കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ലയാണ് ഇടുക്കി. ജില്ലയുടെ പകുതിയിലേറെ പ്രദേശവും സംരക്ഷിത വനഭൂമിയാണ്. രാജവാഴ്ച കാലത്ത് വേണാട് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പ്രാചീന കാലത്തേ ജനവാസമുണ്ടായിരുന്ന ജില്ലയിൽ ഇസ്‌ലാമിന്റെ ആഗമനത്തെ കുറിക്കുന്ന വ്യക്തമായ ചരിത്രരേഖ ലഭ്യമല്ല. കോട്ടയത്തോടും എറണാകുളത്തോടും ചേർന്നുനിൽക്കുന്നതിനാൽ ഇവിടത്തെ മുസ്‌ലിം അധിവാസത്തിന് ആയിരമാണ്ടുകളുടെ പഴക്കമെങ്കിലും കാണും. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും മഖ്ബറകളും ഇടുക്കി ജില്ലയുടെ ഇസ്‌ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

പീരുമേട്ടിലെ ശുഭ്ര വസ്ത്രധാരി

സമുദ്രനിരപ്പിൽ നിന്നും 915 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീരുമേട് പ്രകൃതിയൊരുക്കിയ മനോഹര മലമ്പ്രദേശമാണ്. സുഖദായകമായ കാലാവസ്ഥ. കാട്ടാറുകളും വെള്ളച്ചാട്ടങ്ങളും ചെറുകുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും പൈൻ മരങ്ങളും സന്ദർശകരെ ആകർഷിക്കുന്ന ദൃശ്യ വസന്തങ്ങളാണ്. പാഞ്ചാലിമേട്, പരുന്തുംപാറ, വാഗമൺ എന്നിവ പീരുമേടിന്റെ പരിസരത്തായി സ്ഥിതിചെയ്യുന്നു. കോട്ടയം-കുമളി പാതയിലാണ് ഈ മലമ്പ്രദേശം.
പീർ മുഹമ്മദ് അപ്പാ എന്ന സൂഫീവര്യന്റെ പേരിൽ നിന്നാണ് പീരുമേട് എന്ന ഗ്രാമനാമം രൂപപ്പെട്ടത്. അതിനു മുമ്പ് അഴുത എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂർ രാജകുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു പീർ മുഹമ്മദ് അപ്പാക്ക്. സ്വസ്ഥമായിരുന്ന് ആരാധന നിർവഹിക്കാൻ അദ്ദേഹം ഈ വിജനപ്രദേശം തിരഞ്ഞെടുത്തു. തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാല വാസസ്ഥലം കൂടിയായിരുന്നു പീരുമേട്. അദ്ദേഹത്തിന്റെ പത്‌നിക്കു വേണ്ടി ഇവിടെ പണിതതാണ് അമ്മച്ചിക്കൊട്ടാരം.
ഇടുക്കിയിലെ പ്രസിദ്ധമായ മുസ്‌ലിം തീർത്ഥാടന കേന്ദ്രമാണ് പീരുമേട് മഹ്‌ളറ. പീർ മുഹമ്മദ് ഇബാദത്തിലായി കഴിഞ്ഞിരുന്ന സ്ഥലമാണ് മഹ്‌ളറയായി പരിപാലിക്കപ്പെടുന്നത്. തിരുവിതാംകൂർ രാജപത്‌നിയാണിതു പണികഴിപ്പിച്ചത്. ഒരു വേനൽക്കാലം ആസ്വദിക്കാനായി ഇവിടെയെത്തിയ രാജപത്‌നി കുന്നിൻ മുകളിൽ നിന്നു നോക്കിയപ്പോൾ അകലെയായി കുതിരപ്പുറത്ത് ഒരു ശുഭ്രവസ്ത്രധാരി പ്രത്യക്ഷപ്പെടുകയും താമസിയാതെ അപ്രത്യക്ഷമാവുകയും ചെയ്തുവത്രെ. തുടർന്ന് അവർക്കുണ്ടായ സ്വപ്നദർശനമാണ് മഹ്‌ളറ പണിയുന്നതിലേക്ക് നയിച്ചതെന്നാണു ശ്രുതി. ഇവിടെയുള്ള പള്ളി ‘പീർ മുഹമ്മദ് ജുമാ മസ്ജിദ്’ എന്നറിയപ്പെടുന്നു.
