് മനസ്സിലാക്കാം. മതത്തില്‍ പിറക്കാന്‍ ഭാഗ്യമുണ്ടായിട്ടും അതെന്താണെന്ന് അറിയാത്ത സാധുക്കളും ഒരിക്കല്‍പോലും നിസ്കരിക്കുകയോ നോന്പെടുക്കുകയോ ചെയ്യാത്ത മുസ്ലിംകളും ഒരു വശത്ത്. ദാരിദ്ര്യവും രോഗവും ചൂഷണം ചെയ്ത് വിശ്വാസത്തെ കുരിശില്‍ തറക്കുന്ന വ്യാപക പ്രവണത മറുവശത്ത്. പ്രേമത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ ആര്യസമാജങ്ങളില്‍ എത്തിപ്പെടുന്നവര്‍ കണക്കുകളില്ലാത്തയത്ര. എല്ലാത്തിനും പുറമെ, കഥയറിയാത്ത അറബി ശൈഖുമാരുടെ പൂത്ത റിയാലുകള്‍ തട്ടിയെടുത്ത് അവയെ കേന്ദ്രീകരിച്ച് വിശ്വാസവും കര്‍മവും രൂപീകരിക്കുന്ന ബിദ്അത്ത്വല്‍കരണം ഓരോ തന്തുവിലും കാന്‍സര്‍ ബാധയേല്‍പ്പിച്ചിരിക്കുന്നു.
മതത്തെയും വേദത്തെയും മൊത്തത്തിലും തിരുദൂതര്‍(സ്വ)യെ കൂടുതലായും അധിക്ഷേപിക്കുന്ന നിരവധി കൃതികളും ലഘുലേഖകളും വെബ്സൈറ്റുകളും ഇതര സൗകര്യങ്ങളും ഏറെ പ്രചരിപ്പിക്കപ്പെടുന്നു. ‘സാക്ഷി’ പോലുള്ള കുപ്രചാരണ കൂട്ടായ്മകള്‍ ക്രൈസ്തവര്‍ക്കിടയിലെ മൗലികമായ ആദര്‍ശ വ്യതിയാനങ്ങള്‍ പോലും വിസ്മരിച്ച് ഇസ്ലാം വിമര്‍ശനത്തില്‍ ഒന്നിച്ച് അണിനിരന്നിരിക്കുന്ന കൗതുക കാഴ്ചയുമുണ്ട്.
അലിമുഹമ്മദ്, അബ്ദുസമദ്, മുനീര്‍, അലവി എന്നൊക്കെ കേട്ടാല്‍ സാധാരണ ഗതിയില്‍ ഓര്‍മവരുന്ന മതം ഇസ്ലാമായിരിക്കുമല്ലോ. എന്നാല്‍, ഇവയത്രയും ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവ മിഷനറിമാരില്‍ ചിലരുടെ പേരുകളാണ്. വിശ്വാസികളില്‍ നുഴഞ്ഞുകയറി അവര്‍ക്ക് മാമോദീസയും അന്ത്യകൂദാശയും നല്‍കാന്‍ പയറും അരിയും ബിസ്കറ്റും മാത്രമല്ല; മുസ്ലിം ചിഹ്നങ്ങളും വ്യാപകമായുപയോഗിക്കപ്പെടുന്നതിന്റെ പ്രമാണങ്ങള്‍ വേറെയുമുണ്ട്.
ഗള്‍ഫില്‍ നിന്ന് ഇറങ്ങുന്ന പച്ച കവര്‍ മുസ്വ്ഹഫിന്റെ അതേ രൂപത്തില്‍ അല്ലാഹു (യഹോവ), മലക്കുകള്‍ (മാലാഖ), നബിമാര്‍ (പ്രവാചകര്‍), ഈസ (യേശു), യഅ്ഖൂബ് (യാക്കോബ്), സുലൈമാന്‍ (സോളമന്‍) പോലുള്ള മുസ്ലിം നാമങ്ങള്‍ പഴയ ബൈബിള്‍ നാമങ്ങള്‍ക്ക് പകരം നല്‍കി ‘വിശുദ്ധ ഇഞ്ചീല്‍’ പുറത്തിറക്കുന്നതിനു പിന്നിലും മറ്റൊരു ലക്ഷ്യമല്ല. മതവിരുദ്ധത എന്ന പ്രഖ്യാപിത ലക്ഷ്യം ഇസ്ലാം വിരുദ്ധത എന്നതില്‍ ന്യൂനീകരിച്ചു പ്രവര്‍ത്തിക്കുന്ന യുക്തി(?)വാദികളും രംഗത്തുണ്ട്.
