സ്വര്‍ഗപാദങ്ങളെ അവഗണിക്കുന്നതെന്ത്?

റ്റപ്പെടലിന്‍റെ വേദന മരണതുല്യമാണെന്ന് തെളിയിച്ചത് കുഞ്ഞാമിനത്തയുടെ നിലവിളിയാണ്. പത്ത് മക്കളെ നൊന്തു പെറ്റ് നോക്കിനോക്കി വളര്‍ത്തി. അഞ്ചാണ്‍മക്കളില്‍ നാലും ഉന്നത വിദ്യ നേടി, പണം നേടി ഉയരങ്ങളിലേക്ക് പറന്നുപോയി. ഒരാണ്‍തരി നാട്ടിലെ കാരാക്കൂസ് കമ്പനിയില്‍ കുടുങ്ങി ഹൃദയ വൈകല്യം സംഭവിച്ച് നാല് കാലില്‍ നടക്കാന്‍ തുടങ്ങി. പെണ്‍മക്കള്‍ മൂന്നെണ്ണം അവരായി അവരുടെ പാടായി എന്ന വിധത്തില്‍ കുടുംബസമേതം ദൂരെ ഭര്‍തൃവീടുകളില്‍. ബാക്കി രണ്ട് പെണ്‍മക്കളില്‍ ഒരുത്തി റെഗുലര്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നു. സകല മോഡേണ്‍ സംസ്കാരങ്ങളും ശീലം. നിരന്തരം മൊബൈലില്‍ തോണ്ടിയും കിന്നരിച്ചും നേരം പോക്കുന്നു. ഡിഗ്രിക്കാരിയുടെ തൊട്ടു മേലെയുള്ളവള്‍ കുഞ്ഞാമിനയെ കണ്ണെടുത്താല്‍ കണ്ടൂടാ എന്ന മട്ടില്‍ ക്രൂരമായി പെരുമാറുന്നവളും. ബന്ധുക്കളായി ഉള്ളവരെല്ലാം തമ്മില്‍ തല്ലും ചീത്തവിളിയുമായി കഴിഞ്ഞുകൂടുന്നു. വയസ്സാന്‍ കാലത്തും, നാട്ടില്‍ പോയിട്ടെന്ത് കാണിക്കാനാണെന്ന മട്ടില്‍ ഭര്‍ത്താവ് കുഞ്ഞവറാന്‍ക്ക നരച്ച മുടികളില്‍ വിരലോട്ടി പ്രവാസ ലോകത്ത് കഴിഞ്ഞുകൂടുന്നു.

ചിതറിത്തെറിച്ച ഒരു കുടുംബ ചിത്രമാണിത്. നിരവധി കുഞ്ഞാമിന-കുഞ്ഞവറാന്‍മാരുടെ കഥഇതുതന്നെയാണ്. ഒറ്റക്ക് നില്‍ക്കാനാകാത്ത കാലത്ത് കൈത്താങ്ങായി എത്തേണ്ട മക്കള്‍, താങ്ങാനറിയാത്തവരാകുന്നത് എന്തുകൊണ്ട് എന്ന് ഗൗരവത്തില്‍ പഠിച്ച് പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുതരം വിമുഖത, അസ്പൃശ്യത മക്കളെ പിടികൂടിയിരിക്കുന്നു. അതിരുവിട്ട സാങ്കേതിക മാര്‍ഗങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും സ്വാധീനം, മാതാപിതാക്കളേക്കാള്‍ സിനിമ-സീരിയല്‍-സ്പോര്‍ട്സ് താരങ്ങളോടുള്ള കടുത്ത ആരാധന, കുത്തഴിഞ്ഞതും സംസ്കാരശൂന്യവുമായ സൗഹൃദ ബന്ധങ്ങള്‍, മതാശയങ്ങള്‍ക്കിടമില്ലാത്ത കഴമ്പുകെട്ട വിദ്യാഭ്യാസം, അനുസരണയുടെ രസതന്ത്രമറിയാത്ത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, അത് മൂലമുണ്ടാകുന്ന ഗുരുനിന്ദകള്‍, ശരീര-മനസ്സുകളിലേക്ക് സ്വതന്ത്രമായി കടന്നുവരുന്ന പൈശാചിക-ദുര്‍ചിന്തകളെ ഇടക്കിടെ ഇളക്കിമാറ്റി പിഴുതെറിയാനുള്ള ആത്മീയ സദസ്സുകളെയും സല്‍കര്‍മങ്ങളെയും നിരാകരിക്കല്‍, സാരോപദേശങ്ങളേക്കാള്‍ അര്‍ത്ഥശൂന്യമായ കൂത്താട്ടങ്ങളില്‍ സന്തോഷം കണ്ടെത്തല്‍, ഉല്ലാസ-ആര്‍ഭാടങ്ങളില്‍ ചെലവിടാന്‍ പറ്റുംവിധമുള്ള പണമൊഴുക്ക്, മനുഷ്യത്വം നശിപ്പിക്കുന്ന ലഹരികളുമായുള്ള കൂട്ട്, ഉത്തരവാദിത്വബോധത്തിന്‍റെയും സഹാനുഭൂതിയുടെയും കുറവ് തുടങ്ങിയവ പുതുതലമുറ മക്കളില്‍ കഠിനമാകുന്നതോടെ മാതാപിതാക്കളോടും മുതിര്‍ന്നവരോടും ഇവര്‍ക്കുള്ള ബന്ധം ബലഹീനവും അസഹനീയവുമായിത്തീരുന്നു.