പണ്ഡിതനും സൂഫീവര്യനും തമിഴ് കവിയുമാണ് പീർ മുഹമ്മദ്(ന.മ). ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ പീർ മുഹമ്മദ് അപ്പാ എന്ന് വിളിച്ചു. എഡി 16-17 നൂറ്റാണ്ടുകളാണ് അദ്ദേഹത്തിന്റെ ജീവിതകാലം. തിരുനെൽവേലി ജില്ലയിലെ തെങ്കാശിക്ക് സമീപത്തുള്ള കണികപ്പുറം എന്ന സ്ഥലത്ത് ഹി. 1022(ക്രി. 1613)ൽ ജനിച്ചു. പിതാവ് സിരുമലുക്കർ. മാതാവ് ആമിന. ജന്മനാടും മാതാപിതാക്കളുടെ നാമങ്ങളും അദ്ദേഹത്തിന്റെ കവിതകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
നെയ്ത്തുകാരുടെ കുടുംബമായിരുന്നു പീർ മുഹമ്മദിന്റേത്. അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ കുടുംബം തക്കലയിലേക്കു കുടിയേറി. തിരുവിതാംകൂർ രാജാക്കന്മാരുടെ കേന്ദ്രങ്ങളിലൊന്നായിരുന്ന തക്കല നെയ്ത്തുകാർക്ക് പ്രസിദ്ധിയാർജിച്ച നാടായിരുന്നു. പീർ മുഹമ്മദ് കുട്ടിക്കാലം മുതലേ ദീനീവിജ്ഞാനങ്ങളിൽ തൽപരനായി. പഠനാനന്തരം ആത്മീയതയിൽ ലയിച്ചു. ഖാദിരീ-ശത്വാരീ ആത്മീയ കൈവഴികളിലൂടെയായിരുന്നു സഞ്ചാരം. ശൈഖ് ജീലാനി(റ)യെ സ്വപ്നത്തിൽ ദർശിച്ചത് ജീവിതത്തിൽ വഴിത്തിരിവായി. ഏകാന്തവാസം ഇഷ്ടപ്പെട്ടു. പീരുമേട്ടിൽ ദീർഘകാലം ആരാധനാനിരതനായി കഴിച്ചുകൂട്ടി. 25 വർഷത്തോളം ഈ മലപ്രദേശത്ത് കഴിഞ്ഞതായി പറയപ്പെടുന്നു.
ചികിത്സയിൽ അതിനിപുണനായിരുന്നു പീർ മുഹമ്മദ് അപ്പാ. ചില സംസ്‌കൃത വൈദ്യഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന സിദ്ധനാഗാർജുനൻ പീർ മുഹമ്മദാണെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മീയ ചികിത്സയും ഏറെ ഫലദായകമായിരുന്നു. വിഖ്യാതനായ സൂഫീ കവിയുമായിരുന്നു. സരള രീതിയിൽ ആവിഷ്‌കരിച്ച ആത്മീയ കാവ്യങ്ങളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ കൃതികൾ. തിരുമെയ് ഞാച്ചര നൂൽ, ഞാന മലൈവളം, ഞാന രത്തിനക്കുറ വഞ്ചി, ഞാന മണിമാലയിൽ, ഞാനപുകഴ്ച, ഞാനപ്പാൽ, ഞാനപ്പൂട്ട്, ഞാനക്കുറം, ഞാന ആനന്ദക്കളിപ്പ്, ഞാന നടനം, ഞാന മൂച്ചുടർ പതികങ്കൾ, ഞാന വികട സമർത്ത്, ഞാനത്തിറവു കോൽ, ഞാന തിത്തി എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
പീരുമേട്ടിൽ നിന്ന് മടങ്ങിയെത്തിയ പീർ മുഹമ്മദ് അപ്പാ തക്കലയിൽ സ്ഥിരതാമസമാക്കി. പ്രസിദ്ധ ആത്മീയ ഗുരുവും ഖുത്വുബിയ്യത്തിന്റെ രചയിതാവുമായ സ്വദഖതുല്ലാഹിൽ ഖാഹിരി(റ) സമകാലികനും ആത്മസുഹൃത്തുമായിരുന്നു. അദ്ദേഹം തക്കലയിൽ വന്ന് പീർ മുഹമ്മദ് അപ്പായെ സന്ദർശിച്ചിരുന്നു.
പീർ മുഹമ്മദ് അപ്പാ തക്കലയിൽ വെച്ചാണ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ പേരിൽ റജബ് 14ന് നടക്കുന്ന നേർച്ച പ്രസിദ്ധം. ജാതി-മത ഭേദമന്യെ ആയിരങ്ങൾ നേർച്ചയിൽ പങ്കെടുക്കുന്നു. പ്രസ്തുത ദിവസം കന്യാകുമാരി ജില്ലയിൽ പൊതു അവധിയായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പീർ: പദോൽപത്തിയും
പ്രയോഗവും