ദിവ്യാത്ഭുത രഹസ്യങ്ങളും മനുഷ്യദൈവങ്ങളുടെ മാജിക്കുകളും വെളിപ്പെടുത്തിയിരുന്ന ജോസഫ് ഇടമറുക്, ശ്രീനി പട്ടത്താനം ശൈലിയില്‍ നിന്ന് മാറി മുസ്ലിംകളില്‍ ഭീകരവാദികളെ ഗവേഷണം ചെയ്തു കണ്ടെത്തുന്നതിലാണ് അവര്‍ക്കിപ്പോള്‍ വര്‍ധിച്ച താല്‍പര്യമുള്ളത്. ഇത്തരം സവിശേഷ സാഹചര്യത്തില്‍ കണ്ണും കാതും തുറന്നുവച്ചു നടത്തേണ്ട ദഅ്.വാ പ്രവര്‍ത്തനവും ദഅ്.വാ കോളേജുകളും തമ്മിലെന്ത് എന്നത് തൃപ്തികരമായ ഉത്തരം ലഭിക്കാത്ത ആശങ്കയുയര്‍ത്തുന്ന സന്ദേഹമായി നിലനില്‍ക്കുകയാണ്. ആരൊക്കെ നിഷേധിച്ചാലും വസ്തുതയിതാണെന്നു പറയാതെവയ്യ!
ദഅ് വത്തും കോളേജുകളും
പ്രബോധന പ്രവര്‍ത്തനത്തെ പ്രധാനമായും രണ്ടായി പകുക്കാമെന്നു തോന്നുന്നു; സാമൂഹികവും ദാര്‍ശനികവും. സഹായങ്ങള്‍ നല്‍കുക, ശുശ്രൂഷ നല്‍കുക, ആശ്വസിപ്പിക്കുക പോലുള്ള ആവശ്യ പ്രവര്‍ത്തനങ്ങള്‍ വഴി ഇതരരെ ആകര്‍ഷിക്കുന്നത് ഒന്നാം വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തനമാണ്. ക്രൈസ്തവര്‍ നടത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ വിതരണവും ആശുപത്രികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉദാഹരണം. ഇതു മികച്ച മതപരിവര്‍ത്തന ഉപാധി ആയതുകൊണ്ടാണല്ലോ, ഹൈന്ദവ തീവ്രസംഘങ്ങള്‍ പലപ്പോഴും ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്നത്. കൂടുതല്‍ വിജ്ഞാനമൊന്നും ആവശ്യമില്ലാത്ത ദഅ്.വാ മാര്‍ഗമാണിത്. ആകെ വേണ്ടത് വിശാലവും സേവന സന്നദ്ധവുമായ ഒരു മനസ്സ് മാത്രം.
എന്നാല്‍ ദാര്‍ശനിക ദഅ്.വത്തിന് വലിയ അറിവ് വേണം. എതിര്‍പക്ഷത്തെയും അവരുടെ പ്രമാണങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിക്കണം. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ വ്യുല്‍പത്തി നേടുകയും എതിര്‍ പ്രചാരണങ്ങളും വിമര്‍ശനങ്ങളും അറിഞ്ഞു മറുപടി ഗ്രഹിക്കുകയും വേണം. പിന്നുപാധികളായി പ്രസംഗം, എഴുത്ത്, ജനസമ്പര്‍ക്കം പോലുള്ളവയും ആധുനിക സൗകര്യങ്ങളും സ്വായത്തമാക്കണം. ഇത്തരമൊരു തയ്യാറെടുപ്പുകള്‍ക്ക് ദഅ്.വാകോളേജുകളിലുള്ള വ്യവസ്ഥാപിത സംവിധാനം ആശാവഹമല്ലെന്നതാണ് സത്യം. ഏതെങ്കിലും മുതഅല്ലിം സ്വന്തമായധ്വാനിച്ച് ഈ രംഗത്ത് നേട്ടം കൈവരിച്ചതിനെ ഉയര്‍ത്തിക്കാട്ടി, സ്ഥാപന മേധാവികള്‍ക്ക് പ്രതിരോധിക്കാനാവാത്തതാണ് ഈ വിമര്‍ശനം.