 

ആരാണ് പ്രതികള്‍?

മാതാപിതാക്കളെ അനുസരിക്കേണ്ടതും കാരുണ്യച്ചിറകുകള്‍ താഴ്ത്തിക്കൊടുക്കേണ്ടതും മക്കളുടെ നിര്‍ബന്ധ കടമ തന്നെയാണ്. പക്ഷേ, ഇതില്ലാതെ പോവുന്നതിന്‍റെ കാരണങ്ങള്‍ കുട്ടികളിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കിയതിന് ഉത്തരവാദികള്‍ ആരാണ്? അമിത ലാളനയില്‍ മക്കള്‍ ചോദിച്ചതെല്ലാം കൈയ്യഴിച്ച് നല്‍കിയപ്പോള്‍, ആ കുരുന്നു-കുശുമ്പു-മനസ്സില്‍ ഒരു തീരുമാനം ഉറച്ചിരുന്നു- ‘എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്; എന്തുമാകാം!’ അര്‍ത്ഥവും ആഴവുമറിയാതെ കുഞ്ഞുമനസ്സില്‍ രൂപപ്പെട്ട ഈ അപകടംപിടിച്ച സ്വാതന്ത്ര്യ ചിന്തയെ വളര്‍ച്ചാഘട്ടത്തില്‍ എവിടെയെങ്കിലും തളച്ചുകെട്ടാതായത് മൂലം അവര്‍ തികഞ്ഞ കുറ്റവാളികളായി മാറി.

അനുസരണയും മര്യാദയും പഠിക്കേണ്ട ആദ്യ പാഠശാല വീടകം തന്നെയാണ്. മാതാപിതാക്കള്‍ തന്നെയാണ് ആദ്യ ഗുരുനാഥര്‍. സഹോദരങ്ങളാണ് പ്രഥമ സഹപാഠികള്‍. ഈ പ്രഥമ കലാലയത്തിലെ പഠനരീതികള്‍, പെരുമാറ്റങ്ങള്‍, പ്രോഗ്രാമുകള്‍ എല്ലാം കുരുന്നു മനസ്സില്‍ ശരി-തെറ്റുകള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ‘ഒഴിഞ്ഞ സ്ലേറ്റു’കളായ കുഞ്ഞുമനസ്സുകളില്‍ മാതൃ-പിതൃ സ്നേഹത്തിന്‍റെ ഉത്തമ മാതൃകകള്‍ വരച്ചിടാനായാല്‍ കൈ പിടിക്കേണ്ട പ്രായമെത്തുമ്പോള്‍ ഈ മക്കള്‍ പാഞ്ഞടുക്കും. പക്ഷേ, കുഞ്ഞുനാളിലേ ഈ നല്ല ബോധത്തെ നശിപ്പിച്ചുകളയാന്‍ മാത്രം ശക്തമായ മനുഷ്യത്വരഹിതമായ മാരക വിഷക്കളകള്‍ കൗമാര ഘട്ടത്തിലും യൗവന ഘട്ടത്തിലും മക്കളില്‍ വളരാനനുവദിക്കരുത്.