പുണ്യാത്മാവ്, മാർഗദർശകൻ, ആത്മീയാചാര്യൻ, നായകൻ തുടങ്ങിയ അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന പദമാണ് പീർ. പേർഷ്യൻ ഭാഷയിൽ മുതിർന്നവരെ സൂചിപ്പിക്കാൻ ഇതുപയോഗിക്കുന്നു. ഉർദു, ഹിന്ദി, സിന്ധ്, തമിഴ്, മലയാളം ഭാഷകളിൽ ഈ പദം പ്രചാരത്തിലുണ്ട്. വലിയ്യ് (പുണ്യാത്മാവ്) എന്ന അറബി പദത്തിന്റെ സമാന അർത്ഥമാണ് പീറിനുള്ളത്. ലൗകിക പരിത്യാഗികളായി അധ്യാത്മിക ജീവിതം തിരഞ്ഞെടുത്ത സൂഫികളെ പീർ എന്ന് വിളിക്കുന്നു. ത്വരീഖത്തിന്റെ നായകന്മാർക്കുള്ള പ്രത്യേക പദവിയാണെന്നും അഭിപ്രായമുണ്ട്. ചില പുണ്യപുരുഷന്മാരോടുള്ള ആദരസൂചകമായി ചിലർ പീർ ചേർത്ത് സന്താനങ്ങൾക്ക് നാമകരണം ചെയ്യാറുണ്ട്.