ദഅ്.വാ കോളേജുകള്‍ ദഅ്.വ നടത്തുന്നില്ലെന്നാണോ? ഒരിക്കലുമല്ല, തീര്‍ച്ചയായും ചെയ്യുന്നുണ്ട്. പക്ഷേ, ദഅ്.വ എന്ത് എന്ന അവരുടെ തീരുമാനപ്രകാരമാണെന്നു മാത്രം. വലിയ സേവനം തന്നെയാണതെന്നും തീര്‍ത്തും ആവശ്യമാണെന്നും ആര്‍ക്കും ബോധ്യപ്പെടുന്നത്ര വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ പല സ്ഥാപനങ്ങളും കാഴ്ചവെക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനം ഇസ്ലാം പഠനത്തിനായി ഇംഗ്ലീഷ് വെബ്സൈറ്റ് നിര്‍മിച്ചിട്ടുണ്ട്. അവര്‍തന്നെ പാലക്കാട് ജില്ലയിലെ ഇസ്ലാം കേട്ടുകേള്‍വിയായ ചിലയിടങ്ങള്‍ കേന്ദ്രീകരിച്ച് ആശാവഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമറിയാം. മഹല്ലും തമിഴ് ദഅ്.വാ കോളേജും സ്ഥാപിച്ചുള്ള മികച്ച പ്രവര്‍ത്തനം.
കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായൊരു സ്ഥാപനം പ്രബോധന രംഗത്ത് മറ്റാര്‍ക്കും ഇതുവരെ എത്തിപ്പിടിക്കാനാവാത്ത വിവിധ മേഖലകള്‍ കീഴടക്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ദീനീ ചലനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് അവിടെ നിന്നിറങ്ങിയ ദാഇകളാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്ലാവിധ സ്കോളര്‍ഷിപ്പുകളോടെയും കൂടി ഇസ്ലാമിക് സ്റ്റഡീസ് പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ ഏറെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഉല്‍പന്നങ്ങളാണ്. അതില്‍ ചിലര്‍ ഏറെ ശ്രദ്ധേയരായിക്കഴിഞ്ഞു. വിവിധ ചര്‍ച്ചാവേദികളില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു. അവര്‍ കണക്കാക്കുന്ന പ്രബോധന രീതികളെ സമ്പന്നമാക്കാന്‍ അവര്‍ക്കാവുന്നുവെന്ന് സാരം.
എന്നാലും മുമ്പു സൂചിപ്പിച്ച ദാര്‍ശനിക ദഅ്.വാ രംഗം കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അതിനായി പ്രത്യേക പരിശീലനവും സിലബസ്സില്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ബന്ധിത മതതാരതമ്യ ഗവേഷണ പഠനവും പരിശീലനവും ആവശ്യമാണ്. അത് പരീക്ഷ നടത്തി വിശകലനം ചെയ്യുകയും വിജയപരാജയം നിര്‍ണയിക്കുന്നത്ര പ്രാധാന്യമുള്ളതുമായി അംഗീകരിക്കുകയും വേണം. ‘ചക്കയിട്ടപ്പോള്‍ കിട്ടുന്ന മുയല്‍’ കണക്കെ പ്രബോധകന്‍ ഉണ്ടായാല്‍ പോരാ. മര്‍കസ് തഖസ്സുസില്‍ ആഴ്ചയില്‍ ആറുമണിക്കൂര്‍ മതതാരതമ്യ പഠനം ഇവ്വിധം നിര്‍ബന്ധ പാഠഭാഗമാണിപ്പോള്‍. പേരുപോലും ദഅ്.വയായ സ്ഥാപനങ്ങള്‍ക്ക് പഠനത്തിന്റെ കേവലം അനുബന്ധമല്ല, മൗലികമായ ജൈവഘടകം തന്നെയാണിതെന്നതില്‍ സന്ദേഹിക്കുന്നതു പോലും അപരാധമാണാവുക. നാം ഉണര്‍ന്നേ പറ്റൂ. ദഅ്.വതും ദഅ്.വാ കോളേജും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമായിത്തീരുന്നത് നീതിയുക്തമല്ലല്ലോ.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

Exit mobile version