‘ഇതിനെന്തു വേണം? ധാര്‍മിക-മതാന്തരീക്ഷത്തില്‍ കുട്ടികളെ വളര്‍ത്തണം. അല്ലറചില്ലറ എതിര്‍പ്പുകളൊക്കെയുണ്ടെങ്കിലും അത് കാര്യമാക്കാതെ നല്ല ബോധവും ചിന്തയും ക്രിയാത്മകതയും വളര്‍ത്തുന്ന കാലയളവില്‍ തന്നെ മക്കളെ പഠിപ്പിക്കണം. പ്രായോഗിക ജീവിത സ്വപ്നങ്ങളും അവയുടെ സാക്ഷാല്‍കാരങ്ങളും നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ആത്മശുദ്ധിയുള്ള ഗുരുവര്യരുടെ ശിക്ഷണം മക്കള്‍ക്ക് നല്‍കണം. ഇവ്വിഷയത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. ‘ഇസ്ലാമിക മതച്ചിട്ടകള്‍, വിശേഷിച്ചും നിസ്കാര കര്‍മാദികള്‍ തെറ്റുക്കുറ്റങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തു’മെന്നതിന്‍റെ ഉള്‍പൊരുള്‍ വളരെ വലുതാണ്. മക്കള്‍ എപ്പോള്‍ ഈ വക ചിട്ടകളില്‍ നിന്ന് വ്യതിചലിക്കുന്നുവോ, അപ്പോള്‍ മുതല്‍ ദുശ്ശക്തികള്‍ക്ക് അവരിലേക്ക് കടന്നുകയറാനും അനാദരവിന്‍റെ വഴികള്‍ തുറക്കാനും കളമൊരുങ്ങും. വീടകവും മുതിര്‍ന്നവരും ഉത്തമ മാതൃകകളാകുമ്പോള്‍ ആ തണലിലും നിഴലിലും ഒരു നല്ല ജീവിതം രൂപപ്പെടും. അല്ലെങ്കില്‍ വളയും. വടി വളഞ്ഞാല്‍ നിഴലും വളയും!

 

ഉമ്മ-ഉപ്പമാര്‍ക്ക് ‘ഇസ്തിരിയിടുന്നവര്‍’

മാതാപിതാക്കള്‍ മക്കളുടെ വിളക്കുകളാണ്; വെളിച്ചങ്ങളാണ്. മക്കളുടെ മുഴുവന്‍ വളര്‍ച്ചകളിലും ഈ വെളിച്ചങ്ങള്‍ ഉണ്ടായേ പറ്റൂ. വെളിച്ചം വേണ്ടെന്നുവച്ച് മുന്നോട്ടുപോകുന്നവര്‍ അധികം കഴിയാതെ പിഴച്ചുവീഴുമെന്നുറപ്പാണ്. ഖുര്‍ആന്‍-ഹദീസുകള്‍, ചരിത്രത്താളുകള്‍ മാതൃ-പിതൃ നിന്ദകളുടെ ഗൗരവ ശിക്ഷകളെയും ദുരന്തങ്ങളെയും ഒട്ടനേകം വിവരിച്ചിട്ടുണ്ട്.

തൊട്ടതിനെല്ലാം ഉമ്മ-ബാപ്പമാര്‍ക്കു നേരെ ആക്രോശിക്കുന്ന മക്കള്‍, ഈ ഭൂമിയില്‍വച്ച് തന്നെ ദാരുണശിക്ഷ അനുഭവിക്കുമെന്നാണ് മഹദ്വചനം. പ്രായവും രോഗവും വരുമ്പോള്‍ മാതാപിതാക്കള്‍ക്ക്  തുണയാകേണ്ടവര്‍ ശകാരശരങ്ങളും ശാപവാക്കുകളുമായി ശല്യപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ, മാതൃഹൃദയങ്ങള്‍ ദു:ഖമമര്‍ത്തിയേക്കാം. പക്ഷേ, സ്രഷ്ടാവായ അല്ലാഹു ഈ ധിക്കാരം പൊറുക്കില്ല. ശിക്ഷിക്കുക തന്നെ ചെയ്യും. ‘സൃഷ്ടികളുടെ അടുത്തെല്ലാം കാരുണ്യക്കരങ്ങളുമായി വന്നിരിക്കാന്‍ ദൈവത്തിന് കഴിയാത്തതുകൊണ്ട് പ്രതിനിധികളായി അവന്‍ മാതാക്കളെ പടച്ചു’ എന്നര്‍ത്ഥത്തിലൊരു ചൈനീസ് പഴമൊഴിയുണ്ട്. മാതാക്കളുടെ വിലയറിയിക്കുന്നതിനാല്‍ അര്‍ത്ഥവത്താണിത്.