കോലാഹലമേട്ടിലെ തങ്ങൾപാറ

ദക്ഷിണ കേരളത്തില പ്രസിദ്ധ മുസ്‌ലിം തീർത്ഥാടന കേന്ദ്രമാണ് വാഗമണിലെ തങ്ങൾപാറ. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമൺ. അവിടെയുള്ള അങ്ങാടിയും വാഗമൺ എന്നറിയപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. തീർത്ഥാടന പ്രാധാന്യമുള്ള തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. പച്ചപ്പട്ടുടുത്ത് നിരന്നു നിലനിൽക്കുന്ന പൈൻ മരങ്ങളും വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങളും കരിഞ്ഞുണങ്ങിയ പാറക്കൂട്ടങ്ങളും പുൽമേടുകളും സഞ്ചാരികളുടെ മനം കവരും.
വാഗമൺ അങ്ങാടിയിൽ നിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ കോലാഹലമേട് ഗ്രാമത്തിലെത്താം. അവിടെ നിന്ന് അര കിലോമീറ്ററോളം കുത്തനെയുള്ള പാറക്കെട്ടുകൾ കയറിയാൽ തങ്ങൾ പാറയായി. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലായി, തങ്ങൾ മലക്കു മുകളിൽ ഗോളാകൃതിയിൽ വിശ്രുതമായ തങ്ങൾ പാറ ഉരുണ്ടുയർന്നു നിൽക്കുന്നു. അതിനെ തൊട്ടുരുമ്മി ഒരു മസാറുണ്ട്. ഫരീദ് ഔലിയയുടെ മഹ്‌ളറയെന്നു കരുതപ്പെടുന്ന ഈ മസാറാണ് വിശ്വാസികളെ ഇവിടേക്കാകർഷിക്കുന്നത്.
ശൈഖ് ഫരീദുദ്ദീൻ ഔലിയ തങ്ങൾപാറയിൽ ആരാധനാനിരതനായിരുന്നതായി വിശ്വസിച്ചുപോരുന്നു. പാറയോടു ചേർന്ന് ഒരു അരുവിയുമുണ്ട്. അദ്ദേഹം അതിൽ നിന്നാണ് ജലപാനം നടത്തിയിരുന്നത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ ഈ വിജന പ്രദേശത്തെ ഏകാന്തവാസത്തിനു തിരഞ്ഞെടുത്ത ആ പുണ്യപുരുഷന്റെ വിശ്വാസ ദൃഢത ആരെയും വിസ്മയിപ്പിക്കും. അല്ലാഹുവിനെ ഇഷ്ടപ്പെട്ടവർ ജനമനസ്സുകളിൽ ഇടം പിടിക്കുമെന്നതിനുള്ള നേർസാക്ഷ്യമാണ് തങ്ങൾപാറയിലേക്കുള്ള സന്ദർശക പ്രവാഹം. ഏന്തയാർ മുസ്‌ലിം ജമാഅത്തിനു കീഴിൽ ഈ സന്ദർശന കേന്ദ്രം സംരക്ഷിക്കപ്പെടുന്നു. എല്ലാവർഷവും ഏപ്രിൽ മാസമാണ് ഉറൂസ്.
കേരളത്തിൽ കാഞ്ഞിരമറ്റം, ഈരാറ്റുപേട്ട, തങ്ങൾ മല എന്നിവിടങ്ങളിൽ ഫരീദ് ഔലിയയുടേതെന്ന പേരിൽ ദർഗകളുണ്ട്. ബഖ്തിയാർ കഅ്കിദ്ദഹ്‌ലവിയുടെ പിൻഗാമിയും നിസാമുദ്ദീൻ ഔലിയയുടെ ഗുരുവുമായ ബാബ ഫരീദുദ്ദീൻ ഗൻജ്ശകർ അന്ത്യവിശ്രമം കൊള്ളുന്നത് പാക് പഞ്ചാബിലെ അജോധനിലാണ്. അദ്ദേഹം പത്തു വർഷത്തോളം കാനനജീവിതം നയിച്ചിരുന്നെങ്കിലും അതിനിടയിൽ ദക്ഷിണേന്ത്യയിൽ വന്നതിനെ സംബന്ധിച്ച് ചരിത്രത്തിൽ വ്യക്തതയില്ല. ഇവിടങ്ങളിൽ മറപ്പെട്ടുകിടക്കുന്നത് അതേ പേരിലുള്ള മറ്റു സൂഫീവര്യന്മാരാകാനും സാധ്യതയുണ്ട്. പ്രതിനിധികളായ ശിഷ്യന്മാർ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ടതുമാകാം. ഏകാകിയായി (ഫരീദ്) ആരാധനകളിൽ മുഴുകുന്നതു കണ്ട സ്‌നേഹ ജനങ്ങൾ ‘ഫരീദ് ഔലിയ’ എന്ന് വിളിച്ചതുമാകാം.

ഫരീദ് ഔലിയ:
അദ്വിതീയനായ പ്രബോധകൻ

പ്രസിദ്ധ സൂഫീവര്യനും പ്രബോധകനുമാണ് ബാബാ ഫരീദുദ്ദീൻ ഗൻജ് ശകർ. മസ്ഊദുബ്‌നു സുലൈമാൻ ഇബ്‌നു ശുഐബ് എന്നാണ് യഥാർത്ഥ നാമം. സ്ഥാനനാമമാണ് ഫരീദുദ്ദീൻ. ദീനിൽ സമാനതകളില്ലാത്ത ഒറ്റമുത്ത് എന്നർത്ഥം. ഗൻജേ ശകർ/ഗൻജ് ശകർ (മധുനിധി) എന്ന പേരിൽ അറിയപ്പെടുന്നു. ഹി. 571 (ക്രി.1175) ശഅ്ബാൻ 29ന് മുൾത്താനു സമീപമുള്ള കത്‌വാളിൽ ജനിച്ചു. രണ്ടാം ഖലീഫ ഉമർ(റ)ന്റെ വംശപരമ്പരയിൽ പതിനഞ്ചാം കണ്ണിയായ ജമാലുദ്ദീൻ സുലൈമാനാണ് പിതാവ്. മാതാവ് മറിയം(ഖസ്‌റം) ബീവി. അദ്ദേഹത്തിന്റെ പിതാമഹൻ കൊത്‌വാളിൽ ഖാളിയായിരുന്നു.
ചിശ്തി സരണിയെ ജീവസ്സുറ്റ ആത്മീയധാരയാക്കി നിലനിർത്തുന്നതിൽ ഖാജാ ഫരീദ് ഗൻജ്ശകറിന്റെ പങ്ക് നിർണായകമാണ്. മുൾത്താനിലായിരുന്നു ഖാജായുടെ പ്രാഥമിക വിദ്യാഭ്യാസം. മൗലാനാ മിൻഹാജുദ്ദീൻ തിർമിസിയായിരുന്നു അവിടത്തെ മുഖ്യ ഗുരുവര്യർ. ഇവിടെവെച്ച് ഖുർആൻ ഹൃദിസ്ഥമാക്കി. സീസ്താൻ, കാണ്ഡഹാർ എന്നിവിടങ്ങളിൽ ഉപരിപഠനം നേടി. പതിനാറാം വയസ്സിൽ മാതാപിതാക്കളോടൊപ്പം ഹജ്ജ് നിർവഹിച്ചു.
ബാഗ്ദാദ്, ബുഖാറ, സിജിസ്ഥാൻ, ബാധക്ഷാൻ, കാണ്ഡഹാർ തുടങ്ങിയ ദേശങ്ങൾ ചുറ്റിയുള്ള സഞ്ചാരത്തിനിടയിൽ ധാരാളം ആത്മീയ ഗുരുക്കന്മാരുടെ അനുഗ്രഹം വാങ്ങി. പതിനെട്ടാം വയസ്സിൽ തന്നെ ഖാജാ ഖുതുബുദ്ദീൻ ബഖ്തിയാർ കഅ്കിയെ ഗുരുവും വഴികാട്ടിയുമായി വരിച്ചു. ശിഹാബുദ്ദീൻ സുഹ്‌റവർദി, സഅ്ദുദ്ദീൻ ഹമവി, ഔഹദുദ്ദീൻ കിർമാനീ, ഫരീദുദ്ദീൻ അത്വാർ, ശൈഖ് സൈഫുദ്ദീൻ ബാഖറസ്, ബഹാഉദ്ദീൻ സകരിയ്യ മുൽത്താനീ എന്നിവരും ഗുരുവര്യന്മാരാണ് . പത്തുവർഷം വനാന്തരങ്ങളിൽ പച്ചയിലകളും കാട്ടുകനികളും ഭക്ഷിച്ച് ഏകാന്ത ജീവിതം നയിച്ചു. ‘പിലു’ എന്ന കാട്ടുകനി അദ്ദേഹം സ്ഥിരമായി ഭക്ഷിച്ചിരുന്നു.
ബാബാ ഫരീദുദ്ദീൻ ഗൻജ്ശകർ(റ) ഖുതുബുദ്ദീൻ ബഖ്തിയാർ കഅ്കിദ്ദഹ്‌ലവി(റ)യുടെ ശിക്ഷണത്തിൽ വർഷങ്ങളോളം കഴിഞ്ഞുകൂടുകയുണ്ടായി. ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)യുടെ മുഖ്യ ഖലീഫയായിരുന്നു ബഖ്തിയാർ കഅ്കി. സ്വപ്നദർശനത്തിലൂടെയുള്ള തിരുനബി(സ്വ)യുടെ നിർദേശപ്രകാരമാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ആത്മീയ പരിശീലനം പൂർത്തിയായ ശേഷം ഡൽഹി വിടുകയും ഗുരുവിന്റെ പ്രതിനിധിയായി ഹരിയാനയിലെ ഹൻസി കേന്ദ്രീകരിച്ച് ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എഡി. 