സ്നേഹം പ്രകടിപ്പിക്കാന്‍ ഏറെ ആഗ്രഹിക്കുമെങ്കിലും പലപ്പോഴും അതിനു കഴിയാതെ ഉള്ളിലൊതുക്കി മക്കള്‍ക്കു വേണ്ടി പകലിരവുകള്‍ കഠിനമായി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്ന പുണ്യജന്മമാണ് രക്ഷിതാക്കളുടേത്. അത് മനസ്സിലാക്കാന്‍ മക്കള്‍ക്ക് കഴിയണം. തരേണ്ടതു തന്നില്ലെങ്കില്‍, രക്ഷിതാക്കള്‍ക്ക് നേരെ തിരിയാന്‍ വെമ്പല്‍ക്കൊള്ളുന്ന മക്കള്‍, ഇതുവരെ തന്നതെല്ലാം എങ്ങനെയൊക്കെ കഷ്ടപ്പെട്ടാണെന്ന് ചിന്തിക്കാന്‍ തയ്യാറാകണം. ഈ കഷ്ടപ്പാടിന്‍റെ തോത് കുറക്കാന്‍ എന്‍റെ കൈസഹായം അവര്‍ ചോദിക്കാതെ, പറയാതെ തന്നെ നല്‍കേണ്ടതാണെന്ന സന്നദ്ധാബോധം ഉള്ളില്‍ ജനിക്കണം.

എന്നും അലക്കിവെളുപ്പിച്ച്, തേച്ചുമിനുക്കി ഡ്രസ്സണിഞ്ഞ് പുറത്തിറങ്ങുന്ന മക്കള്‍, വീടിനുള്ളില്‍ കഴിയുന്ന ഉമ്മ-ബാപ്പമാരുടെ വസ്ത്രങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചുക്കിച്ചുളിഞ്ഞ്, ചെളി പുരണ്ട പഴഞ്ചന്‍ വസ്ത്രങ്ങളെ അവര്‍ക്കുവേണ്ടി തേച്ചുമിനുക്കാന്‍ മക്കള്‍ സമയം കണ്ടെത്താറുണ്ടോ? വീടിനകത്ത് ചുളിയാതെ വസ്ത്രമുടുക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരമൊരുക്കുന്ന മക്കള്‍ക്ക് ഇരുലോകത്തും രാജകീയ വസ്ത്രമുടുക്കാന്‍ അവസരം ലഭിക്കാതിരിക്കുമോ?

ഹോട്ടലുകളില്‍, അനുദിനം സുഭിക്ഷ ഭോജനം ശീലമാക്കിയവര്‍ വീട്ടിനുള്ളില്‍ ഈ രുചിഭേദങ്ങളറിയാതെ ജീവിക്കുന്ന മാതൃഹൃദയങ്ങളെ ഓര്‍ക്കാറുണ്ടോ. പല്ലില്‍ കുത്തിയിറങ്ങുമ്പോള്‍, ഒരു പൊതി പാര്‍സല്‍ ഉമ്മയ്ക്കായി കരുതാന്‍ മെനക്കെടാറുണ്ടോ? രുചി വൈവിധ്യങ്ങളറിയാന്‍ എന്‍റെ ഉമ്മക്കും അവകാശമുണ്ടെന്ന് ചിന്തിച്ച് അവര്‍ക്കും അതു നല്‍കുന്നല്ലേ ആത്മസംതൃപ്തി.