1235ൽ ബഖ്തിയാർ കഅ്കി വഫാത്തായപ്പോൾ ഗൻജ്ശകർ ഹൻസി വിട്ട് ഡൽഹിയിൽ തിരിച്ചെത്തി. ബഖ്തിയാർ കഅ്കിയുടെ ശിഷ്യഗണങ്ങൾ അദ്ദേഹത്തിന്റെ പിൻഗാമിയായി ഗൻജ്ശകറിനെ നിയമിച്ചു. ഖാളി ഹമീദുദ്ദീൻ നഗൗരി സ്ഥാന വസ്ത്രവും മുദ്രയും നൽകി.
സന്ദർശകരുടെ ബാഹുല്യം സ്വസ്ഥമായ ആരാധനക്ക് വിഘ്‌നം വരുത്തുമെന്നു മനസ്സിലാക്കി ഏറെ നാളത്തെ ആലോചനകൾക്കു ശേഷം ഡൽഹിയിൽ നിന്ന് ഹൻസിലേക്കും തുടർന്ന് ജന്മദേശമായ കത്വ്‌വാളിലേക്കും താമസം മാറ്റി. അവസാനം അജോധനിലേക്കു പോയി. എങ്കിലും ഇടക്കിടെ ഡൽഹിയിൽ വന്ന് ഗുരുവിനെ സന്ദർശിക്കുമായിരുന്നു. അത്തരമൊരു യാത്രക്കിടയിലാണ് ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ(റ) അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത്. അജോധനിലെ പ്രവർത്തന ഫലമായി ധാരാളം പേർ ഇസ്ലാം സ്വീകരിച്ചു. 13 ഗോത്രങ്ങൾ മുഴുവനായും ഇസ്‌ലാമിന്റെ തീരത്തണഞ്ഞു. കലഹപ്രിയരും സംസ്‌കാരശൂന്യരുമായ തദ്ദേശീയരെ ആത്മസംസ്‌കരണം നടത്തി. അമുസ്‌ലിംകൾക്കിടയിലും അദ്ദേഹത്തിന് വൻസ്വീകാര്യതയുണ്ടായിരുന്നു. അനേകം അമുസ്‌ലിംകൾ മഹാനെ സമീപിച്ച് അനുഗ്രഹങ്ങൾ വാങ്ങിയിരുന്നു.
പഞ്ചാബി ഭാഷയിൽ അഗ്രഗണ്യനായിരുന്നു ഫരീദ് ഔലിയ. അജോധനിലെ വാസത്തിനിടയിലാണ് പഞ്ചാബി വശപ്പെടുത്തുന്നത്. ജനങ്ങളുമായി ആശയവിനിമയം നടത്താൻ അതുപകരിച്ചു. ഉർദുവിലും പഞ്ചാബിയിലുമായി ധാരാളം അധ്യാത്മിക കവിതകൾ രചിച്ചിട്ടുണ്ട്.
ഹി. 664(ക്രി. 1265 ഒക്ടോബർ 15)ൽ തന്റെ പർണശാലയിൽ വെച്ച് ഫരീദ് ഔലിയ ഇഹലോകവാസം വെടിഞ്ഞു. 93 വയസ്സുണ്ടായിരുന്നു. സ്വവസതിയിൽ തന്നെ ഖബറടക്കം നടത്തി. മൂന്ന് പത്‌നിമാരിലായി അഞ്ചു പുത്രന്മാരും മൂന്ന് പുത്രിമാരുമുണ്ടായിരുന്നു. അടിമവംശ സുൽത്വാൻ നാസിറുദ്ദീൻ മഹ്‌മൂദിന്റെ മകൾ ഹസാബറയായിരുന്നു ഒരു ഭാര്യ. ബാബ ഫരീദ് ഗൻജ്ശകറിനോടുള്ള ആദരസൂചകമായി പഞ്ചാബിലെ ഒരു ജില്ലക്കും അതിന്റെ ആസ്ഥാന നഗരിക്കും ഫരീദ് കോട്ട് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. സയ്യിദ് മുഹമ്മദ് കിർമാനി, മൗലാന ബദറുദ്ദീൻ ഇസ്ഹാഖ്, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ, മൗലാന ജമാൽ ഹൻസ്വി, നജ്മുദ്ദീൻ മുതവക്കിൽ എന്നിവർ ശിഷ്യന്മാരാണ്.

മലങ്കരയുടെ മരതകച്ചെപ്പ്

തൊടുപുഴയിലും പരിസരങ്ങളിലും ധാരാളം പൈതൃക മുദ്രകൾ പതിഞ്ഞിട്ടുണ്ട്. മഞ്ഞിൽ പൊതിഞ്ഞ ഗിരിനിരകൾക്കിടയിൽ വിശ്വാസികളുടെ മനം കുളിർപ്പിക്കുന്ന മലങ്കര മഖാം തൊടുപുഴയിൽ നിന്നും ഇടുക്കി പാതയിൽ ആറു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. മലങ്കര അണക്കെട്ടിനു സമീപം തൊടുപുഴയാറിന്റെ ഓരത്താണ് ഈ മസാർ. നദിയുടെ അക്കരെ മലങ്കര പള്ളിയും കാണാം. പള്ളിയും മഖാമും ഇരു കരകളിലായി മുഖാമുഖം നിൽക്കുന്നു. സയ്യിദ് മുഹമ്മദ് പൂക്കുഞ്ഞി സീതി കോയ തങ്ങളാണ് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ മഖ്ബറക്ക്.

കോന്താലപ്പള്ളി

തൊടുപുഴയിലെ കോന്താല പള്ളിയും മഖ്ബറയും തീർത്ഥാടകരുടെ ഇഷ്ട കേന്ദ്രങ്ങളാണ്. കോന്താലം, ബാവ എന്നീ പേരുകളിൽ വിശ്രുതരായ രണ്ടു മഹാരഥന്മാരുടെ സാന്നിധ്യമാണ് ഇവിടെ ആത്മീയ വസന്തം തീർക്കുന്നത്. വടക്കും കൂർ രാജാക്കന്മാരുടെ അധീനതയിലായിരുന്ന കാലത്ത് തൊടുപുഴയിൽ ഒറ്റപ്പെട്ട മുസ്‌ലിംകളായിരുന്നു ഉണ്ടായിരുന്നത്. അറിവിൽ പിന്നാക്കമായിരുന്ന പ്രദേശത്ത് ആത്മീയ ജാഗരണവും മതപ്രബോധനവും ലക്ഷ്യമിട്ട് കടന്നുവന്നവരാണ് ഇരുവരും. കാനന വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഇവർ വനംകൊള്ളക്കാരുടെ ശ്രദ്ധയിൽപെട്ടു. വ്യാപാരികളായിരിക്കുമെന്നു തെറ്റിദ്ധരിച്ച് ഇരുവരെയും കീഴ്‌പ്പെടുത്താൻ കൊള്ളക്കാർ പദ്ധതിയിട്ടു. പാത്തിക്കപ്പാറ എന്ന സ്ഥലത്ത് അംഗശുദ്ധി വരുത്തി മഗ്‌രിബ് നിസ്‌കരിക്കുമ്പോൾ ആ സ്വാതികരെ കൊള്ളക്കാർ കഠാരക്കിരകളാക്കി. താമസിയാതെ കൊള്ളക്കാരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു.
അന്ന് രാത്രി സ്ഥലം ഖത്വീബ്, ഭൂവുടമ, നാട്ടുപ്രമാണി എന്നിവർക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തങ്ങൾ രക്തസാക്ഷികളായി കിടക്കുന്ന വിവരം ഇരുവരും അറിയിച്ചു. പ്രഭാതത്തിൽ മൂവരും തങ്ങളുടെ സ്വപ്ന വൃത്താന്തം പങ്കുവെക്കുകയും നിർദിഷ്ട സ്ഥലത്തു പോയി ജനാസ കണ്ടെത്തുകയും ചെയ്തു. കർമങ്ങൾക്കു ശേഷം പുണ്യാത്മാക്കളുടെ ഭൗതിക ദേഹം അവരവിടെ ഖബറടക്കി. സ്ഥലം ഉടമ പ്രസ്തുത ഭൂമി ദാനം ചെയ്തു. തൊടുപുഴയിൽ നിന്ന് ഒമ്പത് കി.മീറ്റർ അകലെയാണ് ഈ മഖ്ബറ.

മറ്റു സന്ദർശന കേന്ദ്രങ്ങൾ

ഉടുമ്പന്നൂർ വാച്ചാക്കൽ ശുഹദാ മഖാം, നായനാർ ജുമാമസ്ജിദ് മഖാം, ഇടിവെട്ടി വലിയ ജാറം, വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി മഖ്ബറ, മരവെട്ടിക്കൽ ചെറിയ ജാറം, വടക്കുംമുറി അഹമ്മദ് മുസ്‌ലിയാർ മഖാം.

 

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