 

അവരുടെ മനസ്സറിയുക

അറിവും അന്നവും പണവും സ്നേഹവും നല്‍കി ഉത്തമ നിലയിലെത്തിച്ച രക്ഷിതാക്കളെ സ്വന്തം ജീവിതഗതി മാറുന്നതിനനുസരിച്ച് മനസ്സില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന മക്കള്‍ക്കാണ് സര്‍വനാശം. പ്രായാധിക്യം മാതാപിതാക്കളില്‍ വരുത്തുന്ന ‘അപക്വത’കളെയും സന്നി സംസാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമാകണം. പരുഷമായ സംസാര ശൈലികളും അവഗണനാ മനോഭാവങ്ങളും മറ്റു പീഡന പെരുമാറ്റങ്ങളും ഒരിക്കലുമുണ്ടാവരുത്. ഖുര്‍ആന്‍ ഇക്കാര്യം പ്രത്യേകം കല്‍പിച്ചിട്ടുണ്ട്. അല്ലാഹുവിനുള്ള ആരാധനാ നിര്‍വഹണത്തിനുള്ള കല്‍പനക്കൊപ്പം ഒട്ടിച്ചേര്‍ത്താണ് മാതാപിതാക്കളോടുള്ള സുകൃതങ്ങളെ അനുശാസിച്ചത്. പ്രായാധിക്യം വരുത്തുന്ന പെരുമാറ്റവൈകല്യങ്ങളെ സ്നേഹമസൃണമായി കൈകാര്യം ചെയ്യാനും ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് തോന്നിപ്പിക്കുന്ന സ്വഭാവങ്ങളെ നോക്കി മനസ്സില്‍ പോലും ‘ഛെ’ എന്നു പറയാതിരിക്കാനും സ്രഷ്ടാവ് നിഷ്കര്‍ഷിക്കുന്നുണ്ട്.

പല തരത്തിലുള്ള മാതാപിതാക്കളുണ്ട്. മക്കളുമായുള്ള ബന്ധം ചെറുപ്പം മുതലേ പലരും പല വിധത്തിലാണ് സ്ഥാപിച്ചിട്ടുണ്ടാകുക. ഈ ബന്ധങ്ങളുടെ ഫലങ്ങള്‍ മക്കളില്‍ നിന്ന് തിരിച്ചുകിട്ടുന്നതും അതുപോലെയാവുകയാണ് പതിവ്. തിരിച്ചറിവുള്ള മക്കള്‍ മാത്രമാണ്, മാതാപിതാക്കള്‍ നല്‍കിയ പരിചരണം ഏതു വിധേയനയാണെങ്കിലും ഉത്തമ സ്നേഹ ബന്ധങ്ങള്‍ തിരിച്ചുനല്‍കുക. മക്കളോടുള്ള പെരുമാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി രക്ഷിതാക്കളെ ഇങ്ങനെ തിരിക്കാം:

ഒന്ന്: അതോറിറ്റിയന്‍ പാരന്‍റ്

രണ്ട്: പെര്‍മിസീവ് പാരന്‍റ്

മൂന്ന്: അണ്‍ ഇന്‍വോള്‍വ്ഡ് പാരന്‍റ്

നാല്: അതോറിറ്റേറ്റീവ് പാരന്‍റ്.

ഒന്നാമത്തെ അതോറിറ്റിയന്‍ പാരന്‍റ് എന്നാല്‍ താന്‍ പറയുന്നത് മക്കള്‍ അനുസരിച്ചേ പറ്റൂ, താന്‍ പറയുന്നതേ അനുസരിക്കാവൂ എന്ന വാശിയുള്ളവരാണ്. ഈ രക്ഷിതാവ് കടുത്ത നിയമങ്ങളും ചട്ടങ്ങളും മക്കള്‍ക്കുണ്ടാക്കും. തനിക്കൊപ്പിച്ച് മക്കളും വളരണമെന്ന് ശഠിക്കും. മാറ്റങ്ങളെ പറ്റി ചിന്തിക്കില്ല. മക്കളുടെ ഭാവി കണ്ടറിയില്ല. ഒട്ടുമിക്കതിലും പിടിവാശി കാണിക്കും. ഇങ്ങനെയുള്ള അതോറിറ്റിയന്‍ പാരന്‍റ്സിനോട് മക്കള്‍ക്ക് ബന്ധം പറ്റേ കുറയും. ഈ വക രക്ഷിതാക്കള്‍ക്ക് ഉള്ളില്‍ സ്നേഹമുണ്ടാകുമെങ്കിലും അധികാര പെരുമാറ്റത്തില്‍ അത് പ്രകടമാകാതെ പോകും. മക്കള്‍ക്ക് ഈ സ്നേഹം അനുഭവിക്കാനാകില്ല. അതിനാല്‍ തിരിച്ചുനല്‍കാനും കഴിയില്ല. രക്ഷിതാക്കളെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കാനോ നൊമ്പരപ്പെടാനോ ഒരടയാളവും മക്കള്‍ക്കായി ഇവര്‍ ഉണ്ടാക്കിവെക്കാത്തതിനാല്‍ (വല്ലതുമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ അത് വിസ്മരിപ്പിക്കും വിധമുള്ള പെരുമാറ്റങ്ങള്‍ അതോറിറ്റിയന്‍സ് കാണിച്ചതിനാലും) രക്ഷിതാക്കളെ അവസാന സമയങ്ങളില്‍ -വാര്‍ധക്യ കാലങ്ങളില്‍ പോലും- വേണ്ടത്ര ശുശ്രൂഷിക്കാനുള്ള സന്മനസ്സ് മക്കള്‍ കാണിക്കില്ല. നെഞ്ചോട് ചേര്‍ത്ത് ശുശ്രൂഷിക്കുന്നതിന് പകരം, തിരക്കുള്ളവരാണെന്ന വ്യാജേന വല്ല വൃദ്ധസദനങ്ങളിലും മറ്റും പാര്‍പ്പിക്കാന്‍ ഒരുമ്പെടും. മനസ്സ് തുറന്നുള്ള സംസാരം ഇത്തരം മാതാപിതാക്കളുടെയും മക്കളുടെയും ഇടയില്‍ ഉണ്ടാവില്ല.

ഇങ്ങനെയുള്ള രക്ഷിതാക്കളുടെ മുഴുവന്‍ മക്കളും ഈ വിധത്തില്‍ തലതിരിഞ്ഞവരാണെന്ന് ധരിക്കരുത്. രക്ഷിതാക്കളില്‍ നിന്ന് കിട്ടിയ ദുരനുഭവങ്ങളെ പോസിറ്റീവായി എടുത്ത് അവരോടും സമൂഹത്തോടും സാന്ത്വന-സേവന മന:സ്ഥിതിയോടെ ഇടപെട്ട് പ്രശംസനീയ ജീവിതം നയിക്കുന്ന മക്കളുമുണ്ട്. ഇത്തരം മക്കളെ കണ്ട് പൂര്‍വകാല ദു:സ്വഭാവങ്ങള്‍ തിരുത്തി സ്നേഹസൗഹൃദമുള്ള രക്ഷിതാക്കളായി മാറിയ പാരന്‍റ്സുമുണ്ട്.

രണ്ടാമത്തെ പെര്‍മിസീവ് പാരന്‍റ് മക്കളുടെ വ്യക്തിത്വം അംഗീകരിക്കും. ആവശ്യമായ സ്വാതന്ത്ര്യം നല്‍കും. അടക്കിനിര്‍ത്താനോ വാശി പിടിക്കാനോ ദേഷ്യപ്പെടാനോ പോകില്ല. കുട്ടികള്‍ക്ക് അവരവരുടെ രീതിയുണ്ട് എന്ന് ചിന്തിക്കും. മക്കളെ ശ്രദ്ധയോടെ അവരുടെ വഴിക്ക് വിടും. ഈ പാരന്‍റിംഗ് അത്രതന്നെ പ്രോത്സാഹിപ്പിക്കാനാവില്ല. അമിത സ്വാതന്ത്ര്യത്തിലേക്കും പിഴവുകളിലേക്കും മക്കള്‍ക്ക് കടന്നുചെല്ലാന്‍ ഇതു കാരണമായേക്കും. കുട്ടികളുടെ ഇതര പെരുമാറ്റങ്ങളെക്കുറിച്ച് ആലോചിക്കാതെ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ഒടുക്കം രക്ഷിതാക്കളെ പഴി പറയുന്നിടത്തേക്ക് മക്കളും മറ്റുള്ളവരും എത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ മക്കളെക്കാള്‍ മറ്റുള്ളവരായിരിക്കും മക്കളെ ചൊല്ലി രക്ഷിതാക്കളെ നിരൂപിക്കാനിറങ്ങുക.

മൂന്നാമത്തെ അണ്‍ ഇന്‍വോള്‍വ്സ് പാരന്‍റ് രണ്ടാമത്തേതിന്‍റെ ഗൗരവ രൂപമാണ്. മക്കളുടെ ഒരു കാര്യത്തിലും ഇടപെടില്ല. അവരുടെ ഒരു വിഷയത്തിലും താല്‍പര്യമുണ്ടാകില്ല. പ്രോത്സാഹിപ്പിക്കാനോ പ്രശംസിക്കാനോ ശാസിക്കാനോ ഒപ്പമിരിക്കാനോ ഈ രക്ഷിതാക്കള്‍ക്ക് ‘നേരമുണ്ടാകില്ല’. ചിലപ്പോള്‍ നാട്ടുകാരെ നന്നാക്കാന്‍ മുന്നിലുണ്ടാവും. വീടരും മക്കളും എന്തെങ്കിലുമായിക്കോട്ടെ എന്ന മനോഭാവക്കാരും ഇക്കൂട്ടത്തില്‍ പെടും. വലിയ ഉദ്യോഗം, ധനസമ്പാദനം എന്നിവയില്‍ മുഴുകി, മുഴുസമയവും ‘ബിസി’യായ മാതാപിതാക്കളും ഇവരില്‍ പെടും. ഇവരുടെയെല്ലാം മക്കള്‍ മാനസിക സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്നവരായിരിക്കും. സന്തോഷം പങ്കുവെക്കാനോ ദു:ഖം അവതരിപ്പിക്കാനോ വല്ല പ്രശ്നങ്ങളും പറയാനോ നോക്കുമ്പോള്‍ തിരക്കുപിടിച്ച് പെരുമാറുന്ന രക്ഷിതാക്കളെയാണ് കാണുക. ഇത്തരം മക്കളുടെ (പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ) ബന്ധങ്ങള്‍ മറ്റു പലരോടുമാകും. രക്ഷിതാക്കളില്‍ നിന്നകലും. അവരുടെ ഭാവി പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞതായിരിക്കും. രക്ഷിതാക്കള്‍ പില്‍ക്കാലത്ത് മക്കള്‍ക്ക് അപരിചിതരായി അനുഭവപ്പെടും.

നാലാമത്തെ അതോറിറ്റേറ്റീവ് പാരന്‍റ് മക്കളുമായി നല്ല ചങ്ങാത്തമുള്ളവരാണ്. കുട്ടികള്‍ക്ക് ഇവര്‍ സുഹൃത്തുക്കളായിരിക്കും. എന്തും തുറന്നുപറയാനും പങ്കുവെക്കാനും മക്കള്‍ക്ക് ഇഷ്ടമായിരിക്കും. ആവശ്യമുള്ളതെല്ലാം തമ്മില്‍ പങ്കുവെക്കും, പ്രശംസിക്കും, ശാസിക്കും, ഗുണദോഷിക്കും, എല്ലാം നല്ലതിനായി കണ്ട് പരസ്പരം ഉള്‍ക്കൊള്ളും. ആയുസ്സിന്‍റെ മാറ്റങ്ങളില്‍ ഈ അറ്റാച്ച്മെന്‍റ് മഹത്തരമാകും. ഊഷ്മള സ്നേഹം എപ്പോഴും പകരുന്നവരാകും ഈ രക്ഷിതാക്കളും മക്കളും.

ഇസ്ലാമിക പാരന്‍റിംഗ്, പ്രോത്സാഹിപ്പിക്കുന്നത് ഇതിനെയാണ്. മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന മക്കളുണ്ടാവാന്‍, മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളുണ്ടാകണം. ആയുസ്സിന്‍റെ അവസാന പകുതിയില്‍ മക്കള്‍ താങ്ങായി നില്‍ക്കണമെന്ന് കൊതിക്കുന്നവര്‍, മക്കളുടെ ആയുസ്സിന്‍റെ ആദ്യങ്ങളില്‍ മാതൃകാപരമായ താങ്ങുകളായി മാറണം. അങ്ങനെ മാറിയിട്ടുണ്ടെന്ന് സ്നേഹത്തോടെ ബോധ്യപ്പെടുത്തണം. ഉമ്മയും മക്കളും, ഉപ്പയും മകനും തമ്മില്‍ ഉരസല്‍ വരാനുള്ള സാധ്യതകളെ മറികടന്നാല്‍ മാത്രമേ ഇരുലോകത്തും ഇരുവര്‍ക്കും പഴി പറയാതെ, പഴി ചാരാതെ രക്ഷപ്പെടാനാകൂ.

Exit mobile version